16 April Tuesday

കരുതൽ വേണം; ഇറ്റലിയാകരുത്‌ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

ഇറ്റലിയിൽ 23 വർഷമായി ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ പറയുകയാണ്, ഇന്നത്തെ ഇറ്റലിയുടെ അവസ്ഥയെക്കുറിച്ച്‌. ഈ ദുരനുഭവം മറ്റൊരു രാജ്യത്തും സംഭവിക്കാനിട വരരുത്. എന്തുകൊണ്ട്‌  ഇത്രയും വികസിതമായ രാജ്യത്ത്‌ എല്ലാവിധ ആധുനിക ആരോഗ്യ സംവിധാനങ്ങൾ ഉണ്ടായിട്ടും മരണനിരക്ക് കൂടി? യുവാക്കൾ ഈ രോഗത്തെ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കാത്തതാണ്  പ്രധാനകാരണങ്ങളിൽ ഒന്ന്. മറ്റൊന്ന് ഇറ്റലിയുടെ ജനസംഖ്യയുടെ പത്ത്‌ ശതമാനത്തോളം 100 വയസ്സിനുമുകളിലുള്ളവരാണ്.  അവരാണ് മരിച്ചവരിൽ 98 ശതമാനം. കൊറോണ വൈറസിനെയും ഇതിന്റെ രോഗലക്ഷണങ്ങളെയും തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഒന്നും  തുടക്കത്തിൽ ചെയ്തില്ല. എന്നതും രോഗം പകരാൻ കാരണമായി.  ഈ രോഗം തുടങ്ങിയ സമയത്ത്‌ ആരോഗ്യനിയന്ത്രണങ്ങൾ പാലിച്ചില്ല എന്നതും പരിഗണിക്കണം. വിമാനത്താവളത്തിലെ പരിശോധന പനിയുണ്ടോയെന്ന്‌ നിരീക്ഷിക്കുന്നതിൽമാത്രം ഒതുങ്ങിനിന്നു. യുവജനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും ഈ രോഗത്തോടുള്ള നിസ്സംഗതയാണ് ഇറ്റലിയിൽ കോവിഡ്‌–--19 ഇത്ര വ്യാപകമായി പടരാൻ കാരണം.

ഏതൊക്കെ രീതിയിൽ കൊറോണ വൈറസ് ഇറ്റലിയിൽ എത്തിയെന്ന്‌ അറിയണം. ചൈനയുമായി നല്ല രീതിയിൽ ഒരു വ്യാവസായികബന്ധം ഇറ്റലി പുലർത്തിവരുന്നുണ്ട്.  രണ്ട്‌ രാജ്യവും തമ്മിലുള്ള ബന്ധം വളരെ ശക്തവുമാണ്. ഇതിനുവേണ്ടി ഇറ്റലിയിൽനിന്ന്‌ ചൈനയിലെ  വുഹാനിലേക്കും തിരിച്ചും നിരന്തരം വിമാന സർവീസുകൾ  നടത്തുന്നു.  അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാറുണ്ട്.  വിമാനത്താവളങ്ങളിലെ പരിശോധന പേരിനുമാത്രം ഒതുങ്ങി.


 

ഫെബ്രുവരി  21നാണ്‌ ഇറ്റലിയിൽ 38 വയസ്സുള്ള ഇറ്റാലിയൻ പൗരന് കോവിഡ്‌–--19 സ്ഥിരീകരിച്ചത്.  ഇദ്ദേഹം ജർമനിയിലെ മ്യൂണിക്കിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ പോയിരുന്നു. ആ സമയത്ത്‌ ചൈനയിലെ  വുഹാൻ എന്ന  സ്ഥലത്തെ  പ്രതിനിധീകരിച്ചു വന്ന വ്യക്തിയിൽ നിന്നാകാം വൈറസ് കിട്ടിയതെന്ന്‌ കരുതപ്പെടുന്നു. ഈ ഇറ്റാലിയൻ പൗരന്റെ റൂട്ട്‌ മാപ്പ്‌ കണ്ടുപിടിക്കുക പ്രയാസകരമായിരുന്നു. ഈ തിരക്കിനിടയിൽ പലരിലും വൈറസ് പകർത്തിക്കഴിഞ്ഞിരുന്നു. സ്ഥിതിഗതികൾ വഷളായി. ഞാൻ താമസിക്കുന്ന വെനീസ്‌ ഉൾപ്പെടെ പത്ത്‌ പ്രദേശം റെഡ്‌സോൺ ആയി പ്രഖ്യാപിച്ചു. അതോടൊപ്പം  അടിയന്തരാവസ്ഥയും. യുവാക്കളുടെ നിസ്സാരമനോഭാവവും ചെറുപ്പക്കാർ മരിക്കില്ലെന്നുള്ള അമിതവിശ്വാസംമൂലമുള്ള സമീപനവും രോഗവ്യാപനത്തിന്റെ വേഗതകൂട്ടി.


 

എന്നാൽ, പിന്നീട്‌ സർക്കാരിന്റെ  നിർദേശപ്രകാരം ബാറുകളും ഭക്ഷണശാലകളും അടച്ചു. മിലാനിലും മറ്റ്‌ വടക്കൻ മേഖലകളിലും ധാരാളം പേർ ജോലി ചെയ്തുവരുന്നതിനിടെ റെഡ്‌സോൺ ആക്കിയെന്ന വാർത്ത പരക്കുകയും വടക്കൻ മേഖലകളിൽ ജോലി ചെയ്യുന്നവർ സ്വദേശമായ തെക്കൻ ഇറ്റലിയിലേക്ക് പോകുകയും ചെയ്തു.  ഒരുരാത്രികൊണ്ട് രണ്ടായിരത്തോളം പേരാണ് തെക്കൻ പ്രവിശ്യകളിലേക്ക്‌ പലായനം ചെയ്തത്. അതിന്റെ ഫലമായി അക്കൂട്ടത്തിലുണ്ടായിരുന്ന  വൈറസ് വാഹകർ തെക്കൻ ഇറ്റലിയിലും രോഗം പകർത്താൻ കാരണക്കാരായി. ഇതേത്തുടർന്ന്, ഇറ്റാലിയൻ സർക്കാർ നിയന്ത്രണങ്ങൾ ഒന്നുകൂടി കർശനമാക്കി. ഏപ്രിൽ മൂന്നുവരെ രാജ്യം മുഴുവൻ അടിയന്തരാവസ്ഥ നടപ്പാക്കി. രോഗത്തെ ഗൗരവമായി എടുക്കാത്ത,  ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാത്ത ഏറെ യുവജനങ്ങൾ ഇപ്പോഴും ഇറ്റലിയിലുണ്ട് എന്നതാണ്.  മിലാനിലെ വാണിജ്യപ്രദർശനവേദികളിലൊന്നായ കെട്ടിടം പത്തുദിവസംകൊണ്ട് 400 രോഗികൾക്ക്‌ കിടക്കാവുന്ന ഐസൊലേഷൻ വാർഡുകളായി രൂപാന്തരപ്പെടുത്തി. 

കൊറോണയെന്ന  മഹാവിപത്തിനുമുമ്പിൽ മുട്ടുകുത്തിനിൽക്കുന്ന ഇറ്റലിയെ യൂറോപ്യൻ യൂണിയൻ കൈവെടിഞ്ഞ ഈ സാഹചര്യത്തിൽ ആദ്യം സഹായിക്കാൻ വന്ന കൈകൾ ചൈനയുടേതായിരുന്നു. അവരുടെ മെഡിക്കൽ സംഘം ഇറ്റലിയെ ഒരുപാട് പിന്തുണയ്‌ക്കുന്നുണ്ട്‌. കൂടാതെ, വെനസ്വേലയും ക്യൂബയും സഹായഹസ്തവുമായി എത്തി.  ഇന്ത്യയിൽ രോഗവ്യാപനം മൂർച്ഛിച്ചിട്ടില്ല. നമ്മുടെ ആരോഗ്യമന്ത്രാലയവും സർക്കാരും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിച്ച്‌ അവരോടൊത്ത്‌ നിൽക്കുക, അവരുടെ നിർദേശങ്ങൾ പാലിക്കുക അല്ലെങ്കിൽ നമുക്കും വലിയ വില കൊടുക്കേണ്ടിവരും.

(വെനീസിൽ താമസിക്കുന്ന കൊല്ലം സ്വദേശിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top