14 August Sunday

ലീഗിന്റെ സാമുദായിക രാഷ്‌ട്രീയം

ടി കെ ഹംസUpdated: Saturday Dec 4, 2021

 

ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്തുതന്നെ എല്ലാ ഭരണ സംവിധാനവും ചിട്ടപ്പെടുത്താനും കാര്യക്ഷമമാക്കാനും ശ്രമമാരംഭിച്ചിരുന്നു. അതിൽ പലതും നടന്നു. വഖഫ്‌ ബോർഡിലെ പരിഷ്‌കരണ നടപടി അതിലൊന്നാണ്‌. സ്ഥിരം തസ്‌തികകളിലേക്കുള്ള എല്ലാ നിയമനവും പിഎസ്‌സി മുഖേന നടത്തുകയെന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ നയമാണ്‌. ഭരണത്തിൽ കാര്യക്ഷമതയും യോഗ്യതയും വൈദഗ്‌ധ്യവുമുള്ളവരുടെ സേവനം ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. കേരളത്തിൽ വഖഫ്‌ ബോർഡിന്‌ കീഴിൽ പള്ളികളും മദ്രസകളും  ഉൾപ്പെടെ 12,000 സ്ഥാപനമുണ്ട്‌. ഇവയ്‌ക്കുകീഴിൽ ഏക്കർ കണക്കിന്‌ ഭൂസ്വത്തുക്കളുമുണ്ട്‌.  കഴിഞ്ഞ കാലങ്ങളിൽ ആയിരക്കണക്കിന്‌ ഏക്കർ ഭൂമിയും വസ്‌തുവകകളും അന്യാധീനപ്പെട്ടു. വഖഫ്‌ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ അറുനൂറോളം പരാതിയാണ്‌ ബോർഡിന്‌ മുന്നിലുള്ളത്‌. ഇതിൽ ഭൂരിഭാഗവും ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണ്‌. തളിപ്പറമ്പിൽ വഖഫ്‌ സ്വത്ത്‌ കൈയേറി  ലീഗ്‌ഓഫീസ്‌ നിർമിച്ചതായി പരാതിയുണ്ട്‌.  നഷ്ടമായ ഭൂമി തിരിച്ചുപിടിക്കാൻ ഒരു ശ്രമവും മുൻകാലങ്ങളിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ അതിന്‌ നടപടി ആരംഭിച്ചത്‌. ആകെയുള്ള വഖഫ്‌ സ്വത്ത്‌ കണ്ടെത്താൻ സർവേ തുടങ്ങി. ഇത്‌ അവസാനഘട്ടത്തിലാണ്‌.  ആകെ സ്വത്ത്‌ എത്ര? അന്യാധീനപ്പെട്ടത്‌ എത്ര? ബാക്കി എത്രയെന്ന്‌ സർവേ കഴിയുന്നതോടെ തിട്ടപ്പെടുത്തും. അന്യാധീനപ്പെട്ടത്‌ തിരിച്ചുപിടിക്കാനും നടപടി ഉണ്ടാകും. ഇതിന്‌ ബോർഡിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സേവനം ആവശ്യമാണ്‌.

2016 ജൂലൈ 19ന്‌ അന്നത്തെ വഖഫ്‌ മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്‌ വഖഫ്‌ നിയമനങ്ങൾ പിഎസ്‌സിക്ക്‌ വിടാൻ തീരുമാനമെടുത്തത്‌. വഖഫ്‌ ബോർഡ്‌ ചെയർമാനും അംഗങ്ങളും ഉൾപ്പെട്ട ലീഗിന്റെ പ്രതിനിധികളും മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റ്‌ അബ്ദുള്ളക്കോയ മദനിയും ഇതിൽ പങ്കെടുത്തിരുന്നു. ഇവരാരും അതിനെ എതിർത്തിട്ടില്ല. 2018 ജനുവരി 23നാണ്‌ ഇതുസംബന്ധിച്ച്‌ സർക്കാർ ഓർഡിനൻസ്‌ ഇറക്കിയത്‌. അപ്പോഴും എതിർപ്പും വിമർശവും ഉയർന്നില്ല. ഇപ്പോൾ നിയമസഭയിൽ ബിൽ പാസാക്കിയപ്പോഴാണ്‌ വിമർശവും ആക്ഷേപവുമായി രംഗത്തുവരുന്നത്‌. സംസ്ഥാന ഭരണത്തിലും വഖഫ്‌ ബോർഡിലും ലീഗിന്‌ നിയന്ത്രണം നഷ്ടമായി എന്നതാണ്‌ അതിന്‌ കാരണം. സമുദായത്തിന്റെ പേരുപറഞ്ഞ്‌ രാഷ്‌ട്രീയ ലാഭമുണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമം.

ബോർഡിൽ അമുസ്ലിങ്ങൾ കടന്നുകൂടുമെന്ന വാദം അടിസ്ഥാനരഹിതമാണ്‌. ബോർഡിലെ മുസ്ലിം പ്രാതിനിധ്യം വഖഫ്‌ നിയമം ഉറപ്പാക്കുന്നുണ്ട്‌. 1995ലെ വഖഫ്‌ നിയമത്തിൽ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ ഉൾപ്പെടെ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ മുസ്ലിം സമുദായത്തിൽ നിന്നായിരിക്കണമെന്ന്‌ നിഷ്‌കർഷിക്കുന്നുണ്ട്‌. കൂടാതെ എംപി, എംഎൽഎ പ്രതിനിധികളും മുസ്ലിങ്ങളായിരിക്കണം. പുതിയ നിയമത്തിലെ മൂന്നാം വകുപ്പിൽ പിഎസ്‌സി വഴി നിയമിക്കുന്നവർ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരായിരിക്കണമെന്ന്‌ നിഷ്‌കർഷിക്കുന്നുണ്ട്‌. ബോർഡിൽ ഇക്കാലമത്രയും നടന്ന തെറ്റുകൾ തിരുത്തേണ്ടത്‌ അത്യാവശ്യമാണ്‌. അതിനാവശ്യമായ നടപടിയാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌. അത്‌ ലീഗ്‌ ഉദ്ദേശിക്കുന്നപോലെ നടക്കണമെന്നില്ല. ബോർഡും സർക്കാരും ഇക്കാര്യത്തിൽ കാര്യക്ഷമവും സത്യസന്ധവുമായ നടപടി മാത്രമേ സ്വീകരിക്കൂ.

സർക്കാരിനെതിരെ പള്ളികളെ ഉപയോഗിച്ച്‌ സമരം നടത്തുമെന്ന മുസ്ലിംലീഗ്‌ പ്രഖ്യാപനം അങ്ങേയറ്റം ഗൗരവമേറിയതാണ്‌. ജുമ്‌അ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണത്തിൽ ബഹുജനങ്ങളെ ബോധവൽക്കരിക്കുമെന്നായിരുന്നു ലീഗ്‌ പറഞ്ഞത്‌. ഇത്‌ വർഗീയത ചവച്ചുതുപ്പലാണ്‌. വലിയ ആപത്തിനെ ക്ഷണിച്ചുവരുത്തലാണ്‌.  പള്ളി ലീഗുകാർക്ക്‌ സ്വന്തമായുള്ളതല്ല. അവിടെ രാഷ്‌ട്രീയ പ്രസംഗം അനുവദിക്കാനാകില്ല. കേന്ദ്ര വഖഫ്‌ നിയമത്തിലെ 32–-ാം വകുപ്പ്‌ പ്രകാരം ഇതിനെതിരെ നടപടി സ്വീകരിക്കാൻ വഖഫ്‌ ബോർഡിന്‌ അധികാരമുണ്ട്‌. പള്ളിയിൽ രാഷ്‌ട്രീയം കലർത്തുന്നത്‌ സമുദായത്തിന്‌ ഗുണകരമല്ല. സമുദായത്തിലെ ഒരു പ്രധാന മതകക്ഷിയായ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ഇക്കാര്യത്തിൽ എടുത്ത സമീപനം ശ്ലാഘനീയവും സ്വാഗതാർഹവുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top