19 April Friday

കൊച്ചിയുടെ ഓര്‍മ്മയില്‍ ബഷീറിന്റെ 'ഏതു മൂരാച്ചിയ്ക്കും പറ്റിയ പുസ്‌തകങ്ങളുള്ള ബുക്ക് സ്റ്റാൾ'

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

‌‌‌‌കൊച്ചി > ''ലോകമേ ശ്രദ്ധിക്കുക ! ഹിന്ദുമഹാമണ്ഡലക്കാർ, മുസ്ലിം ലീഗുകാർ, സോഷ്യലിസ്റ്റ്കാർ, കോൺഗ്രസ്സുകാര്‍, കമ്യണിസ്റ്റ്കാർ എന്നുവേണ്ട ഏതു മൂരാച്ചിയ്ക്കും  പറ്റിയ പുസ്തകങ്ങളുള്ള ദുനിയാവിലെ ഏക ബുക്ക് സ്റ്റാൾ''അസാധാരണമായ ഈ പരസ്യം സാക്ഷാല്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ സൃഷ്ടി. അദ്ദേഹത്തിന്റെ  രചനകള്‍പോലെ അപൂര്‍വ്വതയുള്ള ഈ പരസ്യത്തിനു 70 കൊല്ലത്തിന്റെ പഴക്കം.

അക്കാലത്ത് കൊച്ചിയില്‍ നടത്തിയിരുന്ന ബഷീര്‍സ് ബുക്ക് സ്റ്റാളിനുവേണ്ടി തയ്യാറാക്കിയ ഈ പരസ്യം കൊച്ചിയിലെ സിഐസിസി  ബുക്ക് സ്റ്റാള്‍ ഉടമയായ സിഐസിസി ജയചന്ദ്രനാണ് ഫേസ് ബുക്കില്‍ പങ്കുവെച്ചത്.ബഷീറിന്റെ ഇരുപത്തിയാറാം ചരമ വാര്‍ഷികമാണ് ജൂലൈ അഞ്ച്.ആദ്യം നഗരത്തില്‍ കൊച്ചിന്‍ ബേക്കറിയുടെ വരാന്തയിലാണ്  സ്വന്തം ബുക്ക് സ്റ്റാള്‍ ആരംഭിച്ചത്. പിന്നീട് ബോട്ടുജട്ടിയിലേക്ക് ബുക്ക് സ്റ്റാള്‍ മാറ്റിയപ്പാള്‍ സര്‍ക്കിള്‍ ബുക്ക് ഹൌസ് എന്നാക്കി മാറ്റി. സര്‍ക്കിള്‍ ബുക്ക് ഹൌസാണ് ബഷീര്‍സ് ബുക്ക് സ്റ്റാള്‍ എന്ന പേരില്‍ പ്രസ്സ് ക്ലബ് റോഡില്‍ പിന്നീട് നടത്തിയിരുന്നത്.

ഇക്കാലത്ത് ബഷീര്‍ എഴുതിയ കൃതികളില്‍ പലതിലും കൊച്ചിയിലെ അനുഭവങ്ങള്‍ കടന്നുവരുന്നുണ്ട്.സാഹിത്യ സാംസ്ക്കാരിക രംഗത്തെ ഒട്ടേറെപ്പെരുടെ സംഗമ കേന്ദ്രം കൂടിയായിരുന്നു ബഷീറിന്റെ ബുക്ക് സ്റ്റാള്‍.അദ്ദേഹം താമസിച്ചിരുന്ന  ഇടുങ്ങിയ വാടകമുറിയില്‍ പി കൃഷ്ണപിള്ളയും കെ സി ജോര്‍ജും മറ്റ് പല കമ്യൂണിസ്റ്റ് നേതാക്കളും  ഒളിവില്‍ താമസിച്ചതിനെക്കുറിച്ച് പില്‍ക്കാലത്ത്  ബഷീര്‍ എഴുതിയിട്ടുണ്ട്.



എസ് കെ പൊറ്റക്കാട് അടക്കമുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ബഷീര്‍ എറണാകുളം ഷൺമുഖം റോഡിലെ പഴയ കായൽ ഇടഭിത്തിയ്ക്ക് മുന്നിൽ നില്‍ക്കുന്ന എഴുപത് കൊല്ലം മുമ്പത്തെ ചിത്രവും ജയചന്ദ്രന്‍ കഴിഞ്ഞദിവസം ഫേസ് ബുക്കില്‍ പങ്കുവെച്ചിരുന്നു. പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ എം പി കൃഷ്‌ണപിള്ള. സമാധാനം പരമേശ്വരന്‍. എസ് കെ പൊറ്റക്കാട്ട് , ബഷീർ, മുന്‍ എംപി യും സിപിഐ നേതാവുമായ കെ എ രാജന്‍. ഡോ വി അബ്‌ദു‌ള്ള എന്നിവരാണ് ചിത്രത്തിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top