25 April Thursday

കോവിഡിൽ കുരുങ്ങുന്ന ലോകം

ഡോ. പി മോഹനചന്ദ്രൻനായർUpdated: Saturday Jul 11, 2020

കോവിഡ്-–-19 മഹാമാരി മാനവരാശിക്ക് വലിയ ഭീഷണിയായി മാറുകയാണ്. മനുഷ്യസമൂഹം അവന്റെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നരീതിയിൽ സൂക്ഷ്മജീവികളാൽ ഉണ്ടാകുന്ന പകർച്ചവ്യാധികൾക്ക് വിധേയരാകാറുണ്ട്. ഈ വെല്ലുവിളിയെ നേരിടാൻ ശാസ്ത്രലോകം കഠിനമായി പരിശ്രമിക്കുകയാണ്. മഹാമാരിയെ തൂത്തെറിയാൻ എന്ന്‌ സാധിക്കുമെന്നതടക്കമുള്ള നിരവധി ചോദ്യത്തിന്‌ ആഗോള ജനസംഖ്യാദിനത്തിൽ  ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. വൈറസുകൾ പലതരത്തിൽ രൂപാന്തരം പ്രാപിച്ച് നിലവിലുള്ള പ്രതിരോധമരുന്നുകളെ അതിജീവിക്കുന്നതായി ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നു. കോവിഡ്-–-19 അത്തരത്തിൽ രൂപാന്തരം പ്രാപിച്ചതായിരിക്കാം.

പരിശോധന തന്നെയാണ് ആഗോളതലത്തിൽ സർക്കാരുകളുടെ വഴികാട്ടി. അല്ലാതെ കണ്ണടച്ച് ഈ വൈറസിനെ പ്രതിരോധിക്കാൻ സാധ്യമല്ല. ശാസ്ത്രലോകം ഇതിന്റെ ഉറവിടം, എങ്ങനെ വ്യാപിക്കുന്നു, അതിന്റെ സ്വഭാവസവിശേഷതകൾ എന്നിവ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് കൊറോണ വൈറസുകളെപ്പോലെ കോവിഡ്-–-19 വൈറസിന്റെ പ്രധാന ഘടനയിൽ വലിയ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്ന ധാരണയിലാണ് ഇന്ന് പല പരീക്ഷണശാലകളിലും പ്രതിരോധമരുന്ന് ഉൽപ്പാദിപ്പിക്കാൻ ശ്രമിക്കുന്നത്. ഈ വൈറസ് നമുക്കിടയിൽ കുറച്ചുകാലംകൂടി നിലനിൽക്കും. ഏതാണ്ട് 149 പരീക്ഷണശാലകളിൽ ഇത്തരം ഗവേഷണങ്ങൾ പുരോഗമിക്കുന്നുവെന്നാണ് വാർത്ത. ഇന്ത്യയിൽ ഐസിഎംആർ ഫലപ്രദമായ പ്രതിരോധമരുന്ന് ഉൽപ്പാദിപ്പിക്കപ്പെടുമെന്ന് അവകാശപ്പെടുന്നു. അത് സാധ്യമാകട്ടെയെന്ന് നമുക്ക് ആശിക്കാം.

ലോകത്ത് ഏപ്രിൽ ആദ്യവാരം 10 ലക്ഷത്തിലധികമായിരുന്നു രോഗികളുടെ എണ്ണം. എന്നാൽ, ജൂൺ 27-ന് ഒരു കോടി കവിഞ്ഞു. മരണം 45,000-ത്തിൽനിന്ന് അഞ്ചുലക്ഷത്തിലധികവുമായി. ഭൂഖണ്ഡങ്ങളിൽ രോഗബാധിതർ ഏറ്റവുമധികം വടക്കേ അമേരിക്കയിലും മരണം യൂറോപ്പിലുമാണ്. മരണത്തിൽ അമേരിക്കയും ബ്രസീലുമാണ് ആദ്യ രണ്ടുസ്ഥാനത്ത്‌. ഇതിനിടയിലും ലോകത്താകെ 54 ലക്ഷത്തിൽപ്പരം ആളുകൾ രോഗമുക്തരായിട്ടുണ്ട്. എന്നാൽ, നേരത്തെ തയ്യാറെടുപ്പുകൾ നടത്തിയ പ്രദേശങ്ങളിൽ മികച്ച രീതിയിൽ പ്രതിരോധിക്കാൻ സാധിച്ചു. ഉദാഹരണത്തിന് വിയറ്റ്നാം, ദക്ഷിണകൊറിയ, തായ്‌‌വാൻ, ഹോങ്കോങ്‌ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡിനെ പിടിച്ചുകെട്ടിയതായി കാണാം.


 

ഇന്ത്യയിൽ ലോക് ഡൗൺ നടപ്പാക്കിയ രീതി സംശയാസ്പദമാണെന്ന് പ്രൊഫ. അമർത്യസെൻ പറയുകയുണ്ടായി. ലോക്ഡൗൺ ആയാലും അല്ലെങ്കിലും പൊതുസമൂഹവുമായി ഭരണാധികാരികൾ ചർച്ച ചെയ്യേണ്ടതായിരുന്നു. ലോക്‌‌ഡൗൺ പിൻവലിച്ചതിനുശേഷം ഒരു മാസം കൊണ്ട് രാജ്യത്ത് നാലുലക്ഷത്തോളം പുതിയ രോഗികൾ കൂടി ചേർക്കപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്.

രാജ്യത്ത് ജൂലൈ ഏഴുവരെ 7,38,000 രോഗികളും 20,000-ത്തിലധികം മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ 3.5 ലക്ഷത്തോളം പേർ (60 ശതമാനം) രോഗമുക്തരായി. രാജ്യത്തെ ആകെ രോഗികളിൽ 70 ശതമാനവും മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനത്താണ്.കോവിഡ്-–-19 രോഗം രാജ്യത്ത് ആദ്യമായി കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് രോഗികളുടെ എണ്ണത്തിൽ ക്രമമായി വർധനയുണ്ടായി. എന്നാൽ, മെയ് ആദ്യവാരം വെറും 10 പേർക്കാണ് രോഗം ബാധിച്ചത്. മെയ് ഏഴു മുതൽ വിമാന, ട്രെയിൻ സർവീസുകളും റോഡ് മാർഗവും യാത്രാനുമതി ലഭിച്ചതോടെ വിദേശത്തും രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളിലുമുള്ള മലയാളികളുടെ വരവോടുകൂടി രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടായി. കേരളത്തിൽ രോഗമുക്തി നിരക്ക് മാർച്ചിൽ 10 ശതമാനമായിരുന്നത് ക്രമേണ കൂടി. ഒരവസരത്തിൽ 95 ശതമാനംവരെ എത്തുകയും ചെയ്തു. എന്നാൽ, മെയ് ആദ്യവാരത്തിനുശേഷം വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ആൾക്കാരുടെ വരവോടെ രോഗികൾ കൂടുകയും രോഗമുക്തി നിരക്ക് കുറയുകയും ചെയ്തു. 42 ശതമാനംവരെ എത്തിച്ചു. മെയ് അവസാനത്തോടെ മുക്തിനിരക്ക് വീണ്ടും വർധിച്ചു. ജൂലൈ ഏഴിന് 59.7 ശതമാനമായി ഉയർന്നു. കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 1.7 ശതമാനമാണ്. എന്നാൽ, രാജ്യത്ത് ഇത് അഞ്ചു ശതമാനവും തെക്കൻ കൊറിയയിൽ ടിപിആർ രണ്ടുശതമാനത്തിൽ താഴെയുമാണ്. ആഗോളതലത്തിൽ ടിപിആർ രണ്ടു ശതമാനത്തിൽ താഴെ കൊണ്ടു വരികയെന്നതാണ് ലക്ഷ്യം. സംസ്ഥാനത്ത് രോഗബാധിതരിൽ 88 ശതമാനവും പുറത്തുനിന്നുവന്നവർ. സമ്പർക്കംമൂലം പകർന്ന 12 ശതമാനത്തോളം രോഗികളിൽ ഉറവിടമറിയാത്തവർ രണ്ടു ശതമാനം (166 പേർ). ഇതിൽ 125 പേരുടെ ഉറവിടം പിന്നീട് കണ്ടെത്തി. ബാക്കിയുള്ള 41 പേരുടെ അന്വേഷണം പുരോഗമിക്കുന്നു. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരിൽ 50 ശതമാനവും ഉറവിടം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുമ്പോഴാണ് കേരളത്തിൽ ഇത്രയുംകുറഞ്ഞ നിരക്കെന്നോർക്കണം.


 

കേരള വികസനമാതൃക പണ്ടുമുതലേ അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റിയതാണ്. ആവശ്യമായ മുന്നൊരുക്കങ്ങളും പ്രവർത്തനങ്ങളും വളരെ വേഗത്തിൽ ചെയ്യാൻ കേരളത്തിനായതിനാലാണ് രോഗബാധയെ പിടിച്ചുനിർത്താൻ സാധിച്ചത്. ദുരന്തനിവാരണത്തിലും മഹാമാരി നിയന്ത്രണങ്ങൾക്കും കേരളം സ്വീകരിച്ച ക്രമീകരണങ്ങളൊക്കെ ആർദ്രതയോടുകൂടിയ മാതൃകകൾ ആണെന്ന് കാണാം.

ഈ ഘട്ടത്തിൽ കരുതൽ കൊണ്ടുമാത്രമേ നമുക്ക് പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ. ഓരോരുത്തരുടെയും ആരോഗ്യം അവരവരുടെ ഉത്തരവാദിത്തമായി കണക്കാക്കി ആരോഗ്യ വകുപ്പും സർക്കാരും പറയുന്ന മാനദണ്ഡങ്ങൾ പാലിക്കണം. കോവിഡിനെ അതിജീവിക്കാൻ ജാഗ്രതയാണ് വേണ്ടത്. രോഗം ബാധിക്കാതെ സൂക്ഷിക്കുകയാണ് നാം ചെയ്യേണ്ടത്. സമ്പർക്കം വഴിയുള്ള രോഗവ്യാപനം ഒരു പരിധിവരെ നമ്മുടെ സംസ്ഥാനത്ത് തടയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, നാം സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന കാര്യം തിരിച്ചറിയണം. ജാഗ്രതയോടെ പ്രതിരോധം തുടർന്നാൽ നമുക്ക് ഈ മഹാമാരിയെയും അതിജീവിക്കാം.

(കേരള സർവകലാശാലയിൽ ജനസംഖ്യാശാസ്ത്രവിഭാഗം മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top