28 March Thursday

ബറാബസിന്റെ സുവിശേഷം; അമലിന്റെ ബംഗാളി കലാപം

പ്രശാന്തി അമരാവതിUpdated: Sunday Jul 7, 2019

ക്ഷാമത്തെയും പട്ടിണിമരണ ങ്ങളെയും നേരിടാൻ അതിഥി സഹായിച്ചത‌് കേരളത്തിലെ തൊഴിലിടങ്ങളാണ‌്. അതുകൊണ്ടാണ‌് തുക്കാറാമിന‌് കേരളം ശാന്താലയമാകുന്നത‌്. ലാല സ്വന്തം നാടുപോലും മറന്ന‌്  കേരളത്തിൽ ജീവിതം തുടരുന്നത‌്. മൃഗങ്കാ ബിസ്വാസ‌് കേരളത്തെ സ‌്നേഹിക്കുന്നത‌്. പൊള്ളുന്ന ജീവിതം പേറിയെത്തുന്ന ഓരോ അതിഥിത്തൊഴിലാളിക്കും ആഗ്രഹ സാഫല്യത്തിനുള്ള അക്ഷയസാധ്യതയാണ‌് കേരളം. അസമിൽ ആരംഭിച്ച‌് തിരുവനന്തപുരത്ത‌് അവസാനിക്കുന്ന ഗുവാഹത്തി എക്‌സ്‌പ്രസ‌ിന്റെ ദൈർഘ്യം എഴുത്തുകാരൻ അതിഥിത്തൊഴിലാളികളുടെ ജീവിതത്താൽ പൂരിപ്പിക്കുന്നു

വാസ‌്തവികവും ചരിത്രപരവുമായ മൂർത്ത യാഥാർഥ്യത്തെ വിപ്ലവോന്മുഖമായി ആവിഷ‌്കരിക്കുന്ന അമലിന്റെ "ബംഗാളി കലാപം' കേരള സാമൂഹിക ജീവിതത്തിൽ വന്ന തൊഴിലധിഷ‌്ഠിത മാറ്റങ്ങളെ യഥാതഥമായി പ്രശ‌്നവൽക്കരിക്കുന്നു. അതിഥിത്തൊഴിലാളികളെ സംശയത്തോടെ വീക്ഷിക്കുന്ന കേരള സമൂഹം നമുക്ക‌് അപരിചിതമല്ല. ബോധപൂർവം സൃഷ്ടിക്കപ്പെടുന്ന ചേരിതിരിവും സംഘർഷങ്ങളും എങ്ങനെ കലാപത്തിൽ കൊണ്ടെത്തിക്കുന്നുവെന്ന ചരിത്രവീക്ഷണം നോവലിനെ പ്രസക്തമാക്കുന്നു. എഴുത്തുകാരന്റെ തൊഴിലാളിസ്വത്വം അന്യവൽക്കരണത്തിന്റെ പ്രതിസന്ധിഘട്ടങ്ങളുമായി സംഘർഷത്തിലേർപ്പെട്ടതിന്റെ പരിണതിയാണ‌് "ബംഗാളി കലാപം'.

ജീവിതനൈരാശ്യത്തിന്റെയും അസ്‌തിത്വദുഃഖത്തിന്റെയും പരകോടിയിൽ നിൽക്കുന്ന പലായന സ്വഭാവിയാണ‌് കേന്ദ്രകഥാപാത്രമായ അനാറുൾ ഇസ്ലാം. അസമിലെ ബോകാജാൻ ഗ്രാമത്തിൽ കർഷക കുടുംബത്തിലാണ‌്  അനാറുൾ ജനിച്ചത‌്. കിഴക്കൻ ബംഗാളിൽനിന്ന‌് കുടിയേറിയ പരമ്പരയിലെ കണ്ണി. അനാറുൾ ഉള്ളിൽപേറുന്ന അന്യതാബോധവും അസ്‌തിത്വദുഃഖവും"വേരറ്റമരം' എന്ന രൂപകംകൊണ്ട‌് വരച്ചിടുന്നു. വിഭജനം സൃഷ്ടിച്ച‌് ഉറങ്ങിപ്പോയ ദൈവം ഉണരുമെന്നും അധികാരവും പണവും ഉപകരണമാക്കിയ തങ്ങൾക്ക‌് രക്ഷകനാകുമെന്നും അനാറുൾ വിശ്വസിച്ചു. വംശവെറിക്ക‌് ഇരയായ അംഭു ടീച്ചറുടെ മരണം അനാറുളിന്റെ പ്രതീക്ഷകൾക്ക‌് പ്രഹരമായി. അവിടെ തുടങ്ങുന്നു അനാറുളിന്റെ പലായനം. "കോടിക്കണക്കിന‌് മനുഷ്യർ എന്തിനാണ‌് ജനിച്ചുവളർന്ന‌് മരിച്ചുപോകുന്നത‌്. ഈ ലോകത്തിന്റെ ആവശ്യംതന്നെ എന്താണ‌്.' തുടങ്ങിയ ചിന്തകൾ അനാറുളിലെ അസ്‌തിത്വദുഃഖത്തിന്റെ പ്രകടനമാണ‌്. മനുഷ്യരെ പരസ‌്പരം ബന്ധമില്ലാത്തവരായി കാണാനുള്ള ശ്രമം അനാറുളിൽ കാണാം. ഈ ലോകത്ത‌് ആർക്കും ആരുമില്ലെന്നും ഒന്നിനും സ്ഥിരതയില്ലെന്നും ജീവിതത്തിൽനിന്നും കണ്ടെടുത്ത അനാറുളിന്റെ പ്രതിഷേധമാണ‌് അവന്റെ കവിതകൾ. ഇടം നഷ്ടപ്പെട്ടവന്റെ, അനീതിക്ക‌് ഇരയാക്കപ്പെട്ടവന്റെ പ്രതിരോധമാണ‌് അയാളുടെ കടലാസുവിമാനങ്ങൾ ഉൾക്കൊള്ളുന്ന പുതുഭാഷ.
 
""എനിക്ക‌് പേരില്ല. വ്യക്തിത്വമില്ല. തിരിച്ചറിയൽ കാർഡുകളില്ല. മകൻ, സുഹൃത്ത‌് പോലുള്ള സാധാരണ പദവികൾപോലും ഞാൻ വഹിക്കുന്നില്ല.''എന്നയാൾ ഉറക്കെ  വിളിച്ചുപറയുമ്പോൾ ചോദ്യംചെയ്യുന്ന മനോമിയിൽനിന്നും കുടുംബ ബന്ധങ്ങളിൽനിന്നുമുള്ള രക്ഷപ്പെടലാണ‌് അനാറുളിനെ കേരളത്തിൽ എത്തിക്കുന്നത‌്.
ക്ഷാമത്തെയും പട്ടിണിമരണങ്ങളെയും നേരിടാൻ അതിഥിത്തൊഴിലാളികളെ സഹായിച്ചത‌് കേരളത്തിലെ തൊഴിലിടങ്ങളാണ‌്. അതുകൊണ്ടാണ‌് തുക്കാറാമിന‌് കേരളം ശാന്താലയമാകുന്നത‌്. ലാല സ്വന്തം നാടുപോലും മറന്ന‌്  കേരളത്തിൽ ജീവിതം തുടരുന്നത‌്. മൃഗങ്കാ ബിസ്വാസ‌് കേരളത്തെ സ‌്നേഹിക്കുന്നത‌്. പൊള്ളുന്ന ജീവിതം പേറിയെത്തുന്ന ഓരോ അതിഥിത്തൊഴിലാളിക്കും ആഗ്രഹസാഫല്യത്തിനുള്ള അക്ഷയസാധ്യതയാണ‌് കേരളം. അസമിൽ ആരംഭിച്ച‌് തിരുവനന്തപുരത്ത‌് അവസാനിക്കുന്ന ഗുവാഹത്തി എക്‌സ്‌പ്രസ‌ിന്റെ ദൈർഘ്യം എഴുത്തുകാരൻ അതിഥിത്തൊഴിലാളികളുടെ ജീവിതത്താൽ പൂരിപ്പിക്കുന്നു. പൊതുബോധം അന്യസംസ‌്കാരങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നു. ആക്രമിക്കപ്പെട്ടാലോ എന്ന ഭയം, അജ്ഞാതഭാഷ സംസാരിക്കുന്നവരോടുള്ള അവിശ്വാസം, അപരിചിതത്വം സൃഷ്ടിക്കുന്ന ഭീഷണി ഇവയൊക്കെ വരത്തരെ ശത്രുസ്ഥാനത്ത‌ുകണ്ട‌് അകറ്റിനിർത്താനുള്ള കാരണങ്ങൾ. നോവലിലെ ഉപരിവർഗപ്രദേശമായ ഭരതൻ നമ്പ്യാർ റസിഡന്റ‌്സ‌് ഏരിയയിൽ ഉള്ളവരും ഈ ബോധമുണ്ടാക്കുന്ന ആശങ്കയാലാണ‌് അതിഥിത്തൊഴിലാളികളെ അകറ്റിനിർത്തുന്നത‌്. തൊഴിലാളിവർഗത്തിൽ ഉൾപ്പെട്ടവർ ആയിരുന്നിട്ടുകൂടി അംബേദ‌്കർ കോളനിയിലുള്ളവരെ തങ്ങൾക്കൊപ്പം നിർത്താനും ബംഗാളികളുടെ ശത്രുക്കളാക്കാനും ഭരതൻ നമ്പ്യാർ റസിഡന്റ‌്സ‌് ഏരിയക്കാർക്ക‌് സാധിക്കുന്നത‌് പൊതുശത്രുവെന്ന ബോധം സൃ‌ഷ്ടിച്ചുകൊണ്ടാണ‌്.
 
രണ്ടു കലാപത്തിലും കാരണമായി തീരുന്നത‌് വ്യാജവാർത്തകളും ചിത്രങ്ങളുമാണ‌്. നോവലിലെ ബംഗാളി കലാപം "നിയന്ത്രിക്കാൻ ആരുമില്ലാത്ത തെരുവുയുദ്ധം തന്നെയാണ‌് യഥാർഥ മനുഷ്യൻ വെളിപ്പെടുന്ന ഇടം'എന്ന‌് ബോധ്യപ്പെടുത്തുന്നു. "if it has to choose who is to be crucified, the crowd will always save Barabas' നോവലിലെ ആരംഭത്തിലെ ഈ ഉദ്ധരണി സമൂഹമനസ്സിൽ ഒളിഞ്ഞിരിക്കുന്ന കലാപകാരിയായ ബറാബസിലേക്കുള്ള സൂചനയാണ‌്. അതുകൊണ്ടാണ‌് കലാപശേഷവും മൂസക്കുട്ടിയും സാമ്പ്രിയും ശക്തമായി നിലനിൽക്കുന്നത‌്. ഇവിടെ സാഹചര്യങ്ങളിൽനിന്ന‌് ഒളിച്ചോടുന്ന അനാറുൾ ദൈവപുത്രനല്ല. മറിച്ച‌് ഈ പാപത്തിൽ തനിക്ക‌് പങ്കില്ലെന്ന‌് കൈകഴുകുന്ന പിലാത്തോസ‌ാണ‌്.
 
ന്യൂനപക്ഷങ്ങളും കുടിയേറ്റക്കാരും പൗരത്വം നിഷേധിക്കപ്പെട്ട‌് ജയിലിലടയ‌്ക്കപ്പെടുമ്പോൾ, ""ഞാൻ ജനിച്ച മണ്ണിലേക്ക‌് എന്റെ തായ‌്‌വേരുകൾ തീരുമാനിക്കുന്ന പട്ടിക ആരാണ‌് തയ്യാറാക്കുന്നത‌്''‌ എന്ന അനാറുളിന്റെ ചോദ്യം ജനാധിപത്യം, സോഷ്യലിസം, സമത്വം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ പ്രത്യയശാസ‌്ത്രധാരകളെയെല്ലാം ചോദ്യംചെയ്യുന്നു. മനുഷ്യന്റെ തത്വശാസ‌്ത്രധാരകളെല്ലാം  സാഹചര്യങ്ങൾക്ക‌് അനുസരിച്ച‌് മാറേണ്ടതാണെന്നും ഓർമിപ്പിക്കുന്ന എഴുത്തുകാരനിൽ ഒരു വിപ്ലവകാരിയെ ദർശിക്കാം. മനുഷ്യന്റെ പൊതുബോധത്തോടുള്ള അമലിന്റെ കലാപമാണ‌് "ബംഗാളി കലാപം'. ഭൂതവും വർത്തമാനവും പറഞ്ഞ‌് ഭാവിയിലേക്ക‌് പാഞ്ഞുപോകുന്നു ഈ തീവണ്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top