25 April Thursday

ജ്ഞാനഭാരമില്ലാത്ത എഴുത്ത്‌... ഇ സന്തോഷ് കുമാർ സംസാരിക്കുന്നു

ഇ സന്തോഷ് കുമാർ/എം കെ ശ്രീകുമാർUpdated: Wednesday Jul 13, 2022

ഇ സന്തോഷ്‌കുമാർ


എം കെ ശ്രീകുമാർ : കുന്നുകൾ നക്ഷത്രങ്ങൾ തുടങ്ങിയ കൃതികളിൽ ബാല്യത്തിന്റെ ദീപ്തമായ ചിത്രീകരണങ്ങൾ ഉണ്ട്. സന്തോഷിന്റെ ബാല്യം എങ്ങനെയുള്ളതായിരുന്നു. ബാല്യകാലാനുഭവങ്ങളെ എത്രത്തോളം കൃതികളിൽ ഉപയോഗിച്ചിട്ടുണ്ട്?

ഇ സന്തോഷ്‌കുമാറും എം കെ ശ്രീകുമാറും

ഇ സന്തോഷ്‌കുമാറും എം കെ ശ്രീകുമാറും



ഇ സന്തോഷ് കുമാർ:  വലിയ സവിശേഷതകളൊന്നുമുള്ള ബാല്യമായിരുന്നില്ല. അക്കാലത്ത് നമുക്കെല്ലാം ഉണ്ടായിരുന്നത് സാധാരണമായ ഒരു ഗ്രാമത്തിലെ ജീവിതം, സ്കൂൾ അങ്ങനെയൊക്കെയല്ലേ? എങ്കിലും ഏതു സാധാരണജീവിതത്തിലും അനന്യമായ ചില ജീവിതസന്ദർഭങ്ങൾ വന്നുചേരുമല്ലോ. അതാവാം എന്റെയൊരു സമ്പാദ്യം. വീട്ടിൽ അച്ഛൻ വാങ്ങിയിരുന്ന കുറച്ചു പുസ്തകങ്ങൾ, അടുത്തുള്ള വായനശാലയുമായുള്ള സമ്പർക്കം: അതൊക്കെയാണ് എന്റെ സാഹിത്യപരിചയം. പതിവായി അങ്ങനെ വാരികകളൊന്നും വരാത്ത വായനശാലയായിരുന്നു അത്.
 ചെറുകാട്

ചെറുകാട്

വല്ല സർക്കാർ മാസികകളൊക്കെ സ്ഥിരം വന്നെങ്കിലായി. ‘റബ്ബർ കർഷകനോ' ‘ഗ്രാമപഥ' മോ പോലെ ചിലത്. അന്ന് നാടകങ്ങൾ വായിക്കാൻ കമ്പമുണ്ടായിരുന്നു. അതാവുമ്പോൾ സംഭാഷണങ്ങൾ വഴി കഥ മുന്നേറുമല്ലോ.

നോവലുകളിലേതുപോലെ ഇടയ്ക്കിടെ വലിയ വിവരണങ്ങളൊന്നും വായിച്ചു കഷ്ടപ്പെടേണ്ട. തിക്കോടിയൻ, ചെറുകാട്, എൻ എൻ പിള്ള, സി എൽ ജോസ് തുടങ്ങി കുറേ എഴുത്തുകാരുടെ പുസ്തകങ്ങൾ അന്നു വായിച്ചിട്ടുണ്ട്. ഇപ്പോൾ പലതും ഓർമയില്ലെങ്കിലും. പഴയ ചില നാടകങ്ങളിൽ ആളുകൾ കവിതയിലാണ് സംസാരിക്കുക. അത്തരം നാടകങ്ങളെ പേടിയായിരുന്നു.

കഥകളിലും നോവലുകളിലും ബാല്യകാലത്തിൽ നിന്നുള്ള പല പരിസരങ്ങളും സന്ദർഭങ്ങളും വന്നിട്ടുണ്ട്. അവയൊക്കെ വേർതിരിച്ചെഴുതാൻ എളുപ്പമല്ല. അക്ഷരമാല പോലെയാണ് ബാല്യത്തിലെ അനുഭവങ്ങൾ. അവ എപ്പോഴും കൂടെയുണ്ട്.

കഥകളിലും നോവലുകളിലും ബാല്യകാലത്തിൽ നിന്നുള്ള പല പരിസരങ്ങളും സന്ദർഭങ്ങളും വന്നിട്ടുണ്ട്. അവയൊക്കെ വേർതിരിച്ചെഴുതാൻ എളുപ്പമല്ല. അക്ഷരമാല പോലെയാണ് ബാല്യത്തിലെ അനുഭവങ്ങൾ. അവ എപ്പോഴും കൂടെയുണ്ട്.

പക്ഷേ, എഴുതുമ്പോൾ നമ്മളാരും അക്ഷരമാലയെക്കുറിച്ചു ആലോചിക്കാത്തതുപോലെ അത്തരം അനുഭവങ്ങളെപ്പറ്റിയും അങ്ങനെ ചിന്തിക്കുന്നില്ല എന്നേയുള്ളൂ.

‘ഗാലപ്പഗോസ്’ എന്ന ആദ്യ സമാഹാരത്തിലെ കഥകളുടെ രചനാനുഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു? ആ കഥകളിൽ നിന്ന് എഴുത്തിലും എഴുത്തിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലും വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്.

=   അക്കാലത്ത് കഥ പ്രസിദ്ധീകരിക്കുന്നതിന്റെ വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഞാനാണെങ്കിൽ കവിതയെഴുത്തു നടക്കാതെ വന്ന് കഥയിൽ പറ്റിക്കൂടിയതാണ്. തൊണ്ണൂറുകളിൽ കഥയ്ക്ക് വലിയൊരു കുതിപ്പ് ഉണ്ടായിട്ടുണ്ട്. പല തലമുറയിലേയും കഥാകൃത്തുക്കൾ സജീവമായി അരങ്ങിലുണ്ട്. എൻ എസ് മാധവൻ ദീർഘമായ ഇടവേളയ്ക്കുശേഷം കഥയിലേക്കു തിരിച്ചുവരുന്നു. സുഭാഷിന് മാതൃഭൂമി കഥാപുരസ്കാരം കിട്ടുന്നു.

എന്റെ പ്രായക്കാരായ, പിൽക്കാലത്ത് ചങ്ങാതിമാരായിത്തീർന്ന പലരും ആദ്യകഥകളുമായി വരുന്നു. ആ ഒരന്തരീക്ഷമാണ് എന്നെയും എഴുത്തിൽ നില്ക്കാൻ പ്രേരിപ്പിച്ചത്. ശ്രീകുമാർ എപ്പോഴും പറയാറുള്ളതുപോലെ ഒരാൾ ഒറ്റയ്ക്കല്ല, പകരം വൈജാത്യങ്ങളോടുകൂടെയാണെങ്കിലും ഒരു തലമുറയാണ് എഴുത്തിൽ പ്രവർത്തിക്കുക.

എൻ എസ് മാധവൻ

എൻ എസ് മാധവൻ

‘ഗാലപ്പഗോസി’ലെ 11 കഥകളിൽ 6 കഥകളേ മാസികകളിൽ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. തിരിഞ്ഞു നോക്കുമ്പോൾ ഇപ്പോഴും കൊള്ളാമെന്നുതോന്നുന്ന കഥകളുണ്ട് ആ സമാഹാരത്തിൽ. ചില കഥകൾക്ക് പ്രായം ചെന്നതിന്റെ പ്രശ്നങ്ങളുണ്ടാവാം. ചിലപ്പോഴെങ്കിലും ഭാഷ പൊയ്മുഖം വച്ചു വരുന്നുണ്ട്.

എന്നാലും, ഇപ്പോൾ ഞാൻ എന്റെ കഥകളെ നെഗറ്റീവായി വിലയിരുത്തുന്നില്ല. അതിനൊക്കെ ശേഷിയുള്ള എത്രയോ വലിയ ആളുകൾ നമുക്കിടയിലുണ്ട്. എഴുത്തുകാരൻ അതുചെയ്യേണ്ട ആവശ്യമില്ലെന്നു തോന്നുന്നു.

അതാതുകാലത്തെ ജീവിതത്തിന്റെ അടയാളങ്ങളാണ് സാഹിത്യരചനകളും. പോയ ജീവിതത്തെക്കുറിച്ച് ആലോചിക്കാം. സന്ദർഭങ്ങൾ ഓർത്തെടുക്കാം. വിലയിരുത്തുന്നതിൽ ‐ വിശേഷിച്ചും നെഗറ്റീവായി വിലയിരുത്തുന്നതിൽ ‐ എന്തു കാര്യം?  ഒന്നാലോചിച്ചാൽ, ഇപ്പോളെഴുതുന്ന രചനകളും ഭാവിയിൽ റദ്ദായിപ്പോകുമല്ലോ. എഴുത്തുകാർക്ക് അതിലൊന്നും ചെയ്യാനില്ല. സ്വന്തം സാഹിത്യത്തിൽ, എല്ലാ പരിമിതികൾക്കും ഉള്ളിൽനിന്നുകൊണ്ടുതന്നെ ആവുന്നത്ര സത്യസന്ധത പുലർത്തുക എന്നേയുള്ളൂ. പിന്നെ ഞാൻ മുമ്പേ പറയാറുള്ളതുപോലെ, എന്റെ സാഹിത്യം ഇല്ലെങ്കിലും നമ്മുടെ ഭാഷയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇത് കപടമായ ഒരു വിനയപ്രസ്താവനയല്ല. ഭൂമിയിൽ കുറെക്കാലം ജീവിക്കുമ്പോൾ ലഭിക്കുന്ന ഒരു തിരിച്ചറിവ്.

ആദ്യകഥകൾക്കുശേഷമുള്ള കാലത്ത് എഴുത്തിലെ ഭാഷയെ സ്വാഭാവികമാക്കാൻ ഒട്ടൊക്കെ ശ്രമിച്ചുപോന്നിട്ടുണ്ട്. ഭാഷയെക്കുറിച്ചു പറയുമ്പോൾ നമ്മുടെയൊക്കെ ചെറുപ്പത്തിൽ തൃശൂരിൽ വന്ന ഒരു വിദേശനാടകസംഘത്തിനെക്കുറിച്ചുള്ള ഒരു വാർത്ത ഞാനെപ്പോഴും ഓർക്കും. വലിയ പൊയ്ക്കാലുകൾ വച്ച് കെട്ടിടങ്ങൾക്കൊപ്പം ഉയരത്തിൽ കഥാപാത്രങ്ങൾ നടന്നു എന്നാണ് അതിൽ വായിച്ചത്. വിചിത്രമായൊരു പരീക്ഷണമായിരുന്നിരിക്കണം. പൊയ്ക്കാലുകൾ വച്ചു നടക്കുമ്പോലെയാണ് ഇല്ലാത്ത ഭാഷയും ഏച്ചുകെട്ടി എഴുതുന്നത്. ഉയരത്തിലാണെന്ന് ഒരു മിഥ്യാധാരണയുണ്ടാവും.

എൻ എൻ പിള്ള

എൻ എൻ പിള്ള

‘ചാവുകളി' എന്ന എന്റെ കഥയുടെ അവസാനഭാഗത്ത് അതിലെ ഗുണ്ട പറയുന്നതു പോലെ 'ഏതേലും കൊടിച്ചിയുടെ പീറ വാക്ക് പറഞ്ഞു ഞെളിയണ്ടടാ. ഉണ്ടെങ്കിൽ നിന്റെ ഭാഷ പറ. സ്വന്തം നാവു കൊണ്ട് ആവാത്തവൻ ഇനി മേലിൽ മിണ്ടരുത്.' ഗുണ്ടയാണെങ്കിലും അയാൾ പറയുന്നതു സത്യമാണ്. അതിനാൽ കള്ളത്തൊണ്ടയിൽ പാട്ടുപാടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട് ഇപ്പോൾ. അല്ലെങ്കിലും ആരെയാണ് നമ്മൾ ഇംപ്രസ് ചെയ്യാൻ ശ്രമിക്കുന്നത്? അന്യഗ്രഹങ്ങളിൽ സംഭവിക്കുന്ന പോലെയുള്ള പ്രമേയങ്ങളുടെ കാര്യവും അങ്ങനെത്തന്നെ.  No cheap tricks എന്ന് അമേരിക്കൻ കഥാകൃത്ത് തോബിയാസ് വോൾഫ് ക്രിേയറ്റീവ് റൈറ്റിങ് ക്ലാസ്സിൽ കുട്ടികളോടു പറഞ്ഞത് റെയ്മണ്ട് കാർവർ തിരുത്തുന്നുണ്ട്: No tricks. Period .വായനയിലുമതേ, എന്റെ ബൗദ്ധികമായ ശേഷിക്കും ആവശ്യങ്ങൾക്കും പറ്റാവുന്ന കൃതികളേ എടുക്കാറുള്ളൂ. ആരേയും ബോധ്യപ്പെടുത്താനല്ല, എന്റെ വായന.

കഥ, കഥയായി പറയാനാണ്ശ്രദ്ധിച്ചിട്ടുള്ളത്. അതിന് കുറച്ചു വിസ്താരം വേണ്ടിവരും. അതാണ് എന്റേത് കുറുങ്കഥകളല്ലാത്തത്. പല ഭാഷകളിൽ നിന്നുമായി കുറച്ചു സാഹിത്യം വായിക്കാൻ ശ്രമിച്ചിട്ടുണ്ട്. കുറച്ചു സിനിമകൾ കണ്ടിട്ടുണ്ട്. അതൊക്കെ ഇപ്പോഴും തുടരുന്നു.

കഥകളിൽ എന്റേതായൊരു ദർശനം, അതെത്ര നിസ്സാരമാണെങ്കിലും, കൊണ്ടുവരാൻ ഞാൻ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു. അല്ലെങ്കിൽ അതിനായിട്ടു കൂടിയുള്ള പരിശ്രമമാണ് കഥയെഴുത്ത്. ചിലർ പറഞ്ഞു പരുന്ത്, നാരകങ്ങളുടെ ഉപമ തുടങ്ങിയ കഥകളിലാണ് അതിന്റെ തുടക്കം എന്ന്. അങ്ങനെയല്ല,  ആദ്യംതൊട്ടേ അതുണ്ട്.

ബാഘ്ബഹാദൂറും നദിക്കരയിലേക്കും, മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, തടാകം, മയിലുകളുടെ നൃത്തം... അങ്ങനെ മിക്കവാറും എല്ലാ കഥകളിലും അതുണ്ട്. അതൊക്കെയാണ് എന്നെ ആകർഷിക്കുന്നത്. ആദ്യകാലത്ത് കഥകൾക്ക് ഇന്നത്തെ പോലെ വായനയും പ്രചാരവും കിട്ടാത്തതുകൊണ്ട് ആളുകൾ ശ്രദ്ധിക്കാതിരുന്നതാവാം.

? കലയുടെ ആവിഷ്കാരത്തെക്കുറിച്ചുള്ള വ്യാകുലതകൾ സന്തോഷിന്റെ എഴുത്തിൽ എപ്പോഴുമുണ്ട്. മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു,  ‘മൂന്നു വിരലുകൾ,' ‘ സങ്കടമോചനത്തെക്കുറിച്ച് ഒരു കൈപ്പുസ്തകം, ' മുതൽ ‘പരുന്ത് ' വരെ. എന്തൊക്കെയാണ് എഴുത്തിന്റെ വ്യാകുലതകൾ.

ഇ സന്തോഷ്‌കുമാർ  കാൾ മാർക്‌സ്‌ മ്യൂസിയത്തിൽ

ഇ സന്തോഷ്‌കുമാർ കാൾ മാർക്‌സ്‌ മ്യൂസിയത്തിൽ

=  എഴുത്ത് കഠിനമായ ജോലിയാണെന്ന് പറയാതെ വയ്യ. നല്ല വായനക്കാരനാവുക എന്നതുപോലും എത്രമേൽ കഠിനമാണെന്ന് ശ്രീകുമാറിനറിയാമല്ലോ. ഒരു കഥയൊക്കെ എഴുതി തൃപ്തിയായി വരണമെങ്കിൽ എത്രയധികം അധ്വാനമുണ്ട്! പലപ്പോഴും അങ്ങനെയുള്ള അധ്വാനത്തിനുശേഷവും ഇടയിൽ വച്ച് ആ രചനകൾ ഉപേക്ഷിക്കേണ്ടിവരുന്നു. സ്വയം അനുകരിക്കുകയാണോ എന്ന് ഇടയ്ക്കു ഭയക്കും. എഴുതാതിരിക്കും. വലിയ എഴുത്തുകാർ എഴുതിയ ഉജ്വലമായ ചില രചനകൾ വീണ്ടുമെടുത്തു വായിക്കും. അതൊക്കെയാണ് സ്വയം മനസ്സിലാക്കാനും പുതുക്കാനുള്ള ഒരു എളുപ്പവഴി.

ഒന്നാലോചിച്ചാൽ ഒന്നും എളുപ്പമല്ല, എഴുത്തിൽ. ഉള്ള പണിക്കുപോന്ന കൂലി കിട്ടുന്ന ഇടവുമല്ല സാഹിത്യം. സാമ്പത്തികനേട്ടം എന്ന അർഥത്തിലല്ല ഞാനിതു പറയുന്നത്.  പ്രശസ്തി നോക്കുകയാണെങ്കിൽ കൂടുതൽ എളുപ്പമുള്ള മേഖലകൾ വേറെയുണ്ട്. സാഹിത്യത്തിന്റെ കാര്യത്തിൽ ഉള്ള പ്രശസ്തി പോലും തെറ്റിദ്ധാരണാജനകമാണ്.

പലരേയും ഈ രംഗത്തേക്ക് ആകർഷിക്കുന്നത് അതൊക്കെയാണെന്നു തോന്നുന്നു. ഗുരുവായും മഹാത്മാവായും ഉദ്ഘാടകനായും പുരസ്കാരങ്ങൾ നിർണയിക്കുന്നവനായും സ്വയം പുരസ്കൃതനായും സകല പ്രശ്നങ്ങളിലും ഒപ്പുചാർത്തുന്നവനായുമൊക്കെ അനേകം അവതാരങ്ങളെടുത്ത് വാർത്തയിൽ നിറഞ്ഞുനില്ക്കുന്നതിന്റെ വ്യാജപ്രശസ്തിയല്ല, എഴുത്തിലും വായനയിലും നാമനുഭവിക്കുന്ന പിടച്ചിലുകളാണ് സാഹിത്യജീവിതം. എഴുത്തിലേക്കു വരുന്നവർ ഇതു മനസ്സിലാക്കിയേ തീരൂ. ഇപ്പറഞ്ഞതാണ് എഴുത്തിന്റെ വ്യാകുലത.

അതിനെ ആജന്മമുള്ള ഒരു കരച്ചിൽ എന്നു വിശേഷിപ്പിക്കാമെന്നു തോന്നുന്നു. മറ്റുള്ളതൊക്കെ, അനുബന്ധമായ പരിക്കുകളായി (Collateral Damages) വേണം കരുതാൻ. പരിധിയിൽ കവിഞ്ഞുള്ള ഗൗരവമൊന്നും അവയ്ക്കു കൊടുത്തുകൂടാ.

? യാഥാർഥ്യത്തിന്റെ പ്രതിഫലനം ദൃശ്യ‐ശ്രാവ്യ മാധ്യമമായ ചലച്ചിത്രത്തിലാണ് സാഹിത്യത്തിലേക്കാൾ കൂടുതലായി സംഭവിക്കുന്നത്. വായനയിൽ ആസ്വാദകന്റെ ഭാവനാ തലത്തിനാണ് മുൻതൂക്കം. അനുഭവങ്ങളും ഭാവനയും തമ്മിലുള്ള സംയോജനം എങ്ങനെയാണ് സാഹിത്യത്തിൽ സംഭവിക്കുന്നത്? അനുഭവങ്ങളെ എഴുത്തിൽ എത്രത്തോളം ഉപയോഗിക്കാറുണ്ട്? അനുഭവങ്ങൾ എഴുത്തിന് അനിവാര്യമാണോ.

അനുഭവങ്ങൾ ഇല്ലാതെയാണ് ‘അന്ധകാരനഴി’ എന്ന നോവൽ എഴുതിയത് എന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിൽ ഇതൊന്ന് വ്യക്തമാക്കാമോ?

2012ലെ സാഹിത്യ അക്കാദമി അവാർഡ്‌ പെരുമ്പടവം ശ്രീധരനിൽ നിന്ന്‌ ഇ സന്തോഷ്‌കുമാർ ഏറ്റുവാങ്ങുന്നു

2012ലെ സാഹിത്യ അക്കാദമി അവാർഡ്‌ പെരുമ്പടവം ശ്രീധരനിൽ നിന്ന്‌ ഇ സന്തോഷ്‌കുമാർ ഏറ്റുവാങ്ങുന്നു

=   ചലച്ചിത്രം തീർച്ചയായും വലിയ സാധ്യതകളുള്ള മാധ്യമം തന്നെയാണ്. എന്നാൽ സാഹിത്യത്തിന് മാത്രം നൽകാവുന്ന ചില അനുഭവങ്ങളുണ്ട്. ഒരിക്കലും ദൃശ്യപരമായ ചിത്രീകരിക്കാനാവാത്ത ചില ബിംബങ്ങൾ, ആഴമുള്ള ജീവിതസന്ദർഭങ്ങൾ, വാക്കുകളിലൂടെയുള്ള ആത്മവിചാരണ ഇങ്ങനെ പലതും എഴുത്തിന്റെ മേഖലയിലാണ് നടക്കുക. ഓരോ കഥയും ഓരോ വായനക്കാരന്റെ മനസ്സിലും ഓരോ തരത്തിലുള്ള ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുന്നു.

അരുന്ധതീറോയി അവരുടെ പുസ്തകത്തിന്റെ വിവർത്തനം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ തൃശൂരിൽ വന്നപ്പോൾ പറഞ്ഞ ഒരു വാക്യം എനിക്കിപ്പോഴും ഓർമയുണ്ട്. God of Small of Things എന്തുകൊണ്ട് സിനിമയാക്കാൻ അനുവദിക്കുന്നില്ല എന്ന ചോദ്യത്തോട് അവർ ഏതാണ്ട് ഇങ്ങനെ പ്രതികരിച്ചു:  I resist my novel being colonised by a single person's imagination. ലോകത്ത് വലിയ സാഹിത്യരചനകളെ മുൻനിർത്തി അവയെ അതിശയിക്കുന്ന ചിത്രങ്ങൾ ഉണ്ടായിട്ടില്ലെന്നല്ല. പക്ഷേ, ഈയൊരു വീക്ഷണം കൂടി സാധുവാണ്. അതിനാൽ ഒരു കഥയോ നോവലോ അനേകം വായനക്കാരിൽ അനേകം കൃതികളായി മാറുന്നു.

അനുഭവങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മുമ്പും ചിലപ്പോൾ ഉത്തരം പറഞ്ഞിട്ടുണ്ട്. എഴുത്തുകാരേക്കാൾ അനുഭവമുള്ള ആളുകളല്ലേ ചുറ്റുപാടും? എഴുത്ത് അവരുടെ കാര്യമല്ലാത്തതിനാൽ അവർ എഴുതുന്നില്ലെന്നേയുള്ളൂ. അനുഭവമില്ലാത്ത ആരുമില്ല. അവയാണ് ആളുകളെ രൂപീകരിക്കുന്നതും. എഴുത്തുകാർ കടന്നുപോന്ന ജീവിതസന്ദർഭങ്ങൾ തീർച്ചയായും അവരുടെ എഴുത്തിനെ സഹായിക്കുകയും കാഴ്ചപ്പാടുകളെ വിപുലീകരിക്കുകയും ചെയ്യും. എന്നാലും സ്വന്തം അനുഭവം മാത്രമല്ല എഴുത്ത്. അതിനെ നമ്മൾ ആത്മകഥയെന്നല്ലേ വിളിക്കുക? അന്ധകാരനഴിയെന്നല്ല, ഏതൊരു നോവലും മറ്റു ജീവിതപരിസരങ്ങളിൽ നിന്നും പലതും ശേഖരിക്കുന്നു. പഠിക്കുന്നു. മികച്ച പല നോവലുകളും നീണ്ട ഗവേഷണങ്ങളുടെ ഭാഗമായി വരുന്നതാണ്.

ആ ഗവേഷണത്തെ കലാത്മകമായി ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്.

 മാരിയ വർഗാസ് യോസ

മാരിയ വർഗാസ് യോസ

ഉദാഹരണത്തിന് മാരിയ വർഗാസ് യോസയെ നോക്കുക; അദ്ദേഹം ജന്മനാടായ പെറുവിനെക്കുറിച്ച് നോവലുകളെഴുതി. ബ്രസീലിനെക്കുറിച്ചും ഡൊമിനിക്കൻ റിപ്പബ്ലിക്കിനെക്കുറിച്ചും ഗ്വാട്ടിമാലയെക്കുറിച്ചും മധ്യ ആഫ്രിക്കയിലെ കോംഗോയെക്കുറിച്ചുമൊക്കെ എഴുതി. ഇവയെല്ലാം അദ്ദേഹത്തിന്റെ അനുഭവമാണോ? ഇന്ത്യയിലെ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷ് നിരവധി വിഷയങ്ങളെയും സ്ഥലകാലങ്ങളെയും ഉപജീവിക്കുന്നതു കാണാം. അങ്ങനെയൊക്കെത്തന്നെയാണ് എക്കാലവും നോവലിന്റെ രീതി. മലയാളത്തിലും പുതിയ നോവലെഴുത്തുകാർ അത്തരം മാതൃകകൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നു.

അന്യമായ സ്ഥലങ്ങളിലേക്കും ചരിത്രത്തിലേക്കും അവരും സഞ്ചരിച്ചുതുടങ്ങി. ഒരു പ്രമേയത്തെ സത്യസന്ധമായി ആവിഷ്കരിക്കാൻ കഴിയുന്നതിൽ ചില മുൻകരുതലുകൾ എഴുത്തുകാർ എടുക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം ആ കൃതി പ്രസരിപ്പിക്കാൻ പോകുന്ന ജീവിതവീക്ഷണത്തെ സ്വയം ഉൾക്കൊണ്ടിട്ടുണ്ടോ എന്ന ചോദ്യമാണ്. താൻ അതിനുവേണ്ടി ചെയ്യുന്ന ഗവേഷണം ദഹിച്ചുകിട്ടിയിട്ടുണ്ടോ എന്നും ആവാം.

അതല്ലാതെ, സ്വന്തം അനുഭവം വച്ച് പരമാവധി എത്ര നോവലുകൾ എഴുതാൻ കഴിയും? സ്വയം അങ്ങനെ സ്വന്തം അനുഭവങ്ങൾ പലിശയ്ക്കു കൊടുത്ത്, ചുരുങ്ങി ഒതുങ്ങി ജീവിക്കേണ്ട ഒച്ചുകളാണോ എഴുത്തുകാർ?  നോവലുകളെക്കുറിച്ചൊന്നും ഒരു സാമാന്യധാരണപോലുമില്ലാത്ത ചിലർ പറയുന്ന ആരോപണങ്ങളാണ് ഈ ‘അനുഭവം' പറച്ചിലുകൾ. ആ അഭിപ്രായങ്ങളെയൊന്നും നല്ല ഫലിതമായിട്ടു കൂടി എടുക്കുക വയ്യ. ഞാനിപ്പോൾ ന്യൂക്ലിയർ സയൻസിനെക്കുറിച്ചോ ബയോ ടെക്നോളജിയെക്കുറിച്ചോ അൽഗോരിതത്തെക്കുറിച്ചോ ഒക്കെ ആധികാരികമായി പറയാൻ തുനിഞ്ഞാൽ ആളുകൾ ചിരിക്കില്ലേ? അതുപോലെയേയുള്ളൂ.

?  സിനിമയുമായി ദീർഘകാലത്തെ പ്രേക്ഷക ബന്ധമുള്ള ഒരാളാണല്ലോ സന്തോഷ്. ഒരു സിനിമാ പ്രേക്ഷകൻ എന്ന നിലയിലുള്ള അനുഭവങ്ങൾ പങ്കു വെക്കാമോ? സിനിമ എഴുത്തിനെ സഹായിച്ചിട്ടുള്ളതായി ബാഘബഹാദൂർ, സിനിമാ പറുദീസ തുടങ്ങിയ കഥകളിൽ നിന്ന് മനസ്സിലാക്കാം. സിനിമയും സാഹിത്യവും തമ്മിലുള്ള പാരസ്പര്യം എന്താണ്.

=  1997 മുതൽ ചലച്ചിത്രമേളകളിൽ പങ്കെടുക്കുന്ന ഒരാളാണ്. അതുവഴി മഹത്തായ സിനിമകൾ കുറച്ചൊക്കെ കാണാൻ കഴിഞ്ഞു. ചലച്ചിത്രമേളകൾ ഭൂമിയിലെമ്പാടുമുള്ള മനുഷ്യരുടെ വേദനകളെ സമാഹരിക്കുന്നതായി തോന്നിയിട്ടുണ്ട്. നൃശംസമായ രാഷ്ട്രീയവും ഭരണകൂടങ്ങളും മതങ്ങളും പരമാധികാരികളുമൊക്കെ ഒറ്റയ്ക്കും കൂട്ടുചേർന്നും സൃഷ്ടിക്കുന്ന യുദ്ധങ്ങളും അവയുടെ ഫലമായുണ്ടാവുന്ന അഭയാർഥി പ്രവാഹവുമെല്ലാം വൈകാരികമായ ചരിത്രം എന്ന നിലയ്ക്ക് ചലച്ചിത്രങ്ങളാണ് നമ്മുടെ മുന്നിലേക്കു കൊണ്ടുവരുന്നത്.

ലോകത്തെ കൂടുതൽ അടുത്തുനിന്നു കാണാൻ അവ നമ്മെ സഹായിക്കുന്നു. എവിടെയുമുള്ള സാധാരണ മനുഷ്യർ ഏറിയും കുറഞ്ഞും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നതു നാം കാണുന്നു. സാഹിത്യവും ഇതൊക്കെത്തന്നെയാണ് ചെയ്യുന്നത്. പക്ഷേ, കൂടുതൽ പ്രചാരമുള്ള മാധ്യമം ഇപ്പോൾ ചലച്ചിത്രമാണല്ലോ.

എന്റെ എഴുത്തിനെ ഈ ദൃശ്യാനുഭവങ്ങൾ തീർച്ചയായും സഹായിച്ചിട്ടുണ്ട്. നാം സ്വാഭാവികമായും സ്വാംശീകരിക്കുന്നതാണ് അതൊക്കെ. രണ്ടുമാസം മുമ്പ് വിദേശത്തുള്ള ഒരു മലയാളി സംഘടന ‘വ്യാഘ്രവധു' ഓൺലൈനിൽ ചർച്ച ചെയ്തിരുന്നു. ബംഗാളിലെ സുന്ദർബൻസിലെ ജീവിതമാണ് കഥയുടെ പ്രമേയം.

ചർച്ചക്കിടയിൽ ഒരു വായനക്കാരൻ ആ കഥയിൽ ഉപയോഗിച്ചിട്ടുള്ള ഡോക്യുമെന്ററി സ്വഭാവത്തെക്കുറിച്ചു പറഞ്ഞു. ഇറാനിയൻ ചലച്ചിത്രകാരൻ അബ്ബാസ് കിയോരോസ്താമിയുടെ ചിത്രങ്ങളെയാണ് അദ്ദേഹം അപ്പോൾ ഉദാഹരിച്ചത്. അനുകരണം എന്ന അർഥത്തിലല്ല. നാം നല്ല ചിത്രങ്ങളുടെ സംസ്കാരത്തെ ഉൾക്കൊള്ളുകയാണ്. ഈ കൊടുക്കൽ വാങ്ങലുകൾ പല മാധ്യമങ്ങളിൽ നിന്നും ആവാം.

അതുമാത്രമല്ല, വർത്തമാനലോകത്ത് ഇപ്പോൾ എഴുതപ്പെടുന്ന പല ചെറുകഥകൾക്കും സിനിമയുടെ സ്വഭാവമാണുള്ളതെന്നു തോന്നിയിട്ടുണ്ട്. അവയുടെ പരിചരണരീതിക്ക് ചലച്ചിത്രങ്ങളുടെ ക്രാഫ്റ്റുമായി അടുപ്പമുണ്ട്. അതുകൊണ്ടാവാം പലപ്പോഴും ചെറുകഥകളിലേക്ക് എളുപ്പം സിനിമക്കാർ എത്തിച്ചേരുന്നത്. മുറകാമിയുടെ ‘ഡ്രൈവ് മൈ കാർ' ഇത്തവണ അക്കാദമി പുരസ്കാരങ്ങളിൽ വളരെയേറെ ശ്രദ്ധിക്കപ്പെടുകയുണ്ടായല്ലോ. ‘മെൻ വിതൗട്ട് വിമൻ' എന്ന തീമാറ്റിക് ആയ സമാഹാരത്തിലുള്ള കഥയാണ്.

കിനോ തുടങ്ങിയ മികച്ച കഥകൾ ആ സമാഹാരത്തിലുണ്ട്. സിനിമയ്ക്കു മുമ്പ് കഥ ഒന്നുകൂടി വായിച്ചു തയ്യാറെടുത്തിട്ടാണ് പോയി കണ്ടത്. ഒപ്പം ചെക്കോവിന്റെ പ്രശസ്തമായ ‘അങ്കിൾ വാന്യ' എന്ന നാടകം സിനിമയിൽ വിളക്കിച്ചേർത്തിരിക്കുന്നു. അതു വായിച്ചിട്ടില്ല, പ്രമേയം അറിയാം. ഒരു കഥ ദൃശ്യാവിഷ്കാരമായി മാറുന്നത് കാണുക കൗതുകകരമാണ്.

തിരിച്ചും ആലോചിക്കാവുന്നതല്ലേ? സിനിമകളെ സാഹിത്യത്തിലേക്കു മാറ്റുക. മലയാളത്തിൽ സമീപകാലത്ത് ഞാൻ കണ്ട മൂന്നു സിനിമകൾ പറയാം.

ആർ കെ കൃഷാന്ദിന്റെ ‘ആവാസവ്യൂഹം', താരാ രാമാനുജത്തിന്റെ ‘നിഷിദ്ധോ', ഡോൺ പാലത്തറയുടെ ‘1956 മധ്യതിരുവിതാംകൂർ.' വളരെ വ്യത്യസ്തമായ ഈ മൂന്നുസിനിമകളെയും മികച്ച കഥകളായും ആവിഷ്കരിക്കാൻ സാധിക്കും എന്നുതോന്നുന്നു.

അതുപോലെത്തന്നെ ഈ വർഷം നമ്മുടെ ഓസ്കാർ എൻട്രിയായിരുന്ന,  പി എസ് വിനോത്‌ രാജു സംവിധാനം ചെയ്ത ‘കൂഴങ്കൽ' എന്ന തമിഴ്ചിത്രം. ഒരു കൗതുകം പറഞ്ഞു എന്നേയുള്ളൂ, എഴുതാനൊന്നും പോകുന്നില്ല.

? സിനിമയുമായി ഇങ്ങനെ അടുത്ത ബന്ധം ഉണ്ടായിട്ടും സന്തോഷിന്റെ കഥകൾക്ക് എന്തു കൊണ്ടാണ് ശ്രദ്ധേയമായ ചലച്ചിത്ര ഭാഷ്യങ്ങൾ ഉണ്ടാകാതിരുന്നത്? കഥകൾ സിനിമകൾ ആകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ.

=  അങ്ങനെ വലിയ സിനിമാമോഹങ്ങളൊന്നും ഉള്ള ആളല്ല ഞാൻ. സിനിമ സാഹിത്യത്തെക്കാൾ മുകളിലാണോ? അല്ലെങ്കിൽ മറിച്ച്? ഒന്നുമല്ല. രണ്ടും രണ്ടു വഴികൾ, രണ്ടു മാധ്യമങ്ങൾ.

നമുക്കറിയാവുന്ന (അല്ലെങ്കിൽ അങ്ങനെ അറിയാമെന്നു വിചാരിക്കുന്ന) രംഗത്തു പ്രവർത്തിക്കുക എന്നുള്ളതാണ് ഭംഗി. തിരക്കഥയെഴുത്തൊക്കെ വളരെ ടെക്നിക്കലായ ജോലിയല്ലേ? സവിശേഷമായ ചില സ്കിൽ സെറ്റ് ആവശ്യമുള്ള മേഖലയാണ്. എല്ലാ എഴുത്തുകാർക്കും പറ്റും എന്നു തോന്നുന്നില്ല. എന്റെയൊരു നോട്ടത്തിൽ ഏറ്റവും നല്ലത് സംവിധായകൻ തന്നെ തിരക്കഥയും എഴുതുക എന്നതാണ്. പിന്നെ, കഥയെഴുതുന്ന പോലെ സ്വതന്ത്രരല്ല, സിനിമയിൽ എഴുത്തുകാർ.

കഥയിലൊക്കെ നമുക്ക് ഇഷ്ടമുള്ളത് എഴുതിവയ്ക്കാം. ഒരാളെ കൊല്ലാം, വളർത്താം. സിനിമയ്ക്ക് വലിയ സാമ്പത്തിക പിൻബലം വേണമല്ലോ. നടീനടന്മാരോടു പോയി കഥയൊക്കെ പറഞ്ഞുകൊടുക്കണം, അവരുടെ അഭിപ്രായങ്ങളനുസരിച്ച് പലതും മാറ്റണം എന്നൊക്കെയാണ് കേൾക്കുന്നത്. തെറ്റുപറയാൻ പറ്റില്ല, പണമിറങ്ങുന്ന സ്ഥലമല്ലേ? കഥകൾക്ക് വലിയ കാശുകിട്ടാവുന്ന ഒരു കാലത്ത് എഴുത്തുകാരും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പരിഗണിക്കുമായിരിക്കും.

ക്ലൈമാക്സ് മാറ്റുകയോ കഥാപാത്രങ്ങളെ മിനുക്കി ശുദ്ധീകരിക്കുകയോ ഒക്കെ ചെയ്യുമായിരിക്കും. ആരെങ്കിലും എന്റെ കഥകൾ സിനിമയാക്കുന്നത് സന്തോഷം. തിരക്കഥയെഴുതാനൊന്നും സാധിക്കുകയില്ലെന്നു തോന്നുന്നു. ഏതായാലും രണ്ടു സിനിമകൾക്ക് ഞാനിപ്പോൾ കഥ കൊടുത്തിട്ടുണ്ട്. ഒന്നിന്റെ തിരക്കഥാരൂപം ഞാൻ വായിച്ചിരുന്നു. വൈകാതെ വരുമായിരിക്കും.

ഇ സന്തോഷ്‌കുമാർ, എസ്‌ ഹരീഷ്‌,  അശോകൻ ചെരുവിൽ

ഇ സന്തോഷ്‌കുമാർ, എസ്‌ ഹരീഷ്‌, അശോകൻ ചെരുവിൽ

കഥയിൽ ഉപയോഗിക്കുന്ന ചില വിഷ്വൽസൊക്കെ സിനിമയിൽ വരണം എന്നു തോന്നാറുണ്ട്. എനിക്ക് ചലച്ചിത്രങ്ങൾ നിർമിക്കാനുള്ള കഴിവില്ലാത്തതുകൊണ്ട് നിവൃത്തിയില്ല.

? ജോലികളുടെ തിരക്കുകളിൽ മുഴുകുമ്പോൾ ആണ് എഴുത്തിന്റെ മുകുളങ്ങൾ പൊട്ടിവിടരുന്നതെന്ന നിരീക്ഷണം ‘ചെറുപ്പക്കാരൻ എന്ന നിലയിൽ എഴുത്തുകാരന്റെ ഛായാകകചിത്രം' എന്ന കഥയിലുണ്ട്. എഴുത്തിനു വേണ്ടി വളണ്ടറി റിട്ടയർമെന്റ്  , ശേഷം ഇതേക്കുറിച്ച് ഇപ്പോൾ എന്തു തോന്നുന്നു.

=  എഴുത്തിനുവേണ്ടി മാത്രമല്ല. അങ്ങനെയൊരു ത്യാഗവുമില്ല അതിൽ. ഒരേ സ്ഥാപനത്തിൽ മൂന്നു ദശകത്തിലേറെ കാലം കഠിനമായി ജോലി ചെയ്തിരുന്ന ഒരാളാണ് ഞാൻ. അതിൽക്കൂടുതലൊക്കെ കാലം ഒരാൾ ഓഫീസിലിരുന്ന് ഒരേതരം ജോലി ചെയ്യേണ്ട കാര്യമുണ്ടോ? വിശേഷിച്ചും എഴുത്തുകാർ. പിന്നേയും ഒമ്പതുവർഷം കൂടിയുണ്ടായിരുന്നു. ആലോചിച്ചുനോക്കൂ.  ‘ജ്ഞാനഭാരം’

എന്ന നോവലിൽ ഉപയോഗിച്ച റെയ്മണ്ട് കാർവറുടെ വരിയെ ആശ്രയിച്ചാൽ, അങ്ങനെ എത്ര വലിയ വിജ്ഞാനകോശം പഠിച്ചുതീർത്താലും ഒരു മരക്കൊമ്പു വീണു തീരാവുന്നതല്ലേ മനുഷ്യജീവിതം? ശരിയാണ്, കൂടുതൽ സമയം കിട്ടിയതുകൊണ്ട് കൂടുതൽ എഴുതണമെന്നില്ല.

അങ്ങനെ ഒരു ദുർവാശിയുടേയും പുറത്തല്ല ഞാൻ വിട്ടുപോന്നിട്ടുള്ളതും. പക്ഷേ, ഔദ്യോഗികമായ ടെൻഷനുകൾ ഒഴിവാക്കാമല്ലോ. ഏതെങ്കിലും ജോലി പെന്റിങ് വച്ച്, ഫയലുകൾ മേശപ്പുറത്തുവച്ച് ഉഴപ്പി, സമാധാനത്തോടെ കഥയെഴുതി ജീവിക്കാൻ എനിക്കു സാധിക്കുകയില്ല. ബാക്കിയുള്ള കാലം കൂടുതൽ വലിയ ചുമതലകളിലേക്കു പോകേണ്ടിവരുമായിരുന്നല്ലോ.

പൂർണമായ അർപ്പണം വേണം. വലിയ സാമ്പത്തിക ഉത്തരവാദിത്വമുള്ള ഫയലുകളൊക്കെ വരും. ചുരുങ്ങിയത് ദിവസവും ഒരു പന്ത്രണ്ടു മണിക്കൂറെങ്കിലും ചെലവഴിക്കാതെ മുന്നോട്ടുപോവാൻ പറ്റില്ല. അതാണ് നിർത്തിയത്. അതു പെട്ടെന്നെടുത്ത തീരുമാനമൊന്നുമായിരുന്നില്ല. ‘നാരകങ്ങളുടെ ഉപമ' എന്ന കഥയിൽ ജീവിതത്തിന്റെ മന്ദതാളത്തെയും ‘ജ്ഞാനഭാരം' എന്ന നോവലിൽ അതിന്റെ അർഥശൂന്യതയെയും കുറിച്ച് എഴുതാൻ ശ്രമിച്ചത് ഇത്തരം ആലോചനകളിൽ നിന്നായിരുന്നു.

സ്വാഭാവികമാണ്, ഇടയ്ക്കു ചിലപ്പോൾ തിരിച്ച് ആലോചിക്കും. അപ്പോൾ ആ ദീർഘദിനങ്ങളേയും നിരന്തരം തുടരുന്ന ഡെഡ്ലൈനുകളെയും തിരക്കുകളേയും പറ്റി ഓർമ വരും. അതുകൊണ്ട്, ഏതാണ്ട് രണ്ടു വർഷമാവുമ്പോഴും തീരുമാനം തരക്കേടില്ല എന്നുതന്നെയാണ് തോന്നുന്നത്. കോവിഡ് കഴിഞ്ഞ് അടച്ചിരിപ്പു മാറിയപ്പോൾ വിശേഷിച്ചും.

? ‘തങ്കച്ചൻ മഞ്ഞക്കാര’നു ശേഷം ഫലിതസ്വഭാവമുള്ള രചനകൾ അങ്ങനെ എഴുതിക്കണ്ടിട്ടില്ല. ആക്ഷേപഹാസ്യം ഒരു inferior art  ആണെന്ന് തോന്നിയിട്ടുണ്ടോ

= ഒരു മനുഷ്യവ്യവഹാരവും ഇൻഫീരിയർ അല്ലെന്നു തോന്നുന്നു. എന്നാലും പണ്ടുള്ളവർ പറയുന്നതുപോലെ ട്രാജഡികൾ തന്നെയാണ് ആഴമുള്ള കൃതികൾ. സംശയമില്ല. അവ കാലാതിവർത്തിയായി നില്ക്കും. പക്ഷേ, എഴുത്തുകാർ ആക്ഷേപഹാസ്യവും എഴുതും. ദസ്തയേവ്സ്കി പോലും എഴുതിയിട്ടുണ്ട്.

എല്ലാ സമയത്തും ഒരേ പോലെയാവാതിരിക്കുകയാണ് എഴുത്തിനും നല്ലത്. എഴുത്തിൽ വൈവിധ്യം വേണം. ആവശ്യമുള്ളത് കാലം എടുത്തുകൊള്ളും. മറ്റേതെല്ലാം  ഒരു ദീർഘയാത്രയുടെ ഇടയിൽ താമസിക്കേണ്ടി വരുന്ന ചില സങ്കേതങ്ങൾ മാത്രം.

എല്ലാ സമയത്തും ഒരേ പോലെയാവാതിരിക്കുകയാണ് എഴുത്തിനും നല്ലത്. എഴുത്തിൽ വൈവിധ്യം വേണം. ആവശ്യമുള്ളത് കാലം എടുത്തുകൊള്ളും. മറ്റേതെല്ലാം  ഒരു ദീർഘയാത്രയുടെ ഇടയിൽ താമസിക്കേണ്ടി വരുന്ന ചില സങ്കേതങ്ങൾ മാത്രം.

ആക്ഷേപഹാസ്യത്തേക്കാൾ ആപൽക്കരമായി തോന്നിയിട്ടുള്ളത് മോശം പ്രണയകഥകൾ തന്നെയാണ്. പ്രണയകവിതകൾ അരുത്, പ്രണയകവിതയുടെ സമ്പന്നമായ വലിയ പൈതൃകം നമുക്കുള്ളപ്പോൾ പുതിയതായി ഒന്നു സൃഷ്ടിക്കുക ദുഷ്കരമാണെന്ന് റിൽക്കേ പറഞ്ഞിട്ടുള്ളത് കഥകൾക്കും ബാധകമാണ്. സിദ്ധാന്തങ്ങൾ കൊണ്ടൊക്കെ ജനകീയം എന്നു പറഞ്ഞു വെള്ളപൂശാവുന്ന സംഗതിയല്ല പൈങ്കിളി. എന്നാലും അവയെ ഇൻഫീരിയർ ആർട്‌ എന്നു വിളിക്കാമോ എന്നറിഞ്ഞുകൂടാ.

? സാമാന്യത്തിലധികം ദൈർഘ്യമുള്ളവയാണ് സന്തോഷിന്റെ പല കഥകളും. എന്നാൽ ‘അന്ധകാരനഴി’ ഒഴിച്ചുള്ള നോവലുകൾ എല്ലാം ചെറുതാണ്. നോവലിനും കഥയ്ക്കുമിടയിൽ എവിടെയോ ആണ് സന്തോഷ് എന്ന എഴുത്തുകാരൻ നില കൊള്ളുന്നത്. ‘അന്ധകാരനഴി’ക്ക് ശേഷം ഒരു വലിയ നോവൽ എഴുതാതിരുന്നത് എന്തു കൊണ്ടാണ്. കൃതികളുടെ വലിപ്പത്തേക്കുറിച്ചുള്ള മലയാളിയുടെ കാഴ്ചപ്പാട് എന്താണ്.

=  പ്രമേയത്തിനു പാകമായ വലുപ്പമാണ് രചനകൾക്കു സ്വീകരിക്കുന്നത്. മലയാളത്തിലെ ചെറുകഥകളേക്കാൾ ഇരട്ടിയെങ്കിലും വലുപ്പം കാണും പുറത്തൊക്കെ ഇപ്പോൾ എഴുതപ്പെടുന്ന കഥകൾ. ഹിബ്രു എഴുത്തുകാരനായ എറ്റ്ഗർ കാരറ്റിനെപ്പോലെ

എറ്റ്‌ഗർ കരേറ്റ്‌

എറ്റ്‌ഗർ കരേറ്റ്‌

ചെറിയ ഫോർമാറ്റുകൾ സ്വീകരിക്കുന്നവരെയും കണ്ടിട്ടുണ്ട്. തീരെച്ചെറിയ ഫ്ളാഷ് ഫിക്ഷനും പ്രചാരത്തിലുണ്ടല്ലോ. വലുപ്പമല്ല, സ്വീകരിക്കുന്ന പ്രമേയം, എഴുതുന്ന രീതികൾ ഇവയൊക്കെയല്ലേ കൂടുതൽ പ്രധാനം?

? നോവലാണോ കഥയാണോ കൂടുതൽ വായനക്കാരെ ആകർഷിക്കുന്നത്? രണ്ടിന്റെയും രചനാപരമായ പ്രക്രിയയിലെ വ്യത്യാസങ്ങൾ എന്തൊക്കെയാണ്? നോവലാണോ ചെറുകഥയാണോ ഒരു എഴുത്തുകാരൻ എന്ന നിലയിൽ കൂടുതൽ സംതൃപ്തി നൽകുന്നത്.

=   സംതൃപ്തി എന്നു പറയാനാവില്ല. ആശ്വാസം തോന്നാറുണ്ട്, ചിലപ്പോഴൊക്കെ. കഥയും നോവലും എഴുത്തിന് രണ്ടു രീതികളാണ്. നോവൽ ചിലപ്പോൾ കൂടുതൽ സ്വാതന്ത്ര്യം തരുന്നതായി തോന്നിയിട്ടുണ്ട്. പക്ഷേ, ദീർഘകാലത്തെ പ്രയത്നം നോവലിന് ആവശ്യമാണ്. ഇടയ്ക്കു വച്ച് ആവേശം കെട്ടുപോകാം. ആദിമധ്യാന്തങ്ങൾ കൊണ്ടുവന്ന്, കഥ പറഞ്ഞ്, കഥാപാത്രങ്ങളെ വളർത്തിവലുതാക്കി, പരിചരിച്ച് നോവലെഴുതുന്നത് തികച്ചും ആയാസകരമായ പണിയാണ്. നമ്മൾ സൃഷ്ടിച്ച ലോകത്തിലേക്ക് സ്വയം ആണ്ടിറങ്ങണം. നോവലിൽ കാലം കടന്നുപോകുന്നത് അനുഭവിപ്പിക്കാൻ സാധിക്കണം എന്ന് പി കെ ബാലകൃഷ്ണൻ എഴുതുന്നുണ്ട്.

‘ആരോഗ്യനികേതനം’ എന്ന നോവൽ വാസ്തവത്തിൽ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ നടക്കുന്ന കഥയായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. പക്ഷേ, ഭൂതകാലത്തേക്കും തിരിച്ചുമുള്ള മാനസികമായ സഞ്ചാരങ്ങൾ അതിൽ ഇണക്കിച്ചേർന്നിരിക്കുന്നു. പല തലമുറകളുടെ കഥ പറയുന്ന നോവലിസ്റ്റ് അത്രയും കാലത്തെ ജീവിതത്തെ സൂക്ഷ്മമായി മനസ്സിൽ വച്ചിരിക്കണം. ‘വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡിൽ'

ആറു തലമുറകളിലൂടെ കാലം കടന്നുപോകുന്നതും ജീവിതം മാറിവരുന്നതും എഴുത്തുകാർക്കു പഠിക്കാവുന്നതാണ്. എഴുത്തുകാരൻ പോലും ഒടുവിൽ കഥാപാത്രമായി വരുന്നുണ്ടല്ലോ അതിൽ.

അപ്പോൾ പോയ കാലം എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നുള്ളത്, ആരുടെ നോട്ടത്തിലാണ് കഥ പറയുന്നത് എന്നതൊക്കെ ആലോചിക്കാവുന്നതാണ്. ഉദാഹരണം പറഞ്ഞുവെന്നേയുള്ളൂ. നോവൽ എങ്ങനെയും എഴുതാം. കാലത്തെയും സ്ഥലത്തേയും മാറ്റിയും മറിച്ചും പരീക്ഷിക്കാം. യോസയുടെ ‘ദി വേ റ്റു പാരഡൈസ്’ എന്ന നോവലിൽ രണ്ടു കഥാപാത്രങ്ങളെ, ഒരിക്കലും കണ്ടുമുട്ടാത്ത രണ്ടു കഥാപാത്രങ്ങളെ ഒന്നിട വിട്ടുള്ള അധ്യായങ്ങളിൽ അവതരിപ്പിക്കുന്ന രീതിയാണ് പരീക്ഷിക്കുന്നത്. രണ്ടുപേരും ജീവിച്ചിരുന്നവരാണ്. ഒരാൾ സ്ത്രീ വിമോചനത്തിന്റെ ആദ്യകാല പ്രവർത്തകയായിരുന്ന ഫേ്ളാറാ ട്രിസ്റ്റാൻ, മറ്റേത് അവരുടെ പേരക്കുട്ടിയും ചിത്രകാരനുമായിരുന്ന ഗോഗിൻ. അവരുടെ പ്രവർത്തനങ്ങളെ കഥ പറയുന്ന കാലത്തിൽ നിർത്തി, പോയ കാലത്തിന്റെ കഥ ഓർത്തു പറയുന്ന ഒരു മാനസിക സഞ്ചാരരീതിയാണ് ഉപയോഗിക്കുന്നത്.

ഒരു ദർശനത്തെ മുന്നോട്ടു വയ്ക്കുമ്പോഴാണ് നോവൽ കൂടുതൽ വലിയ നോവലായിത്തീരുക. വലുപ്പം മാത്രമല്ല, നല്ല നോവലുകൾ മനുഷ്യജീവിതത്തിലെ നിർണായകമായ ചില സന്ദർഭങ്ങളെ അഭിമുഖീകരിക്കുന്നു.

വിനോയ് തോമസ്

വിനോയ് തോമസ്

രാഷ്ട്രീയമായ ശരികളൊന്നും നോവലിലെ ശരികളായിരിക്കണമെന്നില്ല. അതിനുവേണ്ടി വാശിപിടിക്കുന്നതിലും കാര്യമില്ല. ഒന്നാലോചിച്ചാൽ, വലിയ തെറ്റുകളുടെയും കുറ്റങ്ങളുടെയും ആവിഷ്കാരമല്ലേ ലോകത്തിലെത്തന്നെ ഏറ്റവും നല്ല നോവലുകൾ? അവയിലൂടെ, ഒടുവിൽ ആത്യന്തികമായ മാനവികമൂല്യങ്ങളിലേക്ക് അവ ഊന്നുന്നതു കാണാം. സാവധാനത്തിലുള്ള ഒരു പ്രക്രിയയാണ് അത്.

അതേ സമയം, ചെറുകഥ മിക്കവാറും ഒരു സന്ദർഭത്തെയാണ് പ്രതിനിധീകരിക്കുക. അല്ലാതുള്ള കഥകൾ ഇല്ലെന്നല്ല. (ഉദാഹരണത്തിന് കന്നഡ ഭാഷയിൽ നിന്നും എ കെ റിയാസ് മുഹമ്മദ് വിവർത്തനം ചെയ്ത വസുധേന്ദ്രയുടെ ‘ചുവന്ന തത്ത’ എന്ന കഥ. ഫോക്നറുടെ ‘എ റോസ് ഫോർ മിസ് എമിലി.’  മലയാളത്തിൽ വിനോയ് തോമസ് ഒരു ജീവിതം മുഴുവൻ പ്രമേയമാക്കുന്നതു കണ്ടിട്ടുണ്ട്. എസ് ഹരീഷിന്റെ ‘ആദം’  ‘കാവ്യമേള’) പക്ഷേ, സാധാരണയായി ഒരു വിഷ്വൽ മതി, അതിൽനിന്നും ചെറുകഥ രൂപപ്പെട്ടു വരും. ഹെമിങ്വേയുടെയോ കാർവറുടെയോ, അല്ലെങ്കിൽ ബോലാനോയുടെയോ മുറകാമിയുടേയോ, പുതിയ കാലത്ത് ജൂംപാ ലാഹിരിയുടേയോ യിയുൻ ലീയുടേയോ ചിമമാന്ദേ അദിച്ചിയുടെയോ

സുഭാഷ്‌ ചന്ദ്രൻ

സുഭാഷ്‌ ചന്ദ്രൻ

ജൂലിയൻ ബാൺസിന്റെയോ ഒക്കെ കഥകൾ. മലയാളത്തിൽ ബഷീറിന്റെ ഒരു മനുഷ്യൻ, ഉറൂബിന്റെ വാടകവീടുകൾ, സക്കറിയയുടെ കുഴിയാനകളുടെ ഉദ്യാനം, ആർക്കറിയാം, സി വി ശ്രീരാമന്റെ പുറം കാഴ്ചകൾ, മാധവിക്കുട്ടിയുടെ പക്ഷിയുടെ മണം, സുഭാഷ് ചന്ദ്രന്റെ ഉരുളക്കിഴങ്ങു തിന്നുന്നവർ, അശോകൻ ചരുവിലിന്റെ പലതരം വീടുകൾ, സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല, കെ ആർ മീരയുടെ മോഹമഞ്ഞ, ഉണ്ണിയുടെ തോടിനപ്പുറം...  അങ്ങനെ എത്രയോ കഥകൾ ‐ എത്രയേറെ വിപുലവും വിവിധവുമാണ് നമ്മുടെ കഥാസാഹിത്യം!  പെട്ടെന്ന് ഓർമ വരുന്ന ഏതു കഥയും നോക്കൂ. അങ്ങനെയല്ലേ?

റൂൾഫോയുടെ ‘എന്നെ കൊല്ലരുതെന്ന് അവരോടു പറയൂ' എന്ന കഥ ശരിക്കും ഒരു നീണ്ട നിലവിളിയിലൂടെ ഒരു ജീവിതം പറയുന്നതാണ്. എന്നാൽ കഥകൾ പലപ്പോഴും ഒരപൂർണതയിൽ നിർത്തുന്ന രീതിയും കണ്ടിട്ടുണ്ട്. Open ended ആയി നിർത്തുന്ന രീതി. കഥ പൂർത്തിയാക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നു. ഒരു പ്രശ്നം അവതരിപ്പിക്കുന്നു. ഒരു ഘട്ടത്തിൽ വച്ച് ഉത്തരങ്ങൾ നൽകാതെ കഥാകൃത്ത് മാറിക്കളയുന്നു. നല്ല വായനക്കാർക്കുള്ള മികച്ച മാതൃകയാണത്. മുറകാമിയുടെ ഏറ്റവും ഒടുവിൽ വന്ന സമാഹാരത്തിലെ ചില കഥകൾ അങ്ങനെയാണ്. വിത്‌ ദ ബീറ്റിൽസ്, ഷിനഗാവ മങ്കി തുടങ്ങിയവ. ബൊലാനോയുടെ ‘സെൻസിനി.’ കാർവറുടെ ‘കത്തീഡ്രലാണ്

കെ ആർ മീര

കെ ആർ മീര

അതിന്റെ ഏറ്റവും മികച്ച ഉദാഹരണം. നോവലിന്റെയും കഥയുടേയും എഴുത്ത് രണ്ടു പ്രക്രിയയാണെങ്കിലും രണ്ടും എളുപ്പമല്ല. വലിയ ബുദ്ധിമുട്ടുള്ള പണികളാണ്. കഥയിൽ ഓരോ വാക്യവും തൂക്കിനോക്കി വേണം വയ്ക്കാൻ. എന്നാലും ഇടയ്ക്കൊക്കെ ത്രാസു ചതിക്കും. കഥ പാളിപ്പോകും.

? കൂടുതൽ വിപുലമായ സ്ഥലകാലങ്ങളിലേക്കും പ്രമേയപരിസരങ്ങളിലേക്കും വികസിക്കുന്നവയാണ്. സമീപകാല രചനകളായ നാരകങ്ങളുടെ ഉപമ, പാവകളുടെ വീട്, ജ്ഞാനഭാരം, വ്യാഘ്രവധു എന്നിവ. ഈ മാറ്റങ്ങളുടെ പശ്ചാത്തലം എന്താണ്.

=   അഞ്ചുവർഷം കേരളത്തിനു പുറത്തുപോയത് ജീവിതത്തെ ഒന്നു മാറിനിന്നു കാണാൻ സഹായിച്ചിട്ടുണ്ട്. പുതിയ സ്ഥലങ്ങൾ, മനുഷ്യർ, ഭാഷ, യാത്രകൾ അങ്ങനെ. മനുഷ്യജീവിതം അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. പക്ഷേ, നിറഭേദങ്ങളുണ്ട്. അതിനാൽ പുതിയ ചില സന്ദർഭങ്ങളും ആശയങ്ങളും വന്നിട്ടുണ്ട്.  നാരകങ്ങളുടെ ഉപമയിൽ ഒരു പത്തു വർഷത്തിന്റെ ഇടവേളയിൽ സംഭവിച്ചിട്ടുള്ള ചില യാത്രകൾ, കണ്ടുമുട്ടലുകൾ തുടങ്ങിയവ ഉപയോഗിച്ചു. പാവകളുടെ വീട് എന്ന കഥയുടെ പ്രമേയം ഏതാണ്ട്

സന്തോഷ്‌  ഏച്ചിക്കാനം

സന്തോഷ്‌ ഏച്ചിക്കാനം

അതുപോലെത്തന്നെ സംഭവിച്ചതാണ്. ആ വയോധികനും ഭാര്യയും കൊൽക്കത്തയിലെ അവരുടെ വീടും, കൃത്യമായും അമ്പത്തഞ്ചുജോഡി പാവകളും എല്ലാം. വിഭജനകാലവും അതിനുശേഷമുള്ള ജീവിതവും അഭയാർഥി പ്രവാഹങ്ങളും പൗരത്വം പോലുള്ള വിഷയങ്ങളുമൊക്കെ ഉഴുതുമറിച്ച കൊൽക്കത്തയിൽ വച്ചേ അങ്ങനെ ഒരു കഥ ആലോചിക്കാനാവൂ എന്നു തോന്നുന്നു. യാത്രകൾ മനുഷ്യരെ വല്ലാതെ സ്വതന്ത്രരാക്കും. ഇടുങ്ങിയ ഇടങ്ങളിൽ നിന്നും വിമോചിപ്പിക്കും. അതു വളരെ പ്രധാനമാണ്. ഏതെങ്കിലും വംശം, വർണം, ഭാഷ, ഉച്ചാരണരീതികൾ, ദേശം, അവരുടെ സാഹിത്യം, കല ഇതൊക്കെ നമ്മേക്കാൾ വലുതോ ചെറുതോ ആണെന്ന കോംപ്ലക്സുകളിൽ നിന്നും പുറത്തുകടക്കാൻ സഹായിക്കും. അതിനുശേഷം നമ്മുടെ പരിസരങ്ങളിലെ പ്രമേയങ്ങൾ ഉപയോഗിക്കുമ്പോഴും മുമ്പു പറയുമായിരുന്ന പോലെയല്ല എഴുതുക.
ഇ സന്തോഷ്‌കുമാർ കൊൽക്കത്തയിൽ

ഇ സന്തോഷ്‌കുമാർ കൊൽക്കത്തയിൽ

? ഇപ്പോൾ എന്താണ് വായിക്കുന്നത്.

= എന്റെ എഴുത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഞാനിപ്പോൾ അധികവും വായിക്കുന്നത്. അതിൽ ചരിത്രപുസ്തകങ്ങളും ആത്മകഥകളും ജീവചരിത്രങ്ങളുമൊക്കെയുണ്ട്. അതുകൊണ്ടുതന്നെ,  എല്ലാ മാസികകളും വാരികകളുമൊന്നും പിന്തുടരാൻ സാധിക്കാറില്ല. എന്നാലും ഫിക്ഷൻ വായിക്കുന്നുണ്ട്. ഈയടുത്ത് ഞാൻ വളരെ വലിയൊരു നോവൽ വായിച്ചു. സുനിൽ ഗംഗോപാദ്ധ്യായയുടെ പൂർബോ പശ്ചിം: ഈസ്റ്റ് വെസ്റ്റ് ((East West)) 1800 പേജുള്ള കൃതിയാണ്. 

സ്വാതന്ത്ര്യം നേടിയതിനുശേഷം ബംഗ്ലാദേശ് വിഭജനം വരെയുള്ള കഥ. എത്രയോ കഥാപാത്രങ്ങൾ, സ്ഥലം, കാലം. ഒരിക്കലും മുഷിപ്പുതോന്നാത്ത എഴുത്താണ്. അദ്ദേഹത്തിന്റെ തന്നെ Those Times  മുമ്പു വായിച്ച ഓർമയിൽ നിന്നാണ് ഈ പുസ്തകം വാങ്ങിയത്. Those Times  വലിയ നോവലാണ്. പത്തെണ്ണൂറുപേജു വരും. ബംഗാളിന്റെ നവോത്ഥാനമാണ് പ്രമേയം. 1840 മുതൽ 1870 വരെയുള്ള കാലം. സാധിച്ചാൽ മലയാളത്തിലേക്കു കൊണ്ടുവരേണ്ടതാണെന്ന് ഇവ രണ്ടും എന്ന് എന്റെ സുഹൃത്ത് സുനിൽ ഞാളിയത്തിനോടു അഭ്യർഥിക്കുന്നു.

ഈ രണ്ടു നോവലുകളിലും ജീവിച്ചിരുന്ന പ്രമുഖരായ ആളുകളുണ്ട്. അവരുടെ ജീവിതങ്ങളിൽ നിന്നുള്ള യഥാർഥ സന്ദർഭങ്ങളുണ്ട്. കൂടാതെ നോവലിസ്റ്റ് ഭാവനയിൽ സൃഷ്ടിക്കുന്നവരുണ്ട്. അസാമാന്യമായ ഒഴുക്കാണ് ഈ കൃതികളുടെ ശക്തി. ഇത്രയേറെ കഥാപാത്രങ്ങളും സന്ദർഭങ്ങളുമൊക്കെയുണ്ടാകുമ്പോഴും അതു മുഷിപ്പിക്കുന്നതേയില്ല. ഓരോ കഥാപാത്രത്തിനും നല്ല മിഴിവുണ്ട്. ചരിത്രസംഭവങ്ങളെ അതിൽ ഉൾപ്പെടുന്ന ആളുകളുടെ നോട്ടത്തിലൂടെ കാണുന്നു. ആ സംഭവങ്ങൾ അവരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങൾ അവതരിപ്പിക്കുന്നു.

2010‌ലെ ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അവാർഡ്‌ എം എ ബേബിയിൽ നിന്ന്‌ സ്വീകരിക്കുന്നു

2010‌ലെ ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അവാർഡ്‌ എം എ ബേബിയിൽ നിന്ന്‌ സ്വീകരിക്കുന്നു

 പിന്നെ യോസയുടെ  Harsh Times വായിച്ചു. Feast of the Goat  ശേഷം അദ്ദേഹം എഴുതിയ പൊളിറ്റിക്കൽ ത്രില്ലറാണ്. ആ നോവലിലെ ചില പ്രധാന കഥാപാത്രങ്ങൾ Harsh Times  വരുന്നുണ്ട്. ഏറ്റവും മികച്ചത് എന്നു പറയാനാവില്ലെങ്കിലും ഒരു ഭൂഖണ്ഡത്തിന്റെ രാഷ്ട്രീയഗതിയെ മാറ്റിമറിച്ച സംഭവങ്ങളുടെ ചിത്രീകരണം എന്ന നിലയിൽ ഇതിന് വലിയ രാഷ്ട്രീയപ്രാധാന്യം കൈവരുന്നുണ്ട്. ഇറ്റാലിയൻ എഴുത്തുകാരനായ അന്തോണിയോ തബുക്കി, ബെലാറസ് എഴുത്തുകാരൻ സാഷാ ഫിലിപെൻകോ എന്നിവരുടെ ചില ചെറിയ നോവലുകൾ വായിച്ചത് ഞാൻ കുറിപ്പുകളായി എഴുതിയിരുന്നു. തബുക്കിയുടെ നോവൽ ‘പെരേര മെയിന്റെയിൻസ്’ സ്പാനിഷ് സിവിൽവാറിന്റെ സമയത്തെ കഥയാണ്. സമകാലിക ലോകത്തിന്റെ വലതുപക്ഷ രാഷ്ട്രീയപശ്ചാത്തലത്തിൽ അതിന് കൂടുതൽ പ്രാധാന്യം വരുന്നതായി അനുഭവപ്പെട്ടു. തബുക്കിയുടെ ഒരു ചെറുകഥാസമാഹാരത്തിലെ ചില കഥകളും വായിച്ചിരുന്നു. വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചെഴുതണമെങ്കിൽ പണിയാണ്. അനുബന്ധമായി കുറെ റെഫർ ചെയ്യേണ്ടിവരും. പലഭാഗങ്ങളും വീണ്ടും വായിക്കേണ്ടിവരും. എന്നാലും എഴുതുമ്പോൾ അവ കൂടുതൽ മനസ്സിൽ പതിയും.

? മലയാളത്തിലെ സമകാലിക എഴുത്തിനെ എങ്ങനെ കാണുന്നു.

=    ചില കൃതികളൊക്കെ വായിക്കാനുണ്ട്. അപ്ഡേറ്റഡല്ല. പലപ്പോഴും എഴുത്തുമായി ബന്ധപ്പെട്ട നോൺ ഫിക്ഷനാണ് വായിക്കുന്നത്. എന്നാലും കഥയിൽ പുതിയൊരു കൂട്ടം ചെറുപ്പക്കാർ കടന്നുവന്നിട്ടുണ്ടെന്നറിയാം. അവരുടെ പല നല്ല കഥകളും വായിച്ചു. ചിലരുടെ ആദ്യസമാഹാരങ്ങളായിട്ടുണ്ടല്ലോ. തങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള രംഗം വളരെ പ്രധാനമാണെന്നു സ്വയം വിശ്വസിക്കുകയും അതിൽ നന്നായി പണിയെടുക്കുകയും വേണം എന്നാണ് തോന്നുന്നത്.

അപ്പോഴേ നല്ല കഥകൾ വരൂ. സാമ്പത്തികനേട്ടമൊന്നും കാര്യമായി ഉണ്ടാവാത്ത മേഖലയാണ്. അതിനാൽ എഴുത്തുകാരനായി മാത്രം പുലരുക എളുപ്പമല്ല. കുറെ പേരൊക്കെ സിനിമയിലേക്കു പോകും. ഇങ്ങോട്ടു തിരിച്ചുവരാതിരിക്കും. എന്നാലും ഇപ്പോൾ കഥയിലും നോവലിലുമൊക്കെ പ്രവർത്തിക്കാനും ആളുകൾ തയ്യാറാവുന്നുണ്ട്. നോവലിനാണെങ്കിൽ കൂടുതൽ സമയമാവശ്യമുണ്ടല്ലോ.

അതോടൊപ്പം അത്ര തന്നെ ശ്രദ്ധ കിട്ടാതെ പോയ നല്ല എഴുത്തുകാരെയും വായനക്കാരും എഴുതിത്തുടങ്ങുന്നവരും കൂടുതലായി പരിഗണിക്കേണ്ടതുണ്ട് എന്നു വിചാരിക്കുന്നു. മനോജ് ജാതവേദര്, സി പി ബിജു, എം കമറുദ്ദീൻ അങ്ങനെ കഥാകൃത്തുക്കൾ. മികച്ച കഥകളെഴുതിയിട്ടുള്ളവരാണ്. രാജേഷ് വർമ്മയുടെ ചുവന്ന ബാഡ്ജ്, ജോണി മിറാൻഡയുടെ ‘നനഞ്ഞ മണ്ണടരുകൾ' എന്നീ നോവലുകൾ പെട്ടെന്ന് ഓർക്കുന്നു. രാജേഷിന്റെ നോവലിലെ രാഷ്ട്രീയം ശ്രദ്ധേയമാണ്. മിറാൻഡയുടേത് മനുഷ്യബന്ധങ്ങളിൽ ഊന്നുന്ന ചെറിയ ഒരു നോവലാണ്. അതിലെ കഥാപാത്രചിത്രീകരണവും പ്രമേയപരിചരണവും നോവലെഴുതുന്നവർക്കു പഠിക്കാനുള്ളതാണ്.

?  ഇപ്പോഴുള്ള എഴുത്ത്, വരാനുള്ള പുസ്തകങ്ങൾ...

=   നോവൽ എഴുതുന്നു എന്നു പറയാം. അത് ഇടയ്ക്കിടെ നിന്നുപോവുകയാണ്. കുറേക്കാലമായുള്ള ചില പ്രമേയങ്ങളാണ്. ഏതാണ്ട് 2013 മുതൽ ഉള്ളവ. പക്ഷേ, ഇപ്പോഴും പാകമായിട്ടില്ലെന്നു തോന്നുന്നു. നോക്കുന്നുണ്ട്. മാനസികമായി അതിന്റെ പിന്നിൽത്തന്നെയാണ്.

ഇ സന്തോഷ്‌കുമാർ ബെർലിനിൽ

ഇ സന്തോഷ്‌കുമാർ ബെർലിനിൽ

ഒന്നുരണ്ടു കഥകൾ എഴുതി. ഇതോടൊപ്പം ദേശാഭിമാനിയിൽ വരുന്ന ‘മഞ്ഞച്ചേരയുടെ പകൽ.' പിന്നെ ഞാൻ ഈ വർഷം തുടക്കത്തിൽ മാതൃഭൂമിയുടെ നവതിപ്പതിപ്പിൽ എഴുതിയ ‘മരണക്കുറി' എന്ന കഥയുടെ അടുത്ത ഒരു ഘട്ടം. ഇവ രണ്ടും പ്രസിദ്ധീകരിക്കുന്നതോടെ പുതിയൊരു കഥാസമാഹാരം വരും. ഏഴു കഥകളാണ് അതിൽ. ഡി സി ബുക്സാണ് പ്രസാധകർ. ഈയിടെ ‘ഏഴാമത്തെ പന്ത് ' എന്നൊരു ചെറിയ നോവൽ മാതൃഭൂമി ഇറക്കിയിരുന്നു. അത് ഒരു സ്പോർട്സ് ത്രില്ലറാണ്. ഒരു ചേഞ്ചിനു വേണ്ടി എഴുതിയതാണ്.

എൻ ബി എസിൽ നിന്നും ഒരു ബാലസാഹിത്യകൃതി വരാനുണ്ട്. ‘പക്ഷികൾ നിറങ്ങളെക്കുറിച്ചു തർക്കിക്കുന്നു' എന്ന പേരിൽ. പിന്നെ കഴിഞ്ഞ പത്തിരുപതു കൊല്ലമായി ഞാൻ എഴുതിയിട്ടുള്ള ചില വായനക്കുറിപ്പുകൾ സമാഹരിച്ച് ഒരു പുസ്തകമാവുന്നുണ്ട്. ‘മഷിയിൽ വരച്ച പൈൻമരത്തിന്റെ ചിത്രം' എന്ന പേരിൽ. എന്റെ ആദ്യത്തെ ലേഖനസമാഹാരമാണ് അത്. ഒന്നുരണ്ടു വിവർത്തനങ്ങളുമുണ്ട് ആ പുസ്തകത്തിൽ. തൃശൂരിലുള്ള ബുക്കർ മീഡിയയാണ് പ്രസാധകർ.  പുസ്തകം, എന്റെ സുഹൃദ്വലയത്തിൽ ഏറ്റവും സർഗാത്മകമായി വായിക്കുന്ന ആൾ എന്ന് ഞാൻ വിശ്വസിക്കുന്ന എം കെ ശ്രീകുമാറിനു തന്നെയാണ് സമർപ്പിച്ചിട്ടുള്ളത്.

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top