18 April Thursday

ജനാധിപത്യ സംഹാരത്തിന്റെ 
പോപ്പുലിസ്റ്റ് കാലം - എ എം ഷിനാസ് എഴുതുന്നു

ഇന്ന്‌ ലോക ജനാധിപത്യദിനംUpdated: Thursday Sep 15, 2022


ലിബറലിസത്തിലും അതിന്റെ രാഷ്ട്രീയപാരമ്പര്യത്തിലും അന്തർലീനമായ ആന്തരിക വൈരുധ്യത്തെയും വഴിമാറ്റത്തെയും അനാച്ഛാദനം ചെയ്യുന്ന ഗ്രന്ഥ മാണ് 2011ൽ  പുറത്തുവന്ന ‘ലിബറലിസം: എ കൗണ്ടർ ഹിസ്റ്ററി’. തത്ത്വചിന്തകനും ചരിത്രകാരനുമായ ഇറ്റാലിയൻ മാർക്‌സിസ്റ്റ്‌  ഡൊമിനികോ ലൊസുർഡയാണ് ഗ്രന്ഥകാരൻ. എല്ലാവരിലേക്കും അനുക്രമമായി സ്വാതന്ത്ര്യം വ്യാപിപ്പിക്കുകയെന്ന അർഥത്തിൽ  അമിതസ്തുതിനിർഭരവും അതിശയോക്തിപൂർണവുമായ ഉദാരതാ വാദാഖ്യാനത്തിനാണ് മേൽക്കോയ്മ ലഭിച്ചുപോന്നത്. ലൊസുർഡയുടെ വാദം, തുടക്കം മുതൽതന്നെ ഉദാരതാവാദം അത്യന്തം അനുദാരമായ രാഷ്ട്രീയനയങ്ങളുമായി ബന്ധിതമായിരുന്നുവെന്നാണ്; അടിമത്തം, വംശഹത്യ, കൊളോണിയലിസം, വംശീയവാദം, കുലീനനാട്യം തുടങ്ങിയവയാൽ. സമകാലിക രാഷ്ട്രീയത്തിന്റെ രൂപീകരണത്തിൽ  സ്വാധീനം ചെലുത്തിയ വൈരുധ്യങ്ങൾ നിറഞ്ഞ ഈ പ്രത്യയശാസ്ത്രത്തിന്റെ രണ്ടരനൂറ്റാണ്ടുകാലത്തെ ചരിത്രം വിശകലനം ചെയ്യുന്ന ലൊസുർഡ, പ്രമുഖ ലിബറൽ  ചിന്തകരായ ജോൺ ലോക്ക്‌, എഡ്മണ്ട്‌ ബർക്ക്‌, അലക്‌സി ടോക്കവിൽ, ജെറമി ബെൻതം, ബെഞ്ചമിൻ കോൺസ്റ്റന്റ്, ഇമ്മാനുവൽ ജോസഫ് സീയസ് തുടങ്ങിയവരുടെ  ആശയങ്ങളും അഭിപ്രായങ്ങളും ഇഴകീറി  പരിശോധിക്കുന്നു. അങ്ങനെ ലിബറലിസത്തിന്റെ ഇരുണ്ടതും നിഗൂഢവും അഗാധവുമായ ദുർഗന്ധതലം വെളിപ്പെടുത്തുന്നു.

ലിബറൽ  രാഷ്ട്രീയപാരമ്പര്യം പലപ്പോഴും റേസിസം, കൊളോണിയലിസം, അടിമത്തം, വംശഹത്യ, ചൂഷണം എന്നിത്യാദി പ്രതിലോമ നയങ്ങളെ നിർദോഷീകരിക്കുകയും ആഘോഷിക്കുകയും ചെയ്തുവെന്ന് സമർഥിക്കുന്ന ലൊസുർഡ,  ലിബറലിസം പൊറുത്തുകൊടുത്ത  മഹാപാതകങ്ങളിൽ  അയർലൻഡിലെ മഹാക്ഷാമം, അമേരിക്കയിലെ അടിമത്തം, തദ്ദേശീയ അമേരിക്കക്കാരുടെ വംശഹത്യ,  കറുപ്പ് യുദ്ധങ്ങൾ, ഇന്ത്യയിലെ ബ്രിട്ടീഷ് അതിക്രമങ്ങൾ, തെക്കേ അമേരിക്കയിൽ പ്രയോഗത്തിൽ  വരുത്തിയ ജിംക്രോ നിയമങ്ങൾ എന്നിങ്ങനെ പലതും ഉൾപ്പെടുന്നുവെന്ന് എഴുതുന്നു. ലിബറലിസത്തിന്റെ സൈദ്ധാന്തികർ എങ്ങനെയാണ് അമേരിക്കൻ ആഭ്യന്തരയുദ്ധ കാലത്ത്‌ ഒരു ‘മാസ്റ്റർ റേസ് ഡെമോക്രസി’ വികസിപ്പിക്കാൻ സഹായിച്ചതും സഹകരിച്ചതുമെന്ന്  വിശദീകരിക്കുന്ന ഗ്രന്ഥകർത്താവ്, തുടർന്ന് വടക്കൻ യൂറോപ്യൻ സാമ്രാജ്യങ്ങൾ അന്യോന്യം പടവെട്ടിയതിലും പിന്നീട് കോളനികൾ പിടിച്ചെടുക്കുന്ന മത്സരത്തിലേർപ്പെട്ട് ലോകത്തെ പകുത്തതിലും ലിബറൽ  ചിന്താധാരകളുടെ ആഴത്തിലുള്ള നഖക്ഷതങ്ങൾ കാണുന്നു. പല ലിബറൽ  ചിന്തകരും സവിശേഷമായി പങ്കുവച്ച വെള്ളക്കാരുടെ മാഹാത്മ്യമെന്ന പിന്തിരിപ്പൻ മനക്കൂട്ട് ഫാസിസത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നെന്നും ലൊസുർഡ കൂട്ടിച്ചേർക്കുന്നു.

ഇത്രയും പറഞ്ഞത്‌, നവ ഉദാരവൽക്കരണ കാ ലത്ത്‌ വളർന്നുവന്ന തീർത്തും അനുദാരവും സമഗ്രാധിപത്യപരവും ന്യൂനപക്ഷ–- കുടിയേറ്റ–-അഭയാർഥി വിരുദ്ധവും പരദേശിഭീതിയും ഇസ്ലാമോഫോബ ക്കുമായ, വലതുപക്ഷ പോപ്പുലിസം എന്നറിയപ്പെടുന്ന നിയോഫാസിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങളെ വിശ ദീകരിക്കാനാണ്. ജനാധിപത്യമാർഗത്തിലൂടെ അധികാരത്തിൽ  വന്നശേഷം ജനായത്തമൂല്യങ്ങളെ അഗണ്യകോടിയിൽ  തള്ളുന്ന ഇവയുടെ സാരഥികളത്രെ അമേരിക്കയിലെ ട്രംപ്, ഇന്ത്യയിലെ മോദി, ഫ്രാൻസിലെ മരീൻ ലെ പെൻ, ഹംഗറി  യിലെ വിക്‌ർ ഒർബൻ, തുർക്കിയിലെ എർദോഗൻ, ബ്രസീലിലെ ജൈർ ബൊസനാരോ, ഇറ്റലിയിലെ മാറ്റിയോ സാവിനി –- ജുസെപ്പി കോണ്ടെ, ഫിലിപ്പീൻസിലെ റോഡ്രിഗൊ ദുതർത്തെ തുടങ്ങിയവർ. ഇവരിൽ  മരീൻ ലെ പെന്നിന് ഇതുവരെ അധികാരത്തിലേറാനായിട്ടില്ല. യൂറോപ്പിൽ  പല രാജ്യങ്ങളിലും ഇത്തരം വലതുപക്ഷ പോപ്പുലിസ്റ്റുകൾക്ക് വേരുകളുണ്ടായത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെയാണ്.

പോപ്പുലിസത്തിന്റെ നിഘണ്ടുനിർവചനം, ‘വരേണ്യവിഭാഗത്തെ ചെറുക്കുന്ന സാധാരണക്കാരുടെ രാഷ്ട്രീയ പരിശ്രമം’ എന്നാണ്. പക്ഷേ, ഈ പദം ഇക്കാലത്ത് അവഹേളനപരമാണ്. വരേണ്യ മേൽക്കോയ്മയെ പ്രതിരോധിക്കുന്നത് എങ്ങനെ ചീത്ത സംഗതിയാകും. തത്ത്വത്തിൽ  ജനാധിപത്യസംവി ധാനവും ഇതുതന്നെയാണ് ചെയ്യുന്നത്. അപ്പോൾ ജനാധിപത്യവും പോപ്പുലിസവും തമ്മിലുള്ള വ്യത്യാസമെന്താണ്. വാസ്തവത്തിൽ വലതുപക്ഷ പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിന്റെ പൊതുഘടകങ്ങൾ നേരത്തേ സൂചിപ്പിച്ചവയാണെങ്കിലും മറ്റുതലങ്ങളിൽ  അതിൽ  വിരുദ്ധാംശങ്ങൾ കാണാൻ സാധിക്കും. ഉദാഹരണത്തിന്, ട്രംപും ബ്രെക്സിറ്റ് വാദികളും ഒരർഥത്തിൽ  ആഗോളവൽക്കരണ വിരുദ്ധരാണെന്ന് പറയാം. എന്നാൽ, മോദിയും എർദോഗനും ആഗോളവൽക്കരണത്തിന്റെ ഉദ്ഘോഷകരാണ്. അതേപോലെ വലതുപക്ഷ പോപ്പുലിസത്തിന്റെയും ഇടതുപക്ഷ പോപ്പുലിസത്തിന്റെയും (ഹ്യൂഗോ ഷാവേസ്, ജെറമി കോർബിൻ, ബേണി സാൻഡേഴ്സ്) ഉള്ളടക്കവും രാഷ്ട്രീയ പ്രതിബദ്ധതയും വിപരീതമാണ്. പോപ്പുലിസത്തെ നിസ്സാരമായ ഒരു സാംസ്കാരികþമനോവി ജ്ഞാനീയ പ്രതിഭാസമായി വെട്ടിച്ചുരുക്കുന്നതും ഒരു അപസിദ്ധാന്തമാണ്.

തിടംവച്ചുവരുന്ന വലതുപക്ഷ പോപ്പുലിസത്തിന് (നിയോ ഫാസിസത്തിന്) ആസ്പദമായ കാരണങ്ങളെന്താണ്. അകീൽ  ബിൽഗ്രാമി എഴുതുന്നു: ‘കഴിഞ്ഞ രണ്ട് വ്യാഴവട്ടത്തിനിടയിൽ  കൊഴുത്തുവളർന്ന പരസ്പരവിരുദ്ധമായ പോപ്പുലിസങ്ങളുടെ അടി ത്തട്ടിൽ  കിടക്കുന്നത് രണ്ട് ലോകസ്ഥിതികളുടെ സങ്ക ലനമാണ്. ഒന്ന്, കഴിഞ്ഞ മൂന്ന് ദശകങ്ങൾക്കിടെ ആഗോളമുതലാളിത്തം സാമാന്യജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച കഷ്ടപ്പാടും ക്ലേശവും വേദ നയുമാണ്. രണ്ട്, ഈ ആഗോളീകൃത ഫിനാൻസ് മൂലധനവ്യവസ്ഥയെ കൃത്യമായി സംബോധന ചെയ്യാനും അതിനെപ്പറ്റി ഒരു വ്യവഹാരം സൃഷ്ടിച്ച് ഈ പ്രതി ലോമരാഷ്ട്രീ യത്തെ മനസ്സിലാക്കാനും വിമർശിക്കാനും ആ വക രാജ്യങ്ങളിലുള്ള രാഷ്ട്രീയപ്ര സ്ഥാനങ്ങളുടെ കഴിവില്ലായ്മയാണ്. അല്ലെങ്കിൽ  സന്നദ്ധതാരാഹിത്യമാണ് (ഇന്ത്യയിലെ കോൺഗ്രസ്‌ പാർടിതന്നെ ലക്ഷണമൊത്ത ഉദാ ഹ ര ണം). ആദ്യത്തെ കാര്യം കാണുന്നവർ രണ്ടാമത്തെ മർമപ്രധാനമായ സംഗതി കാണുന്നില്ല.’

പോപ്പുലിസ്റ്റ് വിരുദ്ധ ലിബറൽ  വക്താക്കളുടെ പ്രതികരണങ്ങൾ കപടമാണെന്ന്‌ പറയുന്ന ബിൽ ഗ്രാമി, പോപ്പുലിസത്തിനെതിരെ   ആക്രോശി ക്കുന്ന ലിബറലിസം അതിന്റെ ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യങ്ങളിൽ  പങ്കാളിയാണെന്നും ലിബറൽ  കാഴ്ചപ്പാടുകാർ നവ ഉദാരവൽക്കരണകാലത്തുടനീളം വലതുപക്ഷ പോപ്പുലിസത്തിന്റെ കിടപ്പറക്കൂട്ടാളിയായിരുന്നുവെന്നും കൂട്ടിച്ചേർക്കുന്നു.

ജനാധിപത്യസ്ഥാപനങ്ങളെ തുരങ്കംവച്ചും അവയെ തനിക്കാക്കി വെടക്കാക്കിയും മുന്നോട്ടുപോകുന്ന ഇന്ത്യയിലെ നിയോഫാസിസം മുസ്ലിം ജനസാ മാന്യത്തെ നാസി ജർമനിയിലെ ജൂതർക്ക് സമാനമായാണ്‌  കാണുന്നത്‌.  മുസ്ലിം അഭയാർഥികളെ ചിതൽപ്പുറ്റായി 2019ൽ  നിന്ദിച്ച അമിത് ഷാ, അവരെ ബംഗാൾ ഉൾക്കടലിൽ  തള്ളുമെന്ന് ആക്രോശിക്കുകയുമുണ്ടായി. രോഹിൻഗ്യകളെ മ്യാൻമറിലെ നിയോഫാസിസ്റ്റുകൾ പേപ്പട്ടികളെന്നും റേഡിയോ റുവാണ്ട തുത്സികളെ കൃമികളും കൂറകളുമെന്നും വിളിച്ചത് ഇതോടൊപ്പം ചേർത്തുവായിക്കാം.

പൗരത്വ ഭേദഗതി നിയമവും ജൂതരെ വേട്ടയാടാൻ നാസി ജർമനി ഉണ്ടാക്കിയ ന്യൂറംബർഗ് നിയമങ്ങളും തമ്മിൽ  ഞെട്ടിക്കുന്ന സാദൃശ്യമുണ്ട്. ഇന്ത്യയിലിപ്പോൾ വെറുപ്പും അപരദ്വേഷവും മതോന്മാദവും  വ്യവസ്ഥാപിതമായും ആസൂത്രിതമായും സൃഷ്ടിക്കപ്പെടുകയും സാധുകത്വം നേടുകയും ചെയ്തിരിക്കുന്നു. ഈ അരക്ഷിത പരിതോവസ്ഥ ഹിംസയെയും വംശഹത്യയെയും നീതീകരിക്കുകയും സ്വീകാര്യമാക്കുകയും ചെയ്യുന്നു. ഏറ്റവും മനുഷ്യത്വ ശൂന്യമായ ഈ വിദ്വേഷാഗ്നി ക്രമാനുസാരമാക്കുന്നതിലൂടെ അത് സാമാന്യമായിത്തീരുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. ജനാധിപത്യത്തെ ബലപ്പെടുത്താൻ ഭരണകൂടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലോകജനാധിപത്യദിനമാണ്‌ ഇന്ന്‌. എന്നാൽ,  ജനാധിപത്യമതനിരപേക്ഷ റിപ്പബ്ലിക്കിന്റെ നിഗ്രഹത്തിലാണ് ഹിന്ദുത്വ നിയോഫാസിസം മുഴുകിയിരിക്കുന്നത്.

(എറണാകുളം മഹാരാജാസ്‌ കോളേജിൽ 
ചരിത്രവിഭാഗം അധ്യാപകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top