09 December Saturday

ദൈവം വേട്ടയാടുന്ന മനുഷ്യർ- ‘കഥപറച്ചിലുകാരനായി' ജീവിക്കുന്ന സി വി ബാലകൃഷ്ണന്റെ എഴുത്തുജീവിതം താണ്ടിയ കാതങ്ങളിലൂടെ...

രാഹുൽ രാധാകൃഷ്ണൻUpdated: Saturday Sep 16, 2023

സി വി ബാലകൃഷ്‌ണൻ - ഫോട്ടോ: പ്രകാശ്‌ മഹാദേവഗ്രാമം

മനസ്സിൽ കൊരുത്ത കഥയുടെ തന്തു അടുത്ത നിമിഷം തന്നെ വികസിപ്പിക്കുകയും എഴുതുകയും ചെയ്തില്ലെങ്കിൽനാളെ ഉണ്ടാകില്ല എന്ന് കഥയെഴുത്തുകാർക്ക് അറിയാം. ഇത്തരത്തിലുള്ള  തിടുക്കമാണ് കഥയുടെ ജീവശ്വാസമെന്ന് ഷെഹറസാദിന്റെ കഥപറച്ചിൽവ്യക്തമാക്കുന്നു. അര നൂറ്റാണ്ടായി ‘കഥപറച്ചിലുകാരനായി' ജീവിക്കുന്ന സി വി ബാലകൃഷ്ണൻകൈക്കൊള്ളുന്ന ആപ്തവാക്യവും ഇതാണെന്നു നിസ്സംശയം പറയാം.

കഥപറച്ചിൽ എന്ന സങ്കേതത്തിന് എഴുത്തുരൂപത്തിലൂടെയും പ്രചാരം വന്നതോടെ സാഹിത്യം സഞ്ചരിച്ച  വ്യവസ്ഥാപിത ദൂരത്തിൽ അന്തരമുണ്ടായി. കഥകൾക്ക് നിയതമായ രൂപവും പ്രമാണവും നിഷ്കർഷിക്കാനാവില്ലെങ്കിലും ഫിക്‌ഷന്റെ തലങ്ങൾക്ക് കാലക്രമത്തിൽ പ്രത്യേക നിർവചനം ഉരുവം കൊള്ളുകയായിരുന്നു. കാർലോസ് ഫ്യുയന്തസ് ‘The Storyteller' എന്ന ലേഖനത്തിൽ കഥാകൃത്തിനെയും നോവലിസ്റ്റിനെയും വ്യതിരിക്തമായ രീതിയിൽ വേർതിരിക്കുന്നുണ്ട്.

കാർലോസ്  ഫ്യുയന്തസ്

കാർലോസ് ഫ്യുയന്തസ്

അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ ഏകാകിയായ നാവികനായി കഥാകൃത്ത് ആവിർഭവിക്കുമ്പോൾ വ്യത്യസ്ത മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘം മനുഷ്യരെയാണ് നോവലിസ്റ്റ്  പ്രതിനിധീകരിക്കുന്നത്.

മനസ്സിൽ കൊരുത്ത കഥയുടെ തന്തു  അടുത്ത നിമിഷം തന്നെ വികസിപ്പിക്കുകയും എഴുതുകയും ചെയ്തില്ലെങ്കിൽ  നാളെ ഉണ്ടാകില്ല എന്ന് കഥയെഴുത്തുകാർക്ക് അറിയാം.  ഇത്തരത്തിലുള്ള  തിടുക്കമാണ് കഥയുടെ  ജീവശ്വാസമെന്ന് ഷെഹറസാദിന്റെ കഥപറച്ചിൽ  വ്യക്തമാക്കുന്നു. അര നൂറ്റാണ്ടായി ‘കഥപറച്ചിലുകാരനായി' ജീവിക്കുന്ന സി വി ബാലകൃഷ്ണൻ കൈക്കൊള്ളുന്ന ആപ്തവാക്യവും ഇതാണെന്നു നിസ്സംശയം പറയാം. അന്പത്തിയഞ്ചോളം വർഷത്തെ എഴുത്തുജീവിതത്തിൽ  താണ്ടിയ കാതങ്ങളും ദിശാവ്യതിയാനവും പ്രത്യക്ഷത്തിൽ ദ്യോതിപ്പിക്കുന്നതാണ് സി വി ബാലകൃഷ്ണൻരചിച്ച നോവെല്ലകളും കഥകളും. ജീവിതം കഥ പോലെയാണെന്ന കേവല പ്രസ്താവനയെ മറികടന്നുകൊണ്ടുള്ള സന്ദർഭങ്ങളെ സൃഷ്ടിക്കുന്ന കഥാകാരനാണ് സി വി ബാലകൃഷ്ണൻ.

വിചിത്രമായ സൂത്രവാക്യങ്ങളാൽ ചേരുംപടി ചേർക്കേണ്ട സൂചനകളെ ഘടിപ്പിക്കുന്ന ശ്രമകരമായ യത്നമാണ് കഥകളിലൂടെ അദ്ദേഹം സാക്ഷാത്കരിക്കുന്നത്. ഗതാഗതക്കുരുക്കുകളും തിരക്കേറിയ പാതകളും നിറഞ്ഞ സമകാല ലോകത്ത് മനുഷ്യർ  എത്തിപ്പെടുന്ന ലാബിറിന്തുകളെപ്പറ്റിയുള്ള പ്രായോഗികജ്ഞാനം  സി വി ബാലകൃഷ്ണന്റെ  കഥാഗാത്രത്തെ സ്വാധീനിക്കുന്നത് സവിശേഷമായ അടയാളപ്പെടുത്തലുകളായി വിലയിരുത്താം.

യൂട്ടോപ്യൻ ഇടം എന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിലുള്ള ഫിക്‌ഷൻ കെട്ടിയുയർത്തുന്ന അദ്ദേഹം സ്ഥലത്തിന്റെ രാഷ്ട്രീയത്തെയോ പാരിസ്ഥിതിക ചരിത്രബോധ്യങ്ങളെയോ ആഖ്യാനത്തിൽ സന്നിവേശിപ്പിക്കാൻ മനഃപൂർവം യത്നിക്കുന്നില്ല. ഇക്കാലയളവിൽ അദ്ദേഹം തിരഞ്ഞെടുത്ത പരിസരങ്ങളും സ്വീകരിച്ച എഴുത്തുരീതിയും ഉപയോഗിച്ച  ഭാഷാശൈലിയും പല വിധത്തിൽ ആകൃതിപ്പെട്ടത് പരാമർശിക്കാതെ തരമില്ല. ഗ്രാമാന്തരീക്ഷത്തിലെ  ഇതിവൃത്തങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും സാങ്കല്പികഭൂമികകളിലേക്കും അദ്ദേഹം കഥാഭൂപടത്തെ വഴി മാറ്റി സ്ഥാപിക്കാൻ ഉത്സുകനായി. എഴുത്തിൽനടക്കേണ്ട നവീകരണത്തിന്റെ പൂർണതയ്ക്കായി ശില്പഘടനയിൽപരീക്ഷണങ്ങൾ നടത്തേണ്ടതുണ്ടെന്ന്‌ വിശ്വസിച്ച എഴുത്തുകാരനാണ് സി വി ബാലകൃഷ്ണൻ.

അധികാരത്തിന്റെയും രതിയുടെയും ശരീരാസക്തിയുടെയും  വിളനിലമായ അവസ്ഥകളെ  കുടിയേറ്റത്തിന്റെയും  കെട്ടുകഥയുടെയും  ഗോത്രചരിത്രത്തിന്റെയും പശ്ചാത്തലത്തിൽ അദ്ദേഹം അവതരിപ്പിച്ചു. തപിക്കുന്ന ഏകാന്തതയും മഥിക്കുന്ന വിഷാദവും അലട്ടുന്ന നൈരാശ്യവും കഥാപാത്രങ്ങളുടെ പിരിമുറുക്കങ്ങൾക്ക് ആക്കം കൂട്ടുന്നതെങ്ങനെയെന്നു ബോധ്യപ്പെടുത്തുമ്പോഴും  കഥകളില്ലാത്ത ലോകം ശുഷ്കമാണെന്ന ധാരണ  ഈ കഥാകാരൻ കാത്തുസൂക്ഷിക്കുന്നു. കഥയുടെ പ്രതിരൂപാത്മകമായ ആവിഷ്കരണമാണ് ജീവിതമെന്ന വിശാലതത്വം അദൃശ്യമായി നിഴലിക്കുന്ന സർഗാത്മകവഴിയിലാണ്‌ അദ്ദേഹം നടക്കുന്നത്.

സി വി ബാലകൃഷ്ണന്റെ ആദ്യത്തെ കഥാസമാഹാരം ‘ഭൂമിയെപ്പറ്റി അധികം പറയണ്ട' ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്നിലാണ് പ്രസിദ്ധീകരിച്ചത്.

ജീവിതത്തിൽ ആകസ്മികമായി  ഉരുണ്ടുകൂടുന്ന മുഹൂർത്തങ്ങളെ യഥാതഥമായി നേരിടുന്ന കഥാപാത്രങ്ങളാണ് ഈ കഥയിലുള്ളത്. ‘കുളിര്', ‘സുഭദ്ര' തുടങ്ങിയ ആദ്യകാല കഥകളിലെ  യഥാതഥ ശൈലിയിൽനിന്ന് ‘ഉറങ്ങാൻ വയ്യ'യിൽ എത്തുമ്പോൾ ആഖ്യാനഘടനയിലും ഭാവുകത്വത്തിലും വേറിട്ട മുഖം അനായാസമായ തരത്തിൽ ക്രമപ്പെടുകയാണ്.

പ്രമേയത്തിലും ഭാഷയിലും കൈവരുത്തിയ അവധാനപൂർവമായ സമീപനം കൃത്യമായി ഗ്രഹിക്കണമെങ്കിൽ ‘ഉറങ്ങാൻ വയ്യ'യും ‘ദുരൂഹത എന്നൊരു പാത'യും താരതമ്യം ചെയ്താൽ മതി. ഈ രണ്ടു കഥകൾക്കിടയിലെ ദൂരം മുപ്പത്തിയേഴ് വർഷമാണ്. പ്രാഥമികമായി ഒറ്റപ്പെട്ടവനും തന്നിഷ്ടക്കാരനുമായ ഒരു വൃദ്ധന്റെ ധാർഷ്ട്യത്തെ സൂചിപ്പിക്കുന്ന ‘ഉറങ്ങാൻ വയ്യ'(1982) വ്യത്യസ്തമായ  ഒരു ഭാവുകത്വത്തെയാണ് സമർഥിക്കുന്നത്.

കാടിന് സമീപമുള്ള വാസസ്ഥലത്ത്, പക്ഷികളുടെ ചിറകടിയൊച്ച അലോസരപ്പെടുത്തുന്ന, നായാട്ടുകാരനായ ഒരു ക്രുദ്ധ വൃദ്ധനാണ് ഈ കഥയിലെ മുഖ്യ കഥാപാത്രം. മറ്റുള്ളവർക്ക് മേൽതോക്കിൻകുഴലിലൂടെ അധികാരം സ്ഥാപിക്കാൻ വെമ്പുന്ന, ലഹരിക്കടിമയായ പരുക്കൻ കഥാപാത്രമായ അയാൾ ഭാര്യയോട് പോലും ശാന്തമായി പെരുമാറിയിരുന്നില്ല. തോക്കിനെ പരിചരിക്കുന്ന രീതിയിൽ നിന്ന് അതെത്ര മാത്രം അയാൾക്ക് പ്രിയപ്പെട്ടതാണെന്നു മനസ്സിലാവുന്നുണ്ട്. സഹജീവികളെ കാണാതെ ജീവിക്കുന്ന, ഭക്ഷണത്തിനായി പക്ഷികളെയും മറ്റും നായാടുന്ന, ഏകാന്തതയുടെ തീ തിന്നു ജീവിക്കുന്ന വൃദ്ധൻ അതേ സമയം സമഗ്രാധിപത്യത്തിന്റെ മുദ്രകൾ പേറുന്നവനുമാണ്. പ്രകൃതിയുടെ വന്യത കഥയുടെ താളത്തിന് അനുയോജ്യമായി രൂപം കൊള്ളുന്നതും വൃദ്ധന്റെ  അഹന്താപൂർണമായ പെരുമാറ്റം ഭാര്യയ്ക്ക് അലോസരമുണ്ടാക്കുന്നതും എടുത്തുപറയണം.

ഒരു ദിവസം എരണ്ടപ്പക്ഷികളെ വെടിവെച്ച് വീഴ്ത്താൻ ഉൾക്കാട്ടിലേക്ക് പോയ അയാൾ അവിടെവെച്ച്  ചെറുപ്പക്കാരായ കാമുകീകാമുകന്മാരുടെ പ്രണയലീലയ്ക്ക് സാക്ഷ്യം വഹിക്കാനിടയാകുന്നു. ഈ ദൃശ്യം അയാളിൽ നീരസവും പകയും കത്തിച്ചുതുടങ്ങി. തന്റെ ആവാസവ്യവസ്ഥയുടെ സമനില ലംഘിച്ചുകൊണ്ട് കടന്നുവന്ന യുവതീയുവാക്കൾവൃദ്ധനുള്ളിൽഅടങ്ങിക്കിടന്ന മൃഗത്തിന്റെ ചുര മാന്തുകയാണുണ്ടായത്. അന്തരീക്ഷത്തിൽ ശ്രദ്ധാപൂർവം പുലർത്തുന്ന പാടവം, വൃദ്ധന്റെ സ്വഭാവത്തിനനുസൃതമായി വീട്ടിലും പരിസരത്തും തളം കെട്ടിക്കിടക്കുന്ന ക്രൗര്യത്തിന്റെ അന്ധകാരം, ആധിപത്യത്തിന്റെ ഭാഷയിലുള്ള ആഹ്വാനങ്ങളും, ഉറങ്ങിക്കിടക്കുന്ന രത്യാഭിലാഷങ്ങളും, ഒറ്റയാന്റെ അസഹിഷ്ണുതയും  വെറുപ്പും എന്നിങ്ങനെയുള്ള ഭാവവിക്ഷോഭങ്ങൾ അസാമാന്യ സർഗാത്മകതയോടെ ആഖ്യാനത്തിൽവേര് പടർത്തുന്നു.

സ്വേച്ഛാധിപത്യ സമൂഹങ്ങളുടെ ദർശനങ്ങൾ ചിത്രീകരിക്കുന്ന കൃതികളിലെ ഇടങ്ങൾ ഇരുണ്ടതും അസുഖകരവുമാണ്. ചരിത്രപരമായ പരോക്ഷ സൂചനകൾ, ചുറ്റുപാടുകളുടെ രൂപം, ഭാഷയുടെ പ്രാധാന്യം എന്നീ ഘടകങ്ങളുടെ ഊന്നൽ പ്രസ്തുത പശ്ചാത്തലത്തെ സജീവമാക്കുന്നു. അത്തരം  സമൂഹങ്ങളുടെ ലക്ഷണശാസ്ത്രം വൃദ്ധന്റെ ചേഷ്‌ടാവിശേഷങ്ങളിലേക്ക് അദ്ധ്യാരോപം ചെയ്തതായി വായിച്ചെടുക്കാം. പ്രായമായതും, മരണത്തിലേക്ക് അധികം നാളുകളില്ലായെന്ന തോന്നലും വൃദ്ധന്റെ ജീവിതത്തെ കൂടുതൽ നൈരാശ്യത്തിലാഴ്ത്തിയിരുന്നു. മനസ്സിനൊത്ത് ശരീരത്തിന് കെൽപ്പില്ലാത്ത നില  അയാളെ തളർത്തുകയും ചെയ്തു. ശരീരം അധികാരത്തിന്റെ പ്രതിഫലനിയായി വർത്തിച്ച  സ്ഥിതിയിൽ നിന്നും കാലിടറുന്നത് അയാൾക്ക് നേരിട്ട് ബോധ്യപ്പെടുകയാണ്. 

സി വി ബാലകൃഷ്‌ണൻ

സി വി ബാലകൃഷ്‌ണൻ

അടക്കി ഭരിച്ച ഒരിടം  സ്വന്തം ദൗർബല്യത്താൽ കാൽക്കീഴിൽ നിന്ന് ഇളകുന്നത് അയാൾ തിരിച്ചറിയുന്നുണ്ട്. ‘ഒരു സ്വേച്ഛാധിപതിയുടെ പതനം' എന്നൊക്കെ അതിവായന നടത്താവുന്ന വിധത്തിലാണ് വൃദ്ധന്റെ കാട്ടിലേക്കുള്ള പലായനം. ജൈവികവ്യവസ്ഥയിൽ മറ്റുള്ളവ(രെ) സാധാരണമട്ടിൽ ചരക്കുകളായി കാണുന്ന ആൺനോട്ടത്തിന്റെ പ്രതിനിധാനമാണ് വൃദ്ധന്റെ സ്വഭാവം. "പെൺകുട്ടി ഉറക്കെ കരഞ്ഞുകൊണ്ട്, സ്ത്രീയുടെ മുഖത്തു കൈകൾ ചേർക്കുമ്പോൾ, കിഴവൻ തോക്ക് വലിച്ചെറിഞ്ഞ്, മുൻവാതിൽ തുറന്ന്‌, ഇരുട്ടിലേക്ക് ഓടിയിറങ്ങി.

ഇരുട്ടിലേക്ക് എവിടേക്കോ, എവിടേക്കോ...’ എന്ന വരിയിലാണ് കഥ അവസാനിക്കുന്നത്. സി വി ബാലകൃഷ്ണന്റെ പുതിയ കഥയായ ‘സ്വേച്ഛ'യെയും ഈ ഘട്ടത്തിൽ ഓർക്കാം. അധികാരത്തെ മൂലധനമാക്കുകയും തോക്ക് എന്ന ആയുധത്തെ അതിന്റെ ചിഹ്നമാക്കുകയും ചെയ്ത വൃദ്ധനായ ‘ഏകാധിപതി'യുടെ സാമ്രാജ്യത്തിൽ ക്ഷണിക്കാതെ കടന്നുചെന്നു  രതിയിലേർപ്പെട്ട പ്രണയികളെ അയാൾ അസൂയയോടെയും വൈരാഗ്യത്തോടെയുമാണ് നോക്കിക്കണ്ടത്.

ഒരു നാടോടിക്കഥയുടെ  കെട്ടും  മട്ടുമാണ് ‘ദുരൂഹത എന്നൊരു പാത'യ്ക്ക്. ദേശ/സ്ഥല പരാമർശങ്ങളില്ലാതെ ഒരു സാങ്കല്പികയിടം സൃഷ്ടിക്കുകയും വിചിത്ര നാമധാരികളായ മനുഷ്യരെയും അവരുടെ സ്വഭാവവിശേഷങ്ങളെയും ശീലങ്ങളെയും രസകരമായി കോർത്തെടുക്കുകയും ചെയ്യുകയാണ് ഈ കഥയിൽ. സസ്യങ്ങളും സ്നേഹവും തളിർക്കുന്ന ഗെനേസറത്ത് എന്ന യൂട്ടോപ്യൻ  ഇടത്തെ കഥയിൽവിശദമായി പ്രതിപാദിക്കുന്നു.

വന്യമായ പരിതഃസ്ഥിതിയാൽ ചുറ്റപ്പെട്ട ‘ഉറങ്ങാൻ വയ്യ'യിലെ സാഹചര്യത്തിൽ നിന്ന് വിഭിന്നമായി മനുഷ്യരും പ്രകൃതിയും മറ്റു ജീവജാലങ്ങളും നിറഞ്ഞിരിക്കുന്ന ഭൂമികയാണ് ഇപ്പറഞ്ഞ  കഥയിലേത്. ഗെനേസറത്തിന്റെ ഉടമസ്ഥനായ നിക്കലാവോസിന്റെ കാണാതെ പോയ മകനായ പാട്രിക്കിനെ അന്വേഷിച്ചു കണ്ടുപിടിക്കാനുള്ള ചുമതല അവിടത്തെ അതിഥിയായ ജിം എന്ന ചെറുപ്പക്കാരനും നിക്കലാവോസിന്റെ മകളായ ക്ലാരയും കൂടി ഏറ്റെടുക്കുന്നു.

മാർക്വേസ്‌

മാർക്വേസ്‌

പാട്രിക്കിനെ തേടിയുള്ള യാത്രയിൽ അവർ കണ്ടെത്തുന്ന അയാളുടെ സ്വത്വപ്രതിസന്ധികളാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. കേരളയീമല്ലാത്ത പശ്ചാത്തലത്തിൽ ആഖ്യാനം കേന്ദ്രീകരിക്കുകയാണോ എന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിൽ  കഥാപാത്രങ്ങളുടെ പേരുകൾ, കാലാവസ്ഥ, ഭക്ഷണക്രമം എന്നിവയൊക്കെ വിവരിക്കുമ്പോഴും ക്ലാരയെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർഥിനിയായി അവതരിപ്പിച്ചുകൊണ്ട് പരിസരസൂചന നൽകാൻ കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്.

നിബദ്ധമായ ആഖ്യാനതന്ത്രങ്ങൾക്കൊന്നും പിടികൊടുക്കാതെ ഒരു വീരസാഹസിക കഥ മെനയുന്നതിന്റെ അച്ചിലാണ് ‘ദുരൂഹത എന്നൊരു പാത' വികസിപ്പിക്കുന്നത്. പാട്രിക്കിനെ അന്വേഷിച്ചു പോകുന്ന യാത്രയിൽ കണ്ടുമുട്ടുന്നവരുടെ പേരും ചരിത്രവും തീർത്തും കൗതുകം സൃഷ്ടിക്കുന്നു.

തേനീച്ചകളെ  വളർത്തുന്ന ഗണപതി ചെട്ടിയാരും മത്സ്യവ്യാപാരിയായ സൈദ് ഹുസൈനും അധോലോകനായകനായ റിബേറോയും പാട്രിക്കിനെപ്പറ്റിയുള്ള ഓർമകൾ അനാവരണം ചെയ്യുന്നുണ്ട്. ഒടുവിൽ പാട്രിക്കിന്റെ

സൽമാൻ റുഷ്

സൽമാൻ റുഷ്

ഡയറി അന്വേഷകസംഘത്തിന് ലഭിക്കുന്നു. എന്തുകൊണ്ടാണ് സ്വത്വത്തെ കീഴ്മേൽമറിക്കാനുള്ള ഉദ്യമങ്ങളെ അയാൾ വരിച്ചതെന്ന ചോദ്യത്തെ ഭാവനാത്മകവും നിഗൂഢാത്മകവുമായി അഭിമുഖീകരിക്കുന്ന കഥാകൃത്തിന്റെ രചനാരീതിയിൽ പുതുമയും നവീനത്വവും തെളിഞ്ഞുനിൽക്കുന്നു.

ഫിക്‌ഷനിൽ രൂപപ്പെടുന്ന(ത്തുന്ന) ഇടം ഗൂഢവും ഭ്രമാത്മകവുമായ ഒരു ഭാവനാസൃഷ്ടിയാണ്. അയഥാർഥമായ ഇടവും ഒട്ടൊക്കെ വ്യക്തമാക്കാത്ത കാലവും സങ്കല്പിച്ചുകൊണ്ട് രൂപപ്പെടുത്തുന്ന കഥാപാത്രങ്ങളുടെ സഞ്ചാരപഥം അകൃത്രിമമായി അനുഭവപ്പെടുത്തുന്നതിൽകഥാകൃത്ത്  ഇവിടെ വിജയിക്കുന്നുണ്ട്. സാംസ്കാരികമായ അതിരുകളെ ലംഘിക്കാനുള്ള ശ്രമമാണ് ആഖ്യാനത്തിൽ പ്രകടമാകുന്നത്. ‘ഇട'ത്തിന്റെ പരിധിയും പരിമിതിയും ലംഘിച്ചുകൊണ്ട് ഭാവനാത്മകമായ മാർഗത്തിലേക്ക് ആഖ്യാനം യാത്ര ചെയ്യുകയാണ് ഈ കഥയിൽ.

പ്രണയം, സ്നേഹം, കരുണ, വേദന, മനുഷ്യബന്ധങ്ങൾ, ആസക്തിയിലേക്ക് നയിക്കുന്ന  അഭിവാഞ്ഛകൾ, അടിയുറച്ച വിശ്വാസങ്ങൾ, സാമൂഹിക- രാഷ്ട്രീയ വ്യവഹാരങ്ങൾ തുടങ്ങിയ ഘടകങ്ങളെ യാഥാർഥ്യത്തിനും അയഥാർഥ്യത്തിനും ഇടയിൽ പ്രതിഷ്ഠിക്കുന്ന എഴുത്തുകൾ വിലോഭനീയമാവുന്നത്, അവ തരിശുഭൂമിയിൽ ജലരാശിയെ സൃഷ്ടിക്കുന്നതുകൊണ്ടാണ്. പുരാവൃത്തങ്ങളിലും പുരാണങ്ങളിലും കെട്ടിയുയർത്തിയ ലോകത്തിന്റെ അടിസ്ഥാന പടലത്തിൽ മേൽപ്പറഞ്ഞ അംശങ്ങളുടെ സൗന്ദര്യാത്മകത ദർശിക്കാം. ബൈബിളിന്റെ മാന്ത്രികയാഥാർഥ്യവും ഇത്തരത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സ്വപ്നതുല്യമായ രംഗങ്ങളാൽ സമ്പന്നമായ ബൈബിൾ സി വി ബാലകൃഷ്ണനെ സ്വാധീനിച്ചിട്ടുണ്ട് എന്നത് തീർച്ചയാണ്.

"തികച്ചും വിശ്വസനീയമായി, അസാധ്യമായ കാര്യങ്ങൾ നിരന്തരം സംഭവിക്കുന്നു’എന്ന് മാർക്വേസിന്റെ കൃതികളെ ആസ്പദമാക്കി സൽമാൻ റുഷ്ദി അഭിപ്രായപ്പെട്ടതു പോലെ ഭ്രമകല്പനകളുടെ ഒരിടം സി വി ബാലകൃഷ്ണനിലും കാണാം.

"തികച്ചും വിശ്വസനീയമായി, അസാധ്യമായ കാര്യങ്ങൾ നിരന്തരം സംഭവിക്കുന്നു’എന്ന് മാർക്വേസിന്റെ കൃതികളെ ആസ്പദമാക്കി സൽമാൻ റുഷ്ദി അഭിപ്രായപ്പെട്ടതു പോലെ ഭ്രമകല്പനകളുടെ ഒരിടം സി വി ബാലകൃഷ്ണനിലും കാണാം. മരണം പ്രച്ഛന്നവേഷം ധരിച്ച് പല ഘട്ടങ്ങളിലും കടന്നു വരുന്നതിനെ കഥാകൃത്ത് സങ്കല്പിക്കുന്നു.

മരണാസന്നനായി കിടക്കുന്ന മെത്രാന്റെ ജീവിതം കവരാനായി കന്യാസ്ത്രീകൾ അടക്കമുള്ളവർ മരണത്തിന്റെ ദൂതുമായി എത്തുകയാണോ എന്ന സംശയം ‘ശയ്യ'യിലുണ്ട്. അവസാനമായി തെരുവുജാലക്കാരനായ ആദിമൂലത്തെ കാണണമെന്ന്  മെത്രാൻ ആഗ്രഹിക്കുകയും അയാൾ അവിടെ എത്തിപ്പെടുകയുമാണ്. അന്ന് രാത്രി വിചിത്രമായ ഒരു സ്വപ്നം മെത്രാൻ കാണുന്നു.

ആദിമൂലം ഉയരങ്ങളിലേക്ക്  നീട്ടിയെറിഞ്ഞ കയറിന്റെ അറ്റത്ത് ചുറ്റിപ്പിടിച്ചുകൊണ്ട് അങ്ങേലോകത്തേക്ക് മന്ദം നീങ്ങുന്ന മെത്രാനായിരുന്നു ആ സ്വപ്നത്തിൽ. സ്വപ്നവും ജാഗ്രത്തും തമ്മിലുള്ള അതിർവരമ്പുകൾ നേർത്തില്ലാതാവുന്ന മനോജ്ഞനിമിഷമായിരുന്നു അത്. നിബിഡമായ മായലോകം മനോരഥത്തിൽ നിർമിച്ചുകൊണ്ട് അവയെ അനുഭവവേദ്യമാക്കുന്ന തരത്തിൽ അവതരിപ്പിക്കുന്ന ശില്പഭംഗി മാന്ത്രികമായ യഥാതഥ്യത്തെ സ്പഷ്ടമാക്കുന്നു.

സത്യത്തിനും മിഥ്യയ്ക്കും മധ്യേയുള്ള പാളിയെ  ത്രസിപ്പിക്കുന്ന ഇത്തരം കാഴ്ചകൾ ‘മാലാഖമാർ ചിറകു വീശുമ്പോൾ' എന്ന കഥയിലുമുണ്ട്. "ആകാശത്തുനിന്നും കനത്ത ചിറകടികൾ തന്നെ സമീപിക്കുന്നതായും ഒന്നിലധികം കൈകൾ തന്റെ ളോഹയിൽ പിടിച്ചുവലിക്കുന്നതായും അദ്ദേഹത്തിന് അനുഭവപ്പെട്ടു’ എന്ന വാക്യം ഇത് ദൃഢീകരിക്കുന്നു.

മരണത്തെ വരിക്കുന്നതിനു  സ്വയം തയ്യാറാവുന്ന കഥാപാത്രങ്ങൾ  ‘നിദ്ര തുടരാതെ കിനാവില്ല', ‘മരണത്തിന്റെ മണമുള്ള ഇല' തുടങ്ങിയ കഥകൾക്ക് ഊർജമേകുന്നുണ്ട്. മരണമെത്തുന്ന നേരത്തും സധൈര്യം നശ്വരമായ ജീവിതത്തെ സംബന്ധിച്ച് ചിന്തിക്കുന്ന കഥാപാത്രങ്ങൾ പകർന്നു തരുന്നത്‌ ധനാത്മകമായ വെളിപാടാണ്.

മരണത്തെ വരിക്കുന്നതിനു  സ്വയം തയ്യാറാവുന്ന കഥാപാത്രങ്ങൾ  ‘നിദ്ര തുടരാതെ കിനാവില്ല', ‘മരണത്തിന്റെ മണമുള്ള ഇല' തുടങ്ങിയ കഥകൾക്ക് ഊർജമേകുന്നുണ്ട്. മരണമെത്തുന്ന നേരത്തും സധൈര്യം നശ്വരമായ ജീവിതത്തെ സംബന്ധിച്ച് ചിന്തിക്കുന്ന കഥാപാത്രങ്ങൾ പകർന്നു തരുന്നത്‌ ധനാത്മകമായ വെളിപാടാണ്.

ക്രിസ്തീയ പശ്ചാത്തലത്തിൽ, മാന്ത്രിക യഥാതഥ്യത്തിന്റെ ചാരുതയാർന്ന സംഭവ്യത വെളിപ്പെടുത്തുന്ന കഥയാണ് ‘കൊച്ചുകൊച്ചു കുരിശുരൂപങ്ങൾ'. ഗായകനായ ഫാദർ ആൽബെർട്ടിന് കൂടെ പാടുന്ന  കരോളിനയോട്‌ തോന്നുന്ന അടുപ്പം പുരോഹിതവൃന്ദം ഇടപെട്ട് തടയുന്നതാണ് കഥയുടെ ഇതിവൃത്തം. കരോളിനയോട് പ്രണയമാണെന്ന് ഉറപ്പിക്കുന്ന സന്ദേശം ഫാദറിന് കൈമാറുന്ന ദൂതന്മാർ ഈ കഥയിൽ മാന്ത്രികത കൊണ്ടുവരുന്നു. നീണ്ടൊരു അങ്കി ധരിച്ച അജ്ഞാതനും തൂവെള്ള വേഷമണിഞ്ഞ ഒരു സ്ത്രീയും ഒരു ആൺകുട്ടിയും ആൽബെർട്ടിന് മുന്നിൽ പ്രത്യക്ഷപ്പെടുകയാണ്.

സോളമന്റെ പാട്ടിൽ നിന്ന് വന്ന യുവതി അപ്പോൾ മാത്രം പറിച്ചെടുത്ത മുന്തിരിക്കുലയും അങ്കി ധരിച്ചയാൾ പ്രാചീനമായ വീഞ്ഞും ആൺകുട്ടി അപ്പൂപ്പൻതാടികൾ പോലെയുള്ള പൂക്കളും അയാൾക്ക് സമ്മാനിക്കുകയാണ്. ബൈബിളിലെ അദ്ഭുതവേലകൾക്ക് സദൃശമായി ആഖ്യാനത്തെ മാറ്റിയെടുക്കുന്നതായി ഗണിക്കാം.

സി വി ബാലകൃഷ്‌ണൻ - ഫോട്ടോ: പ്രകാശ്‌ മഹാദേവഗ്രാമം

സി വി ബാലകൃഷ്‌ണൻ - ഫോട്ടോ: പ്രകാശ്‌ മഹാദേവഗ്രാമം

എല്ലാ കഥകളും  ഒരു തരത്തിലല്ലെങ്കിൽ  മറ്റൊരു വിധത്തിൽ പര്സപരബന്ധിതമാവും. ഇതിനിടയിൽ മറന്നു പോയതോ നഷ്ടപ്പെട്ടതായോ കഥകളുണ്ടാവും. അവയിലെ ഇതിവൃത്തവും കഥാപാത്രങ്ങളും സമകാലവുമായി ഏതെങ്കിലും തലത്തിൽ ഇണങ്ങിയിട്ടുണ്ടാവും. സ്ത്രീ-പുരുഷ വ്യവഹാരത്തിന്റെ പ്രായോഗികവും യാന്ത്രികവുമായ മേഖലയെയാണ് ‘അതെ, ഒരു പ്രഹേളിക'യിൽ വിവരിക്കുന്നത്.

നേരിട്ട് പരിചയമില്ലാത്ത സ്ത്രീയും പുരുഷനും ഒരു ഫോൺകോളിന്റെ ബലത്തിൽ അടുത്ത ക്ഷണം കാണുന്നതും അടുപ്പത്തിലാവുന്നതും ഏതാനും മണിക്കൂറുകൾക്കകം പിരിയുന്നതും ഇന്ന് അവിശ്വസനീയമായ അനുഭവമല്ല. പിരിയാൻ നേരം അനിലിന്റെ  ഫോൺ നമ്പർ മായ്ച്ചുകളഞ്ഞുകൊണ്ട് ആശ അവർ തമ്മിലുള്ള വിനിമയങ്ങൾ റദ്ദു ചെയ്യുകയാണ്.  അതിവേഗം മുന്നോട്ടു പോകുന്ന ലോകത്തിൽ തെളിവുകളൊന്നും ഇല്ലാതെ നിലനിന്ന ഹ്രസ്വമായ ബന്ധം മാത്രമായി അത് മാറി. സ്ഥലം, സമയം, സൗഹൃദം  എന്നിങ്ങനെയുള്ള ഘടകങ്ങൾ മനുഷ്യരിൽ ആപേക്ഷികമായി പ്രവർത്തിക്കുന്നു എന്നതിന്റെ ഉദാഹരണമായി ഈ കഥയെ നോക്കിക്കാണാവുന്നതാണ്.

‘വീട് എന്നത് ഒരു നല്ല വാക്കാണ്’ എന്ന് സി വി ബാലകൃഷ്ണന്റെ ‘ഭൂതബാധിത  സൗഖ്യം പ്രാപിച്ചതെങ്ങനെ' എന്ന നീണ്ട കഥയിൽ പറയുന്നുണ്ട്. ആ വാക്കിനെ ‘വീടായി' നിലനിർത്തുന്നത് ആന്തരികശിലകളുടെ ബലവും കെട്ടുറപ്പുമാണ്. ദ്യുതിയും അമ്മയായ അളകനന്ദയും തമ്മിലുള്ള അടുപ്പത്തിന്റെ ആധാരശ്രുതിയായി വീട് വർത്തിക്കുന്നു. മനസ്സുകൊണ്ട് മകളെക്കാൾ ഇളപ്പമായ അമ്മയുടെ പ്രണയത്തെക്കുറിച്ച്   അളകനന്ദ തന്നെയാണ് ദ്യുതിയോട് പങ്കുവെയ്‌ക്കുന്നത്.

മറ്റൊന്നിലും വിശ്വസിക്കാനില്ലെന്നിരിക്കെ സ്നേഹത്തിൽ വിശ്വസിച്ചുകൂടെ എന്ന തത്വത്തിൽ മുറുകെപ്പിടിക്കുന്ന

അളകനന്ദയ്ക്ക് സ്വന്തമെന്നു പറയാൻ ഒരു മുറിപോലുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാവണം ദ്യുതിയോട് കഴിയുമെങ്കിൽ വിവാഹം കഴിക്കരുതെന്ന്‌ അവർ ആവശ്യപ്പെട്ടത്.

അസുഖകരമായ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും  അത്തരം വെളിപ്പെടുത്തലുകളെ ബോധപൂർവം തമസ്കരിക്കുകയും ചെയ്യേണ്ടി  വരുന്നതിന്റെ അനീതിയെ എതിർക്കുക എന്നതാണ് അളകനന്ദ പിന്നീടുള്ള സ്വന്തം ജീവിതത്തിലൂടെ (മരണത്തിലൂടെയും) സ്ഥാപിക്കുന്നത്. പ്രത്യാശയുടെ കവചങ്ങൾ ഇല്ലാതാവുന്ന അവസ്ഥയിൽ മുന്നോട്ടുള്ള പാത ഇരുൾ മൂടിയതാവുന്നു. ഇരുട്ടിനെ  മുഖാമുഖം ചെയ്തുകൊണ്ട് തോൽപ്പിക്കാൻ  അവർ ശ്രമിക്കുകയാണ്. 

ദാമ്പത്യത്തിലെ അകൽച്ചയുടെ മറ്റൊരു ഉദാഹരണമാണ് ‘പറക്കുന്ന പക്ഷിയുടെ പിറകെ'യിലും സംഭവിക്കുന്നത്. തമ്മിലുള്ള  ഐക്യവും അംഗീകാരവുമാണ് ആസക്തിയുടെ പരിധികൾ നിയന്ത്രിക്കുക എന്നിരിക്കെ, പരസ്പരവിശ്വാസമില്ലാത്ത പങ്കാളികൾക്ക് ബന്ധം വിച്ഛേദിക്കാൻ പ്രയാസമില്ല. പങ്കാളിയെ പിരിയുന്നതും പുതിയൊരാളെ തിരഞ്ഞെടുക്കുന്നതും അസ്വാഭാവികമായി കാണാത്ത  ഒരു ലോകത്തിന്റെ രീതി സ്ത്രീ-പുരുഷ വിനിമയത്തിന്റെ അവലോകനത്തിനും  അന്തഃസംഘർഷങ്ങൾക്കും കാലികമായ മാറ്റം രൂപപ്പെടുത്തിയത് കഥാകൃത്ത് സൂക്ഷ്മമായി പകർത്തുന്ന കാഴ്ചയാണ് ഈ കഥകളിൽ ദൃശ്യമാവുന്നത്. ഈ നൂറ്റാണ്ടിൽ,സ്ത്രീ-പുരുഷ ബന്ധത്തിന്റെ മാനങ്ങൾ ഏതെല്ലാം വിധത്തിൽ പരിണമിച്ചുവെന്ന്‌ അപഗ്രഥിക്കാനായി മെനഞ്ഞെടുക്കുന്ന   സന്ദർഭങ്ങളും സ്വീകരിക്കുന്ന  ഉറ്റുനോട്ടവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എപ്പോൾ വേണമെങ്കിലും പിരിയാമെന്ന ധാരണയോടെ ജീവിച്ചുതുടങ്ങുന്ന പങ്കാളികളുടെ മനോവ്യാപാരങ്ങളിലേക്കാണ് കഥയുടെ കൃത്യതയാർന്ന മിഴി പതിയുന്നത്. 

ലൈംഗികതയ്ക്കും ശരീരത്തിനും രാഷ്ട്രീയമായ അർഥതലങ്ങൾ ഉരുത്തിരിയുന്ന ഒരു കാലത്തെ  സംബോധന ചെയ്യുന്ന രംഗങ്ങൾ പ്രതിഫലിപ്പിക്കുന്നത് സമകാലത്തിന്റെ പിരിവുകളെയാണെന്നതിൽ തർക്കമില്ല. വിശാലമായ വീക്ഷണത്തോടെ മനുഷ്യബന്ധങ്ങളുടെ സമ്മർദങ്ങളെ നേരിടുന്ന കഥാകൃത്തിന്റെ വൈഭവത്തെ കാണാതിരുന്നുകൂടാ. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിവേദിത കന്യകയല്ലെന്ന ‘വാർത്ത' അശ്ലീലച്ചുവയോടെ പരാമർശിക്കുന്ന പോലീസുദ്യോഗസ്ഥനോടുള്ള  ദേവികയുടെ മനോഭാവം ഇതിന്റെ ദൃഷ്ടാന്തമാണ്.

സി വി ബാലകൃഷ്‌ണൻ സാഹിത്യവേദിയിൽ - ഫോട്ടോ: ജഗത്‌ലാൽ

സി വി ബാലകൃഷ്‌ണൻ സാഹിത്യവേദിയിൽ - ഫോട്ടോ: ജഗത്‌ലാൽ

തെറ്റും ശരിയും ആപേക്ഷിമായി കണ്ടുകൊണ്ട്, ‘ജീവിതവഴിയിൽ പ്രത്യക്ഷമാകുന്ന  രണ്ടു തുരങ്കങ്ങളാണ് ശരിതെറ്റുകൾ' എന്ന അഭിപ്രായം  ഒരു കഥയിൽ പരാമർശിക്കുന്നത് (‘ആദ്യ ആപ്പിളുകൾ') യാദൃച്ഛികമാവില്ല. സ്ത്രീകളുടെ കാഴ്ചപ്പാടിൽ സ്ത്രീ-പുരുഷ ബന്ധത്തെയും പ്രണയത്തെയും അവതരിപ്പിക്കുന്ന കഥകളാണ് ഇവ എന്നതും പ്രാധാന്യമർഹിക്കുന്നു.

അമ്മ-‐മകൾ അടുപ്പത്തിലും സമ്പർക്കത്തിലും പ്രായവ്യത്യാസമില്ലാതെയുള്ള സൗഹൃദവും പ്രണയചിന്തകളും തെളിച്ചമേകുന്നതും വേറിട്ട ശ്രദ്ധ ആകർഷിക്കുന്നതാണ്. സാമൂഹികമായ നിലപാടുകൾ വ്യക്തിപരമായ തൃഷ്ണയ്ക്ക് വിഘാതമാവുന്നത് രാഷ്ട്രീയകൃത്യതയല്ലെന്ന ചിന്താഗതി ഈ കഥകൾക്ക് മൗലികമായ ഉറപ്പു നൽകുന്നു.

ലിംഗഭേദമില്ലാതെയുള്ള മാനുഷികവ്യവഹാരങ്ങളുടെ ജനാധിപത്യവ്യവസ്ഥയെ സംജാതമാക്കുന്ന വിധത്തിലുള്ള കഥകൾക്കാണ്  അടുത്ത കാലത്തായി ഈ കഥാകൃത്ത് രൂപം കൊടുക്കുന്നത്. ശരീരത്തിന്റെ കാമനകളെ അധിഷ്ഠിതമാക്കിയ വൈകാരികലോകത്തിന്റെ സമസ്യകൾ അനാവൃതമാക്കുന്ന കഥകളും കഥാപാത്രങ്ങളും മാറിയ ഇടത്തിന്റെ രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്, സ്വവർഗസ്നേഹികളുടെ നിർമലമായ ഹൃദയവികാരത്തെ താൻ  വാഴ്ത്തുകയാണ് എന്ന് ഒരഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്.

‘എഡ്വിൻ പോൾ', ‘രതിസാന്ദ്രത', ‘നിണബലി',‘കാസാ ലോറെൻസാ' തുടങ്ങിയ കഥകളിലൂടെ ഉയർത്തിക്കാട്ടുന്ന പ്രമേയവും  മറ്റൊന്നല്ല. ‘ഗാഢമായ സ്നേഹമെന്നത് മനുഷ്യർക്കിടയിലെ വലിയ സാധ്യതയായി നിൽക്കുമ്പോഴും സ്നേഹരഹിതമായ ഉടൽബന്ധങ്ങളിൽ തൃപ്തി ഭാവിക്കുകയോ തൃപ്തരായിത്തീരുകയോ ചെയ്യുന്ന മനുഷ്യരെ വെറുക്കാനല്ലാതെ മറ്റെന്തിനു കൊള്ളാം?' എന്ന ‘എഡ്വിൻ പോളിലെ' പ്രസ്താവന കണിശമായി വിശകലനം ചെയ്യേണ്ടതാണ്.

പോളിനെ തന്നിൽ നിന്നകറ്റിയതിനു മുഴുവൻ ലോകത്തെയുമാണ് എഡ്വിൻ കുറ്റപ്പെടുത്തുന്നത്. സ്നേഹം, പ്രണയം എന്നീ വൈകാരികാവസ്ഥകൾ ലിംഗനീതിയെ ഉറപ്പിക്കുമോ എന്ന പര്യാലോചനയ്ക്കും ഇവിടെ കളമൊരുങ്ങുന്നുണ്ട്.

ജൂഡിത്‌ ബട്‌ലർ

ജൂഡിത്‌ ബട്‌ലർ

അധികാരവും സാമൂഹിക മാനദണ്ഡവും അനുശാസിക്കുന്ന തത്വസംഹിതയാണ് അഭിനിവേശത്തെ നിയന്ത്രിക്കുന്നത് എന്നത് തീർച്ചയായും സന്ദിഗ്ധമായ പ്രശ്നമണ്ഡലമാണ്. ഇവിടെ സൂചിപ്പിച്ച സാമൂഹികമായ അംഗീകാരമെന്ന ‘പെരുമാറ്റച്ചട്ട'ത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങളെയാണ് സി വി ബാലകൃഷ്ണൻ രൂപപ്പെടുത്തുന്നത്. ജൂഡിത് ബട്ട്ലർ ഉന്നയിച്ച ന്യായവാദങ്ങൾ ഈ സാഹചര്യത്തിൽ പ്രസക്തമാണ്. സമൂഹം സമൂലമായി മാറുന്നതുവരെ, സ്വാതന്ത്ര്യത്തിന് സ്വാതന്ത്ര്യമില്ലായ്‌മയും സ്വയംഭരണത്തിന് വിധേയത്വവും ആവശ്യമാണ് എന്ന്‌ അവർ ‘Undoing Gender'ൽ വാദിക്കുന്നുണ്ട്.

പക്ഷെ  ജെൻഡറിനെ സാധാരണവൽക്കരിക്കുന്ന വ്യവസ്ഥയിലേക്ക് എത്തിക്കുന്നതെങ്ങനെയെന്ന ചിന്താപദ്ധതി ബട്ട്ലർ സ്വീകരിക്കുന്നില്ല. അങ്ങനെയൊരു സാമൂഹിക പരിവർത്തനത്തിന്റെ ദിശ അവർ കൃത്യമായി മേൽപ്പറഞ്ഞ കൃതിയിലൂടെ വ്യവച്ഛേദിക്കുന്നില്ല താനും. എന്നാൽ സി വി ബാലകൃഷ്ണന്റെ, സ്വവർഗരതി പശ്ചാത്തലമാക്കിയ കഥകൾ അതിനെ സ്വാഭാവികവും സാധാരണവുമായ  പ്രക്രിയയാക്കിത്തീർക്കുന്നതോടെ സാമൂഹിക ‘നോട്ട'ത്തെ ഉല്ലംഘിക്കുകയാണ്  ചെയ്യുന്നത്.

തൃഷ്ണ, സാമൂഹികാംഗീകാരം, സാമൂഹികപ്രാപ്തി എന്നിവ കെട്ടുപിണഞ്ഞു  കിടക്കുന്നു. ഈ നൈരന്തര്യത്തെ വിച്ഛേദിക്കാനുള്ള ആർജ്ജവമാണ് ‘രതിസാന്ദ്രത'യിലെ ഷേഫാലിയും  മെഹറുന്നിസയും പ്രത്യക്ഷത്തിൽ സാധ്യമാക്കുന്നത്.

തൃഷ്ണ, സാമൂഹികാംഗീകാരം, സാമൂഹികപ്രാപ്തി എന്നിവ കെട്ടുപിണഞ്ഞു  കിടക്കുന്നു. ഈ നൈരന്തര്യത്തെ വിച്ഛേദിക്കാനുള്ള ആർജ്ജവമാണ് ‘രതിസാന്ദ്രത'യിലെ ഷേഫാലിയും  മെഹറുന്നിസയും പ്രത്യക്ഷത്തിൽ സാധ്യമാക്കുന്നത്. ജീവിതമെന്ന കാൻവാസിലേക്ക് എല്ലാ നിറങ്ങളും കോരിയൊഴിക്കണം എന്ന മെഹറുന്നിസയുടെ വാക്കുകൾ നിശ്ചയദാർഢ്യം നിറഞ്ഞുനിൽക്കുന്നു. ഇവരുടെ ബന്ധത്തെ ‘പൂമര'വുമായി ചേർത്തുവെച്ച യുക്തി പഴുതുകളില്ലാത്തതാണ്. സ്ത്രീയുടെ ആർത്തവവുമായി ഇണങ്ങിച്ചേർന്ന ബിംബമാണ് പൂമരം. എ കെ രാമാനുജൻ ഇന്ത്യൻ നാടോടിക്കഥയെ ആസ്പദമാക്കി  രജസ്വലയായ പെൺകുട്ടി പൂമരമായി രൂപാന്തരം പ്രാപിക്കുന്നതിനെക്കുറിച്ച് എഴുതിയത് പ്രസക്തമാണ്.

അപരിചിതമായ തെരുവിലൂടെ സാധാരണമല്ലാത്ത വേഷം ധരിച്ചുകൊണ്ട് നടന്നു നീങ്ങുന്ന  ഒരാൾ കാണുന്ന ഭ്രമകല്പനകളെ, സാകൂതം വീക്ഷിക്കുന്ന ആഖ്യാതാവിനെ സി വി ബാലകൃഷ്ണൻ പരിചയപ്പെടുത്തുന്നു. പ്രസ്തുത ദർശനത്തിൽ അനുഭവവേദ്യമാവുന്ന ആനന്ദവും ഖിന്നതയും  പങ്കുവെയ്ക്കപ്പെടാനായുള്ള കരുവായി ആഖ്യാനം പാകപ്പെടുകയാണ്. ഉത്കണ്ഠയും  ഖേദവും വേദനയും ആഹ്ളാദവും സൃഷ്ടിക്കുന്ന ആശയങ്ങളുടെ തുറസ്സ് ഭാവനായിടവുമായി സംയോജിക്കുമ്പോൾ സംഭവിക്കുന്ന കഥകളാണവ.

ചിലയിടങ്ങളിൽ അപരിമേയമായ  പ്രതികാരവാഞ്ഛയാൽ മനുഷ്യർ ദൈവത്തിന്റെ സ്ഥാനം ഏറ്റെടുക്കുകയും നിഗ്രഹത്തിന് തുനിയുകയും ചെയ്യുന്നു. അങ്ങനെ മനുഷ്യരും ദൈവവും ഒരേ പോലെയാവുന്നു എന്ന് ആഖ്യാതാവ് കണ്ടെത്തുന്നുമുണ്ട് (‘ദൈവം പിയാനോ വായിക്കുമ്പോൾ' എന്ന കഥ). പൊതുവെ എഴുത്തും വായനയുമായുള്ള വിനിമയം സാർത്ഥകമാവുന്ന സന്ദർഭങ്ങൾ സംവേദനക്രമത്തോടെ അവതരിപ്പിക്കുന്ന കഥാകൃത്താണ് സി വി ബാലകൃഷ്ണൻ.

മനുഷ്യരെ പരീക്ഷിക്കുന്നതും ശിക്ഷിക്കുന്നതുമായ സ്ഥിതിവിശേഷങ്ങളെ സി വി ബാലകൃഷ്ണന്റെ  കഥകൾ സംബോധന ചെയ്യുന്നു. ദൈവം വേട്ടയാടുന്നവരും  പിശാച് ആശ്ലേഷിക്കുന്നവരുമായ കഥാപാത്രങ്ങളെ  ഭാവനയുടെ തോൽക്കുടങ്ങളിൽ വഹിക്കുന്ന കഥാകൃത്ത് ജനാധിപത്യബോധത്തോടെയാണ് രണ്ടുകൂട്ടരേയും കാണുന്നത്. ഒറ്റയ്ക്കാകുന്ന ദൈവത്തെക്കുറിച്ചും ജീവിതം ഇല്ലാത്ത മനുഷ്യരെപ്പറ്റിയും ഏകാന്തത ആസ്വദിക്കുന്ന തടവുകാരെക്കുറിച്ചും അദ്ദേഹം എഴുതി. ഗന്ധകം എരിയുകയും കുന്തിരിക്കം പുകയ്ക്കുകയും  ചെയ്യപ്പെടുന്ന അന്തരീക്ഷത്തിൽ ഉറങ്ങിക്കിടക്കുന്ന കഥാപാത്രങ്ങളുടെ മനോവിചാരങ്ങളെയാണ്   ഈ കഥാകാരൻ നമുക്ക് പറഞ്ഞു തന്നത്.

പുണ്യപാപങ്ങളും നന്മതിന്മയും സ്നേഹനിരാസങ്ങളും  ആ കഥാലോകത്തെ അളവുകളും തൂക്കങ്ങളുമായി ഭവിച്ചപ്പോളും ഭാവനയുടെ അപാരമായ സ്രോതസ്സ് കഥാഭൂമികയ്ക്ക് ഈടും ഈർപ്പവും ഏകി.

പുണ്യപാപങ്ങളും നന്മതിന്മയും സ്നേഹനിരാസങ്ങളും  ആ കഥാലോകത്തെ അളവുകളും തൂക്കങ്ങളുമായി ഭവിച്ചപ്പോളും ഭാവനയുടെ അപാരമായ സ്രോതസ്സ് കഥാഭൂമികയ്ക്ക് ഈടും ഈർപ്പവും ഏകി. അത്രകണ്ട് പരിചിതമല്ലാത്ത ഇടത്തിലെ ഉറവകളെ സ്പർശിച്ചറിയാൻ അവ ഉപകാരപ്രദമാവുന്നു .

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top