20 April Saturday

വനംവകുപ്പ് വെറുതെയിരിക്കുന്നില്ല - കാടിറങ്ങുന്ന കണ്ണുനീർ ( ഭാഗം 5 )

സി എ പ്രേമചന്ദ്രൻ
Updated: Friday Nov 12, 2021

ഭാഗം 1   ||   ഭാഗം 2  ||   ഭാഗം 3  ||   ഭാഗം 4

മനുഷ്യജീവനും സ്വത്തിനും വന്യജീവികളുടെ സംരക്ഷണത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരും വനംവകുപ്പും സജീവമാണ്‌. എങ്കിലും ഇനിയുമേറെ ചെയ്യേണ്ടതുണ്ട്‌. വിഷയം ഒറ്റപ്പെട്ടതല്ല, പരിഹാരവും. വന്യജീവി സംഘർഷത്തിനപ്പുറം ആവാസവ്യവസ്ഥയുടെ സംരക്ഷണം കൂടിയാണ്‌ ഇത്‌. അന്തർസംസ്ഥാന–-അന്താരാഷ്‌ട്ര തലങ്ങളിൽ ചർച്ച ആവശ്യമാണ്‌. വന്യജീവി–- മനുഷ്യ സംഘർഷം കുറയ്‌ക്കാൻ കേരള വനം–--വന്യജീവി വകുപ്പ്‌ ജനകീയ അഭിപ്രായംതേടി സമഗ്രപദ്ധതിക്ക്‌ രൂപം നൽകുന്നുണ്ട്‌. വിദഗ്ധർ, ശാസ്ത്രജ്ഞർ, പ്രകൃതിസംരക്ഷകർ, എൻജിഒകൾ, കർഷക സംഘടനകൾ, പൊതുജനങ്ങൾ എന്നിവരിൽനിന്ന്‌ അഭിപ്രായം ശേഖരിക്കുകയാണ്‌.

സ്വകാര്യഭൂമികൾ ഏറ്റെടുത്ത്‌ വന്യജീവി ഇടനാഴി പുനഃസ്ഥാപിക്കണമെന്നാണ്‌ പ്രധാന നിർദേശം. വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ വനത്തിൽ ജലാശയങ്ങളും തടയണകളും നിർമിക്കണം. കാടിനുള്ളിൽ ചെടികൾ നട്ട്‌ വന്യജീവികൾക്ക്‌ ഭക്ഷണം ഉറപ്പാക്കൽ, പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം നിർദേശങ്ങളായി വന്നിട്ടുണ്ട്‌.

വനമേഖലകളിൽ കിടങ്ങുകൾ, ആനമതിൽ, സൗരോർജവേലി, റെയിൽവേലി, പ്രത്യേക മണം പരത്തുന്ന ചെടികൾ നട്ടുപിടിപ്പിക്കുന്ന ജൈവവേലി, ഉണ്ടയില്ലാവെടി എന്നീ സംവിധാനങ്ങൾ വിപുലമാക്കാൻ നിർദേശമുണ്ട്‌. വന്യജീവി എത്തുന്നത് മുൻകൂട്ടി അറിയിക്കാൻ എസ്‌എംഎസ്‌ അലർട്ട്‌ ശക്തിപ്പെടുത്തും. അപകടകാരികളായ വന്യജീവികളുടെ ചലനങ്ങൾ റേഡിയോ കോളറുകൾ വഴി നിരീക്ഷിച്ച്‌ മുന്നറിയിപ്പുനൽകും. കാർഷിക സർവകലാശാല തയ്യാറാക്കിയ മൊബൈൽ ആപ്‌, കർണാടകത്തിലെ ഉരുക്കു കമ്പിവേലി എന്നിവ പരീക്ഷിക്കാവുന്നതാണെന്ന്‌ നിർദേശവുമുണ്ട്‌.

വനാതിർത്തികളിൽ വന്യജീവികൾക്ക്‌ ഇഷ്ടമായ വിളകൾ കൃഷി ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കാൻ കർഷകർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നുണ്ട്‌. സംഘർഷ മേഖലകളിൽ ജനജാഗ്രതാ സമിതികൾ കൂടുതൽ രൂപീകരിക്കും. കൂടുതൽ വാച്ചർമാരെ നിയമിച്ച്‌ വേനൽക്കാലത്ത്‌ കാട്ടുതീ തടയുന്നതിനൊപ്പം വന്യജീവികൾ ജനവാസമേഖലകളിലേക്ക്‌ ഇറങ്ങുന്നതും തടയും. ആവാസവ്യവസ്ഥ സമ്പുഷ്ടീകരണ പരിപാടികളും മൃഗങ്ങൾക്ക് അധിക പോഷണവും നൽകും. പ്രത്യേകസ്ഥലങ്ങൾ കണ്ടെത്തി ധാതുക്കളുടെ മിശ്രിതങ്ങൾ വന്യജീവികൾക്ക്‌ നൽകാനും പദ്ധതിയുണ്ട്‌.

ആർആർടിക്ക്‌ നെട്ടോട്ടം
ആനയെ വനത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് ഓടിക്കാൻ ദ്രുതപ്രതികരണസേന (റാപ്പിഡ് റെസ്‌പോൺസ് ടീം–-ആർആർടി) രൂപീകരിച്ചിട്ടുണ്ട്‌. ഇവർക്ക്‌ വാഹനവും യന്ത്രസാമഗ്രികളും അനുവദിച്ചു. കൂടുതൽ ജീവനക്കാരെയും നിയമിച്ചു. ആനയെ ഓടിക്കുന്നതിനിടെ അട്ടപ്പാടി അഗളിയിലെ ആർആർടിയിലെ പി ജി മോഹൻകുമാർ അത്ഭുതകരമായാണ്‌ രക്ഷപ്പെട്ടത്. ജനങ്ങൾ വിളിക്കുന്നത്‌ ദിനംപ്രതി വർധിക്കുകയാണെന്ന്‌ ആർആർടി അംഗം ആർ ജയകുമാർ പറഞ്ഞു. വീട്ടിലേക്ക്‌ രാജവെമ്പാല എത്തുന്ന വിളികളും വർധിച്ചതായി പാമ്പുപിടിത്തത്തിൽ വിദഗ്‌ധനായ ഷാജി പറഞ്ഞു.

അട്ടപ്പാടിയിൽ ‘ആഫ്രിക്കൻ കൊമ്പനും’
കാടിറങ്ങുന്ന ആനകളെ തിരിച്ചറിയാൻ പ്രത്യേക പേരുകൾ നിശ്ചയിച്ചാണ്‌ അട്ടപ്പാടിയിൽ ആർആർടി വാട്സാപ്‌ വഴി വിവരം കൈമാറുന്നത്. നീളമുള്ള കൊമ്പുള്ള ആനയ്ക്ക് ‘ആഫ്രിക്കൻ കൊമ്പൻ’എന്നാണ്‌ പേര്‌. അഞ്ച്‌ ആനകളുടെ കൂട്ടത്തിന്‌ ‘നീലിമക്കൾ’. ഒമ്പത്‌ ആനകളുടെ കൂട്ടത്തിന്‌ ‘പൊന്നി മക്കൾ’. റാഗിമാത്രം തിന്നുന്ന കൊമ്പന് ‘റായ്‌ക്കോടൻ’എന്നാണ്‌ പേര്‌. ഇത്തരത്തിൽ പേരുനൽകി ആനകളെ തിരിച്ചറിഞ്ഞാണ്‌ പുതിയ തുരത്തൽ.

വനംവകുപ്പിന്റെ പ്രതിരോധം
കിടങ്ങുകൾ    511.22 (കി. മീ)
ആനമതിൽ    66.26
റെയിൽപ്പാളവേലി    10
സോളാർ വേലി    2348.14
ക്രാഷ്‌ ഗാർഡ്‌ റോപ്‌ ഫെൻസ്‌    32.40
തൂങ്ങിക്കിടക്കുന്ന സോളാർ വേലി    9.70
സ്‌റ്റീൽ സ്‌ട്രക്‌ചർ വിത്ത്‌ സ്‌പൈക്‌സ്‌    1.88
ജൈവവേലി    0.20
കൈയാല    15.12

 

പ്രതിരോധത്തിന്‌ ഡ്രോൺ പദ്ധതിയുമായി സർക്കാർ
വന്യമൃഗശല്യ പ്രതിരോധത്തിന്‌ സർക്കാരിന്റെ വിപുല പദ്ധതികൾ. വനംവകുപ്പ്‌ തയ്യാറാക്കിയ പദ്ധതിരേഖ വനം മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി.

നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ ഡ്രോൺ സംവിധാനമുൾപ്പെടെ ഏർപ്പെടുത്തും. പതിവായി ഇറങ്ങുന്നവയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കും. ആക്രമണകാരികളെ പ്രത്യേകമായി പാർപ്പിക്കും. കിടങ്ങ്‌, സൗരോർജവേലി, തൂക്കിയിടാവുന്ന സോളാർ വേലി തുടങ്ങിയവ സ്ഥാപിക്കും. ഉപഗ്രഹസംവിധാനവും ജിപിഎസും ഉപയോഗിച്ച്‌ വന്യജീവികളുടെ സാന്നിധ്യം കണ്ടെത്തും.

വന്യജീവി സംഘർഷം കൈകാര്യംചെയ്യാൻ ‘കോൺഫ്ലിക്ട്‌ മാനേജ്‌മെന്റ് ടീമുകൾ', ഭൂഗർഭ ജലവിതാനം നിലനിർത്താനും കാട്ടുതീ തടയാനും ബ്രഷ് വുഡ് ചെക്ക് ഡാമുകളും നിർമിക്കും. ഫലവൃക്ഷങ്ങളും മൃഗങ്ങൾ തീറ്റയായി ഉപയോഗിക്കുന്ന സസ്യങ്ങളും നട്ടുപരിപാലിക്കും. ബൃഹദ്‌ പദ്ധതിയാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌.

(അവസാനിച്ചു)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top