27 September Wednesday

പുതുവഴികൾ തേടുന്ന ക്ഷീരവ്യവസായം

കെ എസ്‌ മണിUpdated: Thursday Jun 1, 2023

പാലിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുമുള്ള പ്രാധാന്യം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനുംവേണ്ടിയാണ് ലോക ക്ഷീരദിനം ആചരിച്ചുവരുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷനാണ് ഈ ദിനം ആചരിക്കുന്നത്.

‘സുസ്ഥിര ക്ഷീരവ്യവസായം ഭൂമിക്കും മനുഷ്യനും ഗുണകരം' എന്നതാണ്  ഇത്തവണത്തെ പ്രമേയം. അതായത് ക്ഷീരവ്യവസായംകൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ എങ്ങനെ കുറയ്ക്കാമെന്നതാണ് ഉദ്ദേശിക്കുന്നത്. ക്ഷീരവ്യവസായ പ്രക്രിയയിലൂടെ  അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന മീഥെയ്ൻ വാതകത്തിന്റെ അളവ് എങ്ങനെ കുറയ്ക്കാമെന്നത്  അന്താരാഷ്ട്രതലത്തിൽ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വലിയ വെല്ലുവിളിയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി പല മാനദണ്ഡവും  ഏർപ്പെടുത്തിയിട്ടുണ്ട്. പാൽക്കറവയടക്കമുള്ള കാര്യങ്ങൾ ജീവിതോപാധിയായ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ എത്രകണ്ട് പാലിക്കാനാകുമെന്ന് ചിന്തിക്കേണ്ട വിഷയമാണ്.

മൂന്നാം ലോക രാജ്യങ്ങളിലെ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിൽ പാലും പാലുൽപ്പന്നങ്ങളും വഹിക്കുന്ന പങ്ക് വിസ്മരിക്കാനാകില്ല. ഈ സാഹചര്യത്തിൽ വികസിത രാജ്യങ്ങളിലെ വരേണ്യവർഗം പാലിനും പാലുൽപ്പന്നങ്ങൾക്കും എതിരായി നടത്തുന്ന പ്രചാരണത്തെ  ദൗർഭാഗ്യകരമെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ. രാജ്യത്തെ ക്ഷീരകർഷകരെ സംബന്ധിച്ചിടത്തോളം പാലുൽപ്പാദനം ഗാർഹികവൃത്തി കൂടിയാണ്.

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന  അളവിൽ പാലുൽപ്പാദനം ഉണ്ടാകുകയും അതോടൊപ്പം പാലിന്റെ ഗുണമേന്മ നിലനിർത്തുകയും ചെയ്യുന്നത് 10 ലക്ഷത്തിലേറെ വരുന്ന ക്ഷീരകർഷകരുടെ പ്രസ്ഥാനമായ മിൽമ പോലുള്ള  സഹകരണമേഖലാ സ്ഥാപനത്തിന്റെ പ്രാഥമിക കർത്തവ്യമാണ്. രാജ്യത്തെ ഏറ്റവുമധികം പാൽ വിറ്റുവരവ് ലഭിക്കുന്നതിന്റെ പിൻബലത്തിൽ നടപ്പുവർഷത്തിൽ ഉൽപ്പാദനം 15 ശതമാനമെങ്കിലും കൂട്ടാൻ സാധിച്ചാൽ സംസ്ഥാനം പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്നു തന്നെയാണ് വിശ്വാസം. ഈ നേട്ടം കൈവരിക്കേണ്ടത് ക്ഷീര കർഷകരുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും കരുതുന്നു.

അന്യസംസ്ഥാന ക്ഷീര ബ്രാൻഡുകൾ പാലിന്റെ ചില്ലറവിൽപ്പനയിലേക്ക് കടന്നുവരുന്നത് നാട്ടിലെ ക്ഷീരകർഷകർ ആശങ്കയോടെയാണ് കാണുന്നത്. വിപണനത്തിലും വിതരണത്തിലുമെന്ന പോലെ സംസ്ഥാനത്തെ ക്ഷീരമേഖല മറ്റ് മേഖലകളിലും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. പശുക്കളിലെ ചർമമുഴ, കാലാവസ്ഥാ വ്യതിയാനം, വർധിച്ചുവരുന്ന ഉൽപ്പാദനച്ചെലവ്, വിലക്കയറ്റം എന്നിവയും പ്രതികൂലമായി ബാധിക്കുന്നു. വെല്ലുവിളികൾ ഉണ്ടെങ്കിലും ശോഭനമായ ഭാവിയാണ് സംസ്ഥാനത്തെ ക്ഷീരമേഖലയ്ക്കുള്ളത്. പാലുൽപ്പാദനക്ഷമതയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. 2020-–- 21ലെ രാജ്യത്തെ ഏറ്റവും നല്ല ആനന്ദ് മാതൃക ക്ഷീരോൽപ്പാദക സഹകരണ സംഘത്തിനുള്ള ‘ഗോപാൽരത്ന പുരസ്കാരം' രണ്ടാം സ്ഥാനവും 2021-–- 22ലെ ഒന്നാം സ്ഥാനവും വയനാട്ടിലെ രണ്ട്‌ സംഘങ്ങൾ  കരസ്ഥമാക്കി. ഇത് കേരളത്തെ സംബന്ധിച്ച് അഭിമാനാർഹമായ നേട്ടമാണ്.  ക്ഷീരോൽപ്പാദന മേഖലയ്ക്ക് അവസരങ്ങളുണ്ട്. അതേസമയം, വെല്ലുവിളികളും നേരിടേണ്ടിവരുന്നു. അവസരങ്ങൾ ഉപയോഗിക്കാനും വെല്ലുവിളികളെ ശക്തമായി നേരിടാനും സംസ്ഥാന സർക്കാർ, വിവിധ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ക്ഷീരകർഷകർ എന്നിവരുടെ കൂട്ടായ പിന്തുണ ആവശ്യമാണ്.

(മിൽമ ചെയർമാനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top