27 April Saturday

ജമാഅത്തെ‐യുഡിഎഫ്‌ ബാന്ധവത്തിനു പിന്നിൽ - എളമരം കരീം എഴുതുന്നു

എളമരം കരീംUpdated: Tuesday Jun 30, 2020


വെൽഫെയർ പാർടിയെ മുൻനിർത്തി ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയസഖ്യമുണ്ടാക്കാനുള്ള മുസ്ലിംലീഗ് തീരുമാനം യുഡിഎഫ് അംഗീകാരത്തോടെയാണെന്നാണ് ലീഗ് സെക്രട്ടറി പറയുന്നത്. മുസ്ലിം തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തെക്കുറിച്ച് മതനിരപേക്ഷ പാർടി എന്നവകാശപ്പെടുന്ന കോൺഗ്രസ് മൗനം ദീക്ഷിക്കുന്നു. എല്ലാവരും അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ അവിശുദ്ധ കൂട്ടുകെട്ട് രൂപംകൊള്ളുന്നതെന്ന് വ്യക്തം. ഏതായാലും മുസ്ലിംലീഗിനുള്ളിൽ അമർഷം പുകയുന്നുണ്ട്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പരസ്യമായി എതിർത്ത്‌ പ്രസ്താവന ഇറക്കി. ലീഗ് അണികളിൽ ഗണ്യമായ വിഭാഗങ്ങളായ സുന്നി–- മുജാഹിദ് പ്രസ്ഥാനങ്ങളും ലീഗിന്റെ നിലപാടിൽ അമർഷമുള്ളവരാണ്. നട്‌വത്തുൽ മുജാഹിദിന്റെ ഔദ്യോഗിക വാരിക "ശബാബ്' 2020 ജൂൺ 26 ലക്കം രൂക്ഷവിമർശനവുമായി മുസ്ലിംലീഗിനെ ചോദ്യം ചെയ്യുന്നു. അവർ ഉന്നയിച്ചത് മൂന്ന് ചോദ്യമാണ്. ‘ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷത്തോടൊപ്പം ഇനി നീക്കുപോക്കു നടക്കില്ല എന്നുറപ്പായ പശ്ചാത്തലത്തിൽ "ശൂറ'കൂടി എടുത്ത തീരുമാനമായിരിക്കുമല്ലോ ലീഗുമായി കൈകോർക്കുക എന്നത്. ലീഗ് ഇതിന് പച്ചക്കൊടി കാണിക്കുമ്പോൾ മൂന്ന് ചോദ്യത്തിനെങ്കിലും ലീഗ് നേതൃത്വം മറുപടി പറയാൻ ബാധ്യസ്ഥമാണ്.'

(1)2009 –-2010 കാലത്തും അതിനുമുമ്പും ശേഷവും ലീഗ്–- ജമാഅത്തെ കൊമ്പുകോർക്കലിൽ ജമാഅത്തെ ഇസ്ലാമിക്കുനേരെ ആരോപിച്ച ഗുരുതരമായ ആരോപണങ്ങൾ മുസ്ലിംലീഗ് നേതൃത്വം പിൻവലിച്ചോ?

(2)ജമാഅത്തെ ഇസ്ലാമി അതിന്റെ അടിസ്ഥാന ആദർശമായ മതരാഷ്ട്രവാദം (ഒ അബ്ദുറഹിമാന്റെ ഭാഷയിൽ തിയോ ഡെമോക്രസി) പ്രയോഗതലത്തിലെന്നപോലെ ആദർശതലത്തിലും താത്വികരംഗത്തും പൂർണമായും ഉപേക്ഷിച്ചു എന്ന് മുസ്ലിംലീഗ് വിശ്വസിക്കുന്നുണ്ടോ?

(3)ബിജെപിയുമായി കോൺഗ്രസ് തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയാൽ മുസ്ലിംലീഗ് യുഡിഎഫിൽ തുടരുമോ പിരിഞ്ഞുപോരുമോ? എന്തുകൊണ്ട്?
സ്വന്തം അണികളിൽ നിന്നുയരുന്ന ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ലീഗ് നേതൃത്വം വല്ലാതെ വിയർക്കേണ്ടി വരും. ഒക്ടോബറിൽ തദ്ദേശ തെരഞ്ഞെടുപ്പിലും 2021 ഏപ്രിലിൽ നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ്‌ മുന്നണിയെ നേരിടാൻ യുഡിഎഫിന്റെ ആത്മവിശ്വാസം ചോർന്നുപോയോ? യുഡിഎഫിന് പരാജയഭീതി ഉണ്ടായതുകൊണ്ടല്ലെ പുതിയ ബന്ധുക്കളെ അന്വേഷിക്കുന്നത്?.



 

ഒരു നൂറ്റാണ്ടോളം നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായിട്ടാണ് ഹിന്ദുത്വ തീവ്രവാദ ശക്തികളായ സംഘപരിവാർ 2014ൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുന്നത്. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്നതിനുപകരം ഇന്ത്യയെ "ഹിന്ദുരാഷ്ട്ര'മാക്കുക എന്നതാണവരുടെ ലക്ഷ്യം. 2019ൽ വ്യക്തമായ ഭൂരിപക്ഷം ബിജെപിക്ക് സ്വന്തമായും മൂന്നിൽ രണ്ട് ഭൂരിപക്ഷം എൻഡിഎയ്‌ക്കും ലഭിച്ചതിനുശേഷം "ഹിന്ദുരാഷ്ട്ര'ത്തിലേക്കുള്ള ഓരോ പടവും കയറുക എന്നതാണ് ആർഎസ്എസ് നടപ്പാക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–-ാം വകുപ്പ് റദ്ദ് ചെയ്തു. ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം എന്ന ലക്ഷ്യം നേടി. "ഏക സിവിൽ കോഡ്' നടപ്പാക്കാനുള്ള നീക്കങ്ങൾ തകൃതിയിലാണ്. പൗരത്വ നിയമം ഭേദഗതി ചെയ്തു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും തലപ്പത്ത് സംഘപരിവാറുകാരെ അവരോധിച്ചു. സിബിഐ, തെരഞ്ഞെടുപ്പ് കമീഷൻ പോലുള്ള സ്ഥാപനങ്ങളെയും വരുതിയിലാക്കി. നീതിന്യായ വ്യവസ്ഥയെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. മൂന്ന് സേനയെയും ഏകോപിപ്പിച്ച് സർക്കാരിന് ഓശാന പാടുന്ന ആളെ തലപ്പത്ത് അവരോധിച്ച നടപടിയും യാദൃച്ഛികമാകാൻ ഇടയില്ല.

ഭരണഘടനയും രാജ്യത്തെ ജനാധിപത്യവ്യവസ്ഥയും മതനിരപേക്ഷതയും ഗുരുതരമായ വെല്ലുവിളികളെയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ എല്ലാ മതനിരപേക്ഷ–-ജനാധിപത്യശക്തികളെയും ഒന്നിപ്പിച്ച് നിർത്തുക എന്നതാണ് ഓരോ രാജ്യസ്നേഹിയുടെയും ചുമതല. കോൺഗ്രസ് കേന്ദ്രനയങ്ങളെ എതിർക്കാൻ ആത്മാർഥത കാണിക്കുന്നില്ല.  പൊതുമേഖലാ സ്വകാര്യവൽക്കരണത്തെ അവർ അനുകൂലിക്കുന്നു. ഇടതുപക്ഷം മാത്രമാണ് സംഘപരിവാറിന്റെ വർഗീയവൽക്കരണത്തെയും ഉദാരവൽക്കരണ നയങ്ങളെയും ആത്മാർഥമായി എതിർക്കുന്നത്. താരതമ്യേന ദുർബലരാണെങ്കിലും ഇടതുപക്ഷം ഉയർത്തുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ വേണം കേരളത്തിൽ വർഗീയ തീവ്രവാദ ശക്തികളെ കൂട്ടുപിടിക്കാൻ മുസ്ലിംലീഗും യുഡിഎഫും നടത്തുന്ന ശ്രമത്തെ കാണാൻ.

ജമാഅത്തെ ഇസ്ലാമി എന്നാൽ
ഇഖാമത്തുദ്ദീനിനുവേണ്ടി (ദീൻ സാക്ഷാൽക്കാരം) നിലകൊള്ളുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്ന് അതിന്റെ നേതാക്കൾ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾ ഉദ്ദേശിക്കുന്ന "ഇഖാമത്തുദ്ദീൻ' പാർലമെന്ററി ജനാധിപത്യമല്ലെന്നും ഇസ്ലാമിക ഭരണവ്യവസ്ഥയുടെ സംസ്ഥാപനമാണെന്നും സ്ഥാപകനേതാവായ മൗലാന അബുൾ അഅല മൗദൂദി വ്യക്തമായി പറഞ്ഞിട്ടുണ്ട്. മൗദൂദിയുടെ നിലപാട് നോക്കുക. ‘മുസ്ലിങ്ങൾ അവരുടെ പ്രവർത്തന രീതി അടിമുടി അഴിച്ചുപണിയേണ്ടിയിരിക്കുന്നു. നിയമസഭകളിലെ പ്രാതിനിധ്യ പ്രശ്നം, തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള നെട്ടോട്ടം, ഉദ്യോഗങ്ങൾക്കുവേണ്ടിയുള്ള വടംവലി, സാമുദായികാവകാശങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടിയുള്ള മുറവിളിയെല്ലാം വരുംകാലത്ത് നിഷ്ഫലവും ദോഷകരവുമായി ഭവിക്കും' (ഇന്ത്യൻ മുസ്ലിങ്ങൾക്ക് നാലിന പരിപാടിയെന്ന പേരിൽ 2010ൽ പ്രബോധന (ജമാഅത്തെ ഇസ്ലാമിയുടെ മുഖവാരികയിൽ വന്ന ലേഖനം). ജമാഅത്തെ ഇസ്ലാമി ഒരു മതരാഷ്ട്രവാദ പ്രസ്ഥാനമാണ്. അവർ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാറുണ്ടായിരുന്നില്ല. സർക്കാരുദ്യോഗങ്ങൾക്ക് പോകാറുണ്ടായിരുന്നില്ല. ഇസ്ലാമിക ഭരണകൂടത്തിൻ കീഴിൽ മാത്രമേ അതൊക്കെ ആകാവൂ എന്നായിരുന്നു അവരുടെ നിലപാട്. "ഹുകുമത്തെ ഇലാഹി' എന്ന ദൈവിക ഭരണകൂടം ലക്ഷ്യമാക്കി 1941ൽ നിലവിൽ വന്ന ഒരു മതരാഷ്ട്ര പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർടിയാണ് 2011ൽ രൂപംകൊണ്ട വെൽഫയർ പാർടി. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര ആശയത്തെ വെൽഫെയർ പാർടി ഇന്നുവരെ തള്ളിപ്പറഞ്ഞിട്ടില്ല. സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രവാദത്തെ ബിജെപി തള്ളിപ്പറഞ്ഞിട്ടില്ലാത്തതുപോലെ! ഈ സാഹചര്യത്തിലാണ് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുമ്പ്‌  പ്രസ്താവന നടത്തിയത്. ‘‘മതരാഷ്ട്രവാദത്തെ പിന്തുണയ്‌ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി മതേതര പാർടിയായ മുസ്ലിംലീഗിന് യോജിക്കാനാകില്ല. അവരുമായി നടന്ന ചർച്ച അടഞ്ഞ അധ്യായമാണ്. മുസ്ലിം ജനവിഭാഗങ്ങളുടെ പൊതു വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ജമാഅത്തെ ഇസ്ലാമിയെയും ഉൾപ്പെടുത്താറുണ്ട്. എന്നാൽ, അവർ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇനിയൊരു ചർച്ചയ്‌ക്കും ലീഗില്ല''.

ജമാഅത്തെ ഇസ്ലാമി മൗദൂദിയെ വിട്ട് മുസ്ലിംലീഗിനെപ്പോലെ ഒരു രാഷ്ട്രീയ പാർടിയായി മാറാൻ തീരുമാനിച്ചോ? ജമാഅത്തും വെൽഫെയർ പാർടിയും ഇരട്ടത്താപ്പുമായി അധികകാലം പോകാനാകില്ല

ഇപ്പോൾ മാറ്റം വന്നത് ലീഗിനാണോ അതോ ജമാഅത്തിനോ? ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം വിട്ടോ? മുസ്ലിംലീഗ് മതരാഷ്ട്രവാദം അംഗീകരിച്ചതാണോ? അങ്ങനെയാണെങ്കിൽ ഇസ്ലാമികമതരാഷ്ട്രം എന്ന വാദം ഉയർത്തുന്നവരെയും കൂട്ടി ഹിന്ദുരാഷ്ട്രവാദം ഉയർത്തുന്ന സംഘപരിവാറിനെയും ബിജെപിയെയും എതിർക്കാൻ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിനാകുമോ?  ജമാഅത്തെ ഇസ്ലാമി മൗദൂദിയെ വിട്ട് മുസ്ലിംലീഗിനെപ്പോലെ ഒരു രാഷ്ട്രീയ പാർടിയായി മാറാൻ തീരുമാനിച്ചോ? ജമാഅത്തും വെൽഫെയർ പാർടിയും ഇരട്ടത്താപ്പുമായി അധികകാലം പോകാനാകില്ല. മാധ്യമം പത്രത്തിലെ (5–-11–-2010) വാർത്ത നോക്കുക ‘ദേശീയതലത്തിൽ രാഷ്ട്രീയ പാർടി രൂപീകരിക്കാൻ ജമാഅത്തെ കേന്ദ്ര ഉപദേശകസമിതി തീരുമാനിക്കുകയും തുടർ നടപടികൾ മുന്നോട്ട്  കൊണ്ടുപോകുകയും ചെയ്തതായി സെക്രട്ടറി ജനറൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട് വ്യക്തമാക്കി’. ഒരു കാര്യം വ്യക്തം! വെൽഫയർ പാർടിയുടെ പിതാവ് ജമാഅത്തെ ഇസ്ലാമിതന്നെ. ആർഎസ്എസും ബിജെപിയുംപോലെ

ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് 2006 മെയ് 20ന് പ്രബോധനത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. ‘‘നമ്മുടെ നാട് അംഗീകരിച്ച രാഷ്ട്രീയ വ്യവസ്ഥയിൽ നിയമനിർമാണത്തിന്റെ പരമാധികാരം ജനങ്ങൾക്കാണ്. അതിനാൽ ഇവിടെ നിലനിൽക്കുന്ന വ്യവസ്ഥ അനിസ്ലാമികമാണ്. അഥവാ ജാഹിലിയ്യത്താണ്.'' ഈ നിലപാടിൽനിന്ന്‌ ജമാഅത്തെ ഇസ്ലാമി മാറിയതായി യാതൊരു സൂചനപോലുമില്ല. അത്തരമൊരു പ്രസ്ഥാനവുമായിട്ടാണ് രാഷ്ട്രീയകൂട്ടുകെട്ടുണ്ടാക്കുന്നതെന്നത് കോൺഗ്രസിനും മുസ്ലിംലീഗിനും ന്യായീകരിക്കാനാകുമോ? 1941ൽ രൂപീകൃതമായ ജമാഅത്തെ ഇസ്ലാമി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ എന്തെങ്കിലും പങ്ക് വഹിച്ചിട്ടുണ്ടോ? ഇന്നും കശ്‌മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കാത്ത അവർക്ക് കശ്‌മീരിൽ പ്രത്യേക സംഘടനയാണ്.


 

ജമാഅത്തെ ഇസ്ലാമിയുമായി സിപിഐ എം ഉൾപ്പെടെ പല പാർടികളും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഒ അബ്ദുറഹിമാൻ വാദിക്കുന്നു. സിപിഐ എം കേന്ദ്ര–- സംസ്ഥാന നേതാക്കളെ കാണാനും ആശയവിനിമയം നടത്താനും പല സംഘടനാനേതാക്കളും ഓഫീസിൽ വരാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവത്തെ ഇപ്പോഴത്തെ ജമാഅത്തെ–യുഡിഎഫ് കൂട്ടുകെട്ടിന് ന്യായീകരണമായി ഒ അബ്ദുറഹിമാൻ അവതരിപ്പിച്ചത് പരിഹാസ്യമാണ്.

ഒ  അബ്ദുറഹിമാന്റെ ലേഖനത്തിൽ മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ എൽഡിഎഫ് ഭരണം നേടിയത് വെൽഫെയർ പാർടി പിന്തുണയ്‌ക്കുന്നതിനാലാണെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. മുക്കം മുനിസിപ്പാലിറ്റിയിൽ ആകെയുള്ള 33 വാർഡിൽ 18 എണ്ണം ജയിച്ചത് എൽഡിഎഫാണ്. കൊടിയത്തൂരിൽ 16 വാർഡിൽ 12 എൽഡിഎഫ് വിജയിച്ചു.  എൽഡിഎഫിന് വെൽഫെയർ പാർടിയുടെ പിന്തുണ ആവശ്യമില്ല. വെൽഫെയർ പാർടി മാത്രമല്ല, എസ്ഡിപിഐ, ബിജെപി എന്നീ പാർടികളുടെ പിന്തുണയോടെ എൽഡിഎഫ് കേരളത്തിൽ ഒരിടത്തും ഒരു തദ്ദേശസ്ഥാപനത്തിൽപ്പോലും ഭരണം നടത്തുന്നില്ല.

2019ലെ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികൾ സംഘപരിവാറിനെതിരായ ബദൽ ശക്തിയായി കോൺഗ്രസിനെ ഉയർത്തിക്കാട്ടി. ആ കോൺഗ്രസിനെന്തു സംഭവിച്ചു? ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് നടന്ന അസംബ്ലിമണ്ഡലം ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് തിളക്കമാർന്ന വിജയം കരസ്ഥമാക്കി. 2021ൽ വീണ്ടും ജയിച്ച് തുടർഭരണം ഏറ്റെടുക്കാനും  എൽഡിഎഫിന് കഴിയുമെന്ന് എല്ലാവരും മനസ്സിലാക്കുന്നു. തരംതാണ രാഷ്ട്രീയക്കളിയുമായി നടക്കുന്ന യുഡിഎഫ് ഒറ്റപ്പെട്ടിരിക്കുന്നു. ജമാഅത്തെ–-യുഡിഎഫ് ബാന്ധവം ഇരുകൂട്ടർക്കും നൽകുന്നത് മറക്കാനാകാത്ത തിരിച്ചടിയായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top