25 April Thursday

പരിസ്ഥിതി സംരക്ഷണത്തിന്റെ 
രാഷ്ട്രീയമാനങ്ങൾ

പുത്തലത്ത് ദിനേശന്‍Updated: Monday Jun 5, 2023

ജൂൺ അഞ്ച്‌ പരിസ്ഥിതിദിനമായി ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം ആചരിക്കുകയാണ്. ആഗോളതാപനവും ഓസോൺ പാളിയിലെ ചോർച്ചയുമെല്ലാം രൂപപ്പെട്ടുവന്നതോടെ പാരിസ്ഥിതിക പ്രശ്നം ജനങ്ങളുടെ ഇടയിൽ സജീവമായിട്ടുണ്ട്. സമുദ്രജലനിരപ്പുയരുന്നതും കാലവർഷം താളംതെറ്റുന്നതും തീവ്രമഴയും അതിതീവ്രമഴയും ഇതിന്റെ ഭാഗമാണെന്ന തിരിച്ചറിവും വളർന്നുവന്നുകഴിഞ്ഞിട്ടുണ്ട്. ഒരേയൊരു ഭൂമി എന്ന ആഹ്വാനത്തോടെ ആരംഭിച്ച ഈ ദിനാചരണം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിർമാർജനത്തിന്റെ സന്ദേശവുമായാണ് ഈവർഷം കടന്നുവരുന്നത്.
പാരിസ്ഥിതിക ആഘാതം മുതലാളിത്ത വ്യവസ്ഥയുടെ കൂടപ്പിറപ്പായ  ലാഭാധിഷ്ഠിതമായ സമീപനത്തിന്റെ അടിസ്ഥാനത്തിൽ  വികസിച്ചുവരുന്ന ഒന്നാണെന്ന് മൂലധനത്തിൽ കാൾ മാർക്സ് എടുത്തുപറയുന്നുണ്ട്.

‘എല്ലാ സമ്പത്തിന്റെയും മൂല്യസ്രോതസ്സുകളായ മണ്ണിനെയും തൊഴിലാളിയെയും ഊറ്റിക്കുടിച്ചുകൊണ്ട് മാത്രമാണ് മുതലാളിത്ത ഉൽപ്പാദനം സാങ്കേതികവിദ്യയെ വളർത്തുകയും ഒരു സാമൂഹ്യ സമഷ്ടിയായി വിവിധ പ്രക്രിയകളെ സംയോജിപ്പിക്കുകയും ചെയ്യുന്നത്.' എന്ന കാര്യം ഓർമപ്പെടുത്തിക്കൊണ്ട് പരിസ്ഥിതിയെയും തൊഴിലാളിയെയും ചൂഷണം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ ഉൾപ്പെടെ രൂപപ്പെടുത്തുകയാണെന്ന് ഇതിലൂടെ മാർക്സ് ഓർമപ്പെടുത്തുന്നു. കാൾ മാർക്സിനെക്കുറിച്ച് ലെനിൻ എഴുതിയ കുറിപ്പിൽ ഉദ്ധരിക്കുന്ന മൂലധനത്തിലെ ഏക വാചകം ഇതാണ് എന്നതും ശ്രദ്ധേയമാണ്. നാടിനു ചേർന്ന സാങ്കേതികവിദ്യയെ രൂപപ്പെടുത്തി മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യവും ഇത് മുന്നോട്ടുവയ്‌ക്കുന്നുണ്ട്.

പ്രകൃതിയിൽ ഒരുതരത്തിലും ഇടപെടേണ്ടതില്ലെന്ന ചിന്താഗതികളെയും നിഷേധിക്കുകയും ശാസ്ത്രീയമായ സമീപനം ഇക്കാര്യത്തിൽ സ്വീകരിക്കണമെന്നും മാർക്സ് മൂലധനത്തിൽ ഓർമപ്പെടുത്തുന്നുണ്ട്. ‘അധ്വാനപ്രക്രിയ എന്നത് ഉപയോഗമൂല്യങ്ങളെ ഉൽപ്പാദിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി ചെയ്യുന്ന മനുഷ്യപ്രവർത്തനമാണ്. പ്രകൃതിവിഭവങ്ങളെ മാനുഷിക ആവശ്യങ്ങൾക്കുവേണ്ടി മാറ്റിയെടുക്കുകയെന്ന പ്രക്രിയയാണ് അത്. മനുഷ്യനും പ്രകൃതിക്കുമിടയിൽ ഭൗതിക പദാർഥങ്ങളെ വിനിമയം ചെയ്യാൻ അവശ്യോപാധിയാണ് അത്. മനുഷ്യന്റെ നിലനിൽപ്പിനുവേണ്ടി പ്രകൃതി അടിച്ചേൽപ്പിച്ച ഒരു ശാശ്വത ഉപാധിയാണ്'. ലാഭമോഹത്തോടെ പ്രകൃതിയിൽ ഇടപെടുന്നതിനു പകരം അതിനെ മനസ്സിലാക്കി ഇടപെടുകയാണ് വേണ്ടതെന്ന സമീപനമാണ് ഇവിടെ മാർക്സ് മുന്നോട്ടുവയ്‌ക്കുന്നത്. മനുഷ്യർക്ക് വേണ്ടത് ഈ ഭൂമിയിലുണ്ടെന്നും അത്യാഗ്രഹത്തിനുള്ളത് ഇല്ലെന്നുമുള്ള  കാഴ്ചപ്പാടാണ് ഗാന്ധിജി ഉയർത്തിപ്പിടിച്ചത് എന്നതും ശ്രദ്ധേയമാണ്.

‘പ്രകൃതിയുടെ വൈരുധ്യാത്മക’തയെന്ന ഏംഗൽസിന്റെ പൂർത്തിയാക്കാത്ത പുസ്തകത്തിൽ പ്രകൃതിയുടെമേൽ നടത്തുന്ന ഓരോ വിജയത്തെക്കുറിച്ചും ഇങ്ങനെ ഓർമപ്പെടുത്തുന്നുണ്ട്. ‘ഓരോ വിജയവും ഒന്നാമത് ഉളവാക്കുന്നത് നമ്മൾ പ്രതീക്ഷിച്ച ഫലങ്ങളാണെന്നത് ശരിതന്നെ. എന്നാൽ, രണ്ടാമതും മൂന്നാമതും അതുളവാക്കുന്നത് തികച്ചും വ്യത്യസ്തവും  അപ്രതീക്ഷിതവും. പലപ്പോഴും ആദ്യത്തേതിനെ തട്ടിക്കിഴിക്കുന്നതുമായ ഫലങ്ങളാണ്‌ എന്നും’  പ്രകൃതിയിൽ ശാസ്ത്രീയമായി ഇടപെടേണ്ടതിന്റെ ഓർമപ്പെടുത്തലാണ് ഇതിലൂടെ ഏംഗൽസും മുന്നോട്ടുവയ്ക്കുന്നത്.

വർത്തമാനകാലത്ത് ആഗോളതാപനത്തിന്റെ പ്രശ്നത്തിന് അടിസ്ഥാനമായിത്തീരുന്ന ഹരിതവാതക സാന്ദ്രീകരണം ലോകത്ത് രൂപപ്പെടുത്തുന്നത് വികസിത മുതലാളിത്ത രാഷ്ട്രങ്ങളാണ്. ഇന്ന് അന്തരീക്ഷത്തിൽ മൊത്തമുള്ള ഹരിതഗൃഹ വാതകങ്ങളുടെ നാലിലൊന്ന് അമേരിക്കൻ ഐക്യനാടുകളുടേതാണ്. യൂറോപ്യൻ യൂണിയനാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. ലാഭത്തെ കേന്ദ്രീകരിച്ചുള്ള മുതലാളിത്ത വികസനരീതി പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് അടിസ്ഥാനമായിത്തീരുമെന്ന മാർക്സിന്റെയും ഏംഗൽസിന്റെയും നിരീക്ഷണങ്ങൾ ശരിയായിത്തീരുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഹരിതവാതക സാന്ദ്രീകരണത്തിലൂടെ വികസിത രാജ്യങ്ങളിലുണ്ടാകുന്ന ദുരന്തത്തിന് അതുകൊണ്ടുതന്നെ പരിഹാരം കാണേണ്ട ബാധ്യത വികസിത രാഷ്ട്രങ്ങൾക്കുണ്ട്. 2009 ഡിസംബർ 18ന് കോപ്പൻഹെഗനിൽ ചേർന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്ര ഉന്നതതല സമ്മേളനം ഇക്കാര്യം എടുത്തുപറഞ്ഞിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ജപ്പാനിലെ ക്വോട്ടോയിൽ പരിസ്ഥിതി നാശം പരിഹരിക്കുന്നതിന് ചില നിർദേശങ്ങൾ തയ്യാറാക്കപ്പെട്ടത്. എന്നാൽ, അത് നടപ്പാക്കുന്നതിന് സാമ്രാജ്യത്വ രാജ്യങ്ങൾ തയ്യാറാകാത്ത സാഹചര്യവും ലോകത്തെ പാരിസ്ഥിതിക പ്രശ്നത്തെ സങ്കീർണമാക്കുന്നു.

1992ൽ  റിയോ ഭൗമ ഉച്ചകോടിയിൽ  പാരിസ്ഥിതിക സംരക്ഷണത്തിനു വേണ്ടിയുള്ള സമരം വർഗസമരത്തിന്റെ ഭാഗമാണെന്ന നിലപാടാണ്‌ ഫിദൽ കാസ്ട്രോ സ്വീകരിച്ചത്. മനുഷ്യനെയും ലോകത്തെയും സംരക്ഷിക്കുകയെന്നത് തൊഴിലാളി വർഗത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ് എന്ന തിരിച്ചറിവാണ് ഇത്തരമൊരു സമീപനത്തിലേക്ക് കാസ്ട്രോ എത്തിയത്.

കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന മോദി സർക്കാർ പാരിസ്ഥിതിക സംരക്ഷണത്തിൽ  പ്രധാനപ്പെട്ട ഒന്നായ വനസംരക്ഷണമെന്ന ഉത്തരവാദിത്വത്തിൽനിന്നും പിന്തിരിയുകയാണ്. പാർലമെന്റിൽ  വനസംരക്ഷണ നിയമത്തിന് അവതരിപ്പിച്ച ഭേദഗതി ഇക്കാര്യം വ്യക്തമാക്കുന്നതാണ്. ഈ ഭേദഗതി ഗ്രാമസഭകൾക്ക് അവരുടെ പ്രദേശങ്ങളിൽ  നടപ്പാക്കാനുള്ള ഏത്‌ പ്രോജക്ടിനും  അംഗീകാരം നൽകാനും പിൻവലിക്കാനുമുള്ള  ഭരണഘടനാപരവും നിയമപരവുമായ അധികാരം എടുത്തുകളയുന്നതാണ്. ഇത് വനങ്ങളുടെ സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുകയും വനസംരക്ഷണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നതുമാണ്. ആദിവാസികളുടെ അവകാശങ്ങൾക്കുനേരെയുള്ള കടന്നാക്രമണവും ഇതിലുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങൾ സജീവമായി നിൽക്കുന്ന വർത്തമാനകാലത്ത് ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുന്നതാണ്.  

കേന്ദ്രത്തിന്റെ ഇത്തരം നയങ്ങളിൽനിന്നും വ്യത്യസ്തമായി ബദൽ സമീപനമാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. നെൽവയൽ സംരക്ഷണനിയമം ഉൾപ്പെടെയുള്ളവ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമെന്ന നിലയിലാണ് നടപ്പാക്കിയിട്ടുള്ളത്. കേരളത്തിലെ പാരിസ്ഥിതിക ആഘാതം എത്രത്തോളം ഭീകരമാണെന്ന് കാണിക്കാനാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പരിസ്ഥിതി ധവള പത്രം പുറത്തിറക്കിയത്. അതിന്റെ അടിസ്ഥാനത്തിൽ  സംസ്ഥാനത്തിന്റെ സുസ്ഥിരവികസനം നിർണയിക്കുന്ന മൂന്ന് അടിസ്ഥാന ഘടകങ്ങളിൽ ഒന്നായാണ് പ്രകൃതിസംരക്ഷണത്തെ സംസ്ഥാന സർക്കാർ കാണുന്നത്. അതിന്റെ ഭാഗമായാണ് മണ്ണ്, ജലം എന്നിവയുടെ സംരക്ഷണം, ജൈവ കൃഷി, മാലിന്യസംസ്കരണം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഹരിത കേരളം മിഷൻ ആരംഭിച്ചതും.

ഗ്രീൻ കേരള ഇനിഷ്യേറ്റീവ് എന്ന പദ്ധതിയും ഇതിന്റെ തുടർച്ചയായാണ്‌.  നമ്മുടെ ആവാസ വ്യവസ്ഥയിൽനിന്നും അന്യംനിന്നുപോകുന്ന വൃക്ഷങ്ങളെ കണ്ടെത്തി അവയുടെ തൈകളുൽപ്പാദിപ്പിച്ച് സംസ്ഥാനത്താകെ നട്ടുവളർത്താനുള്ള പദ്ധതിയുമായും സംസ്ഥാന സർക്കാർ മുന്നോട്ടുപോകുകയാണ്. നദികളെ ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കാനും  തണ്ണീർത്തടം ഉൾപ്പെടെ സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങളും തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുകയാണ്.

പ്രളയത്തെ മറികടക്കുന്നതിന് പരിസ്ഥിതി സൗഹാർദപരമായ നിർമാണപ്രവർത്തനങ്ങൾ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ  റീബിൽഡ് കേരള പദ്ധതി നടപ്പാക്കിയത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. നാടിനു ചേർന്ന സസ്യജാലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നാടിനു ചേരാത്ത സസ്യജാലങ്ങളെ ഒഴിവാക്കുന്നതിനുവേണ്ടിയും രൂപപ്പെടുത്തിയ വന പുനഃസ്ഥാപന നയവും ഇതിന്റെ തുടർച്ചയാണ്. പ്ലാസ്റ്റിക് നിർമാർജനത്തിനായി സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളും ഇതിന്റെ തുടർച്ചയാണ്.  

പരിസ്ഥിതി സംരക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാർബൺ ന്യൂട്രാലിറ്റി എന്നുള്ളത്. വയനാട്ടിലെ മീനങ്ങാടി പഞ്ചായത്തിനെ ഇത്തരത്തിൽ മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഇ–-വാഹന നയവും ഇത് ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ്. സിൽവർ ലൈൻ പോലുള്ള പദ്ധതികളും കാർബൺ ന്യൂട്രാലിറ്റി രൂപപ്പെടുത്തുന്നതിന് സഹായകമാണ്. ഈ യാഥാർഥ്യത്തെ മനസ്സിലാക്കുന്നതിന് പല പരിസ്ഥിതി സ്നേഹികൾക്കും കഴിഞ്ഞിട്ടില്ലെന്ന യാഥാർഥ്യവും നിലനിൽക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് മാലിന്യനിർമാർജനം ചെയ്യുകയെന്നത് ഏറ്റവും പ്രധാനമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളും മാലിന്യനിർമാർജന പ്രവർത്തനവും നടത്തിയത്.

ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചുകൊണ്ടും പ്രകൃതിസംരക്ഷണം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളാണ് നാട് ആവശ്യപ്പെടുന്നത്. ജനങ്ങളെ പാരിസ്ഥിതിക സംരക്ഷണപ്രവർത്തനത്തിന് അണിനിരത്തിക്കൊണ്ടുമാത്രമേ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാനാകൂ. അതിനുതകുന്ന വിധത്തിലുള്ള ബഹുജന മുന്നേറ്റമാണ് ഉയർന്നുവരേണ്ടത്. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ അതിന് കരുത്താകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top