24 April Wednesday
ഇന്ന്‌ ആത്മഹത്യാ പ്രതിരോധദിനം

പ്രതീക്ഷ നൽകാം ആത്മഹത്യകൾ തടയാം - ഡോ. അരുൺ ബി നായർ എഴുതുന്നു

ഡോ. അരുൺ ബി നായർUpdated: Friday Sep 10, 2021

കോവിഡ് മഹാമാരി ലോകവ്യാപകമായി പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, ആളുകളുടെ മാനസികാരോ​ഗ്യവും പ്രശ്നത്തിലേക്കു പോകുന്നതിന്റെ സൂചനകൾ പുറത്തുവരുന്നു. അടച്ചുപൂട്ടലും അനുബന്ധ സാമ്പത്തിക പ്രതിസന്ധികളും വ്യാവസായികമേഖലയിലും സമ്മർദം വർധിപ്പിക്കുന്നുണ്ട്. രോ​ഗത്തെക്കുറിച്ചുള്ള ഭീതിയും ഡിജിറ്റൽ അടിമത്തവുമൊക്കെ കുട്ടികൾമുതൽ വയോജനങ്ങൾവരെയുള്ളവരുടെ മാനസികാരോ​ഗ്യത്തെ ബാധിക്കുന്നു. കുട്ടികൾമുതൽ മധ്യവയസ്കർവരെ ആത്മഹത്യക്കു ശ്രമിക്കുന്നതിന്റെ ഒട്ടേറെ വാർത്ത വരുന്നുണ്ട്‌. ഈ പശ്ചാത്തലത്തിലാണ് "ലോക ആത്മഹത്യാ പ്രതിരോധദിന'ത്തിന്റെ പ്രസക്തി.

ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര ആത്മഹത്യാ പ്രതിരോധസംഘടന, ലോക മാനസികാരോഗ്യ ഫെഡറേഷൻ എന്നീ സംഘടനകൾ സംയുക്തമായാണ് എല്ലാ വർഷവും സെപ്തംബർ 10 ലോക ആത്മഹത്യാ പ്രതിരോധദിനമായി 2003 മുതൽ ആചരിക്കുന്നത്. ഈവർഷത്തെ ദിനാചരണത്തിന്റെ പ്രമേയം "പ്രവർത്തനത്തിലൂടെ പ്രത്യാശ സൃഷ്ടിക്കുക' എന്നതാണ്. ആത്മഹത്യാ പ്രതിരോധം ഒരു സാമൂഹ്യ ഉത്തരവാദിത്വമാണെന്ന യാഥാർഥ്യമാണ് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നത്.

മാനസികാരോഗ്യ സാക്ഷരത
തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികാരോഗ്യ പ്രശ്നങ്ങളാണ് ആത്മഹത്യകളുടെ പ്രധാന കാരണം. ലോകാരോഗ്യ സംഘടന തന്നെ വിലയിരുത്തിയിട്ടുള്ളത് "ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്ന വിഷാദരോഗമാണ്, ലോക വ്യാപകമായി ആത്മഹത്യകളുടെ സർവസാധാരണമായ കാരണം' എന്നാണ്. ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയപ്പെടാതെയും ഒട്ടേറെ ആത്മഹത്യക്ക് വഴിതെളിക്കുന്നുണ്ട്.

മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചും സമൂഹത്തിൽ ഒട്ടേറെ തെറ്റിദ്ധാരണയുണ്ട്‌. ഇതുമൂലം യാഥാസമയം ചികിത്സ തേടാൻ പലരും തയ്യാറാകാത്തത് പലപ്പോഴും ആത്മഹത്യകൾക്ക് കാരണമാകുന്നു. മറ്റേതു ശാരീരിക രോഗത്തെയുംപോലെ ഇവയെയും ചികിത്സിക്കാൻ സാധിക്കുമെന്ന യാഥാർഥ്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം. സ്കൂൾ വിദ്യാഭ്യാസ പദ്ധതിയിൽത്തന്നെ "മാനസികാരോഗ്യ സാക്ഷരത' ഉൾപ്പെടുത്തുകവഴി യുവതലമുറയുടെ മനസ്സിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ സൃഷ്ടിക്കാൻ കഴിയും.

കോവിഡ് –-൧൯ മഹാമാരി സൃഷ്ടിച്ച അപ്രതീക്ഷിത കെടുതികൾ ഇടത്തരക്കാരുടെ സാമ്പത്തിക സ്ഥിതിയെയും സാരമായി ബാധിച്ചിട്ടുണ്ട്. ചെറുകിട വ്യവസായങ്ങൾ തുടങ്ങാൻ വായ്പയെടുത്തവർ പലരും കടബാധ്യതമൂലം നട്ടംതിരിയുന്ന അവസ്ഥയിലെത്തി. സ്വകാര്യമേഖലയിൽ തൊഴിൽ നഷ്ടമോ വേതനത്തിൽ കാര്യമായ കുറവോ നേരിടേണ്ടിവന്നിട്ടുണ്ട്.

കേരളത്തിൽ പ്രതിവർഷം ഒരു ലക്ഷംപേരിൽ 24.3 പേർ ആത്മഹത്യയിലൂടെ മരണം വരിക്കുന്നതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ‍ സൂചിപ്പിക്കുന്നു. ദേശീയ ശരാശരിയായ 10.2 എന്ന സംഖ്യയുടെ ഇരട്ടിയിലേറെയാണ്‌ ഇത്. വർഷംതോറും 8500 ലേറെപ്പേർ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നുണ്ട്. ആത്മഹത്യാശ്രമം നടത്തുന്നവരുടെ എണ്ണമാകട്ടെ ഇതിന്റെ 15 മടങ്ങാണ്. ഏതൊരു സാധാരണക്കാരനും ഇത്തരം സന്ദർ‍ഭങ്ങളിൽ ചെയ്യാൻ കഴിയുന്ന കാര്യമാണ് മാനസികാരോ​ഗ്യ പ്രഥമ ശുശ്രൂഷ. അഞ്ചു ഘട്ടമാണ് ഇതിനുള്ളത്.

ആദ്യം പ്രയാസമനുഭവിക്കുന്ന വ്യക്തിയെ സമീപിച്ച് എന്താണ് പ്രയാസമെന്ന്‌ ആരായുക. തുടർന്ന്, അയാൾക്ക് പറയാനുള്ള കാര്യങ്ങൾ പൂർണമായും ക്ഷമയോടെ കേൾക്കുക. കേട്ടശേഷം ആശ്വസിപ്പിക്കാം. അയാൾക്ക്‌ ആവശ്യമായ വിവരങ്ങൾ നൽകാൻ ശ്രമിക്കാം. ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്ന തരത്തിലുള്ള പ്രചോദനം നൽകാം. ഇത്രയും ചെയ്തിട്ടും പ്രയാസങ്ങൾ മാറുന്നില്ലെങ്കിൽ ഒരു മാനസികാരോ​ഗ്യ വിദ​ഗ്ധന്റെ ചികിത്സ തേടാൻ‍ സഹായിക്കാം. മാനസികസമ്മർ‍ദം അനുഭവിക്കുന്നവരെ ഒറ്റപ്പെടുത്താതെ ചേർത്തുനിർത്താം. "നിങ്ങളോടൊപ്പം ഞങ്ങളുണ്ട്' എന്ന സന്ദേശം നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം.

(തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സൈക്യാട്രിസ്റ്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top