16 April Tuesday
ഇന്ന്‌ ആഗോള ഭക്ഷ്യസുരക്ഷാദിനം

ഭക്ഷണം കാത്ത്‌ ലോകം

ടി ചന്ദ്രമോഹൻUpdated: Tuesday Jun 7, 2022

പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഭക്ഷ്യക്ഷാമത്തിന്റെയും പ്രതീകമായിരുന്നു ലോകത്തിന്‌ സൊമാലിയ. യമൻ, ലബനൻ, മൊറോക്ക, സിറിയ ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ സ്ഥിതി ഇന്ന്‌ ഇതിലും ദയനീയം.  റഷ്യ–-ഉക്രയ്‌ൻ യുദ്ധം ലോകത്തെ അത്രയേറെ അനിശ്‌ചിതത്വത്തിലാക്കി. ഭക്ഷ്യക്ഷാമം, വിലക്കയറ്റം, ഇന്ധനക്ഷാമം, പട്ടിണി തുടങ്ങിയ ദുരിതങ്ങൾ വികസ്വര രാജ്യങ്ങളെയും പിടികൂടുന്നു. ആഗോള ഭക്ഷ്യവിതരണ ശൃംഖലയെ യുദ്ധം സാരമായി ബാധിച്ചു.  ഭക്ഷ്യക്ഷാമത്തെ തുടർന്ന്‌ പല രാജ്യവും പട്ടിണിയിലേക്ക്‌ നീങ്ങുമ്പോഴാണ്‌ ഇത്തവണ ആഗോള ഭക്ഷ്യസുരക്ഷാ ദിനം  (Global Food Safety  Day) ആചരിക്കുന്നത്‌.  ‘സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം’ എന്നതാണ്‌ ഭക്ഷ്യസുരക്ഷാദിന പ്രമേയം. ഐക്യരാഷ്ട്രസംഘടന ഏജൻസികളായ ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്‌ഒ) ഭക്ഷ്യ കാർഷിക സംഘടനയും (എഫ്‌എഒ) ചേർന്നാണ്‌ ദിനം ആചരിക്കുന്നത്‌.  ‘നാളത്തെ ആരോഗ്യത്തിന്‌  ഇന്ന്‌ സുരക്ഷിതമായ ഭക്ഷണം’ എന്നതായിരുന്നു കോവിഡ്‌ മഹാമാരി പടർന്നുപിടിച്ച കഴിഞ്ഞ വർഷത്തെ ഭക്ഷ്യസുരക്ഷാദിന പ്രമേയം.  മെച്ചപ്പെട്ട ആരോഗ്യത്തിന്‌ സുരക്ഷിത ഭക്ഷണം ആവശ്യമാണ്‌. 

സുരക്ഷിതമല്ലാത്ത ഭക്ഷണം പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു.  ഈ പ്രമേയം ഉയർത്തി ഭക്ഷ്യസുരക്ഷാദിനം ആചരിക്കുമ്പോഴും ലോകത്തെ മൂന്നിലൊന്ന്‌ ജനങ്ങൾക്ക്‌ മതിയായ ഭക്ഷണം ലഭിക്കുന്നില്ല. കോടിക്കണക്കിനാളുകൾക്ക്‌ വിശപ്പടക്കാനുള്ള ഒരുനേരത്തെ ഭക്ഷണംപോലും നൽകാൻ കഴിയാത്ത സ്ഥിതി ഉയർന്നുവരുന്നു. യുദ്ധം മാത്രമല്ല,  കൊടിയ വരൾച്ചയും മഹാപ്രളയങ്ങളും കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യധാന്യോൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു.  ഭക്ഷ്യക്ഷാമവും വിലക്കയറ്റവുമാണ് കാത്തിരിക്കുന്നതെന്ന ഭീതിയിലാണ് ലോകം.  ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയുള്ളതായിരിക്കും അടുത്ത യുദ്ധമെന്ന മുന്നറിയിപ്പുകളും ഉയർന്നുവരുന്നു.

ലോകത്തിന്റെ ഭക്ഷ്യകലവറയായ കരിങ്കടൽ മേഖലയിൽമാത്രം യുദ്ധം ഒതുങ്ങിയിരിക്കുകയാണെങ്കിലും  ഭവിഷ്യത്ത്‌ ലോകമാകെ പടർന്നു. ലോകത്ത് കയറ്റുമതി ചെയ്യപ്പെടുന്ന ഗോതമ്പിന്റെ 30 ശതമാനവും റഷ്യയുടെയും ഉക്രയ്‌നിന്റെയും സംഭാവനയാണ്‌.  ചോളം, ബാർലി, സൂര്യകാന്തി എണ്ണ  എന്നിവയുടെ പ്രധാന കയറ്റുമതിയും ഇവിടെ നിന്നാണ്‌.  ഉപ്പ്, പഞ്ചസാര, മില്ലെറ്റ്, ഓട്സ് എന്നിവയുടെ കയറ്റുമതി ഉക്രയ്‌ൻ നിരോധിച്ചു. കയറ്റുമതി നിലച്ചതോടെ ആഗോളവിപണിയിൽ ധാന്യലഭ്യത കുറഞ്ഞു.  ഗോതമ്പ്‌, ബാർലി, ചോളം ഉൾപ്പെടെയുള്ള  ധാന്യങ്ങൾക്കും ഭക്ഷ്യ എണ്ണയ്‌ക്കും 60 ശതമാനംവരെ വില ഉയർന്നു. വില കൊടുത്താലും ഗോതമ്പ്‌ കിട്ടാത്ത അവസ്ഥ. ഇന്ത്യ ഉൾപ്പെടെ നാൽപ്പതോളം രാജ്യം ഭക്ഷ്യധാന്യ കയറ്റുമതിക്ക്‌ നിയന്ത്രണം ഏർപ്പെടുത്തി. 


 

യുദ്ധവും കലാപങ്ങളുംമൂലം കഷ്ടപ്പെടുന്ന മേഖലകളിൽ ഭക്ഷണമെത്തിക്കുന്ന യുഎൻ ഏജൻസിയായ ഗ്ലോബൽ ഫുഡ് പ്രോഗ്രാമിന് ആവശ്യത്തിന്‌ ധാന്യം കിട്ടുന്നില്ല.  ദിവസവും 12 കോടിയിലധികം ആളുകൾക്ക് ഭക്ഷണം എത്തിക്കുന്ന സംഘടനയാണിത്‌.  ഗ്ലോബൽ ഫുഡ് പ്രോഗ്രാമിന് ആവശ്യമായ ഗോതമ്പിന്റെ 40 ശതമാനം നൽകിയത് ഉക്രയ്‌നായിരുന്നു. 50 ലക്ഷത്തോളം പേർ ഉക്രയ്‌നിൽനിന്ന് അതിർത്തി രാജ്യങ്ങളിലേക്ക്‌ പലായനം ചെയ്‌തിട്ടുണ്ട്‌. ഇവർക്ക്‌  ഭക്ഷ്യവസ്തുക്കൾ എത്തിക്കേണ്ട ബാധ്യതയും യുഎന്നിന്‌ ഏറ്റെടുക്കേണ്ടിവന്നു. യുദ്ധം തുടരുകയാണെങ്കിൽ ഭക്ഷണവിതരണം മുടങ്ങുമെന്നും ഇത്‌ കൂട്ടമരണത്തിലേക്ക്‌ നയിച്ചേക്കാമെന്നും ഗ്ലോബൽ ഫുഡ്‌ പ്രോഗ്രാം ഡയറക്ടർ കെയ്‌റ്റ്‌ലിൻ വെൽഷ മുന്നറിയിപ്പു നൽകി.

റഷ്യ–ഉക്രയ്ൻ യുദ്ധത്തിനു മുമ്പേതന്നെ മധ്യപൗരസ്ത്യ ദേശത്തെയും വടക്കൻ ആഫ്രിക്കയിലെയും പല രാജ്യങ്ങൾക്കും ആവശ്യത്തിന്‌ ഭക്ഷ്യധാന്യം ലഭിച്ചിരുന്നില്ല. യുദ്ധം വന്നതോടെ പ്രതിസന്ധി രൂക്ഷമായി. ഇറാഖ്‌, യമൻ, എത്യോപ്യ, സൗത്ത്‌ സുഡാൻ, സിറിയ, ലിബിയ, ലബനൻ, ഈജിപ്‌ത്‌, മൊറോക്കോ, ടൂണിഷ്യ എന്നിവിടങ്ങളിലെ ദശലക്ഷങ്ങളാണ്‌ പട്ടിണിയിലായത്. 

ഇന്ത്യ കയറ്റുമതി വർധിപ്പിക്കാൻ ശ്രമിക്കുന്ന ഘട്ടത്തിൽ ഈ സീസണിൽ ഉൽപ്പാദനത്തിൽ എട്ട്‌ ശതമാനത്തോളം ഇടിവുണ്ടായി. ആഭ്യന്തര വിപണിയിൽ വില ഉയർന്നതോടെ കയറ്റുമതി നിയന്ത്രണത്തിന്‌ ഇന്ത്യ നിർബന്ധിതമായി. ഭക്ഷ്യ ധാന്യോൽപ്പാദനത്തിൽ സ്വയം പര്യാപ്‌തത കൈവരിച്ചെങ്കിലും രാജ്യത്തെ 35 കോടി ജനങ്ങൾക്ക്‌ ആവശ്യത്തിന്‌ ഭക്ഷ്യധാന്യം ലഭിക്കുന്നില്ല. 15 കോടി ജനങ്ങൾ കൊടിയ ദാരിദ്ര്യത്തിലാണ്‌.   ദേശീയ ആരോഗ്യ സർവേ പ്രകാരം ആറ്‌ മാസംമുതൽ 23 മാസംവരെയുള്ള  കുട്ടികളിൽ 10 ശതമാനത്തിന്‌ മാത്രമാണ്‌ പോഷകമൂല്യമുള്ള മതിയായ ഭക്ഷണം ലഭിക്കുന്നത്‌.  50 ശതമാനത്തിലേറെ കുട്ടികളിലും അമ്മമാരിലും പോഷകാഹാരക്കുറവുമൂലമുണ്ടാകുന്ന രോഗങ്ങൾ വ്യാപകമാണെന്ന്‌ സർവേ വ്യക്തമാക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയെങ്കിലും ഭക്ഷ്യദാരിദ്ര്യം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top