01 July Friday

നൊബേൽ ജേതാവ് അബ്ദുൽ റസാഖ് ഗുർണയുടെ കഥ 'കൂടുകൾ' മലയാളത്തിൽ വായിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021

ആഷ നായർ

ആഷ നായർ

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ ടാന്‍സാനിയന്‍ എഴുത്തുകാരന്‍ അബ്ദുള്‍റസാഖ് ഗുര്‍ണയുടെ കഥകളിലൊന്ന്‌ കഴിഞ്ഞവർഷം തന്നെ മലയാളത്തിലെത്തി.  ഗുർണയുടെ  കൂടുകള്‍ (Cages) എന്ന ചെറുകഥ  കലാപൂർണ മാസികയിലാണ്‌ പ്രസിദ്ധീകരിച്ചത്‌. കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂള്‍ മലയാളം അധ്യാപിക ആഷ നായർ വിവർത്തനം ചെയ്‌ത ഈ കഥ മലയാളത്തിലേയ്ക്ക് പരിഭാഷ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ ആദ്യ രചനയാണെന്ന്‌ കരുതപ്പെടുന്നു.

കൂടുകൾ

അബ്ദുള്‍റസാഖ് ഗുര്‍ണ

പരിഭാഷ: ആഷ നായർ

ഹമീദിന് പലപ്പോഴും തോന്നിയിട്ടുണ്ട്, തന്റെ ജീവിതം ഈ കടമുറിക്കുള്ളിൽ ഒതുങ്ങാനുള്ളതാണെന്ന്..  പക്ഷേ അവൻ  അതിൽ അസ്വസ്ഥനായില്ലെന്നു മാത്രമല്ല, ഒരിക്കൽ അവനെ വല്ലാതെ ഭയപ്പെടുത്തിയിരുന്ന,  രാത്രിയുടെ നിശ്ശബ്ദയാമങ്ങളിൽ, നഗരത്തെയും, ഗ്രാമത്തെയും വേർതിരിച്ചിരുന്ന ചതുപ്പുകളിൽ നിന്നുയരുന്ന വ്യത്യസ്തങ്ങളായ ശബ്ദ വീചികളെ നിസ്സംഗതയോടെ കേൾക്കാനും ഇപ്പോൾ ശീലിച്ചു കഴിഞ്ഞിരിക്കുന്നു. നഗരം വിസ്തൃതമായത്,  ചതുപ്പ്  നികത്തിക്കൊ ണ്ടായിരുന്നല്ലോ..

        നഗരത്തിൽ നിന്ന് പ്രാന്ത പ്രദേശങ്ങളിലേക്ക്  നീണ്ടു പോയിരുന്ന വിശാലവീഥികളിലൊന്നിന്റെ, യരികിലായിരുന്നു,  നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന ഫാജിദിന്റെ കട.. പരിസരവാസികളെല്ലാം സാധനങ്ങൾ വാങ്ങാൻ ആശ്രയിച്ചിരുന്നയിടം. ആ കട ഇന്നത്തെ നിലയിലേക്ക് ഉയർന്നത് ഹമീദ് എന്ന യുവാവിന്റെ നിതാന്തപരിശ്രമത്താലാണ്. പുലർകാല രശ്മികൾ ഭൂമിയിൽ പതിക്കുന്ന നേരത്ത്.. , ആളുകൾ ഒറ്റയ്ക്കും, കൂട്ടമായും ജീവിതോപാധികൾക്കായി നെട്ടോട്ടമോടാൻ തുടങ്ങുന്ന നേരത്ത്.. ആ കട തുറക്കപ്പെടും. രാത്രി വൈകി, അദ്ധ്വാനവർഗ്ഗത്തിലെ അവസാനത്തെയാളും പാതയൊഴിയുന്ന നേരം വരെ അതു തുറന്നു തന്നെയിരിക്കും. അനേകം ജീവിതങ്ങൾ തന്റെ കണ്മുന്നിലൂടെയാണ് നിത്യേന  കടന്നു പോകുന്നതെന്ന് ഉറക്കെ വിളിച്ചു പറയണമെന്ന് ഹമീദിന് തോന്നിയിട്ടുണ്ട്. കടയിലെത്തുന്നവരോട് കളി പറഞ്ഞും, വിശേഷങ്ങൾ തിരക്കിയും സ്വതസിദ്ധമായ പ്രസരിപ്പോടെ അവൻ കച്ചവടം നടത്തിക്കൊണ്ടു പോയി.. തിരക്കു പിടിച്ച നേരങ്ങളിൽ,  നിന്ന നിൽപ്പിൽ നൃത്തം വെച്ച് കാര്യക്ഷമതയോടെ ജോലി ചെയ്തു. ഫാജിറിനു തന്റെ വിശ്വസ്ത സേവകനെ ഒരുപാടിഷ്ടമായിരുന്നു.. പ്രായാധിക്യത്തിന്റെ അവശതകൾ ഉലച്ചിരുന്നതിനാൽ, അയാളിപ്പോൾ, അങ്ങോട്ട് വരാറേയില്ല.കടയടക്കുമ്പോഴേക്ക്,   ഹമീദ് നന്നേ ക്ഷീണിതനായി, തന്നെ സേവിക്കാൻ സദാ സന്നദ്ധനായിരിക്കുന്ന ചതുര സ്റ്റൂളിലേക്ക് ചാഞ്ഞൊരു  വീഴ്ചയാണ്.

      ഒരു ദിവസം, നേരം വൈകിയ നേരത്ത്, കടയടയ്ക്കാനൊരുങ്ങുമ്പോഴാണ്,  അങ്ങോട്ടേയ്ക്ക് ഒരു പെൺകുട്ടി ഓടിക്കയറി വന്നത്.. ചില നേരത്ത് ഗത്യന്തരമില്ലാതെ ചെയ്യേണ്ടി വരുന്ന കൃത്യങ്ങളെ ശപിച്ചു കൊണ്ടെന്നവണ്ണം അവൻ തലയാട്ടി..  ഇതിപ്പോൾ രണ്ടാം തവണയാണ്, ഒരു വലിയ കൈ വന്ന് കഴുത്തിനു കുത്തിപ്പിടിച്ച്, മയക്കത്തിൽ നിന്നു കുടഞ്ഞുണർത്തുന്ന തോന്നലുണ്ടാകുന്നത്. അത്രയ്ക്ക് അവശനായിരുന്നു അപ്പോഴവൻ. നേരെ മുന്നിൽ വന്ന് പുച്ഛത്തോടെ അവനെ നോക്കിക്കൊണ്ട്, പെൺകുട്ടി, തന്റെ കൈയ്യിലിരുന്ന പാത്രം അവനു നേരേ നീട്ടി,  ധിക്കാരത്തോടെ നെയ്യ്  ആവശ്യപ്പെട്ടു. അവനെ നോക്കാൻ പോലും താല്പര്യപ്പെടുന്നില്ല, എന്ന വിധം ചരിഞ്ഞു നിന്ന്, ഒരു ഷില്ലിംഗ്, എടുത്തു നീട്ടി. ദേഹം മറച്ചിരുന്ന വസ്ത്രത്തിന്റെ രണ്ടരികുകളും അവൾ കക്ഷത്തിലേക്കു തിരുകി വെച്ചിരുന്നു.. ആ നനുത്തു മിനുത്ത കോട്ടൺ തുണികൊണ്ടുള്ള  വസ്ത്രം അവളുടെ അംഗലാവണ്യം എടുത്തുകാട്ടി.. നഗ്നമായിരുന്ന അവളുടെ തോളുകൾ, ലൈറ്റിന്റെ വെളിച്ചത്തിൽ മിന്നിത്തിളങ്ങി.. ഇതിനു മുൻപ് അവളെ, അവിടെ കണ്ടിട്ടുണ്ടായിരുന്നില്ല.. അതി സുന്ദരിയായ പെൺകുട്ടിയായിരുന്നു അവൾ. അപരിചിതത്വത്തോടെ, അവളുടെ കയ്യിൽ നിന്ന് പാത്രം വാങ്ങി നെയ്യ് നിറച്ച ഭരണിയിലേക്ക് അവൻ കുനിഞ്ഞു. അപ്പോൾ, എന്തെന്നില്ലാത്ത ഒരു മനോവേദന അവന് അനുഭവപ്പെട്ടു.. തന്റെ മുഷിഞ്ഞ വേഷവും ഭാവവും അവനിൽ ജാള്യതയുളവാക്കി. അതായിരിക്കാം അവളുടെ മുഖത്തെ അവജ്ഞയുടെ കാരണമെന്ന് അവൻ ഊഹിച്ചു. മെലിഞ്ഞ കഴുത്തും ചെറിയ വട്ട മുഖവുമുള്ള പെൺകുട്ടിയായിരുന്നു അവൾ. നെയ്യ് നിറച്ച പാത്രം നീട്ടിയപ്പോൾ, ക്ഷീണം നിഴലിച്ച മിഴികളാൽ അലക്ഷ്യമായ നോട്ടമെറിഞ്ഞ് , ഒരു വാക്കുപോലും ഉരിയാടാതെ, അതിവേഗം രാത്രിയുടെ മഹാന്ധകാരത്തിലേക്കവൾ ഊളിയിട്ടു. സ്വയം നഷ്ടപ്പെട്ടതു പോലെ , പാതയോരത്തെ കുണ്ടുകളും കുഴികളും ചാടിക്കടന്നുള്ള,  അവളുടെ ഓട്ടം, നിർന്നിമേഷനായി അവൻ നോക്കിനിന്നു. അലറിവിളിച്ച്, സൂക്ഷിച്ചു പോകൂ എന്ന് അവളോട്‌ പറയണമെന്ന് അവനാഗ്രഹിച്ചു. ആ ഇരുട്ടിൽ, അങ്ങനെയൊരിടത്ത്‌, ആപത്തുകൾ മറഞ്ഞിരിക്കാനിടയുണ്ടെന്ന് അവൾക്ക് അറിയാമായിരിക്കുമോ?? ഉത്കണ്ഠാകുലനായി,  ഉച്ചത്തിൽ വിളിക്കാനാഞ്ഞ അവന്റെ തൊണ്ടയടഞ്ഞ്, ഒരു വികൃത ശബ്ദം പുറത്തു വന്നു. ഒരു ദീനരോദനം, ഏതു നേരത്തും പ്രതീക്ഷിച്ച അവന്, ഇരുട്ടിലേക്ക് അകന്നകന്നു പോകുന്ന അവളുടെ ചെരുപ്പടി ശബ്ദം മാത്രമേ കേൾക്കാനായുള്ളു.

          അത്യധികം ആകർഷകത്വം ഉള്ളവളായിരുന്നു അവൾ, എന്നത് മാത്രമാണ്, അവളെക്കുറിച്ചോർക്കാൻ അവനെ പ്രേരിപ്പിച്ചത്.. അവൾ പോയ്‌ മറഞ്ഞ ഇരുട്ടിന്റെ ഗഹ്വരത്തിലേക്ക് മിഴിയൂന്നി നിന്ന അവൻ, അഗാധമായ നൈരാശ്യത്തിലേക്ക് കൂപ്പുകുത്തി. അവളുടെ നോട്ടത്തിലെ നിന്ദ അവനെ ഗ്രസിച്ചു.. അന്നാദ്യമായി, കൃത്യമായ ഇടവേളകളിൽ, കുളിക്കാതെയും നനയ്ക്കാതെയും ജീവിതം തള്ളി നീക്കുന്ന തന്നെക്കുറിച്ച്,  അവൻ ബോധവാനായി. അവന്റെ കിടക്കയിൽ നിന്ന് കടയിലേക്കുള്ള ദൂരം ഒരു മിനിറ്റിൽ താഴെയാണ്. കുളിച്ചൊരുങ്ങി  മറ്റെവിടേക്കും പോകേണ്ട ആവശ്യം അവനുണ്ടായിരുന്നില്ല. വ്യായാമരാഹിത്യം മൂലം അവന്റെ കാലുകൾ ശോഷിച്ചിരുന്നു. അവന്റെ ദിനരാത്രങ്ങളൊക്കെയും ആ കടമുറിക്കുള്ളിലെ തടവറയിൽ ആയിരുന്നല്ലോ. സ്വാതന്ത്ര്യത്തിന്റെ സുഖമറിയാതെ, പുറം ലോകത്തെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാതെ, ദിവസങ്ങളും, മാസങ്ങളും, വർഷങ്ങളും കടന്നുപോയ്ക്കൊണ്ടിരുന്നു. കണക്കെഴുത്തിൽ കുരുങ്ങിയ ഒരു വിഡ്ഢിയുടെ ജീവിതമാണ് തന്റേതെന്ന് അവൻ വേദനയോടെ ഓർത്തു.

           തികച്ചും യാന്ത്രികമെന്നോണം കച്ചവടം നടത്തുന്നതിനിടയിലും തലേ ദിവസം ഒരു മിന്നൽ പോലെ വന്നുപോയ പെൺകുട്ടിയെക്കുറിച്ച് അവനോർക്കാതിരുന്നില്ല.. ഇനിയവൾ എന്നെങ്കിലും അവിടേക്കു വരുമോ എന്നുപോലും അറിയുമായിരുന്നില്ലെങ്കിലും ഒരു നേർത്ത പ്രതീക്ഷ അവനിൽ അവശേഷിച്ചു.  കടയിലെ നിത്യ സന്ദർശകനും, തിമിരം ബാധിച്ചു കാഴ്ചക്കു മങ്ങലുമുള്ള മൻസൂർ എന്ന മദ്ധ്യവയസ്കനുമായി ആ വൈകുന്നേരം ഹമീദ് സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്നു. സ്വഭാവദൂഷ്യമുള്ള അയാളെ തരം കിട്ടുമ്പോഴൊക്കെ നാട്ടുകാർ കളിയാക്കുകയും പറ്റിയ്ക്കുകയും ചെയ്യുമായിരുന്നു. അതിലൊരാൾ ഒരിയ്ക്കൽ ഹമീദിനോട് പറയുക പോലും ചെയ്തു 'കണ്ണുകൾ മലിനമായതു കൊണ്ടാണ് അയാളുടെ കാഴ്ച പോയതെന്ന് '..  മൻസൂർ എപ്പോഴും ആൺകുട്ടികളുടെ സാമീപ്യം കൊതിച്ചു..  ഹമീദിന്  അദ്ഭുതം തോന്നിയിട്ടുണ്ട്.. ഒന്നല്ലെങ്കിൽ മറ്റൊന്ന്.. ഓരോരോ കാരണങ്ങൾ പറഞ്ഞും, ഒരു കാരണവും ഇല്ലാതെയും അയാൾ കടയുടെ പരിസരത്ത് തന്നെ തങ്ങുന്നത്.. പരദൂഷണവും ആത്മപ്രശംസയും...കടയിൽ വരുന്നവരെയും പോകുന്നവരെയും അടി മുടി ഉഴിയുന്ന നോട്ടവും.. ആർക്കും അയാളെ ഇഷ്ടമായിരുന്നില്ല. പെട്ടെന്നാണ് അവൾ അവിടെ പ്രത്യക്ഷപ്പെട്ടത്.. ഹമീദിന്റെ ഉള്ളിൽ പൂത്തിരി കത്തി..

       "കറുത്ത ഷൂ പോളിഷ് ഉണ്ടോ? ' ആരെയും ഗൗനിക്കാതെയായിരുന്നു ചോദ്യം..
       മൻസൂർ സംഭാഷണം നിർത്തി ചെരിഞ്ഞു നോക്കി. അവളുടെ നിഴൽ വീണ് അയാളുടെ മുന്നിലെ അൽപ്പമാത്രമായ വെളിച്ചവും മങ്ങിപ്പോയിരുന്നു.
        "ഉണ്ടല്ലോ "..അപ്രതീക്ഷിതമായ അവളുടെ ആഗമനത്തിൽ അലിഞ്ഞു നിന്ന ഹമീദിന്റെ ഒച്ചയടഞ്ഞു പോയി.
തൊണ്ട ശരിയാക്കി അവൻ ആവർത്തിച്ചു..
        ' ഉണ്ടല്ലോ '
  അവൾ മന്ദഹസിച്ചു.. തലേന്ന് കണ്ട വെറുപ്പ് അപ്പോൾ ആ മുഖത്തുണ്ടായിരുന്നില്ല. ഹമീദിന്  സന്തോഷമായി.
അഭിനയിച്ചുണ്ടാക്കിയെടുത്ത കൃത്രിമ ശബ്ദത്തിൽ മൻസൂർ അവളോട്
   "വെൽകം മൈ  ഡാർലിംഗ്.. ഹൗ ആർ യു?? ' എന്ന് കുശലം ചോദിച്ചു.


     "എന്തൊരു  പരിമളമാണ് നിനക്ക്?  ഇളമാൻകിടാവേ.. !  മ്സിഷാനാ... ഇന്നു രാത്രി എത്ര മണിയാകുമ്പോൾ നിന്റെ ജോലികൾ തീരും? ഞാൻ വരുന്നുണ്ട്.. എന്റെ പുറം തടവിത്തരാൻ ആളെ വേണം '..അയാൾ കുലുങ്ങിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
അയാൾ കളി പറയുകയാണെന്നാണ് ഹമീദ് ധരിച്ചത്..
 പെൺകുട്ടി അയാളെ അവഗണിച്ചു.. മൻസൂർ അശ്ലീലം കലർന്ന ഭാവഹാവാദികളോടെ മൂളിപ്പാട്ട് പാടി. രാത്രിയിലെ ഒരു സമയം പറയാൻ, നാണമില്ലാതെ അയാൾ, ആ കുട്ടിയെ നിർബന്ധിച്ചു കൊണ്ടിരുന്നു..
 ചിന്താക്കുഴപ്പത്തിലായ ഹമീദ് തപ്പിയിട്ട് പോളിഷ് കിട്ടിയില്ല.. പെൺകുട്ടി അക്ഷമയായി.. താൻ തിരിഞ്ഞു നിന്ന് പോളിഷ് തിരയുന്നത് അവൾ നോക്കി നിൽക്കുകയാണല്ലോ എന്ന വിചാരം  അവനെ കോരിത്തരിപ്പിച്ചു. ഒടുവിൽ ലോകം കീഴടക്കിയ മട്ടിൽ പോളിഷ് ടിൻ തപ്പിയെടുത്ത്‌, അവളെ ഏൽപ്പിച്ചു. മുഖം വീർപ്പിച്ചു കൊണ്ടാണ് അവൾ പണം കൊടുത്തത്. മൻസൂർ അവളെ പ്രകോപിപ്പിച്ചു കൊണ്ടേയിരുന്നു. അയാൾ തന്റെ കീശയിലെ നാണയത്തുട്ടുകൾ കിലുക്കിക്കേൾപ്പിച്ചു. അവൾ പക്ഷേ അയാളെ കണ്ട ഭാവം വെയ്ക്കാതെ, ഒരക്ഷരം മിണ്ടാതെ മടങ്ങി.
               മൻസൂർ പ്രഭാഷണം തുടർന്നു..

"അവളെ നോക്ക്.. എന്തൊരു അഹങ്കാരി !..സൂര്യന് പോലും അവളെ പേടിയാണെന്ന മട്ടിലല്ലേ നടപ്പ് !"സത്യത്തിൽ നിഷ്പ്രയാസം കൈക്കലാക്കാവുന്ന മാംസമാണ്.. അമർത്തിച്ചിരിച്ചു കൊണ്ടയാൾ പറഞ്ഞു.. അധികം താമസിയാതെ ഞാനതു നേടും.. "
ആത്മവിശ്വാസത്തിലാണയാൾ. "നിനക്കെന്തു തോന്നുന്നു ഹമീദ്? അവൾ എത്ര പണം ചോദിക്കും?? "
"ഈ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെ തന്നെ.. പുറമേ വലിയ ഭാവം നടിക്കും.. " അയാൾ നിർത്താൻ ഭാവമില്ല.. ഹമീദിന് അസഹ്യത തോന്നി.. പെണ്ണുങ്ങളെ അടച്ചാക്ഷേപിച്ചത് അവനൊട്ടും ഇഷ്ടപ്പെട്ടില്ല. എങ്കിലും അവനൊന്നും മിണ്ടിയില്ല..
      മൻസൂർ കരുതുന്ന പോലെ അവളൊരു കച്ചവടച്ചരക്കല്ലെന്ന് ഹമീദിന് തോന്നി. അങ്ങനെയുള്ളവർ തീർച്ചയായും ഉണ്ടാവും.. പക്ഷേ ഇവൾ.. അവളെക്കുറിച്ചു അത്തരത്തിൽ ചിന്തിക്കാൻ പോലും അവൻ അശക്തനായി. മൻസൂറിന്റെ നികൃഷ്ടമായ വികാര വിചാരങ്ങൾക്കു വശംവദയാകുന്നവളല്ല അവളെന്നു വിശ്വസിക്കാൻ അവനാഗ്രഹിച്ചു.
       ഒറ്റയ്ക്കായപ്പോഴൊക്കെ, പിന്നെയും പിന്നെയും അവന്റെ മനസ്സ് ആ പെൺകുട്ടിയിലേക്ക് ചാഞ്ഞു. കടയടച്ച ശേഷം വിശ്രമിക്കുമ്പോൾ, നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്ന നീല നിശീഥിനിയിൽ അവൾ തന്നെ തേടി വരുന്നത് അവൻ സ്വപ്നം കണ്ടു. അവളുടെ മൗനത്തിനു പോലും മാധുര്യമുള്ളതായി അവന് അനുഭവപ്പെട്ടു. കടയുടമ ഫാജിർ തൊട്ടു പിന്നിൽത്തന്നെയാണ് താമസം.അയാളും ഒറ്റയ്ക്കു തന്നെ.  ഹമീദ് അയാളുടെ അടുത്തു പോയി ഇടയ്ക്കൊക്കെ കുറച്ചു സമയം ചെലവഴിക്കും.. വല്ലപ്പോഴും മാത്രമാണ് ഫാജിർ കിടക്ക വിട്ടെഴുന്നേറ്റു പുറത്തു പോകുന്നത്.. അയാൾക്ക് തീരെ വയ്യാതായിരിക്കുന്നു.അവിടെയടുത്തുള്ള ഒരു സ്ത്രീ പകൽ സമയത്തു വന്ന് വീട്ടുകാര്യങ്ങൾ കുറച്ചൊക്കെ നോക്കും. പകരമായി കടയിൽ നിന്ന് അവർക്കാവശ്യമുള്ളതൊക്കെ എടുത്തു കൊണ്ടു പോവുകയും ചെയ്യും.
        

ഈയിടെയായി ആ വൃദ്ധന് പരസഹായം ആവശ്യമാണെന്ന്  ഹമീദിന് തോന്നിത്തുടങ്ങി .. അയാൾക്ക് അവനെ വലിയ കാര്യവുമായിരുന്നു. അയാളാണല്ലോ കൗമാരക്കാരനായിരുന്ന അവന് ഒരിക്കൽ അഭയം കൊടുത്തത് ! രാത്രി കാലങ്ങളിൽ അയാൾക്കൊരു തുണയ്ക്കായി  കുറച്ചുനേരം അവൻ അവിടെപ്പോയിരിക്കും. മരണത്തിന്റെ ഗന്ധം അവിടെ പരക്കുന്നത് പോലെ അവനപ്പോൾ തോന്നും. കൂടുതലൊന്നും അവർക്ക് പരസ്പരം പറയാനില്ല. കച്ചവടം മോശമാകുന്നതിനെക്കുറിച്ചും, ആരോഗ്യം തിരിച്ചു കിട്ടണേയെന്നുള്ള പ്രാർത്ഥനകൾ വിഫലമാകുന്നതിനെക്കുറിച്ചും മാത്രമായി അതു ചുരുങ്ങും. ചില സമയത്ത് അത്യന്തം വിഷാദവാനായി, കണ്ണീരോടെ അയാൾ മരണത്തെക്കുറിച്ചും, അതു കാത്തിരിക്കുന്ന തന്റെ ജീവിതത്തെക്കുറിച്ചും പറയും. ഉറങ്ങുന്നതിനു മുൻപ് ഹമീദ് അയാളെ ശുചിമുറിയിൽ കൊണ്ടുപോകും. അയാളെ തിരികെ കൊണ്ടുവന്ന ശേഷം ശൗചാലയവും വൃത്തിയാക്കിയിട്ടേ മടങ്ങുകയുള്ളൂ. ചില രാത്രികളിൽ ഫാജിറിന്റെ പിറുപിറുക്കലുകൾ ഉച്ചത്തിലാകും... ഇടയ്ക്കു മൃദുവായി, എന്നാൽ ഉറക്കെ ഹമീദിനെ പേരെടുത്തു വിളിക്കും.

നടുമുറ്റത്തിനു പിന്നിലെ വരാന്തയിലാണ് ഹമീദ് കിടക്കാറുള്ളത്. എന്നാൽ മഴക്കാലമാകുമ്പോൾ, കടമുറിക്കുള്ളിലെ സാധനങ്ങൾ ഒതുക്കി വെച്ച്, അതിലെ ഇത്തിരി വട്ടത്തിലാവും ഉറക്കം. ഒരിക്കലും പുറത്തേക്കു പോകാതെ, ആരോടും മനസ്സു തുറക്കാനില്ലാതെ, ഏകാന്തമായ രാത്രികൾ അവൻ തള്ളിനീക്കി.

ഏതാണ്ട് ഒരു വർഷത്തിലേറെയായി, അവൻ ആ കടമുറി വിട്ടു പുറത്തിറങ്ങിയിട്ട്... വൃദ്ധനായ ഹാജിർ കിടപ്പിലാകുന്നതിനു മുൻപ്.. അയാളോടൊപ്പം മാത്രമേ ഹമീദ് നഗരക്കാഴ്ചകൾ കണ്ടിട്ടുള്ളൂ. എല്ലാ വെള്ളിയാഴ്ചകളിലും പള്ളിയിൽ നിസ്കാരത്തിനു പോകുമ്പോൾ, മഴയത്തു പൊട്ടിപ്പൊളിഞ്ഞ നടപ്പാതയിൽ കൂട്ടം കൂടി നിൽക്കുന്ന ജനാവലിയെ കണ്ടതും, അവിടത്തെ ബഹളങ്ങളൊക്കെ കേട്ട് അന്ധാളിച്ചതും ഓർമ്മയിലേക്ക് തിക്കിത്തിരക്കിയെത്തി . വീട്ടിലേക്കു മടങ്ങും വഴി, ചന്തയിൽ കയറുന്നതും, പല നിറങ്ങളിലും ആകൃതിയിലുമുള്ള പഴങ്ങളും, പച്ചക്കറികളും തൊട്ടു നോക്കിയും, മണത്തു നോക്കിയും സൂക്ഷ്മതയോടെ ഫാജിർ തിരഞ്ഞെടുക്കുന്നതുമെല്ലാം മനസ്സിലേക്കോടിക്കയറി. കൗമാരം കടന്നയുടനെയാണ് ഹമീദ് ആ പട്ടണത്തിൽ എത്തുന്നതും ഫാജിറിനോടൊപ്പം കൂടുന്നതും..

ഒരു കച്ചവടം എങ്ങനെ നന്നായി കൊണ്ടുപോകണമെന്ന് ഫാജിർ അവന് കാണിച്ചു  കൊടുത്തു. വളരെ വേഗം ഹമീദ് എല്ലാം പഠിച്ചെടുത്തു. ഫാജിറിന് അവനെ വലിയ വിശ്വാസമായിരുന്നു.. അതിനൊരു ഭംഗം വരാൻ അവൻ ഇടകൊടുത്തുമില്ല. രാത്രികളിൽ ഏകാന്തത തളർത്തുമ്പോൾ, തന്റെ നാടും, വീടും, മാതാപിതാക്കളും, സഹോദരങ്ങളും, കൂട്ടുകാരും ഒക്കെ ഓർമ്മയിലേക്കോടിവരും. തന്റെ നഷ്ട സ്വർഗ്ഗങ്ങളെക്കുറിച്ചോർത്ത്
അവൻ വിതുമ്പിപ്പോകും.. കണ്ണുകൾ സജലങ്ങളാകും. ആ കടമുറി തന്റെ തടവറയാണെന്ന് സ്വയം ശപിക്കും.

അവന്റെ ഹൃദയത്തുടിപ്പായി മാറിയ പെൺകുട്ടി വീണ്ടും വന്നത് പയറും, പഞ്ചസാരയും വാങ്ങുന്നതിനാണ്. അവൾക്കു വേണ്ട സാധനങ്ങൾ നൽകുമ്പോൾ അവൻ ഉദാരമനസ്കനായി. അളവിലും തൂക്കത്തിലും വർദ്ധനയുണ്ടാകും. അവളതു ശ്രദ്ധിക്കുകയും, അവനെ നോക്കി മനോഹരമായി പുഞ്ചിരിക്കുകയും ചെയ്യും.. അപ്പോൾ അവന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടും. മൗനം വാചാലമാകുന്നത് അവൻ അനുഭവിച്ചറിഞ്ഞു.. ആത്മാവു തൊടുന്ന അവളുടെ മന്ദഹാസത്തിൽ ഒരു കളിയാക്കലുണ്ടോ എന്ന് അവൻ ആശങ്കപ്പെട്ടു.അടുത്ത തവണപക്ഷേ,  
മുഖപ്രസാദത്തോടുകൂടി ആശംസ നേർന്ന്  അവൾ, അവനെ അദ്‌ഭുതപ്പെടുത്തി. പിന്നീടൊരിക്കൽ ആളൊഴിഞ്ഞ നേരത്ത്, തന്റെ പേര് റുഖിയ എന്നാണെന്നും അടുത്ത കാലത്താണ് ബന്ധുക്കളോടൊപ്പം താമസിക്കാൻ, ആ പട്ടണത്തിൽ എത്തിയതെന്നും അറിയിച്ചു.
         "നിന്റെ വീടെവിടെയാണ്? ' അവൻ ആരാഞ്ഞു.
         " വെമ്പേമാറിൻഗോ " .. ദൂരേക്ക് കൈചൂണ്ടി അവൾ സ്ഥലപ്പേര് പറഞ്ഞു. വളരെ അകലെയാണതെന്ന് ആംഗ്യത്തിലൂടെ അടയാളപ്പെടുത്തി. പിന്നിലുള്ള വഴിയിലൂടെ, കുന്നു കയറിയിറങ്ങി വളരെ ദൂരം പോയാലേ അവിടെയെത്തിച്ചേരാനാകൂ എന്നും.
പകൽ നേരങ്ങളിൽ അവൾ ധരിച്ചിരുന്ന നീല നിറത്തിലുള്ള കോട്ടൺ വസ്ത്രം
ഒരു യൂണിഫോം പോലെ തോന്നിച്ചു.
  "എവിടെയാണ് നീ ജോലി ചെയ്യുന്നത്? "
 ആ ചോദ്യം അപ്രസക്തമാണെന്ന മട്ടിൽ അവൾ മുഖം തിരിച്ചു. എന്നാൽ, ഒരു നല്ല ജോലി തരപ്പെടും വരെ നഗരത്തിലെ ഒരു പുതിയ ഹോട്ടലിൽ പണിക്കാരിയായി നിൽക്കുകയാണെന്ന് പിന്നീട് പറഞ്ഞു.  ആ നഗരത്തിലെ ഏറ്റവും നല്ല ഹോട്ടൽ ആണത്.. "ഇക്വേറ്റർ ".. എല്ലായിടത്തും പരവതാനി വിരിച്ച, നീന്തൽ കുളവും,  ജിംനേഷ്യവും ഒക്കെയുള്ള വലിയ ഹോട്ടൽ ആണതെന്ന്  അവൾ വർണ്ണിച്ചു. താമസക്കാരിൽ അധികവും യൂറോപ്യൻമാരും, ഇന്ത്യക്കാരും  ആണെന്നും..  പക്ഷേ ഈ "കാടന്മാരുടെ'യൊക്കെ കിടക്ക വിരികൾക്ക് ദുർഗന്ധമാണെന്ന് പറയാനും മടിച്ചില്ല.


രാത്രിയിൽ കടയടച്ച ശേഷം പിൻമുറ്റത്തെ, കിടപ്പറയിലേക്ക് തുറക്കുന്ന വാതിൽപ്പടിയിൽ ചാരി പുറത്തേക്കു നോക്കി അവൻ നിന്നു. തെരുവുകൾ വിജനമായിരുന്നു. അസ്വസ്ഥത തോന്നും വിധം ബഹളമയമായ അവിടം, അന്നേരം ശാന്തമായിരുന്നു. നിശയുടെ നിശ്ശബ്ദയാമങ്ങൾ.. അവൻ ഇടയ്ക്കിടെ റുഖിയയെക്കുറിച്ചോർക്കുകയും, അറിയാതെ അവളുടെ പേര് ഉച്ചരിക്കുകയും ചെയ്തു. അവന്റെ ഏകാന്തതയ്ക്കു ഭംഗം വരും പോലെ അവൾ ആക്രോശിക്കുന്നതായി സങ്കൽപ്പിച്ചു . ആദ്യമായി  കണ്ടപ്പോൾ അവൾ തന്നെ നോക്കിയ നോട്ടം അവൻ  ഓർത്തു... അന്ന് സായം സന്ധ്യയിലെ നിഴൽ പോലെ അവൾ പോയ്‌ മറഞ്ഞത്...അവളെ ഒന്നു തൊടണമെന്ന് അവന് തോന്നി. കാലത്തിന്റെ ഇരുണ്ടയിടനാഴികൾ തന്നെക്കൊണ്ടെത്തിച്ചതെവിടെയാണെന്ന് അവനോർത്തു. അതു കൊണ്ടു മാത്രമല്ലേ, ഇങ്ങനെ അപരിചിതമായൊരിടത്ത്,  അപരിചിതയായ ഒരു പെൺകുട്ടിയെ ഒന്നു തൊടണമെന്നു കൊതിച്ച്‌ .... ഒറ്റപ്പെടലിൽ നിന്നൊരു രക്ഷപ്പെടൽ കൊതിച്ച്‌ .. ഒരു ഇലയനക്കം പോലുമില്ലാത്ത തെരുവിലേക്ക് നോക്കി തനിക്ക് നിൽക്കേണ്ടി വന്നത് !!

അന്നു രാത്രി, രണ്ടും കൽപ്പിച്ച്‌, വാതിൽ താഴിട്ടു പൂട്ടി, അവൻ വഴിയിലേക്കിറങ്ങി. വളരെ സാവധാനം നടന്ന് തെരുവ് വിളക്കിന്റെ ചുവട്ടിലെത്തി. അടിവെച്ചടിവെച്ച് ഓരോ വിളക്കു കാലുകളും താണ്ടി. തനിക്കു ഭയം തോന്നുന്നില്ലല്ലോയെന്ന് അതിശയിച്ചു. സമീപത്ത് എന്തോ അനങ്ങുന്ന ശബ്ദം കേട്ടെങ്കിലും തിരിഞ്ഞു നോക്കാനോ നടപ്പു നിർത്താനോ മുതിർന്നില്ല.മനസ്സുറപ്പിച്ച്‌ യാത്ര തുടർന്നു. എവിടേയ്ക്കാണ്
പോകുന്നതെന്നോ, വഴിതെറ്റാനിടയുണ്ടല്ലോ എന്നൊന്നും        അവൻചിന്തിച്ചില്ല.ആത്മവിശ്വാസത്തോടെ മുന്നോട്ട്.. ഒരു കോണിൽ നിന്ന് അടുത്തത്തിലേക്ക് : അവിടുന്നടുത്തതിലേക്ക്‌... അങ്ങനെ ആ തെരുവിന്റെ മുക്കിലും മൂലയിലും അവൻ നടന്നെത്തി. ഒരിടത്തും ഒരു മനുഷ്യ ജീവിയെപ്പോലും കണ്ടില്ല : ഒരു പോലീസുകാരനെയോ, കാവൽക്കാരനേയോ പോലും.. ഒരു ചത്വരത്തിന്റെ അരികിൽ, മരം കൊണ്ടുണ്ടാക്കിയ ചാരുബെഞ്ചിൽ അവനിരുന്നു. ഇവിടമെല്ലാം തനിക്കു പരിചയമുള്ളതു പോലെ തോന്നുന്നല്ലോ എന്ന് അദ്‌ഭുതപ്പെട്ടു. അവിടെയൊരിടത്തു സ്ഥാപിച്ചിരുന്ന ക്ലോക്ക് ടവറിൽ നിന്നു കേൾക്കുന്ന നാഴിക മണിയുടെ സ്പന്ദനം രാത്രിയുടെ നിശ്ശബ്ദതയെ ഭേദിക്കുന്നതായി അവനു തോന്നി. ചത്വരത്തിന്റെ അരികു വശങ്ങളിൽ നിര നിരയായി ലോഹത്തൂണുകൾ നാട്ടിയിരുന്നു. മറ്റൊരരികിൽ ബസുകൾ പാർക്ക് ചെയ്തിരുന്നു. വേറൊരു വശത്തു നിന്ന് അലകടലിന്റെ ഗർജ്ജനം മുഴങ്ങി.

ആ ശബ്ദം വരുന്നത് അത്ര ദൂരത്തു നിന്നല്ലെന്ന് അവൻ കണ്ടുപിടിച്ചു. സമുദ്ര ജലത്തിന്റെ ഗന്ധം അവനെ ഉന്മത്തനാക്കി. അച്ഛന്റെ വീട് അവനോർമ്മ വന്നു. അതൊരു കടൽത്തീരത്തിനടുത്തായിരുന്നു. മറ്റു കുട്ടികളോടൊപ്പം അവിടെ കളിച്ചു തിമിർത്തതും കുളിച്ചു രസിച്ചതും ഓർത്തു. അങ്ങനെയൊരു കാലത്തെക്കുറിച്ചുള്ള സ്മരണകൾ പോലും നിരർത്ഥകമാണെന്നവനു തോന്നി. തിരമാലകൾ വെളുത്തു പതഞ്ഞു തീരമണയുന്നതും കടൽ ഭിത്തികളിൽ തട്ടിത്തകരുന്നതും അവൻ നോക്കിനിന്നു. ബോട്ടുജെട്ടിക്കരികിലുള്ള വിളക്കുകൾ തീക്ഷ്ണമായി പ്രകാശിച്ചു. യന്ത്രങ്ങളുടെ മൂളൽ പോലൊരു ശബ്ദം ആ ഭാഗത്തു നിന്നുയർന്നിരുന്നു. ആ നേരത്ത് ആരെങ്കിലും അവിടെ ജോലി ചെയ്യുന്നുണ്ടെന്നു കരുതുക വയ്യ. ഇരുട്ടിന്റെ തിരശ്ശീലയിൽ തെളിയുന്ന നക്ഷത്രപ്പൊട്ടുകളെന്നോണം തീരത്തു നിറയെ ദീപങ്ങൾ പ്രകാശിച്ചു. ഇവിടെ മുൻപ് ജീവിച്ചിരുന്നവരെക്കുറിച്ചും, ഇപ്പോൾ ജീവിക്കുന്നവരെക്കുറിച്ചും അവൻ ആലോചിച്ചു.. പെട്ടെന്ന് ഭയം കൊണ്ട് നട്ടെല്ലിലൂടെ ഒരു തരിപ്പ് പാഞ്ഞു കയറി. ഇരുട്ടിന്റെ മറവിലുള്ള ജീവിതങ്ങളെക്കുറിച്ച് അവനോർക്കുകയായിരുന്നു. എന്തും ചെയ്യാൻ മടിയില്ലാത്ത, കരുത്തരായ പുരുഷന്മാരുടെ ക്രൂരമായ മുഖങ്ങൾ അവൻ മനസ്സിൽ വരച്ചെടുത്തു. ആർത്തട്ടഹസിച്ചു കൊണ്ട് അവർ,  അവന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതായി സങ്കൽപ്പിച്ചു..ആക്രമിക്കാൻ പതുങ്ങിയിരിക്കുന്ന നിഴലുകളെ തുടച്ചു മാറ്റാൻ എന്ന വണ്ണം നേർത്ത നിലാവെളിച്ചം അവിടെ തങ്ങി നിന്നു. അപരിചിതന്റെ മൃതദേഹത്തിന് ചുറ്റും ഓടിക്കൂടി നൃത്തം വെയ്ക്കുന്ന ജനാവലിയെ, അവൻ ഭാവനയിൽ മെനഞ്ഞു. അതവനെ ഭയചകിതനാക്കി.

അടുത്തടുത്തു വരുന്ന പാദപതനങ്ങളിൽ ജാഗരൂകനായി. ആചാരാനുഷ്ഠാനങ്ങളുടെയും, ഹർഷോന്മാദത്തിന്റെയും മൂർദ്ധന്യാവസ്ഥയിൽ,  ശത്രുവിന്റെ രക്തം പാനം ചെയ്ത് ഭൂമിയിൽ അടക്കുന്നതിന്റെ ആവേശത്തള്ളൽ. തമസ്സിന്റെ താവളങ്ങളിൽ അവർ അനുഭവിക്കുന്ന ഭയാനകമായ ശാരീരിക പീഡനങ്ങളുടേതു മാത്രമായിരുന്നില്ല അത്... അവർക്കറിയാമായിരുന്നു : അവരെവിടെയാണെന്ന്.. എന്താണെന്നും.. അവനോ.. യാതൊന്നിനെക്കുറിച്ചും അറിവില്ലാതെ, ഒന്നുമില്ലായ്മയുടെ നടുവിലും...

ഹമീദ് കടയുടെ നേർക്കു തിരിച്ചു നടന്നു.. ഒന്നിനെയും എതിർക്കാൻ ആവതില്ലാതെ.., അശക്തനായി.. എല്ലാത്തിനുമുപരി എന്തിനെയൊക്കെയോ ഭയപ്പെടുന്നവനായി.. ആത്മവിശ്വാസം തീരെ നശിച്ചവനായി..

 എങ്കിലും പിന്നെപ്പിന്നെ അതൊരു ശീലമായി..കടയടച്ചശേഷം.,ഫാജിറിനെപരിചരിച്ചശേഷം,..കടൽത്തീരത്തേക്കുള്ള  യാത്ര.. തന്നെ തനിച്ചാക്കി ഹമീദ് പോകുന്നത് ഫാജിറിന് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ലെന്നുമാത്രമല്ല, മുറു മുറുക്കാനും തുടങ്ങി. അവൻ  അതൊന്നും കേട്ടില്ലെന്നു നടിച്ചു. ഇപ്പോൾ ഹമീദും പല തരം മനുഷ്യരെ കാണാൻ തുടങ്ങിയിരിക്കുന്നു. പക്ഷേ
അവരെല്ലാവരും  തിരക്കു പിടിച്ച ഓട്ട ത്തിലാണ്. ആർക്കുമില്ല നേരം. പകൽ സമയത്ത്‌ , അവന്റെ നിമിഷങ്ങളെ ധന്യമാക്കാനെത്തുന്ന പെൺകുട്ടിയെ കാത്തുള്ള ഇരിപ്പാണ്. രാത്രിയിൽ അവൾ തന്റെ കൂടെത്തന്നെയുണ്ടെന്ന് അവൻ സങ്കൽപ്പിച്ചു. നിശ്ശബ്ദത ഘനീഭവിച്ച തെരുവിലൂടെ അലയുമ്പോൾ, വർത്തമാനം പറഞ്ഞു ചിരിച്ചുകൊണ്ട്.., ചിലപ്പോഴൊക്കെ കൈകൾ തോളത്തിട്ട് ചേർത്തു പിടിച്ചു കൊണ്ട്.. അവൾ,  തന്റെ കൂടെയുണ്ടെന്നു തന്നെ അവൻ കരുതി.

 എപ്പോഴൊക്കെ അവൾ കടയിൽ വന്നോ, അപ്പോഴൊക്കെ അവൾക്കായി കൂടുതൽ സാധനങ്ങൾ വാരിയിട്ടു കൊടുത്ത്, അവളുടെ മറു ചിരിക്കായി കാത്തു.അന്യോന്യം അവർ സംസാരിച്ചതാകട്ടെ, സൗഹൃദം കുറിക്കുന്ന ഏതാനും ആശംസാവചനങ്ങൾ മാത്രം.സാധനങ്ങൾക്ക്  ക്ഷാമം അനുഭവപ്പെട്ടിരുന്ന കാലമായിരുന്നു അത്.. ചില പ്രത്യേക ഉപഭോക്താക്കൾക്കായി മാറ്റി വെച്ചിരിക്കുന്ന സാധനങ്ങൾ പോലും അവൾക്കെടുത്തു കൊടുക്കാൻ അവൻ മടിച്ചില്ല..ഉദാത്തമായ പ്രണയം.. ! അവസരം കിട്ടുമ്പോഴൊക്കെ അവളെ പ്രകീർത്തിക്കാൻ അവനാഗ്രഹിച്ചു. അതിമനോഹരമായ  മന്ദഹാസത്തിൽ അവൾ അവനെ കൊരുത്തിട്ടു. മൻസൂർ അവളെപ്പറ്റിപ്പറഞ്ഞ, പൊങ്ങച്ചം കലർന്ന അഭിപ്രായപ്രകടനമോർത്ത്‌  അവൻ ഉള്ളിൽ ചിരിച്ചു. അവൾ ചില്ലറത്തുട്ടുകൾ കൊണ്ട് വാങ്ങാൻ പറ്റുന്നവൾ ആയിരുന്നില്ല : മറിച്ച്  ധൈര്യവും പ്രയത്നവും കൊണ്ട് നേടിയെടുക്കേണ്ട സ്വത്തായിരുന്നു. പകുതിക്കാഴ്ച മാത്രമുള്ള മൻസൂറിനോ, സാഹസികത അവകാശപ്പെടാനില്ലാത്ത ഹമീദിനോ അവളെ നേടുക എളുപ്പമായിരുന്നില്ല. അവൾ തന്നേയും സംശയക്കണ്ണോടെയാണ്  വീക്ഷിക്കുന്നതെന്ന് അവനു ചിലപ്പോഴൊക്കെ തോന്നാതിരുന്നില്ല.

          ഒരു ദിവസം വൈകുന്നേരം റുഖിയ വീണ്ടും പഞ്ചസാര വാങ്ങാനെത്തി. വിയർപ്പിൽ മുങ്ങി, മുഷിഞ്ഞു നാറിയ അതേ നീല വസ്ത്രം ധരിച്ച്.. ആ നേരത്ത് അവിടെ മറ്റാരും ഉണ്ടായിരുന്നില്ല.. അവൾക്ക് എന്നത്തേയും പോലെ വലിയ തിടുക്കമുള്ളതായും തോന്നിയില്ല. അവന്റെ ജോലിയെക്കുറിച്ച് ഓരോന്നു പറഞ്ഞ് പ്രകോപിപ്പിക്കാൻ അവളൊരു ശ്രമം നടത്തി.

 "ഇത്രയും നീണ്ട മണിക്കൂറുകൾ ഈ കട കൈകാര്യം ചെയ്യുന്ന നീ വലിയ പണക്കാരൻ ആയിരിക്കുമല്ലോ.. "

 "നീ മുറ്റത്ത്‌ എവിടെയാണ് പണം കുഴിച്ചിട്ടിരിക്കുന്നത്? "

 "നീ നാട്ടിൽ പോകാനായി ധാരാളം പണം കരുതി  വെച്ചിട്ടുണ്ടാകുമല്ലോ !"

അവൾ നിർത്താൻ ഭാവമില്ലെന്നു കണ്ട് അവന്റെ ക്ഷമ നശിച്ചു. ഇങ്ങനെ കുത്തിനോവിക്കുന്നതെന്തിനെന്ന മട്ടിൽ
അവളെ നോക്കി.

 "എനിക്കു സമ്പാദ്യം ഒന്നുമില്ല.. ഇവിടെ കാണുന്നതൊന്നും എന്റെ സ്വന്തവുമല്ല "
അവൻ വിഷാദത്തോടെ പറഞ്ഞു.
 
കേട്ടതൊന്നും വിശ്വസിക്കാനാവാത്ത മട്ടിൽ അവൾ ആശ്ചര്യം പ്രകടിപ്പിച്ചു. അതിലും ഒരു കളിയാക്കലിന്റെ ധ്വനിയുണ്ടായിരുന്നു..

"നീ ഏതായാലും കഠിനാധ്വാനിയാണെന്നതിൽ തർക്കമില്ല.  നിനക്ക് തമാശയും മനസ്സിലാകില്ല.". ഒരു തവി പഞ്ചസാര കൂടി അവളുടെ പൊതിയിലേക്കിടുന്നത് നോക്കി പുഞ്ചിരിച്ചു കൊണ്ടവൾ പറഞ്ഞു.
 
               "നന്ദി "
 
മുന്നിലേക്ക്‌ കുനിഞ്ഞു സാധനങ്ങൾ നിറച്ച സഞ്ചി എടുക്കുന്നതിനിടയിൽ അവൾമൊഴിഞ്ഞു.എന്നത്തേതിനേയുംകാൾ വ്യത്യസ്‍തമായി ഒരു നിമിഷം കൂടുതൽ അവൾ അവിടെ നിന്നു. പിന്നീട് തിരിഞ്ഞിട്ട്, അവന്റെ കണ്ണുകളുടെ ആഴങ്ങളിലേക്ക്  നോക്കിക്കൊണ്ടു പറഞ്ഞു..
 "എപ്പോഴും നീയെനിക്ക് കൂടുതൽ സാധനങ്ങൾ തരാറുണ്ട്.. അതിന് പകരമായി എന്തോ ഒന്ന്, നീയെന്നിൽ നിന്നു പ്രതീക്ഷിക്കുന്നുമുണ്ട്.. പക്ഷേ, തരുമ്പോൾ,  ഈ കുഞ്ഞുകുഞ്ഞു
വസ്തുക്കളല്ല തരേണ്ടത്.. അതിലും വിലയേറിയ സമ്മാനമാണ്.. "

ഹമീദിനു മറുപടി ഉണ്ടായില്ല..അവൾ ആവശ്യപ്പെട്ടത് ഒരു ജീവിതമാണെന്ന തിരിച്ചറിവിൽ അവൻ പകച്ചു നിന്നു. നാണക്കേട് കൊണ്ട്  ചൂളിപ്പോയി.. പതിയെ ചിരിച്ചു കൊണ്ട് അവൾ അവിടെ നിന്നു നടന്നു നീങ്ങി. ഒരുതവണ കൂടി അവനെ പാളി നോക്കിയിട്ട് ഇരുട്ടിലേക്ക് ഇഴുകിച്ചേർന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top