19 May Thursday

'വിപ്ലവത്തിന്‌ മരണമില്ല. അലൻഡെക്കും'...48 വർഷം മുമ്പ്‌ വി കെ എൻ എഴുതിയ ലേഖനം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 21, 2021

ചിലിയില്‍ ജനകീയ ഭരണാധികാരി സാല്‍വദോര്‍ അലൻഡെയെ അമേരിക്കന്‍ സഹായത്തോടെ പട്ടാളം അട്ടിമറിച്ചത്‌ 1973 സെപ്‌തംബറിലാണ്‌

ആ ജനാധിപത്യക്കുരുതിക്ക് 48 വർഷം പിന്നിടുമ്പോൾ ചിലിയിൽ വീണ്ടും ചെന്താരകം ഉദിക്കുന്നു. തീവ്ര വലതുപക്ഷത്തെ മുട്ടുകുത്തിച്ച്‌ ഇടതുപക്ഷ സ്ഥാനാർത്ഥി ഗബ്രിയേല്‍ ബോറീക്‌  പ്രസിഡന്റ് സ്ഥാനത്തെത്തുന്നു.

വിഖ്യാത സാഹിത്യകാരൻ വി കെ എൻ
ചിലിയിലെ അട്ടിമറിയെപ്പറ്റി ദേശാഭിമാനി വാരികയുടെ 1973 ഒക്‌ടോബർ 28 ന്റെ ലക്കത്തിൽ എഴുതിയ കുറിപ്പ്‌ ഇവിടെ പുനഃപ്രസിദ്ധീകരിയ്‌ക്കുന്നു. പയ്യന്റെ ഡയറി അന്ന് വാരികയിലെ പംക്തി ആയിരുന്നു. ആ ലക്കത്തില്‍ പതിവുരീതി വിട്ട് ചിലിയെപ്പറ്റി എഴുതുകയായിരുന്നു വി കെ എന്‍

എന്റെ ചിലി

വി കെ എൻ

‘കരിസ്‌മ’ എന്ന ആംഗലപദത്തിന്‌ അവർണ്ണനീയമായ അർഥങ്ങളാണുള്ളത്‌. എല്ലാ നല്ല മനുഷ്യരേയും എക്കാലത്തും വശീകരിച്ച്‌ തന്റെ ആശയസിദ്ധാന്തങ്ങൾക്കനുകൂലമായി നിലനിർത്തിപ്പോരാൻ ഒരു കരിസ്‌മാറ്റിക്‌ പേർസനാലിറ്റിക്കേ സാധിക്കു. വർഗവഞ്ചകർ വഞ്ചിച്ച് കൊലപ്പെടുത്തിയ ചിലിയിലെ മാർക്‌സിസ്‌റ്റ്‌ പ്രസിഡണ്ട്‌ ഡോക്‌ടർ സാൽവഡോർ അലൻഡെ ഗോസ്സെൻസ്‌ അത്തരത്തിൽ അത്യുന്നതനായ ഒരു വ്യക്തിയായിരുന്നു. അദ്ദേഹം ആഗോളവിപ്ലവത്തിന്റെ എക്കാലത്തേയും പ്രതീകമാണ്‌.

അമേരിക്കക്കാരുടെ ശന്പളത്തുക കൃത്യമായി മാസാമാസം പറ്റുന്ന ചിലിയിലെ പട്ടാളജുണ്ട അലൻഡെയോട്‌ ഔദ്യോഗിക വസതി വിട്ടുപോകാൻ നാലുപ്രാവശ്യം കൽപ്പിച്ചു എന്ന്‌ കാര്യവിവരമുള്ള ബ്രിട്ടീഷ്‌ പത്രലേഖകർ എഴുതി. ജനാധിപത്യമുറയിലൂടെ അധികാരത്തിൽവന്ന ഒരു പ്രസിഡണ്ടിന്റെ കൽപ്പന അനുസരിക്കുകയാണ്‌ പട്ടാളത്തിന്റെ കർത്തവ്യം. എന്നാണത്രേ അലൻഡെ അതിനു മറുപടിപറഞ്ഞത്‌. അഞ്ചാമത്തെ തവണ കലാപത്തിന്റെ രംഗമായിരുന്നു. പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽനിന്ന്‌ തന്റെ വിശ്വസ്‌തരേയും അനുയായികളേയും സാന്ത്വനപ്പെടുത്തി പറഞ്ഞയച്ചശേഷം ധീരവിപ്ലവകാരി അലൻഡെ യന്ത്രത്തോക്കുമായി തന്റെ വർഗശത്രുക്കളുടെ വരവും കാത്തുനിന്നു. നിലത്തു കമിഴ്‌ന്നുകിടന്ന്‌ ശത്രുവിന്റെ നേരെ ആദ്യത്തെ നിറയൊഴിച്ചത്‌ അലൻഡെയാണ്‌. അഞ്ചോ എഴുപതോ വെടിയേറ്റാണ്‌ അദ്ദേഹം മരിച്ചത്‌ എന്ന്‌ പാശ്‌ചാത്യപത്രലേഖകർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്‌. ഏതായാലും ജുണ്ടയിലെ മൂന്നു ജനറൽമാരെ അലൻഡെ വകവരുത്തിയശേഷമാണ്‌ സ്വയം മരണത്തിനിരയായതെന്ന്‌ കുപ്രസിദ്ധമായ അമേരിക്കൻ ചാരസംഘടനയായ സി ഐ എ കൂടിയും  സമ്മതിക്കുന്നത്‌ പരസ്യമായ ഒരു സത്യമാണ്‌.

അലൻഡെ ജനങ്ങൾക്കൊപ്പം

അലൻഡെ ജനങ്ങൾക്കൊപ്പം

1970ൽ അധികാരത്തിൽവന്ന സാൽവഡോർ അലൻഡെയുടെ ഭരണത്തിന്റെ ആദ്യവാർഷികം ഒരു ചിലിക്കാരനും ഒരുകാലത്തും മറക്കുകയില്ല.1971നവംബർ ആദ്യവാരത്തിൽ ദശസഹസ്രങ്ങളായി അവർ വന്നു. നിസ്വരും നിന്ദിതരും പീഡിതരുമായി തലമുറകളിലൂടെ ജീവിച്ചുപോന്ന ചിലിയർ.

ചിലിയൻ തലസ്‌ഥാനത്തെ നേഷണൽസ്‌റ്റേഡിയത്തിൽ. അവർ ആർത്തിരന്പി  നൃത്തം ചെയ്‌തു. ലോറികളിലും ബസുകളിലും കുതിരകളെ പൂട്ടിയ വണ്ടികളിലുമാണ്‌ അവർ വന്നത്‌. തങ്ങളെ മനുഷ്യപ്രായരാക്കാൻ വെന്പലേന്തി നിൽക്കുന്ന ആ വിപ്ലവകാരിയെ ഒരു നോക്കു കാണാൻ.

പെട്ടെന്ന്‌ ഒരു തുറന്ന കാറിൽ സാൽവഡോർ അലൻഡെ പ്രത്യക്ഷപ്പെട്ടു. ജനം ആർത്തുവിളി്ചചു, നൃത്തംവെച്ചു, പൊട്ടിക്കരഞ്ഞു.

ഏതുവിധത്തിലുള്ള വിപ്ലവത്തെയും തുരങ്കംവെക്കാൻ തക്കം പാർത്തു നിൽക്കുന്ന പ്രതിലോമ ശക്തികൾ ഇത്തരുണത്തിലാണ്‌ ചിലിയിലും മറനീക്കി പുറത്തുവന്നത്‌. അക്രമം ചിലിയുടെ രാഷ്‌ട്രീയ ജീവിതത്തിലേക്ക്‌ നുഴഞ്ഞുകയറി കുത്തക മുതലാളിമാരും സ്‌ഥാപിത  താൽപര്യക്കാരും അമേരിക്കയിലെ സിഐഎ സംഘടനയുമായിരുന്നു ഇതിന്‌ പിന്നിൽ. ഒരു പ്രതിവിപ്ലവത്തിന്‌ കളമൊരുക്കാനായി ജനകീയ ശത്രുക്കൾ ചിലിയൻ പട്ടാള മേധാവിയെ കൊന്നു. മുന്പത്തെ ക്രിസ്‌ത്യൻ ഡമോക്രാറ്റിക്‌ ഭരണകൂടത്തിൽ അഭ്യന്തര മന്ത്രിയേയും വകവരുത്തി. വലതുപക്ഷത്തിന്റെ ആസൂത്രിതമായ കരുനീക്കങ്ങളാണ്‌ ഇവയെന്ന്‌ അലൻഡെ തുറന്ന്‌ ആക്ഷേപിച്ചു. എന്നിട്ടും അക്രമം അനുസ്യൂതമായി തുടർന്നു.

തനിക്കെതിരായ കോൺഗ്രസിനോട്‌ അലൻഡെയ്‌ക്ക്‌ സന്ധിയില്ലാ സമരമാണ്‌ എന്നും നടത്തിപ്പോരേണ്ടിവന്നത്‌. പണക്കാരനുമാത്രം നീതി പുലർത്തുന്ന ചിലിയിലെ നിയമക്കോടതികളെ സോവിയറ്റ്‌ മാതൃകയിലുള്ള ജനകീയ കോടതികളാക്കി മാറ്റാൻ  അലൻഡെ സമർപ്പിച്ച നിർദേശം കോൺഗ്രസ്‌  തള്ളിക്കളഞ്ഞു. സ്വാഭാവികമായും അലൻഡെ ഈ അവസരം ഗവർമെണ്ടിൻ മേലുള്ള വൈദേശിക സാന്പത്തിക കുത്തക തകർക്കുന്നതിൽ വിജയകരമായി പ്രയോഗിച്ചു. അമേരിക്കൻ കുത്തകകൾ കയ്യടക്കി വെച്ചിരുന്ന ചെന്പ്‌ വ്യവസായം അദ്ദേഹം ദേശസാൽക്കരിച്ചു. ഈ നടപടിക്ക്‌ തൊഴിലാളികളിൽ നിന്ന്‌ അദ്ദേഹത്തിന്‌ കിട്ടിയ സഹായം അഭൂതപൂർവമായിരുന്നു. തൊഴിലാളികൾ നടത്തുന്ന പണിമുടക്കുപയോഗിച്ച്‌ പല വൻകിട അമേരിക്കൻ സ്‌ഥാപനങ്ങളും അദ്ദേഹം ദേശസാൽക്കരിച്ചു. ഫോർഡ്‌ കന്പനിയുടെ 6 മില്യൺ ഡോളർ വരുന്ന കന്പനി ഈ വിധമാണ്‌ ചിലിയിൽ സ്‌റ്റേറ്റിന്റെതായത്‌. അലൻഡെ അധികാരത്തിൽ വരുന്നകാലത്ത്‌ അമേരിക്കയുടെ കുത്തകയായ കെന്നക്കോട്ട്‌,അനകാണ്ട മുതലായ ചെന്പ്‌ ഖനികളുടെ കുത്തകമൂലധനം 750 മില്യൺ ഡോളറായിരുന്നു. അലൻഡെയുടെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഒരു വർഷത്തിനകം ഇത്‌ 50 മില്യൺ ഡോളറായി കുറഞ്ഞു. ചിലിയൻ തൊഴിലാളികൾക്ക്‌ അഭിവാദ്യമർപ്പിക്കുക.!

അലൻഡെയുടെ നേതൃത്വത്തിൽ ഭൂപരിഷ്‌ക്കരണവും ത്വരിതഗതിയിൽ നടന്നു. മുൻപത്തെ പ്രസിഡണ്ട്‌ ആദ്യ വർഷം അധികാരത്തിൽ ഇരുന്നപ്പോൾ 1400 വൻകിട കൃഷിയിടങ്ങൾ കർഷകർക്ക്‌ വിതരണം ചെയ്തപ്പോൾ വെറും ഒരുവർഷംകൊണ്ട്‌ 5 മില്യൺ ഏക്കറാണ്‌ കൃഷിയില്ലാത്തവർക്ക്‌ സ്‌ഥിരാവകാശമായി അലൻഡെ കൊടുത്തത്‌. തൊഴിലാളികൾക്ക്‌ കൊടുത്ത വേതനവർധനവ്‌ ഇതേ കാലയളവിൽ 45% ആയിരുന്നു. ഇനിയാണ്‌ കുത്തകക്ാരുടെ പ്രതികാര നടപടിതുടങ്ങുന്നത്‌. വിദേശ സഹായം ചിലിക്ക്‌ കിട്ടാതിരിക്കാൻ മുതലാളിത്ത രാജ്യങ്ങൾ മുൻകയ്യെടുത്തു. ലോക വിപണിയിൽ ചെന്പിന്റെ വില കരുതിക്കൂട്ടി അവർ കുറച്ചു. ചിലിയുടെ വ്യവസായങ്ങൾക്കാവശ്യമായ സ്‌പെയർ പാർട്‌സുകൾ, ആ രാജ്യത്തേക്ക്‌ കയറ്റി അയക്കുന്നത്‌ നിരോധിച്ചു. ലോക ബാങ്കുകൾ ചിലിക്ക്‌ സഹായധനം പിൻവലിച്ചു.

വിലക്കയറ്റവും നാണയപ്പെരുപ്പവുമായിരുന്നു  ഇതിന്റെയെല്ലാം ഫലം. തക്കംപാർത്തിരുന്ന വിദേശകുത്തകകൾ പട്ടാളത്തിന്റെ സഹായത്തോടെ 100 % ജനകീയമായ ഒരു ഭരണത്തിന്‌ തുരങ്കം വെച്ചു.

എന്നാൽ ചിലിയിലെ പ്രതിവിപ്ലവത്തിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കയാണ്‌. ഫിഡൽ കാസ്‌ട്രോയിന്റെ വാക്കുകളിൽ ഒരു തോക്കിനും സ്‌റ്റൺഗണ്ണിനും ബോംബിനും ലാറ്റിൻ അമേരിക്കയുടെ മുന്നേറ്റത്തെ തടുത്തുനിർത്താനാവില്ല. വിയറ്റ്‌നാമിൽ അടിപറഞ്ഞ അമേരിക്കൻ അധികാരികൾ തങ്ങളുടെ പിൻമുറ്റമായ ലാറ്റിനമേരിക്കയിൽ കൊടികുത്തിവാഴും എന്ന്‌ വ്യാമോഹിക്കുന്നത്‌ ചരിത്രത്തോടുള്ള കൊഞ്ഞനം കുത്തലാണ്‌.

വിപ്ലവകാരിയായ അലൻഡെ മരിച്ചു. അതൊരു അല്‌പോക്തി മാത്രമാണ്‌. വിപ്ലവത്തിന്‌ മരണമില്ല. അലൻഡെക്കും.

പാബ്ലോ നെരൂദ

അലൻഡെയും പാബ്‌ളോ നെരൂദയും  Source: wikimedia commons

അലൻഡെയും പാബ്‌ളോ നെരൂദയും Source: wikimedia commons


സുഹൃത്തുക്കൾ ഭരണത്തിലും സൗഹൃദത്തിലും വർത്തിക്കുന്നതിൽ ഒരുതരം കാവ്യനീതിയുണ്ട്‌. ചിലിയിൽ പിറന്നവനെങ്കിലും പാരീസിന്റെ അരുമ സന്തതിയായിട്ടാണ്‌ നെരുദയെ ലോകം കാണുക. ജീവിച്ചിരുന്ന 69 വയസിനകത്ത്‌ ലോക വിപ്ലവത്തിന്‌ വേണ്ടി ഈ മഹാകവി ചെയ്‌ത സേവനം ആലപിച്ച ആവേശകരമായ കവിതകൾ ചരിത്രത്തിന്റെ ഭാഗമാണ്‌. അർബുദം പിടിച്ച്‌ മരിച്ചതാണോ അദ്ദേഹത്തിന്റെ തൂലികയെ ഭയന്ന്‌ ചിലിയിലെ മിലിറ്ററി ജുണ്ട ഈ അതികായനെ കഥാവശേഷനാക്കിയതാണോ എന്ന വിവാദം ഇന്നു നടക്കുന്നുണ്ട്‌. തന്റെ ആത്‌മസുഹൃത്ത്‌ അലൻഡെയില്ലാത്ത അഭിശപ്‌തമായ ഒരു രാജ്യത്ത്‌ നിന്ന്‌ മോചനം നേടിയത്‌ അദ്ദേഹത്തിന്റെ ആത്‌മാവിനെ ആനന്ദിപ്പിക്കുന്നുണ്ടാവണം.

അലൻഡെ പ്രസിഡണ്ടായിരുന്നകാലത്ത്‌ പാബ്ലൊ നെരുദ തനിക്കിഷ്‌ടപ്പെട്ട പാരീസിൽ കുറച്ചുകാലം അംബാസഡറായിരുന്നു. ഘനഗംഭീരമായ കവിതകളെഴുതിയിരുന്നു. നെരൂദക്ക്‌ ജീവിതത്തിന്റെ സുന്ദര വശത്തെക്കുറിച്ച്‌ പാടാനും അസാമാന്യമായ വിരുതുണ്ടായിരുന്നു.

1950ൽ പ്രസിദ്ധീകരിച്ച  CANTO GENERAL  എന്ന അദ്ദേഹത്തിന്റെ ‌കവിതയിൽനിന്ന്‌ ഏതാനും വരികൾ രചിച്ച്‌ ഈ കുറിപ്പിൽ വിരാമചിഹ്‌നം വീഴ്‌ത്തട്ടെ.

If you are born a fool in Romania
You follow a fool's career
If you are a fool in Avignon
You are known for what you are by
The old stories of France
By the schools and by the disrespectful kids on the farms.
But of you are born a fool in Chile soon they will make

You an ambassador

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top