28 March Thursday

പെൺമക്കൾക്ക്‌ ആരാണ്‌ കാവൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

രാജ്യത്തെ നടുക്കിയ ഒഡിഷ റെയിൽവേ ദുരന്തത്തിന്‌  മണിക്കൂറുകൾക്കുമുമ്പ്‌ ഇന്ത്യക്കാർ ലജ്ജിച്ച്‌ തലതാഴ്‌ത്തേണ്ട ഒരു വെളിപ്പെടുത്തലുണ്ടായി. ഈ സംഭവം അതിന്റേതായ പ്രാധാന്യത്തോടെ ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ പൊതുവേ ഉത്സാഹിച്ചില്ല. വെളിപ്പെടുത്തൽ മൂടിവയ്‌ക്കാനാണ്‌ പലരും തയ്യാറായത്‌. ചുരുക്കം മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്‌തെങ്കിലും രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെയിൽവേ ദുരന്തങ്ങളിലൊന്നിന്റെ  ആഘാതത്തിൽ മേൽസൂചിപ്പിച്ച സംഭവം മുങ്ങിപ്പോയി.

രാജ്യത്തിന്റെ അഭിമാനമായ വനിതാ ഗുസ്‌തി താരങ്ങൾ  ബിജെപി എംപിയും അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണിൽനിന്ന്‌ നേരിട്ടതായി ആരോപിക്കപ്പെടുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുവർഷംമുമ്പേ അറിഞ്ഞിരുന്നെന്ന വെളിപ്പെടുത്തലാണ്‌ ‘ഗോദി മീഡിയ’ മറച്ചുവയ്‌ക്കാൻ ശ്രമിച്ചത്‌. ഡൽഹി  കൊണാട്ട്‌പ്ലേസ്‌ പൊലീസ്‌ കഴിഞ്ഞ ഏപ്രിൽ 28ന്‌ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിലാണ്‌ ഞെട്ടിക്കുന്ന വിവരമുള്ളത്‌. ഇരയാക്കപ്പെട്ട പെൺകുട്ടികളിൽ ഒരാൾ തന്നെയാണ്‌ താനും സഹതാരങ്ങളും നേരിട്ട ലൈംഗികാതിക്രമം പ്രധാനമന്ത്രിയോട്‌  വിശദീകരിച്ചത്‌. 

2021ലെ ഒളിമ്പിക്‌സിനുശേഷം  പ്രധാനമന്ത്രിയെ സന്ദർശിക്കാനായി തയ്യാറാക്കിയ കായികതാരങ്ങളുടെ പട്ടികയിൽനിന്ന്‌ ഈ പെൺകുട്ടിയുടെ പേര്‌  ഗുസ്‌തി ഫെഡറേഷൻ അധികൃതർ ഒഴിവാക്കി. എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസ്‌ (പിഎംഒ) ഇടപെട്ട്‌  ഇവരെയും ക്ഷണിച്ചു. പ്രധാനമന്ത്രി സാന്നിധ്യം ആഗ്രഹിക്കുന്നുവെന്നാണ്‌ പിഎംഒ ചുമതലക്കാർ അറിയിച്ചതെന്നും എഫ്‌ഐആറിൽ പറയുന്നു.  ഈ കൂടിക്കാഴ്‌ചയ്‌ക്കിടയിലാണ്‌   ബ്രിജ്‌ ഭൂഷണിന്റെ  പീഡനങ്ങളും തങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷവും താരം  പ്രധാനമന്ത്രിയോട്‌  വെളിപ്പെടുത്തിയത്‌. കായിക മന്ത്രാലയം വിഷയത്തിൽ ഇടപെടുമെന്നും വൈകാതെ മന്ത്രാലയത്തിൽനിന്ന്‌ ഫോൺ കോൾ വരുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഈ കൂടിക്കാഴ്‌ചയ്‌ക്കുശേഷം താരങ്ങളിൽ ആത്മവിശ്വാസം വളർന്നെന്നും ആത്മഹത്യാ ചിന്തകൾ അവരെ വിട്ടുപോയെന്നും എഫ്ഐആറിൽ പറയുന്നു.

ഇക്കാര്യം മണത്തറിഞ്ഞ ബ്രിജ്‌ ഭൂഷൺ കുറച്ചുദിവസം അനങ്ങിയില്ല.  കുറെക്കഴിഞ്ഞപ്പോൾ  തനിച്ചുവന്ന്‌ കാണാൻ താരത്തോട്‌ വീണ്ടും ബ്രിജ്‌ ഭൂഷൺ ആവശ്യപ്പെട്ടു. ഭർത്താവിനൊപ്പം പോയപ്പോൾ കാണാൻ തയ്യാറായില്ല.  ബ്രിജ്‌ ഭൂഷണിന്റെ സെക്രട്ടറി വിനോദ്‌ തോമർ വീട്ടിൽ വിളിച്ചുവരുത്തി അധിക്ഷേപിച്ചു. ഫെഡറേഷനുനേരെ ശബ്ദമുയർത്തിയെന്ന പേരിൽ താരത്തിന്റെ  കരിയർ അവസാനിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറിലുണ്ട്‌. ഈ എഫ്‌ഐആറിന്റെ വിശദാംശങ്ങൾ ആദ്യം പ്രസിദ്ധീകരിച്ച ദേശീയ ദിനപത്രം മറ്റെല്ലാ വിവരവും നൽകിയെങ്കിലും രണ്ടുവർഷംമുമ്പ്‌ പ്രധാനമന്ത്രി പീഡനവിവരങ്ങൾ അറിഞ്ഞിരുന്നെന്ന വെളിപ്പെടുത്തൽ മറച്ചുവച്ചു. ചില മലയാള പത്രങ്ങളാകട്ടെ തികച്ചും നിസ്സംഗമായ രീതിയിൽ ഇക്കാര്യം വാർത്തയിൽ പരാമർശിച്ചുപോയി. വനിതാതാരങ്ങൾ ലൈംഗിക പീഡനത്തിന്‌ ഇരയായെന്ന പരാതി കേട്ട പ്രധാനമന്ത്രി  നിയമപരമായ വഴിയിൽ എന്തു നടപടി സ്വീകരിച്ചെന്ന ചോദ്യം ആരും ഉന്നയിച്ചില്ല.

‘ബേട്ടി ബച്ചാവോ, ബേട്ടി  പഠാവോ’ എന്നത്‌ നരേന്ദ്ര മോദിയുടെ ഒന്നാം സർക്കാരിന്റെ കാലത്ത്‌ പ്രചരിപ്പിച്ച മുദ്രാവാക്യമാണ്‌. അതേസമയം,  ആഘോഷപൂർവം നടത്തിയ പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനത്തിന്റെ ആരവങ്ങൾക്കിടയിലും ഗുസ്‌തി താരങ്ങളെ റോഡിൽ ഡൽഹി പൊലീസ്‌ വലിച്ചിഴച്ചതിന്റെ ദൃശ്യങ്ങൾ മാഞ്ഞുപോകുന്നില്ല. ജന്തർമന്തറിൽ സമരം നടത്താനുള്ള അവകാശംപോലും രാജ്യത്തിന്റെ പെൺമക്കൾക്ക്‌ നിഷേധിക്കപ്പെട്ടിരിക്കുന്നു. പരാതിപ്പെടുന്ന പെൺമക്കൾക്ക്‌ പൊതുഇടങ്ങളിൽ സ്ഥാനമില്ലെന്നതാണ്‌ പുതിയ നീതി. ഹിന്ദുത്വവാദികൾ ആർക്കെങ്കിലും എതിരായി പരാതി നൽകിയാൽ ഉടൻ എഫ്‌ഐആർ തയ്യാറാകും. രാജ്യാന്തരവേദികളിൽ ത്രിവർണ പതാക പാറിച്ച താരങ്ങളുടെ പരാതിയിന്മേൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അവർക്ക്‌ സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. കേസ്‌ എടുത്തെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്‌. ഇതിനിടെ, ഇരകളെ ഭീഷണിപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നു. മാധ്യമങ്ങൾ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു. വനിതാ താരങ്ങളുടെ ദുരവസ്ഥ  രാജ്യത്തെ സ്‌ത്രീകൾ നേരിടുന്ന ഗതികേടിന്റെ നേർച്ഛേദമാണ്‌. താൻ രാജ്യത്തിന്റെ ‘ചൗക്കിദാർ’(കാവൽക്കാരൻ) എന്ന്‌ അവകാശപ്പെട്ട പ്രധാനമന്ത്രിയോട്‌ ഇന്ത്യയുടെ പെൺമക്കൾക്ക്‌ ആരാണ്‌ കാവലെന്ന്‌ ചോദിക്കേണ്ടിവരുന്നു.

കായികമന്ത്രി അനുരാഗ്‌ താക്കൂറുമായി കായികതാരങ്ങൾ നടത്തിയ ചർച്ചയിലും പ്രശ്‌നപരിഹാരമായില്ല. ബ്രിജ്‌ ഭൂഷണിന്‌ എതിരായ കേസിൽ നടപടി സ്വീകരിക്കുന്നതിന്‌ ഈ മാസം 15 വരെയുള്ള സാവകാശമാണ്‌ സർക്കാർ തേടിയിരിക്കുന്നത്‌. ഇതിനിടെ, പോക്‌സോ നിയമം അട്ടിമറിക്കാനും ആസൂത്രിതമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്‌. പോക്‌സോ കേസുകളിൽ കുടുങ്ങിയ സന്ന്യാസിമാരും ഇതിനു പിന്തുണ നൽകുന്നു. പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും രാഷ്‌ട്രീയ പകപോക്കലിനായി ഇത്‌ പ്രയോജനപ്പെടുത്തുന്നുവെന്നും ഇവർ ആരോപിക്കുന്നു. ഈ  വിഷയങ്ങൾ ഉന്നയിച്ചും ബ്രിജ്‌ ഭൂഷണിന്‌ പിന്തുണ നൽകിയും അയോധ്യയിൽ ഒരുവിഭാഗം സന്ന്യാസിമാർ റാലിയും ആസൂത്രണം ചെയ്‌തു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ അധികൃതർ റാലിക്ക്‌ അനുമതി നിഷേധിച്ചെങ്കിലും പുതിയ രൂപത്തിൽ ശക്തിപ്രകടനത്തിനുള്ള തയ്യാറെടുപ്പുകൾ ബ്രിജ്‌ ഭൂഷൺ നടത്തിവരികയാണ്‌. മോദിയുടെ മൗനം ബ്രിജ്‌ ഭൂഷണിന്‌ അനുഗ്രഹവർഷമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top