06 October Thursday

800 കോടി ജനങ്ങളുടെ ലോകം

ഡോ. കുട്ടികൃഷ്ണൻ എ പിUpdated: Monday Jul 11, 2022

ജനസംഖ്യാ വളർച്ചയെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 11ന് ജനസംഖ്യാ ദിനമായി  ആചരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കു പ്രകാരം ലോക ജനസംഖ്യ 500  കോടിയായത് 1987 ജൂലൈ 11നാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്  ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ജനസംഖ്യാ വളർച്ച നിരക്കിൽ വലിയ തോതിൽ വർധനയുണ്ടായിട്ടുണ്ട്. ജനസംഖ്യാ വർധന ഉയർത്തുന്ന വെല്ലുവിളിയുടെ  പശ്ചാത്തലത്തിൽ, ഭൂമിയിലെ നിലവിൽ ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണ്. ഈ വർഷത്തെ ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്‌ ചർച്ച ചെയ്യുന്ന വിഷയം എങ്ങനെ 800 കോടി ജനങ്ങളുള്ള ഈ ലോകത്ത്‌ അവരുടെ  വ്യക്തിഗത അവകാശങ്ങളും തെരഞ്ഞെടുപ്പുകളും ഉയർത്തിപ്പിടിച്ചുകൊണ്ട്‌,  ജനങ്ങൾക്കും സമൂഹത്തിനും ഭൂലോകമാകെത്തന്നെയും അഭിവൃദ്ധി പ്രാപിക്കാനുള്ള അനന്തമായ സാധ്യതകൾ വാഗ്ദാനം ചെയ്യാമെന്നുള്ളതാണ്.

നൂറു കോടിയായിരുന്ന ജനസംഖ്യ ഇരട്ടിയായി വർധിച്ച്‌ 200 കോടിയിലെത്താൻ കേവലം 100 വർഷംമാത്രമേ വേണ്ടി വന്നുള്ളൂ. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംമുതൽ, ലോകം അഭൂതപൂർവമായ ജനസംഖ്യാ വർധന അനുഭവിച്ചിട്ടുണ്ട്. 1950-നും 2020നും ഇടയിൽ ലോകജനസംഖ്യ മൂന്നിരട്ടിയിലധികം വർധിച്ചു. ലോകജനസംഖ്യ 800 കോടിയായി വർധിക്കുകയും ചെയ്തു. ലോകത്തിന്റെ എല്ലാ ഭാഗത്തും ജനസംഖ്യാ വളർച്ചനിരക്ക് ഒരുപോലെയല്ല. വ്യാവസായിക രാജ്യങ്ങളായ ജപ്പാനിലെയും യൂറോപ്പിലെ മിക്ക രാജ്യങ്ങളിലെയും ജനസംഖ്യാ വളർച്ച താരതമ്യേന സാവധാനത്തിലാണ്. അവരുടെ ജനസംഖ്യ ഇരട്ടിയാകാൻ 50 മുതൽ 100 വർഷംവരെ വേണ്ടിവന്നു. അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ക്യാനഡ, അർജന്റീന എന്നീ രാജ്യങ്ങളിലെ ജനസംഖ്യ 30 മുതൽ 40 വർഷംകൊണ്ട് ഇരട്ടിയാകുന്നു. എന്നാൽ, ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും അധിവസിക്കുന്ന ലോകത്തിലെ താഴ്‌ന്ന വരുമാനമുള്ളതും വികസിതമല്ലാത്തതുമായ ഇന്ത്യപോലുള്ള  മറ്റു പ്രദേശങ്ങളിൽ ജനസംഖ്യാ വളർച്ച വേഗത്തിലാണ്‌.

കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച്‌ ലോകത്ത്‌ ഇന്ന് ഏറ്റവും മെച്ചപ്പെട്ട  ആരോഗ്യ സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ  ഭാഗമായി വൈദ്യശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ വർധിക്കുകയും ഒട്ടേറെ പുതിയ മരുന്നുകൾ ഉൽപ്പാദിപ്പിക്കാനും സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും സാധിച്ചതിന്റെ ഫലമായി  ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക്‌ ഫലപ്രദമായ പരിഹാരം ഉണ്ടാക്കാനായി.  വൈദ്യശാസ്ത്രരംഗം  ഫലപ്രദമായി ഇടപെട്ടതിന്റെ ഭാഗമായി  ഇന്ന് ജനങ്ങളുടെ ആയുർദൈർഘ്യം വർധിക്കാനും ശിശുമരണ നിരക്കും മാതൃമരണ നിരക്കും കുറയ്ക്കാനും സാധിച്ചു.

ശാസ്‌ത്ര -സാങ്കേതിക പുരോഗതിയുടെ അടിസ്ഥാനത്തിൽ ജനജീവിതം മെച്ചപ്പെടുത്താനുള്ള സൗകര്യം ലോകമെമ്പാടും വ്യാപകമാണ്.  പക്ഷേ നിർഭാഗ്യവശാൽ, ഇത്തരത്തിലുള്ള  പുരോഗതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അസമമാണ്. അതുപോലെ കാലാവസ്ഥാ വ്യതിയാനം, പോഷകാഹാരക്കുറവ്, തൊഴിലില്ലായ്മ, പട്ടിണി, അക്രമം തുടങ്ങിയ വെല്ലുവിളികൾ വലിയ ഭീഷണിയായി ലോകത്തെ പല ജനവിഭാഗവും നേരിടേണ്ടിവരുന്നു. ലിംഗഭേദം, വംശം, വർഗം, മതം, വൈകല്യം എന്നിവയെ അടിസ്ഥാനമാക്കി, മറ്റ് ഘടകങ്ങൾക്കൊപ്പം, നിരവധി ആളുകൾ ഇപ്പോഴും വിവേചനത്തിനും ഉപദ്രവത്തിനും അക്രമത്തിനും വിധേയരാകുന്നു.  വിവിധ കാരണങ്ങളാൽ, ദശലക്ഷക്കണക്കിന് ആളുകൾ ലോകത്തിന്റെ പല ഭാഗത്തുനിന്നും നിർബന്ധിതമായി കുടിയിറക്കപ്പെടുന്നതും ഈ കാലഘട്ടത്തിൽ നാം അഭിമുഖീകരിക്കുന്ന പ്രശ്നമാണ്.

ജനസംഖ്യാ വളർച്ചയും പ്രകൃതിവിഭവങ്ങളും സങ്കീർണമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതിവിഭവങ്ങളെ കൂടുതലായി ആശ്രയിക്കുന്ന സമ്പദ്‌‌വ്യവസ്ഥയുള്ള പ്രദേശങ്ങളിലും വികസ്വര രാജ്യങ്ങളിലും കാലാവസ്ഥാ വ്യതിയാനവും ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ചയും ഇന്ന് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ജനസാന്ദ്രത കൂടുതലാണെങ്കിലും ദക്ഷിണ കൊറിയ, ജപ്പാൻ, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങൾ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തങ്ങളുടെ കൈവശമുള്ള വിഭവങ്ങൾ നന്നായി ഉപയോഗപ്പെടുത്തി വളരെ കാര്യക്ഷമമായി സാഹചര്യത്തെ നേരിടുന്നുവെന്നത് ഇന്ത്യയടക്കമുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾക്ക് ഒരു പാഠമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top