26 April Friday
ഇന്ന് ലോക ഫാർമസിസ്റ്റ് ദിനം

മരുന്നറിവുകൾ പകരാൻ പേഷ്യന്റ്‌ കൗൺസലിങ്‌

ഒ സി നവീൻ ചന്ദ്Updated: Saturday Sep 25, 2021

മരുന്ന് മനുഷ്യജീവിതത്തിന്റെ  അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. രോഗനിർണയം നടത്തുന്നതിന്റെ അത്രമാത്രം പ്രാധാന്യമുണ്ട് മരുന്ന് ഉപയോഗിക്കുന്നതിലും. വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട മരുന്ന്, ഏതെങ്കിലും തരത്തിൽ അശ്രദ്ധ കാണിച്ചാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവന്നേക്കാം. കൃത്യമായ അളവിലും സമയത്തും കഴിക്കുന്നതോടൊപ്പം മറ്റ് മരുന്നുകളും ഭക്ഷണങ്ങളുമായുണ്ടാക്കിയേക്കാവുന്ന പ്രതിപ്രവർത്തനം തൊട്ട് നിരവധി സങ്കീർണതകൾ നിറഞ്ഞതാണ് മരുന്നുപയോഗം.

ഒരു മരുന്ന് ശരീരത്തിലെത്തുന്നതു തൊട്ട് സംഭവിക്കുന്ന അതിന്റെ മെക്കാനിസവും ഫാർമക്കോളജിക്കൽ ആക്‌ഷനുമടക്കമുള്ള കാര്യങ്ങൾ വളരെ സൂക്ഷ്‌മമായി പഠിച്ച വിഭാഗമാണ് ഫാർമസിസ്റ്റുകൾ. അലോപ്പതി മരുന്നിന്റെ ഗുണങ്ങളും ദോഷങ്ങളും ശാസ്ത്രീയമായി പ്രതിപാതിക്കുന്നുണ്ട്. മരുന്നുകൾ ദീർഘകാലം കഴിക്കാൻ പാടുണ്ടോ, ആന്തരികാവയവങ്ങളെ എങ്ങനെ ബാധിക്കും, കഴിക്കുന്ന മരുന്ന് മറ്റ് അസുഖങ്ങൾക്ക് കാരണമാകുമോ തുടങ്ങി നിരവധി കാര്യങ്ങൾ രോഗി മനസ്സിലാക്കേണ്ടതുണ്ട്. കോവിഡ്–19 മഹാമാരിയുടെ വരവോടെ അശാസ്ത്രീയ  മരുന്നുപയോഗം വ്യാപകമായിട്ടുണ്ട്. ഇത് രോഗം ഗുരുതരവും സങ്കീർണമാകുന്നതിനും ഇടയാക്കുന്നുണ്ട്. കൃത്യമായ ചികിത്സ തേടാത്തതു കാരണം കോവിഡാനന്തരം അലട്ടുന്ന അസുഖങ്ങൾ വ്യാപകമാകുകയാണ്.

കോവിഡിന്റെ മാരകശേഷിയും മരണനിരക്കും കുറഞ്ഞതോടെ വളരെ ലാഘവത്തോടെയാണ് രോഗത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്നത്. രോഗലക്ഷണങ്ങൾ കാണുമ്പോൾത്തന്നെ ഫാർമസിയിൽനിന്ന്, നേരത്തേ കോവിഡ് ബാധിച്ച രോഗിയുടെ ശീട്ട് ഉപയോഗിച്ച് മരുന്ന് വാങ്ങി ഉപയോഗിക്കുന്ന പ്രവണതയും കൂടിവരുന്നുണ്ട്. അശാസ്ത്രീയ മരുന്നുപയോഗം രോഗം ഗുരുതരമാക്കുന്നതിലും മരണപ്പെടുന്നതിലും  കാരണമാകുന്നുണ്ട്. ആരോഗ്യരംഗത്ത് നടപ്പായിട്ടുള്ള മാറ്റങ്ങളും പരിഷ്കാരങ്ങളുമാണ് നമ്മുടെ സംസ്ഥാനത്തെ കോവിഡിൽനിന്ന്‌ ഒരു പരിധിവരെയെങ്കിലും രക്ഷിച്ചത്. സാധാരണക്കാർക്ക് മുഖ്യ ആശ്രയകേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രങ്ങൾ മാറിയിട്ടുണ്ട്. രോഗനിർണയത്തിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യവും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. പേഷ്യന്റ് കൗൺസലിങ്‌ സംവിധാനംകൂടി പ്രാവർത്തികമായാൽ മരുന്നുപയോഗത്തിൽ കൃത്യതയും രോഗശമനം എളുപ്പമാക്കാനും കഴിയും. പേഷ്യന്റ് കൗൺസലിങ്‌ സംവിധാനം മെഡിക്കൽ കോളേജ് ആശുപത്രിയിലടക്കം ഏർപ്പെടുത്തുന്നതോടെ  ആരോഗ്യരംഗത്ത് മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയും.

സാമൂഹ്യ ജീവിതത്തിൽ ഫാർമസിസ്റ്റിന്റെ പ്രാധാന്യം ഉൾക്കൊണ്ട് സ്വകാര്യമേഖലകളിലും പേഷ്യന്റ് കൗൺസലിങ്‌ സംവിധാനം ശക്തിപ്പെടുത്തണം. കോവിഡ് പകർച്ചവ്യാധി രൂക്ഷമായ ഘട്ടത്തിലും സ്വന്തം ആരോഗ്യംപോലും അവഗണിച്ച് ജനങ്ങളെ സേവിക്കാൻ അക്ഷീണം പ്രവർത്തിച്ചവരാണ് ഫാർമസിസ്റ്റുകൾ. വർത്തമാനകാലത്ത് ഉയർന്നുവന്നിട്ടുള്ള വെല്ലുവിളികൾ നേരിടാൻ മൂല്യബോധം ഉയർത്തിപ്പിടിച്ച് ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി മുഴുവൻ ഫാർമസിസ്റ്റുമാരും പ്രതിജ്ഞാബദ്ധരാകണം.

(സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top