28 March Thursday

ഹാരിപോട്ടറെ തള്ളി അന്നയുടെ ‘ബിസാറോ’; കായംകുളത്തുകാരിക്ക്‌ ചരിത്രനേട്ടം

ജി ഹരികുമാർUpdated: Sunday Apr 18, 2021
കായംകുളം > കായംകുളത്തുകാരി അന്ന ലോക്‌ ഡൗണകാലത്ത് എഴുതിയ ‘ബിസാറോ’ ലോകശ്രദ്ധയിലേക്ക്. പെരുങ്ങാല ലക്ഷ്‌മിവിലാസത്തിൽ അനിരുദ്ധൻ - ലതിക ദമ്പതികളുടെ മകൾ അന്ന വിശ്വസാഹിത്യലോകത്ത് സ്വന്തം നേട്ടങ്ങൾ അടയാളപ്പെടുത്തുകയാണ്.
 
കായംകുളത്ത് ജനിച്ച് സൗദി അറേബ്യയിൽ വളർന്ന  ഈ എഴുത്തുകാരി  അന്ന ലാറ്റ്‌നർ എന്ന തൂലികാനാമത്തിൽ  എഴുതിയ ‘ബിസാറോ’ എന്ന ഫാന്റസി ഫിക്ഷൻ ത്രില്ലർ ആസ്വാദകരുടെ ഇഷ്‌ടരചനയായ ഹാരിപോട്ടർ പുസ്‌തകങ്ങളെ റാങ്കിങ്ങിൽ പിന്തള്ളി. ഓൺലൈൻ സ്‌റ്റോറായ ആമസോണിന്റെ ആക്ഷൻ- അഡ്വഞ്ചർ പുസ്‌തകവിഭാഗത്തിൽ റാങ്കിങ്ങിൽ ആദ്യ ഏഴ്‌ സ്ഥാനങ്ങളും കൈയടക്കിയിരുന്നത് ഹാരിപോട്ടർ പുസ്‌തകങ്ങളാണ്.
 
എന്നാൽ വായനക്കാരുടെ തെരഞ്ഞെടുക്കലിന്റെ അടിസ്ഥാനത്തിൽ അന്നയുടെ ബിസാറോ രണ്ടാം സ്ഥാനത്ത് വരെയെത്തി. ഒപ്പം ആദ്യ പത്ത് സ്ഥാനത്തിനുള്ളിൽ തുടരുകയുമാണ്. ഹാരിപോട്ടർ, ഷെർലോക്ക് ഹോംസ് എന്നീ പുസ്‌തകങ്ങൾ ആധിപത്യം പുലർത്തുന്ന ശ്രേണിയിൽ ഇന്ത്യൻ എഴുത്തുകാരി മുന്നേറുന്നത് ഇതാദ്യമാണ്. കായംകുളത്തെ വീടും ചുറ്റുപാടുകളെയും മാതൃകയാക്കിയ കഥാപാത്രങ്ങളാണ്‌ അപ്രതീക്ഷിത ട്വിസ്‌റ്റുള്ള ഫിക്ഷൻ നോവലിൽ. മാളിയേക്കൽ എന്ന തറവാട്ടിൽ നടക്കുന്ന സംഭവങ്ങളാണ് ആദ്യ പകുതിയിൽ.
 
പിന്നീട് കഥ നടക്കുന്ന സ്ഥലം ന്യൂയോർക്കാണ്.  നാടകീയ മുഹൂർത്തങ്ങൾ ഏറെയുള്ള നോവൽ വായനക്കാരെ പിടിച്ചിരുത്തുന്നു. അന്നയുടെ ആത്മാംശമുള്ള കഥാപാത്രവും നോവലിലുണ്ട്. ഗൾഫിൽ ഫാഷൻ ഡിസൈനറായും സ്‌റ്റോർ ഡിസൈനറായും ജോലിചെയ്യുന്ന അന്ന ലോക്ക്ഡൗൺകാലത്ത് കായംകുളത്തെ വീട്ടിലിരുന്നാണ് നോവലെഴുതിയത്.  കനഡയിലേക്ക് ഉപരിപഠന തയ്യാറെടുപ്പിനാണ്  ദുബായിൽനിന്ന്‌ കഴിഞ്ഞവർഷം നാട്ടിലെത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top