ഞായറാഴ്‌ച ലോക വയോജനദിനമാണ്. സമൂഹത്തിന്റെ സവിശേഷമായ ശ്രദ്ധയും കരുതലും ആവശ്യമായ ഒരു വിഭാഗത്തെ പൊതുജന ശ്രദ്ധയിൽപ്പെടുത്തുക, അവരുടെ പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുക, കാലാകാലങ്ങളിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഉണ്ടായ പുരോഗതി അവലോകനംചെയ്ത് ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുക എന്നിവയാണ് ഈ ദിനാചരണംകൊണ്ട് ലക്ഷ്യമാക്കുന്നത്. ലോക വയോജന ദിനാചരണത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല.
ഓരോ രാഷ്ട്രവും അവരുടെ സാഹചര്യങ്ങൾക്ക് അനുസൃതമായി വയോജനക്ഷേമ നയങ്ങൾ രൂപീകരിച്ച്, സാമ്പത്തിക, സാമൂഹ്യ, സാംസ്കാരികസുരക്ഷ ഉറപ്പാക്കണമെന്ന നിർദേശം ഫലപ്രാപ്തിയിൽ എത്തിയിട്ടില്ലെന്ന് പറയേണ്ടിയിരിക്കുന്നു. മഹാമാരിയുടെ കാലത്ത് നിലവിലുള്ള വയോജന നയങ്ങൾ എത്രമാത്രം അപര്യാപ്തമാണെന്ന് ലോകം തിരിച്ചറിഞ്ഞു. ഈ സ്ഥിതിവിശേഷത്തിന്റെ കാരണങ്ങൾ എന്താണ്? ഉത്തരം വളരെ ലളിതമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ വയോജന നയങ്ങളും നിർദേശങ്ങളും നടപ്പാക്കാൻ അംഗരാജ്യങ്ങൾക്ക് ഇപ്പോൾ നിയമപരമായ ബാധ്യതയില്ല. സർക്കാർ സൗജന്യങ്ങളെന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ഇവയെല്ലാം വയോജനങ്ങളുടെ മനുഷ്യാവകാശങ്ങളായി മാറേണ്ടതുണ്ട്.
വയോജനക്ഷേമരംഗത്ത് കേരള സംസ്ഥാന സർക്കാർ വിവിധങ്ങളായ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ഈ മേഖലയിലെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അംഗീകാരവും പ്രശംസയും കേരളത്തിന് പലതവണ ലഭിച്ചിട്ടുണ്ട്. പ്രതിമാസം 52 ലക്ഷംപേർക്ക് സാമൂഹ്യ പെൻഷൻ സംസ്ഥാനം നൽകുന്നുണ്ട്. വയോമിത്രം, വയോരക്ഷ, വാതിൽപ്പടി സേവനങ്ങൾ, വയോമധുരം, മന്ദഹാസം, വയോസമ്മാൻ, വയോപോഷണം, സൗജന്യ ആയുർവേദ ചികിത്സ, അൽഷിമേഴ്സ് രോഗചികിത്സ, മെമ്മറി സ്ക്രീനിങ് ക്ലിനിക്, ആശ്വാസകിരൺ പദ്ധതി, സൈക്കോ സോഷ്യൽ കെയർ, സായംപ്രഭാ ഹോമുകൾ, സെക്കൻഡ് ഇന്നിങ്‌സ് ഹോം, ബോധി, ദുർബല ജനവിഭാഗങ്ങൾക്ക് സുരക്ഷിതത്വം നൽകുന്ന പദ്ധതി, ബെൽ ഓഫ് ഫെയ്ത്ത്, റിവേഴ്സ് മോർട്ട്ഗേജ്, ജാഗ്രതാ സമിതികൾ തുടങ്ങിയവ സംസ്ഥാനം നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങളാണ്.
കൂടാതെ വയോജന കൗൺസിലുകൾ പ്രവർത്തിക്കുന്നു. സംസ്ഥാനം വയോജന നയങ്ങൾ കാലാകാലങ്ങളിൽ പുനഃപരിശോധിക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്നു. വയോജനങ്ങളുടെ സമഗ്രമായ സർവേ സംസ്ഥാനത്ത് അധികം താമസിയാതെ ആരംഭിക്കുകയാണ്. ഇത് വളരെ പ്രയോജനപ്പെടും. പരാതി പരിഹാരത്തിനായി വയോജന കമീഷൻ രൂപീകരണം അന്തിമഘട്ടത്തിലാണ്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ നിലപാട് എന്താണെന്നുംകൂടി നമുക്ക് പരിശോധിക്കാം. ഒരു സമഗ്രമായ വയോജന നയം കേന്ദ്ര സർക്കാർ ഇതുവരെ രൂപീകരിച്ചിട്ടില്ല. 2007ലെ നിയമത്തിൽ നിർദേശിച്ച ഭേദഗതികൾ ഇനിയും പാർലമെന്റ് പാസാക്കിയിട്ടില്ല. ഒരു ദശാബ്ദത്തിനുമുമ്പ് വാർധക്യ പെൻഷൻ കേന്ദ്ര വിഹിതമായി അനുവദിച്ച 200 രൂപ സുപ്രീംകോടതിയുടെ അനുകൂല നിരീക്ഷണം ഉണ്ടായിട്ടുപോലും കേന്ദ്ര സർക്കാർ വർധിപ്പിച്ചിട്ടില്ല. ഈ തുച്ഛമായ തുകപോലും വളരെ കുറച്ച് വയോജനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. വയോജനങ്ങൾ അനുഭവിച്ചുവന്നിരുന്ന ട്രെയിൻ യാത്രാ സൗജന്യങ്ങൾ പിൻവലിച്ചത് ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. ആരോഗ്യമേഖലയിലും സാമൂഹ്യനീതി വകുപ്പിലും ബജറ്റിൽ നീക്കിവയ്‌ക്കുന്ന തുക കുറഞ്ഞുവരുന്നു. ഈ സ്ഥിതി തുടരുകയാണെങ്കിൽ വയോജനങ്ങൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശമെന്ന ലക്ഷ്യത്തിലേക്ക് രാഷ്ട്രം ഒരിക്കലും എത്തിച്ചേരുകയില്ല.
(സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..