23 June Sunday

പ്രണയാതുരതയുടെ 80 വര്‍ഷങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 11, 2017

പ്രണയാതുരതയുടെ 80 വര്‍ഷങ്ങള്‍ പിന്നിടുന്ന ചങ്ങമ്പുഴയുടെ ഇടയ വിലാപകാവ്യമായ രമണനെ പറ്റി ഒ വി ഉഷയും ടി ടി ശ്രീകുമാറും എഴുതുന്നു

മലരണിക്കാടുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍

ഒ വി ഉഷ

വിറകടുപ്പിലെ ചാരത്തില്‍നിന്ന് കരിക്കട്ട പെറുക്കി ചുവരായ ചുവരുകളിലെല്ലാം രമണനെ ചിത്രകലയിലൂടെ എത്രതവണ തൂക്കിക്കൊന്നിട്ടുണ്ട് എന്ന് എനിക്ക് നിശ്ചയമില്ല. പല വലിപ്പത്തിലുള്ള ഗോളങ്ങളുടെ ഒരു കൂട്ടമായിരുന്നു രമണന്‍ -  ചങ്ങമ്പുഴയുടെ 'രമണന്‍' പ്രസിദ്ധീകൃതമായിട്ട് 80 വര്‍ഷം തികയുന്ന വേളയില്‍ ഒരാസ്വാദനം...

അഞ്ചു വയസ്സുപോലും തികഞ്ഞിട്ടില്ലാത്ത കാലത്ത്, എനിക്കോര്‍മവയ്ക്കുമ്പോള്‍, ചങ്ങമ്പുഴ ഒരദൃശ്യസാന്നിധ്യമായി വീട്ടിലുണ്ട്. കവിത

ഇഷ്ടപ്പെടുന്നവരായിരുന്നു അമ്മ, ഏട്ടന്‍, ചേച്ചി എന്നിവര്‍. അവര്‍ക്ക് ചങ്ങമ്പുഴക്കവിത ഇഷ്ടമായിരുന്നോ എന്നു ഞാന്‍ ഒരിക്കലും പ്രത്യേകിച്ച് ചോദിക്കുകയുണ്ടായില്ല. ഇഷ്ടമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. ചേച്ചി പതിനാലു വയസ്സിനും ഏട്ടന്‍ പതിനെട്ടു വയസ്സിനും എന്നെക്കാള്‍ മൂപ്പുള്ളവര്‍. എന്നുവച്ചാല്‍ നവയൌവനയുക്തര്‍. ഇവരുടെ ഇടയ്ക്കുള്ള മൂളിനടക്കലുകള്‍ കാരണം മലയപ്പുലയനും മലരണിക്കാടുകളും ആരാമത്തിന്റെ രോമാഞ്ചവുമൊക്കെ എന്റെ ജീവിതത്തില്‍ അന്നുണ്ട്. അക്ഷരം കൂട്ടിവായിക്കുന്നതിനു മുമ്പുതന്നെ.

രമണന്റെ ഒരുപാടു വരികള്‍ കാണാപ്പാഠമായി. അന്ന് ഒപ്പുകടലാസ് പോലെ എന്തും പതിയുമായിരുന്നു മനസ്സില്‍. വളരെ ഇഷ്ടം തോന്നിയിരുന്നത് മലരണിക്കാടുകള്‍ എന്നു തുടങ്ങുന്ന ആമുഖമാണ്. 'ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ/ ക്കരളല്ലേ നീയെന്റെ ജീവനല്ലേ',  'എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും/സങ്കല്‍പ്പലോകമല്ലീയുലകം',  'കണ്ടിട്ടില്ല ഞാനീവിധം മലര്‍/ച്ചെണ്ടുപോലൊരു മാനസം',  'കൊച്ചുകുഞ്ഞാണു നീ നിന്റെ കണ്ണില്‍/ വിശ്വം മുഴുവന്‍ വെളുത്തുകാണും...' അങ്ങനെ ഒരുപാടൊരുപാടു വരികള്‍ ഉള്ളില്‍ നിറഞ്ഞുനിന്നിരുന്നു. 'കാനനച്ഛായയിലാടുമേയ്ക്കാന്‍/ഞാനും വരട്ടെയോ നിന്റെ കൂടെ?' എന്നു തുടങ്ങുന്ന സംഭാഷണം മറക്കുന്നില്ല.

അക്കാലത്തു തന്നെയായിരുന്നു എന്റെ 'ആദ്യരചന'. മലരണിക്കാടുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അഞ്ചാറുവരികള്‍. ചെറുവിരലിനെപ്പോലെയിരുന്ന ഞാന്‍ വീട്ടിന്റെ പൂമുഖത്തെ മരയഴികളില്‍ കയറി ഞാന്നുകിടന്നു കൊണ്ടാണ് ആ വരികള്‍ അവതരിപ്പിച്ചത്. അച്ഛനെ കാണാന്‍ വരുമായിരുന്ന കേശവന്‍ മാഷായിരുന്നു കേള്‍വിക്കാരന്‍. ഗൌരവത്തോടെ കേട്ടിരുന്നു എങ്കിലും അദ്ദേഹം വീട്ടിലത് (പെട്ടെന്നു മറന്നുപോയ) ഒരു തമാശയാക്കി എന്നോര്‍ക്കുന്നു. 'എങ്ങു നിന്നെങ്ങു നിന്നെത്തി കാറ്റേ' എന്നായിരുന്നു ആദ്യവരി. ബാക്കി ഓര്‍മയില്ല.

രമണനുമായി ബന്ധപ്പെട്ട് അതുമാത്രമല്ല ഞാനോര്‍ക്കുന്നത്. അക്കാലത്ത് ഞാനൊരു ചുവര്‍ച്ചിത്രകലാകാരിയും ആയിരുന്നു. ഒട്ടേറെ കുഞ്ഞുങ്ങളെ ചിത്രം വരയ്ക്കാന്‍ ക്ഷണിക്കുന്ന പതിവ് ചുവരുകള്‍ക്കുണ്ടല്ലോ. വിറകടുപ്പില്‍(ആറു നൂറ്റാണ്ട് മുമ്പുള്ള ഒരു കുഗ്രാമത്തിലായിരുന്നു എന്റെ ബാല്യകൌമാരങ്ങള്‍)നിന്നുള്ള ചാരത്തില്‍നിന്ന് കരിക്കട്ട പെറുക്കി ചുവരായ ചുവരുകളിലെല്ലാം രമണനെ ഈ കലയിലൂടെ എത്രതവണ തൂക്കിക്കൊന്നിട്ടുണ്ട് എന്ന് എനിക്ക് നിശ്ചയമില്ല. പല വലുപ്പത്തിലുള്ള ഗോളങ്ങളുടെ ഒരു കൂട്ടമായിരുന്നു രമണന്‍. രമണന്റെ കഥ വീട്ടില്‍ ആരോടോ ചോദിച്ച് ഞാന്‍ മനസ്സിലാക്കിയിരുന്നു. രമണനും രമണന്റെ ചന്ദ്രികയും മദനനുമൊക്കെ യഥാര്‍ഥ ജീവിതത്തില്‍ ഉള്ളവരെന്നാണ് തോന്നല്‍. രമണന്‍ തൂങ്ങിമരിച്ചതിന്റെ വിഷമം ചുവരുകളില്‍ തീര്‍ക്കുകയായിരുന്നു.

വര: പ്രഭാകരന്‍

വര: പ്രഭാകരന്‍

കൊച്ചുകുട്ടികളെപ്പോലും 'രമണന്‍' വശീകരിച്ചിരുന്നു എന്നാണ് എന്റെ അനുഭവത്തില്‍ നിന്ന് മനസ്സിലാക്കുന്നത്. ഞാന്‍ ജനിക്കുന്നത് ചങ്ങമ്പുഴ അന്തരിച്ചിട്ട് അഞ്ചുമാസങ്ങള്‍ കഴിഞ്ഞ് രമണന്‍ പുറത്തുവന്ന് ഒരു വ്യാഴവട്ടം കടക്കുമ്പോഴാണ്. രമണന്റെ പലപല ഭാഗങ്ങളും എന്നിലേക്ക് വരുന്നത് 1952, 53 കാലത്തും. പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞ് മുതിര്‍ന്ന വ്യക്തിയായിട്ടാണ് 'രമണന്‍' വായിച്ചത്. കുട്ടിക്കാലത്ത് അതിലെ വരികളോട് തോന്നിയ ഇഷ്ടം മുതിര്‍ന്നതിന് ശേഷം വായിച്ചപ്പോഴും തോന്നി.  ഭാഷയുടെ ലാവണ്യവും ഒഴുക്കും പ്രകാശനത്തിന്റെ ആര്‍ജവവും അതിശയിപ്പിച്ചു.

ആദര്‍ശപ്രേമം കൊണ്ടുനടന്ന ചന്ദ്രികയുടെ നിലപാടുമാറ്റം പെട്ടെന്നാവേണ്ടിയിരുന്നില്ല, മാറ്റത്തിനു കുറച്ചുകൂടി സമയമോ സാഹചര്യസമ്മര്‍ദമോ കൊടുക്കാമായിരുന്നു എന്നും തോന്നി. 'ഘടന പതി വിലാസി ചെയ്കിലും/പിടമൃഗനേത്ര കൃപാര്‍ദ്രയാകിലും/സ്ഫുടമകമലിയാതെ മേവിനാള്‍/തടശില പോലെ തരംഗലീലയില്‍' എന്ന നിലയിലും 'എന്റെയേകധനമങ്ങു ജീവനങ്ങെന്റെ  ഭോഗമതുമെന്റെ മോക്ഷവും'  സ്നേഹിച്ച പുരുഷനാണെന്നു കരുതി ജീവിതം ബലിയര്‍പ്പിക്കുന്ന നിലയിലും ഉള്ള സ്ത്രീകളില്‍ കാണുന്നപോലെയുള്ള  ദൃഢത ചാര്‍ത്തിക്കൊടുത്തില്ലെങ്കിലും ചന്ദ്രികയെക്കൊണ്ട് 'എന്തുവന്നാലും ഞാനാസ്വദിക്കും/മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം' എന്ന് അത്ര പെട്ടെന്ന് പറയിക്കേണ്ടായിരുന്നു. തുടക്കത്തില്‍ വലിയ ആദര്‍ശം കാണിച്ച കഥാപാത്രമായിരുന്നില്ലേ? സന്ദര്‍ഭത്തിന് നാടകീയത ഉണ്ടാക്കുന്നു എങ്കിലും അത്രമാത്രം ഉപരിപ്ളവമായി പെരുമാറേണ്ടിയിരുന്നോ?

ഇടപ്പള്ളി രാഘവന്‍പിള്ള എന്ന ഉറ്റ സുഹൃത്തിന്റെ ആത്മഹത്യ ഏല്‍പ്പിച്ച ആഘാതമാണ് ചങ്ങമ്പുഴയ്ക്ക് ഈ കൃതി എഴുതാന്‍ പ്രേരണയായത് എന്നത് സുവിദിതമാണ്. 1936 ജൂലൈ ആദ്യവാരത്തിലാണ് ഇടപ്പള്ളിയുടെ വിയോഗം. ആ വര്‍ഷം തന്നെ മാസങ്ങള്‍ക്കകം രമണന്റെ സൃഷ്ടി നടന്നു, പ്രസിദ്ധീകരണവും.
സുഹൃത്തെന്ന നിലയിലും മലയാള കവിതാരംഗത്തെ ഭാവഗായകനെന്ന നിലയിലും താന്‍ വിലമതിച്ച ഇടപ്പള്ളിയുടെ അസ്വാഭാവികമായ വേര്‍പാട് കവിയെ അതികഠിനമായി ഉലച്ചത് സ്വാഭാവികം.

തന്നെക്കാള്‍ ഉയര്‍ന്ന നിലയിലുള്ള ഒരു പെണ്‍കുട്ടിയോട് തോന്നിയ അനുരാഗം നിഷ്ഫലമായതാണ് ഇടപ്പള്ളിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു പറയപ്പെടുന്നു. സാമൂഹികമായും കുടുംബപരമായും പ്രതികൂലമായ മറ്റു സാഹചര്യങ്ങളും ഉണ്ടായിരുന്നിരിക്കാം. തനിക്ക് കിട്ടുന്ന ആശ്രയങ്ങളെയൊക്കെ തന്റെ പാരതന്ത്യ്രത്തിന്റെ പ്രതീകങ്ങളായി കവി കണ്ടിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മരണപത്രത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുക.

എന്നാല്‍ ഒരു കാവ്യജീവിതം കവി ആഗ്രഹിക്കാതിരുന്നില്ല. 'എനിക്കു പാട്ടുപാടുവാന്‍ ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നു പോയി, കൂപ്പുകൈ!' എന്നാണ് ഇടപ്പള്ളിയുടെ അന്ത്യയാത്രാമൊഴിയിലെ അവസാന വാചകം. രമണന്റെ കൈയില്‍ കവി പിടിപ്പിച്ച  ഓടക്കുഴല്‍ ഇടപ്പള്ളിയുടെ 'തകര്‍ന്ന മുരളി' തന്നെ. കവിത തന്റെ ശക്തിയാണെന്ന്  അല്ലെങ്കില്‍ തന്റെ കവിതക്ക് ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയാതെപോയത് കൈരളിക്കും നഷ്ടമായി.

ഒരു ഗ്രാമീണവിലാപകാവ്യം എന്ന് ചങ്ങമ്പുഴ തന്റെ കൃതിയെ വിശേഷിപ്പിച്ചു.
ഇംഗ്ളീഷില്‍ പാസ്റ്ററല്‍ എലിജി എന്നതിന്റെ കൃത്യമായ മലയാളമാണത്. ഈവക രചനകളുടെ പ്രമേയം മരണം, ദുഃഖം, പ്രേമം എന്നിവ ഉള്‍ക്കൊള്ളുന്നതാണ്. ഗ്രാമീണവിലാപകാവ്യം ആട്ടിടയന്മാരെയും പുല്‍ത്തടങ്ങളും കാടും മേടും ഉള്‍ക്കൊള്ളുന്ന അവരുടെ സഞ്ചാരപഥങ്ങളെയും ആദര്‍ശവല്‍ക്കരിച്ച് ചിത്രീകരിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇംഗ്ളീഷ് കവിയായ ഷെല്ലി സമകാലികനായ മറ്റൊരു വരിഷ്ഠകവി കീറ്റ്സിന്റെ അകാലനിര്യാണത്തില്‍ ദുഃഖിച്ച് 'അഡോണിസ്' എന്ന വിലാപകാവ്യം രചിച്ചു.  പതിനെട്ടാം നൂറ്റാണ്ടില്‍ തോമസ് ഗ്രേ രചിച്ച 'എലിജി റിട്ടണ്‍ ഇന്‍ എ കണ്‍ട്രി ചര്‍ച്ച് യാര്‍ഡ്' എന്ന വിലാപകാവ്യവും പ്രസിദ്ധമാണ്. വ്യക്തികളുടെ വിയോഗമല്ല മനുഷ്യാവസ്ഥയാണ്, നശ്വരതയാണ് അതില്‍ വിഷയമാകുന്നത്.

പതിനേഴാം നൂറ്റാണ്ടില്‍ ജോണ്‍ മില്‍റ്റണ്‍ തന്റെ ഒരു കോളേജ് സഹപാഠിയുടെ മരണത്തില്‍ നൊന്ത് രചിച്ച വിലാപകാവ്യമാണ്   'ലൈസിഡസ്'. പതിനാറാം നൂറ്റാണ്ടില്‍ സ്പെന്‍സര്‍  'ദി ഷെപ്പേര്‍ഡ്സ് കലന്‍ഡര്‍' എന്നൊരു പാസ്റ്ററല്‍ കവിത എഴുതി. ഈ വിധത്തില്‍  ഇംഗ്ളണ്ടില്‍ സ്വീകരിക്കപ്പെട്ട കാവ്യരൂപത്തിന് ക്ളാസിക്കല്‍ വേരുകളുണ്ടായിരുന്നു. ക്രിസ്തുവിനു മുമ്പേ ഗ്രീക്ക് റോമന്‍ സാഹിത്യങ്ങളില്‍ ഇത്തരം വിലാപകൃതികള്‍ ഉണ്ടായിരുന്നതായി ഗവേഷകര്‍ പറയുന്നു.

പാശ്ചാത്യ പാസ്റ്ററല്‍ എലിജിയുടെ സങ്കേതങ്ങള്‍ തന്നെയാണ് ചങ്ങമ്പുഴ തന്റെ ദുഃഖപ്രകാശനത്തിനും ദുഃഖഹേതുവായ  സംഭവം അവതരിപ്പിക്കുന്നതിനും ഉപയോഗിച്ചത്. അതില്‍ വിഷാദമുണ്ട്, വിലാപമുണ്ട്, പ്രേമവും മരണവുമുണ്ട്, കാടും മേടും ഗ്രാമവും പശ്ചാത്തലമായുണ്ട്; ആട്ടിടയന്മാര്‍ നിഷ്കളങ്കരും ലോലഹൃദയരും പാവങ്ങളും ആദര്‍ശമുള്ളവരുമാണ്.

ലക്ഷണമൊത്ത  ഗ്രാമീണവിലാപകാവ്യമായ രമണനെ നമുക്ക് വേണമെങ്കില്‍ കാവ്യനാടകമായും ഭാവകാവ്യമായും വിശേഷിപ്പിക്കാന്‍ കഴിയും. ഇതിന്റെ  ഉള്ള് മലയാളമാണ്. ആണും പെണ്ണും നിരക്ഷരനും സാക്ഷരനും ഉള്ളവനും ഇല്ലാത്തവനുമായി ആബാലവൃദ്ധം മലയാളികളും ഹാര്‍ദമായി സ്വീകരിച്ച, ദശകങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന, ഒരു രചന. എങ്കിലും ഒരു സംശയം പങ്കുവയ്ക്കട്ടെ.  കവിയുടെ വിസ്മയകരമായ വാഗ്ധോരണിയില്‍  രമണന്റെ ആത്മഹത്യ  'റൊമാന്റിസൈസ്' ചെയ്യപ്പെട്ടുപോയോ? ആത്മഹത്യക്ക് മലയാളികളുടെ ഇടയില്‍ ഒരു അംഗീകാരം കിട്ടിയോ? അതേതായാലും രമണന്റെ  വരവ് മലയാള കവിതയില്‍ അതുവരെയില്ലാത്തപോലെ ജനകീയമായ ഒരു വരവായി എന്നത് ചരിത്രം.
 

വര: പ്രഭാകരന്‍

വര: പ്രഭാകരന്‍

രമണന്‍: ദുരന്തബോധത്തിന്റെ ചരിത്രബദ്ധത

ഡോ. ടി ടി ശ്രീകുമാര്‍

ജാതിയെ വിട്ടു വര്‍ഗത്തെ സൂചകമാക്കുന്ന മുപ്പതുകളിലെ രാഷ്ട്രീയാന്തരീക്ഷത്തെ പിന്തുടരുകയാണ് ചങ്ങമ്പുഴ ചെയ്യുന്നത്. ഇടയന്‍ എന്ന അസന്നിഹിത സ്വരൂപത്തെ നായകനായി പ്രതിഷ്ഠിച്ചുകൊണ്ടാണ് ഈ ചരിത്രപരമായ സ്ഥാനചലനത്തെ കവിത സ്വീകരിക്കുന്നത്.പുതിയ നൈതിക രാഷ്ട്രീയം എത്രമാത്രം ഉച്ചനീചത്വത്തെ സാമ്പത്തികാടിസ്ഥാനത്തില്‍ കാണാന്‍ ശ്രമിക്കുന്നു എന്നത് കവിത ആഴത്തില്‍ ഉള്‍ക്കൊള്ളുന്നു-രമണനിലെ രാഷ്ട്രീയത്തെക്കുറിച്ച്...

കവികള്‍ ഒരു അതീതലോകം സൃഷ്ടിക്കുന്നതില്‍ എത്രകണ്ടു വിജയിക്കുന്നുവോ അത്രകണ്ട് ആ കവിതകള്‍ കാലത്തെ കവിഞ്ഞുപോകുന്നു. കാരണം കവിതയിലെ ഭാഷ എന്നത് ഒരു പ്രത്യക്ഷ വിനിമയോപാധി അല്ല. അത് പരോക്ഷമായി, നിലീനമാക്കിവയ്ക്കുന്ന നിരവധി അര്‍ഥങ്ങള്‍ ചരിത്രത്തില്‍കൂടി ഉരുത്തിരിഞ്ഞുവരുന്നതാണ്. സംസ്കാരത്തിന്റെ വര്‍ത്തമാനമോ ഭൂതമോ മാത്രമല്ല, ഭാവിയുംകൂടി അതിന്റെ സൂക്ഷ്മഘടനകള്‍ സൂക്ഷിച്ചുവയ്ക്കുന്നു. ഓരോ പുതിയ തലമുറയും അതില്‍നിന്ന് പുതിയ അര്‍ഥവ്യവസ്ഥകള്‍ കണ്ടെടുക്കുന്നു. ഇത് സാധ്യമാക്കുന്ന, കാലത്തിലൂടെ സഞ്ചരിക്കുന്ന സജീവമായ അവ്യവസ്ഥയാണ് കവിത. കവിതയുടെ അതീതലോകം എന്നത് കലയിലെ എന്തെങ്കിലും നിഗൂഢതയല്ല. പ്രതീകങ്ങളുടെയും പ്രതിനിധാനങ്ങളുടെയും പ്രതിനിധാന നിഷേധത്തിന്റെയുമെല്ലാം വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും പേറിക്കൊണ്ടാണ് അത് രൂപമെടുക്കുന്നത്. എന്നാല്‍ ഇതിന് നിയതമായ നിയമങ്ങളോ നിശിതമായ മാനദണ്ഡങ്ങളോ കണ്ടെത്താന്‍ കഴിയില്ല.

രമണന്‍ എന്ന കൃതിയെക്കുറിച്ചുള്ള ആലോചനകള്‍ പലപ്പോഴും ആരംഭിക്കുന്നത് അതിനു ലഭിച്ച അഭൂതപൂര്‍വമായ സ്വീകരണത്തെക്കുറിച്ചുള്ള വിചാരണകളോടെയാണ്. മധുരനാരങ്ങപോലെ വിറ്റഴിഞ്ഞു എന്ന മുണ്ടശ്ശേരിയുടെ പ്രയോഗം രമണന്റെ ജനപ്രിയതയുടെ എക്കാലത്തെയും ശക്തമായ ലാവണ്യ രൂപകമായി മാറിയിട്ടുണ്ട്. ഒരര്‍ഥത്തില്‍ കാലാന്തരത്തോടെ സംഭവിച്ചിരിക്കുന്നത് കൃതി ഒരു വിശകലനവിഷയി എന്ന നിലയില്‍നിന്ന് അപ്രത്യക്ഷമാവുകയും അതിന്റെ ജനപ്രിയത ആ സ്ഥാനം കൈയടക്കുകയുമാണ്. രമണനെക്കുറിച്ചുള്ള എല്ലാ ചിന്തകളും അതിന്റെ ജനപ്രിയതയുടെ അടിസ്ഥാനംകൂടി തേടുന്നതാവുന്നു. അഥവാ, ഈ ചോദ്യം ഉന്നയിക്കാതെ രമണനെക്കുറിച്ച് പരിചിന്തിക്കാന്‍ നമുക്ക് കഴിയാതായിരിക്കുന്നു.

ഇതിന്റെ കാരണം ഈ കൃതിയുടെ ജനപ്രിയത അതെത്രമാത്രം അര്‍ഹിക്കുന്നു എന്നൊരു അബോധവിചാരം കൃതിയുടെ വിചാരണാവേളയില്‍ അനുവാചകനെ അലോസരപ്പെടുത്തുന്നതാവാം. താന്‍ വായിച്ച ഈ കൃതി ഒരേസമയം റിയലിസത്തെ പുണരുകയും അതിനെ കുടഞ്ഞെറിയുകയും ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കുന്നതിലെ വേവലാതിയാണ് ജനപ്രിയതയെക്കുറിച്ചുള്ള ആകാംക്ഷയായി പരിണമിക്കുന്നത്. ഇതിലെ എല്ലാ 'ലളിത കോമള' പദങ്ങളും അത്രയൊന്നും ലളിതമല്ല. നായകനും നായികയുമായുള്ള വായനക്കാരുടെ താദ്മീകരണവും വിചാരിക്കുന്നതുപോലെ ലളിതവുമല്ല. ദ്രാവിഡ പദങ്ങള്‍ മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത് എന്നതു മാത്രമല്ല ഓര്‍ക്കേണ്ടത്. ഒന്നാമത് ദ്രാവിഡപദങ്ങള്‍ എല്ലാം അശിക്ഷിതര്‍ക്ക് എളുപ്പം വഴങ്ങുന്നു എന്ന ധാരണ തെറ്റാണ്. ഭാഷയിലെ ലാളിത്യം ആ അര്‍ഥത്തില്‍ ഈ കൃതിയുടെ സവിശേഷതയാണ് എന്ന് പറയാന്‍ കഴിയില്ല. കാവ്യഭാഷക്ക് അതിന്റേതായ ദുര്‍ഗ്രഹതകളും അര്‍ഥസന്ദേഹങ്ങളും ഉണ്ട്. അത് ഈ കൃതിയുടെ മാത്രം സവിശേഷതയുമല്ല. നായികാനായകന്മാര്‍ പ്രണയികളും 'അനുരാഗനദിക്കു വിഘ്നം' വന്നവരുമാണ്. പ്രണയനിരാസം ഒരാളുടെ ജീവത്യാഗത്തില്‍ കലാശിക്കുന്ന ദുരന്തകാവ്യംകൂടിയാണ് രമണന്‍. താദ്മീകരണം സുനിശ്ചിതമോ സുലളിതമോ അല്ല.

രമണന്‍ എന്ന കൃതിയിലെ ദുരന്തത്തിന്റെ സ്വഭാവം ജനമനസ്സില്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങള്‍ നിസ്സാരമല്ല എന്നത് എടുത്തുപറയേണ്ടതുണ്ട്. എന്നാല്‍ അവ കേവലം വൈയക്തികം എന്ന് വ്യവഹരിക്കാവുന്ന ഒരു തലത്തില്‍ മാത്രം നിലനില്‍ക്കുന്നതല്ല. കാരണമില്ലാത്തതോ ഒഴിവാക്കാനാവാത്തതോ ആയിരുന്നില്ല ഈ ദുരന്തം. തനിക്കു വരാന്‍ പോകുന്ന ദുരന്തം മുന്‍കൂട്ടി കണ്ട് അതൊഴിവാക്കാന്‍ ശ്രമിച്ചവനും തുച്ഛനും നിസ്സാരനുമായി സ്വയം കണക്കാക്കുന്നവനുമാണ് നായകന്‍. നായിക നായകന്റെ ഈ ദുരന്തഭീതിയെ നിരന്തരം നിസ്സാരവല്‍ക്കരിക്കുകയും ഒടുവില്‍ അതിന്റെ കര്‍തൃസ്ഥാനത്ത് സ്വയം അവരോധിതയാവുകയും ചെയ്തവളാണ്. ആഴമേറിയ ഈ വൈരുധ്യം ഉണ്ടാവുന്നത് നായികാനായകന്മാരുടെ വര്‍ഗസ്വത്വ വ്യത്യാസത്തില്‍ നിന്നാണ്. വര്‍ഗവ്യത്യാസം കൃത്യമായി കൃതിയില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളതും സ്വത്വവ്യത്യാസം പാര്‍ശ്വവല്‍കൃതനായ നായകന്റെ കീഴാളസ്ഥാനത്തുനിന്ന് വായിച്ചെടുക്കേണ്ടതുമാണ്. വര്‍ഗവും സാമൂഹിക ശാസ്ത്രപരമായി ഒരു സ്വത്വം ആണെങ്കിലും അതിനെ വംശീയജാതി സ്വത്വങ്ങളുമായി താരതമ്യം ചെയ്യാനാവില്ല. പ്രത്യക്ഷമായ ഈ വര്‍ഗവ്യത്യാസവും നിലീനമായ സ്വത്വവ്യത്യാസവും മാത്രമാണ് ഇവരുടെ ബന്ധത്തോടുള്ള സാമുദായികമായ എതിര്‍പ്പിനു നിദാനമായി കൃതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ എതിര്‍പ്പിനോടുള്ള നായികയുടെ സമീപനം മാറുന്നതോടെ പ്രണയനിരാസവും അതില്‍ നിരാശപൂണ്ട നായകന്റെ ജീവത്യാഗവും സംഭവിക്കുന്നു.

പ്രണയങ്ങളുടെ വൈവിധ്യപൂര്‍ണമായ മാനങ്ങള്‍ നിരന്തരം പകര്‍ന്നുതന്ന് യൌവനത്തിന്റെ അതിതീക്ഷ്ണമായ പാരസ്പര്യങ്ങളെ

ദാര്‍ശനികമായി നോക്കിക്കാണാന്‍ ശ്രമിച്ച കവിയായിരുന്നു കുമാരനാശാന്‍. ആശാന്റെ കൃതികള്‍ സാമ്പ്രദായിക അര്‍ഥത്തില്‍ പ്രണയകാവ്യങ്ങളല്ല. പക്ഷേ, ഹെട്രോസെക്ഷ്വല്‍ ബന്ധങ്ങളുടെ സങ്കീര്‍ണതകളാണ് അദ്ദേഹത്തിന്റെ പല പ്രധാന കൃതികളിലും വിചാരണചെയ്യപ്പെടുന്നത്. ചിന്താവിഷ്ടയായ സീതയും കരുണയും നളിനിയും ലീലയും ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയുമെല്ലാം പല അവസ്ഥകളിലുള്ള സ്ത്രീ-പുരുഷ ബന്ധത്തെ അന്വേഷിക്കുന്നവയാണ്. 'കൃതികള്‍ മനുഷ്യ കഥാനുഗായികള്‍' എന്നു പറയുമ്പോഴും പ്രധാനമായും കാമത്തിന്റെയും വിരക്തിയുടെയും അര്‍ഥതലങ്ങളാണ് ആശാന്‍ നിരന്തരം അന്വേഷിച്ചത്. വീണപൂവില്‍പ്പോലും കാമാതുരവും വിലോഭനീയവുമായ പൂവിന്റെ ജീവിതത്തിന്റെ ദുരന്താത്മകമായ അന്ത്യമാണ് ചിത്രീകരിച്ചിരിക്കുന്നത്. വിലോഭനത്തിന്റെ വില മരണമാണ് എന്നത് കരുണയും വീണപൂവുമടക്കം പല കൃതികളിലും ആശാന്‍ കരുതിവച്ചിരുന്ന ഉപപാഠമാണ്. രണ്ടു ദ്വന്ദങ്ങള്‍ ആശാന്റെ പ്രണയസങ്കല്‍പ്പത്തില്‍ ലയിച്ചുകിടക്കുന്നു. ഒന്ന് വിലോഭനവും മരണവും, രണ്ട് വിലോഭനവും വൈരാഗ്യവും. വിലോഭനത്തിന്റെ ശിക്ഷയായി ഒന്നുകില്‍ വൈരാഗിയാവുക, അല്ലെങ്കില്‍ മരിക്കുക എന്ന അതികര്‍ക്കശമായ നൈതിക മാനദണ്ഡം ആശാന്‍ തന്റെ പല കൃതികളിലൂടെ മുന്നോട്ടുവച്ചു. നളിനിയില്‍ നായികാനായകന്മാര്‍ കഥാന്ത്യത്തില്‍ ഒരുപോലെ വൈരാഗികളാവുന്നതാണ് നാം കാണുന്നതെങ്കില്‍ ലീലയില്‍ ഇരുവരും ജീവത്യാഗം ചെയ്യുകയാണ്. 

'സ്ഥിരചരിത, മദീയജീവിതത്തില്‍
പ്പരമഭിവാഞ്ഛയെനിക്കു നിന്നിലല്ലോ'
എന്ന് മദനനോടായിരുന്നു തനിക്കെപ്പോഴും പ്രണയമെന്നു വൈവാഹിക ജീവിതത്തിന്റെ ദുരന്താന്ത്യത്തില്‍ നിന്ന് പുറപ്പെടുന്ന ലീല വിചാരിക്കുന്നുണ്ട്. 
ലീലയിലെ മദനന്റെ മരണം യുക്തിരഹിതമായി എന്ന് തോന്നുംവിധം വിചാരണയില്ലാതെ വിട്ടിരിക്കുകയാണ്. 'മാംസനിബദ്ധമല്ല രാഗം' എന്നാണ് അയാളുടെ അസ്ഥിമാത്രമായ ദേഹം കണ്ട് ലീല കരുതുന്നത്. അതുകൊണ്ട് അവള്‍ അയാളെ അമ്മ കുഞ്ഞിനെ എന്നപോലെ ആശ്വസിപ്പിക്കുന്നു:
'ദയയോടവള്‍ തലോടിയുമ്മവച്ചാള്‍
ദയിതനെ രാഗമിരുന്ന ഹൃത്തടത്തില്‍;
നിയതമഴല്‍ പെടുന്ന നെറ്റിമേലും
പ്രിയതമ, പൈതലെയമ്മയെന്നപോലെ'

എങ്കിലും അതില്‍നിന്ന് കുതറിയോടി എന്നവണ്ണം അയാള്‍ നടന്നകന്ന് പുഴയില്‍ ചാടി മരിക്കുന്നു. പിന്നാലെ ലീലയും ജീവത്യാഗം ചെയ്യുന്നു. ഇവിടെ മരണം അര്‍ഹിക്കുന്നത് വിലോഭനത്തിന്റെ വിഷയിയായ ലീലയാണ് എന്നും സതിയാവാനുള്ള അവസരം അവള്‍ക്കു നല്‍കുക മാത്രമാണ് മരണാസന്നനായിരുന്ന മദനന്റെ സ്വയംഹത്യയിലൂടെയെന്നും ഓര്‍ക്കാവുന്നതാണ്. മാത്രമല്ല പിതാവ് മരിച്ചപ്പോള്‍ അവളുടെ മാതാവ് സതിയനുഷ്ഠിച്ചു എന്ന വാര്‍ത്ത കേട്ടതിനുശേഷമാണ് അവള്‍ മദനനെ അന്വേഷിച്ചു പുറപ്പെടുന്നതുതന്നെ. മാത്രമല്ല, കഥാന്ത്യത്തില്‍ ലീലയുടെ സഖി മാധവി മരവുരി സ്വീകരിച്ച് 'ദോഷസ്പര്‍ശമെഴാത്തതാം വ്രതമെടുത്തന്യര്‍ഥമായ്' ശിഷ്ടജീവിതം നയിക്കാന്‍ തീരുമാനിക്കുകയാണ്. മരണം, വൈരാഗ്യം എന്നിവ വീണ്ടും വീണ്ടും ചേര്‍ത്തു വയ്ക്കപ്പെടുകയാണ്.

'കരുണ'യില്‍ വിലോഭനത്തിന്റെ മൂര്‍ത്തസ്വരൂപമായി വിളങ്ങിയ വാസവദത്തക്ക് ദാരുണമായ മരണമാണ് വിധിക്കുന്നതെങ്കില്‍ ചണ്ഡാലഭിക്ഷുകിയിലെ നായികക്ക് അവളുടെ സംയമനത്തിന് സംന്യാസമാണ് ലഭിക്കുന്നത്. മരണം/വൈരാഗ്യം എന്ന ദ്വന്ദം ഈ അര്‍ഥത്തില്‍ കടന്നുവരാത്ത ആശാന്റെ ഒരു കാവ്യം ദുരവസ്ഥയാണ്. അവിടെ 
'ചണ്ഡാലിതന്‍ മെയ് ദ്വിജന്റെ ബീജ
പിണ്ഡത്തിനൂ ഷരമാണോ?' എന്ന ചണ്ഡാലഭിക്ഷുകിയിലെ ചോദ്യത്തിന് ഉത്തരം ലഭിക്കുന്നു; ആണ്‍പെണ്‍ നിലകള്‍ മറിച്ചാണെങ്കിലും. ആശാന്റെ കാവ്യലോകത്ത് സമാഗമസൌഭാഗ്യം ലഭിക്കുന്ന ഒരേയൊരു നായികാനായകന്മാര്‍ ഇവരാണ്.
'നെല്ലിന്‍ചുവട്ടില്‍ മുളയ്ക്കും കാട്ടു
പുല്ലല്ല സാധുപുലയന്‍
ശങ്ക വേണ്ടൊന്നായ് പുലര്‍ന്നാല്‍ അതും
പൊങ്കതിര്‍പൂണും ചെടിതാന്‍' എന്ന ചണ്ഡാലഭിക്ഷുകിയിലെ വരികള്‍ക്ക് ലൌകികമായ അര്‍ഥം കൊടുക്കുന്നതും ദുരവസ്ഥയിലാണ്.

വര: പ്രഭാകരന്‍

വര: പ്രഭാകരന്‍

ദുരവസ്ഥ പക്ഷേ, സാമ്പ്രദായിക പ്രണയമല്ല കൈകാര്യം ചെയ്യുന്നത്. പ്രായോഗികമതിയായ ഒരു യുവതി തന്റെ ഭാഗധേയം നിര്‍ണയിക്കുകയാണ്. ജാതിഭേദം വെടിയാന്‍ അവള്‍ നിര്‍ബന്ധിതയാകുന്നു. ഇവിടത്തെ ദുരവസ്ഥ ബ്രാഹ്മണസ്ത്രീ കീഴാളയുവാവിന്റെകൂടെ കഴിയാന്‍ ഇടവന്നതല്ല. മറിച്ച്, സ്ത്രീപുരുഷബന്ധത്തെ നിയന്ത്രിക്കുന്ന ജാതിഭേദമാണ്. മരണവും വൈരാഗ്യവുമില്ലാതെ ആശാന്റെ ഒരു കവിത സ്ത്രീ പുരുഷ സമാഗമത്തില്‍ അവസാനിക്കുകയാണ്. എന്നാല്‍ അതിന്റെ ചരിത്രപരമായ മുന്‍നിബന്ധന ആശാന്‍ എല്ലാ അര്‍ഥത്തിലും അറിയുന്നുണ്ട്. തിരിച്ചുപോകാനാവാത്ത ചരിത്രത്തിന്റെ കെണിയില്‍ അകപ്പെട്ടവളാണ് ദുരവസ്ഥയിലെ നായിക. എങ്കിലും പരിവ്രാജകയോ സ്വയംനിന്ദിതയോ ആവാതെ അവള്‍ മുന്നിലുള്ള ജീവിതത്തെ ഗാഢം പുണരുകയാണ്.
രമണന്‍ എന്ന കൃതി ഈ ദുരവസ്ഥയെ പുനരവതരിപ്പിക്കുന്നു. എന്നാല്‍ സ്വത്വത്തെ പരസ്യമാക്കാതെ അത് വര്‍ഗവ്യത്യാസത്തില്‍ പിടിച്ചുകയറുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ

ആദ്യദശകങ്ങളിലെ സ്വത്വബോധത്തെ കവിഞ്ഞു പോകുന്ന വര്‍ഗവിചാരം കേരളീയ സമൂഹത്തെ ഗ്രസിച്ചു തുടങ്ങിയ മുപ്പതുകളില്‍ ചരിത്രത്തില്‍ സംഭവിച്ച ഈ വലിയ സ്ഥാനംമാറ്റം കവിത അനായാസം പിടിച്ചെടുക്കുന്നു. 'ഇടയന്‍' എന്ന സാമൂഹികമായി അസന്നിഹിതമായ ഒരു സൂചകത്തിലേക്ക് നായകന്‍ തളയ്ക്കപ്പെടുന്നു. അയാള്‍ക്ക് പ്രത്യക്ഷമായ ജാതിയില്ല. പലരും സൂചിപ്പിച്ചിട്ടുള്ളതുപോലെ കേരളത്തില്‍ മുഴുവന്‍ സമയ ഇടയന്മാരില്ല. അങ്ങനെ ഒരു സമുദായമില്ല. കവിതയുടെ തുടക്കത്തില്‍ പ്രതിനിധാനത്തെക്കുറിച്ച് ചങ്ങമ്പുഴ നടത്തുന്ന ഒരു പ്രസ്താവനയുണ്ട്. താന്‍ പ്രതിനിധാനത്തിന്റെ പ്രതിനിധാനമാണ് നിര്‍വഹിക്കുന്നത് എന്ന് തുടക്കത്തില്‍ത്തന്നെ അദ്ദേഹം ഒരു മുന്‍കൂര്‍ ജാമ്യം കരസ്ഥമാക്കുന്നു. അദ്ദേഹത്തിന്റെ ഗ്രാമചിത്രം യഥാര്‍ത്ഥ ഗ്രാമത്തിന്റെ ചിത്രമല്ല. മറിച്ച് ചിത്രത്തിലേതുപോലെയിരിക്കുന്ന ഗ്രാമമാണ് അദ്ദേഹം വരയ്ക്കുന്നത്:
'ഒരു നല്ല ചിത്രം വരച്ചപോലെ
വരിവരി നില്‍ക്കുന്ന കുന്നുകളും
പരശതസസ്യവിതാനിതമാം
പല പല താഴ്വരത്തോപ്പുകളും
പവിഴ ക്കതിര്‍ക്കുലച്ചാര്‍ത്തണിഞ്ഞ
പരിചെഴും നെല്‍പ്പാടവീഥികളും' ഉള്ളതാണ് അദ്ദേഹത്തിന്റെ ഗ്രാമം. ചിത്രത്തിലേതു പോലെയുള്ള ഗ്രാമം ചിത്രത്തെയാണ് പ്രിവിലേജ് ചെയ്യുന്നത്. ചിത്രത്തിലേതുപോലെയിരിക്കുന്ന ഗ്രാമത്തില്‍ ചിത്രത്തിലേതുപോലെ ഇടയന്മാരും വരച്ചു ചേര്‍ക്കപ്പെടുന്നു. സ്വത്വത്തെ പിന്തള്ളി വര്‍ഗപരമായ അസ്തിത്വം നായകന് നല്‍കപ്പെടുന്നു.  
ദുരവസ്ഥയിലെ നായികയുടെ സ്വാതന്ത്യ്രം ഭ്രഷ്ടിന്റെ സ്വാതന്ത്യ്രമാണെന്ന യാഥാര്‍ഥ്യം രമണന്‍ ചരിത്രത്തിലെ മറ്റൊരു ദശാസന്ധിയിലിരുന്നു നമ്മെ ഓര്‍മിപ്പിക്കുന്നു. ദുരവസ്ഥയിലെ നായിക തിരിച്ചുപോകാനുള്ള സ്വാതന്ത്യ്രം നഷ്ടപ്പെട്ടവളാണ്. രമണനിലെ നായിക അസ്വതന്ത്രയാണെങ്കിലും അവള്‍ക്കു വേണമെങ്കില്‍ അതുപേക്ഷിക്കാന്‍ കഴിയും. അടഞ്ഞ വഴിയാണ് ദുരവസ്ഥയിലെ നായികയുടെ പിന്നില്‍. മുന്നിലെ തുറന്നവഴി അടയ്ക്കുന്നവളാണ് രമണനിലെ നായിക. അവള്‍ക്ക്
'ഇടയന്റെ ചിത്തവിശുദ്ധിവിങ്ങും
കുടിലിലെപ്പൊന്‍വിളക്കായി മാറാന്‍
കഴിയില്ലേ' എന്നും
'അതുമിനിസ്സാധ്യമല്ലെങ്കില്‍ വേണ്ടാ,
ക്ഷിതിയിലവള്‍ക്കിതു സാധ്യമല്ലേ
ഇടയനെപ്പാഴ്ക്കുടിലിങ്കല്‍നിന്നും
മടുമലര്‍മേടയിലേ ക്കുയര്‍ത്താന്‍?'
എന്നും മദനന്‍ തുടക്കത്തില്‍ത്തന്നെ ശുഭാപ്തിവിശ്വാസിയാകുന്നുണ്ട്. എന്നാല്‍ ഈ വഴിയിലേക്ക് ഒടുവില്‍ നായിക എത്തുന്നില്ല.

സ്വത്വവും വര്‍ഗവും കൂടുതല്‍ ഇഴചേരുന്ന ഫ്യൂഡല്‍ ജാതിവ്യവസ്ഥയെ ചങ്ങമ്പുഴ പിന്തുടരുന്നതേയില്ല. പകരം ഇടയന്‍ എന്ന പാര്‍ശ്വവല്‍കൃത കര്‍മസ്ഥാനമാണ് അയാള്‍ക്കായി അടയാളപ്പെടുത്തി നല്‍കിയിരിക്കുന്നത്. കവിതയുടെ തുടക്കം മുതല്‍ രൂപകങ്ങളെല്ലാം കൂടുതലും ഊന്നുന്നത് നായികാനായകന്മാര്‍ തമ്മിലുള്ള വര്‍ഗവ്യത്യാസത്തിലാണ്. ചന്ദ്രിക ഭാനുമതിയുമായുള്ള ഒരു സംഭാഷണത്തില്‍ അത് പ്രത്യക്ഷമായിത്തന്നെ സൂചിപ്പിക്കുന്നു:
'ബന്ധുജനങ്ങള്‍ മുഴുവനിപ്രേമ
ബന്ധത്തിലെന്നോടെതിര്‍ത്തുനില്‍പ്പൂ
പ്രാണന്റെ ബന്ധവും തൂക്കിനോക്കുന്നതു
നാണയത്തുട്ടുകളാണുപോലും!
പുല്ലാണെനിക്കിപ്പണ,മവന്‍തന്‍ കൊച്ചു
പുല്ലാങ്കുഴലുമായ് നോക്കിടുമ്പോള്‍!'
മദനന്റെ വിലാപത്തിലും ഈ 'നാണയ വ്യവസ്ഥ'യോടുള്ള വിരുദ്ധതയും അതിന്റെ നൈതികതയോടുള്ള രോഷവും കടന്നു വരുന്നുണ്ട്:
'നാണയത്തുക നോക്കിമാത്രമാ
വേണുഗോപാലബാലനെ
തല്‍പ്രണയവൃന്ദാവനത്തില്‍നി
ന്നാട്ടിയോടിച്ച ലോകമേ,
നിഷ്കൃപത്വം പതിയിരിക്കുന്ന
ശുഷ്കവിത്തപ്രതാപമേ,
പൊന്നുരുക്കിച്ചമച്ചതല്ലല്ലോ
നിന്നുടലപ്പരാപരന്‍
മണ്ണുതാനതുംനിര്‍ണയം വെറും
മണ്ണില്‍ത്താനതടിഞ്ഞുപോം!
നിന്റെ ധര്‍മവും നീതിബോധവും
കണ്ടറിവോനാണു ഞാന്‍'

ജാതിയെ വിട്ടു വര്‍ഗത്തെ സൂചകമാക്കുന്ന മുപ്പതുകളിലെ രാഷ്ട്രീയാന്തരീക്ഷത്തെ പിന്തുടരുകയാണ് ചങ്ങമ്പുഴ ചെയ്യുന്നത്. ഇടയന്‍ എന്ന അസന്നിഹിത സ്വരൂപത്തെ നായകനായി പ്രതിഷ്ഠിച്ചുകൊണ്ടാണ് ഈ ചരിത്രപരമായ സ്ഥാനചലനത്തെ കവിത സ്വീകരിക്കുന്നത്. പുതിയ നൈതിക രാഷ്ട്രീയം എത്രമാത്രം ഉച്ചനീചത്വത്തെ സാമ്പത്തികാടിസ്ഥാനത്തില്‍ കാണാന്‍ ശ്രമിക്കുന്നു എന്നത് കവിത ആഴത്തില്‍ ഉള്‍ക്കൊള്ളുന്നു. അതിനായി ജാതിയെ അത് മറച്ചുവയ്ക്കുകകൂടി ചെയ്യുന്നു.
നിരാശാഭരിതനായ കാമുകന്‍ ആത്മഹത്യ ചെയ്യുന്ന ദുരന്തകാവ്യത്തെ നായികാനായകന്മാര്‍ തമ്മിലുള്ള ശ്രേണീവ്യത്യാസത്തിലേക്ക്, അസമത്വത്തിലേക്ക് അനുവാചകരുടെ ശ്രദ്ധയെ പൂര്‍ണമായും തള്ളി വിടാതിരിക്കാന്‍ ചങ്ങമ്പുഴ പക്ഷേ, ശ്രദ്ധിച്ചു എന്നത് ഇതിനെ വാഴക്കുലപോലെ പ്രത്യക്ഷമായി വര്‍ഗ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു രചനയാക്കുന്നില്ല എന്നത് ഓര്‍ക്കേണ്ടതാണ്. വാഴക്കുലയില്‍ വളരെ സ്പഷ്ടമായി
'മലയന്‍ നടന്നു, നടക്കുന്നു മാടത്തി
ലലയും മുറയും നിലവിളിയും!
അവശന്മാ, രാര്‍ത്തന്മാരാലംബഹീനന്മാ
രവരുടെ സങ്കടമാരറിയാന്‍?
പണമുള്ളോര്‍ നിര്‍മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ? ഞാന്‍ പിന്‍വലിച്ചു!'

എന്നുപറയുന്നുണ്ടെങ്കിലും അവിടെ അവരുടെ പിന്മുറക്കാര്‍ക്ക് മാത്രമേ സ്വാതന്ത്യ്രം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. അവര്‍ അസ്വതന്ത്രരാണ് എന്നത് പ്രധാനമാണ്. അവര്‍ക്ക് സ്വയംനിര്‍ണയത്തിനുള്ള അവകാശമില്ല. എന്നാല്‍ രമണനിലെ നായിക ഒരു തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ളവളായിരുന്നു. അവള്‍ക്ക് രണ്ടു വഴികളിലൊന്ന് തെരഞ്ഞെടുക്കാമായിരുന്നു. ജാതിയെ നിലീനമാക്കുന്നതിലൂടെ മുതലാളിത്തത്തിലെ സ്ത്രീയുടെ ഈ ആപേക്ഷിക സ്വാതന്ത്യ്രത്തെ സൂചിതമാക്കാന്‍ കവിക്ക് കഴിയുന്നു. അങ്ങനെ അവളുടെ പ്രണയനിരാസം കേവലം വ്യവസ്ഥിതിയോടുള്ള കീഴടങ്ങളല്ല, മറിച്ച് ആ വ്യവസ്ഥിതിയോടുള്ള അവളുടെ അഭിനിവേശം കൂടി ആവുന്നു:
'എന്തുവന്നാലുമെ
നിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരി ജ്ജീവിതം!
എന്നുമിതിന്റെ ലഹരിയിലാനന്ദ
തുന്ദിലമെന്മനം മൂളിപ്പറക്കണം!
കണ്ണീര്‍നിറഞ്ഞ നിന്‍ പിഞ്ചുമനസ്സുമാ
യെന്മുന്നില്‍നിന്നൊന്നു വേര്‍പെട്ടുപോകണേ!
എല്ലാം മറന്നേക്കുമേലില്‍ നാമന്യരാ
ണെല്ലാം കഴിഞ്ഞുസ്വതന്ത്രയായ്ത്തീര്‍ന്നു ഞാന്‍'
ഇത്തരത്തില്‍ 'സ്വതന്ത്രയായ്ത്തീര്‍ന്നു ഞാന്‍' എന്നു പറയുന്നത് വ്യവസ്ഥയോടുള്ള ഐക്യപ്പെടലിനെ 'സ്വാതന്ത്യ്രമായി' അവള്‍ കാണുന്നു എന്നതിന്റെ പ്രതിഫലനമായി നാം വായിക്കേണ്ടിവരുന്നു. ഇതാവട്ടെ കവിതയില്‍ സാമൂഹികവ്യവസ്ഥ എന്ന ആപത്ചിഹ്നത്തില്‍നിന്ന് കുതറിമാറി 'പെണ്ണ്' എന്ന ജൈവസ്വത്വത്തിന്റെ സത്തയിലേക്ക് ചന്ദ്രികയെ ചുരുക്കാനുള്ള കവിയുടെ സ്വാതന്ത്യ്രം കൂടിയായി പരിണമിക്കുന്നു. 'അങ്കുശമില്ലാത്ത ചാപല്യ'മായും 'വിശ്വവിപത്തിന്റെ നാരായ വേരാ'യുമൊക്കെ കവിതന്നെ പലഘട്ടങ്ങളില്‍ അടയാളപ്പെടുത്തുന്ന വഞ്ചകരൂപിണിയായി നായിക മാറുകയാണ്. ഭാനുമതിയുടെയും മദനന്റെയും വാക്കുകളിലൂടെ ഈ പുതിയ ചന്ദ്രിക, രമണന്‍ തുടക്കത്തില്‍ സംശയിച്ച ചതിയുടെ പൂര്‍ണസ്വരൂപമായി വളരുന്നു.  കടുത്ത ഭാഷയിലാണ് ഇരുവരും ചന്ദ്രികയെ ഭര്‍ത്സിക്കുന്നത്. വ്യവസ്ഥയെ അല്ല, സ്വതന്ത്രയായ സ്ത്രീയെയാണ് പഴിക്കേണ്ടത് എന്ന സമവായത്തിലേക്ക് കവിത വളരെ വേഗം എത്തുകയാണ്. ഈ മാറ്റം വളരെ വ്യക്തമായി മദനന്റെ വിലാപത്തിലൂടെ രേഖപ്പെടുത്തുകയും ചെയ്യുന്നു:
'അല്ലെങ്കിലെന്തി നവയെപ്പഴിപ്പു ഞാ
നില്ലില്ല ദുഷ്ടേ, ഭയങ്കരിയാണു നീ!
ചന്ദ്രികയല്ല, വിഷമയധൂമിക
ചിന്തുന്നൊര ദ്ധൂമകേതുവാകുന്നു നീ,
നീയാണു, നിര്‍ദയേ, ഹാ! രക്തയക്ഷിയാം
നീയാണു, കൊന്നതിഗ്ഗന്ധര്‍വബാലനെ!
ആ മനസ്സിന്‍ ചെങ്കുരുതിയാല്‍, നിന്‍ നിന്ദ്യ
കാമചിത്രത്തിന്നു ചായം പുരട്ടി നീ!
കത്തുമൊരാത്മാവുകൊണ്ടു നിന്‍ മച്ചിലെ
കസ്തൂരികത്തിരി കഷ്ടം! കൊളുത്തി നീ!
പൊട്ടിത്തകര്‍ന്നോരിളം മനസ്സാല്‍ നിന്റെ
പട്ടുകിടക്കയില്‍പ്പൂവിട്ടു ദുഷ്ട നീ
കണ്ടാല്‍ നടുങ്ങും! ഭയാനകേ, നിന്മുഖം
കണ്ടാല്‍ നടുങ്ങുംജഗത്തിതെന്നെന്നുമേ!'

ദേവത/പിശാചിനി എന്ന പുരുഷലോകത്തിന്റെ സ്ത്രീ സങ്കല്‍പ്പത്തിന്റെ വിരുദ്ധദര്‍ശനമാണ് മദനന്റെ വിചാരങ്ങളിലൂടെ ചങ്ങമ്പുഴ അവതരിപ്പിക്കുന്നത്. ഇതേ മദനനാണ് കവിതയുടെ തുടക്കത്തില്‍ ചന്ദ്രികയെ ദേവതയാക്കിയിരുന്നത്:
'അവളെന്തു ദേവത, ദിവ്യയാമൊ
രവതാരചാരുത, രാഗപൂത!
അവളുടെ രാഗത്തിന്നര്‍ഹനാവാന്‍
കഴിവതുതന്നെന്തു ഭാഗധേയം!
നിരഘമായുള്ളൊരിപ്രേമദാനം
നിരസിച്ചിടുന്നതൊരുഗ്രപാപം!
അതിനെ നീയെന്നെന്നുമാദരിക്കൂ!
അതിനെ നീ സസ്പൃഹം സ്വീകരിക്കു!'

മുപ്പതുകളിലെ വായനയുടെ രണ്ടു പ്രധാന ചരിത്ര പ്രതിനിധാനങ്ങളെ ഈ കവിത ഒരുമിച്ചു കൊണ്ടുവരുന്നു; വര്‍ഗവും ലിംഗവും. വിലോഭനത്തിന്റെ വിഷയിയായ സ്ത്രീ തന്റെ കാമ്യവസ്തുവിനെ പരിത്യജിച്ചാല്‍ എന്തു സംഭവിക്കും എന്നത് പുരുഷലോകത്തിന്റെ ആശങ്കയാണ്. ഒരുവശത്ത് ചരിത്രപരമായി മേല്‍ക്കൈ നേടുന്ന വര്‍ഗരാഷ്ട്രീയത്തെ ഉദ്ദീപിപ്പിക്കുന്നതിലൂടെ ഈ കാവ്യം അന്ന് ഉയരാന്‍ തുടങ്ങുകമാത്രം ചെയ്തിരുന്ന പുരോഗമന സാഹിത്യത്തിന്റെ അജണ്ടകളെ മുന്‍കൂര്‍ പിടിച്ചെടുക്കുന്നു. സാമ്പത്തികമായ ശ്രേണീവ്യത്യാസങ്ങളെക്കുറിച്ച് സമൂഹത്തിലെ ഉയരുന്ന അസംതൃപ്തികളെ അത് ഊതിജ്വലിപ്പിക്കുന്നു. ഇടയന്‍ എന്ന നിസ്വന്‍ ജാതിരഹിതനും ആര്‍ക്കും താദാത്മ്യം കൊള്ളേണ്ട കാര്യമില്ലാത്ത ഒരു സാമ്പത്തിക വിഷയിയുമായി നില്‍ക്കുന്നു എന്നത് എല്ലാവര്‍ക്കും സൌകര്യപ്രദമായ ഒരു പ്രതിനിധാനമാകുന്നു. മറുവശത്ത് നായിക, തന്റെ സാമൂഹികമായ ആപേക്ഷിക സ്വാച്ഛന്ദ്യം 'പുരുഷന്‍' എന്ന ഒരു അതീതസ്വത്വത്തെ വഞ്ചിക്കാനായി ഉപയോഗിച്ചവളാകുന്നു. തൃഷ്ണയുടെ സമ്മോഹന ലോകങ്ങളിലേക്ക് ക്ഷണിച്ച ശേഷം അവള്‍ വാതിലുകള്‍ വലിച്ചടയ്ക്കുന്നു. ഈ രൂപകത്തിലൂടെ രമണന്‍ എന്ന കാവ്യം അതിന്റെ ഭാഷയുടെ അബോധത്തില്‍ മുപ്പതുകളിലെ കേരളീയ രാഷ്ട്രീയമനസ്സിലെ വിപ്ളവത്തെയും പ്രതിവിപ്ളവത്തെയും കുറിച്ചുള്ള ആശങ്കകളുടെകൂടി നാടകവേദിയാകുന്നു. 
 
വ്യവസ്ഥയോടുള്ള രോഷത്തില്‍നിന്ന് സ്ത്രീയോടുള്ള വിദ്വേഷത്തിലേക്ക് അവസാന ഭാഗത്ത് ശ്രദ്ധാകേന്ദ്രം മാറുന്നതാണ് കാവ്യത്തിന്റെ അന്തര്‍ഘടനയിലെ സാമൂഹിക ചലനത്തെക്കുറിച്ചുള്ള ആശങ്കയെ കണ്ടെടുക്കുന്ന കാവ്യമായി രമണനെ പരിണമിപ്പിക്കുന്നത്. പുരുഷമേധാവിത്ത ലോകത്തിന്റെ വേവലാതികളെയും മുതലാളിത്തത്തിന്റെ നൈതിക ദുര്‍വ്യവസ്ഥയോടുള്ള ഭീതികളെയും ഒരേസമയം കവിത അഭിസംബോധന ചെയ്യുന്നു. രാഷ്ട്രീയമായി ദാര്‍ശനികവല്‍ക്കരിക്കപ്പെട്ട കവിത അതേസമയം ജനപ്രിയമായിത്തീരുകയും ചെയ്യുന്നു.

രമണന്റെ ദുരന്തം ഒരു ജനതയുടെ ദുരന്തമായി വായിക്കപ്പെടാനുള്ള സാധ്യതയാണ് ചങ്ങമ്പുഴ തുറന്നിട്ടത്. ആ അര്‍ഥത്തില്‍ കേരളത്തിലെ ആദ്യത്തെ പുരോഗമന സാഹിത്യ കൃതികളിലൊന്നാണ് രമണന്‍. എന്നാല്‍ അതിലെ പുരോഗമനം പ്രത്യാശയുടേതായിരുന്നില്ല. ആസന്നമായ നവലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകളോട് അത് അടങ്ങാനും ചരിത്രത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും ആവശ്യപ്പെട്ടു. വിപ്ളവത്തിന്റെ ആവേഗത്തെ അത് അവിശ്വസിച്ചു. കമ്യൂണിസവുമായും പുരോഗമന  സാഹിത്യവുമായും ചങ്ങമ്പുഴയ്ക്കുണ്ടായിരുന്ന ബന്ധത്തിന്റെ സന്ദിഗ്ധത തന്റെ ഈ ആദ്യകാല കൃതിയില്‍ത്തന്നെ അദ്ദേഹം വരച്ചിടുകയായിരുന്നു. അതുവഴി കേരളീയ സമൂഹം അതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത വൈരുധ്യങ്ങളെ തുറന്ന പാഠങ്ങളാക്കി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

എണ്‍പത് വര്‍ഷങ്ങള്‍ക്കുശേഷം ഈ കൃതി കേവലമൊരു പ്രണയകാവ്യം മാത്രമായി വായിക്കപ്പെടുന്നുണ്ടെങ്കില്‍ അത് നമ്മുടെ വായനശീലങ്ങളിലെ യഥാസ്ഥിതികത്വംകൊണ്ടുകൂടിയാണ്. ആധുനിക കേരളത്തെ അടയാളപ്പെടുത്തിയ സാമൂഹ്യ ചലനങ്ങളോടുള്ള ആഭിമുഖ്യവും അവിശ്വാസവും ഈ കൃതിയില്‍ അന്തര്‍ലീനമായിട്ടുണ്ട്. സാമൂഹിക സ്ഥാപനങ്ങള്‍ മനുഷ്യജീവിത ഭാഗധേയങ്ങളെ നിര്‍ണയിക്കുന്നതില്‍ വഹിക്കുന്ന അധീശത്വപരമായ പങ്കിനെക്കുറിച്ചുള്ള സാംസ്കാരിക വിചാരണയായി ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ആത്മഹത്യയുടെ സന്ദര്‍ഭത്തെ മാറ്റാനാണ് ഈ കൃതി ശ്രമിക്കുന്നത്. മുപ്പതുകളിലെ സമത്വരാഷ്ട്രീയത്തിന്റെ ഒരു അടരിനെ അതിനായി ഈ കൃതി സാര്‍ഥകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അനിവാര്യമായ വിപ്ളവവിജയത്തെ മുന്നില്‍ കാണുന്ന ജനതയോട് തീവ്രമായ ദുരന്തബോധത്തെക്കൂടി ഉള്ളില്‍ വഹിക്കാന്‍ അത് ആവശ്യപ്പെട്ടു. അങ്ങനെ ആധുനിക കേരളത്തിന്റെ  ഒരു രാഷ്ട്രീയമുഹൂര്‍ത്തത്തെ ഈ കൃതി കൂടുതല്‍ അഗാധവും ചരിത്രബദ്ധവുമാക്കിത്തീര്‍ക്കുക കൂടിയായിരുന്നു എന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കാണാവുന്നതാണ്.

(ദേശാഭിമാനി വാരികയില്‍ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top