28 March Thursday

എന്റെ ജീവിതം, എന്റെ പ്രണയം, എന്റെ പൈതൃകം

വെബ് ഡെസ്‌ക്‌Updated: Monday Apr 30, 2018

 1968, ഏപ്രിൽ 4, സന്ധ്യ, സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു. നിശ്ശബ്ദതയെ ഭഞ്ജിച്ചുവന്ന ടെലിഫോൺ കാൾ കൊറീറ്റ എടുത്തു. മറ്റേ തലയ‌്ക്കൽ റവ. ജസ്സെ ജാക്‌സൺ. ഇതുപോലൊരു സന്ദേശം ജീവിതത്തിലൊരിക്കൽ വരും എന്ന തോന്നൽ കൊറീറ്റയുടെ മനസ്സിനെ മഥിച്ചിരുന്നു. ‘ഡോ. കിങ്ങിന‌് വെടിയേറ്റിരിക്കുന്നു. ജീവൻ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്'. കുട്ടികളെ ആശ്വസിപ്പിച്ചശേഷം എയർപോർട്ടിലെത്തുമ്പോൾ, സെക്രട്ടറി ഡോറ കാത്തുനിൽപ്പുണ്ടായിരുന്നു. 'മിസ്സിസ് കിങ‌്, നമുക്ക് ഒഴിഞ്ഞ ഒരിടത്തിരുന്നു സംസാരിക്കാം.' ആ നിമിഷം കൊറീറ്റയ‌്ക്ക് എല്ലാം വ്യക്തമായി, ഡോ. മാർട്ടിൻ ലൂഥർ കിങ‌് (ജൂനിയർ) മരിച്ചു; ഇന്നുമുതൽ താൻ വിധവ, തന്റെ കുട്ടികളുടെ സിംഗിൾ പേരന്റ‌്. 

വെടിയേറ്റുമരിക്കുമ്പോൾ, മാർട്ടിൻ ലൂഥർ കിങ‌് വെറും 39 വയസ്സുള്ള ചെറുപ്പക്കാരൻ. സമരോജ്വലവും ധന്യവുമായ ജീവിതം; റോസാ പാർക്‌സ് തുടങ്ങിവച്ച ആഫ്രിക്കൻ‐അമേരിക്കൻ പ്രതിരോധത്തിന്റെ വേലിയേറ്റത്തിൽ ആക‌സ‌്മികമായാണ് മാർട്ടിൻ നേതൃത്വത്തിലെത്തുന്നത്. ഉജ്വല പ്രഭാഷകനും വാഗ്മിയുമായ മാർട്ടിൻ വളരെവേഗം ജനഹൃദയത്തിൽ സ്ഥാനം പിടിച്ചു. 'എനിക്ക് ഒരു സ്വപ്നമുണ്ട്' എന്ന ആദ്യകാല പ്രസംഗം മുതൽ 'ഞാൻ പർവതാഗ്രത്തിൽ കയറിക്കണ്ടു' എന്ന അവസാനപ്രസംഗം വരെ ഓരോന്നും അമേരിക്കൻ കറുത്തവർഗക്കാരുടെ വിമോചനചരിത്രത്തിലെ സുവ്യക്തമായ ഏടുകളായിരുന്നു.“I may not get there with you. But I want you to know tonight that we as a people will get to the Promised Land.…’  ഇതുപറഞ്ഞ‌് മാർട്ടിൻ മൃദുവായ ഒരർധവിരാമത്തിലേക്കുകടക്കുമ്പോൾ എല്ലാവരും കണ്ണീർ തുടച്ചു വീണ്ടും ശ്രദ്ധാലുക്കളായി.
മാർട്ടിൻ ലൂതർ കിങ‌് മരിച്ച‌് ഏപ്രിൽ 2018ൽ 50 വർഷം തികയുകയാണ്. ഒരു മനുഷ്യായുസ്സിന് ചെയ്തുതീർക്കാവുന്നതിലധികം സാധ്യമാക്കിയാണ് മാർട്ടിൻ കടന്നുപോയത്. ‘അവർ ആ സ്വപ്നദർശിയെ കൊന്നുകളഞ്ഞു; ആ സ്വപ്നങ്ങളെ ആർക്ക് കൊല്ലാനാകും?' എന്ന വെല്ലുവിളി അമേരിക്കൻ മനസ്സാക്ഷിക്കുമേൽ നിലകൊള്ളുന്നു. ഗാന്ധിസം, അക്രമരഹിത സമരം, സമാധാനപരമായ മുന്നേറ്റം എന്നിവയിൽ അടിയുറച്ചു വിശ്വസിച്ച മാർട്ടിൻ കറുത്തവർഗക്കാരുടെ ചെറുത്തുനില്പിന് വ്യത്യസ്തമായ ദിശാബോധം നൽകി. പലവിഭാഗങ്ങൾ നടത്തിയിരുന്ന അക്രമാസക്തമായ മുന്നേറ്റങ്ങൾക്ക് തടയിടാനും കഴിഞ്ഞു. അതുകൊണ്ടൊക്കെയാകണം 2017, 2018, വർഷങ്ങളിൽ മാർട്ടിൻ ലൂഥർ കിങ‌് ദർശനങ്ങൾ വീണ്ടും പഠിക്കാനും പുതിയ ഗവേഷണവഴികളിലൂടെ പുനർവായന നടത്താനും ശ്രമമുണ്ടായത്. ശ്രദ്ധേയമായ നിരവധി പുസ്തകങ്ങൾ പുതുതായി ലഭ്യമായിട്ടുണ്ട്. ജേസൺ സോകോൾ രചിച്ച ‘സ്വർഗത്തിൽ വിള്ളൽ വന്നിരിക്കാം', ഡേവിഡ് മാർഗോലിക് രചിച്ച ‘വാഗ്‌ദാനവും സ്വപ്നവും',  മാർക് പെറസ്‌ക്വി രചിച്ച  ‘കാനായിലെ ചാരൻ' എന്നിവ അവയിൽ ചിലത‌്.  ഇവയോടൊപ്പം പരിഗണിക്കേണ്ട പുസ്തകമാണ്, കൊറീറ്റ സ്‌കോട്ട് കിങ‌് രചിച്ച ‘എന്റെ ജീവിതം, എന്റെ പ്രണയം, എന്റെ പൈതൃകം' (Coretta Scott King – My Life, My Love, My Legacy; 2017, Henry Holt).
 
കൊറീറ്റ സ്വന്തം കഥപറയുകയല്ല. ആഫ്രിക്കൻ‐അമേരിക്കൻ ജീവിതത്തിന്റെ ചരിത്രപശ്ചാത്തലത്തിലൂടെ കടന്ന‌് മാർട്ടിൻ കാലഘട്ടവും പിൽക്കാലവും വിവരിക്കുകയാണ‌്. വെള്ളക്കാരന്റെ വംശവെറിക്ക് പ്രത്യേക നിയന്ത്രണങ്ങളില്ലാത്ത നാളുകൾ ഇരുപതാം നൂറ്റാണ്ടിൽ പോലും അമേരിക്കയിൽ നിലനിന്നിരുന്നു. കൊറീറ്റയുടെയും മാർട്ടിന്റെയും ബാല്യകൗമാരങ്ങൾ നിരന്തരം  ഭീതിയിലൂടെയാണ് കടന്നുപോയത്. ആർക്കും അവരുടെ വീടിനു തീവയ്ക്കാം; വീടിനുള്ളിലേക്ക് ബോംബെറിയാം. ജീവൻ മിച്ചമുള്ളവർക്ക് ജീവിക്കാം. അവിടെനിന്നുതുടങ്ങുന്ന കോറീറ്റയുടെ ജീവിതത്തിലെ ഏടുകൾ ബാർബറ റെയ്‌നോൾഡ്‌സ് എന്ന ജേർണലിസ്റ്റിനോട്  വർഷങ്ങളുടെ ഇടവേളകളിൽ പറഞ്ഞു പൂർത്തിയാക്കിയതാണ് പുസ്തകം.  2006 ൽ കൊറീറ്റ മരണമടഞ്ഞു; 2017 ലാണ് പുസ്തകമെത്തുന്നത്.
 
സംഗീത വിദ്യാർഥിയായിരിക്കെ തികച്ചും അവിചാരിതമായിട്ടാണ് മാർട്ടിനെ കണ്ടുമുട്ടുന്നത്; അവരുടെ പ്രണയവും വിവാഹവും ദാമ്പത്യവും നന്നായി പറയുന്നുവെങ്കിലും കൊറീറ്റ ശ്രദ്ധിച്ചത് മാർട്ടിൻ മുന്നോട്ടുവച്ച ദർശനങ്ങളും അവർ നയിച്ച അക്രമരഹിത സമരങ്ങളും അവയിൽ ഉൾപ്പെട്ട ക്ലേശങ്ങളും പങ്കുവയ്ക്കുന്നതിലാണ്. രാഷ്ട്രത്തിന്റെയോ നിയമത്തിന്റെയോ പരിരക്ഷ ഇല്ലാത്ത കറുത്തവർഗക്കാർക്ക് വിമോചനം അക്രമത്തിലൂടെയോ അട്ടിമറിയിലൂടെയോ സാധ്യമല്ലെന്നു ബോധ്യപ്പെട്ട കാലം. ക്രിസ്തുവിന്റെയും ഗാന്ധിയുടെയും തത്വങ്ങൾ സമന്വയിപ്പിച്ച‌ു മാർട്ടിൻ. അക്രമരാഹിത്യത്തിലൂടെ സാമൂഹ്യനീതി കണ്ടെത്താനുള്ള മാർഗമായിരുന്നു അന്വേഷണങ്ങളേറെയും. സ്നേഹം എന്ന പെരുമാറ്റരീതി വ്യക്തിതലത്തിൽനിന്നുയർത്തി സമൂഹത്തെ സമൂലം മാറ്റാനുതകുന്ന  ഉപകരണമാക്കിയ ചരിത്രപുരുഷനാണ് ഗാന്ധി എന്നാണ് മാർട്ടിൻ കരുതിയത്. ഗാന്ധിദർശനം ആഴത്തിൽ പഠിക്കാനും ഇന്ത്യയിലെ സാമൂഹികപ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനുമായി 1957 ൽ അവർ ഇന്ത്യ സന്ദർശിച്ചു. തിരുവനന്തപുരത്തെ ഒരു സ്കൂളിൽ മാർട്ടിൻ പ്രസംഗിച്ചതായും  കൊറീറ്റ ഓർക്കുന്നു.
 
ഭർത്താവ് കൊല്ലപ്പെട്ടശേഷം വിധവയും അമ്മയും എന്ന നിലയിലേക്ക് ചുരുങ്ങാതെ ആഫ്രിക്കൻ‐അമേരിക്കൻ പ്രശ്നങ്ങളിൽ ഇടപെട്ട‌് സ്വതന്ത്ര രാഷ്ട്രീയ സ്വത്വം കണ്ടെത്താൻ അവർ ശ്രമിച്ചു.  മാർട്ടിൻ കൊല്ലപ്പെട്ടതോടെ നിരവധി രാജ്യങ്ങളിൽനിന്ന് അനുശോചനങ്ങളും പുരസ്കാരങ്ങളും വന്നുനിറഞ്ഞു; 1969 ലെ ജവാഹർലാൽ നെഹ്‌റു പുരസ്‌കാരം മാർട്ടിന് മരണാനന്തരം സമ്മാനിക്കുകയുണ്ടായി. മാർട്ടിൻ ലൂഥർ കിങ‌്  പ്രതിനിധാനം ചെയ്യുന്ന ദർശനങ്ങൾക്കുള്ള അംഗീകാരമായിരുന്നു അത‌്. ലോകമെമ്പാടുമുള്ള ചെറുത്തുനിൽപ്പുകളുടെയും അനാക്രമസമരങ്ങളുടെയും ഊർജത്തിന്റെ സ്രോതസ്സ‌് അദ്ദേഹത്തിൽനിന്നുകൂടിയാണ് എന്നവർ തിരിച്ചറിഞ്ഞു. 
 
കൊറീറ്റയുടെ സ്വപ്നമായിരുന്നു മാർട്ടിൻ ലൂഥർ കിങ‌് പഠനകേന്ദ്രം‌. ശൂന്യതയിൽനിന്ന‌് ബൃഹത്തായ ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതിന്റെ ക്ലേശവും അനുഭവങ്ങളും നമ്മെ ഇരുത്തി ചിന്തിപ്പിക്കും. അക്രമരാഹിത്യം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കിങ‌് കേന്ദ്രം  ക്രമേണ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു. സാമൂഹിക ഇടപെടലുകൾ നടത്താൻ കെൽപ്പുള്ള സ്ഥാപനമായി വികസിച്ചു. മേയർ, ഗവർണർ, പ്രസിഡന്റ‌് തെരഞ്ഞെടുപ്പുകളിൽ കൊറീറ്റയുടെ നിലപാടറിയാൻ രാഷ്ട്രീയകക്ഷികൾക്ക് താല്പര്യമുണ്ടായി. ജിമ്മി കാർട്ടർ മത്സരിക്കുമ്പോൾ ആഫ്രിക്കൻ‐അമേരിക്കൻ വോട്ടിൽ 90 ശതമാനം അദ്ദേഹത്തിന് ലഭിച്ചു. കാർട്ടർ ക്യാബിനറ്റിൽ നിരവധി ന്യൂനപക്ഷക്കാർ ഉണ്ടായിരുന്നു. ഒരിടത്തുണ്ടാകുന്ന അനീതി എല്ലായിടത്തെയും നീതിക്കു ഭീഷണിയാണ് എന്നവർ കരുതുന്നു.
 
വ്യക്തമായി ഓർക്കുന്ന സംഭവമുണ്ട്: 14, ഒക്ടോബർ 1964. ശാരീരികാസ്വാസ്ഥ്യം മൂലം ആശുപത്രിയിലായിരുന്നു മാർട്ടിൻ. ഇടമുറിയാതെ വന്നിരുന്ന ഫോൺകോളുകൾക്ക് മറുപടി പറഞ്ഞിരിക്കുമ്പോൾ അതിഗൗരവത്തോടെ പുതിയ കാൾ. ‘ഇത് അസോസിറ്റഡ് പ്രസ‌് ആണ്. ഡോ. മാർട്ടിൻ ലൂഥർ കിങ്ങിനോട്‌ സംസാരിക്കേണ്ടതുണ്ട്.' കൊറീറ്റ പറഞ്ഞു, ഇത് മിസിസ്സ് കിങ്‌ ആണ്. 
അപ്പോൾ, മറ്റേ തലയ‌്ക്കൽനിന്ന് അശരീരി, ‘താങ്കളുടെ ഭർത്താവിന് ലോകസമാധാനത്തിനുള്ള 1964ലെ നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നു.'
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top