05 December Tuesday

നീറിനീറിക്കത്തുന്ന ചൂട്ടുവെട്ടങ്ങൾ- ഡോ. എ മുഹമ്മദിന്റെ ജീവിതത്തിലൂടെ...

സി വാസുദേവൻ, പി എസ് വിജയകുമാർUpdated: Tuesday Sep 5, 2023


ചില ജീവിതങ്ങൾ നീട്ടുന്ന ചൂട്ടുവെളിച്ചമുണ്ട്. പലപ്പോഴും അന്ധാളിപ്പോടെ കടന്നുപോവുന്ന അവസരങ്ങളിൽ അതുതരുന്ന തെളിച്ചം വലുതാണ്. ഒരുപക്ഷേ ആ വെളിച്ചത്തിന്റെ ഉറവിടങ്ങൾ മറഞ്ഞുനിൽക്കുകയും വെളിച്ചം മാത്രം ശേഷിക്കുകയും ചെയ്യും. താൻ വിതറുന്നത് വെളിച്ചമാണെന്ന്‌ ഭാവിക്കുകപോലും ചെയ്യാതെ നടന്നുമറയുകയും ചെയ്യുന്നു, ആ നിസ്വാർത്ഥ ജീവിതങ്ങൾ.

ഡോക്ടർ എന്ന മോഹിപ്പിക്കുന്ന ഉയരത്തിലെത്തിയപ്പോഴും, സർക്കാരിതര ആരോഗ്യമേഖലയുടെ കച്ചവടസാധ്യത നിലനിൽക്കുന്ന ഒരുകാലത്ത് ഡോ. എ മുഹമ്മദിന്, കമ്യൂണിറ്റി മെഡിസിന്റെ ജനകീയത തിരിച്ചറിഞ്ഞ ഒരാൾക്ക്, മറ്റൊന്നാവാൻ കഴിയുമായിരുന്നില്ല എന്നതാണ് സത്യം. കുട്ടിക്കാലം മുതലേ കഷ്ടപ്പാട് കണ്ടുവളർന്നവൻ, പതിതപക്ഷത്തിന് ഒരു പക്ഷമേയുള്ളൂ, അത് കമ്യൂണിസ്റ്റ്പക്ഷമാണെന്ന് ഉറപ്പിച്ചവൻ. അങ്ങനെയുള്ള ഒരുവന് എങ്ങനെ മറ്റൊന്നാവാനാവും!

പഠിക്കാൻ മിടുക്കനായിട്ടും ഒന്നുമില്ലായ്മയിലൂടെ വളർന്ന്, ഒരു നാടുമുഴുവൻ ചേർത്തുപിടിച്ച് പഠിപ്പിച്ചെടുത്ത കുട്ടിയിൽനിന്നും നാടിന്റെ പ്രിയപ്പെട്ട ഡോക്ടറിലേയ്ക്കുള്ള പരിവർത്തനവും, പിന്നീട് ആരോഗ്യമേഖലയിലേയും സാമൂഹ്യമേഖലയിലേയും വലിയ ജനകീയപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച ഡോ. എ മുഹമ്മദിലേയ്ക്കുള്ള വികാസവും അന്വേഷിക്കുകയാണ് ‘പതിതർക്കൊപ്പം പദമിടറാതെ’ എന്ന പുസ്തകത്തിൽ കെ പി ജയേന്ദ്രൻ. ബ്യൂറോക്രസി ഇനിയും കുടിയൊഴിഞ്ഞിട്ടില്ലാത്ത സർക്കാർ ഉദ്യോഗസ്ഥമേഖലയിൽ, ഒരുവിധ പ്രലോഭനങ്ങൾക്കും വഴങ്ങാതെ, കടമയും കർത്തവ്യവും മുൻനിർത്തി, സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ദുരിതങ്ങൾ കണ്ടറിഞ്ഞ ഒരു വലിയ മനുഷ്യന്റെ ഒപ്പം നടക്കുന്നുണ്ട് ജയേന്ദ്രൻ ഈ കൃതിയിൽ.

പുരാണത്തിലെ വാമനാവതാരകഥയ്ക്ക് ഒരു അകപ്പൊരുളുണ്ട്. എത്ര സാധാരണക്കാരനായാലും അമാനുഷിക ഇച്ഛാശക്തിയും അദമ്യമായ കർമശേഷിയും നിലയ്ക്കാത്ത ഉത്സാഹവുമുണ്ടെങ്കിൽ കീഴടക്കാൻ കഴിയാത്ത ലോകങ്ങളൊന്നുമില്ല എന്നാണത്. മലപ്പുറം ജില്ലയിലെ കുഗ്രാമത്തിൽ ദരിദ്രകുടുംബത്തിൽ ജനിച്ചുവളർന്ന മുഹമ്മദ് എന്ന കുട്ടി ഇച്ഛാശക്തിയുടേയും, നാട്ടുകാരുടെ കലവറയില്ലാത്ത സഹായത്തിന്റെയും കരുത്തിൽ പഠിച്ച് എംബിബിഎസ് പാസായി, കേരളത്തിന്റെ ആരോഗ്യ പൊതുവിദ്യാഭ്യാസ ശാസ്ത്ര മേഖലകളെയാകെ തന്റെ വ്യക്തിത്വത്തിന്റെ പ്രകാശവലയത്തിലാക്കി വളർന്ന ചരിത്രം അടുത്തറിയുമ്പോൾ ആ പുരാണകഥയാണ് മനസ്സിൽ പ്രകാശിച്ചുനിൽക്കുക.

കെ പി ജയേന്ദ്രൻ

കെ പി ജയേന്ദ്രൻ

ഒഴിവുസമയങ്ങളിൽ പഠിക്കുന്ന വിദ്യാലയത്തിന്റെ സമീപത്തെ ബാപ്പുട്ടിയുടെ ബീഡിക്കമ്പനിയിൽ തൊഴിലാളികൾക്ക് ദേശാഭിമാനി പത്രം വായിച്ചുകൊടുക്കും. അവർ തെരച്ചിടുന്ന ബീഡികൾ എണ്ണിക്കെട്ടാക്കാൻ സഹായിക്കും. പ്രതിഫലം ചായയും പലഹാരവും.

ആ സൗഹൃദം വളർന്ന് അവൻ മെഡിക്കൽ കോളേജിൽ ചേർന്നപ്പോൾ സഹായിക്കാൻ കമ്പനിയിൽ ധർമപ്പെട്ടി തന്നെ അവർ സ്ഥാപിച്ചു. ഓരോ തൊഴിലാളിയും കൂലിയുടെ ഒരുഭാഗം അതിൽ നിക്ഷേപിക്കും. ആഴ്ചയിലൊരിക്കൽ കിട്ടിയ തുക സമാഹരിച്ച് അയച്ചുകൊടുക്കും. മെഡിക്കൽ വിദ്യാഭ്യാസം കഴിയുന്നതുവരെ ഇതു തുടർന്നു. കേരളത്തിൽ ഒരു മെഡിക്കൽ ബിരുദധാരിയും ഇത്രയും പവിത്രമായ സാമ്പത്തിക സഹായത്തിൽ പഠനം നടത്തിയിട്ടുണ്ടാവില്ല!

തിരൂർക്കാട് ഹൈസ്‌കൂളിലെ സയൻസ് അധ്യാപകൻ കെ എസ് രാജനാണ് മുഹമ്മദിന്റെ ജീവിതത്തെ രൂപപ്പെടുത്തിയെടുത്തത്. ഒരിക്കൽ സ്‌കൂൾ വാർഷികത്തിൽ പ്രബന്ധ മത്സരത്തിന് കൊടുത്ത വിഷയം ‘നിങ്ങൾ ഭാവിയിൽ ആരാവും’ എന്നായിരുന്നു. പ്രശസ്ത ഫ്രഞ്ച് ഭിഷഗ്വരനും ജീവകാരുണ്യ പ്രവർത്തകനുമായ ആൽബർട്ട് ഷ്വയിറ്റ്സറെ പോലെ ഒരു ഡോക്ടറാവണമെന്ന്‌ മുഹമ്മദ് എഴുതി. സമ്മാനം നേടിയ അവനെ രാജൻ മാഷ് നിർലോഭം പ്രശംസിച്ചു.

എസ്എസ്എൽസി പരീക്ഷയ്ക്ക് ഒന്നാമനായി പാസായി. അതിനിടെ മാഷ് സ്ഥലം മാറിപ്പോയി. ഇനിയെന്തുവേണമെന്നറിയാതെ വിഷമിച്ച മുഹമ്മദിന് ഒരു മണിയോർഡർവന്നു. രാജൻ മാഷ്‌ അയച്ചതായിരുന്നു. അതിൽ ഇങ്ങനെയെഴുതി: ഇതു നിനക്ക് മെഡിക്കൽ എൻട്രൻസിന്‌ അപേക്ഷാഫോറം വാങ്ങാനുള്ള പൈസയാണ്. മെഡിക്കൽ കോളേജിൽ ചേരണമെന്നും ആൽബർട്ട് ഷ്വയിറ്റ്സറെ പോലെ ഒരു ഡോക്ടറാവണമെന്നും അതിൽ പറഞ്ഞിരുന്നു ! മുഹമ്മദിൽനിന്ന് ഡോക്ടർ മുഹമ്മദിനെ കണ്ടെത്തിയ പ്രിയ ഗുരുനാഥൻ രാജൻ മാഷ്, പുസ്തകം മടക്കിവെക്കുമ്പോഴും മിഴിവോടെ മുമ്പിൽ നിൽക്കും.

കോളേജിൽ ചേർന്ന മുഹമ്മദിന്റെ പഠനം നാട്ടുകാർ ഏറ്റെടുത്തു. വ്യക്തികളും സ്ഥാപനങ്ങളും കഴിവുപോലെ സഹായിച്ചു. മാഷും ശമ്പളത്തിലൊരുഭാഗം മുഹമ്മദിനയച്ചുകൊടുത്തു. അങ്ങനെ മുഹമ്മദ് ജനകീയ ഡോക്ടറായി കോളേജിൽനിന്നു പുറത്തുവന്നു. തന്നെ ഡോക്ടറാക്കിയത് നാട്ടുകാരാണെന്ന്‌ ബോധ്യമുള്ള അദ്ദേഹം പഠനം കഴിഞ്ഞുവന്നയുടൻ നാട്ടിൽ ക്ലിനിക് തുറന്നു സൗജന്യ ചികിത്സ തുടങ്ങി. ഗവൺമെന്റ്‌ സർവീസിൽ വന്നപ്പോൾ ആദ്യം ശ്രദ്ധിച്ചത് പൊതുജനാരോഗ്യമേഖല. എല്ലാ പഞ്ചായത്തിലും പ്രൈമറി ഹെൽത്ത്‌ സെന്ററുകൾ സ്ഥാപിക്കാൻ പരിശ്രമിച്ചു.

ഏതു ഉത്തരവാദിത്വവും ധീരതയോടെ ഏറ്റെടുത്തു. സമ്പൂർണ സാക്ഷരതായജ്ഞം വന്നപ്പോൾ മലപ്പുറം ജില്ലയുടെ ചുമതല ഏൽക്കാൻ ആരും തയ്യാറായില്ല. അൻപത് ശതമാനത്തിൽ താഴെ പൊതുവിദ്യാഭ്യാസമുള്ള അവിടെ സാക്ഷരതായജ്ഞം വിജയിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഡോക്ടർ ചുമതല ഏറ്റെടുക്കുകയും വലിയ ജനപിന്തുണയോടെ നടപ്പിലാക്കുകയും ചെയ്തു. മാത്രമല്ല, കേരളത്തിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ ജില്ലയായി മലപ്പുറത്തെ മാറ്റിയെടുക്കാനും കഴിഞ്ഞു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായ അദ്ദേഹം തികഞ്ഞ കമ്യൂണിസ്റ്റുകാരനുമായിരുന്നു. നിപ്പാ കാലത്ത് ചെന്നൈ അപ്പോളോ ആശുപത്രിയിലെ എപ്പിഡമിക് വിദഗ്ധൻ ഡോക്ടർ ഗഫൂർ കോഴിക്കോട് സന്ദർശിച്ച ിരുന്നു. മടക്കയാത്രയിൽ കൂടെയുണ്ടായിരുന്ന ഡോ. മുഹമ്മദിനോട്, ‘താങ്കൾ എങ്ങിനെ ഒരു കമ്യൂണിസ്റ്റായി’ എന്നു ഡോ. ഗഫൂർ ചോദിച്ചു. അതിനു മുഹമ്മദിന്റെ  മറുപടി, ‘ഞാൻ പെറ്റുവീണതുതന്നെ അതിലേക്കാണല്ലോ എന്നായിരുന്നു’! തുടർന്ന് തന്റെ കുട്ടിക്കാലത്തെ മലബാറിലെ മുസ്‌ലീം സമുദായത്തിന്റെ ദയനീയ ചരിത്രം വിവരിച്ചു. ഈ പരിതസ്ഥിതിയിൽ ജീവിക്കുന്ന ഒരാൾക്ക് കമ്യൂണിസ്റ്റാവാനേ കഴിയുമായിരുന്നുള്ളൂ എന്നും പറഞ്ഞു. 

തിരുവനന്തപുരം മുതൽ കാസർക്കോടുവരെയുള്ള വിവിധ ജില്ലകളിൽ വ്യത്യസ്ത തസ്തികകളിൽ ജോലിയെടുക്കുമ്പോഴും സാധാരണക്കാരുടെയും ദരിദ്രരുടെയും പക്ഷത്താണ് ഡോക്ടർ നിലയുറപ്പിച്ചത്. ആ ജീവിതകഥ പറഞ്ഞവസാനിപ്പിക്കുകയല്ല ഗ്രന്ഥകർത്താവ്‌ ചെയ്യുന്നത്‌. അനേക ജീവിതങ്ങളും മതാതീതമായി വളർന്നുവരുന്ന പുരോഗമന വിചാരധാരയും കാലത്തെ മാറ്റിയ സാമൂഹിക പരിവർത്തനങ്ങളും ഗ്രന്ഥത്തെ മൂല്യബോധത്തിലേയ്ക്കും ചരിത്രബോധ്യത്തിലേയ്ക്കും ഉയർത്തുന്നുണ്ട്‌. വള്ളുവനാടൻ സാമൂഹികാവസ്ഥ വിശകലനം ചെയ്യപ്പെടുന്നത് ആ അർത്ഥത്തിലാണ്.

വൈവിധ്യവും വൈപുല്യവും നിറഞ്ഞ ഒരു ജീവിതത്തെ സൂക്ഷ്മമായി പഠിച്ചറിഞ്ഞ്, ഒരു കഥയെഴുത്തുകാരന്റെ കയ്യടക്കത്തോടെ  അവതരിപ്പിക്കാൻ കെ പി ജയേന്ദ്രന്റെ പുസ്‌തകത്തിന്‌ സാധിച്ചിട്ടുണ്ട്‌. ഒരാളെക്കുറിച്ച് പറയുമ്പോൾ ചുറ്റുമുള്ള പരിസരത്തേയും കാലത്തേയും ചരിത്രത്തേയും കാണാനാണ് ഇതിൽ ശ്രമിച്ചിട്ടുള്ളത്. 

ഒരു ഫിക്ഷന്റെ വായനാക്ഷമതയും, ഭാഷയിലെ ലാളിത്യവും കൃതിയുടെ അലങ്കാരമായി തന്നെ നിൽക്കുന്നുണ്ട്. താനൊരാളുടെ ജീവിതം പറയുന്നു, പറയുന്നത് നിങ്ങൾക്കുവേണ്ടിയാണ്, ഒരുപക്ഷേ അതിൽ നിങ്ങൾ തന്നെയുമാണ് എന്നു വിളിച്ചുപറഞ്ഞ് വായനക്കാരനിലേയ്ക്ക് ഇറങ്ങിവരുന്നു പലപ്പോഴുമിതിൽ ഗ്രന്ഥകർത്താവ്. ലാഭം മാത്രം കാംക്ഷിക്കുകയും സ്വാർത്ഥത ഭരിക്കുകയും ചെയ്യുന്ന ആരോഗ്യമേഖലയിൽ, മെഡിക്കൽ എത്തിക്സിന് നിരക്കാത്ത പ്രവണതകൾ കണ്ടുവരുന്ന ഒരു കാലത്ത് തലമുറകൾക്ക്‌ മാതൃകയാവുന്ന ഡോ.എ മുഹമ്മദിന്റെ ജീവിതം പറയുന്ന ഈ ഗ്രന്ഥം പ്രസക്തമായിത്തന്നെ നിൽക്കും.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top