25 April Thursday

എകെജിയുടെ സമരഗാഥ, ചുവന്ന കാലടികൾ തമിഴിലും

വെബ് ഡെസ്‌ക്‌Updated: Sunday Jul 18, 2021

തൃശൂർ > മഹാനായ എകെജിയുടെ ജീവിതകഥയെ ആസ്‌പദമാക്കി സി ആർ ദാസ്‌ രചിച്ച ചുവന്ന കാലടികൾ തമിഴിലേക്കും മൊഴിമാറ്റം. എകെജിയുടെ ജീവിതകഥ സഹധർമിണി സുശീല ഗോപാലൻ വിവരിക്കുന്നതുപോലെയാണ്‌ നോവൽ. കാലടി പ്ലാന്റേഷനിലെ തൊഴിലാളികളുടെ ചോരതുടിക്കുന്ന  പേരാട്ടങ്ങളാണ്‌ പ്രതിപാദിക്കുന്നത്‌.

ചിവന്ത കാലടികൾ എന്നാണ്‌ തമിഴ്‌ നോവലിന്റെ പേര്‌. തമിഴിൽ ഭാരതി പുസ്‌തകാലയയാണ്‌  പ്രസിദ്ധീകരിച്ചത്‌. തമിഴ്‌നാട് പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി  ഉദയശങ്കർ സിപിഐ എം ജില്ലാ സെക്രട്ടറി കെ അർജുനന് നൽകിയാണ് പ്രകാശനം ചെയ്തത്. തമിഴ്‌ ശെൽവമാണ്‌ ആമുഖം എഴുതിയത്‌. എൻ ഷൺമുഖമാണ്‌ മൊഴിെമാറ്റം നടത്തിയത്‌.  മലയാളത്തിൽ 256പേജുകളുള്ള നോവൽ തമിഴിൽ 410 താളുകളായാണ്‌ എഴുതിയിട്ടുള്ളത്‌.  "പുത്തകം പേസ്‌തു " ( പുസ്തകം സംസാരിക്കുന്നു) എന്ന മാസികയിൽ ഈ നോവലിനെക്കുറിച്ച് ശിവ ഗുരു എന്ന സാഹിത്യവിമർശകന്റെ ശ്രദ്ദേയമായ ലേഖനവും വന്നിട്ടുണ്ട്.

കാലടി പ്ലാന്റേഷനും അയ്യമ്പുഴയുടെ വിപ്ലവമണ്ണുമാണ്‌ നോവലിന്റെ അടിസ്ഥാനം. അടിയന്തിരാവസ്ഥക്കാലത്ത്‌ കസ്‌റ്റമറി ബോണസ്‌ നാലു ശതമാനമാക്കി വെട്ടിച്ചുരുക്കിയതിനെതിരെ തോട്ടം തൊഴിലാളികൾ സമരത്തിനിറങ്ങി. അതിനെതിരെ സർക്കാരും മാനേജ്‌മെന്റും  ശക്തമായ ആക്രമണം നടത്തി. പുരുഷത്തൊഴിലാളികൾക്ക്‌ മർദനം സഹിക്കവയ്യാതെ കാട്ടിലേക്ക്‌  പാലായനം ചെയ്യേണ്ടി വന്നു. ലയത്തിൽ കഴിഞ്ഞ വനിതകളേയും കുട്ടികളേയും പൊലീസ്‌ ഭീകരമായി മർദ്ദിച്ചു. ഇതറിഞ്ഞ്‌ രോഗബാധിതനായി ചികിത്സയിലായിരുന്നിട്ടും എ കെ ജി തൊഴിലാളികൾക്കിടയിലേക്ക്‌ ഇറങ്ങിതിരിച്ചു. സുശീലഗോപാലനും തുണയായുണ്ടായി. ഇതുൾപ്പടെ പാവങ്ങളുടെ പടത്തലവന്റെ സമരോത്സുക ജീവിതം  തെളിയുന്ന നോവൽ വരും തലമുറക്ക്‌ പാഠമാണ്‌.

സമരാനുഭവങ്ങളെ ആസ്‌പദമാക്കി സാഹിത്യ സൃഷ്ടികൾ ഉണ്ടാവണമെന്ന്‌ എകെജി ആഗ്രഹിച്ചിരുന്നു.   കാലടി സമരത്തെക്കുറിച്ച സുശീല ഗോപാലൻ എഴുതിയ ലേഖനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌.    ഇതാണ്‌ തന്റെ നോവലിന്‌ പ്രചോദനമായി തീർന്നതെന്ന്‌ നോവലിസ്‌റ്റ്‌ സി ആർ ദാസ്‌ പറഞ്ഞു.   കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാർടിയുടെ മുന്നേറ്റചരിത്രം  അടയാളപ്പെടുത്തുന്ന  ഈ നോവൽ തമിഴിലേക്കും മൊഴി മാറ്റം ചെയ്യുന്നത്‌ അഭിമാനാർഹമാണ്‌. തമിഴിനൊപ്പം ഇംഗ്ലീഷിലും പുസ്‌തകം പ്രസിദ്ധീകരിക്കാൻ തയ്യാറെടുക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top