20 April Saturday

മൂ: തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്ന ജീവനുകളുടെ അക്ഷരക്കാഴ്ച

നിഷ മഞ്ചേഷ്Updated: Sunday Dec 6, 2020

അരുണ്‍ സമുദ്ര

നിഷ മഞ്ചേഷ്

നിഷ മഞ്ചേഷ്

രാജ്യവും ജീവിതവും അനിശ്ചിതമായി നിന്നൊരു പകലില്‍ ആണ് അരുണ്‍ സമുദ്രയുടെ കവിത പുസ്തകം എന്നെ തേടി വന്നത്. മണമറിയാതെ മുരളുന്ന മൂക്കിന്‍റെ മുനമ്പില്‍ വച്ച് ഞാന്‍ ആ പുസ്തകം പകടര്‍ന്നേക്കാവുന്ന അണുക്കളെ കൊല്ലാന്‍ മരുന്ന് പുരട്ടി ഉണങ്ങാന്‍ വച്ചു.

മൂ' എന്നൊരു അക്ഷരം എന്റെ കണ്ണിലൂടെ പ്രാണനിലെക്ക് അപ്പോള്‍ പിടഞ്ഞു പിടഞ്ഞു എത്തി നോക്കിക്കൊണ്ടിരുന്നു.

അരുണിന്റെ എഴുത്തുകളൊക്കെയും മുന്‍പേ വായിച്ചവയാണ്, ഇപ്പോള്‍ അതില്‍ പുസ്തക മണം കൂടി ചേരുന്നു എന്നതാണ് എനിക്കപ്പോള്‍ പുതുമയായിരുന്നത്.
വായനയെയോ  വാക്കുകളെയോ ഗ്രഹിക്കാന്‍ അപ്പോഴൊന്നും ശേഷിപ്പെടാതെ ഇരുന്ന തലച്ചോറിലേയ്ക്ക് പുസ്തക മണമോടെ കവിതകള്‍ കടക്കാന്‍ പിന്നെയും നാളുകളെടുത്തു.

"സദാ സമയം അന്താക്ഷരി കളിച്ചു കൊണ്ടിരിക്കുന്ന രാജ്യം, അവിടെ മൂ എന്ന അക്ഷരം മാത്രം കിട്ടുന്നൊരു ജനത" എന്ന് വായിച്ചു തുടങ്ങി.
ആ നിമിഷം മുതല്‍ വായന എന്ന വഴിയിലൂടെ ഞാന്‍ ഒരു രാജ്യത്തേയ്ക്ക് പ്രവേശിക്കുകയായിരുന്നു.

ആകെ താളം തെറ്റിയ പാട്ടുകള്‍ നിറഞ്ഞ രാജ്യം.
ആ രാജ്യത്തിന്‍റെ ആദ്യത്തെ ഓര്‍മ്മയാണ് "അണ്ണാക്ക് " എന്ന പേരില്‍ , നെറ്റി മുറിഞ്ഞ താഴത്തമ്മൂമ്മയുടെ
 ഉപ്പുമാവ് രുചിക്കുന്നത്. ജീവിതമില്ലാത്ത വഴികളാണ്, രുചി ആകെയപ്പോള്‍ ഓര്‍മ്മകളില്‍ മാത്രമാണ്, ഓര്‍മ്മകളാല്‍ പൊരിച്ചിലിനു നനവ് തേവുന്ന വഴികള്‍.

പിന്നെ തെളിയുന്ന വഴികളിലെല്ലാം  കാണുന്നത് ആ രാജ്യത്തിനകത്തെ നീതികേടുകളും ഭരണകൂടങ്ങളുടേത് ആയതിനാല്‍ നീതികരിക്കപ്പെടുന്ന ഭീകരതകളും ഒറ്റപ്പെട്ടു പോകുന്ന ജീവിതങ്ങളോടുള്ള  ഐക്യപ്പെടലുകളും പോരാട്ടങ്ങളുമാണ്.
പല തലക്കെട്ടുകളിലൂടെ കവിതയായി നമ്മള്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.
 ഇല്ലാത്തവന്റെ ഓര്‍മ്മയ്ക്ക് കൂട്ട് പണമാണ് പുസ്തകമല്ലെന്നു 'ആണ്ട്' എന്ന കവിത പറയുമ്പോള്‍ അതെയല്ലോ എന്ന് നമ്മള്‍ അറിയാതെ തലയാട്ടും.

നനഞ്ഞു നാറിയ ജീവിതങ്ങളുടെ പൂപ്പല്‍ മണമാണ് 'വാരിക്കണ്ണുകളാകാശത്തെ  തൊടുമ്പോള്‍ ' എന്ന കവിതയ്ക്ക്.

"വരാന്തയിലിങ്ങനെ കിടന്ന്
വരവുകാലം കാണുമ്പൊള്‍
ഇപ്പൊ വരാമെന്നേറ്റുപുറത്തേക്കിറങ്ങിയ
കണ്ണുകള്‍ രണ്ടും
തിരിച്ചെത്താതെവിടെയോ
മഞ്ഞുകൊണ്ടിരിക്കുന്നു."

പുസ്തകം അരുണ്‍ സമര്‍പ്പിക്കുന്നത് അച്ഛന് ആണെന്ന് നിസ്സംഗതയോടെ നമ്മള്‍ ഒന്നാം താള്‍ മരറിക്കുമെങ്കിലും "എന്റെ മുറി"എന്ന കവിതയിലേയ്ക്ക് യാത്ര എത്തുമ്പോള്‍ സ്വന്തം മുറി നഷ്ടപ്പെട്ടവനെന്നു അച്ഛന്‍ നഷ്ടപ്പെട്ടവര്‍ക്ക് നമ്മള്‍ കൂട്ടിരിക്കും. പുസ്തകത്തില്‍ അരുണ്‍ തന്നിലേയ്ക്ക് മാത്രം ചുരുങ്ങി നോവുന്ന ഇടമാണ് എന്‍റെമുറി.

അരുണ്‍ പുസ്തകങ്ങള്‍ക്ക് മുന്‍പും പിന്‍പും മുടങ്ങാതെ പറയുന്ന രാഷ്ട്രീയവും ദളിത്‌ ജീവിതങ്ങളും യാത്രയിലുടനീളം നമ്മളെ കാത്തിരിക്കുന്നു, മൂ എന്ന ഒറ്റയക്ഷരം സ്വന്തമായുള്ള ജനതയെ നമ്മള്‍ തിരിച്ചറിയുന്നു.

"ഒടുവിലത്തേതെന്നു തോന്നിപ്പിക്കുന്ന ആദ്യത്തേതുകള്‍" എന്ന തിരിവില്‍ എത്തുമ്പോള്‍ ഈ രാജ്യം യഥാര്‍ത്ഥത്തില്‍ എന്താണ് എന്ന് നേരിട്ട് കണ്ടു നമ്മള്‍ തണുത്ത് പനിക്കും. അപ്പോള്‍ "കെട്ടികിടക്കുന്നൊരഴുക്കു ചാലാകുന്നുണ്ടീ രാജ്യം"എന്ന് കവി നമ്മളോട് പറയും. സ്വന്തം മണ്ണില്‍ പേരില്ലാതെ പോകുന്നവരുടെ വിണ്ടുകീറിയ ലോങ്ങ്‌ മാര്‍ച്ച് കാലുകള്‍ അപ്പോള്‍ നമുക്ക് മുന്‍പില്‍ ഉറഞ്ഞു പുതയും.

ചോര പൊടിയുന്ന ആ കാലുകളുടെ വിശപ്പപ്പ് എരിയുന്നത് നമ്മുടെ വയറ്റില്‍ ആണെന്ന് തിരിച്ചറിയുമ്പോഴേക്കും നമുക്ക് മുന്‍പില്‍ അവശേഷിക്കുന്ന ഒരു വിലങ്ങിന്റെ സാധ്യത ഓര്‍മ്മിപ്പിച്ചു പുസ്തകം അവസാനിച്ചു പോകും.
 
 അരുണിന്റെ ആദ്യ പുസ്തകമായ ''അവര്‍ ചില്ലക്ഷരങ്ങള്‍ തേടുമ്പോള്‍' വായിച്ചു പിരിഞ്ഞപ്പോള്‍ തൊണ്ടയില്‍ കുടുങ്ങിയ ശ്വാസം അപ്പോള്‍ ഒരു ദീര്‍ഘനിശ്വാസമായി പുറത്തേയ്ക്ക് രക്ഷപെടും.

ഒറ്റവാക്കില്‍ മൂ ഒരു തിരക്കവിതയാണ്, ഒരു നാടിന്റെ നേര്‍കാഴ്ചകള്‍ സീന്‍ ബൈ സീനായി അത് നമുക്ക് മുന്‍പില്‍ എഴുതി വച്ചു തരികയാണ്. നമ്മള്‍ കൂടി അഭിനേതാക്കള്‍ ആകുന്ന തിരക്കവിത.

പുസ്തകം അതിന്‍റെ രണ്ടാം പതിപ്പിലേക്ക് യാത്ര തുടരുകയാണ്.

ഇനിയുമിനിയും വായനകളിലേക്ക് 'മൂ' വളരട്ടെ, അത് തെരുവിലേക്ക് ജീവിതവും കൊണ്ട് ഇറങ്ങേണ്ടി വരുന്ന ജീവനുകളുടെ അക്ഷര കാഴ്ചകള്‍ നമുക്ക് തരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top