26 April Friday

അറിയാത്ത നഗരങ്ങളുമായി പങ്കുചേരുന്നു-പലസ്‌തീനിയൻ കവയത്രിയും അവതാരകയുമായ അസ്‌മ അസൈസേയുമായി അഭിമുഖം

കെ ഗിരീഷ്‌Updated: Thursday Mar 2, 2023

അന്താരാഷ്‌ട്ര നാടകോത്സവത്തിൽ അസ്‌മ അസൈസേ ‘ഡോൺട്‌ ബിലീവ്‌ മി ഇഫ്‌ ഐ ടോക്ക്‌ ടു യു ഓഫ്‌ വാർ’ അവതരണത്തിൽ

അന്തരാഷ്ട്ര നാടകോത്സവത്തിൽ ഓഡിയോ–വിഷ്വൽ ഇൻസ്റ്റലേഷൻ അവതരണത്തിനെത്തിയ പലസ്‌തീനിയൻ കവിയും പത്രപ്രവർത്തകയുമായ അസ്മ സംസാരിക്കുന്നു. ദേശവും സംസ്‌കാരവും ഭാഷയും നഷ്‌ടമായ ഒരു ജനതയുടെ വിതുമ്പൽ. യുദ്ധവും, മരണവും, കൂട്ടക്കൊലയും, പലായനങ്ങളും കൂടിക്കലരുന്ന ജീവിതവും  കവിതയും

‘കവിത എന്റെ അസ്‌തിത്വത്തിന്റെ അനിവാര്യ ഘടകവും എന്നിൽ ഉൾച്ചേർന്ന ഒന്നുമാണ്‌. ഞാനെഴുതുന്നത്‌ എന്റെ ജീവിതമാണ്‌. ഞാനോ നിങ്ങളോ നേരിടുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം നിർദേശിക്കലല്ല മറിച്ച്‌,  പ്രതിസന്ധികളെ കുറിച്ചിടുക മാത്രമാണ്‌.

കവിത നിങ്ങളുടെ ജീവിത ചിത്രം മാത്രമാണ്‌. അത്‌ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നു.  സ്വയം തിരിച്ചറിയാനും ലോകത്തെ അറിയാനും അത്‌ സഹായിക്കുന്നു. ഈ വ്യവസ്ഥയിൽ എന്റേത്‌ ചെറിയ ഇടം മാത്രമാണെന്ന്‌  തിരിച്ചറിയുന്നതോടൊപ്പം മനുഷ്യൻ എന്ന നിലയിലുള്ള പ്രാധാന്യവും ഞാൻ മനസ്സിലാക്കുന്നു. പലസ്‌തീനിയൻ എഴുത്തുകാരി എന്ന നിലയിൽ വിവിധതലങ്ങളിൽ പൊരുതുകയാണ്‌ ഞാൻ’.

അസ്‌മ അസൈസേ-േഫാട്ടോ: കെ എസ്‌ പ്രവീൺകുമാർ

അസ്‌മ അസൈസേ-േഫാട്ടോ: കെ എസ്‌ പ്രവീൺകുമാർ

പലസ്‌തീനിയൻ കവിതയിലെ കരുത്താർന്ന പെൺശബ്‌ദം അസ്‌മ അസൈസേയുടെ വാക്കുകൾ. അതിൽ ദേശവും സംസ്‌കാരവും ഭാഷയും നഷ്‌ടമായ ഒരു ജനതയുടെ വിതുമ്പൽ ഒളിഞ്ഞിരിപ്പുണ്ട്‌.

അസ്‌മയുടെ കവിതകൾ രൂപകങ്ങളാൽ സമൃദ്ധവും വിഷയങ്ങളുടെ വൈകാരികതലങ്ങളിൽ ഊന്നുന്നവയുമാണ്‌. യുദ്ധം, മരണം, കൂട്ടക്കൊല, പലായനം എന്നീ ദുരന്തയാഥാർഥ്യങ്ങളെ അഭിസംബോധന ചെയ്യുന്നു. അതേസമയം ഭാഷയുടെ വിരുതിലും ഭാവനയിലും ആ കവിതകൾ ഉയർന്നുനിൽക്കുന്നു.

അസ്‌മ കവിയും അവതാരകയും പത്രപ്രവർത്തകയുമാണ്‌. നാല്‌ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇംഗ്ലീഷ്‌, ഇറ്റാലിയൻ, ജർമൻ, പാഴ്‌സി,  ഹീബ്രു, സ്വീഡിഷ്‌, സ്‌പാനിഷ്‌, ഗ്രീക്ക്‌ ഭാഷകളിലേക്ക്‌ ഇവരുടെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

മഹ്‌മൂദ്‌  ദാർവിഷ്‌ മ്യൂസിയത്തിന്റെ ആദ്യ ഡയറക്‌ടറാണ്‌. നിരവധി അറബിക്‌ പ്രസിദ്ധീകരണങ്ങളിൽ പത്രപ്രവർത്തകയും ടെലിവിഷൻ, റേഡിയോ അവതാരകയുമായി പ്രവർത്തിച്ചിട്ടുണ്ട്‌– അന്തരാഷ്ട്ര നാടകോത്സവത്തിൽ ഓഡിയോ–വിഷ്വൽ ഇൻസ്റ്റലേഷൻ–‘ഡോൺട് ബിലീവ്‌ മി ഇഫ് ഐ ടോക്ക് ടു യു ഓഫ് വാർ’ അവതരണത്തിനെത്തിയ അസ്മയുമായി നടത്തിയ വർത്തമാനം.

? കലുഷിതമായ അന്തരീക്ഷത്തിൽനിന്ന് എങ്ങനെയാണ് കവിതയിലേക്കും മാധ്യമപ്രവർത്തനത്തിലേക്കും വരാനായത്.

= പതിനെട്ടോ പത്തൊമ്പതോ വയസ്സുള്ളപ്പോഴാണ് കവിത എഴുതാൻ തുടങ്ങിയത്. പക്ഷേ, എഴുതാനും വായിക്കാനും തുടങ്ങുംമുമ്പേ കവിതയുമായി അടുപ്പമുണ്ടായിരുന്നു. ക്ലാസിക്കൽ കവിതകൾ വായിക്കുകയും ചൊല്ലിത്തരികയും ചെയ്ത അച്ഛനായിരുന്നു അതിന് വഴിയൊരുക്കിയത്. സത്യത്തിൽ അർഥംപോലുമറിയാതെ അവയിൽ പലതും ഞാൻ മനഃപാഠമാക്കി. എട്ടോ ഒമ്പതോ വയസ്സുള്ളപ്പോൾ ഞാൻ എന്റെ നിർമിതഭാഷയിൽ കവിത എഴുതാൻ തുടങ്ങി. ഇതാണ് പിന്നീട് എഴുത്തായി മാറിയത്. ഞാനൊരു കവിയായി എന്നെ കാണാൻ തുടങ്ങി.

? അഭിമുഖങ്ങളിലെല്ലാം ഹൈഫ എന്ന ഇസ്രയേലി തുറമുഖ നഗരത്തെ പരാമർശിക്കുന്നു. ഹൈഫ എങ്ങനെയാണ് സ്വാധീനിച്ചത്.

= ലോവർ ഗലീലിയിലെ ദബൂറിയയിൽ 1985ലാണ് ഞാൻ ജനിക്കുന്നത്. ഒരു ചെറിയ ഗ്രാമം. 18‐ാം വയസ്സിൽ സർവവും നഷ്‌ടപ്പെടുത്തിയാണ്‌ ഹൈഫയിൽ എത്തുന്നത്. ഹൈഫ സ്വയം കണ്ടെത്താൻ എന്നെ സഹായിച്ചു. ഫത്തൂഷ് എന്ന പേരിലുള്ള ഒരു കഫേയിൽ എത്തപ്പെടുകയായിരുന്നു. നിരവധി കലാകാരന്മാരും ബുദ്ധിജീവികളും എത്തുന്ന ഒരിടം. അവിടെ ക്യുറേറ്ററായി ഒട്ടേറെ പ്രദർശനങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. ആർട് ഗ്യാലറിയും പുസ്‌തകശാലയും തുറന്നു. പലസ്‌തീനി കലാകാരന്മാർക്ക് പ്രദർശനമൊരുക്കാനാവുന്ന അപൂർവം ഇടങ്ങളിലൊന്നായിരുന്നു അത്.

ഹൈഫയെക്കുറിച്ച് പറയുമ്പോൾ 1948നെക്കുറിച്ച് പറയാതിരിക്കാനാവില്ല.  ഹൈഫയുൾപ്പടെ പ്രധാന അറബ് നഗരങ്ങളെല്ലാം തകർന്നുവീണ വർഷമാണത്. പലസ്‌തീനി ചരിത്രത്തിലെ നിർണായക വർഷങ്ങൾ. അറബ്‌ സാംസ്‌കാരിക കേന്ദ്രങ്ങളായിരുന്ന ജറുസലേമും ഹൈഫയും തകർന്നുവീണു. തകർന്നു എന്ന്‌ പറയുമ്പോൾ അക്ഷരാർഥത്തിൽ അത്‌ സംഭവിച്ചു. പാരമ്പര്യത്തിന്റെ സൂചകങ്ങളായിരുന്ന എല്ലാം ഇടിച്ചു തകർക്കുകയായിരുന്നു.  മറ്റിടങ്ങളിൽനിന്ന്‌ ഗായകരും എഴുത്തുകാരും പ്രസിദ്ധീകരണത്തിനും റെക്കോർഡിങ്ങിനും വന്നിരുന്ന ഒരിടമാണ്‌ ഹൈഫ. അതാണില്ലാതായത്‌.

നിർദിഷ്‌ട ജൂതരാഷ്‌ട്രത്തിലേക്ക്‌ നിർദേശിക്കപ്പെട്ട അറബ്‌ പ്രദേശങ്ങളിൽനിന്ന്‌ 40,000 പലസ്‌തീനികൾ പലായനംചെയ്‌തു. അത്തരമൊരിടത്തിലാണ്‌ ഞാൻ എന്നെ കണ്ടെത്തുന്നത്‌. അതത്ര എളുപ്പമല്ല. ദേശവും സംസ്‌കാരവും ഒലീവ്‌ മരങ്ങളും ബന്ധങ്ങളും നഷ്‌ടമാകുന്ന ഒരു ന്യൂനപക്ഷത്തിനെ തിരിച്ചുപിടിക്കുക എളുപ്പമല്ല.

? ‘ചരിത്രത്തിലെ പലസ്‌തീൻ’ എന്ന പ്രയോഗം ചില കവിതകളിൽ കാണുന്നു. എന്താണ്‌ ഈ പ്രയോഗം.

ഞങ്ങളെ സംബന്ധിച്ചിടത്തോളം പലസ്‌തീൻ ഇന്നില്ല. നേരത്തെ പറഞ്ഞതുപോലെ സംസ്‌കാരത്തിന്റെ ഇടങ്ങളായിരുന്ന പലസ്‌തീനിയൻ നഗരങ്ങളെല്ലാം ഓർമകളാണ്‌. പണ്ടുപണ്ട്‌ എന്ന്‌ തുടങ്ങുന്ന കുട്ടിക്കഥകളിലെ ഇടം മാത്രമാണ്‌ പുതിയ തലമുറയ്‌ക്ക്‌ പലസ്‌തീൻ. ചരിത്രത്തിലെന്നോ നിലനിന്ന ഒരിടം മാത്രമായി പലസ്‌തീൻ ചുരുങ്ങി.

=  ഞങ്ങളെ സംബന്ധിച്ചിടത്തോളം പലസ്‌തീൻ ഇന്നില്ല. നേരത്തെ പറഞ്ഞതുപോലെ സംസ്‌കാരത്തിന്റെ ഇടങ്ങളായിരുന്ന പലസ്‌തീനിയൻ നഗരങ്ങളെല്ലാം ഓർമകളാണ്‌. പണ്ടുപണ്ട്‌ എന്ന്‌ തുടങ്ങുന്ന കുട്ടിക്കഥകളിലെ ഇടം മാത്രമാണ്‌ പുതിയ തലമുറയ്‌ക്ക്‌ പലസ്‌തീൻ. ചരിത്രത്തിലെന്നോ നിലനിന്ന ഒരിടം മാത്രമായി പലസ്‌തീൻ ചുരുങ്ങി.

? പത്രപ്രവർത്തക എന്ന നിലയിൽ പലസ്‌തീനിനെക്കുറിച്ച്‌.

= പലസ്തീനിനെക്കുറിച്ച്‌ എനിക്ക്‌ ഏറെയൊന്നും പറയാനില്ല. മുമ്പേ പറഞ്ഞതുപോലെ പലസ്‌തീൻ ഇന്നില്ല. ഭൂമിശാസ്‌ത്രപരമായി ഏതൊക്കെയോ ഭൂമികകളിൽ ചിതറിക്കിടക്കുന്ന മനുഷ്യരാണ്‌ ഇന്നത്തെ പലസ്‌തീൻ. ഒരുതരത്തിലും പരസ്‌പര ബന്ധമില്ലാത്തവർ. ഇവരുടെ സാംസ്‌കാരികാന്തരീക്ഷംപോലും വ്യത്യസ്തമാണ്‌. എല്ലാ അർഥത്തിലും കാര്യങ്ങൾ ഓരോ ദിവസവും കഠിനമാവുകയുമാണ്‌.

അസ്‌മ അസൈസേയും കെ ഗിരീഷും അഭിമുഖത്തിനിടെ

അസ്‌മ അസൈസേയും കെ ഗിരീഷും അഭിമുഖത്തിനിടെ

? അസ്മയുടെ കവിത വൈയക്തികമായ ആകുലതകളെയാണല്ലോ പലപ്പോഴും പ്രതിഫലിപ്പിക്കുന്നത്.

= ഒരു നിലയിൽ അതുശരിയാണ്‌. കാരണം ഞാനെഴുതുന്നത്‌ എന്റെ കാഴ്‌ചയും നിരീക്ഷണവുമാണ്‌. ചില തലങ്ങളിൽ അത്‌ നിങ്ങളുടേതുമാകുന്നുണ്ടെങ്കിൽ ജീവിതത്തിന്റെ ചില പൊതുയാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌.  ചുറ്റുപാടുകളെപ്പോഴും കാഴ്‌ചയെയും ചിന്തയെയും വാക്കിനെയും  സ്വാധീനിക്കുമെന്ന്‌ എനിക്ക്‌ തോന്നുന്നു.

? സ്വാനുഭവങ്ങളുടെ പകർത്തലിൽ ചിലപ്പോൾ കുറ്റബോധത്തിന്റെ അലകളുണ്ടോ.

= അതെ... ചിലപ്പോൾ ചിലതൊക്കെ പറയാനുള്ള എന്റെ അർഹത എന്നെ അലട്ടാറുണ്ട്‌. യുദ്ധം ഞാനനുഭവിക്കാത്ത ഒന്നാണ്‌. അതേക്കുറിച്ച്‌ എഴുതാനുള്ള അർഹത എന്നെ അലോസരപ്പെടുത്താറുണ്ട്‌. സത്യത്തിൽ എന്റെ പേടിസ്വപ്‌നങ്ങളിൽ യുദ്ധം കടന്നുവരാറുണ്ട്‌. പലസ്‌തീനിനെക്കുറിച്ച്‌ പറയുമ്പോൾ എന്റെ ഇസ്രയേലി രേഖകൾ അലട്ടാറുണ്ട്‌. ഈ രേഖകൾ ഉപയോഗിച്ച്‌ എനിക്ക്‌ കടന്നുചെല്ലാനാകാത്ത ഇടങ്ങളുണ്ട്‌. പക്ഷേ അവിടങ്ങളിൽ ഞാനെത്തിയതായി കിനാവിൽ കാണും. യഥാർഥത്തിൽ ഈ പ്രദേശങ്ങളുമായുള്ള എന്റെ ബന്ധം ആത്മീയമാണ്‌. ഈ കിനാവുകളാണ്‌ യുദ്ധത്തെക്കുറിച്ച്‌ എഴുതാനുള്ള അനുമതിയായി ഞാൻ കാണുന്നത്‌. എന്റെ പ്രിയപ്പെട്ടവരിൽ പലരും അനുഭവിച്ച യുദ്ധം തീർച്ചയായും എന്റെ യുദ്ധമാണെന്ന്‌ ഞാൻ സമാധാനിക്കുന്നു.

? ‘ഇസ്രയേലി രേഖകളുമായി ജീവിക്കുന്ന പലസ്‌തീനി’ ഇതുമായി എങ്ങനെയാണ്‌ നിങ്ങളിലെ കവിക്ക്‌ പൊരുത്തപ്പെടാനാവുന്നത്‌.

= ജൂതവംശജയല്ലാത്ത ഒരാൾക്ക്‌ ഇസ്രയേലിൽ നിരവധി അവഗണനകൾ അനുഭവിക്കേണ്ടി വരുന്നുണ്ട്‌. ഞങ്ങളവിടെ ഒരു നാലാംകിട പൗരരായി കണക്കാക്കപ്പെടുന്നു. വിവിധതരം യുദ്ധങ്ങളാണ്‌ നേരിടേണ്ടി വരുന്നത്‌. പക്ഷേ, കവിത ഒരു പരിഹാരമായി ഞാൻ കാണുന്നില്ല. അത്‌ ജീവിതത്തിന്റെ പ്രതിബിംബമാണ്‌. എന്റെ  സാമൂഹ്യ പ്രതിസന്ധികളെക്കുറിച്ച്‌ ഞാൻ എഴുതുന്നില്ല. മറിച്ച്‌ എന്റെ ജീവിതം എഴുതുമ്പോൾ തീർച്ചയായും ഞാൻ സാമൂഹ്യാനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ട്‌. കാരണം ലോകത്തിലേക്ക്‌ വിശാലമായ നോട്ടം ഞാനെപ്പോഴും പായിക്കാറുണ്ട്‌. എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ശക്തിയാണ്‌ കവിത.

? മെറ്റഫർ എന്ന കവിതയിൽ ‘നമ്മുടെ നഗരങ്ങൾ തലയറുക്കപ്പെട്ട ആടുകളെപ്പോലെ’ എന്നെഴുതിയിരിക്കുന്നു– വിശദമാക്കാമോ.

= അറബ്‌ വസന്തത്തിനുശേഷമാണ്‌ ഇതെഴുതുന്നത്‌. എല്ലാ അറബ്‌ നഗരങ്ങളെയും ഞാൻ കാണുന്നുണ്ടായിരുന്നു. ചിതറിപ്പോയ, സൗന്ദര്യം നഷ്‌ടപ്പെട്ട നഗരങ്ങൾ. പല അറബ്‌ നഗരങ്ങളും ഞാൻ കണ്ടിട്ടില്ല. ഉദാഹരണം ബാഗ്‌ദാദ്‌. പക്ഷേ എന്റെ ഓർമകളിലും ചിന്തയിലും ഈ നഗരങ്ങളുടെ പൂർവകാലചരിത്രം നിലകൊള്ളുന്നുണ്ട്‌. അവയുടെ സമകാലീനാവസ്ഥയും ഹൈഫയുടേതെന്നപോലെ ഞാനറിയുന്നുണ്ട്‌.

? വിശ്വാസങ്ങളും യാഥാർഥ്യങ്ങളും പ്രത്യയശാസ്‌ത്രവും ജീവിതവും തമ്മിലുള്ള പൊരുത്തക്കേടുകളെക്കുറിച്ച്‌.

= ഞാനെന്റെ വിശ്വാസങ്ങളും യാഥാർഥ്യവും തമ്മിലുള്ള പൊരുത്തക്കേടുകളുമായി പൊരുതുകയാണ്‌. അവ തമ്മിൽ കുറേക്കൂടി അടുത്തെങ്കിൽ എന്നെനിക്കാഗ്രഹമുണ്ട്‌. ചില കാര്യങ്ങളിൽ നമ്മൾ വിശ്വസിക്കുന്നു. പക്ഷേ വിശ്വാസങ്ങളൊന്നും പ്രയോഗത്തിൽ വരുത്താനാവുന്നില്ല. കാരണം മൂല്യങ്ങളെ വ്യക്തി താൽപ്പര്യത്തിനായി ഉപയോഗിക്കാൻ ഞാനിഷ്‌ടപ്പെടുന്നില്ല.  കൂട്ടം ചേരലുകളോടുള്ള എന്റെ ബന്ധവും മൂല്യങ്ങളോടും ആശയങ്ങളോടുമുള്ള ബന്ധവും കൃത്യമായി നിർവചിക്കാനാവില്ല. അവ തമ്മിൽ വലിയ വിടവ്‌ അനുഭവിക്കുന്നുണ്ട്‌.

? ഒന്നുകൂടി വിശദമാക്കാമോ.
= നോക്കൂ, ഏക രാഷ്‌ട്രം പരിഹാരമാണെന്ന്‌ ഞാൻ കരുതുന്നു. സത്യത്തിൽ എന്റെയുള്ളിൽ രാഷ്‌ട്രം എന്ന സങ്കൽപ്പമേയില്ല.  ആദ്യത്തെ  പരിഹാരമെന്നത്‌ ചരിത്രത്തിലെ പലസ്‌തീനാണ്‌. പതിറ്റാണ്ടുകൾക്കുമുമ്പ്‌ അത്‌ പലസ്‌തീനായിരുന്നതുകൊണ്ടാണ്‌ ഈ പ്രയോഗം ഞാൻ വീണ്ടും നടത്തുന്നത്‌. എന്റെയുള്ളിലെ മനുഷ്യശബ്‌ദമാണ്‌ അത്‌ തിരികെ വേണമെന്ന്‌ പറയുന്നത്‌. പക്ഷേ അതെങ്ങനെയെന്ന്‌ എനിക്ക്‌ പറയാനാവുന്നില്ല. അതേസമയം അതൊരു ആക്‌ടിവിസവും രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും അവയുടെ മൂല്യവുമാണ്‌.

ഞാൻ മൂല്യത്തിനുവേണ്ടി പോരാടുന്നതുപോലെ ചിലപ്പോൾ അതിനോടുതന്നെ പോരാടുകയാണെന്ന തോന്നലുമുണ്ടാകുന്നു. ഇതാണ്‌ ഞാൻ പറയുന്ന വൈരുധ്യം. ഇത്‌ അറബ്‌ രാജ്യങ്ങളിലെ കവികളെല്ലാം അനുഭവിക്കുന്നുണ്ട്‌ എന്നുതോന്നുന്നു. കാരണം ഭാഷകൊണ്ട്‌ അവരെല്ലാം ബന്ധിപ്പിക്കപ്പെടുമ്പോൾ തന്നെ തികച്ചും വ്യത്യസ്‌തമായ ജീവിതാനുഭവങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഒരിടത്തെ സംഭവങ്ങൾ മറ്റൊരിടത്ത്‌ കവിതയിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്‌. കാരണം വ്യത്യസ്‌തതകൾക്കിടയിലും കൂട്ടായ ജീവിതം അനുഭവിക്കുന്നുണ്ട്‌. നമ്മളനുഭവിക്കാത്തതാണെങ്കിലും, കശ്‌മീരിലെപ്പോലും സംഭവങ്ങൾ നമ്മെ സ്വാധീനിക്കുന്നു.

? സമകാലീന അറബ് കവിതയുടെ അവസ്ഥ.

സമകാലീന അറബ് കവിത അതിന്റെ ക്ലാസിക്കൽ ഘടനയിൽനിന്ന് മോചിതമായിരിക്കുന്നു. അതൊട്ടും സ്വാഭാവികമാവുന്നില്ല. ചരിത്രപരമായി അറബ്‌ കവിതയുടെ ധാരയുണ്ട്‌. അതിനെ ഇപ്പോ ൾ ‘അലർച്ചകളും രക്തസ്രാവവും’ എന്നാണ്‌ ഞാൻ വിളിക്കുക. സമകാലീന അറബ്‌ കവിതകൾ രക്തപ്പുഴകളാണ്‌. ഭാഷ കുറേക്കൂടി മൂർച്ചയുള്ളതാണ്‌. അതിൽനിന്ന്‌ സ്വയം മോചിപ്പിച്ചെടുക്കലാണ്‌ ഞാൻ ചെയ്യുന്നത്‌.

= സമകാലീന അറബ് കവിത അതിന്റെ ക്ലാസിക്കൽ ഘടനയിൽനിന്ന് മോചിതമായിരിക്കുന്നു. അതൊട്ടും സ്വാഭാവികമാവുന്നില്ല. ചരിത്രപരമായി അറബ്‌ കവിതയുടെ ധാരയുണ്ട്‌. അതിനെ ഇപ്പോ ൾ ‘അലർച്ചകളും രക്തസ്രാവവും’ എന്നാണ്‌ ഞാൻ വിളിക്കുക. സമകാലീന അറബ്‌ കവിതകൾ രക്തപ്പുഴകളാണ്‌. ഭാഷ കുറേക്കൂടി മൂർച്ചയുള്ളതാണ്‌. അതിൽനിന്ന്‌ സ്വയം മോചിപ്പിച്ചെടുക്കലാണ്‌ ഞാൻ ചെയ്യുന്നത്‌. കാരണം ഞാൻ വരുന്നത്‌ ശാന്തമായ ഗ്രാമത്തിൽനിന്നാണ്‌. കൊലകളോ വെടിവെയ്‌പോ നേരിട്ട്‌ കണ്ടിട്ടില്ല. പക്ഷേ സിറിയയിൽനിന്നോ ബാഗ്‌ദാദിൽനിന്നോ ഒരു വാർത്തയോ ദൃശ്യമോ കാണുമ്പോൾ എനിക്ക്‌ എന്നെത്തെന്നെ നഷ്‌ടമാവുന്നുണ്ട്‌. അതൊരു കൂട്ടായ്‌മയുടെ പ്രതിഫലനമാണ്‌.

? ഇതിലെവിടെയാണ്‌ അസ്‌മയുടെ രചനകൾ.

= ഒറ്റപ്പെടലിന്റെയും ഉപരോധമനുഭവിക്കുന്ന ന്യൂനപക്ഷത്തിൽനിന്ന് വേർപ്പെടുത്താനാവാത്തതിന്റെയും വേദന ഞാനനുഭവിക്കുന്നു. അറബ് ലോകത്തിലെ ന്യൂനപക്ഷം മാത്രമാണ് ഞങ്ങൾ. എനിക്കെന്റെ ഭൂതകാലവുമായി, മുൻതലമുറകളുമായി ബന്ധപ്പെട്ട ജീവിച്ചിരിക്കുന്ന ഓർമകളില്ല. സത്യത്തിൽ അറബ് മേഖലയിൽനിന്ന് പാരമ്പര്യമായി ഒന്നും ലഭിച്ചില്ല.

എങ്കിലും ചില കൈവഴികൾ നഷ്‌ടമായി എന്ന്‌ തിരിച്ചറിയുന്നു. ഭൗതികമായി നിങ്ങൾ രക്തത്തോടൊപ്പം ജീവിച്ചില്ലെങ്കിൽ പിന്നീട് നിങ്ങൾ ആഗിരണം ചെയ്യുന്നതെല്ലാം വിദൂരസ്ഥലികളിൽനിന്ന് ബന്ധമില്ലാത്തവയായി തോന്നും. എങ്കിലും എന്റെ കവിതയിൽ പൂർവപിതാക്കന്മാർ കടന്നുവരുന്നുണ്ട്. അവരുടെ അനുഭവങ്ങൾ ഞാൻ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ട്. ഇന്റർനെറ്റ് എന്നെ ഇതരദേശങ്ങളുമായി ബന്ധപ്പെടുത്തുന്നുണ്ട്. സ്വാഭാവികമായും ഈ അറിവുകൾ എന്റെ കവിതയിലും കയറുന്നു  .

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top