12 August Friday

മുഖ്യമന്ത്രിക്കെന്തിന്‌ സുരക്ഷ?

പ്രഭാവർമ്മUpdated: Tuesday Jun 14, 2022

മുഖ്യമന്ത്രിക്ക് എന്തിനാണ് വർധിച്ച തോതിലുള്ള സുരക്ഷ? ഈ ചോദ്യം ഉന്നയിക്കുന്നവരോട് തിരിച്ച് ഒരു ചോദ്യം ഉന്നയിക്കട്ടെ. ജനനേതാവായ  മുഖ്യമന്ത്രിക്കുമേൽ ഒരു മൺതരി വീണാൽ അതുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങൾ കേരളം താങ്ങുമോ? കത്തിയാളുന്ന നിലയാകും കേരളത്തിലുണ്ടാകുക. അതുണ്ടാകാതിരിക്കാനാണ് കേരളത്തെയും ഇവിടത്തെ പൊതുജീവിതത്തെയും രക്ഷിക്കാൻ മുഖ്യമന്ത്രിക്ക്‌ വർധിച്ച സുരക്ഷ ഏർപ്പാടാക്കുന്നത്.  തിങ്കളാഴ്ച വിമാനത്തിലുണ്ടായ സംഭവത്തോടെ പ്രശ്‌നം കേരളത്തിൽ ജനാധിപത്യം നിലനിൽക്കണോ വേണ്ടയോ എന്ന ഗൗരവതരമായ ചോദ്യത്തിലേക്ക് ഉയർന്നിരിക്കുന്നു. വിയോജിപ്പുണ്ടെങ്കിൽ വിമാനത്തിൽ വച്ചുവരെ ആക്രമിക്കുമെന്ന നിലയുണ്ടായാൽ കേരളത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർടിയുടെ ഏതെങ്കിലും നേതാവിന് യാത്ര സാധ്യമാകുമോ? സിപിഐ എം  നേതാവുകൂടിയായ മുഖ്യമന്ത്രിക്കു നേർക്കുണ്ടായ കൈയേറ്റശ്രമത്തിൽ അദ്ദേഹത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവർ പ്രകോപിതരാകുകയും സമാനമായ രീതിയിൽ പ്രതികരിക്കുകയും ചെയ്യാൻ തുടങ്ങിയാൽ കേരളത്തിൽ ബിജെപിയുടെയും യുഡിഎഫിന്റെയും ഏതെങ്കിലും ഒരു നേതാവിന് പുറത്തിറങ്ങാനാകുമോ? കൈവിട്ട കളികളിലേക്ക് കാര്യങ്ങൾ ചെന്നെത്താതിരിക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാത്രമല്ല, മാധ്യമങ്ങൾകൂടി ശ്രദ്ധിച്ചേ പറ്റൂ. ഗൂഢാലോചനകളിൽ പങ്കാളികളാകാതിരിക്കാനുള്ള ശ്രദ്ധയും മാധ്യമങ്ങളുടെ ഭാഗത്തുണ്ടാകണം.

ചില ആഴ്ചകൾക്കുമുമ്പ് തൃക്കാക്കര പൊതുതെരഞ്ഞെടുപ്പു നടക്കുമ്പോൾ മുഖ്യമന്ത്രിക്കെതിരെ വന്ന ഒരു വിമർശമുണ്ട്. ഒരു മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ ജനങ്ങൾക്കിടയിൽ നിത്യവും വ്യാപരിക്കുന്നത് എന്നതായിരുന്നു അത്. ഒരു സുരക്ഷാ കവചവുമില്ലാതെ, സാധാരണക്കാരിൽ സാധാരണക്കാരനായി അവർക്കിടയിൽ വ്യാപരിക്കുകയായിരുന്നു മുഖ്യമന്ത്രി എന്നല്ലേ ഇതിനർഥം?

ആ അവസ്ഥ എങ്ങനെയാണ്‌ പൊടുന്നനെ മാറിയത്! ബിജെപിയുടെയും കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും സംഘങ്ങൾ ആക്രമണോത്സുകമായി മുഖ്യമന്ത്രിയെ അദ്ദേഹം ചെല്ലുന്നിടങ്ങളിൽ വളയാൻ ആസൂത്രിതമായി നിശ്ചയിച്ചപ്പോൾ മാത്രമാണ്‌ സർക്കാർ സുരക്ഷ വർധിപ്പിച്ചത്. പത്തോ പതിനഞ്ചോ പേർ മാത്രമടങ്ങുന്ന അരാജകവാദികളുടെ അക്രമി സംഘങ്ങളാണ്‌ പാഞ്ഞടുക്കുന്നത്. അല്ലാതെ, ജനങ്ങളൊന്നുമല്ല. ആരോടും ഉത്തരവാദിത്വമില്ലാത്തതും ആരും തങ്ങളുടേതെന്നു പരസ്യമായി പറയാത്തതുമായ തെരുവു ഗുണ്ടകളുടെ സംഘങ്ങൾ. ഇവരെ തെരുവിൽ അഴിച്ചുവിടുന്ന രാഷ്ട്രീയ നേതൃത്വംപോലും ഇവരുടെ ഭാഗത്തുനിന്ന് ഒരു അവിവേകമുണ്ടായാൽ ഇവരെ ഉൾക്കൊള്ളുകയില്ല; തങ്ങളുടെയല്ലെന്നു തള്ളിപ്പറയുകയേയുള്ളൂ. എന്നാൽ, ഇവർ അനർഥമെന്തെങ്കിലും ഉണ്ടാക്കിയാലോ? പ്രത്യാഘാതങ്ങൾ താങ്ങാനാകാത്തതാകുകയും ചെയ്യും.

ഈ അക്രമിസംഘങ്ങളെ, മുഖ്യമന്ത്രിയെ സ്നേഹിക്കുന്ന ജനസമൂഹം തെരുവിലിറങ്ങി നേരിടുന്നുവെന്നു വയ്‌ക്കുക. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ അവർ ഇറങ്ങുന്നുവെന്നു വയ്‌ക്കുക. താങ്ങുമോ അവർ ആ ജനകീയ നേരിടൽ? അക്രമികളിൽ ആരിലെങ്കിലുംനിന്ന് ഒരു കല്ലെങ്ങാൻ മുഖ്യമന്ത്രിയുടെ മേൽ ചെന്നുവീഴുന്നുവെന്നു വയ്ക്കുക. തുടർന്ന്, കേരളത്തിൽ എന്താകും സംഭവിക്കുക? അങ്ങനെ അക്രമികൾക്ക്‌ ബലികുടീരങ്ങളുണ്ടാകാതെ നോക്കാനാണ് മുഖ്യമന്ത്രിക്ക്‌ സുരക്ഷ നൽകുന്നത്. കേരളം കലാപക്കളമാകാതിരിക്കാനാണ് മുഖ്യമന്ത്രിക്ക്‌ സുരക്ഷ നൽകുന്നത്. മുഖ്യമന്ത്രിക്ക് എന്തിനാണ്‌ സുരക്ഷ ശക്തിപ്പെടുത്തുന്നത് എന്നു ചോദിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ ഇതറിയണം. ഇതു മാത്രമറിഞ്ഞാൽ പോരാ. തങ്ങൾ ചിലതു മറച്ചുവയ്ക്കുന്നുണ്ട് എന്നതും അറിയണം. അങ്ങനെ അറിയേണ്ട ഒരു കാര്യമാണ് ഒരു ബിജെപി നേതാവിന്റേതായി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ വന്ന ഒരു പോസ്റ്റ്. കരിങ്കൊടി കൊണ്ടല്ല, കരിങ്കല്ലുകൊണ്ടാണ്‌ മുഖ്യമന്ത്രിയെ നേരിടേണ്ടത് എന്നാണതിൽ പറഞ്ഞിട്ടുള്ളത്.

വിവരദോഷിയായ ഏതെങ്കിലും ഒരു അനുയായി ഈ ആഹ്വാനം ചെവിക്കൊണ്ട് ചാടിയിറങ്ങിയാൽ എന്താകും കേരളത്തിലെ സ്ഥിതി? അങ്ങനെ ആലോചിക്കുമ്പോൾ, മുഖ്യമന്ത്രിക്കു നൽകുന്ന വർധിച്ച സുരക്ഷ ഈ കേരളത്തിനും കേരളീയ സമാധാനജീവിതത്തിനും നൽകുന്ന വർധിച്ച സുരക്ഷയാണ് എന്നതു കാണാനാകും. നേരിടേണ്ടത്‌ കരിങ്കൽ കൊണ്ടാണെന്ന പ്രകോപനപരമായ പ്രസ്താവന കാണാതിരിക്കുകയും മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനെമാത്രം കാണുകയും ചെയ്യുന്നുവെങ്കിൽ അത് മനസ്സ് അക്രമികളുടെ പക്ഷത്തായതുകൊണ്ടാണ്. നിയമവാഴ്ച വെല്ലുവിളിക്കപ്പെടുമ്പോൾ നിയമവാഴ്ചയെ സംരക്ഷിക്കാനുള്ള സുരക്ഷയാണ് സർക്കാർ ഏർപ്പാടാക്കുന്നത്. ഇത് ഏതു പൗരനും അവകാശപ്പെട്ടതാണ്; ഭീഷണിയുടെ ഏറ്റക്കുറവനുസരിച്ച് അതു വിവിധ ഘട്ടങ്ങളിൽ  വ്യത്യസ്തമായിരിക്കും. മുഖ്യമന്ത്രിയെ നേരിടേണ്ടത്‌ കരിങ്കൽ കൊണ്ടാണെന്നു പറയുന്നവരുള്ളപ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷ സാധാരണ ജനങ്ങളുടെ സുരക്ഷയേക്കാൾ വർധിച്ചതോതിലാകും. അതു സ്വാഭാവികം!

മുഖ്യമന്ത്രിക്കെന്തിന്‌ സുരക്ഷയെന്നു ചോദിക്കുന്നവർ മുഖ്യമന്ത്രി ആക്രമിക്കപ്പെടട്ടെ, മുഖ്യമന്ത്രിയെ സ്നേഹിക്കുന്നവർ അതിനെ തെരുവിൽ നേരിടട്ടെ, അങ്ങനെ തെരുവുകൾ കലാപക്കളങ്ങളാകട്ടെ, എന്നു കരുതുന്നവരാണ്. കലാപത്തീ പടർന്നാൽ, അതിന്റെ പേരിൽ കേന്ദ്രത്തെ ഇടപെടുവിക്കാമെന്നും അങ്ങനെ ഇവിടത്തെ ജനാധിപത്യത്തെ അട്ടിമറിക്കാമെന്നും കരുതുന്നവരാണ്.
ഇന്നത്തെ സാഹചര്യത്തിൽ, സുരക്ഷ വർധിപ്പിക്കരുതെന്നു പറയുന്നവർ സത്യത്തിൽ വ്യക്തമാക്കുന്നത്, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പൊതുപരിപാടികളെല്ലാം റദ്ദാക്കി വീട്ടിലിരുന്നുകൊള്ളണമെന്നാണ്. അതാണോ ജനാധിപത്യം? മുഖ്യമന്ത്രിയുടെ സഞ്ചാരസ്വാതന്ത്ര്യവും പൊതുപ്രവർത്തന സ്വാതന്ത്ര്യവും നിഷേധിക്കണമെന്നാണ്. അതാണോ ഭരണഘടനാതത്വം? ഇതു പറയുമ്പോൾ ഒരു എതിർ ചോദ്യം വരാം. ഇടതുപക്ഷവും പ്രതിഷേധങ്ങൾ നടത്തിയിട്ടില്ലേ എന്നതാണത്. ഉണ്ട്; എന്നാൽ, കരിങ്കൊടി കൊണ്ടല്ലാതെ കരിങ്കൽകൊണ്ട്‌ പ്രതിഷേധിക്കാൻ ഇടതുപക്ഷം നിന്നിട്ടില്ല.

കറുപ്പിനെ ആരും നിരോധിച്ചിട്ടില്ല. അതു സർക്കാർതന്നെ വ്യക്തമാക്കിയിട്ടുണ്ടുതാനും. എന്നാൽ, കറുത്ത മാസ്കണിഞ്ഞ്‌ ഹാളിലെത്താനും മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ അതഴിച്ചു കൊടിയാക്കി വീശിക്കാട്ടാനും പദ്ധതിയുണ്ടായിരുന്നു എന്നത് ആർക്കും അറിയാത്തതല്ല. മാസ്കിനെ കരിങ്കൊടിയാക്കാൻ പറ്റാത്തതിലുള്ള വിഷമമാണ് ‘കറുപ്പിന്‌ നിരോധനം’ എന്ന പ്രചാരണത്തിനു പിന്നിലുള്ളത്.

കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തി പൂർത്തിയാക്കിയതും അന്വേഷണ ഘട്ടത്തിൽ ഉന്നയിക്കപ്പെട്ട് അന്വേഷണ ഏജൻസിയാൽതന്നെ നിരാകരിക്കപ്പെട്ടതുമായ കഥ പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിലെന്ന മട്ടിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. നാൽപ്പത്തെട്ടു മണിക്കൂറിനുള്ളിൽത്തന്നെ ആ കഥ പൊളിഞ്ഞുവീഴുകയും അതിനു പിന്നിലെ ഗൂഢാലോചന വെളിവാകുകയും ചെയ്തു. ഇതിനൊക്കെ ശേഷവും  ‘ഇല്ലാക്കഥ’യ്‌ക്കുമേൽ തെരുവിൽ കലാപത്തിനിറങ്ങുന്നവരെ ന്യായീകരിക്കാൻ മുഖ്യമന്ത്രിയുടെ സുരക്ഷയെക്കുറിച്ച്‌ വിവാദമുണ്ടാക്കുന്നതിനെക്കുറിച്ച് എന്തു പറയാനാണ്?

ഏഴാം തീയതി സ്വർണക്കടത്തു കേസിലെ പ്രതി വാർത്താസമ്മേളനം നടത്തി, അരമണിക്കൂർ എത്തും മുമ്പുതന്നെ കൊടിയും ബാനറുമായി കുറേപ്പേർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനത്തിനിറങ്ങി എന്നതിൽ നിന്നുതന്നെ ആസൂത്രിതമായിരുന്നു ഇതെന്നു വ്യക്തമാകുന്നുണ്ട്. തയ്യാറാക്കിവച്ച മുദ്രാവാക്യങ്ങളുമായി മുഖ്യമന്ത്രിക്കെതിരെ ഇത്ര പൊടുന്നനെ സെക്രട്ടറിയറ്റിനു മുമ്പിലടക്കം പ്രകടനം നടത്താൻ കഴിഞ്ഞത്, മുൻകൂട്ടി വിവരമുണ്ടായതു കൊണ്ടല്ലേ? മുൻകൂട്ടി വിവരം കിട്ടിയത് ബിജെപിക്കും കോൺഗ്രസിനും ലീഗിനും ഇക്കൂട്ടരുമായി നേരത്തേ തന്നെ ബന്ധമുണ്ടായിരുന്നുവെന്നതുകൊണ്ടല്ലേ?

സ്വർണക്കടത്തു കേസിലെ പ്രതിയും മുസ്ലിങ്ങൾ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ പൊയ്ക്കൊള്ളണമെന്ന് ആക്രോശിക്കുന്ന ഒരു വർഗീയ വക്കീലും പൊതുസമൂഹത്തിൽ ഒരു വിശ്വാസ്യതയുമില്ലാത്ത ചില രാഷ്ട്രീയ നേതാക്കളും പറയുന്നത്‌ വേദവാക്യമായി കരുതി ഇനിയും കരിങ്കൽ ചീളുമായി തെരുവിൽ നിൽക്കണോയെന്നത് വിവേകമുള്ള മാധ്യമങ്ങൾ ചോദിക്കണം. അതു ചോദിക്കേണ്ടിടത്ത് മാധ്യമങ്ങൾ മുഖ്യമന്ത്രിക്ക് എന്തിന്‌ സുരക്ഷ എന്നാണ് ചോദിക്കുന്നത്. ഇത് ആരുടെ പക്ഷംചേരലാണെന്നതു വ്യക്തം. തെരുവിലുള്ളത് ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടവരുടെ ചെറു സംഘങ്ങളാണ്. മറുഭാഗത്ത് വലിയ ഒരു ജനതയുണ്ട്. അവരുടെ പക്വതയ്‌ക്കും സംയമനത്തിനും മേലെയുള്ള അക്രമിസംഘങ്ങളുടെ അഴിഞ്ഞാട്ടം അവർ എത്രനാൾ സഹിക്കും? സഹികെട്ട അവർ തെരുവിലിറങ്ങുമ്പോൾ കലാപമുണ്ടാക്കി നിയമവാഴ്ച തകർന്നെന്ന മുദ്രാവാക്യമുയർത്തി രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാമെന്നാണ് ഗൂഢാലോചകരും അവയുടെ ഏറ്റെടുപ്പുകാരും കരുതുന്നത്. അതു വിജയിക്കില്ല.

മുഖ്യമന്ത്രിക്കെന്തിനാണു വർധിച്ച സുരക്ഷ എന്ന ചോദ്യത്തിനുള്ള കൃത്യമായ മറുപടിയുണ്ട് വിമാനത്തിലെ ഇന്നത്തെ സംഭവത്തിൽ. വിമാനത്തിൽ ഇ പി ജയരാജൻ ഇല്ലായിരുന്നെങ്കിൽ... എന്നു ചിന്തിച്ചു കാണും ആ അക്രമികൾ. അതേ ചിന്തയാണ് മുഖ്യമന്ത്രിക്കെന്തിനു വർദ്ധിച്ച സുരക്ഷ എന്ന ചോദ്യത്തിനു പിന്നിലുള്ളതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top