25 April Thursday

വനിതാസംവരണ ബിൽ സാധ്യമാകുമോ - എം സി ജോസഫെെൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 6, 2021

ആകാശത്തിന്റെ പകുതിയും ഭൂമിയുടെ പകുതിയും സ്ത്രീകൾക്ക് അവകാശപ്പെട്ടതാണെന്നു പറഞ്ഞത് മൗസെ ദൊങ്ങാണ്‌. ചൈനീസ് വിപ്ലവകാലത്ത് അദ്ദേഹം ഈ പ്രസ്താവനയിലൂടെ ചൈനയിലെ സ്ത്രീകളെ പ്രചോദിപ്പിച്ചു. വർത്തമാനകാലത്തെത്തുമ്പോൾ ലോകമാസകലം സ്ത്രീകൾ അവരുടെ അവകാശങ്ങളെ സംബന്ധിച്ച ധാരണകൾ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. സാമൂഹ്യജീവിതത്തിലെ സമസ്ത മേഖലയിലും പുരുഷനോടൊപ്പം കാര്യക്ഷമതയും പ്രവർത്തനശേഷിയും മനസ്സാന്നിധ്യവും പ്രകടിപ്പിക്കാൻ സ്ത്രീകൾക്ക്‌ കഴിയുമെന്ന് വർത്തമാനകാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.  രാജ്യത്തെ എല്ലാ നിയമസഭയിലും സ്ത്രീകൾക്ക് പ്രാതിനിധ്യം ഉണ്ടാകണം. അതിനുള്ള നിയമനിർമാണം നടക്കണമെന്നുമുള്ള ആവശ്യം ഉന്നയിക്കപ്പെട്ടുള്ള സംസാരങ്ങളും സമരങ്ങളും ഇന്ത്യയിൽ ആരംഭിച്ചിട്ട്‌  25 വർഷം പിന്നിടുകയാണ്.  വനിതാ സംവരണ ബിൽ പാസാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിവിധ മഹിളാ സംഘടനകൾ തുടർച്ചയായ സമരങ്ങൾക്ക് നേതൃത്വം കൊടുത്തു. ഒറ്റയ്‌ക്കും സംയുക്തമായും സ്ത്രീ സംഘടനകൾ നടത്തിയ സമരങ്ങളിൽ രാജ്യവ്യാപകമായി വിവിധ ഘട്ടങ്ങളിൽ ലക്ഷക്കണക്കിന് സ്ത്രീകൾ അണിനിരന്നു.

പക്ഷേ, സ്ത്രീകളുടെ ശബ്ദത്തെ വനരോദനമായി മാറ്റുകയാണ്. ഭരണപക്ഷ പ്രതിപക്ഷങ്ങളിലുള്ള ഏതെല്ലാം രാഷ്ട്രീയ പാർടികൾ, ഏതെല്ലാം നേതാക്കന്മാർ വനിതാസംവരണ ബില്ലിനെ അനുകൂലിച്ചു; പ്രതികൂലിച്ചു എന്നീ കാര്യങ്ങൾ പരിശോധിക്കുമ്പോഴാണ് വനിതാ ബില്ലിന്റെ സ്ത്രീപക്ഷ ധാരണകളെ എങ്ങനെയെല്ലാം സ്വാംശീകരിച്ചു എന്ന കാര്യവും സ്ത്രീവിരുദ്ധ ഫ്യൂഡൽ ധാരണകൾ എങ്ങനെ പ്രവർത്തനക്ഷമമായി എന്ന കാര്യവും ബോധ്യപ്പെടുന്നത്.  ആദിവാസി, ദളിത്,  സ്ത്രീ എന്നീ പുറമ്പോക്കുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിൽ ചേർക്കാൻ നിയമം നിർമിക്കണം. അതാണ് സംവരണം.  സംവരണ നിയമത്തിലൂടെ 33 ശതമാനം സ്ത്രീകൾക്കാണ് നിയമനിർമാണ വേദികളിൽ പ്രവേശിക്കാൻ കഴിയുന്നത്.  പാതി അവസരത്തിനുവേണ്ടിയല്ല മൂന്നിലൊന്നു വേണ്ടിയാണ് രാജ്യത്തെ സ്ത്രീകൾ സമരഭേരി ഉയർത്തിയത്.  പുരുഷമേധാവിത്വ ആശയങ്ങളും സ്ത്രീവിരുദ്ധ മനോഭാവവും എത്രമേൽ കട്ടപിടിച്ച് ആധുനിക ഇന്ത്യയിൽപ്പോലും നിലനിൽക്കുന്നു എന്ന കാര്യം അത്ഭുതപ്പെടുത്തുകയാണ്.

വനിതാസംവരണ ബില്ലിന്റെ നാൾവഴികൾ പരിശോധിക്കുന്ന ആർക്കും ഇങ്ങനെയേ പറയാൻ കഴിയൂ. വനിതാ സംവരണ ബിൽ 108–-ാം ഭരണഘടനാ ഭേദഗതി എന്നതാണ് പ്രസ്തുതബിൽ.  സ്ത്രീകൾക്ക് ലോക്‌സഭയിലും രാജ്യസഭയിലും സംവരണം എന്ന പ്രശ്നം രാജ്യമാകെ ഉയർന്നെങ്കിലും ഇപ്പോൾ പ്രശ്നം കോൾഡ് സ്റ്റോറേജിലാണ്.  ഗവൺമെന്റ്‌, ജനാധിപത്യം,  ലിംഗസമത്വം എന്നിവയെ സംബന്ധിച്ച് സ്ത്രീപക്ഷ കാഴ്ചപ്പാടുതന്നെയാണ് ലക്ഷ്യം. ലോക്‌സഭയിലും നിയമസഭകളിലും തെരഞ്ഞെടുപ്പുകളിൽ 33 ശതമാനം സീറ്റ്  സ്ത്രീകൾക്ക് സംവരണം ചെയ്യുക എന്നതാണ് ബില്ലിന്റെ കാതൽ.
ഈ ആവശ്യത്തിന് അതുമായി ബന്ധപ്പെട്ട അവകാശപ്പോരാട്ടങ്ങൾക്ക് ഒരു ദീർഘകാല ചരിത്രമുണ്ട്. 1974 വനിത അന്താരാഷ്ട്ര വനിതാ ദിനാചരണത്തെക്കുറിച്ച് യുഎൻ ചിന്തിക്കുന്ന കാലത്ത് സ്ത്രീകളുടെ സാമൂഹ്യപദവിയെക്കുറിച്ച്‌ പരിശോധിക്കാൻ വിദ്യാഭ്യാസ സാമൂഹ്യക്ഷേമ മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലാണ് വനിതാസംവരണ ബില്ലിനെ സംബന്ധിച്ച് ആദ്യമായി പരാമർശിക്കുന്നത്.

തദ്ദേശഭരണസ്ഥാപനങ്ങൾ സ്ത്രീകൾക്ക് നിശ്ചിത ശതമാനം സംവരണം ശുപാർശചെയ്ത്‌ 1983ൽ ഭരണഘടനയുടെ 73, 74 വകുപ്പുകൾ ഭേദഗതി ചെയ്‌താണ് പ്രാദേശിക ഭരണസ്ഥാപനങ്ങളിൽ മൂന്നിലൊന്നു സീറ്റ് സ്ത്രീകൾക്കായി തീരുമാനിച്ചത്. 1986 സെപ്തംബർ 12ന് ദേവഗൗഡ സർക്കാർ 81–-ാം ഭരണഘടനാ ഭേദഗതി ബിൽ പാർലമെൻിൽ അവതരിപ്പിച്ചു. ഈ ബിൽ ഗീതാ മുഖർജി എംപി (സിപിഐ) അധ്യക്ഷയായ സംയുക്ത പാർലമെന്ററി സമിതിക്കു വിട്ടു.  1996 ഡിസംബർ ഒമ്പതിന് സമിതി റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ചു.1998 ജൂൺ നാലിന് എൻഡിഎയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ്‌ 84–-ാം ഭരണഘടനാഭേദഗതിയായി പാർലമെന്റിൽ അവതരിപ്പിച്ചു. അധികം താമസിയാതെ ആ ഗവൺമെന്റ്‌ ന്യൂനപക്ഷമായി.

സർക്കാർ പിരിച്ചുവിട്ടു. 1999 നവംബറിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തി.  സമവായത്തിനു ശ്രമിച്ചെങ്കിലും നടന്നില്ല.  2002ലും 2003ലും ബിൽ അവതരിപ്പിച്ചു. രണ്ടുതവണയും പരാജയപ്പെട്ടു.  2004 മേയിൽ യുപിഎയുടെ പൊതുമിനിമം പരിപാടിയിൽ വിഷയം ഉൾപ്പെടുത്തി ബിൽ യാഥാർഥ്യമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. 2008 മെയ്‌ ആറിന്‌  ബിൽ രാജ്യസഭയിൽ എത്തി. പിന്നെ നിയമ നീതി സ്റ്റാൻഡിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിലായി.  2008 ഡിസംബർ 17ന്‌ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് ഇരുസഭയിലും വച്ചു. സമാജ്‌വാദി പാർടി, ജെഡിയു–-(യു), ആർജെഡി എന്നീ പാർടികൾ പ്രതിഷേധവുമായി രംഗത്തുവന്നു.

2010 ഫെബ്രുവരി 25ന് കേന്ദ്ര മന്ത്രിസഭ ബിൽ രാജ്യസഭയിൽവച്ചു. വലിയ ബഹളം. വോട്ടെടുപ്പിന്റെ ഘട്ടത്തോളമെത്തി. എസ്‌പി, ആർജെഡി എന്നീ പാർടികൾ ഗവൺമെന്റിന്‌  പിന്തുണ പിൻവലിക്കുമെന്നായി. വോട്ടെടുപ്പ്‌ മാറ്റി.  2010 മാർച്ച് ഒമ്പതിന് ബിൽ രാജ്യസഭയിൽ വോട്ടെടുപ്പിന് വച്ചു.  ഒന്നിനെതിരെ 186 വോട്ടിന്‌ ബിൽ പാസായി.  ഈ നാൾവഴികൾ പരിശോധിക്കുമ്പോൾ വെളിവാക്കപ്പെടുന്ന ചില സത്യങ്ങളുണ്ട്. രാജ്യസഭയിൽ ബിൽ പാസായത് ഇടതുപക്ഷത്തിന് രാജ്യസഭയിൽ അന്ന്‌ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായതുകൊണ്ടാണ്.  കേരളത്തിലെ പ്രാദേശിക ഭരണത്തിൽ 50 ശതമാനം സംവരണം സ്‌ത്രീകൾക്ക്‌ ഉറപ്പുവരുത്തിയത് ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ്.  ഇന്ത്യൻ സമൂഹം പൊതുവിൽ സ്ത്രീവിരുദ്ധ പുരുഷാധിപത്യ ഫ്യൂഡൽ ബോധത്തിൽ അധിഷ്‌ഠിതമാണ്‌.

ഇതിനു മാറ്റം വരുത്തേണ്ടത് ഭരണകൂടവും അതിനെ നയിക്കുന്ന രാഷ്ട്രീയ പാർടികളുമാണ്.  73, 74 ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത് രാജീവ് ഗാന്ധി ആണെന്ന് ഊറ്റംകൊള്ളുന്ന കോൺഗ്രസ് തങ്ങൾക്ക് ഭൂരിപക്ഷം ഉണ്ടായിട്ടും പാർലമെന്റിൽ അതിന്‌ മുൻകൈ എടുക്കാതെ പോയി.  ആ പാർടി നേതാക്കളെയും അണികളെയും നയിക്കുന്നത്‌ ഫ്യൂഡൽ ബോധമാണ്.  പുരോഗമനം പേരിൽമാത്രം ഒതുക്കിയ ഒന്നാം യുപിഎ ഗവൺമെന്റ്‌ നയിച്ചുവന്നത്‌ ഫ്യൂഡൽ ബോധധാരികളായിരുന്നു. ബിജെപിയുടെ കാര്യം പറയാനുമില്ല. ഭൂരിപക്ഷം ഉണ്ടായിട്ടും എന്തുകൊണ്ട് പാർലമെന്റിൽ ബിൽ പാസാക്കാൻ ശ്രമിക്കുന്നില്ല. അവരുടേതും സ്ത്രീപക്ഷ ധാരണകളല്ല. പ്രസവിക്കാനും കുട്ടികളെ വളർത്താനും അടുക്കളയിൽ വെന്തുതീരാനും വേണ്ടിയുള്ളതാണ് സ്ത്രീ എന്ന ധാരണയെ അരക്കിട്ടുറപ്പിക്കുന്ന  പ്രസ്താവനകൾ നടത്താൻ മടിയില്ലാത്തവരാണ്‌ ഇന്നത്തെ ഭരണകക്ഷി നേതാക്കൾ. സ്ത്രീകളെ സംബന്ധിക്കുന്ന പാരമ്പര്യ മൂല്യബോധത്തെ ഇന്നും അരക്കിട്ടുറപ്പിച്ചു കൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് സമരം തുടരണം.  പ്രസ്തുത സമരം പ്രധാനമായും ആശയസമരമാകണം. പാരമ്പര്യവാദങ്ങളെ നഖശിഖാന്തം എതിർക്കണം.  സ്വാതന്ത്ര്യസമരകാലത്തുതന്നെ സ്‌ത്രീയുടെ പൊതു പ്രവേശനധാരകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. സൈമൺ കമീഷൻ ഗോബാക്ക്‌ എന്നും ക്വിറ്റ്‌ ഇന്ത്യാ എന്നുമുള്ള ശബ്ദങ്ങൾ സ്‌ത്രീകളുടേതുകൂടി ആയിരുന്നു. എല്ലാ സ്‌ത്രീ സംഘടനയും സ്ത്രീകളെ പരമ്പരാഗത സ്ത്രീവിരുദ്ധ ബോധത്തിൽനിന്ന് മോചിപ്പിക്കണം.  50 ശതമാനം സംവരണത്തിലൂടെ ഭരണത്തിൽ  പ്രവേശിച്ച തദ്ദേശഭരണസ്ഥാപനങ്ങളിലെ പ്രതിനിധികളായ സ്ത്രീകൾ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന നേർസാക്ഷ്യങ്ങളാണ്. രാജ്യത്തെ ജനാധിപത്യ പ്രവർത്തനങ്ങളിലും തീരുമാനമെടുക്കൽ പ്രക്രിയയിലും സ്ത്രീകൾക്ക് ശേഷി തെളിയിക്കാൻ കഴിയും.  അതിനാൽ 33 ശതമാനം എന്ന ഔദാര്യമല്ല വേണ്ടത്.  ആകാശത്തിന്റെയും ഭൂമിയുടെയും പപ്പാതി ആണിനും പെണ്ണിനും അധികാരപ്പെട്ടതാണ്‌.  സംവരണ ബിൽ ഉടൻ പാസാക്കണം.  പാസാക്കുംവരെ സ്‌ത്രീകൾ അവകാശസമരവുമായി മുന്നോട്ടുപോകും. പൊതു ജനാധിപത്യ സംവിധാനങ്ങളുടെ ശക്‌തിപ്പെടലും അതിലൂടെ സ്ത്രീയുടെ രാഷ്ട്രീയ പ്രവേശനവും സാക്ഷാൽക്കരിക്കപ്പെടണം.  പരമപ്രധാനം സ്‌ത്രീയുടെ രാഷ്ട്രീയ പ്രവേശനം കൂടിയാണ്. രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലെ ആൺ–-പെൺ അനുപാതത്തിൽ ഗൗരവമായ മാറ്റം വരണം.  സ്ത്രീയും പുരുഷനും യോജിച്ചുകൊണ്ടുള്ള പോരാട്ടംതന്നെയാണ് ലിംഗസമത്വത്തിനുള്ള മറുപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top