26 April Friday

ഒറ്റ വാക്കിന്റെ കല്ലുടഞ്ഞാൽ മതി...

ഇരിഞ്ചയം രവിUpdated: Friday Apr 29, 2022

മൂലൂര്‍ സ്‌മാരക സാഹിത്യ പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്‌, ഡോ. നെല്ലിക്കല്‍ മുരളീധരന്‍ പുരസ്‌കാരം എന്നിവ നേടിയ "മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്‌' എന്ന അസീം താന്നിമൂടിന്റെ കൃതിയെക്കുറിച്ച്‌ ഇരിഞ്ചയം രവി എഴുതുന്നു.

"ഒറ്റ വാക്കിന്റെ കല്ലുടഞ്ഞാൽ മതി എത്ര പൊങ്ങിയ ഫ്ലാറ്റും പതിക്കുവാൻ''(ഫ്ലാറ്റ്-കാണാതായ വാക്കുകൾ)എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ട് തന്റെ കവിതാ ഫ്ളാറ്റ് നിർമാണത്തിന് ഉടഞ്ഞുപോകാത്ത വാക്കിന്റെ കല്ലുകൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ അസീം താന്നിമൂട് തെല്ലും അശ്രദ്ധ കാട്ടാറില്ല. സച്ചിദാനന്ദൻ പറഞ്ഞതുപോലെ അസീം ചെറിയ കാര്യങ്ങളുടെ കവിയാണ്.മരത്തിന്റെ, വിത്തിന്റെ, കാടിന്റെ,കിളിയുടെ, ഒരു തുള്ളി വെള്ളത്തിന്റെ,തൊട്ടാവാടിമുള്ളിന്റെ അടഞ്ഞ വീടുകളുടെ,മണൽത്തരിയുടെ ജാലകപ്പഴതുകളുടെയൊക്കെ കവി.

ഒരു കവിയുടെ സ്വത്വബോധം തന്റെ മിക്ക കവിതകളിലും പ്രകടമായിരിക്കും. വള്ളത്തോൾ കവിതകളിലും ആശാൻകവിതകളിലും അത് നന്നായി കാണാം.അസീം താന്നിമൂടിന്റെ സ്വത്വബോധം പുതിയ സമാഹാരമായ 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്'എന്ന കവിതാസമാഹാരത്തിലും അടയാളമായി തെളിഞ്ഞു കിടക്കുന്നു. അറുപത്തിനാല് കവിതകളുടെ സമാഹാരമാണ് മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്. അന്തർധാരകളുടെ ഐക്യത്താൽ ഏകീകരണാർഹമായ അഞ്ചെട്ടു കവിതകളേ ഇതിലുള്ളൂ.മറ്റു കവിതകളൊന്നും ഒന്നിനോടൊന്നു ചേർന്നു നിൽക്കുന്നവയല്ല.എന്നുവെച്ചാൽ ഈ അറുപത്തിനാലു കവിതകളെ അഞ്ചോ ആറോ ആയി വർഗീകരിക്കാൻ കഴിയില്ല എന്നു സാരം.ഓരോന്നും മറ്റൊന്നിൽ നിന്നും തികച്ചും ഭിന്നമാണ്.

എന്തെങ്കിലും സാദൃശ്യം കാണുന്നത് അവയിലധികവും ചെറിയ കാര്യങ്ങളെക്കുറിച്ചാണ് എന്നു മാത്രം.അത്രമേൽ വലുതായ ചെറുതുകളെ കുറിച്ചുള്ളവയാണെന്ന് വായിച്ചറിയേണ്ടവയാണ് എന്നുമാത്രം. എന്തിനെഴുതുന്നു എന്ന ചോദ്യത്തിന് ഏത് എഴുത്തുകാരനും മറുപടി പറയാൻ ബാധ്യസ്ഥനാണ്.അതുസംബന്ധിച്ച് അസീം താന്നിമൂട് പറയുന്നത് ഇങ്ങനെയാണ്: ``എനിക്കു കവിത  നേരമ്പോക്കിനുള്ള ഉപായമായോ നേടാനെന്തെങ്കിലുമുള്ളതിന്റെ പരിശ്രമമോ അല്ല.തീർത്തും ഗൗരവമുള്ള ഒരു പ്രവൃത്തിയാണത്.തൃപ്തമായതെന്തോ ലഭ്യമാകേണ്ടതിന്റെ പരവേശമാണ്. ഏതിൽ നിന്നൊക്കെയോ ഉള്ള മുക്തിയുമാണത്.ഈ പ്രപഞ്ചത്തെയും സകലമാന ജീവജാലങ്ങളെയും പ്രതിബിംബിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതെഴുത്താണ് കരകവിയാതിരുന്നിട്ടുള്ളത്..... ഏതൊരു പ്രിയത്തോടും നേരിയൊരകലം അനിവാര്യമാണെന്നുതന്നെ ഞാൻ കാണുന്നു...''എന്ന്.'മരത്തിന തിരിച്ചുവിളിക്കുന്ന വിത്തി' ലെ കവിതകളെ പുസ്തകറിവ്യൂകളായും ആസ്വാദനകുറിപ്പുകളായും
അവതാരികയായും പഠനമായും പലരും വിലയിരുത്തിയിട്ടുണ്ട്.ഏറെ സത്യസന്ധവും സുവ്യക്തവുമായ വെളിപ്പെടുത്തലുകളാണ് അസീം സമാഹാരത്തിനെഴുതിയ ആമുഖത്തിലുള്ളത്.

ആ ആമുഖം കൂടി വായിച്ചാലേ ഈ പുസ്‌തകവായന പൂർണമാവുകയുള്ളൂ എന്നാണ് ഞാൻ കാണുന്നത്.കവി പറയുന്നു... എത്രമേൽ പുരോഗമിച്ചുവെന്ന് നാം വീമ്പു പറഞ്ഞാലും ആ വാസ്തവം തഴമ്പുകളെപ്പോലെ മുഴച്ചുതന്നെ കാണുന്നു.അതിനുള്ള പരിഹാരങ്ങളാണ് വേണ്ടത്.എഴുത്തുകാരനെന്ന നിലയിൽ ആ അവസ്ഥകളെക്കൂടി നോക്കിക്കാണേണ്ടതുണ്ട്. അത്തരത്തിലുള്ള സൂക്ഷ്മമായ നോവുകളെക്കൂടി ചികഞ്ഞെടുത്ത് എഴുത്തിൽ കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളുടെ ഒരു വിഹിതം എന്റെ കവിതകളിൽ ഞാനും കരുതിവയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഈ കവിതകൾ വായിക്കുമ്പോൾ കവി പറഞ്ഞ 'സൂക്ഷ്മനോവുകൾ' നിപുണശ്രോതാക്കൾ കേൾക്കാതിരിക്കില്ല എന്ന പ്രത്യാശയാണ് അസീം താന്നിമൂട് പങ്കുവെയ്ക്കുന്നത്. അവതാരികയിൽ സജയ് കെ വി പറയുന്നു: "വിനിമയക്ഷമമല്ലാത്ത ചിലതിനെ വിനിമയപ്പെടുത്താനുള്ള സൂക്ഷ്മ ശ്രമം പോലെയാണ് ഈ കവി എഴുതുന്നത്.വിത്ത്, മരം, കിളി അങ്ങനെ എത്രയോ നിസ്സാരകാര്യങ്ങളെക്കുറിച്ചാണ് ഈ കവി എഴുതുന്നത്...കുഞ്ഞുകുഞ്ഞുകാര്യങ്ങളിലൂടെ വലിയ കാര്യങ്ങൾ പറയുകയാണ് അസീമിന്റെ ശൈലി.സമാഹാരത്തിലെ എല്ലാ കവിതകളും തീരെ ചെറിയവകളെക്കുറിച്ചാണ്.'കൺഫ്യൂഷൻ'എന്ന കവിത പ്രത്യേക പരിഗണന നൽകി വായിച്ചാൽ കാണാം ആ ചെറിയവയുടെ വലിപ്പം എത്രമേലെന്ന്.ഒരു പ്രത്യേകതരം സമാധാനമാണ് ഞാൻ ഈ കവിതയിൽ നിന്നും വായിച്ചെടുത്തത്. “വിഷമിറക്കിക്കൊത്തുകയും പകയിറക്കിത്തല്ലുകയും (വിഷവും പകയും സമം എന്ന് ധ്വനി)പതിവാണല്ലോ. “പാമ്പു ചാകുമ്പോൾ നമ്മളിൽ പകയോ നമ്മൾ ചാകുമ്പോൾ പാമ്പിൽ വിഷമോ വറ്റിപ്പോകുന്നില്ല.കൊത്തിയ ആ പാമ്പിന്റെ തലയും തല്ലിയ ആ ആളിന്റെ തലയും വല്ലാതെ നീലിച്ചിരിക്കും...''
കൊന്നവനും ചത്തവനും തമ്മിൽ ഒരു ശത്രുതയും ഉണ്ടായിരിക്കില്ല.ആർക്കോ വേണ്ടി കൊല്ലുന്നു.കാരണമില്ലാതെ കൊല്ലപ്പെടുന്നതിലെ കൺഫ്യൂഷനാണ് ഞാൻ ഈ കവിതയിൽ കണ്ടത്.

അത്തരം സംഘർഷങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു.(അത്രമേൽ വ്യാപ്തിയാണ് ഈ കവിതയിലെ ഓരോ അടരുകളിലുമുള്ളത്).കുറേ വർഷങ്ങൾക്കു മുമ്പ് ബാബറും ശിവജിയും'എന്നൊരു കവിത വായിച്ചത് ഓർക്കുന്നു.ബാബറും ശിവജിയും കണ്ടുമുട്ടിയെന്നും തമ്മിൽ പൊരുതിയെന്നും പറഞ്ഞ് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ സംഘട്ടനങ്ങളും കൊലപാതക പരമ്പരകളും നടന്നു. ഇരുഭാഗത്തുമായി നിരവധിപേർ കൊല്ലപ്പെട്ടു.ഒടുവിൽ അധികാരികളെത്തി കണക്കടുത്തു. മരണവിവരം ഇങ്ങനെ: ചത്തവരൊക്കെ പഞ്ഞക്കാർ.അതെ വർഗീയകലാപങ്ങളിൽ പട്ടിണിക്കാരാണ് മരിക്കുന്നത്.`പക്ഷിയെ വരയ്ക്കൽ' എന്ന കവിതയിൽ കാണുന്നതു പോലെ ആവിഷ്കാരത്തിന്റെ അസ്വസ്ഥത മറ്റു ചില കവിതകളിലുമുണ്ടെന്ന മനോജ് കുറൂറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.അതുമാത്രമല്ല ആ കവിതയെന്നു വ്യക്തമാകുക ആവർത്തന വായനയിൽ മാത്രമാണ്.കൺഫ്യൂഷൻ കവിതയെന്നപോലെ സമൂഹത്തിലെ പലതരം വിശ്വാസങ്ങളെക്കൂടി ചേർത്തു വായിക്കാൻ ശ്രമിക്കുമ്പോൾ മാത്രമാണ്. “കൊടും വേനലിൽ ഒരു പുതുമഴ കിട്ടിയാലുള്ള സന്തോഷമാണ് 'ജാലകപ്പഴുത്' എന്ന കവിത വായിച്ചപ്പോൾ എനിക്കുമുണ്ടായത്. ആ സന്തോഷമാണ് ടി പത്മനാഭൻ മറയില്ലാതെ പ്രകടിപ്പിച്ചത്.

"മണിച്ചീടെ വീട്ടിൽ വെളിച്ചമെത്തി'' എന്ന കവിത ഒരു ആഖ്യാന കവിതയാണ്.ഒരു ചെറുകഥയിലെന്നപോലെ വർണനകളും വിവരണങ്ങളും ഉണ്ടതിൽ “ഒറ്റമുറിയുള്ള കൊച്ചുവീട് മുറ്റമില്ലാത്തോരിടുങ്ങിനില്പ്'' നാലുവാക്കിൽ ഒരു കുടിൽവർണന. ദുരവസ്ഥയിൽ ചാത്തന്റെ കുടിലിനെ വർണിക്കാൻ ആശാന് 16 വരി വേണ്ടിവന്നു.അതിവിടെ നാലു വാക്കിൽ ഒതുക്കി ഭംഗിയാക്കിതിന്റെ മികവ് എടുത്തു പറയാതെ വയ്യ.സ്വപ്‌നശൂന്യങ്ങളാണുള്ളിരിപ്പ് എന്ന രണ്ടു വാക്കിൽ വർത്തമാനഭാരതം പ്രതിബിംബിക്കുന്നതായി എനിക്കു തോന്നുന്നു. ജീവിതം വഴിമുട്ടിയ മണിച്ചി മാർക്ക് ഇരുട്ട് ആശ്വാസമേകുന്ന സന്ദർഭങ്ങളുണ്ട്.മണിച്ചി സ്വിച്ചണച്ചതും ഇരവിനോടൊട്ടിനിന്നതും കുഞ്ഞുനിലാവിന് അമ്മിഞ്ഞ നൽകിയതും ഒരു ചെറുകഥയ്ക്കുള്ള വിഷയമാണ്.ആരെങ്കിലും എന്നെങ്കിലും എഴുതാൻ സാധ്യതയുള്ള ഒരു ചെറുകഥ അസീം ഇവിടെ പത്തു വാക്കിൽ ഒതുക്കിപ്പറഞ്ഞിരിക്കുന്നു.അല്പം കൊണ്ട് അധികം പ്രകടിപ്പിക്കുകയാണ് ഈ കവി തന്റെ എല്ലാ കവിതകളിലും ചെയ്യുന്നത്.ധ്വന്യാലോകകാരന്റെ രീതിയനുസരിച്ചു പറഞ്ഞാൽ ധ്വനിപ്രധാനമായ ഉത്തമ കവിതകളാണവ.

`നന്നുപിതാവിന്നറിയാമല്ലോ, നോക്കി നടക്കാൻ തോൽക്കാൻ' എന്ന് ഇടശ്ശേരി എഴുതിയിട്ടുണ്ട്.മകന്റെ മുന്നിൽ, അവനോടുള്ള സ്നേഹം കൊണ്ട് തോറ്റുകൊടുക്കുന്ന ഒരു  പിതൃഹൃദയമാണ് ആ കവിതയിൽ. ഇടശ്ശേരിയുടെ തന്നെ 'അങ്ങേവീട്ടിലേക്ക്' എന്ന കവിതയിലും പിതൃസഹനമാണ് വിഷയം.അത്തരത്തിൽ വേറെയും കവിതകളുണ്ടാവാം.രോഗിയായ വാപ്പ തന്റെ ദുരിതാവസ്ഥകൾ മകനിൽ നിന്നും മറച്ചു വയ്ക്കുന്ന പിതൃസഹനമാണ് കേട്ടു പതിഞ്ഞ ശബ്ദത്തിൽ' എന്ന കവിതയിൽ അസീം പ്രകടിപ്പിക്കുന്നത്. പിതൃപുത്രബന്ധത്തിന്റെ ഊഷ്മളത അത്രമേൽ സൂക്ഷ്മമായി ഈ കവിതയിൽ ആവിഷ്കരിച്ചിരിക്കുന്നു.(ആ തലം  ധ്വന്യാത്മകമായി കണ്ടതായി ഓർക്കുന്ന മറ്റൊരുകവിത ഇടശ്ശേരിയുടെ അങ്ങേവീട്ടിലേക്ക് ആണ്).ഒരു ജന്മം ഉടലെടുത്തു വളർന്ന്, തളർന്നു തകർന്നു വീഴുന്ന കാഴ്ചയാണ് `ജലമരം'എന്ന കവിതയിൽ ഞാൻ കണ്ടത്.ഒരു വെറും ജലത്തുള്ളിയിലല്ലേ മനുഷ്യജന്മം രൂപപ്പെടുന്നത്.`തുളുമ്പുവാ,നൊന്നു പരന്നൊഴുകുവാൻ/കൊതിക്കെ ബന്ധനച്ചുമരിളകുന്നു.(ജലമരം)
അതിനാൽ എല്ലാ ജൈവിക വികാരങ്ങളിലും ജലത്തിന്റെ സാന്നിധ്യമുണ്ടാകാതിരിക്കാൻ വഴിയില്ല. 

മതം, ആചാരങ്ങൾ, വിശ്വാസങ്ങൾ... അങ്ങനെ മനുഷ്യനെ,അവന്റെ വികാരങ്ങളെ പരന്നൊഴുകുവാൻ അനുവദിക്കാതെ കോട്ടകെട്ടി നിർത്തിയിരിക്കുകയാണെന്ന വ്യംഗ്യം ജലമരം എന്ന കവിതയുടെ സവിശേഷ ശക്തിയാണ്.എത്രയെത്ര ബന്ധനച്ചുമരുകളാണ് ചുറ്റും.
മനുഷ്യകാമനകളെക്കുറിച്ചാണ് `ച്യൂയിംഗം'എന്ന കവിത പറയുന്നത്. “നുകർന്നു ചതച്ചീമ്പി തുപ്പുവാനൊരു കൊതി എപ്പോഴുമുണർന്നിരിപ്പുണ്ടേതു മനസ്സിലും''കരങ്ങളിലണഞ്ഞാൽ മുതിർന്നുടൻ തിടുക്കപ്പെടും/പാടേ മുകരാൻ...'ഒടുവിൽ `വലിച്ചുതുപ്പും മുന്നിലലസം വഴിവക്കിൽ...' ഫെയ്സ്ബുക്ക് പ്രണയിനികൾക്ക് ഇതിൽപരം ശക്തമായ ഒരു മുന്നറിയിപ്പുണ്ടോ?അധികപ്പേടി'എന്ന കവിതയിലും മനുഷ്യജീവിതാവസ്ഥതയെ തന്നെയാണ് കവി ചൂണ്ടിക്കാട്ടുന്നത്. “കയറിക്കഴിയുമ്പോളൊടുക്കപ്പടിയുടെ പുറത്തെയില്ലായ്മയിലെറിക്കും ശൂന്യപ്പടി'' അതുതന്നെയാണ് നാം ഓരോരുത്തരും എല്ലാ സായന്തനങ്ങളിലും ചിന്തിക്കുക. ഒരു ശൂന്യപ്പടി മുന്നിലുണ്ട്.ഇനിയെന്ത്...? എന്തുനേടി ...?നേടിയത് എന്തിനായിരുന്നു? നേടേണ്ടതു തന്നെയോ നേടിയത്..?പുറപ്പെട്ട് ''എത്തിയ വെപ്രാളത്തിൽ/അവിടെ ചവിട്ടിയങ്ങണയുന്നേരം/ പിഴച്ച ചുവടുകൾ തെന്നും ഞാൻ നിലംപൊത്തും''..ആ മാനസികാവസ്ഥയിൽ മടങ്ങിപ്പോരും.

അലക്സാണ്ടറും നെപ്പോളിയനും ഇന്ദിരാഗാന്ധിയും മറ്റും അനുഭവിച്ച, ഞാനും നിങ്ങളുമെല്ലാം അനുഭവിക്കുന്ന അവസ്ഥയല്ലേ അത്.അതല്ലേ വാസ്തവം.ശക്തമായ കവിതയാണ് അധികപ്പേടി.ഒളപ്പമണ്ണ 'ഒറ്റയാൻ' എന്ന കവിതയിൽ എഴുതി: `കന്നമുണങ്ങിക്കഴിഞ്ഞവൻ ഞാനിന്നു
കുന്നുകേറുമ്പോൾ കിതയ്ക്കുമല്ലോ' ഇനി ഒരൊറ്റ വീഴ്ച മാത്രമാണ് നമുക്കെല്ലാവർക്കും,ആ ഒറ്റയാനും എനിക്കും.ആർക്കും.അതാണ് 'അധികപ്പേടി'യിൽ.എത്ര വലിയ എഴുത്തുകാരനും താൻ എഴുതിയത് നന്നായോ എന്നൊരു സംശയം തോന്നാം. അത്തരത്തിലുള്ള സൃഷ്ടിസംശയങ്ങളായും പക്ഷിയെ വരയ്ക്കൽ എന്ന കവിതയെ വായിക്കാം . “ചേക്കേറുവാനിടമില്ലാതെ പകലെങ്ങോ പൊലിഞ്ഞുപോയ്' എന്നിങ്ങനെയുള്ള വരികളിൽ അന്തർലീനമായിട്ടുള്ള സാമൂഹികത,ആ കവിതയെ വെവ്വേറെ മാനങ്ങളിലേക്കുകൂടി വാതിൽ തുറക്കാൻ സഹായിക്കുന്നു.നമ്മൾ കണ്ട്,കേട്ട്,അനുഭവിച്ച് അറിഞ്ഞ സമൂഹത്തെ,രാഷ്ട്രീയത്തെ,പ്രണയത്തെ,സൗഹൃദങ്ങളെ,വിശ്വാസങ്ങളെ ഒന്നു വരയ്ക്കാൻ ശ്രമിച്ചാലും അതുതന്നെ അവസ്ഥയെന്നു കാണാം.

“മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്' എന്ന കവിതയിൽ മരവും വിത്തും ഒന്നുമല്ല ഞാൻ കണ്ടത്. “നിന്റെ നിനവിലൂടെ എന്റെ പ്രണയമെന്തിനോ പരതി നീങ്ങുന്നതാണ്.അസാധ്യമായ എന്തോ നേടാനാണ് ആ പരതി നീന്തൽ. പൊട്ടിയൊഴുകിയ ഊറ്റുകൾ,കടലിരമ്പം കിനാക്കാണുന്നതുപോലെ ഒരു കടന്ന കൈയാണത്.വിരിഞ്ഞിറങ്ങിയതൊന്നിനും മടങ്ങിപ്പോകാൻ ആകില്ലെന്ന് കവി  പറയുന്നത്  പ്രണയമെന്ന വികാരത്തിലെ അണമുറിയാത്ത ആഗ്രഹത്തെ കുറിച്ചാണ്.വീണ്ടും വീണ്ടും വായിക്കേണ്ട കവിതയാണത്.അപ്പോഴാണ് പ്രണയം മാത്രമല്ലല്ലോ എന്ന തോന്നൽ നമ്മിൽ ഉടലെടുക്കുക.`അന്നത്തെ സർവ ജീവജാലങ്ങളുടെയും അങ്കലാപ്പാണ് നിനക്കു മുന്നിലിപ്പോൾ എനിക്ക്' എന്ന് കവി വ്യക്തമാക്കുന്നതിലുണ്ട് അതിന്റെ ആകെയുള്ളമാനം.പ്രണയത്തെക്കുറിച്ചെഴുതിയ മലയാളകവിതകൾ ക്രോഡീകരിച്ചാൽ അവകൊണ്ട്
കേരളത്തെ പുതപ്പിക്കാം.അവയിലൊന്നും ഇതുപോലെ വ്യത്യസ്‌തമായൊരു പ്രണയകവിത കാണാനുണ്ടാവില്ല. "കാടുവരയ്ക്കൽ' എന്ന കവിത നോക്കുക.കവി അതിൽ പറയുന്നു: ഇലകളൊക്കെ കൊഴിഞ്ഞുപോയാൽ വരച്ചെടുത്ത  കൊടും കാട് നീ വിളിച്ചു ചേർക്കുന്ന മഹാസമ്മേളനമാകും എന്ന്.കൊടും കാടിന്റെ തലവും മനുഷ്യർ തിങ്ങിപ്പാർക്കുന്ന നഗരകേന്ദ്രീകൃത സമൂഹത്തിന്റെ തലവും ഇവിടെ ഒന്നാകുന്നതു കാണാം...!!.എന്തൊരു കല്പനയാണത്.

ഇലകൾ മുളപൊട്ടുന്ന ആശയങ്ങളാണ് അസീം തെരഞ്ഞെടുക്കുന്നത്.കാടുവരയ്ക്കലിൽ ഇലകൾ ആശയങ്ങളുടെ പ്രതീകമാണ്. വിളിച്ചുചേർക്കപ്പെടുന്ന മഹാസമ്മേളനങ്ങൾ ആശയ ദരിദ്രരുടെ, ഭാവനാശൂന്യരുടെ കൂട്ടങ്ങളാണെന്ന് ചിന്തിക്കുന്നവർക്കൊക്കെ അതറിയാം .അക്കാര്യം ഈ കവിതയിൽ എത്ര കാവ്യാത്മകമായി പറഞ്ഞുവച്ചിരിക്കുന്നു കവി.'ശിശിരം'എന്ന കവിതയിലുമുണ്ട് അത്തരം ചില ഇലകൾ. ഇലകൾ പ്രതീക്ഷ യുടെ, ആശകളുടെ (ആശയങ്ങളുടെ) പ്രതീകം തന്നെയാണെന്നു പറഞ്ഞത് അതിനാലാണ്. മനുഷ്യന്റെ നിസ്സഹായതയും നിസ്സാരതയും ശിശിരത്തിൽ കാണാം.പുഴ നിവർത്തിവച്ച താളിൽ പാഴില ചില സങ്കടങ്ങൾ എഴുതാൻ ശ്രമിക്കുകയാണ്. ജലമിളകിയതൊക്കെയും മായ്ക്കുമ്പോൾ നിസ്സഹായനായി നോക്കിനിൽക്കാനേ കവിക്കു കഴിയുന്നുള്ളു.

പുലിപ്പേടിയിൽ കഴിയുന്ന ഇന്ത്യൻ ഗ്രാമങ്ങളെയാണ് ഞാൻ`അശാന്തമായ അസാന്നിധ്യത്തിൽ' കണ്ടത്.ഫാസിസത്തിനെതിരെ എഴുതപ്പെട്ട ശക്തമായ കവിതകളിൽ മുന്തിനിൽക്കുന്ന  ഒന്നാണത്.അതിലെ പുലി ഇന്ത്യൻ ഭരണാധികാരികളല്ലാതെ മറ്റാരുമല്ല. “പുലിയിറങ്ങി പരാക്രമം കഴിഞ്ഞു മടങ്ങിയ ഗ്രാമങ്ങളാണ് ഇന്ത്യയിലുള്ളത്. പഴയ ജമ്മു കാശ്മീരിൽ നാമതു കണ്ടു. ത്രിപുരയിൽ കണ്ടു. ദൽഹിയിൽ കണ്ടു. മറ്റു പലയിടങ്ങളിലും കണ്ടു.പുലി പതിയിരിക്കുന്ന ആ ഇടം മാത്രം പക്ഷേ, തീർത്തും ശാന്തമായിരിക്കുന്നു.ജനങ്ങളെ ഭീതിയിൽ നിർത്തേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണ്. പച്ചപ്പുകൾക്കിടയിൽ പതുങ്ങുന്ന നിശ്ശബ്ദതകൾ,നമ്മുടെ നിശ്ശബ്ദതകൾ!ബഹുഭൂരിപക്ഷത്തിന്റെ നിശ്ശബ്ദത ആ പുലിയെ തലോടി ലാളിക്കുകതന്നെയാണ് ചെയ്യുന്നത്.അശാന്തമായ അസാന്നിധ്യം പോലെ  വ്യക്തമായ രാഷ്ട്രീയ ധാരയുള്ള കവിതയാണ് 'പക'എന്ന കവിതയും.മുന്നിൽ വന്ന് പമ്മിയിരിക്കുന്ന കിളിയുമായുള്ള മറ്റൊരു കിളിയുടെ പോരാണ് കവിതയുടെ വിഷയം.

മുന്നിലണഞ്ഞ് പമ്മിയിരിക്കുന്ന ആ കിളിക്ക് ഉലക് ചിറകിലൊതുക്കാനുള്ള ശേഷിയുണ്ട്.കൊക്കിലൊതുങ്ങിയതെല്ലാം അടിയറ വെപ്പിക്കാനുള്ള കരുത്തുണ്ട്.ഉള്ളിലിരിക്കും പകയുടെ നിറമാണ് അടിമുടി.ഉലകാചിറകിലൊതുക്കാൻ ആ കിളിക്ക് അവസരം നൽകിയത് ആരാണ്..? ജനാധിപത്യത്തിന്റെ അട്ടിപ്പേറവകാശികളായിരുന്നവരല്ലേ? ഇന്ത്യ പരാജിതരുടെ പാതാളമായതെങ്ങനെയാണ്..!?  പരാജയപ്പെടുത്തിയതാരാണ്..!? നമ്മുടെ ജനാധിപത്യബോധത്തിനു നേർക്ക് ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് ഈ പക എന്ന കവിത.കുത്തിനോവിച്ച് അടയാളം പോലും അവശേഷിപ്പിക്കാത്ത പ്രതിരോധം തീർക്കാനേ സഹന,വൈകാരിക മാനങ്ങളെ വിലമതിക്കുന്നവർക്കു കഴിയൂ.തൊട്ടാവാടി മുള്ളിന്റെ പ്രതീകമാകാനേ അവർക്കു സാധ്യമാകൂ.തൊട്ടാവാടി മുള്ള് എന്ന കവിത അതും അതിനപ്പുറവുമാണ്.

"തൊട്ടാൽ കൂമ്പിപ്പോകുന്ന ഹൃദയങ്ങൾക്കിടയിലാണ് പാർപ്പ്. ആ വിങ്ങലുകളാണ് ഈ കൂർപ്പ്''എന്ന വരിയിൽ അതെല്ലാം അടങ്ങിയിട്ടുണ്ട്.           കഥയോ കവിതയോ ചിത്രമോ ശില്പമോ  എന്തുതന്നെയായാലും സർഗസൃഷ്ടിയെ ആവിഷ്കരിച്ചെടുക്കുക ദുഷ്കരമാണ്. സർഗസൃഷ്ടിക്കിടയിൽ നേരിടേണ്ടിവരുന്ന പ്രതിസന്ധികൾ നിരവധിയാണ്.അതാണ് "മണൽത്തരി ശില്പം'എന്ന കവിതയിലുള്ളത്. സാധാരണക്കാർ കാണുന്നതല്ല കവി കാണുന്നത്.വനത്തിൽ മരമുണ്ടെങ്കിലും വനം കാണുന്നവർ മരം കാണുന്നില്ല. മരം കാണുന്നവർ മരത്തിന്റെ ഒരു ചില്ലയിലിരിക്കുന്ന പക്ഷിയെ കണ്ടെന്നുവരില്ല.പക്ഷിയുടെ ഒരു തൂവൽ, തൂവലിലെ പല വർണങ്ങളിൽ ഒന്ന്..... അങ്ങനെ സ്ഥൂലത്തിൽ നിന്നും സൂക്ഷ്മത്തിലേക്ക് പോകാനുള്ള കവിയുടെ അഭിവാഞ്ഛയാണ് “മണൽത്തരിശില്പത്തിലുള്ളത്.

മണൽത്തരിശില്പത്തിന്റെ തുടർച്ചയാണ് അടഞ്ഞ വീടുകൾ എന്ന കവിതയെന്ന് എനിക്കു തോന്നി.കവി അടഞ്ഞ വീടുകൾ വരയ്ക്കുന്നു.ആ വീടുകൾ സ്ഥൂലരൂപമാണ്.അടഞ്ഞ വീടുകളുടെ അവ്യക്തതകളല്ല, അതിനകത്തെ ജീവിതങ്ങളുടെ വ്യക്തതയാണ് വേണ്ടതെന്ന് കവിക്കറിയാം.വരച്ചു കഴിഞ്ഞ് എല്ലാം അടഞ്ഞ വീടുകളാണല്ലോ എന്ന് കവി സങ്കടപ്പെടുന്നു.എങ്കിലും ജീവിതത്തെ ആഗ്രഹിക്കുന്ന തരത്തിൽ ആവിഷ്കരിക്കാൻ തനിക്ക് കഴിയുന്നില്ലല്ലോ എന്ന കവിസങ്കടമാണ് ഞാൻ അടഞ്ഞവീടുകൾ വായിച്ചപ്പോൾ ഉയർന്നു കേട്ടത്.ജീവിതാസക്തികളുടെ ഭാവനാസാക്ഷാത്കാരത്തിന്റെ കാലമാണിത്. ഭക്ഷണം പോലും ഭാവനയിൽ കഴിക്കേണ്ടി വരുന്ന കാലംവരും.ജീവിതം എരിമണൽപ്പുറം എന്ന യാഥാർഥ്യം മാത്രം നിലനിൽക്കും എന്ന ഓർമപ്പെടുത്തലാണ് “തോന്നൽ' എന്ന കവിത.വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ജീവിതം തന്നെയാണ് ഏറ്റവും വലിയ ഭാരം.ലക്ഷ്യത്തിലെത്താൻ ഒരുപാടാണ് കടമ്പകൾ.ചെറിയൊരു അശ്രദ്ധ മതി നിപതിക്കാൻ.നാറാണത്തു ഭ്രാന്തന്റെ ആ പുരാവൃത്തത്തിന് അതിമനോഹരമായൊരു നവീനഭാഷ്യംനൽകിയിരിക്കുകയാണ് 'താണുനിവരുന്ന കുന്നിൽ'എന്ന കവിതയിൽ അസീം.താണു നിവരുന്ന കുന്ന് എന്ന സങ്കല്പം തന്നെ വ്യത്യസ്തമാണ്.കുന്നിനെ നമ്മുടെ സാമൂഹികാവസ്ഥയായി തന്നെ ഞാൻ കാണുന്നു.

നമ്മളാരും ശരിയായിട്ടു നോക്കാറേയില്ല. ഒരു കുഞ്ഞു കോങ്കണ്ണേറുനോട്ടത്തിലാണു നാം.അത്തരമൊരു നോട്ടം മറ്റാരുടെയെങ്കിലും മേൽ നമുക്ക് എപ്പോഴും ഉണ്ടാവണം.ആ മറ്റൊരാൾ ഒരു യുവതിയാകാം. വീട്ടമ്മയാകാം, എതിർചേരിയിൽപെട്ട രാഷ്ട്രീയയുവ ത്വമാകാം. സമാഹാരത്തിലെ'കൂളിങ് ഗ്ലാസ്സ്' എന്ന കവിത അത്തരത്തിൽ കൂടി വായിക്കേണ്ട ഒരു കവിതയാണ്. കോങ്കണ്ണ് എന്നാൽ അത് ഓരോ വ്യക്തിയിലെയും ഓരോ തരത്തിലുള്ള ന്യൂനതയാണ്. അത് എന്നിലും നിങ്ങളിലുമുണ്ട്. നാമത് പലതരത്തിൽ മൂടിവയ്ക്കുന്നു.'ഉള്ളുകൊണ്ടാണൊന്നിലുള്ളതൊക്കെയും ഞാൻ കണ്ടു' എന്നു കവി പറയുന്നു. യഥാർഥത്തിൽ കൺമുമ്പിൽ കാണപ്പെടുന്നവരുടെ പോലും ഉള്ളു കാണുന്നത് കണ്ണുകൊണ്ടല്ല; ഉള്ളുകൊണ്ടുതന്നെയാണ്.'കണ്ണുകണ്ണോടേറ്റു കിനാക്കാടു തീണ്ടീട്ടില്ലെ'ങ്കിലും അറിയേണ്ടവർ അറിയേണ്ടതൊക്കെ അറിയും, സുഗതകുമാരി ടീച്ചർ പറഞ്ഞതുപോലെ കൃഷ്ണാ നീയെന്നെ അറിയില്ലെന്നു വിശ്വസിക്കാൻ വയ്യ.എല്ലാം കൃഷ്ണൻ അറിയും.ആ കൃഷ്ണൻ ശരിയായ വായനക്കാരാണ്.ഈ കവിതയിൽ കവി ഒളിപ്പിക്കാൻ ശ്രമിക്കുന്ന പലതും വായനക്കാരായ കൃഷ്ണന്മാർ അറിയുന്നു എന്നതാണ് ഈ കവി(ത)യുടെ ജന്മസാഫല്യം.

സർഗസൃഷ്ടി നടത്താൻ തനിക്കുള്ള പരിമിതികളെക്കുറിച്ച് മണൽത്തരിശില്പം ഉൾപ്പെടെ പല കവിതകളിലും അസീം സങ്കടപ്പെടുന്നതു കാണാം.'അപൂർണം' എന്ന കവിതയും അത്തരത്തിലുള്ള താണ്. “ഇന്നു ഭാഷയിതപൂർണമിങ്ങഹോ വന്നുപോം പിഴയുമർഥശങ്കയാൽ എന്ന് ആശാൻപോലും വിലപിച്ചില്ലേ? 'മുഴുവനില്ലാത്തതാം ഭാവവുമുണ്ടാം എല്ലാം/പ്രകടമാക്കാനേതോ കുറവിലാപ്പെട്ടപോൽ(അപൂർണ്ണം) എന്ന അസ്സീമിന്റെ സങ്കടവും ആശാന്റെ സങ്കടവും ഒന്നുതന്നെയാണ്.എല്ലാ  എഴുത്തുകാരുടെയും സങ്കട മാണെന്നാണ് എന്റെ പക്ഷം.അക്കിത്തത്തെ പ്രതിസന്ധിയിലാക്കിയ ഒരു കാര്യമുണ്ട്.

കരയാമോ ഹാ പുരുഷനല്ലേ/കരയാതെങ്ങനെ നരനല്ലേ?' എന്ന് അദ്ദേഹം ആ പ്രതിസന്ധി തുറന്നുകാട്ടി. “നനഞ്ഞ തൂവാല'യിൽ അസീം പറയുന്നതും അത്തരത്തിലൊരു അസ്തിത്വ പ്രതിസന്ധി യെക്കുറിച്ചാണ്. ചിറി വിറയ്ക്കാതെ,ചെറുചിരിയുടെ ലാഞ്ഛനയ്ക്കരികിലും ശോകനിഴലു ചായാതെ കരയുവാനാകുമെനിക്കു ഭംഗിയായ്...എന്നമട്ടിൽ കവി തന്റെ ആകുലതകളെ ആ കവിതയിൽ പറയുന്നുണ്ട്.'അനിയന്ത്രിതമായി ചിലപ്പൊഴി മനമോടാത്ത കുമാർഗമി'ല്ലെന്ന് ആശാൻ ചിന്താവിഷ്ടയായ സീതയിൽ പറഞ്ഞതു പോലെ മനസ്സ് എങ്ങനെയാണ് അനിയന്ത്രിതമാകുന്നതെന്ന് അസീം “മനസ്സ്' എന്ന നാലുവരി കവിതയിൽ വ്യക്തമാക്കുന്നുമുണ്ട്.'ഭൂമി' എന്ന കൊച്ചുകവിത ശ്രദ്ധാപൂർവമുള്ള വായന ആവശ്യപ്പെടുന്ന ഒരു കവിതയാണ്.

'അപാരസുന്ദര നീലാകാശം അനന്തതേ നിൻ മഹാസമുദ്രം' എന്ന് നമ്മുടെ ഒരു വലിയ കവി പാടിയിട്ടുണ്ട്. ആകാശം എന്നും കവികൾക്ക് മേച്ചിൽപ്പുറമാണ്. അസീമിന്റെ പല കവിതകളിലും ആകാശത്തിന്റെ സാന്നിധ്യമുണ്ട്. 'ഭൂമി' തുടങ്ങുന്നത് ഇങ്ങനെയാണ്.
'ആകാശത്തെന്തോ ഗാഢ/മാശിക്കുമഴകുണ്ട്.

ആയാസപ്പെടുന്നുമു/ണ്ടതിനായ്...'സാധിച്ചില്ലെങ്കിലും ആ അഴക് തന്നെ എപ്പോഴും ആകർഷിച്ചുകൊണ്ടേയിരിക്കും എന്നതാണ് പ്രത്യേകത.ഭൂതലത്തിലെ പൊടിപ്പുകളിലും അതുകാണാം.മറ്റൊരു കവിയും കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു പ്രതീകമാണ് വിത്ത്. “ഭൂമി' ഉൾപ്പെടെയുള്ള നിരവധി കവിതകളിൽ വിത്ത് മുളപൊട്ടാൻ ഒരുങ്ങി നിൽക്കുന്നതു കാണാം. ദുഃഖത്തെക്കുറിച്ചെഴുതാത്ത കവികളില്ല. "ഉദയാസ്തമയപ്രഭകളിൽ നീളേ/ നിഴലു വിരിക്കുന്നൂ ദുഃഖം /നിശകളിൽ നീലാകാശങ്ങളിൽ /നിന്നു തുടിക്കുന്നൂ ദുഃഖം' എന്ന് അക്കിത്തമെഴുതി. അതിന്റെ നേർവിപരീതഭാവമാണ് അസീമിന്റെ നിഗൂഢം എന്ന കവിത. "അമ്മട്ടിലാണെന്നാലും/ ചിലത് നിപതിക്കാ/ ഭൂകമ്പകോപത്തിലും''(നിഗൂഢം).

എന്തൊരു പ്രത്യാശ..! പ്രത്യാശകളല്ലേ മാനവജീവിതങ്ങളെ മുന്നോട്ടു നയിക്കുന്നത്.വർത്തമാനകാലസമൂഹത്തിന്റെ ഘടനയെയും സ്വരൂപത്തെയും
ജീവിതത്തെയും കവികളെയും ഗാഢമായി ബന്ധിപ്പിച്ചുകൊണ്ടു മാത്രമേ കലാകാരന്മാരെയും വിലയിരുത്താനാകൂ എന്ന് എസ്. ശാരദക്കുട്ടി പറഞ്ഞ കാര്യം ഇവിടെ ഓർക്കണം.വർത്തമാനകാലസമൂഹത്തിന്റെ ഘടനയെന്താണ്? എത്ര അസഹ്യമാണത്.`മസോക്കിസം'എന്ന കവിതയിൽ അഞ്ചോ ആറോ വരികളിൽ അസീം അതു വരഞ്ഞിടുന്നുണ്ട്. “അറിഞ്ഞുകൊണ്ടെന്നെ/ ഞെരിച്ചുകൊല്ലുന്ന/ തതിനാലായിടാ/ മിടയ്ക്കിടയ്ക്കു ഞാൻ'എന്ന് അസീം ആ അസഹ്യത പ്രകടിപ്പിക്കുന്നു.മെക്സിക്കൻ മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ സീസർ എ ക്രൂസ് എഴുതി:`Art should   comfort the  disturbed and disturb the comfortable.മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്' വായിക്കുമ്പോൾ ക്രൂസിന്റെ ഈ പ്രസ്താവന ശരിവയ്ക്കപ്പെടുന്നതായി എനിക്കു തോന്നി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top