07 February Tuesday

ലോകത്തിന്‌ 
ചൈനയുടെ സന്ദേശം

വി ബി പരമേശ്വരൻUpdated: Saturday Oct 29, 2022

കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ചൈന (സിപിസി)യുടെ ഇരുപതാം പാർടി കോൺഗ്രസ്‌ ഒക്ടോബർ 16 മുതൽ 22 വരെ ബീജിങ്ങിൽ നടന്നു. 9.6 കോടി അംഗങ്ങളുള്ള സിപിസിയുടെ പാർടി കോൺഗ്രസ്‌ 205 കേന്ദ്രകമ്മിറ്റി അംഗങ്ങളെയും 168 ഓൾട്ടർനേറ്റ്‌ അംഗങ്ങളെയും (ഇവർക്ക്‌ വോട്ടവകാശമില്ല) തെരഞ്ഞെടുത്തുകൊണ്ടാണ്‌ സമാപിച്ചത്‌. 25 അംഗ പൊളിറ്റ്‌ ബ്യൂറോയെയും ഏഴംഗ പിബി സ്‌റ്റാൻഡിങ് കമ്മിറ്റിയെയും തെരഞ്ഞെടുത്ത സമ്മേളനം ഷി ജിൻപിങ്ങിനെ മൂന്നാംതവണയും ജനറൽ സെക്രട്ടറിയായും സെൻട്രൽ മിലിട്ടറി കമീഷൻ ചെയർമാനായും തെരഞ്ഞെടുത്തു. മൗസെ ദൊങ്ങിനുശേഷം മൂന്നാമതും പാർടി ജനറൽ സെക്രട്ടറിയാകുന്ന വ്യക്തിയാണ്‌ ഷി. നിലവിൽ അദ്ദേഹം രാജ്യത്തിന്റെ പ്രസിഡന്റുമാണ്‌. അടുത്തവർഷം മാർച്ചിലാണ്‌ പുതിയ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കുക. പാശ്‌ചാത്യ കോർപറേറ്റ്‌ മാധ്യമങ്ങളിലൂടെ കണ്ണോടിച്ചാൽ, ഒരാഴ്ച നീണ്ട സമ്മേളനത്തിന്റെ പ്രധാന അജൻഡ ഷി വീണ്ടും പാർടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതാണെന്ന്‌ തോന്നും. സമ്മേളനത്തിലെ ഒരു വിഷയം മാത്രമാണ്‌ നേതൃതെരഞ്ഞെടുപ്പ്‌.

ലോകത്ത്‌ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന, വിലയിരുത്തപ്പെടുന്ന പാർടി സമ്മേളനമാണ്‌ സിപിസിയുടേത്‌.  2500 മാധ്യമപ്രവർത്തകരാണ്‌ 20–-ാം പാർടി കോൺഗ്രസ്‌ റിപ്പോർട്ട്‌ ചെയ്യാനായി ബീജിങ്ങിലെത്തിയത്‌.  സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ ഷി തന്നെ പറഞ്ഞതുപോലെ ‘ലോകത്തിന്‌ ചൈനയെ വേണം. ലോകത്തിന്റെ സഹായമില്ലാതെ ചൈനയ്‌ക്ക്‌ വളരാനും കഴിയില്ല.’ തുറന്ന സമ്പദ്‌വ്യവസ്ഥയുടെ ഈ കാലത്ത്‌ രാജ്യവും ലോകവും തമ്മിൽ അത്രമേൽ ഇഴചേർന്ന ബന്ധമാണ്‌ ഉള്ളതെന്നാണ്‌ ഷി പറഞ്ഞുവച്ചത്‌. ലോകത്തിലെ ഏറ്റവും വലിയ വ്യാപാരി ചൈനയാണ്‌. അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയും ചൈനയാണ്‌. 1949ൽ വിപ്ലവത്തിലൂടെ സിപിസി ചൈനയുടെ ഭരണം ഏറ്റെടുക്കുമ്പോൾ ലോകത്തിലെ 11–-ാമത്തെ ദരിദ്രരാഷ്ട്രമായിരുന്നു ചൈന. 1952ൽ ചൈനയുടെ മൊത്തം ജിഡിപി 30 ബില്യൺ ഡോളറായിരുന്നുവെങ്കിൽ ഇപ്പോൾ അത്‌ 19.91 ട്രില്യൺ ഡോളറായി ഉയർന്നിരിക്കുന്നു. ലോക ജിഡിപിയുടെ 18.5 ശതമാനം വരുമിത്‌. 70 വർഷംകൊണ്ട്‌ 600 ഇരട്ടി വളർച്ച. ലോകജനതയ്‌ക്ക്‌ ആവശ്യമായ 30 ശതമാനം ഉൽപ്പന്നങ്ങളും നിർമിക്കുന്നത്‌ ചൈനയാണ്‌.1978ൽ ദെങ് സിയാവോ പിങ്ങിന്റെ കാലത്ത്‌ ആരംഭിച്ച ‘സോഷ്യലിസ്റ്റ്‌ കമ്പോള സമ്പദ്‌വ്യവസ്ഥ’ സാമ്പത്തികരംഗത്ത്‌ മുന്നേറ്റം ഉണ്ടാക്കുന്നതിന്‌ ഏറെ സഹായിച്ചു. എന്നാൽ, ഇതുകൊണ്ട്‌ ദോഷങ്ങളും സംഭവിച്ചിട്ടുണ്ടെന്ന്‌ ഷി തുറന്നുപറഞ്ഞു. ‘പണത്തോടുള്ള ആരാധന, സുഖലോലുപത, വ്യക്തി കേന്ദ്രീകരണം, ചരിത്ര നിഷേധം’എന്നിവയെല്ലാം പ്രധാന പ്രശ്‌നമായി വരുന്നുവെന്ന്‌ ഷി പറഞ്ഞു. അഴിമതിയും ഇതിന്റെ ഭാഗംതന്നെ.

വ്യാഘ്രങ്ങൾക്കെതിരെയും ഈച്ചകൾക്കെതിരെയു’മുള്ള പോരാട്ടം ഒരേസമയം ശക്തമാക്കുമെന്ന ഷി യുടെ വാഗ്‌ദാനം അദ്ദേഹം അക്ഷരാർഥത്തിൽ പാലിച്ചു.

ഷി പാർടി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ 18–-ാം പാർടി കോൺഗ്രസിലാണ്‌ ‘അഴിമതി തടയാനാകാത്തപക്ഷം പാർടിതന്നെ ക്ഷീണിക്കുകയും തകരുകയും ചെയ്യുമെന്ന’ മുന്നറിയിപ്പ്‌ ഹു ജിന്താവോ നൽകിയത്‌. ഈ മുന്നറിയിപ്പ്‌ ആ പാർടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷി ഏറ്റെടുത്തുവെന്ന്‌ പിന്നീടുള്ള നടപടികൾ തെളിയിച്ചു.‘വ്യാഘ്രങ്ങൾക്കെതിരെയും ഈച്ചകൾക്കെതിരെയു’മുള്ള പോരാട്ടം ഒരേസമയം ശക്തമാക്കുമെന്ന ഷി യുടെ വാഗ്‌ദാനം അദ്ദേഹം അക്ഷരാർഥത്തിൽ പാലിച്ചു. 2012 നവംബറിനും 2022 ഏപ്രിലിനും ഇടയിൽ 47 ലക്ഷംപേർക്കെതിരെയാണ്‌ അഴിമതി വിഷയത്തിൽ അന്വേഷണം നടത്തിയത്‌. പാർടിയിലെയും സൈന്യത്തിലെയും ചില സമുന്നത നേതാക്കളും നടപടിക്ക്‌ വിധേയരായി.

സാമ്പത്തിക അസമത്വം പരിഹരിക്കാനുള്ള നടപടികൾക്കും സിപിസി രൂപം നൽകി. ഇതിന്റെ ഭാഗമായാണ്‌ അതിദാരിദ്ര്യം നിർമാർജനം ചെയ്യാൻ കൈക്കൊണ്ട നടപടികൾ. എട്ട്‌ ലക്ഷം കേഡർമാരെ 1.28 ലക്ഷം ഗ്രാമത്തിൽ വിന്യസിച്ച്‌ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ്‌ സർക്കാർ ദാരിദ്ര്യനിർമാർജന നടപടികൾ കൈക്കൊണ്ടത്‌. ഇതിന്റെ ഫലമായി കമ്യൂണിസ്റ്റ്‌ പാർടിയുടെ നൂറാംവാർഷികം കഴിഞ്ഞ വർഷം ആഘോഷിച്ച വേളയിൽ അതിദാരിദ്ര്യം നിർമാർജനം ചെയ്‌തതായുള്ള പ്രഖ്യാപനം ചൈന നടത്തി. 1978നേക്കാൾ ആളോഹരി വരുമാനത്തിൽ 25 ശതമാനത്തിന്റെ വർധനയാണ്‌ ചൈന കൈവരിച്ചത്‌. ‘പൊതുസമൃദ്ധി’ എന്ന ആശയത്തിന്റെ അന്തസ്സത്തയും അസമത്വം ഇല്ലാതാക്കുകയെന്നതാണ്‌. സ്വകാര്യമേഖല അനുവദിക്കുന്നുണ്ടെങ്കിലും പാർടിയും സർക്കാരും നിശ്‌ചയിക്കുന്ന മേഖലകളിലാണത്‌. ഷി ജിൻപിങ് തന്നെ സൂചിപ്പിച്ചതുപോലെ സ്വാശ്രയത്വമാണ്‌ ഇവിടെയും ചൈന ലക്ഷ്യമാക്കുന്നത്‌. പൊതുമേഖലയ്‌ക്കുള്ള പിന്തുണ തുടരുമെന്നും ഷി വ്യക്തമാക്കി.

 

പാർടി കോൺഗ്രസ്‌ മുന്നോട്ടുവച്ച മറ്റൊരു പ്രധാന വിഷയം ഹൈടെക് മേഖലയിൽ സ്വാശ്രയത്വം നേടുക എന്നതാണ്‌. സെമികണ്ടക്ടർ രംഗത്ത്‌ ചൈനയ്‌ക്ക്‌ മേൽക്കൈ ലഭിക്കാതിരിക്കാൻ അവർക്ക്‌ ആ സാങ്കേതികവിദ്യ നിഷേധിക്കണമെന്ന്‌ അമേരിക്കയുടെ ഏറ്റവും പുതിയ ദേശീയ സുരക്ഷാനയം ആഹ്വാനം ചെയ്യുമ്പോൾത്തന്നെയാണ്‌ ഈ രംഗത്ത്‌ മറ്റ്‌ രാജ്യങ്ങളെ ആശ്രയിക്കാതെ മുന്നോട്ടുപോകാനുള്ള ശേഷി ചൈന നേടണമെന്ന്‌ ഷി പറഞ്ഞത്‌. ലോകത്ത്‌ അമേരിക്ക കഴിഞ്ഞാൽ റിസർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റിനായി (ആർ ആൻഡ്‌ ഡി) ഏറ്റവും കൂടുതൽ പണം ചെലവാക്കുന്ന രാജ്യമാണ്‌ ചൈന. നിർമിതബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, എയ്‌റോസ്‌പെയ്‌സ്‌, ബയോ സയൻസ്‌ തുടങ്ങിയ മേഖലകളിലാണ്‌ ചൈന വൻ നിക്ഷേപം നടത്തുന്നത്‌. ശാസ്‌ത്ര സാങ്കേതികരംഗത്ത്‌ അടുത്തകാലത്തായി വലിയ മുന്നേറ്റങ്ങളാണ്‌ ചൈന കൈവരിച്ചിട്ടുള്ളത്‌. ഗ്ലോബൽ ഇന്നൊവേഷൻ സൂചികയിൽ 10 വർഷംമുമ്പ്‌ 34–-ാം സ്ഥാനത്തായിരുന്നു ചൈനയെങ്കിൽ ഇപ്പോഴത്‌ 11–-ാം സ്ഥാനത്തേക്ക്‌ ഉയർന്നിരിക്കുന്നു. (ഇന്ത്യ 40–-ാം സ്ഥാനത്താണ്‌) ചൈനയിലെ സാങ്കേതിക സ്ഥാപനങ്ങൾ ഇന്ന്‌ ലോകത്തിലെ മറ്റേത്‌ രാജ്യത്തോടും കിടപിടിക്കുന്നതാണ്‌. പ്രത്യേകിച്ചും വാർത്താവിനിമയ ഉപകരണങ്ങൾ. എന്നാൽ, ഈ രംഗത്തും ഏറെ മുന്നേറാനുണ്ടെന്ന്‌ പാർടി കോൺഗ്രസ്‌ വിലയിരുത്തി. വികസിത രാജ്യങ്ങൾ അവരുടെ ആർ ആൻഡ്‌ ഡി ബജറ്റിന്റെ 25 ശതമാനംവരെ അടിസ്ഥാന ഗവേഷണത്തിന്‌ നീക്കിവയ്‌ക്കുമ്പോൾ ചൈനയിൽ ഇപ്പോഴും അത്‌ ആറ്‌ ശതമാനം മാത്രമാണ്‌. ഇതിൽ മാറ്റം വരുത്തുമെന്ന സൂചനയാണ്‌ പാർടി കോൺഗ്രസ്‌ നൽകുന്നത്‌. 

പ്രത്യയശാസ്‌ത്ര പഠനത്തിന്റെ അനിവാര്യതയും പാർടി കോൺഗ്രസ്‌ എടുത്തുപറഞ്ഞു. ഷി പാർടി ജനറൽ സെക്രട്ടറിയായതുമുതൽ മാർക്‌സിസം–- ലെനിനിസം കേഡർമാരെ പഠിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായി കാണാം. ‘മാർക്‌സിസ്റ്റ്‌ രാജ്യതന്ത്രജ്ഞൻ’ എന്നാണ്‌ ഷി അറിയപ്പെടുന്നതുതന്നെ.  സോവിയറ്റ്‌ യൂണിയന്റെ പതനത്തിൽനിന്നുള്ള പാഠം ഉൾക്കൊണ്ടതിന്റെ ഭാഗംകൂടിയാണിത്‌.  പാർടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഗുവാങ്ഡോങ്ങിൽ നടത്തിയ പ്രസംഗത്തിൽ ‘അരാഷ്ട്രീയവൽക്കരണം നാശത്തിലേക്ക്‌ നയിക്കുമെന്ന്‌’ ഷി മുന്നറിയിപ്പ്‌ നൽകുകയുണ്ടായി. ഈ ബോധ്യത്തിൽനിന്നാണ്‌ നാഷണൽ ഐഡിയോളജി സെന്ററിന്‌ ഷി രൂപം നൽകിയത്‌. സോഷ്യലിസത്തിലുള്ള അചഞ്ചലമായ വിശ്വാസം ആവർത്തിച്ച പാർടി കോൺഗ്രസ്‌ സിപിസിയുടെ രണ്ടാം ശതാബ്‌ദി വർഷത്തിൽ ചൈനയെ ആധുനിക സോഷ്യലിസ്റ്റ്‌ രാജ്യമായി മാറ്റുമെന്ന്‌ പ്രഖ്യാപിച്ചു. ‘ചൈനീസ്‌ സവിശേഷതകളോടെയുള്ള സോഷ്യലിസത്തെക്കുറിച്ചുള്ള ഷി ജിൻപിങ് ചിന്ത’ അടിവരയിടുന്നത്‌ മാർക്‌സിസം– -ലെനിനിസം ചൈനയിൽ എങ്ങനെ പ്രയോഗിക്കണമെന്നതാണ്‌. ഉയിർത്തെഴുന്നേൽക്കുന്ന ചൈനയാണ്‌ പാർടി കോൺഗ്രസ്‌ വിഭാവനംചെയ്‌തത്‌. തയ്‌വാനെ സമാധാനപരമായ മാർഗങ്ങളിലൂടെ ചൈനയുടെ ഭാഗമാക്കുമെന്ന നയം ആവർത്തിച്ച ഷി ‘എന്തുവിലകൊടുത്തും ചൈനയുടെ അന്തസ്സും താൽപ്പര്യങ്ങളും സംരക്ഷിക്കുമെന്ന്‌’ പ്രഖ്യാപിച്ചു. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാകില്ലെന്ന ശക്തമായ സന്ദേശമാണ്‌ ചൈന നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top