19 April Friday

ദുരൂഹതയുടെ ചൂളംവിളി ബാക്കി

സി പ്രജോഷ് കുമാർUpdated: Friday Nov 19, 2021

കൂട്ടക്കുരുതിക്ക്‌ ഉപയോഗിച്ച വാഗൺ

വാഗൺ കൂട്ടക്കൊല ആകസ്‌മിക സംഭവമായിരുന്നോ? അല്ലെന്നാണ്‌ ചരിത്രരേഖകൾ പറയുന്നത്‌. കൃത്യമായ ഗൂഢാലോചനയോടെ ബ്രിട്ടീഷ്‌ ഭരണകൂടം നടപ്പാക്കിയ കൂട്ടുക്കുരുതി പക്ഷേ, ആ രീതിയിൽ അക്കാലത്ത്‌ വിലയിരുത്തപ്പെട്ടില്ല. ഒറ്റപ്പെട്ട തീവണ്ടി ദുരന്തമായാണ്‌ അന്വേഷണ കമീഷനുകൾ അടയാളപ്പെടുത്തിയത്‌. എന്നാൽ, പിൽക്കാലത്ത്‌ ലഭിച്ച തെളിവുകൾ പലതും സമാനസംഭവം മുമ്പും നടന്നിട്ടുണ്ടാകാമെന്ന സത്യത്തിലേക്ക്‌‌ വെളിച്ചം വീശുന്നു‌. 

വാഗൺ കൂട്ടക്കൊല ഒറ്റപ്പെട്ട സംഭവമല്ലെന്നതിന്‌ അന്നത്തെ മദ്രാസ്‌ അസംബ്ലി രേഖയാണ്‌ മുഖ്യ തെളിവ്‌. 1921 നവംബർ 19നാണ്‌ വാഗൺ കൂട്ടക്കൊല നടന്നത്‌. ഇന്ത്യയിൽ നാട്ടുഭാഷാ പത്രങ്ങളും വിദേശത്ത്‌ ഇംഗ്ലീഷ്‌ പത്രങ്ങളുമാണ്‌ വിഷയം  ഉയർത്തിയത്‌. ആഗോളതലത്തിൽ ചർച്ചയായതോടെ ബ്രിട്ടീഷ്‌ സർക്കാർ അന്വേഷണത്തിന്‌ ഉത്തരവിട്ടു.  അന്നത്തെ മദ്രാസ്‌ ലെജിസ്ലേറ്റീവ്‌ കൗൺസിലിൽ ഇക്കാര്യം ചർച്ചയ്‌ക്ക്‌ വന്നപ്പോൾ സമാനരീതിയിൽ വണ്ടിയിൽ ആളുകളെ കയറ്റി അയച്ചിരുന്നോയെന്ന ചോദ്യമുയർന്നു. അതിന്‌ അന്നത്തെ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥർ നൽകിയ മറുപടി കൂട്ടക്കുരുതിയുടെ കാണാപ്പുറങ്ങളിലേക്ക്‌ വിരൽ ചൂണ്ടുന്നു. തിരൂരിൽനിന്ന്‌ സെപ്‌തംബർ രണ്ടുമുതൽ നവംബർ അവസാനംവരെ നിരവധി തീവണ്ടികളിൽ ഇത്തരത്തിൽ ആളുകളെ കയറ്റി അയച്ചതായാണ്‌ മറുപടി. മദ്രാസ്‌ ഗവൺമെന്റിന്റെ സെന്റ്‌ ജോർജ്‌ ഗസറ്റിൽ ഇത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. കോയമ്പത്തൂർ, കണ്ണൂർ, മദ്രാസ്‌, തൃശിനാപ്പള്ളി, വെല്ലൂർ, ബെല്ലാരി എന്നിവിടങ്ങളിലേക്കാണ്‌ ആളുകളെ കയറ്റിവിട്ടത്‌. ആകെ 2549 തടവുകാരെ കൊണ്ടുപോയി.  കോയമ്പത്തൂർ –-1411, കണ്ണൂർ –-456, മദ്രാസ്‌ –-151, വെല്ലൂർ –-100, ബെല്ലാരി –-151, തൃശിനാപ്പള്ളി –-104 എന്നിങ്ങനെയാണ്‌ സ്‌റ്റേഷൻ തിരിച്ചുള്ള കണക്ക്‌. മറ്റുള്ളവരെ താൽക്കാലിക ജയിലുകളിലേക്കും അയച്ചു. ഇവർക്കൊക്കെ എന്തു സംഭവിച്ചു എന്നതിന്‌ ചരിത്രത്തിൽ വ്യക്തമായ ഉത്തരമില്ല. 1922 മുതൽ ആൻഡമാനിലേക്കും കയറ്റിവിടാൻ തുടങ്ങി. അവരിൽ പലരും മടങ്ങിവന്നില്ല.

1921 ആഗസ്‌ത്‌ 31ന്‌ തിരൂരങ്ങാടിയിൽനിന്നാണ്‌ ആലി മുസ്ലിയാരെയും 38 അനുയായികളെയും ബ്രിട്ടീഷ്‌ പട്ടാളം പിടികൂടിയത്‌. അവരെ കോയമ്പത്തൂർ ജയിലിലേക്ക്‌ മാറ്റാൻ തീരുമാനിച്ചു. രഹസ്യമായി കൊണ്ടുപോകാൻ പ്രത്യേക വാഗൺ സജ്ജമാക്കി. മദ്രാസ്‌ –-ദക്ഷിണ മറാത്തെ റെയിൽവേക്കായി  ഇലക്‌ട്രിക്‌ ഉപകരണങ്ങൾ കൊണ്ടുപോയിരുന്ന വാഗണാണ്‌ തെരഞ്ഞെടുത്തത്‌. വായുസഞ്ചാരമില്ലാത്ത അത്തരം വാഗണിൽ തടവുകാരെ കയറ്റി അയക്കുന്നത്‌ പതിവായി. അതിലൊന്നാണ്‌ കൂട്ടക്കുരുതിയിൽ അവസാനിച്ചത്‌. തിരൂരിൽനിന്ന്‌ പുറപ്പെട്ട ബോഗി പോത്തന്നൂരിൽ വച്ച്‌ തുറന്നതുകൊണ്ടു മാത്രമാണ്‌ പുറംലോകമറിഞ്ഞത്‌.  മലബാർ സമരത്തെ തുടർന്ന്‌ മലബാറിൽ നിരോധനാജ്ഞയായിരുന്നു. രാഷ്‌ട്രീയ പ്രവർത്തനവും പത്ര സ്വാതന്ത്ര്യവും നിരോധിച്ചു. അതിനാൽ, ബ്രിട്ടീഷ്‌ പൊലീസിന്റെ കിരാത നടപടികൾ പലതും പുറംലോകം അറിഞ്ഞിരുന്നില്ല. 

ഇത്തരത്തിൽ മറ്റു സംഭവങ്ങൾ ആവർത്തിക്കപ്പെട്ടിരിക്കാനുള്ള സാധ്യത ചരിത്രകാരന്മാർ തള്ളുന്നില്ല. സമാന അനുഭവം പ്രമുഖ ഗാന്ധിയൻ കെ കേളപ്പനും നേരിട്ടതായി ചരിത്രരേഖകളിലുണ്ട്‌. കെ കേളപ്പനെയും കൂട്ടാളികളെയും അറസ്‌റ്റ്‌ ചെയ്‌ത്‌ കോയമ്പത്തൂർ ജയിലിലേക്ക്‌ മാറ്റിയത്‌ വാഗണിലായിരുന്നു. എന്നാൽ, സമരക്കാർ പ്രതിഷേധിച്ചതോടെ വാതിൽ തുറന്നു. അല്ലെങ്കിൽ അതും മറ്റൊരു കൂട്ടക്കുരുതിയാകുമായിരുന്നു.
1921ൽ മലബാറിൽ കാർഷിക സമരം മൂർച്ഛിച്ചതോടെ അതിനെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ അന്യദേശക്കാരായ പട്ടാള ഗ്രൂപ്പുകളെ ഇറക്കിയിരുന്നു. ബംഗളൂരുവിൽനിന്ന്‌ പ്രത്യേക സേന എത്തി. അസം–- ബർമ  അതിർത്തിയിലെ ഗൂർഖാ പട്ടാളവും വന്നു. ഇവരെ ചേർത്ത്‌ മലബാർ സ്‌പെഷ്യൽ പൊലീസ്‌ വിപുലീകരിച്ചു. കേണൽ കമാൻഡർ കേണൽ ഹംഫ്രി,  മുഖ്യ ഉപദേഷ്ടാവ്‌ എഫ്‌ ബി ഇവാൻസ്‌,  മലബാർ ജില്ലാ പൊലീസ്‌ സൂപ്രണ്ട്‌ ഹിച്ച്‌ കോക്ക്‌ എന്നിവരാണ്‌ നരനായാട്ടിന്‌ നേതൃത്വം നൽകിയത്‌. 1921 ആഗസ്‌ത്‌ 29ന്‌ മാർഷ്യൽ നിയമം നടപ്പാക്കിയതോടെ മലബാറിൽ അതിവേഗ വിചാരണയ്‌ക്കായി താൽക്കാലിക കോടതികൾ സ്ഥാപിച്ചു. തടവിന്‌ ശിക്ഷിക്കപ്പെട്ടവരെ മലബാറിന്‌ പുറത്താണ്‌ പാർപ്പിച്ചിരുന്നത്‌. അത്‌ നിറഞ്ഞതോടെ ഒഴിഞ്ഞ പ്രദേശങ്ങളിൽ താൽക്കാലിക ജയിലുകൾ ഉണ്ടാക്കി കുത്തിനിറച്ചു. തിരൂരിൽ എത്തിച്ചാണ്‌ തടവുകാരെ തീവണ്ടിമാർഗം മലബാറിന്‌ പറുത്തേക്ക്‌ കയറ്റി അയച്ചത്‌. ക്രൂരമായ പീഡനങ്ങൾക്കുശേഷമാണ്‌ ഇവരെ തിരൂരിലെ സബ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ എത്തിക്കുക. പലരെയും കാളവണ്ടിയിലും കഴുതവണ്ടിയിലും  കെട്ടിവലിച്ചാണ്‌ കൊണ്ടുവരിക. അതിനിടെ കൊടിയ മർദനമേൽക്കും. മൃതപ്രായരായ ഇവരെയാണ്‌ തീവണ്ടിയിലെ ശ്വാസംകിട്ടാത്ത ബോഗികളിൽ കുത്തിനിറച്ച്‌ കൊണ്ടുപോയത്‌. ഭാഗ്യംകൊണ്ടു മാത്രമാണ്‌ പലർക്കും ജീവൻ തിരിച്ചുകിട്ടിയതെന്ന്‌ വാഗൺ കൂട്ടക്കൊലയിൽ രക്ഷപ്പെട്ടവരുടെ സാക്ഷിമൊഴികൾ തെളിയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top