19 April Friday
രാജീവ് ശിവശങ്കറിന്റെ നോവല്‍

പുസ്‌തകം വരും മുമ്പേ ഓഡിയോ ബുക്ക്‌; ജയചന്ദ്രന്‍ മൊകേരിയുടെ "കടല്‍നീലം' 23 ന്‌ എത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 21, 2021

കൊച്ചി > പുസ്‌തകം മരിക്കില്ല എന്നതിന് ഒന്നാന്തരം തെളിവിതാ - വായന മരിക്കുന്നില്ല എന്നതു തന്നെ. വായന കണ്ണുകൊണ്ട് മാത്രമാകണമെന്ന് നിര്‍ബന്ധമുണ്ടോ? അഥവാ പുസ്‌തകം കേള്‍ക്കുകയും ചെയ്യാം. പുസ്‌തകം വരും മുമ്പു തന്നെ അതിന്റെ ഓഡിയോ പുസ്തകം വന്നാലോ?. പുസ്‌തകങ്ങളുടേയും വായനശാലകളുടേയും വന്‍വായനയുടേയും നാടായ മലയാളത്തിലും  ഇതാ വന്നു പുസ്‌തക‌ങ്ങള്‍ക്കു മുമ്പ്‌ ഓഡിയോ പുസ്‌തകം. രാജീവ് ശിവശങ്കറിന്റെ നോവലായ റെബേക്കയുടെ ഓഡിയോ പുസ്‌തകം ഏപ്രില്‍ 16-ന് ഇറങ്ങിയെങ്കില്‍ ജയചന്ദ്രന്‍ മൊകേരിയുടെ കടല്‍നീലം ഓഡിയോ പുസ്‌തകം ഏപ്രില്‍ 23ന്‌ എത്തും. രണ്ടിന്റേയും സാധാരണ കടലാസ് പുസ്‌തകരൂപങ്ങള്‍ പിന്നാലെ വരുമെന്നര്‍ത്ഥം. സ്റ്റോറിടെല്‍ ആപ്പിലാണ് പുസ്‌തകരൂപത്തില്‍ വരുന്നതിനു മുമ്പു തന്നെ ഈ രണ്ട് പുസ്തകങ്ങളും ഇപ്പോള്‍ ഓഡിയോ രൂപത്തില്‍ എത്തിയിരിക്കുന്നത്.

വരിക്കാരായിച്ചേര്‍ന്ന് കേള്‍ക്കാവുന്ന 5 ലക്ഷത്തിലേറെ ഓഡിയോ പുസ്ത‌കങ്ങളുടേയും ഇ-ബുക്സിന്റേയും സ്ട്രീമീംഗ് സേവനം ലഭ്യമാക്കുന്ന ലോകത്തിലെത്തന്നെ ഇത്തരത്തില്‍പ്പെട്ട ഏറ്റവും വലിയ സേവനദാതാവാണ് സ്വീഡിഷ് കമ്പനിയായ സ്റ്റോറിടെല്‍.

കേരളത്തെ ഞെട്ടിച്ച ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് രാജീവ് ശിവശങ്കര്‍ തന്റെ പുതിയ ത്രില്ലര്‍ നോവല്‍ നെയ്തെടുത്തിരിക്കുന്നത്. പുഞ്ചക്കുറിഞ്ഞി എന്ന കുഗ്രാമത്തിലെ പത്തേക്കര്‍ എന്ന വീട്ടില്‍ തനിച്ചു താമസിക്കുന്ന വൃദ്ധയായ വിധവ റെബേക്കയാണ് നോവലിലെ നായിക. മാതൃഭൂമി കഥ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുള്ള രാജീവിന്റെ മറ്റു കൃതികള്‍ തമോവേദം, മറപൊരുള്‍, പ്രാണസഞ്ചാരം, നാഗഫണം, ദൈവമരത്തിലെ ഇല, പെണ്ണരശ്, കല്‍പ്രമാണം, കുഞ്ഞാലിത്തിര തുടങ്ങിയവയാണ്. ഇതില്‍ കുഞ്ഞാലിത്തിര, നാഗഫണം, തമോവേദം, പ്രാണസഞ്ചാരം എന്നിവ സ്റ്റോറിടെലില്‍ നേരത്തേ ലഭ്യമാണ്. ചങ്ങനാശ്ശേരിയില്‍ നി്ന്നുള്ള റേഡിയോ മീഡിയ വില്ലേജില്‍ റേഡിയോ ജോക്കിയായ ശ്രീലക്ഷ്മി ജയചന്ദ്രനാണ് റെബേക്ക വായിച്ചിരിക്കുന്നത്.

റെബേക്കയുടെ ടീസര്‍ ഇവിടെ. https://www.youtube.com/watch?v=NYbdTPB8ATY

Storytell link here: https://www.storytel.com/in/en/books/2293437-Rebecca

മാലിയില്‍ അധ്യാപകനായിരിക്കെ ചെയ്യാത്ത കുറ്റത്തിന് തടവുശിക്ഷ അനുഭവിച്ചതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച കോഴിക്കോട് മൊകേരി സ്വദേശിയായ ജയചന്ദ്രന്റെ ജയില്‍ അനുഭവങ്ങളുടെ പുസ്തകമായ തക്കിജ്ജ ഏറെ പ്രശസ്തമാണ്. ഇത് സാഹിത്യ അക്കാദമി അവാര്‍ഡും നേടിയിരുന്നു. ജയില്‍ജവാസിനു ശേഷമുള്ള തന്റെ ജീവിതമാണ് നാളെ ആദ്യം ഓഡിയോ പുസ്തകമായെത്തുന്ന കടല്‍നീലം. കര്‍ണാടക സംഗീതജ്ഞന്‍ കൂടിയായ രാജീവ് നായരാണ് കടല്‍നീലം വായിച്ചിരിക്കുന്നത്.

Storytel link: https://www.storytel.com/in/en/books/2293483-Kadalneelam

നിലവില്‍ മറ്റ് നാനൂറിലേറെ മലയാളം ഓഡിയോ പുസ്തകങ്ങളും ആപ്പില്‍ ലഭ്യമാണ്. സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 22 വിപണികളിലായി 15 ലക്ഷത്തിലേറെ വരിക്കാരുണ്ട്. നോവലുകള്‍, കഥകള്‍, വ്യക്തിത്വവികസനം, ചരിത്രം, റൊമാന്‍സ്, ത്രില്ലറുകള്‍, ആത്മീയം, ഹൊറര്‍, സാഹസികകഥകള്‍ തുടങ്ങി മിക്കവാറും എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങളുടെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ 10 ഭാഷകളിലും സ്റ്റോറിടെലിന് ഓഡിയോ പുസ്തകങ്ങളുണ്ട്.

സ്റ്റോറിടെലിന്റെ ഓഡിയോ പുസ്തകങ്ങള്‍ 299 രൂപ പ്രതിമാസ വരിസംഖ്യ മുടക്കി വരിക്കാരായിച്ചേരാം. ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top