08 August Monday
ഡബ്ല്യുടിഒ മന്ത്രിതലസമിതി


കേന്ദ്രനയം മത്സ്യമേഖലയ്‌ക്ക്‌ വിനാശം - ജെ മേഴ്‌സിക്കുട്ടിഅമ്മ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022


ജൂൺ 12 മുതൽ 17വരെ ജനീവയിൽ ചേർന്ന ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ)യുടെ മന്ത്രിതല സമിതി മത്സ്യമേഖലയിലെ സബ്‌സിഡി പൂർണമായി നിർത്തലാക്കാൻ തീരുമാനിച്ചു. ഉച്ചകോടിയിൽ പങ്കെടുത്ത 164 രാജ്യത്തിൽ പകുതിയിലേറെ രാജ്യങ്ങളും പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക്‌ ലഭ്യമാകുന്ന സബ്‌സിഡി തുടരണമെന്ന്‌ ആവശ്യപ്പെട്ടു. എന്നാൽ, ഇന്ത്യയുടെ പ്രതിനിധിയായി മന്ത്രിതലസമിതിയിൽ പങ്കെടുത്ത വാണിജ്യമന്ത്രി പീയുഷ്‌ ഗോയൽ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ദീർഘനാളായുള്ള ഇന്ത്യയുടെ ആവശ്യമാണ്‌ അംഗീകരിച്ചതെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്തു. അമിത മത്സ്യബന്ധനവും വിനാശകരമായ മത്സ്യബന്ധനരീതിയും തടയുന്നതിനാണ്‌ സബ്‌സിഡി നിരോധനം എന്നാണ്‌ ലോക വ്യാപാരസംഘടനയുടെ വിശദീകരണം.

എന്താണ്‌ വസ്‌തുത–- 1980കൾ വരെ 10 ശതമാനം മത്സ്യഇനങ്ങളാണ്‌ അമിതചൂഷണത്തിന്‌ വിധേയമായിരുന്നത്‌. തൊണ്ണൂറുകളോടെ ലോക വ്യാപാര സംഘടനയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ഉദാരവൽക്കരണ നയങ്ങളാണ്‌  വ്യാവസായിക മത്സ്യബന്ധനത്തിന്‌ തുടക്കംകുറിച്ചത്‌. അമേരിക്ക, യൂറോപ്യൻ യൂണിയൻ തുടങ്ങിയ വികസിത മുതലാളിത്ത  രാജ്യങ്ങൾ  വ്യാവസായിക മത്സ്യബന്ധനത്തിൽ ഏർപ്പെട്ടു. 130 മീറ്റർ നീളമുള്ള വൻ കപ്പലുകൾ, കടലിന്റെ ആവാസവ്യവസ്ഥ തകർക്കുന്ന മത്സ്യബന്ധനരീതി, ആധുനിക സംസ്‌കരണ സംവിധാനങ്ങൾ,  കൂറ്റൻ ശീതീകരണശാലകൾ ഇതെല്ലാം ഈ കപ്പലുകളുടെ സവിശേഷതകളാണ്‌.
ഇത്തരം കപ്പലുകൾക്കാണ്‌ നരസിംഹറാവു സർക്കാരിന്റെ കാലത്ത്‌ ഇന്ത്യൻ സമുദ്രത്തിലും അനുമതി നൽകിയത്‌.

ഇതിനെതിരായി നമ്മുടെ തൊഴിലാളികൾ നടത്തിയ ഉജ്വലമായ ചെറുത്തുനിൽപ്പുമൂലം ഇന്ത്യൻ കടലിൽ ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള അനുമതി റദ്ദാക്കേണ്ടിവന്നു. വികസിത മുതലാളിത്ത രാജ്യങ്ങളിലെ  വ്യാവസായിക മത്സ്യബന്ധനമാണ്‌ കടലിന്റെ ആവാസവ്യവസ്ഥ തകിടം മറിച്ചതും മത്സ്യ ഇനങ്ങളുടെ വൻ തകർച്ചയിലേക്ക്‌ വഴിയൊരുക്കിയതും. ഇവ ആയിരക്കണക്കിന്‌ കിലോമീറ്റർ സഞ്ചരിച്ചും മാസങ്ങളോളം കടലിൽ ചെലവഴിച്ചും മറ്റു രാജ്യങ്ങളുടെ പുറംകടലിലെ സമ്പത്ത്‌ കൊള്ളയടിക്കുന്നു. എന്നാൽ, ചെറിയ ബോട്ടുകളും വള്ളങ്ങളും ഉപയോഗിച്ചു നടത്തുന്ന മത്സ്യബന്ധനം മുഖ്യമായും തീരത്തോടു ചേർന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഉപജീവനമാർഗമാണ്‌. നമ്മുടെ രാജ്യത്തെ മത്സ്യത്തൊഴിലാളികളിൽ 90 ശതമാനവും ചെറുകിട മേഖലയെ ആശ്രയിക്കുന്നവരാണ്‌. സാധാരണക്കാർക്ക്‌ പോഷകമൂല്യമുള്ള ഭക്ഷണം ലഭ്യമാക്കുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നതും ഈ മേഖലയാണ്‌. സബ്‌സിഡി നിർത്തലാക്കുമ്പോൾ ഈ ഘടകം പരിഗണിക്കാത്തത്‌ കടുത്ത അനീതിയാണ്‌. സമ്പന്നരാജ്യങ്ങൾ വരുത്തിവയ്ക്കുന്ന വിനകൾക്ക്‌ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ക്രൂശിക്കുന്നത്‌ ക്രൂരമാണ്‌.


 

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായകപങ്കാണ്‌ മത്സ്യമേഖല നിർവഹിക്കുന്നത്‌. 10.5 ലക്ഷം തൊഴിലാളികൾ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നു. നേരിട്ട്‌ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നത്‌ ഏകദേശം 2.42 ലക്ഷം തൊഴിലാളികളാണ്‌. ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കനുസരിച്ച്‌ ഒരു മത്സ്യത്തൊഴിലാളിയുടെ പ്രതിശീർഷവരുമാനം 1,13,200 രൂപമാത്രം. ഇതരവിഭാഗം ജനങ്ങളുടെ പ്രതിശീർഷ വരുമാനം 2,16,749 രൂപയും. ഈ കണക്കുകളിൽനിന്ന്‌ മത്സ്യത്തൊഴിലാളികളുടെ പിന്നാക്കാവസ്ഥ എത്ര രൂക്ഷമാണെന്ന്‌ വ്യക്തമാകും. ഇവരെ പൊതുധാരയിലേക്ക്‌ ഉയർത്തിക്കൊണ്ടുവരുന്നതിനാണ്‌ മത്സ്യബന്ധന യാനങ്ങൾ, എൻജിൻ, വല, മറ്റ്‌ സുരക്ഷാഉപകരണങ്ങൾ എന്നിവയ്‌ക്കെല്ലാം സബ്‌സിഡി നൽകുന്നത്‌. കേരളത്തിൽ ആകെ 43,383 യാനവും പരമ്പരാഗത, മോട്ടോർ ഘടിപ്പിച്ച ചെറുകിട മത്സ്യബന്ധന യാനങ്ങളാണ്‌. 6433 യന്ത്രവൽകൃത ബോട്ടും 11 ആഴക്കടൽ മത്സ്യബന്ധന ബോട്ടുമാണുള്ളത്‌.

ഈ കണക്കുകളിൽനിന്ന്‌ വ്യക്തമാകുന്നത്‌ കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽ 85 ശതമാനം മത്സ്യബന്ധനത്തിന്‌ ഉപയോഗിക്കുന്നത്‌ പരമ്പരാഗത രീതികളാണ്‌ എന്നാണ്‌. വിനാശകരവും ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നതുമായ രീതി നമ്മുടെ തൊഴിലാളികൾ സ്വീകരിക്കുന്നില്ലെന്ന്‌ ചുരുക്കം. സബ്‌സിഡി നിർത്തലാക്കിയെന്ന ലോക വ്യാപാര സമിതിയുടെ തീരുമാനം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന തൊഴിലാളികളുടെ മേൽ ഇടിത്തീയായാണ്‌ പതിച്ചത്‌. ഇതിനെയാണ്‌ നമ്മുടെ കേന്ദ്ര വാണിജ്യമന്ത്രി സർവാത്മനാ സ്വീകരിച്ചിരിക്കുന്നത്‌.

കേന്ദ്ര സർക്കാർ തുടരുന്ന നയങ്ങളെല്ലാം മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്നതാണ്‌. മണ്ണെണ്ണയുടെ വില ക്രമാതീതമായി വർധിപ്പിച്ചു. ആവശ്യമായ മണ്ണെണ്ണ ക്വോട്ട കേരളത്തിന്‌ അനുവദിക്കണമെന്ന  സർക്കാരിന്റെ തുടർച്ചയായ ആവശ്യത്തോട്‌ നിരുത്തരവാദപരമായ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. ഹാർബർ അടക്കമുള്ള പശ്‌ചാത്തല സൗകര്യവികസനത്തിന്റെ കാര്യത്തിൽ കേന്ദ്ര പങ്കാളിത്തം പൂർണമായി നിർത്തലാക്കി. കേരളത്തിൽ ഇപ്പോൾ നിർമാണത്തിലിരിക്കുന്ന പരപ്പനങ്ങാടി, ചെത്തി ഹാർബർ നിർമാണം പൂർണമായി സംസ്ഥാന ചെലവിലാണ്‌ നിർവഹിക്കുന്നത്‌. തിരുവനന്തപുരം പൊഴിയൂരിൽ നിർമാണം തുടങ്ങാനിരിക്കുന്ന ഹാർബറിനും കിഫ്‌ബി അനുമതി നൽകിയിട്ടുണ്ട്‌. 569 കിലോമീറ്റർ ദൈർഘ്യമുള്ള കേരളത്തിന്റെ തീരദേശം രാജ്യത്തിന്റെ അതിർത്തികൂടിയായിട്ടും   തീരസംരക്ഷണത്തിന്‌ ഒരുസഹായവും കേന്ദ്രസർക്കാരിൽനിന്ന്‌ ലഭിക്കുന്നില്ല.

പാരിസ്ഥിതിക വെല്ലുവിളികളും സാമൂഹ്യ സാമ്പത്തിക പിന്നാക്കാവസ്ഥയും നേരിടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതവും സാധാരണ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്‌. ഈ അവസരത്തിലാണ്‌ ‘നീല സമ്പദ്‌വ്യവസ്ഥ’ എന്ന പേരിൽ രാജ്യത്തിന്റെ കടലും തീരവും കുത്തകകൾക്ക്‌ തീറെഴുതാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്‌.
ലോക വ്യാപാര സംഘടനയുടെ തീട്ടൂരത്തിനനുസരിച്ച്‌ തീരുമാനമെടുക്കുന്ന കേന്ദ്ര സർക്കാർ മത്സ്യമേഖലയിലെ സബ്‌സിഡി പൂർണമായി റദ്ദാക്കാനുള്ള തീരുമാനത്തിൽനിന്ന്‌ പിന്മാറണം. ഇതിനായി ശക്തമായ പ്രക്ഷോഭത്തിന്‌ തയ്യാറാകണമെന്ന്‌ മത്സ്യത്തൊഴിലാളി സമൂഹത്തോട്‌ അഭ്യർഥിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top