29 March Friday

സ്ത്രീജീവിതത്തിന്റെ ചായമില്ലാക്കൂട്ടുകൾ

ദീപക്‌ പച്ചUpdated: Wednesday Oct 13, 2021

ഓരോ എഴുത്തുകാരും ഒരർത്ഥത്തിൽ ചിത്തഭ്രമക്കാരാണ്. മറ്റുള്ളവർക്ക് കാണാനും കേൾക്കാനും അനുഭവിക്കാനും കഴിയാത്തത് കഴിയുന്ന മനോരോഗികൾ. ആ രോഗത്തിന്റെ രോഗാണുക്കൾ വായനക്കാരിലേക്കും അക്ഷരങ്ങൾ കൊണ്ട് ഒരു പകർച്ചവ്യാധിപോലെ പടർത്തുമ്പോഴാണ് നല്ല എഴുത്തുകാർ ഉണ്ടാകുന്നതെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. കഴിഞ്ഞ വർഷം ചിന്ത പ്രസിദ്ധീകരിച്ച ഷൈനയുടെ "ആൻമേരിയുടെ ചായക്കൂട്ടുകൾ' എന്ന നോവലൈറ്റുകൾ മികച്ചതാകുന്നത് എഴുത്തുകാരിയുടെ ഭ്രമം പിടിച്ച ചിന്താ ലോകത്തേക്ക് വായനക്കാരനെയും യാത്രയുടെ ബുദ്ധിമുട്ടില്ലാതെ തള്ളിയിടുന്നു എന്നത് കൊണ്ടാണ്.

വിശപ്പ്, ആൻമേരിയുടെ ചായക്കൂട്ടുകൾ, അഴിമുഖത്തുവച്ചു കണ്ടുമുട്ടിയ സ്ത്രീ, ആത്മായനം, ശരീരഗതി എന്നിങ്ങനെ അഞ്ചു നോവലൈറ്റുകൾ അടങ്ങിയ പുസ്‌തകം സമൂഹത്തിന്റെ പലതട്ടുകളിലായി ജീവിക്കുന്ന സ്ത്രീകൾ കുടുംബ ജീവിതത്തിൽ അനുഭവിക്കുന്ന വിവേചനത്തിന്റെയും ഏകാന്തതയുടെയും സ്നേഹരാഹിത്യത്തിന്റെയും പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ഒരേ കേന്ദ്രപ്രമേയം കൈകാര്യം ചെയ്യുമ്പോഴും തികച്ചും വ്യത്യസ്‍തമായ കഥാപശ്‌ചാത്തലം ഒരുക്കാൻ കഴിഞ്ഞു എന്നത് ഷൈന എന്ന എഴുത്തുകാരിയുടെ മികവ് തന്നെയാണ്.

'പ്രജ്ഞയുടെ നേർത്ത നാലകങ്ങളിൽ വഴിതെറ്റാതെ നടക്കുമ്പോൾ' വിശപ്പ് മൂത്ത് ഉമ്മയെ കൊല്ലേണ്ടി വന്ന കുറ്റബോധത്തിൽ നീറുന്ന 'വിശപ്പിലെ' നജീബും കിണറു പണിക്ക് പോയി തന്റെ കുടുംബത്തിന് താങ്ങാവുന്ന നജീബിന്റെ സഹോദരി പാത്തുവും  നമുക്ക് അത്ര പരിചയമുള്ള ആളുകളല്ല. പക്ഷെ പാത്തുവിന്റെ പ്രതിസന്ധികൾ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളുടെയും പ്രതിസന്ധിയാണ്. പാത്തു ആ പ്രതിസന്ധിയെ മറികടക്കുന്നു എന്നതിനാൽ അതൊരു അസ്വാഭാവിക കഥയായി തീരുന്നു. അത്തരം പ്രതിസന്ധികളിൽ ജീവിതം എരിച്ചു കളയുന്ന സത്രീകൾ നമുക്ക് നിത്യ അനുഭവവും.

ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങി രണ്ടാമത്തെ കുഞ്ഞിനെ പിറക്കും മുൻപേ കൊല്ലേണ്ടി വന്ന , ഒടുവിൽ വിവാഹജീവിതത്തിൽ നിന്നും ആശ്വാസത്തിന്റെ ഇടവേളകൾ തേടി ചായം മുക്കിയ ബ്രഷുകളുമായി മനോരോഗാശുപത്രിയുടെ മുറികളിൽ അഭയം തേടുന്ന ആൻമേരി. ജീവിതത്തിന് നിറമില്ലാത്തപ്പോഴും നിറമുള്ള ചിത്രങ്ങൾ വരയ്ക്കുന്ന ആന്മേരി. ആശ്വാസത്തിനായി മനോരോഗിയായി അഭിനയിക്കേണ്ടി വരുന്ന ഒരാളെക്കുറിച്ചു ഓർത്തു നോക്കൂ?. നമുക്ക് ചുറ്റും പലരും അങ്ങനെയാണ്. പലതരം അഭിനയം കാഴ്ചവയ്ക്കുന്നവർ. ദുരിതം മാത്രം സമ്മാനിക്കുമ്പോഴും വൈവാഹിക ജീവിതത്തിൽ തുടരേണ്ടിവരുന്ന, ഒടുവിൽ ആത്മഹത്യയുടെ വഴിതേടേണ്ടിവരുന്ന സമകാലീന മലയാളി  സ്ത്രീകളുടെ പ്രതിനിധിയാണ് ആന്മേരി. അവൾ ആത്മഹൂതിയെ പ്പോലെ മറ്റൊരു വഴി തിരഞ്ഞെടുക്കുന്നു എന്ന്  മാത്രം. അവൾക്ക് അവളായി ജീവിക്കാൻ കഴിയാത്തത് ത്തന്നെ ഒരു തരത്തിൽ മരണമാണല്ലോ.

ചെറിയച്ഛനാൽ  ഗർഭിണി ആകേണ്ടി വന്ന പിന്നീട് ജീവിതത്തിന്റെ സമ്മർദ്ദങ്ങൾ വഴി വേശ്യാ വൃത്തിയിൽ എത്തേണ്ടിവന്ന  ഷീലയും , സൗഭാഗ്യങ്ങൾക്ക് ഇടയിൽ ജീവിക്കുമ്പോഴും വിവാഹജീവിതത്തിൽ ഒറ്റപെട്ടുപോകേണ്ടി വന്ന അനില രാജനും വ്യത്യസ്ത ജീവിത പശ്ചാത്തലത്തിൽ നിൽക്കുമ്പോഴും  പുരുഷ കേന്ദ്രീകൃത മൂല്യബോധത്തിൽ ജീവിതത്തിന്റെ താളം തെറ്റിയവരാണ്.  വിഭിന്നമായ ജീവിത പരിസരങ്ങളിൽ നിൽക്കുമ്പോഴും സ്ത്രീകൾ സമാനമായ തിരസ്കരണം അനുഭവിക്കുന്നുണ്ട് എന്നാണ് എഴുത്തുകാരി ഈ നോവലൈറ്റുകളിലൂടെയെല്ലാം പറയാൻ ശ്രമിക്കുന്നത്. പുതിയ കാലത്ത് വിവേചനത്തിന്റേതും ചൂഷണത്തിന്റെതുമായ പുതിയ വഴികൾ തുറക്കുന്നു എന്ന് മാത്രം.

അഞ്ചു നോവലൈറ്റുകളിൽ ഏറ്റവും മികച്ചതായി എനിക്ക് അനുഭവപെട്ടത്ത് 'ആത്മായനം' ആണ്. ഒരേ സമയം ഒരമ്മയുടെയും ഭാര്യയുടെയും സങ്കടമാണ് ആത്മായനത്തിന്റെ  ഉള്ളടക്കം. ഭാര്യയോടും അമ്മയോടും അണമുറിയാത്ത സ്നേഹമുള്ളപ്പോഴും സ്വന്തം ഇച്ഛയെ ഭേദിച്ചുള്ള  
 ഒരു വെളിപാടിന്റെ  പുറത്ത് പല ആവർത്തി ദീർഘ നാളത്തേക്ക് വീട് വിട്ടിറങ്ങി ഒടുവിൽ തിരിച്ചുവരാത്ത തന്റെ ഭർത്താവിനെയും കാത്തിരിക്കുന്ന ലളിത. ഇത് തലമുറകളായുള്ള രോഗമാണെന്ന് തിരിച്ചറിയുന്ന വേളയിൽ തന്റെ കുഞ്ഞിനേയും കൊണ്ട് വീട് വിട്ടിറങ്ങുന്ന ലളിതയുടെ മകന്റെ ഭാര്യ. ഒടുവിൽ തന്റെ വാർദ്ധക്യത്തിൽ  ലളിത തിരിച്ചുവരാൻ സാധ്യത ഒട്ടുമില്ലാത്ത തന്റെ പതിയെയും കാത്ത് ആ വീട്ടിൽ ഒറ്റയ്ക്ക് ജീവിക്കുകയാണ്.

ഈ കഥകളിൽ മികച്ചു നിൽക്കുന്ന ഒരാൾ മുസ്തഫയാണ്. മുസ്‌തഫയെ നാട്ടുകാരി അനിലയ്ക്ക് പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് " ...നിനക്കു അറിയുമോ ഇദ്ദേഹത്തെ ? ജാതിയും മതവും ഒന്നുമില്ലാത്ത ഒരാളാണ്. അപ്പോൾ തന്നെ ദൈവ വിശ്വാസിയും. ആളുകൾ അയാളെ പിരാന്തൻ മുസ്തഫ എന്നാണ് വിളിക്കുന്നത് ..."  

മതം ദൈവവിശ്വാസികളെ അപരവിദ്വേഷത്തിന്റെ നട്ടപിരാന്തിലേക്ക് നയിക്കുക എന്നത് സ്വാഭാവികമായി തീരുന്ന ഒരുകാലത്തു അങ്ങനെ അല്ലാത്ത ഒരാൾ എന്നത് സമൂഹത്തിനു ഭ്രാന്തനായി തോന്നിയേക്കാം എന്നാണ് ഷൈന പറയാൻ ശ്രമിക്കുന്നത്.

പാത്തു, ആന്മേരി, ഷീല, ലളിത, അനില  രാജൻ,  സമൂഹത്തിന്റെ പല ധ്രുവങ്ങളിൽ ജീവിക്കുമ്പോഴും ഈ അഞ്ചുപേരുടെയും അനുഭവങ്ങൾക്ക് ഏതാണ്ട് ഒരേ ഉള്ളടക്കമാണ്. എന്നാൽ ഇത് ഈ അഞ്ചുപേരുടെ മാത്രം കഥയല്ല.  ആധുനിക ജീവിതത്തിനു മേൽ ജാതിയും മതവും പുരുഷകേന്ദ്രീകൃത വ്യവസ്ഥയും എല്ലാം ചേർന്ന് പുതിയ വിലക്കുകൾ  തീർക്കുമ്പോൾ നമ്മുടെയെല്ലാം ജീവിതത്തിലെ  സ്ത്രീകൾ വന്നു  ചേർന്നേക്കാവുന്ന ദുരിതത്തിന്റെയും ദുരന്തത്തിന്റെയും കഥകൂടിയാണ് ഷൈന പറയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top