27 April Saturday
ഇന്ന്‌ ലോക ജന്തുജന്യരോഗദിനം

കാടിറങ്ങുന്ന ജന്തുജന്യരോഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

നൂറ്റാണ്ടുകൾതോറും വിരുന്നുവരാറുള്ള മഹാമാരികളെ ഉൾക്കനലോടെയാണ് ലോകജനത നോക്കിക്കാണുന്നത്. ജന്തുജന്യരോഗങ്ങൾ അനുദിനം പെരുകുകയാണ്. മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്ക്‌ പകരുന്ന രോഗങ്ങൾ ജന്തുജന്യരോഗങ്ങൾ എന്നറിയപ്പെടുന്നു. മനുഷ്യരിൽനിന്ന്‌ മൃഗങ്ങളിലേക്ക് പകരുന്ന രോഗങ്ങൾ ആന്ത്രോ പോണോസിസ് എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരിലേക്ക്‌ പകരുന്ന പുതുതലമുറ രോഗങ്ങളിൽ 75 ശതമാനവും ജന്തുജന്യമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പകർച്ചവ്യാധികളിൽ 60 ശതമാനവും ജന്തുജന്യമാണ്. കോവിഡിന്റെ ഉറവിടം ഒരുതരം വവ്വാലുകളാണെന്നും അല്ലെന്നും രണ്ടുപക്ഷമുണ്ട്.

കോവിഡിനെ ലോകാരോഗ്യ സംഘടന സൂണോട്ടിക് രോഗവിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നതെങ്കിൽപ്പോലും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ജന്തുജന്യമായ ഇഐഡി (എമർജിങ് ഇൻഫക്ഷ്യസ് ഡിസീസ്) പട്ടികയിൽ പെടുത്തണമെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ വാദം. ക്രീമിയൻ കോംഗോ ഹെമറേജിക് ഫീവർ, എബോള, മാർബർഗ് വൈറസ് ബാധ, ലാസാ ഫീവർ, മെഴ്സ്, സാർസ് കൊറോണ വൈറസ്, നിപാ, ഹെനിപ്പ വൈറസ് രോഗം, റിഫ്റ്റ് വാലി ഫീവർ, സിക്ക, ഡിസീസ് എക്സ് ഇവയൊക്കെയാണ് ആഗോളതലത്തിൽ ഭീഷണിയുയർത്തുന്ന നവജാത ജന്തുജന്യരോഗങ്ങൾ.

എന്തുകൊണ്ടാണ് സമീപകാലത്തായി ജന്തുജന്യരോഗങ്ങൾ കാടിറങ്ങുന്നത് എന്ന ചോദ്യത്തിന് മനുഷ്യൻ പ്രകൃതിയോടും ജീവജാലങ്ങളോടും ചെയ്ത ക്രൂരതയാണ് എന്നതാണ് ഉത്തരം. പ്രകൃതിയിലുള്ള ജീവജാലങ്ങളുടെ ആവാസകേന്ദ്രങ്ങളിലേക്കുള്ള മനുഷ്യന്റെ അധിനിവേശമാണ് പ്രധാന കാരണം. അതിനാൽതന്നെ പുതിയപുതിയ ജന്തുജന്യരോഗങ്ങളും വരവായി. കുരങ്ങുപനി, വാനരവസൂരി, ചെള്ളുപനി, പേവിഷബാധ, പക്ഷിപ്പനി, പന്നിപ്പനി, നിപാ, ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻ ഗുനിയ, വെസ്റ്റ്നൈൽ ഡിസീസ്, ഹൈഡാറ്റിഡോസ്, കന്നുകാലിക്ഷയം എന്നീ ജന്തുജന്യരോഗങ്ങൾ കേരളീയർക്ക് സുപരിചിതമാണല്ലോ. ഇതെല്ലാം വിരൽചൂണ്ടുന്നത് മനുഷ്യനും മൃഗങ്ങളും പക്ഷികളും കാലാവസ്ഥയും സൂക്ഷ്മാണുക്കളും തമ്മിലുള്ള ബന്ധത്തിന്റെ ആവശ്യകതയിലേക്കാണ്.

കോവിഡാനന്തരകാലം ഏറെ ചർച്ചചെയ്യുന്നതും ഏകലോകം ഏകാരോഗ്യം  എന്ന ആശയംതന്നെ. പ്രകൃതി, മനുഷ്യൻ, മൃഗങ്ങൾ എന്നിവയുമായി പാരസ്പര്യത്താൽ ബന്ധപ്പെട്ടുകിടക്കുന്ന ശാസ്ത്രശാഖയാണിത്. ഇവ മൂന്നും സമരസപ്പെടുത്തിയാണ് ഏകാരോഗ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണം. വെറ്ററിനറി സയൻസും വൈദ്യശാസ്ത്രവും പരിണാമ വിജ്ഞാനവും സംയോജിപ്പിക്കുന്ന പുത്തൻ ഫ്യൂഷൻ ശാസ്ത്രമായ ‘സുബിക്വിറ്റി'ക്കും ഏറെ പ്രാധാന്യം കൈവന്നിരിക്കുന്നു. മനുഷ്യനെന്നോ മൃഗമെന്നോ വേർതിരിവില്ലാതെ ജീവജാതിയെന്ന പരിഗണനയ്ക്കുമാത്രം പ്രാമുഖ്യം നൽകുകയും വെറ്ററിനറി–-മെഡിക്കൽ ചികിത്സാരീതികളുടെ അറിവും അനുഭവവും നൈപുണ്യവും സങ്കലനപ്പെടുത്തുകയാണ് സുബിക്വിറ്റിയിലൂടെ ഒന്നാകുന്ന മെഡിസിൻ ശാഖ.

നൂറ്റാണ്ടുകളായി നമ്മെ വേട്ടയാടുന്ന ജന്തുജന്യരോഗം പേവിഷബാധ (റാബീസ്) തന്നെ. ലോക പേവിഷദിനാചരണത്തിന്‌ നിമിത്തമായതും റാബീസ് തന്നെ. 1895 ജൂലൈ ആറിന്  ലൂയിപാസ്ചർ എന്ന ശാസ്ത്രജ്ഞൻ, ഗുരുതരമായി നായയുടെ കടിയേറ്റ ജോസഫ് മീസ്റ്റർ എന്ന ചെറുബാലനിൽ താനുണ്ടാക്കിയ വാക്സിൻ പരീക്ഷിച്ചത് അന്നായിരുന്നു. തുടർന്ന്, ജൂലൈ ആറ്‌ ലോക ജന്തുജന്യരോഗദിനമായി ആചരിച്ചുവരുന്നു. 2030ഓടെ പേവിഷ നിയന്ത്രണമെന്ന ലക്ഷ്യത്തോടെ ആരോഗ്യ–-വെറ്ററിനറി–-തദ്ദേശഭരണ സ്ഥാപനങ്ങൾ സംയുക്ത സഹകരണത്തോടെ പ്രവർത്തിച്ചുവരികയാണ്. റാബീസിനെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഒരിക്കൽ പ്രകടമായ രോഗലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ ഒരു വൈദ്യശാസ്ത്രത്തിനും രോഗിയെ രക്ഷിക്കാനാകില്ല.

പേവിഷ പ്രതിരോധരംഗത്ത് ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട് എന്നതിൽ തർക്കമില്ല.  പൊക്കിളിനുചുറ്റും ചെയ്യുന്ന വേദനാജനകമായ വാക്സിന്റെ സ്ഥാനത്ത് മേൽ ചർമത്തിനുതാഴെ വേദനാരഹിതമായി ചെയ്യാവുന്ന ആധുനിക ടിഷ്യൂകൾച്ചർ വാക്സിൻ വ്യാപകമായിക്കഴിഞ്ഞു. നായയുടെ കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്ന മുറിവിന്റെ പരിചരണം മലയാളിക്ക് ഹൃദിസ്ഥമാണ്.
തെരുവുനായകളുടെ ക്രമാതീതമായ വംശവർധന തടയാനുള്ള എബിസി പ്രോഗ്രാമും ഇഎൻഡി പരിപാടിയും വേണ്ടത്ര ഫലം കാണുന്നില്ല. രാത്രി 10നും രാവിലെ ആറിനുമിടയിൽമാത്രം പുറത്തിറങ്ങുന്നവയാണ്‌‍  യഥാർഥ തെരുവുനായകൾ എന്നത് പ്രത്യേകം അറിയേണ്ട കാര്യമാണ്‌.  തദ്ദേശഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട അധികാരികളും ഇക്കാര്യം ശ്രദ്ധിക്കണം.

സ്വന്തം പൊന്നോമനയുടെയോ ബന്ധുവിന്റെയോ പേവിഷബാധാ മരണമുണ്ടാകുമ്പോൾമാത്രം വിലപിച്ചിട്ട് കാര്യമില്ല. നായയെ വളർത്തുന്നവർ ഉത്തരവാദിത്വമുള്ള ഉടമസ്ഥരാകണം. അധികൃതരുടെ മുന്നറിയിപ്പുകൾ നിർബന്ധമായും പാലിക്കണം. വഴിനടക്കാൻ മനുഷ്യനുള്ളതിനേക്കാൾ അവകാശം വീടുകളിൽനിന്ന്‌ അലയാൻ വിടുന്ന നായ്ക്കൾക്കാണെന്നു തോന്നുന്നു. ഭീകരമായ ഈ വിപത്തിനെതിരെ മുടന്തൻ ന്യായങ്ങൾക്ക് ഒരു സ്ഥാനവുമില്ല. നമ്മുടെ നാട്ടിൽ റാബീസ് പകരുന്നത് 95 ശതമാനവും നായയുടെ കടിയിലൂടെയാണ്. പൂച്ചയും തൊട്ടടുത്തുണ്ട്. ആശുപത്രികളിൽ പേവിഷ ചികിത്സ തേടിയെത്തുന്നവരിൽ അധികവും സ്വന്തം വളർത്തുമൃഗങ്ങളുടെ കടിയേറ്റവരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മാംസത്തിന്റെ ഉപയോഗം വർധിച്ചുവരുമ്പോഴും മാംസത്തിലൂടെ മനുഷ്യരിലേക്ക് പകരാവുന്ന രോഗങ്ങൾ തടയാനുള്ള മാർഗങ്ങൾ വേണ്ടത്ര ശക്തമല്ല. എന്നാൽ, പ്രാകൃതവും പഴഞ്ചനുമായ രീതികൾക്ക് കുറച്ചൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട്. അനിയന്ത്രിതവും അനാരോഗ്യവുമായ ഇറച്ചിവെട്ടും വിൽപ്പനയും പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഉയർത്തുന്ന ഭീഷണി ചെറുതല്ല. ശുദ്ധമായ മാംസോൽപ്പാദനവും സ്വയംപര്യാപ്തതയുമൊക്കെ "സുഭിക്ഷകേരളം' പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.  കശാപ്പുശാലകൾ ആധുനികവൽക്കരിക്കുക, മാംസപരിശോധന കർശനമാക്കുക, അനധികൃത കശാപ്പുശാലകൾ നിർത്തലാക്കുക, മാംസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നിവയാണ് രോഗം തടയാനുള്ള മാർഗങ്ങൾ. അറവുശാലമുതൽ വിപണന ശൃംഖലവരെ ശുചിത്വം ഉറപ്പുവരുത്തണം. നമ്മുടെ ഭക്ഷ്യസുരക്ഷ പരിശോധനാ വകുപ്പ്   ജാഗ്രത പുലർത്തുന്നുണ്ട് എന്നുള്ളത് ആശ്വാസകരമാണ്.  മഹാമാരിയോ മാരകരോഗമോ പടർന്നുപിടിക്കുമ്പോൾ മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ വസ്തുനിഷ്ഠമാകണം.   

വൈറസ്, ബാക്ടീരിയ, ഫംഗസ്, പരാദങ്ങൾ എന്നിവയിലൂടെ നാം ജന്തുജന്യരോഗങ്ങൾക്കിരയാകാമെന്നിരിക്കെ കൂടുതൽ ജാഗ്രതയാണാവശ്യം. വായു, വെള്ളം, സമ്പർക്കം, ഭക്ഷണം, കടി എന്നിവയിലൂടെ കടന്നുവരുന്ന ഈ വിഷവിത്തുകൾക്കെതിരെ കണ്ണിമ ചിമ്മാതെ നമുക്ക് കാവലാളാകാം.

(മൃഗസംരക്ഷണ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top