25 April Thursday

ഈ 'ബാങ്കു'കള്‍ ആണ് സര്‍, അവരുടെ ജീവിതത്തിന്റെ ഉറപ്പ്...അശ്വതി അശോക്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

അശ്വതി അശോക്‌

അശ്വതി അശോക്‌

'ആർ.ബി.ഐ.യുടെ സാങ്കേതികപദങ്ങളൊന്നും മനസിലാകാത്ത ഗ്രാമപ്രദേശങ്ങളിലെ ഏറ്റവും സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരോട് വന്നു ചോദിച്ചുനോക്കണം അവർക്ക് ഈ സ്ഥാപനങ്ങളിലുള്ള വിശ്വാസം. നിങ്ങളുടെ ഇൻഷുറൻസ് സ്ക്കീമിനെക്കാളും അവർക്ക് ഉറപ്പുണ്ട്, അവരുടെ കുഞ്ഞുനിക്ഷേപങ്ങൾ അവരുടെ “സ്വന്തം ബാങ്കിൽ“ സുരക്ഷിതമായിരിക്കുമെന്ന്.'

സഹകരണ സംഘങ്ങൾ പേരിൽ “ബാങ്ക്“ എന്നുപയോഗിക്കുന്നതിനെതിരെ ജാഗ്രത പുലർത്തുക (Caution against various Co-operative societies using the word “Bank” in their names) എന്ന തലക്കെട്ടിൽ ഒരാഴ്ച മുമ്പ് റിസർവ് ബാങ്ക് ഒരു പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. സഹകരണസംഘങ്ങൾ പേരിൽ ബാങ്ക് എന്ന് ഉപയോഗിക്കാൻ പാടില്ലത്രേ. ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരമുള്ള ലൈസൻസ് അത്തരം സംഘങ്ങൾക്ക് ഇല്ലത്രേ. ബാങ്കിംഗ് “വ്യവസായം“ നടത്താൻ റിസർവ് ബാങ്ക് അത്തരം സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലത്രേ. സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ (Deposit Insurance and Credit Guarantee Corporation) ഇൻഷുറൻസ് പരിരക്ഷ ഇല്ലത്രേ. അതുകൊണ്ട് ഇത്തരം സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുമ്പോൾ പൊതുജനം ജാഗ്രതയും പ്രത്യേക ശ്രദ്ധയും പുലർത്തണമത്രേ. ഇതാണ് ആ പത്രക്കുറിപ്പിന്റെ സംക്ഷിപ്ത രൂപം.

ആർ.ബി.ഐ.യുടെ സാങ്കേതികപദങ്ങളൊന്നും മനസിലാകാത്ത ഗ്രാമപ്രദേശങ്ങളിലെ ഏറ്റവും സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരോട് വന്നു ചോദിച്ചുനോക്കണം അവർക്ക് ഈ സ്ഥാപനങ്ങളിലുള്ള വിശ്വാസം. നിങ്ങളുടെ ഇൻഷുറൻസ് സ്ക്കീമിനെക്കാളും അവർക്ക് ഉറപ്പുണ്ട്, അവരുടെ കുഞ്ഞുനിക്ഷേപങ്ങൾ അവരുടെ “സ്വന്തം ബാങ്കിൽ“ സുരക്ഷിതമായിരിക്കുമെന്ന്. നാളെണ്ണിയിരുന്ന സ്വപ്നങ്ങളെ ഒരു വീടായി കെട്ടിയുയർത്താനോ, മക്കൾക്ക് പഠിക്കാനോ, പെട്ടെന്നൊരസുഖം വന്നാലോ പൈസയ്ക്കു വേണ്ടി ഓടിച്ചെല്ലാൻ അവർക്കൊരിടമുണ്ട്. കാരണം അതവരുടെ “ബാങ്കാണ്“. ആ ബാങ്കിൽ അവർ ആർ.ബി.ഐ. ഉദ്‌ഘോഷിക്കുന്ന ബാങ്കിംഗ് “വ്യവസായത്തിലെ“ ഉപഭോക്താക്കൾ മാത്രമല്ല; അവരതിന്റെ ഉടമസ്ഥർ കൂടിയാണ്.

രണ്ടു വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ബി.പി.എൽ. കുടുംബങ്ങളിലെ കടബാധ്യതകളെക്കുറിച്ച് മനസിലാക്കാൻ നടത്തിയ പഠനത്തിന്റെ ഭാഗമായി നേരിട്ടു തൊട്ടറിഞ്ഞതാണ് അവർക്ക് ഈ “ബാങ്കു“കളോടുള്ള സ്നേഹം. പഠനത്തിലുൾപ്പെട്ട 50 ശതമാനം കുടുംബങ്ങളും വായ്പകൾക്കായി സഹകരണസ്ഥാപനങ്ങളെ ആശ്രയിച്ചിട്ടുള്ളവരാണ്. ഗ്രാമീണബാങ്കുകളടക്കമുള്ള വാണിജ്യബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുള്ളവരാകട്ടെ 25 ശതമാനം മാത്രവും.  വിവരദാതാക്കൾക്കിടയിലെ സാമൂഹ്യവ്യത്യാസങ്ങൾ കൂടി പരിഗണിച്ചാൽ എസ്.സി.-എസ്.ടി. വിഭാഗങ്ങളും, അതിദരിദ്രരുമാണ് പ്രധാനമായും വായ്പകൾക്കായി സഹകരണസ്ഥാപനങ്ങളെ ആശ്രയിക്കുന്നതെന്ന് മനസിലാക്കും. സർവേ നടത്തിയ എസ്.സി./എസ്.ടി. കുടുംബങ്ങളിൽ 52 ശതമാനവും സഹകരണസ്ഥാപനങ്ങളിൽ നിന്ന് സ്വർണവായ്പ എടുത്തിട്ടുള്ളവരാണ് (ഒ.ബി.സി. 37%, ജനറൽ 22%). എണ്ണിയെടുത്ത് അരിച്ചുണ്ടാക്കിയ സ്വർണവുമായി ഒരത്യാവശ്യത്തിന് അവർ ഓടിക്കയറുന്നത് ഈ സ്ഥാപനങ്ങളിലേക്കാണത്രേ.

വഴിയിലിറങ്ങി നിന്നാൽ ദിവസവും കാണുന്ന ചേട്ടന്മാരോ, ചേച്ചിമാരോ, സഖാക്കളോ, മക്കളുടെ കൂട്ടുകാരോ ഒക്കെയാണ് ആ “ബാങ്കിൽ“ ഇരിക്കുന്നത്. എവിടെ വെച്ച് കണ്ടാലും ചിരിച്ച് വീട്ടിലെ വിശേഷങ്ങൾ ചോദിക്കുന്ന ആളുകൾ. അല്ലാതെ നിക്ഷേപിക്കുന്ന പണത്തിന്റെ അളവനുസരിച്ച് കാപ്പിയാണോ, ചായയാണോ, ജൂസാണോ, കേക്കാണോ നൽകേണ്ടത് എന്ന് തീരുമാനിക്കുന്ന ബാങ്ക് മാനേജർമാരല്ല. വൻ തിമിംഗലങ്ങളെ പിടിച്ച് ടാർഗറ്റ് തികയ്ക്കാനുള്ള ഓട്ടത്തിൽ മുണ്ടുമുറുക്കിയെടുത്തു സ്വരുക്കൂട്ടിയെടുക്കുന്ന നൂറും അഞ്ഞൂറും ഒക്കെ സേവിംഗ്സ് അക്കൗണ്ടിൽ ഇടുന്ന സാധാരണക്കാരെ പരിഗണിക്കാൻ അവർക്കെവിടെ സമയം? ഇംഗ്ലീഷിലുള്ള ഫോമുകളും, സങ്കീർണമായ പ്രൊസീഡറുകളും, എന്തിന് വാണിജ്യബാങ്കുദ്യോഗസ്ഥരുടെ വേഷവിധാനങ്ങളും, സംസാരരീതികളും പോലും തങ്ങളുടേതല്ലാത്ത ഒരു സ്ഥലത്താണ് തങ്ങൾ എത്തിപ്പെട്ടത് ഒന്ന തോന്നൽ ഈ മനുഷ്യരിൽ സൃഷ്ടിക്കുന്നുണ്ട്. അദൃശ്യമായ ഒരു ചുവർ വാണിജ്യബാങ്കുകൾക്കും സാധാരണക്കാർക്കും ഇടയിൽ നിലനിൽക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. തങ്ങളെ സ്വാഗതം ചെയ്യുന്ന, ആത്മവിശ്വാസത്തോടെ കയറിച്ചെല്ലാവുന്ന “ഒരിട“മായി റിസർവ് ബാങ്ക് ലൈസൻസ് ഒക്കെ കൊടുത്ത് പരിപാലിക്കുന്ന വാണിജ്യബാങ്കുകളെ അവർക്ക് തോന്നുന്നില്ല.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ബാങ്കിംഗ് മേഖലയിൽ നടക്കുന്ന സ്വകാര്യവൽക്കരണ-ഉദാരവൽക്കരണ നീക്കങ്ങളോട് ചേർത്തുവായിക്കുമ്പോൾ സാമ്പത്തികവും-സാമൂഹ്യപരവുമായി അരികുവൽക്കരിക്കപ്പെട്ട ഒരു ജനതയോട് കൂടുതൽ സൗഹാർദപൂർവമായ സമീപനങ്ങൾ ഇത്തരം ബാങ്കുകളിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ അർഥമില്ലല്ലോ. വായ്പകളുടെ കൂടുതൽ തുല്യമായ വിതരണം ലക്ഷ്യം വെച്ച്  1970കളിൽ ആരംഭിച്ച ബാങ്കുകളുടെ മുൻഗണനാ വായ്പാനയത്തിലുണ്ടായ (priority sector lending) വെള്ളം ചേർക്കൽ എങ്ങനെയാണ് ഇന്ത്യൻ ഗ്രാമങ്ങളിലെ സാധാരണക്കാരെയും കാർഷികമേഖലയെയും പ്രതികൂലമായി ബാധിച്ചതെന്നതിന്റെ സാക്ഷ്യങ്ങൾ ജയതി ഘോഷും, സി.പി. ചന്ദ്രശേഖറും, വികാസ് റാവലുമൊക്കെ എഴുതുന്നുണ്ട്.  

റിസർവ് ബാങ്കിന്റെ തന്നെ കണക്കു പ്രകാരം വാണിജ്യബാങ്കുകളിലെ ആകെ വായ്പാ അക്കൗണ്ടുകളിൽ 76 ശതമാനവും രണ്ടു ലക്ഷം രൂപയ്ക്ക് താഴെ വായ്പയെടുത്തവരുടേതാണ്. എന്നാൽ ആകെ ബാങ്ക് വായ്പകളിൽ പത്തു ശതമാനത്തിൽ താഴെ മാത്രമാണ് ഇവർക്കായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം കേവലം 0.25 ശതമാനം അക്കൗണ്ടുകൾ ആണ് ഒരു കോടി രൂപയ്ക്ക് മുകളിൽ വായ്പ എടുത്തിട്ടുള്ളത്. അതായത് വലിയ വലിയ കോർപ്പറേറ്റുകൾക്കുള്ള വായ്പകൾ. എന്നാൽ ആകെ ബാങ്ക് വായ്പയുടെ 53 ശതമാനവും ഈ 0.25 ശതമാനത്തിനാണ് നൽകപ്പെട്ടിരിക്കുന്നത്. ഇതിൽ നിന്നു തന്നെ വ്യക്തമാണല്ലോ വാണിജ്യബാങ്കുകളുടെ “ദരിദ്രസ്നേഹം“. ബാങ്കുകളുടെ ദേശസാൽക്കരണത്തിൽ നിന്നു നേടിയ ചെറിയ ചെറിയ തുല്യതകൾ പോലും തുടച്ചുനീക്കുകയായിരുന്നത്രേ 1991ൽ മൻമോഹൻ സിംഗ് പരവതാനി വിരിച്ചുകൊടുത്ത നവലിബറൽ നയങ്ങൾ. അതിനെ ഏറ്റവും ഉചിതമായ രീതിയിൽ ആനയിച്ച് മുൻനിര ഇരിപ്പിടത്തിൽ തന്നെ ഇരുത്തുന്നുണ്ട് “ദേശീയവാദി“കളായ മോഡി സർക്കാർ. പാർലമെന്റിന്റെ ഈ സെഷനിൽ രണ്ട് പൊതുമേഖലാ ബാങ്കുകളെ കൂടി വിറ്റുതുലയ്ക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൂടുതൽ പളപളപ്പും, കൃത്രിമചിരികളും, കോർപ്പറേറ്റുകളോടുള്ള അമിതവിധേയത്വവുമായി രംഗപ്രവേശം ചെയ്യുന്ന സ്വകാര്യബാങ്കുകൾ മുഷിഞ്ഞ വസ്ത്രക്കാരുടെ ചെറിയ ചെറിയ നിക്ഷേപങ്ങളെ എങ്ങനെയാവും കാണുക എന്ന് പ്രത്യേകം പറയേണ്ടല്ലോ.

ഇന്ത്യയുൾപ്പെടെയുള്ള 54 രാജ്യങ്ങളിലെ ബാങ്കിംഗ് വിവരങ്ങൾ പരിശോധിച്ച് വേൾഡ് ബാങ്ക് പറയുന്നുണ്ട് ഏതു ധനകാര്യസ്ഥാപനത്തെ ആശ്രയിക്കുന്നുവെന്നത് ജനങ്ങളുടെ സാമ്പത്തികശേഷിയെ അടിസ്ഥാനപ്പെടുത്തിയാണെന്ന്. നഗരപ്രദേശങ്ങളിലെ പണക്കാർക്കാണ് വാണിജ്യബാങ്കുകളുടെ സേവനങ്ങൾ കൂടുതലായി ലഭിക്കുന്നതത്രേ. സ്ഥിരവരുമാനക്കാരായ ആളുകളെയാണ് ഇത്തരം ബാങ്കുകൾക്ക് കൂടുതൽ താല്പര്യമത്രേ. എന്നിട്ട് “ഞങ്ങളുടെ ലൈസൻസ് ഉള്ളതുകൊണ്ട് നിങ്ങൾ ഈ ബാങ്കുകളെ വിശ്വസിക്കൂ“ എന്നാണ് അന്നന്നത്തെ അസ്ഥിര വരുമാനവും അപ്രതീക്ഷിത ചെലവുകളും വെച്ച് ഞാണിന്മേൽ കളികളിക്കുന്ന ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ഒരു വിഭാഗത്തോട് റിസർവ് ബാങ്ക് പറഞ്ഞുകൊണ്ടിരിക്കുന്നത്. ശീതീകരിച്ച മുറികളിലിരുന്ന് ഡേറ്റകൾ വെച്ച് സങ്കീർണമായ കണക്കുകൂട്ടലുകൾ നടത്തുന്ന സാമ്പത്തികവിദഗ്ദ്ധർക്ക് പോലും മനസിലാകാത്ത സാമ്പത്തികമാനേജ്‌മെന്റ് ദിവസവും നടത്തുന്ന ഒരു ജനതയോടാണ് ഇവരിതു പറയുന്നത്. പരസ്പരവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കൊടുക്കൽ വാങ്ങലുകളുടെ മേൽ ഓരോ ദിവസവും തള്ളിനീക്കുന്നവർ. ജീവിതം കരുപ്പിടിപ്പിക്കാനുള്ള നിക്ഷേപങ്ങൾക്കായി പ്രാദേശിക ചിട്ടികളെയും, മറ്റ് അനൗപചാരിക സംവിധാനങ്ങളെയും ആശ്രയിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും എന്ന് റിസർവ് ബാങ്കിന്റെ തന്നെ പഠനങ്ങൾ വ്യക്തമാക്കുന്നു. വാണിജ്യബാങ്കുകളിലെ നിക്ഷേപ ഇൻഷുറൻസ് സ്ക്കീമുകളെക്കാൾ അവർക്കുറപ്പ് അവരുടെ അയൽപക്കത്തെ വീട്ടിലെ ചേച്ചി തുടങ്ങുന്ന ചിട്ടിയോടാണ്. “വിശ്വാസം“ എന്നത് അവർക്ക് അവരുടെ ജീവിതയാഥാർഥ്യമാണ്.


കഴിഞ്ഞ കുറച്ചുവർഷങ്ങളായി രാജ്യത്തെ വാണിജ്യബാങ്കുകളുടെ കിട്ടാക്കടം വർധിച്ചുവരികയാണ്. ആകെയുള്ള ബാങ്ക് വായ്പകളിൽ കിട്ടാക്കടത്തിന്റെ ശതമാനം 2007-08ൽ 2 ശതമാനം മാത്രമായിരുന്നെങ്കിൽ 2017-18 ആയപ്പോൽ 11 ശതമാനമായി വർധിച്ചു. 2018-19 വർഷം അത് 9.1 ശതമാനമായി താഴ്‌ന്നിട്ടുണ്ടെങ്കിലും, അത് റിസർവ് ബാങ്കിന്റെ തന്നെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതു പോലെ  പോലെ, മുൻവർഷങ്ങളിലെ കടങ്ങൾ ബാങ്കുകൾ എഴുതിത്തള്ളിയതുകൊണ്ടാണ്. അങ്ങനെ തങ്ങളുടെ അക്കൗണ്ട് ബുക്കുകളിൽ നിന്ന് ആ കടങ്ങൾ മായ്‌ച്ചുകളഞ്ഞതു കൊണ്ടാണ്. അല്ലാതെ രാജ്യം വിട്ടോടുന്ന നീരവ് മോഡിമാരും, വിജയ് മല്യമാരും കനിവു തോന്നി തങ്ങളുടെ വായ്പകൾ തിരിച്ചടക്കുന്നതു കൊണ്ടല്ല. റിസർവ് ബാങ്കിന്റെ തന്നെ ഡേറ്റ അനുസരിച്ച് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടത്തിന്റെ 25 ശതമാനം മാത്രമാണ് കൃഷിയുൾപ്പെടെയുള്ള മുൻഗണനാ മേഖലകൾക്ക് (non-priority sector) നൽകിയ വായ്പകൾ. ബാക്കി 75 ശതമാനവും മുൻഗണനേതരവിഭാഗങ്ങൾക്ക് നൽകപ്പെട്ടവയാണ്. നഷ്ടത്തിലാണ് നഷ്ടത്തിലാണെന്ന് മുറജപം നടത്തി മോഡി സർക്കാർ വിറ്റുതുലയ്ക്കുന്ന രാജ്യത്തിന്റെ സ്വത്തായ പൊതുമേഖലാ സ്ഥാപനങ്ങൾ തിരിച്ചടയ്ക്കാത്തത് ആകെ കിട്ടാക്കടത്തിന്റെ 3 ശതമാനം മാത്രം. അതായത്, കാലം തെറ്റി പെയ്യുന്ന മഴയ്ക്ക് വർഷം മുഴുവൻ പട്ടിണിയാവുന്ന പാവപ്പെട്ട കൃഷിക്കാരോ, പെട്രോളിനും ഡീസലിനും വില കൂടിയാൽ മൊത്തം ബജറ്റ് താളം തെറ്റുന്ന ചെറിയ ചെറിയ കച്ചവടക്കാരോ, നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തികളായ പൊതുമേഖലാ വ്യവസായങ്ങളോ ഒന്നുമല്ല ഇന്ത്യയിലെ കിട്ടാക്കടത്തിന്റെ കാരണക്കാർ. രാജ്യത്തെ വായ്പകളുടെ സിംഹഭാഗവും കൈയടക്കി വെച്ചിരിക്കുന്ന സ്വകാര്യ കോർപ്പറേറ്റുകളുടേതാണ് കിട്ടാക്കടത്തിന്റെ ഭൂരിഭാഗവും എന്ന് ചുരുക്കം. എന്നിട്ട് തങ്ങൾ സ്വരുക്കൂട്ടിവെക്കുന്ന പണം കൊണ്ട് കോർപ്പറേറ്റുകളുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളി ബാലൻസ് ഷീറ്റിൽ മാജിക്ക് കാണിക്കുന്ന വാണിജ്യബാങ്കുകളെ സാധാരണക്കാർ വിശ്വസിക്കണമത്രേ. അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായ സഹകരണ സ്ഥാപനങ്ങളെ അവർ വിശ്വസിക്കാൻ പാടില്ലത്രേ.

കേരളഗ്രാമങ്ങളിലെ സാധാരണക്കാർ എത്രത്തോളം സഹകരണ സ്ഥാപനങ്ങളെ വിശ്വസിക്കുന്നുവെന്ന് മനസിലാക്കാൻ ഒരു കണക്കുകൂടി. കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളെയും ഉൾക്കൊള്ളുന്ന ഒരു പ്രസ്ഥാനമാണ് കുടുംബശ്രീ. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് അവർക്കിഷ്ടമുള്ള ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഗ്രാമപ്രദേശങ്ങളിലെ ബഹുഭൂരിപക്ഷം അയൽക്കൂട്ടങ്ങൾക്കും അക്കൗണ്ട് ഉള്ളത് അതാത് പ്രദേശങ്ങളിലെ സഹകരണസ്ഥാപനങ്ങളിലാണ് എന്നത് തന്നെ സ്ത്രീകൾ ഈ പ്രസ്ഥാനത്തിലർപ്പിക്കുന്ന വിശ്വാസത്തിന്റെ ആഴം.

പഠനത്തിന്റെ ഭാഗമായി ഞങ്ങൾ സന്ദർശിച്ച എല്ലാ വായ്പാസഹകരണ സ്ഥാപനങ്ങളും പ്രാദേശികസമ്പദ്‌വ്യവസ്ഥയിൽ സജീവമായി ഇടപെടുന്നവയായിരുന്നു. വിത്തുകളും വളവും കുറഞ്ഞ നിരക്കിൽ വിതരണം ചെയ്തും, ആടുകളെയും കോഴികളെയും പരിപാലിക്കുന്നതിനായി പ്രത്യേക പദ്ധതിക്ക് രൂപം നൽകിയും, ഉല്പന്നങ്ങൾ വിപണനം ചെയ്യാനുള്ള ഗ്രാമീണ ചന്തകൾ നടത്തിയും, കുറഞ്ഞനിരക്കിൽ മരുന്നുകൾ ലഭ്യമാക്കാനുള്ള മെഡിക്കൽ സ്റ്റോറുകൾ ആരംഭിച്ചും നാട്ടുകാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയവയാണ് ഈ “ബാങ്കുകൾ“. കേരളസർക്കാർ സംസ്ഥാനം മുഴുവൻ നടപ്പാക്കാനുദ്ദേശിക്കുന്ന “മുറ്റത്തെ മുല്ല“ പദ്ധതി മണ്ണാർക്കാട്ടെ ഒരു കുഞ്ഞു “ബാങ്കിന്റെ“ തലച്ചോറിൽ ഉണ്ടായതാണത്രേ. പൊക്കാളികൃഷിയും, ചെമ്മീൻ വളർത്തലുമൊക്കെയായി ഒരു ഗ്രാമത്തിന്റെ നട്ടെല്ലായി നിവർന്നു നിൽക്കുകയാണത്രേ എറണാകുളം ജില്ലയിലെ പള്ളിയാക്കൽ സഹകരണ “ബാങ്ക്“. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ. ഓരോ നാടിന്റെയും പ്രാദേശിക പ്രത്യേകതകൾക്കനുസൃതമായി പദ്ധതികൾ രൂപീകരിച്ച് ഗ്രാമീണതൊഴിൽശക്തിയെ ഉല്പാദനമേഖലയിലേക്ക് ആകർഷിക്കുന്ന നാടിന്റെ നാഡീഞരമ്പുകൾ. ഇവയെ വിശ്വസിക്കാൻ പാടില്ലയെന്നാണ് റിസർവ് ബാങ്ക് ഉദ്‌ഘോഷിക്കുന്നത്. ഈ ഞരമ്പുകളിൽ കൂടി രക്തമൊഴുകി ഗ്രാമങ്ങൾ പച്ചപിടിക്കുന്നത് അവർക്കിഷ്ടമല്ലത്രേ.

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെയും പ്രവർത്തനമൂലധനത്തിന്റെയും കാര്യത്തിൽ രാജ്യത്തു തന്നെ ഒന്നാമതാണ് കേരളം. സഹകരണ സ്ഥാപനങ്ങൾ വഴി ഏറ്റവും കൂടുതൽ വായ്പ കൊടുത്തിട്ടുള്ള സംസ്ഥാനം കേരളമാണ്. എല്ലാ ഗ്രാമങ്ങളിലും ഒരു സഹകരണ സ്ഥാപനമെങ്കിലും ഉള്ള ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്ന്. ഗ്രാമീണ വികസനത്തിനാവശ്യമായ വിഭവ സമാഹരണം ഗ്രാമങ്ങളില്‍ നിന്നുതന്നെ സമാഹരിക്കുന്നതിനുള്ള മാര്‍ഗം രാജ്യത്തിന് കാണിച്ചുകൊടുക്കുന്നവയാണ് കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍. ലോകപ്രശസ്തമായ കേരള വികസന മാതൃക കെട്ടിപ്പടുക്കുന്നതില്‍ ഈ സ്ഥാപനങ്ങളുടെ പങ്ക് ചെറുതല്ല.  നിക്ഷേപകരുടെ പണം മടക്കിക്കൊടുക്കാന്‍ കഴിയാതെ ലോകത്തെ വന്‍കിട ബാങ്കുകള്‍ പോലും പൂട്ടേണ്ടിവരുമ്പോള്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരു നിക്ഷേപകന്റെയും പണം മടക്കിക്കൊടുക്കാതിരുന്നിട്ടില്ല എന്നത് ചെറിയ കാര്യമല്ല. പരിചിതത്വത്തിന്റെയും വിശ്വാസത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഒക്കെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജനകീയസംരംഭമാണത്.

പണമില്ലാത്ത കൊണ്ട് തവണകൾ മുടങ്ങിയാലും തങ്ങളുടെ കിടപ്പാടം പോവില്ലെന്ന ഉറപ്പുകൂടിയാണ് ഈ നാട്ടിലെ സാധാരണക്കാർക്ക് ഈ സ്ഥാപനങ്ങൾ.

 “ഇതവരുടെ ബാങ്കല്ലേ. അവരുടെ ആവശ്യങ്ങൾക്ക് ഓടിക്കയറി വരാനുള്ള ഇടമല്ലേ. അതുകൊണ്ട് മനപ്പൂർവം അവർ തിരിച്ചടവു മുടക്കില്ല. ഉള്ളതു കൂട്ടിവെച്ച് പലിശയെങ്കിലും മുടങ്ങാതെ അവർ തിരിച്ചടയ്ക്കാറുണ്ട്. കൈയിൽ പൈസയില്ലാത്തതു കൊണ്ടു മാത്രമാണ് പലരുടെയും അടവ് മുടങ്ങുന്നത്. അത് മനസിലാക്കാതെ അവരുടെ തുണ്ടുഭൂമി ജപ്തി ചെയ്യാൻ ഞങ്ങൾ മനുഷ്യത്വമില്ലാത്തവരൊന്നുമല്ലല്ലോ.“ – സ്ഥാപനത്തിന്റെ തിരിച്ചടവിനെക്കുറിച്ചു ചോദിച്ചപ്പോൾ കണ്ണൂരിലെ ഒരു സഹകരണബാങ്ക് പ്രസിഡന്റ് പറഞ്ഞ വാക്കുകളാണ്.

“ഞാൻ ഇന്നു വരുന്ന വഴിക്ക് അടുത്ത വീട്ടിലെ ചേച്ചി വിഷമിച്ചുനിൽക്കുന്നത് കണ്ടു. മകളുടെ കല്യാണമാണ്. വിചാരിച്ചയിടത്തു നിന്ന് പൈസ കിട്ടിയില്ലത്രേ. അതിനെന്താ, നമ്മുടെ ബാങ്കിൽ നിന്ന് ലോൺ ശരിയാക്കാമല്ലോ എന്ന് ഞാൻ പറഞ്ഞു. ഈ നാട്ടുകാർക്ക് വേണ്ടി പണിതുയർത്തിയ സ്ഥാപനമല്ലേ. അവർക്കൊരാവശ്യത്തിനുപയോഗപ്പെട്ടില്ലെങ്കിൽ പിന്നെ ഈ സ്ഥാപനം കൊണ്ട് എന്തു പ്രയോജനം“- ആലപ്പുഴ ജില്ലയിലെ ഒരു സഹകരണബാങ്ക് പ്രസിഡന്റിന്റെ നേർസാക്ഷ്യം.

ഈ വാക്കുകൾ മാത്രം മതി, ഈ നാട്ടിലെ സാധാരണക്കാർ എന്തുകൊണ്ട് ഈ “ബാങ്കുകളെ“ വിശ്വസിക്കുന്നുവെന്ന് വ്യക്തമാകാൻ. ജൻധൻ അക്കൗണ്ട് എന്ന പേരിൽ എല്ലാവരെയും ഓടിച്ചു പിടിച്ച് അക്കൗണ്ട് തുടങ്ങി അതിന്റെ കണക്കുകാണിച്ച് ഇന്ത്യയിൽ ഉയർന്ന financial inclusion എന്ന് ഊറ്റം കൊള്ളുന്ന അത്ര എളുപ്പമല്ല, സാധാരണക്കാരുടെ സാമ്പത്തികജീവിതത്തിന്റെ ഏറ്റവും അടുത്തുനിൽക്കാൻ. കൊട്ടിഘോഷിക്കപ്പെട്ട ജൻധൻ അക്കൗണ്ടുകളിൽ എത്രയെണ്ണം സജീവമായി ഉപയോഗിക്കപ്പെടുന്നുവെന്നുണ്ടെന്ന കണക്കു കൂടി കിട്ടിയാലേ ഇവയുടെ പൊള്ളത്തരം വ്യക്തമാകൂ.

സർഫാസി നിയമം കേരളത്തിലെ സഹകരണസ്ഥാപനങ്ങളിൽ നടപ്പാക്കില്ലെന്ന് ചങ്കുറപ്പോടെ പ്രഖ്യാപിച്ച നാടാണ് കേരളം. സഹകരണസ്ഥാപനങ്ങൾക്കെതിരെയുള്ള കേന്ദ്രസർക്കാർ കടന്നുകയറ്റങ്ങളെ സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ തെരുവിൽ നേരിട്ട സംസ്ഥാനം. മുതലാളിത്ത വ്യവസ്ഥിതിയിലെ ഈ ജനകീയ ബദലുകളെ ശക്തിപ്പെടുത്തുക എന്നത് അതുകൊണ്ടുതന്നെ ഒരു രാഷ്ട്രീയപ്രവർത്തനം തന്നെയാണ്. വിവിധ സഹകരണസ്ഥാപനങ്ങൾ അതാത് പ്രദേശത്ത് നടത്തുന്ന ഇടപെടലുകളെ രേഖപ്പെടുത്തിയും, പ്രചരിപ്പിച്ചും കേന്ദ്രസർക്കാരിനെതിരെയുള്ള ജനകീയ കോട്ടകൾ പടുത്തുയർത്തണം. കുഞ്ഞുകുഞ്ഞു സ്വപ്നങ്ങൾക്കായുള്ള ചെറിയ ചെറിയ നീക്കിയിരിപ്പുകൾക്കു മേൽ പണിതുകൂട്ടിയിട്ടുള്ള ഉറപ്പാണ് കേരളത്തിലെ സഹകരണബാങ്കുകൾ. കേന്ദ്രം ഭരിക്കുന്ന മുതലാളിത്ത നയങ്ങളും, ആർ.ബി.ഐ.യും അതിനെ എന്തു പേരിട്ടു വിളിച്ചാലും ഈ നാട്ടിലെ സാധാരണക്കാർക്ക് അവ “ഞങ്ങളുടെ ബാങ്ക്“ തന്നെയായിരിക്കും.

(യു കെ യിൽ യൂണിവേഴ്സിറ്റി ഓഫ് പോർട്സ്മൗത്തിൽ ഗവേഷക വിദ്യാർത്ഥിയാണ് ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top