19 April Friday

സാങ്കേതികവിദ്യാ സൗഹൃദ പഠന പിന്തുണയുമായി വൈറ്റ് ബോര്‍ഡ്

ഡോ. രതീഷ്‌ കാളിയാടന്‍Updated: Wednesday Jun 17, 2020

ഡോ. രതീഷ്‌ കാളിയാടന്‍

ഡോ. രതീഷ്‌ കാളിയാടന്‍

പൊതുവിദ്യാഭ്യാസ രംഗത്ത്‌ പിണറായി സര്‍ക്കാര്‍ നടത്തിയ മുന്നേറ്റങ്ങളില്‍ ഏറ്റവും പുതിയ ഇടപെടലാണ് വൈറ്റ് ബോര്‍ഡ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന നവീനമായ ഈ പരിപാടിയുടെ ആസൂത്രണ, നിര്‍വഹണ ചുമതല സമഗ്ര ശിക്ഷാ കേരളത്തിനാണ്.  

എന്താണ് വൈറ്റ് ബോര്‍ഡ്? ലളിതമായി പറഞ്ഞാല്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വ്യക്തിഗത ശ്രദ്ധ നല്‍കിയുള്ള, സാങ്കേതികവിദ്യാ സൗഹൃദമായ പഠന പിന്തുണയാണിത്‌. കോവിഡ് വ്യാപന ഭീതിയില്‍ വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയില്‍ അകപ്പെടുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളാണ്. അവരുടെ കൂട്ടത്തില്‍ ഈ പ്രതിസന്ധികാലത്ത് പലകാരണങ്ങളാല്‍ വലിയതോതില്‍ ഒറ്റപ്പെടല്‍ അനുഭവപ്പെടുക ഭിന്നശേഷിക്കാര്‍ക്കാണ്താനും. സ്വാഭാവികമായും മുഖ്യധാരാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും അവര്‍ പ്രയാസപ്പെടും. ഈ ബുദ്ധിമുട്ട് ലഘൂകരിക്കലാണ് വൈറ്റ് ബോര്‍ഡിന്‍റെ പ്രഥമ ലക്ഷ്യം. ഇപ്പോള്‍ ഒന്നുമുതല്‍ ഏഴാം ക്ലാസുവരെയുള്ള ഏതാണ്ട് എണ്‍പതിനായിരത്തോളം കുട്ടികള്‍ക്കാണ് ഈ പരിപാടിയുടെ പ്രയോജനം ലഭിക്കുക. അധികം വൈകാതെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതോടെ ഏതാണ്ട് ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ക്ക് പരിപാടിയുടെ പ്രയോജനം ലഭ്യമാകും. 

ഭിന്നശേഷിക്കാരോടുള്ള പിണറായി സര്‍ക്കാറിന്‍റെ പ്രത്യേക കരുതലിന്‍റെ തുടര്‍ച്ചയായാണ് വൈറ്റ് ബോര്‍ഡ് ഗണിക്കപ്പെടേണ്ടത്. അല്ലാതെ ഇതൊരു ഒറ്റപ്പെട്ട പ്രവര്‍ത്തനമോ കോവിഡ് മുട്ടുശാന്തി ഏര്‍പ്പാടോ അല്ല. വിവധതരം വെല്ലുവിളികളെ അഭിമുഖീകരിച്ച് ജീവിതം തന്നെ സമരമാക്കി കഴിയുന്ന ഭിന്നശേഷീക്കാര്‍ക്ക് പ്രത്യേക പരിഗണനയും സാമൂഹ്യശ്രദ്ധയും ഉറപ്പാക്കേണ്ടത് പുരോഗമന ചിന്തയും ജനാധിപത്യാവബോധവും പുലര്‍ത്തുന്ന ഒരു സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് നവകേരളം ഭിന്നശേഷി സൗഹൃദ കേരളമാകും എന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ ആദ്യനാളുകളില്‍ നടത്തിയ ഈ പ്രഖ്യാപനം വീണ്‍വാക്കല്ല എന്ന്‍ തെളിയിക്കുന്നതായിരുന്നു തുടര്‍ന്നുള്ള ഇടപെടലുകള്‍.

വിദ്യാഭ്യാസ രംഗത്തും ഈ കരുതല്‍ വേണം എന്ന്‍ തീരുമാനിച്ചത് സര്‍ക്കാര്‍ നയത്തിന്‍റെ പ്രതിഫലനമായാണ്. വിദൂരമായ സ്വപ്നമാണെങ്കിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്ലാത്ത ക്ലാസ് മുറികളിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്ലാത്ത സമൂഹസൃഷ്ടി എന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നായി സ്ഥാനംപിടിച്ചത് അതുകൊണ്ടാണ്. ഈ നയസമീപനത്തെ എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊണ്ടുകൊണ്ടാണ്  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പൊതുവിദ്യാലയങ്ങള്‍ ഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങള്‍ ആകണം എന്ന ആശയം അവതരിപ്പിച്ചത്. ആശയമണ്ഡലത്തില്‍ മാത്രമായി ഒതുങ്ങിനിന്നുകൂടാത്ത, പരമാവധി പ്രായോഗിക തലങ്ങള്‍ കണ്ടെത്തേണ്ട ഒന്നായി ഈ ദര്‍ശനം മാറിയതോടെ അധ്യാപക രക്ഷാകര്‍തൃ സമൂഹത്തിനൊപ്പം ബഹുജനങ്ങളും വലിയതോതില്‍ നെഞ്ചേറ്റിയ സംഗതിയായി കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഇത് മാറി. വ്യത്യസ്തവും വേറിട്ടതുമായ നിരവധി പ്രവര്‍ത്തനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളില്‍ നടന്നത്.

വര: സോമൻ കടലൂർ

വര: സോമൻ കടലൂർ

വിവിധ പ്രവര്‍ത്തനങ്ങളുടെ ഫലമെന്നോണം ഭിന്നശേഷിക്കാരോടുള്ള സമീപനത്തിലും വെല്ലുവിളികള്‍ സംബന്ധിച്ച അവബോധത്തിലും കാര്യമായ മാറ്റം പ്രകടമായിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടികളുടെ മുഖ്യ അജണ്ടകളില്‍ ഒന്നായി പരിഗണനയര്‍ഹിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വ്യക്തിഗത ശ്രദ്ധ നല്‍കിയുള്ള പഠനപിന്തുണ പരിഗണിക്കപ്പെട്ടു. റിസോഴ്സ് അധ്യാപകരുടെ ശാക്തീകരണത്തിന്‍റെ ഉള്ളടക്കം അക്കാദമിക പിന്തുണയ്ക്ക് ഊന്നല്‍ നല്‍കിയും വ്യക്തിഗത വിദ്യാഭ്യാസ ആസൂത്രണവും അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ വികസിപ്പിക്കുന്നതില്‍ പ്രായോഗിക പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചും വിപുലീകരിച്ചു. ഓരോ കുട്ടിയുടെയും സവിശേഷതകള്‍ക്ക് ഇണങ്ങുംവിധം പഠനപിന്തുണ ഉറപ്പാക്കാന്‍ ഓരോ അധ്യാപികയും പ്രാപ്തമായി. ഭിന്നശേഷിക്കാരുടെ സവിശേഷതകള്‍ മനസ്സിലാക്കി പാഠഭാഗങ്ങള്‍ അനുരൂപീകരിച്ച് സഹായിക്കാന്‍ അധ്യാപകരെയും രക്ഷിതാക്കളെയും പ്രാപ്തമാക്കുന്ന സൗഹൃദപാഠം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിത്യേനയെന്നോണം കുട്ടികള്‍ക്കൊപ്പം കഴിയുന്ന, അവരെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ശാസ്ത്രീയമായി പിന്തുണയ്ക്കുന്ന  റിസോഴ്സ് അധ്യാപകര്‍ ഓരോ വിഷയവും കൈകാര്യംചെയ്യുന്ന അധ്യാപകരുമായി ചേര്‍ന്നാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. ചരിത്രപരമായ ഈ ദൗത്യം സങ്കോചമേതുമില്ലാതെ ഏറ്റെടുത്ത റിസോഴ്സ് അധ്യാപകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ചലനപരമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതും കിടപ്പിലായതുമായ കുട്ടികള്‍ക്കായി ആവിഷ്കരിച്ച ചങ്ങാതിക്കൂട്ടം വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചത്‌. സ്കൂളിലെ കൂട്ടുകാര്‍ പ്രയാസം അനുഭവിച്ച് വീടിന്‍റെ നാല് ചുവരുകള്‍ക്കിടയില്‍ കുടുങ്ങിക്കഴിയുന്ന കുട്ടികളെ സന്ദര്‍ശിക്കുകയും അവര്‍ക്കൊപ്പം വായിച്ചും പാടിയും ആടിയും ചര്‍ച്ച ചെയ്തും വര്‍ത്തമാനം പറഞ്ഞും യഥാര്‍ത്ഥ കൂട്ടുകാരായി. നാട്ടുപ്രമുഖരും മറ്റും സന്ദര്‍ശകാരായി എത്തി. കുറെയേറെ കുട്ടികള്‍ ചില ദിവസങ്ങളിലെങ്കിലും വിദ്യാലയത്തില്‍ വന്നു. മാറ്റത്തിന്‍റെ അലയൊലികളാണ് ഈ മേഖലയില്‍ നാം കണ്ടത്. ഇവയുടെയെല്ലാം തുടര്‍ച്ചയാണ് വൈറ്റ് ബോര്‍ഡ്.

പഠനം ആയാസരഹിതമാക്കുന്നതിന് പ്രത്യേക ശ്രദ്ധയും പിന്തുണയും ആവശ്യമായ കാഴ്ച, കേള്‍വി, ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, പഠന പ്രയാസങ്ങള്‍ നേരിടുന്നവര്‍ എന്നീ വിഭാഗക്കാരെ സവിശേഷമായി പരിഗണിച്ചാണ് വൈറ്റ്ബോര്‍ഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരളയുടെ 168 ബ്ലോക്ക്‌ റിസോഴ്സ് കേന്ദ്രങ്ങളിലെ 2500 റിസോഴ്സ് അധ്യാപകരാണ് ഇപ്പോള്‍ ഈ പ്രവര്‍ത്തനത്തില്‍ വ്യാപൃതരായിരിക്കുന്നത്. ഓരോരോ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍, ഡയറ്റ് ഫാക്കല്‍റ്റികള്‍ മുതലായവര്‍ പിന്തുണയുമായി ഒപ്പമുണ്ട്. പഠന വിഭവങ്ങള്‍ ടെലെഗ്രാം, വാട്ട്‌സ്അപ് മുതലായ ചാറ്റിംഗ് സംവിധാനങ്ങളിലൂടെയും യൂട്യൂബ് ഉള്‍പ്പെടെയുള്ള  നവസാമൂഹ്യ മാധ്യമങ്ങളിലൂടെയുമാണ് കുട്ടികള്‍ക്ക് ലഭ്യമാക്കുക. ഓരോ കുട്ടിയുടെയും സവിശേഷതകള്‍ പരിഗണിച്ച് പ്രത്യേകം തയ്യാറാക്കിയ പഠനവിഭവങ്ങള്‍, വര്‍ക്ക്ഷീറ്റുകള്‍ മുതലായവ കുട്ടികളില്‍ എത്തിക്കുന്നതിനൊപ്പം നേരിട്ട് കുട്ടികളുമായി സമ്പര്‍ക്കംപുലര്‍ത്തി പഠന പിന്തുണയും പ്രവര്‍ത്തന തുടര്‍ച്ചയും ഉറപ്പാക്കാനുള്ള “വൈറ്റ്ബോര്‍ഡ് ഗൃഹസന്ദര്‍ശനവും” ആസൂത്രണം ചെയ്തിട്ടുണ്ട്.

ഓണ്‍ലൈന്‍ വിഭവങ്ങളുടെ കൃത്യതയും പ്രോഫഷണല്‍ ഗുണമേന്മയും സാങ്കേതികത്തികവും വിമര്‍ശന വിധേയമാക്കി ഈ പദ്ധതി അപ്പാടെ പൊളിയാണ് എന്ന്‍ മുദ്രയടിക്കാന്‍ എളുപ്പമാണ്. ഈ വിമര്‍ശകരോട് വൈറ്റ്ബോര്‍ഡിന് പറയാനുള്ളത് ഒന്ന്‍ മാത്രം. ഇക്കാര്യങ്ങള്‍ ഒന്നും ഈ ഘട്ടത്തില്‍ വൈറ്റ്ബോര്‍ഡിന്‍റെ പരിഗണനാ വിഷയമേ അല്ല. സാങ്കേതിക കാര്യങ്ങളില്‍ ഒട്ടുമേ പരിചയം ഇല്ലാത്ത, സാങ്കേതിക വിദ്യാസൗഹൃദ ഇടപാടുകള്‍ പരിചയിച്ചിട്ടില്ലാത്ത, ബുജികളല്ലാത്ത സാദാഅധ്യാപകര്‍ തങ്ങളുടെ കുട്ടികള്‍ക്കായി ഒരു രക്ഷിതാവിന്‍റെ സ്ഥാനത്ത്നിന്ന്‍ തയ്യാറാക്കിയ പഠനപിന്തുണാ സംവിധാനമാണിത്. അവര്‍ക്ക് ഇപ്പോള്‍ ലഭ്യമായ മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള മിനിമം ഗാഡ്ഗറ്റുകള്‍ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍. ടെലികാസ്റ്റ് ക്വാളിറ്റിയോടെ വന്‍സജ്ജീകരണങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വിഭവങ്ങളുമായി ഇവ താരതമ്യം ചെയ്യല്ലേ. പക്ഷേ അക്കാദമിക ഗുണമേന്മയില്‍, പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കല്‍, അനുരൂപീകരണത്തിലൂടെ മെച്ചപ്പെട്ടത് കണ്ടെത്തല്‍ തുടങ്ങി കുട്ടിക്ക് ഗുണമേന്മാ വിദ്യാഭ്യാസ പിന്തുണ ഉറപ്പാക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വൈറ്റ്ബോര്‍ഡ് ചെയ്തിട്ടില്ല.ഇത് ഒരു കോവിഡ് മുട്ടുശാന്തി ഏര്‍പ്പാട് എന്നതിനപ്പുറം സാങ്കേതികവിദ്യാ സൗഹൃദ അനുരൂപീകൃത പഠനപിന്തുണാ പദ്ധതിയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന നൂതനമായ ആശയം എന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകളോടെയും സാങ്കേതികത്തികവോടെയും സമഗ്ര ശിക്ഷാ കേരളം ഈ പ്രവര്‍ത്തനം രാജ്യത്തിന്‌ മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാക്കി വികസിപ്പിക്കും എന്നാണ് വിദ്യാഭ്യാസ രംഗത്തെ ഗൗരവപൂര്‍ണമായ കരുതലോടെ  ഉറ്റുനോക്കുന്നവരുടെ പ്രതീക്ഷ.

 

(ലേഖകൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ വിദ്യാഭ്യാസ വിദഗ്ധനാണ്‌.)
 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top