പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിടുന്നതിന് മുമ്പുതന്നെ പൂമ്പാറ്റച്ചിറകിന്റെ കനം മാത്രമുള്ള ഈ പുസ്തകം, കർണാടകത്തിൽ സൃഷ്ടിച്ചത് രാഷ്ട്രീയ ബോധ്യത്തിന്റെ കൊടുങ്കാറ്റ് തന്നെയായിരുന്നു. ആ കൊടുങ്കാറ്റിൽ നിന്നായിരുന്നു ഇത്തവണത്തെ കർണാടക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കേളികൊട്ട് ആരംഭിച്ചതെന്ന് വേണമെങ്കിൽ പറയാം. കർണടാക തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായ 'വെറുപ്പിനെതിരെ വോട്ട്’(വോട്ട് എഗൈന്സ്റ്റ് ഹേറ്റ്) എന്ന മുദ്രാവാക്യത്തിലേക്കുള്ള വഴി ഒരുക്കിയെടുക്കുന്നതിന് ഈ പുസ്തകം നൽകിയ ഊർജം കാണാതിരിക്കാനാവില്ല.

ദേവനൂര മഹാദേവ-േഫാട്ടോ: വാർത്ത ഭാരതി
ചിത്രശലഭങ്ങളുടെ ചിറകടി പോലെ, നിശ്ശബ്ദമെന്ന് തന്നെ പറയാവുന്ന ചെറിയ ചില ചലനങ്ങൾ വലിയൊരു മാറ്റത്തിന്റെ അച്ചുതണ്ടായി മാറിയേക്കാം. ലോകത്തിന് വഴികാട്ടിയായ പല സംഭവങ്ങളുടെയും തുടക്കം പലപ്പോഴും നമുക്ക് നിസ്സാരമെന്ന് തോന്നാവുന്ന ചില ചെറിയ ഇടപെടലുകളിൽ നിന്നാണ്.
കർണാടക രാഷ്ട്രീയത്തിൽ അത്തരമൊരു ബട്ടർഫ്ലൈ ഇഫക്ട് സൃഷ്ടിച്ചത് ഒരു കുഞ്ഞുപുസ്തകമാണ്. ബഹുസ്വരതയെയും ഇന്ത്യൻ ഭരണഘടനയെയുമൊക്കെ എല്ലാ വഴികളിലൂടെയും ഇല്ലാതാക്കാനും, വെറുപ്പും വിദ്വേഷവും പടർത്താനും നുണകളിലൂടെയും അർധസത്യങ്ങളിലൂടെയും അക്രമങ്ങളിലൂടെയും നടത്തുന്ന ശ്രമങ്ങൾക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക് ഈ പുസ്തകമേകിയ ഊർജം നിസ്സാരമല്ല.
പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിടുന്നതിന് മുമ്പുതന്നെ പൂമ്പാറ്റച്ചിറകിന്റെ കനം മാത്രമുള്ള ഈ പുസ്തകം, കർണാടകത്തിൽ സൃഷ്ടിച്ചത് രാഷ്ട്രീയ ബോധ്യത്തിന്റെ കൊടുങ്കാറ്റ് തന്നെയായിരുന്നു. ആ കൊടുങ്കാറ്റിൽ നിന്നായിരുന്നു ഇത്തവണത്തെ കർണാടക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കേളികൊട്ട് ആരംഭിച്ചതെന്ന് വേണമെങ്കിൽ പറയാം.
തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായ 'വെറുപ്പിനെതിരെ വോട്ട്’ (വോട്ട് എഗൈന്സ്റ്റ് ഹേറ്റ്) എന്ന മുദ്രാവാക്യത്തിലേക്കുള്ള വഴി ഒരുക്കിയെടുക്കുന്നതിന് ഈ പുസ്തകം നൽകിയ ഊർജം കാണാതിരിക്കാനാവില്ല.
രാഷ്ട്രീയനിലപാടുകൊണ്ട് മാത്രമല്ല, മറ്റ് പല കാരണങ്ങൾ കൊണ്ടും ഇന്ത്യൻ പ്രസാധന ചരിത്രത്തിൽ വേറിട്ട ഒന്നാണ് ലഘുലേഖയുടെ വലുപ്പം മാത്രമുള്ള ഈ ചെറുപുസ്തകം. അതുകൊണ്ടുതന്നെ അതിനെ ചരിത്രപരമായി അടയാളപ്പെടുത്തേണ്ടതുമുണ്ട്.
പുസ്തകം സൃഷ്ടിച്ച നിശ്ശബ്ദ വിപ്ലവം
കഴിഞ്ഞ വർഷം (2022) ഏപ്രിലിലാണ് കർണാടകം ഈ നിശ്ശബ്ദ സാമൂഹിക വിപ്ലവത്തിന് സാക്ഷ്യം വഹിച്ചത്. പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനും രാഷ്ട്രീയപ്രവർത്തകനുമായ ദേവനൂര മഹാദേവയാണ് പുസ്തകത്തിന്റെ രചയിതാവ്. ആർഎസ്എസ് മുന്നോട്ട് വയ്‌ക്കുന്ന ചിന്തകളെ അനാവരണം ചെയ്യുന്ന 45 പേജുകൾ മാത്രമുള്ള ‘ആർഎസ്എസ് ആള മത്തു അഗല' എന്ന അദ്ദേഹത്തിന്റെ രചന ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു കൊടുങ്കാറ്റായി മാറി.
വായിച്ചവർ വായിക്കാത്തവരിലേക്ക് പുസ്തകം എത്തിച്ചു. ആക്ടിവിസ്റ്റുകൾ പുസ്തകം സംസ്ഥാനത്തെ ദളിത് പിന്നാക്ക ആദിവാസി മേഖലകളിൽ വ്യാപകമായി വിതരണം ചെയ്തു. പുസ്തകം ഉണ്ടാക്കിയ അലകൾ ഇനിയും കർണാടകത്തിൽ അടങ്ങിയിട്ടില്ല. കന്നഡയിൽ മാത്രം ഇതുവരെ രണ്ടുലക്ഷം കോപ്പികൾ വിൽക്കപ്പെട്ടു എന്നാണ് കണക്ക്.
പുസ്തകം കന്നട ഭാഷയിൽ മാത്രം ഒതുങ്ങി നിന്നില്ല. അയൽ സംസ്ഥാനങ്ങളിലും ദേശീയതലത്തിലും അതിന്റെ അനുരണനങ്ങൾ കണ്ടു. തമിഴ്, തെലുങ്ക്, ഹിന്ദി, മറാത്തി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.
ഒടുവിലിതാ ദേവനൂര മഹാദേവയുടെ പുസ്തകം നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിലാണെങ്കിലും മലയാള വായനക്കാരിലേക്ക് എത്തിയിരിക്കുന്നു. ‘ആർഎസ്എസ്: ഒളിഞ്ഞും തെളിഞ്ഞും’ എന്ന പേരിൽ സൈൻ ബുക്സ് ആണ് ഈ പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചത്.
കർണാടകയുടെ രാഷ്ട്രീയ ഭാവി മാറ്റിഴെയുതിയ അറിവിന്റെ വാതിലും സത്യത്തിന്റെ വെളിച്ചവുമാണ് ഈ പുസ്തകം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ബോധവൽക്കരണമാണ് ഈ പുസ്തകം നിർവഹിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, അധികാരത്തിന്റെ വാളും നുണകളുടെ കുന്തവും കൊണ്ട് സമൂഹത്തെ വിഷലിപ്തമാക്കിയ ഗോലിയാത്തിനെ ചരിത്ര വസ്തുതകളുടെയും സത്യത്തിന്റെയും അക്ഷരത്തിന്റെയും അറിവിന്റെയും പിൻബലം കൊണ്ട് തോൽപ്പിച്ച ദാവീദാണ് ഈ പുസ്തകം.
എന്തുകൊണ്ട് ഈ പുസ്തകം?
ആർഎസ്എസിന്റെ വർഗീയ വിഭജന അജണ്ടകളെ അനാവരണം ചെയ്യുന്ന നിരവധി പ്രസിദ്ധീകരണങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ അവയിൽ നിന്നൊക്കെ ‘ആർഎസ്എസ്: ഒളിഞ്ഞും തെളിഞ്ഞും’ എന്ന പുസ്തകത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ സരളമായ ആഖ്യാനം കൊണ്ടാണ്.
48 പേജുകളിൽ, ചാതുർവർണ്യത്തിലും വിഭാഗീയ അജണ്ടകളിലും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടനയെക്കുറിച്ച് എഴുതുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ ദേവനൂര എന്ന കന്നടയിലെ മികച്ച എഴുത്തുകാരൻ അത് ഭംഗിയായി നിർവഹിച്ചു എന്ന് മാത്രമല്ല സമകാലിക പ്രശ്നങ്ങൾക്ക് പിറകിലുള്ള ആർഎസ്എസിന്റെ കരങ്ങളെ തുറന്നുകാണിക്കാനും ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പുസ്തകം ഹൈന്ദവ രാഷ്ട്രീയത്തെയും, സംഘപരിവാർ പ്രസ്ഥാനങ്ങളെയും പറ്റി അടിസ്ഥാന വിവരങ്ങൾ അറിയാൻ താൽപ്പര്യമുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമായി മാറുന്നതും.
രാഷ്ട്രീയ പശ്ചാത്തലം
ദേവനൂര മഹാദേവ ഈ പുസ്തകം എഴുതാൻ തീരുമാനിക്കുന്നത് 2022ലാണ്. കർണാടക രാഷ്ട്രീയ‐സാമൂഹിക ജീവിതം കലുഷിതമായ അവസ്ഥയിലായിരുന്നു അന്ന്. 2023ൽ നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ എങ്ങനെയും വിജയിക്കണമെന്ന ലക്ഷ്യവുമായി ആർഎസ് എസും, ബിജെപിയും പിന്നെ അനുബന്ധ പരിവാർ സംഘടനകളും സമൂഹത്തിൽ കാലുഷ്യത്തിന്റെ വിത്തുകൾ വാരി വിതറി ക്കൊണ്ടിരുന്ന സന്ദർഭം. ഇതിൽ പ്രധാനമായവ ഇതൊക്കെയായിരുന്നു. സ്കൂൾതലത്തിലെ പാഠപുസ്തകങ്ങളിൽനിന്നു സെക്കുലർ ആശയങ്ങളെ പുറന്തള്ളി, ആർഎസ്എസ് ആശയങ്ങളെ തിരുകിക്കയറ്റി.
മുസ്ലിം കച്ചവടക്കാരെ ബഹിഷ്കരിക്കാൻ സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്തു. പിന്നാക്ക വിഭാഗങ്ങൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു.
ക്രിസ്ത്യൻ സമൂഹത്തിന്റെ ആരാധനാലയങ്ങൾക്കുനേരെ ആക്രമണങ്ങൾ പെരുകി. പശുക്കച്ചവടത്തിന്റെ പേരിൽ പിന്നാക്ക വിഭാഗങ്ങളെ ആക്രമിച്ചു. മതപരിവർത്തന നിരോധന നിയമം കൊണ്ട് ക്രൈസ്തവ വിഭാഗങ്ങളെ ക്രൂശിച്ചു. ദളിത് യുവാക്കളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.

ദേവനൂര മഹാദേവ സഹപ്രവർത്തകർക്കൊപ്പം
സംഘപരിവാർ സംഘടനകളെക്കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, ഹിന്ദു വോട്ടുകൾ ഏകീകരിച്ച് വീണ്ടും അധികാരത്തിലെത്തുക എന്ന തന്ത്രം ആവിഷ്കരിച്ച് ബിജെപി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയായിരുന്നു. അന്ന് ഭരണത്തിൽ ഉണ്ടായിരുന്ന ബിജെപി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും അദ്ദേഹത്തിന്റെ ക്യാബിനറ്റ് അംഗങ്ങളും, ബിജെപിയുടെ മുൻനിര നേതാക്കൾ മുതൽ പ്രാദേശിക നേതാക്കൾവരെയും ഈ ക്ഷുദ്ര ശക്തികളെ തടയാൻ ചെറുവിരൽ അനക്കിയില്ലെന്ന വസ്തുത വിരൽ ചൂണ്ടിയ യാഥാർഥ്യം ഭയപ്പാടിന്റെയും ആശങ്കയുടെയുമായിരുന്നു.
കർണാടക സമൂഹത്തിൽ ഭീതി പടർന്ന കാലഘട്ടം ആയിരുന്നു അത്. പശുവിനെ വിറ്റെന്നും, ഹിന്ദു അമ്പലങ്ങളുടെ മുന്നിൽ കച്ചവടം നടത്തിയെന്നും, ഹിന്ദുക്കളെ

ദേവനൂര മഹാദേവ - േഫാട്ടോ: വാർത്ത ഭാരതി
ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം നടത്തിയെന്നുമുള്ള കഥകൾ ചമച്ചും ആരോപണങ്ങൾ ഉന്നയിച്ചും പലരെയും അടിച്ചുംകൊന്നും ഹിന്ദുത്വ സംഘടനകൾ അഴിഞ്ഞാടിയിരുന്ന സമയം.
കർണാടകത്തിന്റെ ബഹുസ്വരതക്ക് മുന്നിൽ വൻ വെല്ലുവിളി ഉയർത്തിയിരുന്ന കാലഘട്ടം. ഇതിനെതിരെ എഴുത്തുകാരും സാമൂഹിക പ്രവർത്തകരും അക്കാദമിക് രംഗത്തുള്ളവരും പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്ന സമയം കൂടിയായിരുന്നു അത്. ഈ ഉദ്യമങ്ങളിലെ മുൻനിര പോരാളിയായിരുന്നു ദേവനൂര.
പിന്നാക്ക ദളിത് ആദിവാസി വിഭാഗങ്ങളിലെ യുവാക്കളെ റിക്രൂട്ട് ചെയ്ത്, ആക്രമണങ്ങളിൽ പങ്കെടുപ്പിക്കുകയായിരുന്നു ആർഎസ്എസ് ചെയ്തുകൊണ്ടിരുന്നത്. ഇത് ചെറുക്കാനും, പിന്നാക്ക ദളിത് ആദിവാസി വിഭാഗങ്ങളിലെ യുവാക്കൾ തീവ്ര ഹിന്ദുത്വത്തിലേക്ക് ആകർഷിക്കപ്പെടുന്നത് തടയാനുമാണ് ദേവനൂര പുസ്തക രചന എന്ന ധീരമായ തീരുമാനമെടുത്തത്.
പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ് താൻ ഈ പുസ്തകം എഴുതിയതെന്ന് ഈ കഴിഞ്ഞ മാർച്ചിൽ സംഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞിരുന്നു. എന്താണ് അതിനു കാരണം എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ഉത്തരം സ്പഷ്ടമായിരുന്നു.
“ആർഎസ്എസിന്റെ വലയിൽ അകപ്പെടുന്നത് ചെറുപ്രായത്തിലുള്ള കുട്ടികളാണ്. അവരെ ഹിന്ദുത്വ തീവ്രവാദികൾ മസ്തിഷ്കപ്രക്ഷാളനം നടത്തി അക്രമങ്ങൾക്ക് ഉപയോഗിക്കുന്നു. ഇതാണിനി തടയേണ്ടത്. അതിനുള്ള ഒരു എളിയ ശ്രമമാണ് ഈ പുസ്തകം”
“ആർഎസ്എസിന്റെ വലയിൽ അകപ്പെടുന്നത് ചെറുപ്രായത്തിലുള്ള കുട്ടികളാണ്. അവരെ ഹിന്ദുത്വ തീവ്രവാദികൾ മസ്തിഷ്കപ്രക്ഷാളനം നടത്തി അക്രമങ്ങൾക്ക് ഉപയോഗിക്കുന്നു. ഇതാണിനി തടയേണ്ടത്. അതിനുള്ള ഒരു എളിയ ശ്രമമാണ് ഈ പുസ്തകം”.
ഇതിന് ഒരർഥത്തിൽ ദേവനൂരയുടെ ജീവിതവുമായി സാമ്യമുണ്ട് താനും. ഹൈസ്കൂൾ പഠനകാലത്ത് ദേവനൂരയും ആർഎസ്എസ് വലയത്തിൽപ്പെട്ടിരുന്നു. സമത്വമാണ് ആർഎസ്എസ്സിന്റെ പ്രത്യയശാസ്ത്രം എന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാണ് അദ്ദേഹം അവിടെ എത്തിപ്പെട്ടത്. പിന്നീട് പ്രീ യൂണിവേഴ്സിറ്റി പഠനകാലത്ത് അവിടെ കണ്ട ജാതീയ മുൻവിധികളും, അന്ധമായ മുസ്‌ലിം വിദ്വേഷവും മിശ്രവിവാഹത്തോടുള്ള ആർഎസ്എസ് നയവും കാരണം എന്നെന്നേക്കുമായി ആ പ്രസ്ഥാനത്തോട് വിട പറഞ്ഞു, അവരോട് പൊരുതിക്കൊണ്ടിരിക്കുന്ന ആക്ടിവിസ്റ്റ് ഇങ്ങനെയൊരു പുസ്തക രചനയിലേക്ക് ഇറങ്ങി പ്പുറപ്പെട്ടതിന്റെ കാരണം സുവ്യക്തമാണ്. ഇന്ത്യയിൽ ആർഎസ്എസിന്റെ തീവ്ര ഹിന്ദുത്വ വലയിലേക്ക് ഇനിയൊരു യുവാവും യുവതിയും വീണുപോകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു.
ആർഎസ്എസിനെ പ്രതിരോധിക്കാൻ പുസ്തകമോ എന്ന് സന്ദേഹിച്ച അനവധി പേരുണ്ടായിരുന്നു. പക്ഷേ പുസ്തകത്തിന്റെ പ്രചാരം അവരെയെല്ലാം അത്ഭുതപ്പെടുത്തി.
അതുകൂടാതെ 2023 കർണാടക അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കാനുള്ള നിലമൊരുക്കുന്നതിൽ ഈ പുസ്തകം സഹായിച്ചിട്ടുണ്ടെന്നാണ് പല നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.
കർണാടക തെരഞ്ഞെടുപ്പും പുസ്‌തകവും
ആർഎസ്എസിന്റെ ചാതുർവർണ്യ സ്നേഹവും കുത്സിതപ്രവർത്തനങ്ങളും സാധാരണക്കാരെ ബോധ്യപ്പെടുത്താൻ ദേവനൂരയുടെ ഈ കൃതിക്ക് സാധിച്ചിട്ടുണ്ടെന്നും, അത് ബിജെപി വിരുദ്ധ വോട്ടായി മാറിയിട്ടുണ്ടാകാമെന്നുമാണ് അവർ കരുതുന്നത്.
ഈ പുസ്തകം ആർഎസ്എസിന്റെ ഉള്ളുകള്ളികൾ സാധാരണക്കാർക്ക് മുന്നിൽ തുറന്നുകാണിക്കാൻ സഹായകമായിട്ടുണ്ടെന്നാണ് കർണാടകയിലെ മുൻനിര രാഷ്ട്രീയ നിരീക്ഷകയും, കോളമിസ്റ്റുമായ പ്രീതി നാഗരാജ് അഭിപ്രായപ്പെട്ടത്.
അതുകൊണ്ടുതന്നെ അസംബ്ലി തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിക്ക് നിദാനമായ നിരവധി കാരണങ്ങളിൽ ഒന്നായി ഈ പുസ്തകം മാറിയെന്നും പ്രീതി കരുതുന്നു.
പ്രമുഖ എഴുത്തുകാരനും, ആക്ടിവിസ്റ്റും ദേവനൂരയുടെ സുഹൃത്തുമായ ശിവസുന്ദർ പറയുന്നത് ഈ പുസ്തകത്തിന്റെ ഗുണങ്ങൾ ദീർഘകാല അടിസ്ഥാനത്തിൽ നിലനിൽക്കുന്നതാണെന്നാണ്. തീർച്ചയായും ഇതൊരു മാറ്റത്തിന്റെ തുടക്കമാണെന്നും ശിവസുന്ദർ വിശ്വസിക്കുന്നു.
എദ്ദേളു കർണാടക
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ വേറിട്ടൊരു പരീക്ഷണത്തിന് വേദിയായി മാറിയതായിരുന്നു ഇക്കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പ്. സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് രാഷ്ട്രീയമായി എത്രത്തോളം ആഴത്തിൽ ഇടപെടാൻ സാധിക്കുമെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു അത്. അഴിമതിക്കെതിരെ എന്ന പേരിൽ മധ്യവർഗത്തിന്റെ താൽപ്പര്യ സംരക്ഷണവും ഹിന്ദുത്വ അജണ്ടയും സമാസമം നടപ്പാക്കിയ അണ്ണാഹസാരെ സമരം പോലെയായിരുന്നില്ല കർണാടകത്തിലെ ഇടപെടൽ. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ വേറിട്ട ഈ ഇടപെടൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള മതേതര പ്രസ്ഥാനങ്ങൾ കണ്ടുപഠിക്കുകയും ഹിന്ദുത്വ ഫാസിസത്തിനെതിരെ ആ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും വേണം.
കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് പ്രധാന പങ്കു വഹിച്ച സിവിൽ സൊസൈറ്റി മൂവ്മെന്റായ എദ്ദേളു കർണാടകയുടെ രൂപീകരണത്തിലും ദേവനൂരയുടെ പുസ്തകം നൽകിയ ഊർജം ചില്ലറയായിരുന്നില്ല.
കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് പ്രധാന പങ്കു വഹിച്ച സിവിൽ സൊസൈറ്റി മൂവ്മെന്റായ എദ്ദേളു കർണാടകയുടെ രൂപീകരണത്തിലും ദേവനൂരയുടെ പുസ്തകം നൽകിയ ഊർജം ചില്ലറയായിരുന്നില്ല. എദ്ദേളു കർണാടക ഒരു പരീക്ഷണം ആയിരുന്നു. സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് എങ്ങനെ തെരഞ്ഞെടുപ്പിൽ ഫലപ്രദമായി ഇടപെടാം എന്നതിനെക്കുറിച്ചുള്ള ഒരു പരീക്ഷണം. ദേവനൂര, റഹ്മത്ത് തരീക്കരെ, വാസവി മുതലായ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് എദ്ദേളു കർണാടക രൂപപ്പെടുന്നത്. സംഘടനക്ക് വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്. ആയിരക്കണക്കിന് യുവതീ യുവാക്കൾ സംഘടനയുടെ വളന്റിയർമാരായി രജിസ്റ്റർ ചെയ്തു.
ബിജെപി നേരിയ ഭൂരിപക്ഷത്തിൽ മുമ്പ് ജയിച്ചതും, ത്രികോണ/ ചതുഷ്കോണ മത്സരങ്ങളുടെ ഫലമായി നേട്ടമുണ്ടായതുമായ 103 മണ്ഡലങ്ങളിലാണ് എദ്ദേളു കർണാടക പ്രവർത്തിച്ചത്. ഈ മണ്ഡലങ്ങളിൽ വോട്ടർമാരെ നേരിട്ട് സന്ദർശിക്കുകയും സെക്കുലർ പാർടികളെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ ക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയുമുണ്ടായി. സെക്കുലർ പാർടികളുടെ നേതാക്കളുമായി നിരന്തരം ചർച്ചകൾ നടത്തി.

കർണാടകത്തിൽ ബിജെപി സർക്കാരിന്റെ കാലത്ത് നടത്തിയ വിവാദ പാഠപുസ്‌തക പരിഷ്‌കരണത്തിൽ പ്രതിഷേധിച്ച് ദേവനൂര മഹാദേവയുടെ നേതൃത്വത്തിൽ മൈസൂരിൽ നടത്തിയ പ്രകടനം
ഇങ്ങനെ ചെയ്തതിനാൽ ബി ജെ പിക്കെതിരായുള്ള വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കുകയും ബിജെപിക്കെതിരെ മത്സരിച്ച സ്ഥാനാർഥി ജയിക്കുകയും ചെയ്തു. നിരന്തര പ്രചാരണങ്ങളിലൂടെ വോട്ടിങ് ശതമാനം കൂട്ടി. ഇതുവരെ വോട്ട് ചെയ്യാത്ത ലക്ഷക്കണക്കിന് പേരാണ് ഇത്തവണ പോളിങ് ബൂത്തുകളിലെത്തിയത്. ഇങ്ങനെ ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ വലിയ പങ്കാണ് എദ്ദേളു കർണാടക വഹിച്ചത്.
എദ്ദേളു കർണാടക രൂപപ്പെടുന്നതിന് മുമ്പ്, ദേവനൂര എഴുതിയ ആർഎസ്എസ് ഒളിഞ്ഞും തെളിഞ്ഞും എന്ന പുസ്തകം ജനങ്ങളിലും സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരിലും ഉളവാക്കിയ ഉണർവ് ചെറുതല്ല. അധികാരം കൊണ്ട്, സത്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഒപ്പം നിൽക്കുന്ന ഓരോ മനുഷ്യരെയും കൊന്നും കൊലവിളിച്ചും അർമാദിക്കുന്ന ഹിന്ദുത്വ തീവ്രവാദികൾക്കെതിരായ ചെറുത്ത് നിൽപ്പായി ആ പുസ്തകം മാറി. വെറുപ്പിന്റെ വ്യാപാരികളായ അവർ വിൽക്കുന്ന നുണകളുടെ പതിര് പുസ്തകം തുറന്നുകാട്ടി. പുസ്തക വായനയും ചർച്ചയുമൊക്കെ, പലതട്ടുകളിലായിനിന്ന സാമൂഹിക പ്രവർത്തകർക്ക് പുതിയൊരു ഊർജം നൽകി.
നുണകളിലൂടെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുകയും മനുഷ്യരുടെ ജീവനെടുക്കുകയും, അധികാരം നൽകുന്ന ഹുങ്കിൽ സദാചാരഗുണ്ടായിസവും പശുഗുണ്ടായിസവും ജാതി അക്രമവും നടത്തുകയും ചെയ്യുന്നവർക്കെതിരെ ഒന്നിക്കാനുള്ള ചരടായി പുസ്തകം മാറി. സത്യത്തിന്റെ ആ ചരടിൽ സ്നേഹത്തിന്റെ മുത്തുകൾപോലെ വിവിധ സംഘടനകളെയും സാമൂഹിക പ്രവർത്തകരെയും കോർത്തെടുക്കാൻ സാധിക്കുകയും ചെയ്തു. അങ്ങനെയാണ് എദ്ദേളു കർണാടക എന്ന പുതിയൊരു പരീക്ഷണത്തിന്റെ അരങ്ങൊരുങ്ങിയത്. അത് ഇന്ത്യയുടെ ജനാധിപത്യ ഭൂമികയിൽ പുതിയൊരു രാഷ്ട്രീയ ചരിത്രമെഴുതി; ഇന്ത്യൻ രാഷ്ട്രീയത്തിലത് പ്രതീക്ഷയുടെ പുതിയൊരു കൈത്തിരി നാളം തെളിച്ചു വയ്‌ക്കുക കൂടി ചെയ്തിട്ടുണ്ട്.
ആർഎസ്എസ് ഒളിഞ്ഞും തെളിഞ്ഞും എന്ന പുസ്തകത്തിൽ നിന്നുള്ള ചില പ്രസക്തഭാഗങ്ങൾ:
ഗോൾവൽക്കറുടെ ദൈവം:
സർവശക്തനായ വിരാട്പുരുഷന്റെ രൂപത്തിലാണ് ഹിന്ദു വംശം. ബ്രാഹ്മണൻ വിരാടപുരുഷന്റെ ശിരസ്സ്, ക്ഷത്രിയൻ അവന്റെ ഭുജങ്ങൾ, വൈശ്യൻ അവന്റെ തുടകൾ, ശൂദ്രൻ അവന്റെ പാദങ്ങൾ. അതിനർഥം ഹിന്ദു വംശം ചാതുർവർണ്യ സമ്പ്രദായത്തിൽ അധിഷ്ഠിതമാണ്.
ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ഗോൾവൽക്കർ:
നമ്മുടെ ഭരണഘടനയിൽ ചില പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് എടുത്തതും, ഏച്ചുകെട്ടിയതുമായ ചില ലേഖനങ്ങൾ ഉണ്ട്. അത്രമാത്രം. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ അല്ലെങ്കിൽ മുൻകാല ലീഗ് ഓഫ് നേഷൻസിൽ നിന്നുള്ള ചില മുടന്തൻ തത്വങ്ങളും, അമേരിക്കൻ‐ബ്രിട്ടീഷ് ഭരണഘടനകളിൽ നിന്നും കടമെടുത്ത ഭാഗങ്ങളുംകൊണ്ട് തട്ടിക്കൂട്ടിയതാണിത്.
നുണകൾ, നുണകൾ
ആർഎസ്എസും അതിന്റെ കൈയാളുകളും എങ്ങനെ നുണകൾ സൃഷ്ടിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണം ടിപ്പുസുൽത്താനെക്കുറിച്ചുള്ള അപവാദ പ്രചാരണമാണ്. ടിപ്പുവിന്റെ ഭരണകാലത്ത് കുടകില്‍ 69,000 ഹിന്ദുക്കളെ ഇസ്ലാം മതത്തിലേക്ക് മതം മാറ്റി എന്നാണ് ആർഎസ്എസ് ബുദ്ധിജീവികൾ വാദിക്കുന്നത്.
ഗസറ്റിയർ പ്രകാരം എങ്ങനെ കണക്കാക്കിയാലും കുടക് പ്രവിശ്യയിലെ അന്നത്തെ മൊത്തം ജനസംഖ്യ 69,000 കവിയില്ല. ആർഎസ്എസ് ദുഷ്‌പ്രചാരണം ശരിയാണെങ്കിൽ ഇന്ന് കുടക് മുസ്ലിങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കേണ്ടതല്ലേ. പക്ഷേ അവിടെ 15 ശതമാനം മാത്രമാണ് മുസ്ലിങ്ങൾ ഉള്ളത്. അതായത് ടിപ്പുവിനോടുള്ള ഹിന്ദുവിദ്വേഷത്തിന്റെ ഒരു നുണക്കഥ വിതച്ചതാണ്. സങ്കടകരം എന്ന് പറയട്ടെ ഈ കഥ വളരുകയാണ്. ആർഎസ്എസും സംഘപരിവാറും അതിന്റെ നേട്ടം കൊയ്യുകയുമാണ്.
ദേവനൂര മഹാദേവ
മൈസൂർ ജില്ലയിൽ, നഞ്ചൻഗോഡ് താലൂക്കിൽ ദേവനൂര ഗ്രാമത്തിൽ ജനിച്ച ദേവനൂര മഹാദേവ, കന്നട സാഹിത്യത്തിലെ മുൻനിര എഴുത്തുകാരിൽ ഒരാളാണ്. ബോധ്യങ്ങളുടെ ശക്തിയും, അനുരഞ്ജനരഹിതമായ ആർജവവും കൊണ്ട് സാമൂഹിക സംവാദങ്ങളിൽ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ട ബുദ്ധിജീവിയാണ് എഴുപത്തിയഞ്ചുകാരനായ ഈ മനുഷ്യൻ. കേന്ദ്ര, കർണാടക സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ മഹാദേവയെ, 2011ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
ഹൈസ്കൂൾ പഠനകാലത്ത് ആർ എസ് എസ് സമത്വം പ്രചരിപ്പിക്കുന്ന സംഘടനയാണെന്ന തെറ്റിദ്ധാരണയിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിലെത്തി. പിന്നീട് അവരുടെ അന്ധമായ മുസ്ലീംവിദ്വേഷവും ജാതീയ മുൻവിധികളും മിശ്രവിവാഹത്തോടുള്ള എതിർപ്പും മനസ്സിലാക്കിയ ദേവനൂര, ആർഎസ്എസിനോട് വിട പറഞ്ഞു. രാംമനോഹർ ലോഹ്യയും, ജയപ്രകാശ് നാരായണനും ആരംഭിച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ സജീവാംഗമായി. 2005ൽ സർവ്വോദയ കർണാടക പാർടി രൂപീകരിച്ചു. രാജ്യത്തെ കർഷക ദളിത് പ്രസ്ഥാനങ്ങളെ ഒരുമിപ്പിച്ചുകൊണ്ടുവരാനുള്ള ഒരു പരീക്ഷണമായിരുന്നു അത്. 2017ൽ പാർടി, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യയിൽ ലയിച്ചു.
ഇന്ത്യയൊട്ടാകെ വ്യാപിച്ച, ഭരണകൂട പിന്തുണയോടെ നടക്കുന്ന അസഹിഷ്ണുതയോടുള്ള പ്രതിഷേധസൂചകമായി സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ദേവനൂര 2015ൽ തിരിച്ചു നൽകി. രാജ്യത്ത് ആദ്യമായി അവാർഡുകൾ തിരികെ നൽകി പ്രതിഷേധത്തിന് തുടക്കം കുറിച്ചത് ദേവനൂര ആയിരുന്നു.
ബസവണ്ണയും അക്കമഹാദേവിയും ഉയർത്തിയ പാരമ്പര്യത്തിന്റെ തുടർച്ചയായാണ് കർണാടക ബുദ്ധിജീവികൾ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അധികാര സ്ഥാനങ്ങളെ എതിർത്തത്. അറിവിനെയും ചരിത്രവസ്തുതകളെയും തമസ്കരിക്കാനും നുണ പ്രചരിപ്പിക്കാനും സംഘപരിവാരം നടത്തുന്ന കുരുതികൾ നുണ പ്രചാരണത്തിൽ മാത്രമൊതുങ്ങുന്നില്ല.
നരേന്ദ്ര ധാബോൽക്കർ, എം എം കൽബുർഗി, ഗൗരി ലങ്കേഷ്, ഗോവിന്ദ് പൻസാരെ തുടങ്ങിയവരെ കൊലപ്പെടുത്തിയത് അവർ അക്ഷരങ്ങളിലൂടെ സത്യത്തിലേക്ക് വെളിച്ചം വീശിയതിനാലാണ്. അവർ ആർഎസ്എസും പിണിയാളുകളും പ്രചരിപ്പിക്കുന്ന നുണകൾ സൃഷ്ടിക്കുന്ന വിദ്വേഷത്തിൽനിന്നും വെറുപ്പിൽനിന്നും ജനങ്ങളെ മനുഷ്യസ്നേഹത്തിലേക്ക് നയിക്കാൻ ശ്രമിച്ചവരായിരുന്നു. അങ്ങനെ
സത്യത്തിന്റെയും സ്നേഹത്തിന്റെയും വെളിച്ചം വീശുന്നവരെ ഇല്ലാതാക്കുക എന്ന ഹിന്ദുത്വ ഭീകരവാദികളുടെ അജണ്ടയിൽ, ആളുകൾ കൊല്ലപ്പെടുമ്പോഴും ആക്രമിക്കപ്പെടുമ്പോഴും അതിന് പിന്തുണയേകി നിസ്സംഗമായി നിൽക്കുന്ന ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന് തിരികൊളുത്തുക എന്ന ധീരകൃത്യമാണ് ദേവനൂര നിർവഹിച്ചത്.
സത്യത്തിന്റെയും സ്നേഹത്തിന്റെയും വെളിച്ചം വീശുന്നവരെ ഇല്ലാതാക്കുക എന്ന ഹിന്ദുത്വ ഭീകരവാദികളുടെ അജണ്ടയിൽ, ആളുകൾ കൊല്ലപ്പെടുമ്പോഴും ആക്രമിക്കപ്പെടുമ്പോഴും അതിന് പിന്തുണയേകി നിസ്സംഗമായി നിൽക്കുന്ന ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന് തിരികൊളുത്തുക എന്ന ധീരകൃത്യമാണ് ദേവനൂര നിർവഹിച്ചത്.
ലോകപ്രശസ്ത വചനസാഹിത്യ പണ്ഡിതനും എപ്പിഗ്രാഫിസ്റ്റുമായ എം എം കൽബുർഗിയെ ഹിന്ദുത്വ തീവ്രവാദികൾ വെടിവച്ചു കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ദേവനൂര തനിക്ക് ലഭിച്ച പുരസ്‌കാരങ്ങളൊക്കെ മടക്കി നൽകി പ്രതിഷേധം അറിയിച്ചത്. ഇന്ത്യയിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഹിംസാത്മകവും വിദ്വേഷം നിറഞ്ഞുമായ പ്രവർത്തനങ്ങളേയും അത്തരം അക്രമങ്ങളെയും വെറുപ്പിന്റെ വ്യാപാരികളെയും എതിർത്തുകൊണ്ടാണ് ദേവനൂര ഈ തീരുമാനം എടുത്തത്.
കർണാടകയിൽ ജനാധിപത്യപരമായി അധികാരത്തിലേറിയ സർക്കാരിനെ റിസോർട്ട് രാഷ്ട്രീത്തിന്റെ മറവിൽ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത് അധികാര ക്കസേരിയിലേറിയതായിരുന്നു ബിജെപി. അങ്ങനെ ചാക്കിട്ട് പിടിത്തത്തിലൂടെ അധികാരത്തിലേറിയ ബിജെപി കർണാടകത്തിൽ കാണിച്ചുകൂട്ടിയ അതിക്രമങ്ങൾ ചില്ലറയല്ല. പാഠപുസ്തകങ്ങളിൽ ആർഎസ്എസ് ആശയങ്ങൾ കുത്തിത്തിരുകുകയും അതിൽ നിന്ന് ശാസ്ത്രീയ ബോധത്തെയും യഥാർഥ ചരിത്രത്തെയുമെല്ലാം പുറന്തള്ളുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മുന്നോട്ട് പോയി.
ഇതിനെതിരായ പ്രതിഷേധവുമായി ദേവനൂര രംഗത്തെത്തി. ദേവനൂര ഈ വിഷയങ്ങളിൽ ഉയർത്തിയ വിമർശനം പാഠപുസ്തകം തിരുത്താനിറങ്ങിയ സർക്കാരിന് കനത്ത തിരിച്ചടിയായി. ഇതേ തുടർന്നാണ് ആർ എസ്എസ് എന്ന സംഘടനയുടെ ഉള്ള് വെളിപ്പെടുത്തുന്ന പുസ്തകം അദ്ദേഹം എഴുതുന്നത്. ആർ എസ് എസ്സിന്റെ അകവും പുറവും കണ്ട ദേവനൂര എന്ന പണ്ഡിതൻ തന്നെ അതെഴുതിയപ്പോൾ കൊള്ളേണ്ടിടത്ത് തന്നെ അത് കൊണ്ടു. അതിനെ ഏറ്റെടുക്കാൻ കർണാടക ജനത മാത്രമല്ല, ഇന്ത്യൻ ജനത തന്നെ തയ്യാറായി എന്നതാണ് അതിന് വന്ന പരിഭാഷകളുടെയും പ്രചാരത്തിന്റെയും അടിസ്ഥാനം.
1973ല്‍ എം എ വിദ്യാർഥി ആയിരിക്കുമ്പോൾ ദേവനൂര പ്രസിദ്ധീകരിച്ച ദ്യാവന്നൂർഎന്ന കഥാസമാഹാരവും, 1988 സാഹിത്യ അക്കാദമി പുരസ്കാരങ്ങൾക്ക് അർഹമാക്കിയ കുസുമബളെയും, 1979ലെ നോവെല്ല ഒഡലാളയും കർണാടകത്തിലെ ക്ലാസിക്കുകളാണ്.
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..