20 April Saturday
ഇന്ന്‌ 
ലോക 
ജലദിനം

മാറാം, നമുക്ക്‌ മാറാം - ഡോ. മനോജ് പി സാമുവൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

ജലശുചിത്വ മേഖലയിലെ പ്രശ്നങ്ങൾ തീർക്കാൻ മാറ്റം ത്വരിതപ്പെടുത്തുക എന്നതാണ് ഇത്തവണത്തെ ലോക ജലദിന സന്ദേശം. കാലാവസ്ഥ മാറുകയാണ്. കൃഷി, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, വനം, സമുദ്രവിഭവങ്ങൾ, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലയിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ അനുരണനങ്ങൾ അനുഭവപ്പെടാം. കാലം തെറ്റിയുള്ള മഴയും മഴയുടെ അളവിലുള്ള കുറവും കടുത്ത താപനിലയും വിള നാശത്തിനും കുറഞ്ഞ ഉൽപ്പാദനത്തിനും കാരണമായേക്കാം. കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് നമ്മുടെ ജീവിതരീതിയും ജലോപയോഗവും കാർഷിക കലണ്ടറും ഒക്കെ പുനക്രമീകരിക്കേണ്ടിയിരിക്കുന്നു.

ആവർത്തിച്ചു വരുന്ന വരൾച്ച, -പ്രളയ പ്രതിഭാസങ്ങൾക്ക് കാലാവസ്ഥാറ്റത്തെമാത്രം പഴിച്ചാൽ പോരാ. നമ്മുടെ തന്നെ സ്ഥല-ജല മാനേജ്മെന്റിലെ പാളിച്ചകളാണ് തിരിച്ചറിയേണ്ടത്. കാവും  കുളവും കാടും  തോടും പാടവുമൊക്കെ ഉൾപ്പെടുന്ന ഗ്രാമീണ ആവാസവ്യവസ്ഥ തകർക്കപ്പെടുന്നതോടുകൂടി  ഭൂമിക്കുള്ളിലേക്കും പുറത്തേക്കുമുള്ള ജല നീക്കവും മന്ദഗതിയിലാകുന്നു. ഒപ്പം സംസ്ഥാനത്തെ എല്ലാ വിഭാഗം ഭൂവിഭാഗങ്ങളിലും ഒരേപോലെ ജലവിതരണം  ഉറപ്പാക്കുകയും  പ്രളയ നിയന്ത്രണ സംവിധാനമായിക്കൂടി പ്രവർത്തിക്കുകയും ചെയ്യുന്ന ജലശൃംഖലയായ നമ്മുടെ പുഴകളും തണ്ണീർത്തടങ്ങളും ഏറെ ചൂഷണത്തിനും ശോഷണത്തിനും അപചയത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെമ്പാടും ജലത്തിന്റെ ഗുണമേന്മയിലും  പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജല ലഭ്യത കൂട്ടാനും ആവശ്യകത കുറയ്‌ക്കാനുമുള്ള സാധ്യതകൾ  കണ്ടെത്തണം. അളവിലും  ഗുണത്തിലും ജലസുരക്ഷ ഉറപ്പാക്കാൻ ശാസ്ത്രസാങ്കേതികവിദ്യകളിലും നാട്ടറിവുകളിലും അധിഷ്ഠിതമായ പുത്തൻ സാങ്കേതികവിദ്യകൾ ഇന്ന് ലഭ്യമാണ്.

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും സ്ഥല-ജല വിനിയോഗ ഭൂപടം തയ്യാറാക്കേണ്ടതാണ്. ഓരോ തുണ്ട് ഭൂമിയും ഏതാവശ്യത്തിനാണ് ഉപയോഗിക്കുന്നത്, കാർഷികക്രമവും രീതിയും എന്ത് തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും. പരിസ്ഥിതിലോല പ്രദേശങ്ങൾ, ജലസ്രോതസ്സുകൾ, നിർഗമനമാർഗങ്ങൾ, നദികൾ, തോടുകൾ ഉൾപ്പെടെ എല്ലാം ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്. കഴിഞ്ഞ കാലങ്ങളിൽ ഇവയിൽ എത്രത്തോളം ഇല്ലാതായി എന്നുകൂടി കണ്ടെത്തുക. അതിനനുസരിച്ച് നഷ്ടം നികത്തിക്കൊണ്ട് പുതിയവ തീർക്കുക, പുനരുജ്ജീവിപ്പിക്കുക, ഇനിയും നഷ്ടപ്പെടാതെ സംരക്ഷിക്കുക.

ഇതോടൊപ്പം ചെയ്യാവുന്ന മറ്റൊരു കാര്യമാണ് കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾ. കാലാവസ്ഥാ മാറ്റത്തിന്റെ നിദാനം ആഗോളതാപനവും ആഗോളതാപനത്തിന് കാരണമാകുന്നത് കാർബൺ ഡൈ ഓക്‌സൈഡ് ഉൾപ്പെടെയുള്ള ഹരിത ഗൃഹവാതകങ്ങളുടെ പുറന്തള്ളലുമാണെന്ന് നമുക്ക് അറിയാമല്ലോ. സൂക്ഷ്മതലത്തിൽ തന്നെ ഊർജം, ഗതാഗതം, മലിനീകരണം, കൃഷി, മൃഗസംരക്ഷണം, വനം തുടങ്ങിയ വിവിധ മേഖലയിലൂടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും വനം, ജലാശയങ്ങൾ, കൃഷിത്തോട്ടങ്ങൾ തുടങ്ങിയവയിലൂടെയൊക്കെയുള്ള ആഗിരണവും അടയാളപ്പെടുത്തണം. അവ തുലനം ചെയ്ത്, പുറന്തള്ളൽ കുറയ്‌ക്കാനും ആഗിരണം വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കേണ്ടതാണ്.
ജില്ലാ അടിസ്ഥാനത്തിൽ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എങ്ങനെയാണെന്ന്‌ പഠിച്ച്, അതിനനുസരിച്ച്‌ ജല ലഭ്യതയും ആവശ്യകതയും തുലനംചെയ്ത് ജല ബജറ്റ് തയ്യാറാക്കി കാർഷിക കലണ്ടറിലും വിവിധ മേഖലയിലെ ജല ഉപയോഗത്തിലും വിതരണത്തിലും മാറ്റങ്ങൾ വരുത്താൻ കഴിയണം. നവകേരളം പദ്ധതിയുടെ ഭാഗമായി ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. സൂക്ഷ്മ ജലസേചനവും കൃത്യത കൃഷിയുമൊക്കെ പുത്തൻസാധ്യതകളാണ്.


 

പെയ്യുന്നതും ഒഴുകുന്നതും ആയിട്ടുള്ള മഴവെള്ളത്തെ പിടിച്ച് മണ്ണിറക്കാനുള്ള സാധ്യത ഓരോ തുണ്ട് ഭൂമിയിലും കണ്ടെത്തണം. കയ്യാലകളും പുൽത്തകിടികളും ചെറിയ തടയണകളും നിർമിച്ച് ഒഴുക്കുവെള്ളത്തിന്റെ വേഗത കുറയ്‌ക്കാം. അതേസമയം, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ വെള്ളം ഭൂമിയുടെ ഉള്ളിലേക്ക്‌ കിനിഞ്ഞിറങ്ങി മണ്ണിന്റെ ഘടനയെയും സ്ഥിരതയെയും ബാധിക്കുന്നത് ഒഴിവാക്കുകയും വേണം. കുടിവെള്ളത്തിനും  ജലസേചനത്തിനുമുള്ള മഴവെള്ള സംഭരണ മാർഗങ്ങളും ആകാം. മഴയ്ക്കുമുമ്പായി ജലനിർഗമന മാർഗങ്ങളിലെ തടസ്സങ്ങളും കൈയേറ്റങ്ങളുമൊക്കെ നീക്കി ആവാഹനശേഷി കൂട്ടുകയും വേണം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രളയജലം എത്താൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി അടയാളപ്പെടുത്തണം.

ജലാശയങ്ങളിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മലിനീകരണം തടയാൻ ജനപങ്കാളിത്തത്തോടെയുള്ള ജാഗ്രതാ സമിതികൾ വേണം. ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഔദ്യോഗിക തലത്തിലും അനൗദ്യോഗിക തലത്തിലും ജലക്കൂട്ടായ്മകൾ ആകാം. മികച്ച വ്യക്തിഗത ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് വിവിധ തലങ്ങളിൽ അവാർഡുകളുമാകാം. ജല സാക്ഷരതാ -കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾ സ്കൂളുകളിൽത്തന്നെ തുടങ്ങണം. മഴയും പുഴയുമെല്ലാം പ്രകൃതി നമുക്കേകിയ അമൂല്യ സമ്പത്തുകളാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നാം ഓരോരുത്തരും ജല പുനരുജ്ജീവന പ്രകൃതിവിഭവ സംരക്ഷണപദ്ധതികളിൽ പങ്കാളികളായേ തീരൂ.

(കോഴിക്കോട്  ജലവിഭവ വിനിയോഗകേന്ദ്രം –- സിഡബ്ല്യുആർഡിഎം–- എക്സിക്യൂട്ടീവ് ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top