03 December Friday

ലോകബാങ്ക് തെറ്റ് തിരുത്തുന്നു; മോദിയോ - എ കെ രമേശ് എഴുതുന്നു

എ കെ രമേശ്Updated: Wednesday Oct 20, 2021

ഈസ് ഓഫ് ഡൂയിങ് ബിസിനസിലും പ്രധാനം ഈസ് ഓഫ് ലിവിങ്ങിനായിരിക്കണമെന്ന് മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ബജറ്റവതരണത്തിനിടയ്‌ക്ക് പെട്ടെന്ന് പ്രഖ്യാപിച്ച ദൃശ്യം ഓർമയുണ്ടോ? ബിസിനസ് എളുപ്പമാക്കുന്നതിലും പ്രധാനം ജീവിതം വിഷമരഹിതമാക്കൽതന്നെയാണ് എന്ന ആ പ്രസ്താവന അവിചാരിതമായി പെട്ടെന്ന് കേട്ടമാത്രയിൽ, പ്രധാനമന്ത്രി മോദി തലയും താഴ്ത്തി മുഖം വീർപ്പിച്ചിരുന്നത്  രസകരമായ  കാഴ്ചയായിരുന്നു. ബിസിനസ് എളുപ്പമാക്കുന്ന കാര്യത്തിൽ "നോ സ്റ്റോൺ അൺടേൺഡ്' എന്നതായിരുന്നല്ലോ മൂപ്പരുടെ നിലപാട്. അതിനായി വെട്ടിനിരപ്പാക്കാത്തതായി നിയമങ്ങളൊന്നുമുണ്ടായിരുന്നില്ല. ബിസിനസുകാർക്ക് മുതൽമുടക്കാൻ തോന്നത്തക്കവിധത്തിൽ എല്ലാ തടസ്സവും തട്ടിമാറ്റിത്തട്ടിമാറ്റിയാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇൻഡക്സിൽ 2015ൽ 142–-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2018ൽ നൂറിലെത്തിയത്. അവിടെനിന്ന്‌ കുതിച്ച് 77ൽ എത്തി. കഴിഞ്ഞ കൊല്ലം അറുപത്തിമൂന്നാം സ്ഥാനത്തേക്ക്  കയറിപ്പോയി. മുതലാളിമാർക്ക് അല്ലലേതുമില്ലാതെ ലാഭം വർധിപ്പിച്ച് ഊറ്റിയെടുക്കാനും അതേപടി ഇഷ്ടമുള്ളിടത്തേക്ക് കടത്തിക്കൊണ്ടുപോകാനും ആകണം. അതിന് തടസ്സമായി നിൽക്കുന്ന എടങ്ങേറുകളാകെ ഇല്ലാതാക്കണം. അമ്മാതിരിയൊരു  എടങ്ങേറാണ് ട്രേഡ്‌ യൂണിയനുകൾ. അവയ്ക്ക് കടിഞ്ഞാണിടണം. ഇട്ടു. അതാണ് ലേബർ കോഡുകൾ.

കർഷകരിൽനിന്ന് കാർഷികോൽപ്പന്നങ്ങൾ വിലകുറച്ച് വാങ്ങി വിലകൂട്ടി വിറ്റ് ലാഭമുണ്ടാക്കുന്നതിന് തടസ്സമാണ് താങ്ങുവില. അത് മാറ്റിക്കിട്ടണം. മാറ്റിക്കൊടുത്തു. അതിനുള്ള നിയമഭേദഗതികളാണ് കാർഷിക ബില്ലുകൾ. അങ്ങനെ വെച്ചടി കയറിക്കയറി ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുമായിരുന്നതിന് നടുക്കാണ് ലോകബാങ്ക്തന്നെ  ചതിക്കുന്നത്! ഡൂയിങ് ബിസിനസുമായി ബന്ധപ്പെട്ട് ലോകബാങ്ക്തന്നെ പലപ്പോഴായി വരുത്തിയ നയംമാറ്റങ്ങൾ മൂവായിരത്തിൽ കവിയുമത്രെ! കോർപറേറ്റ്‌ നികുതി വെട്ടിച്ചുരുക്കുക, തൊഴിലാളികളുടെ പെൻഷൻ വിഹിതം വെട്ടിക്കുറയ്ക്കുക, ക്ഷേമപദ്ധതികൾ വെട്ടിച്ചുരുക്കുക, പരിസ്ഥിതി സംരക്ഷണ നിയമങ്ങളിൽ ഇളവ് വരുത്തുക എന്നിത്യാദി കാര്യങ്ങളിലാണ് ഇങ്ങനെ ദിവസേനയെന്നോണം  ബിസിനസ്‌ അനുകൂല നയമാറ്റങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്!

അതിനിടയ്‌ക്കാണ് ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക തയ്യാറാക്കുന്നതിലെ തട്ടിപ്പുകളെക്കുറിച്ച് ലോകമാസകലം വലിയ ചർച്ചകളും വിവാദങ്ങളും ഉയർന്നുവന്നത്. ഡാറ്റാ തിരിമറികളുടെ അയ്യരുകളിയാണ് നടന്നത്. അതേപ്പറ്റിയുള്ള ആഭ്യന്തര അന്വേഷണങ്ങൾ കണ്ടെത്തിയത് തിരിമറികളുടെയും വെട്ടിത്തിരുത്തലുകളുടെയും ഘോഷയാത്രകളാണ്.  അങ്ങനെയാെടുക്കം, 18 വർഷത്തെ കോർപറേറ്റ് സേവയ്‌ക്കുശേഷം ഇപ്പോഴിതാ ലോകബാങ്ക് വേണ്ടെന്ന് വച്ചിരിക്കുകയാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ്‌ സൂചിക. ലോകബാങ്കിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ പോൾ റോമർ 2018 ജനുവരിയിലാണ് ചിലിയോട് മാപ്പപേക്ഷിച്ചത്. പ്രസിഡന്റ്‌  മിഷെയ്ൽ ബാഷെലിന്റെ (Michelle Bachelet) കാലത്ത് ബോധപൂർവം നടത്തിയ തിരിമറികൾവഴി സൂചികയിൽ ചിലിയെ ഏറെ താഴത്തേക്കാക്കിയത് തെറ്റായിപ്പോയെന്നാണ് പോൾ റോമർ കുമ്പസാരിച്ചത്. 2020ൽ ചൈനയുടെയും അസർബൈജാന്റെയും യുഎഇയുടെയും സൗദി അറേബ്യയുടെയും റാങ്കുകളുടെ കാര്യത്തിലും പരാതി ഉയർന്നിരുന്നു.

ഒടുക്കം 2021 ജനുവരിയിൽ വിൽമെർ ഹെയ്ൽ (Wilmer Hale) എന്ന സ്ഥാപനത്തെ ഇതേപ്പറ്റി അന്വേഷിക്കാനായി ലോകബാങ്കിനുതന്നെ ചുമതലപ്പെടുത്തേണ്ടി വന്നു. വിൽമെർ ഹെയ്‌ലിനുവേണ്ടി റൊണാൾഡ് സി മാഖെൻ, മാത്യു ടി ജോൺസ്, ജോർജ് പി വർഗീസ്, എമിലി എൽ സ്റ്റാർക്ക് എന്നിവരാണ് അന്വേഷണം നടത്തി  കഴിഞ്ഞ മാസം 15ന്  റിപ്പോർട്ട് സമർപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇമ്മാതിരി കള്ളക്കണക്കുകൾ ഇനിയും പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് ലോകബാങ്ക് തീരുമാനിച്ചത്. അവർക്കങ്ങനെ തീരുമാനിക്കാം. പക്ഷേ, നീണ്ട 18 വർഷമായി ലോകബാങ്ക് നിർദേശാനുസരണം ലോകത്തെങ്ങുമുള്ള രാജ്യങ്ങൾ തങ്ങളുടെ നിയമങ്ങൾ തിരുത്തിയെഴുതിക്കൊണ്ട് അവിടങ്ങളിലെ ജനതയ്‌ക്കും പരിസ്ഥിതിക്കും മേൽ വരുത്തിവച്ച വൻ പരുക്കുകൾക്ക് ആരുത്തരം പറയും?

ഈസ് ഓഫ് ഡൂയിങ്ങിൽ കുതിച്ചു മുന്നേറാനായി സ്വന്തം നാട്ടിലെ തൊഴിലാളികളെയും കർഷകരെയും സാധാരണ ജനങ്ങളെയും തീരാദുരിതങ്ങളിലേക്ക് വലിച്ചെറിഞ്ഞ ഭരണകൂടങ്ങൾ, ആ സൂചികതന്നെ ലോകബാങ്ക് വേണ്ടെന്നുവച്ച സാഹചര്യത്തിൽ അതിനായി തിരുത്തിയെഴുതിയ നിയമങ്ങൾ പൂർവസ്ഥിതിയിലാക്കാൻ ബാധ്യസ്ഥമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top