26 April Friday

തുടങ്ങി വായനയുടെ വസന്തോത്സവം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019


കണ്ണൂർ
ചിന്ത ലിറ്റററി ഫെസ്‌റ്റിന്‌ കണ്ണൂരിൽ തുടക്കമായി.  ടൗൺ സ്‌ക്വയറിൽ 12 നാൾ നീളുന്ന പുസ്‌തകോത്സവവും അനുബന്ധ സാംസ്‌കാരിക പരിപാടികളും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്‌തു.

രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെ നീളുന്ന പുസ്‌തകമേളയിൽ പ്രമേയവും ആഖ്യാനവും പുതിയ തലങ്ങൾ തേടുന്ന നവതരംഗ  കൃതികളും ചിന്ത ഇത്തവണ അവതരിപ്പിക്കുന്നു. ഡോ. ടി ഗീനാ കുമാരി രചിച്ച ‘സുശീലാഗോപലന്റെ ജീവിതകഥ’, ജി വിജയകുമാറിന്റെ  ‘മാർക്‌സിന്റെ സമരങ്ങൾ’, കെ എസ്‌ അനിൽകുമാർ തയ്യാറാക്കിയ ‘വർഗീയത തുലയട്ടെ ലേഖനസമാഹാരം’, എ റഷീദുദ്ദീന്റെ ‘അതിർത്തിയിലെ മുൻതഹാ മരങ്ങൾ’ തുടങ്ങിയവ ചിന്ത അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പുസ്‌തകങ്ങളാണ്‌. നോവൽ, ചെറുകഥ, കവിത, ചരിത്രം, ബാലസാഹിത്യം, ജീവിതചര്യ ലേഖനങ്ങൾ, ആത്മകഥ, ജീവചരിത്രം തുടങ്ങി നാനാശാഖയിലുമുള്ള പുസ്‌തകങ്ങൾ ചിന്തയുടെ കൂടാരത്തിനു കീഴിൽ സമ്മേളിച്ചിട്ടുണ്ട്‌.  നൂറിൽപരം പ്രസാധകരുടെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്‌തകങ്ങൾ മേളയിലുണ്ട്‌. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ആകർഷക പാക്കേജുകളും ലഭ്യമാണ്‌.

ഉദ്‌ഘാടനച്ചടങ്ങിൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി  എം വി ജയരാജൻ അധ്യക്ഷനായി. കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവൻ സംസാരിച്ചു. പുസ്‌തകമേള കൂപ്പൺ കെ പി സുധാകരനും 5000 രൂപയ്‌ക്ക്‌ 7500 രൂപയുടെ പുസ്‌തകങ്ങൾ ലഭിക്കുന്ന ഹോം ലൈബ്രറി പദ്ധതി എം എ ബേബി ഉദ്‌ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ എം സുരേന്ദ്രൻ സ്വാഗതവും ജനറൽ കൺവീനർ കെ ശിവകുമാർ നന്ദിയും പറഞ്ഞു. ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ നാടൻ കലാമേളയും അവതരിപ്പിച്ചു.

സെമിനാറുകൾ, ചർച്ചകൾ, പുസ്‌തകപ്രകാശനം, എഴുത്തുകാരുടെ സംഗമം, ഫോട്ടോ പ്രദർശനം, നാടകോത്സവം, ചലച്ചിത്രോത്സവം  തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ വരുംദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ‘പ്രവാസവും എഴുത്തും’ സെമിനാർ പി ടി കുഞ്ഞുമുഹമ്മദ്‌ ഉദ്‌ഘാടനംചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top