26 April Friday

നേടാനുള്ളത്‌ പുതുലോകം - അഡ്വ. 
സി എസ്‌ സുജാത എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 8, 2023

ഇന്ത്യയിലെ സ്‌ത്രീകൾ അതിരൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിയുംമൂലം ദുരിതമനുഭവിക്കുന്ന ഒരു സാഹചര്യത്തിലാണ് സാർവദേശീയ വനിതാദിനം കടന്നു വന്നിരിക്കുന്നത്. ഇന്ത്യയിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള സ്‌ത്രീകൾ അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടിയും അവ സംരക്ഷിക്കുന്നതിനുവേണ്ടിയും പലതരത്തിലുള്ള പ്രക്ഷോഭങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. 1910 ആഗസ്‌തിലാണ് ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് വനിതാ സമ്മേളനത്തിൽ മാർച്ച് എട്ട്‌ അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കാനുള്ള നിർദേശം ജർമൻ വിപ്ലവകാരി ക്ലാര സെത്ക്കിൻ മുന്നോട്ടുവച്ചത്. പിന്നീട് 1975 മുതൽ ഐക്യരാഷ്ട്രസംഘടന ഇതേ ദിവസം അന്തർദേശീയ വനിതാദിനമായി  ആഘോഷിക്കാൻ ആഹ്വാനംചെയ്തു.

വോട്ടവകാശം ഉൾപ്പെടെ നിരവധിയായിട്ടുള്ള അവകാശങ്ങൾ നിരന്തരമായ പോരാട്ടത്തിലൂടെ നമ്മൾ നേടിയെടുത്തിട്ടുണ്ട്, എന്നിരുന്നാലും പൂർണമായ അർഥത്തിൽ നാമിന്നും സ്വാതന്ത്രരാണെന്നോ തുല്യരാണെന്നോ പറയാവുന്ന അവസ്ഥ സംജാതമായിട്ടില്ല. നമ്മുടെ രാജ്യത്തെ സ്‌ത്രീകൾ പലതരം വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. അനിയന്ത്രിതമായ വിലക്കയറ്റം അവരെ പട്ടിണിയിലേക്കും പോഷകാഹാരക്കുറവിലേക്കും അതിരൂക്ഷമായ വിളർച്ചയിലേക്കും തള്ളിവിടുകയാണ്. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾ കാരണം സ്‌ത്രീകൾ മാത്രമല്ല, രാജ്യത്തെ തൊഴിലാളികളും കർഷകരും യുവജനങ്ങളും വിദ്യാർഥികളുമെല്ലാം പൊറുതിമുട്ടിയിരിക്കുകയാണ്.

ലേബർ കോഡ് നിലവിൽ വരുന്നതോടെ സ്‌ത്രീകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നിരവധി ആനുകൂല്യങ്ങൾ ഇല്ലാതാകും. ഏറ്റവും ഒടുവിൽ കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന വിദ്യാഭ്യാസനയംപോലും സ്‌ത്രീകളെ പിന്നോട്ട് കൊണ്ടുപോകുന്നതാണ്.

രണ്ടു കോടി തൊഴിലവസരം നൽകുമെന്നു പറഞ്ഞ്‌ രാജ്യത്തെ ചെറുപ്പക്കാരെ വഞ്ചിച്ച ഒരു സർക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നത്. തൊഴിലാളിവിരുദ്ധ ലേബർ കോഡുകളും വിദ്യാർഥിവിരുദ്ധ ദേശീയ വിദ്യാഭ്യാസ നയവുമെല്ലാം നാം നേടിയെടുത്ത അവകാശങ്ങളെ കവർന്നെടുക്കുന്നതും രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ തകർക്കുന്നവയുമാണ്. ലേബർ കോഡ് നിലവിൽ വരുന്നതോടെ സ്‌ത്രീകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നിരവധി ആനുകൂല്യങ്ങൾ ഇല്ലാതാകും. ഏറ്റവും ഒടുവിൽ കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന വിദ്യാഭ്യാസനയംപോലും സ്‌ത്രീകളെ പിന്നോട്ട് കൊണ്ടുപോകുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സാർവദേശീയ വനിതാദിനം സിഐടിയു, കർഷക തൊഴിലാളി യൂണിയൻ, കിസാൻ സഭ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്തെ വിവിധ തലത്തിലുള്ള ജനവിഭാഗങ്ങളെ ബാധിക്കുന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള "ചാർട്ടർ  ഓഫ് ഡിമാൻഡ്സ്' അന്നേദിവസം കലക്ടർമാർക്ക് സമർപ്പിക്കും. 

വിലക്കയറ്റം തടയുകയെന്നതു തന്നെയാണ് ചാർട്ടർ മുന്നോട്ട് വയ്‌ക്കുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്ന്. മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ 410 രൂപയായിരുന്ന പാചകവാതക വില  1110 രൂപയിൽ എത്തി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില  2124 രൂപയാണ്. ഇത് ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങളുടെ വില അനിയന്ത്രിതമായി വർധിക്കുന്നതിന് കാരണമാകും. കേരള സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നിലവിൽ 20 രൂപയ്ക്ക് ഉച്ചഭക്ഷണം നൽകിക്കൊണ്ടിരിക്കുന്ന ജനകീയ ഹോട്ടലുകളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കും.

സ്‌ത്രീകളുടെ വേതനവും തൊഴിലും സംബന്ധിക്കുന്നവയാണ് മറ്റൊന്ന്, ഇതിൽ സ്കീം വർക്കർമാരെ ജീവനക്കാരായി കണക്കാക്കുക, തുല്യ ജോലിക്ക് തുല്യ വേതനം, ജോലി സ്ഥലത്തെ സുരക്ഷ, തൊഴിലുറപ്പ് പദ്ധതി സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം വരുന്ന സ്കീം വർക്കർമാരെ പൂർണമായും അവഗണിക്കുന്ന നിലപാടാണ് സർക്കാർ വച്ചു പുലർത്തുന്നത്. ഇതിനെതിരെ അങ്കണവാടി ജീവനക്കാരും ആശാ വർക്കർമാരും നടത്തിയ ഉജ്വലമായ പ്രക്ഷോഭങ്ങൾ നാം കണ്ടതാണ്. എന്നാൽ, ഇവർക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും നിറവേറ്റാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. മാത്രമല്ല, ഓരോ ബജറ്റിലും ഐസിഡിഎസ് വിഹിതം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. അങ്കണവാടികൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ.

സ്‌ത്രീസുരക്ഷയുടെ കാര്യത്തിൽ ഒരു ജാഗ്രതയും കേന്ദ്രസർക്കാർ പുലർത്തുന്നില്ല. മാത്രമല്ല, സ്‌ത്രീപീഡന–- ബലാത്സംഗ കേസുകളിലെ  പ്രതികളെ ജയിൽ മോചിതരാക്കുകയും അവരെ പൊതുമധ്യത്തിൽ മാലയിട്ട് സ്വീകരിക്കുന്ന  നിലപാടുമാണ് സർക്കാരും ഭരണപക്ഷ പാർടിയും സ്വീകരിക്കുന്നത്.

കോവിഡ് പകർച്ചവ്യാധിയുടെ ഫലമായി തൊഴിൽമേഖലയിൽനിന്ന്‌ സ്‌ത്രീകളുടെ വൻ കൊഴിഞ്ഞുപോക്ക് സംഭവിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിൽ തൊഴിൽ നഷ്ടപ്പെട്ടവരിൽ മഹാഭൂരിപക്ഷം സ്‌ത്രീകളാണ്‌. തൊഴിലുറപ്പ് പദ്ധതിയെ മോദി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. വെറും 60,000 കോടി രൂപ മാത്രമാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. ഇപ്പോൾ ഫണ്ടിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ കണ്ടെത്തണമെന്ന ആവശ്യം ഈ പദ്ധതിയെത്തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ്.  ഈ സാഹചര്യത്തിൽ 200 തൊഴിൽദിനം ഉറപ്പ് വരുത്തണമെന്നും 600 രൂപ മിനിമം കൂലി നിശ്ചയിക്കണമെന്നും നാം ആവശ്യപ്പെടുന്നു. സ്‌ത്രീസുരക്ഷയുടെ കാര്യത്തിൽ ഒരു ജാഗ്രതയും കേന്ദ്രസർക്കാർ പുലർത്തുന്നില്ല. മാത്രമല്ല, സ്‌ത്രീപീഡന–- ബലാത്സംഗ കേസുകളിലെ  പ്രതികളെ ജയിൽ മോചിതരാക്കുകയും അവരെ പൊതുമധ്യത്തിൽ മാലയിട്ട് സ്വീകരിക്കുന്ന  നിലപാടുമാണ് സർക്കാരും ഭരണപക്ഷ പാർടിയും സ്വീകരിക്കുന്നത്. ബിൽക്കിസ് ബാനു കേസിൽ പ്രതികളെ വെറുതെ വിടാനെടുത്ത തീരുമാനവും ഇപ്പോൾ ഹാഥ്‌രസ് കേസിൽ മൂന്ന് പ്രതികളെ ജയിൽ മോചിതരാക്കുന്ന കോടതി വിധിയും ഈ സർക്കാരിന്റെ സ്‌ത്രീവിരുദ്ധ മുഖമാണ് പുറത്തു കൊണ്ടുവരുന്നത്.

കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന നിയമനിർമാണ സഭകളിലെ 33 ശതമാനം വനിതാസംവരണമാണ് ചാർട്ടർ മുന്നോട്ട് വയ്‌ക്കുന്ന മറ്റൊരു ആവശ്യം. കൂടാതെ, വിദ്യാഭ്യാസ മേഖലയിലെ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക, കർഷക തൊഴിലാളി പെൻഷൻ വർധിപ്പിക്കുക, പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങി 19 ആവശ്യം അടങ്ങിയതാണ് ചാർട്ടർ ഓഫ് ഡിമാൻഡ്സ്.

ഈ മാസം 12ന് ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപക ദിനം ആഘോഷിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന പതിമൂന്നാം അഖിലേന്ത്യ സമ്മേളനത്തിൽ ലോകത്തെമ്പാടുമുള്ള സ്‌ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും, പ്രത്യേകിച്ചും ഇന്ത്യയിലെ സ്‌ത്രീകളുടെ അവസ്ഥയെക്കുറിച്ചും ചർച്ചകൾ നടത്തുകയും ഭാവിപരിപാടികൾ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഘടന നിലവിൽ വന്ന് 42 വർഷം പൂർത്തിയാകുന്ന ഈ വേളയിൽ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കുംവേണ്ടി ഉയർത്തിയിട്ടുള്ള ഈ 19 ആവശ്യം മുന്നോട്ടുവച്ചുള്ള പ്രക്ഷോഭം വൻവിജയമാക്കാൻ മുഴുവൻ മഹിളാ സഖാക്കളും ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് അഭ്യർഥിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top