04 May Saturday

വികസനത്തിന്റെ തുറന്നമുഖം - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെന്നതുപോലെ രണ്ടാം പിണറായി സർക്കാരും വികസനക്ഷേമ രംഗങ്ങളിൽ നിർണായകമായ കാൽവയ്‌പുകളാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. കേരളത്തിന്റെ സ്ഥായിയായ സാമ്പത്തികവളർച്ചയ്‌ക്ക്‌ അടിത്തറ പാകുന്ന ഭൗതിക, സാമൂഹ്യ പശ്‌ചാത്തല സൗകര്യവികസനത്തിനാണ്‌ സർക്കാർ പ്രാമുഖ്യം നൽകുന്നത്‌. വിഴിഞ്ഞം പദ്ധതി അതിനുള്ള മികച്ച ഉദാഹരണമാണ്‌. കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെതന്നെ വാണിജ്യരംഗത്ത്‌ വൻ കുതിപ്പിന്‌ വഴിയൊരുക്കുന്ന പദ്ധതിയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ യാഥാർഥ്യമാകുന്നത്‌. വിഴിഞ്ഞം തുറമുഖത്ത്‌ ആദ്യം എത്തിയ കപ്പൽ, ചൈനയിൽനിന്നുള്ള ‘ഷെൻ ഹുവ 15’ ന്‌  മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ 15ന്‌ സ്വീകരണം നൽകിയപ്പോൾ സംസ്ഥാനത്തിന്റെ വികസനസ്വപ്‌നങ്ങളാണ്‌ ചിറകുവിരിച്ചത്‌. സർക്കാരിന്റെ എല്ലാ പദ്ധതികളെയും പരിപാടികളെയും വിമർശിക്കുകയും പൊതുചടങ്ങുകളിൽനിന്ന്‌ വിട്ടുനിൽക്കുകയും പതിവാക്കിയ കോൺഗ്രസും യുഡിഎഫും വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ അതിന്‌ തയ്യാറാകാതിരുന്നത്‌ പദ്ധതിയുടെ വൻ വികസനസാധ്യതകളും അതിനോട്‌ ജനങ്ങൾക്കുള്ള മതിപ്പും കാരണമാണ്‌.

ടെക്‌നോപാർക്ക്‌ സ്ഥാപിച്ച്‌ സംസ്ഥാനത്തെ ഐടി വികസനത്തിന്‌ നേതൃത്വം നൽകിയ ഇ കെ നായനാരുടെ ദീർഘവീക്ഷണമാണ്‌ വിഴിഞ്ഞം പദ്ധതിക്ക്‌ തുടക്കം കുറിച്ചതിലും നിഴലിച്ചുകാണുന്നത്‌. 1996ലാണ്‌ പ്രാഥമിക നടപടിക്ക്‌ തുടക്കമായത്‌. അന്നുമുതൽ ഇന്നുവരെ തുറമുഖത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇടതുപക്ഷത്തിന്റെയും സിപിഐ എമ്മിന്റെയും വ്യക്തമായ പങ്കുണ്ട്‌. വി എസ്‌ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത്‌ പദ്ധതിയുടെ ടെൻഡർ നടപടികളിലേക്കുവരെ കടന്നതാണ്‌. ചൈനീസ്‌ കമ്പനിക്കാണ്‌ ടെൻഡർ ലഭിച്ചത്‌. എന്നാൽ, സുരക്ഷാകാരണങ്ങളാൽ നിർമാണത്തിനുള്ള അനുവാദം കേന്ദ്ര സർക്കാർ നൽകിയില്ല. അന്ന്‌ പൊതുമേഖലയിൽ (ലാൻഡ്‌ ലോഡ്‌ മോഡൽ) വിഭാവനംചെയ്‌ത പദ്ധതിയാണ്‌ തുടർന്നുവന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ സ്വകാര്യ പങ്കാളിത്തത്തിൽ നടത്താൻ തീരുമാനിച്ചതും അവസാനം അദാനിയുടെ കൈകളിൽ എത്തിയതും. സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ കേരളതാൽപ്പര്യം ഹനിക്കുന്ന വ്യവസ്ഥകളെയാണ്‌ അന്ന്‌ ഇടതുപക്ഷം എതിർത്തത്‌. ചെറിയൊരു തുകയൊഴിച്ച്‌ ബാക്കിയെല്ലാ ചെലവും കേരള സർക്കാരിന്റെ ചുമലിൽ അടിച്ചേൽപ്പിക്കുന്നതാണ്‌ കരാർ എന്നതിനാലാണ്‌ പ്രതിഷേധം ഉയർത്തിയത്‌. പദ്ധതിയെ ഒരിക്കലും സിപിഐ എമ്മോ ഇടതുപക്ഷമോ എതിർത്തിട്ടില്ല. ഉമ്മൻചാണ്ടി സർക്കാരും മൻമോഹൻസിങ് സർക്കാരും പദ്ധതി കൈയൊഴിയാൻ തീരുമാനിച്ചപ്പോൾ വിഴിഞ്ഞംമുതൽ അയ്യൻകാളി ഹാൾവരെ 2013 ഏപ്രിൽ 19ന്‌ എൽഡിഎഫ്‌ മനുഷ്യച്ചങ്ങല തീർത്തതും ചരിത്രമാണ്‌. അന്ന്‌ മനുഷ്യച്ചങ്ങലയുടെ ആദ്യകണ്ണിയായത്‌ അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു. പദ്ധതിക്കെതിരെ സിപിഐ എമ്മും ഇടതുപക്ഷവും നിലയുറപ്പിച്ചിരുന്നുവെന്ന യുഡിഎഫിന്റെ വാദം ശുദ്ധ അസംബന്ധമാണെന്ന്‌ വ്യക്തമാക്കാൻ ഈ സംഭവംമാത്രം മതിയാകും. മാത്രമല്ല, പദ്ധതിയുടെ ഓരോ ഘട്ടത്തിലും തടസ്സങ്ങൾ വകഞ്ഞുമാറ്റി പദ്ധതി യാഥാർഥ്യത്തിലേക്ക്‌ നയിച്ചത്‌ ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ഫലമാണെന്ന കാര്യം ആർക്കും മറച്ചുവയ്‌ക്കാനാകില്ല. ഓഖി ചുഴലിക്കാറ്റും കോവിഡ്‌ മഹാമാരിയും പദ്ധതി പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചു. ബിജെപിയും കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും പരിസ്ഥിതി മൗലികവാദികളും സംയുക്തമായി ഉയർത്തിയ പ്രതിഷേധം, ചില ജാതിമത സംഘടനകൾ നടത്തിയ സമരങ്ങൾ എന്നിവയെല്ലാം അതിജീവിച്ചാണ്‌ പദ്ധതിയെ എൽഡിഎഫ്‌ സർക്കാർ വിജയത്തിലേക്ക്‌ എത്തിച്ചത്‌.

ഇടതുപക്ഷം ഈ പദ്ധതിയുടെ വിജയത്തിനായി എന്താണ്‌ ചെയ്‌തതെന്ന യുഡിഎഫ്‌ വിമർശം കണ്ണടച്ച്‌ ഇരുട്ടാക്കൽ മാത്രമാണ്‌. എൽഡിഎഫ്‌ സർക്കാർ ചെയ്‌ത ചില കാര്യങ്ങൾമാത്രം ഇവിടെ വിവരിക്കാം.1. കരാർ പ്രകാരം കൈമാറേണ്ട മിച്ചം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു 2. തുറമുഖ നിർമാണത്തിനുള്ള കരിങ്കല്ല് കണ്ടെത്തുന്നതിൽ കരാർ കമ്പനി പ്രതിസന്ധികൾ നേരിട്ട സാഹചര്യത്തിൽ, പുതിയ ക്വാറികൾക്ക് അനുമതികൾ നൽകി കരിങ്കല്ല് സംഭരിക്കുന്നതിന് സർക്കാർ തയ്യാറായി. ഇതിനായി വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കി. 3. കേന്ദ്ര സർക്കാരിൽനിന്ന്‌ പദ്ധതിക്ക്‌ ഫണ്ട്‌ കണ്ടെത്തുന്നതിനുള്ള വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌ (വിജിഎഫ്‌) സ്കീമിന്റെ അന്തിമ അംഗീകാരം നേടിയെടുത്തു. ഇപ്രകാരം കേന്ദ്ര സർക്കാരിൽനിന്ന്‌ 816 കോടി രൂപ പദ്ധതിക്ക്‌ ലഭ്യമാക്കാനായി. 4. എൽഡിഎഫ്‌ സർക്കാർ അധികാരമേറുമ്പോൾ 350 മീറ്റർ നീളം മാത്രമായിരുന്ന പുലിമുട്ട് 2460 മീറ്ററാക്കി നിർമിച്ചു. അതായത്‌ കേവലം അഞ്ചു ശതമാനമായിരുന്ന നിർമാണം 68 ശതമാനത്തിലേക്ക്‌ എത്തിച്ചു. 2960 മീറ്റർ നീളമാണ് ഒന്നാം ഘട്ടത്തിൽ നിർമിക്കേണ്ടത്. 5. ഡ്രെഡ്‌ജിങ് ആൻഡ്‌ റിക്ലമേഷൻ പണികളുടെ 68 ശതമാനം പൂർത്തീകരിച്ചു. 6. ബെർത്തിന്റെ നിർമാണം ആരംഭിച്ചതും  82 ശതമാനത്തോളം പൂർത്തീകരിച്ചതും ഈ സർക്കാരിന്റെ കാലയളവിലാണ്. 7. തുറമുഖത്തിനുള്ള വൈദ്യുതി ലഭ്യമാകുന്നതിന്‌ കാട്ടാക്കടയിൽനിന്ന്‌ 220 കെവി ലൈൻ സ്ഥാപിച്ചു. ഇതിനായി 220 കെവി സബ്‌സ്റ്റേഷൻ തുറമുഖത്ത്‌ സ്ഥാപിച്ചു കമീഷൻ ചെയ്തു. 8. തുറമുഖത്തിന്റ പ്രവൃത്തിക്ക്‌ ആവശ്യമായ നിരവധി കെട്ടിടങ്ങൾ കമീഷൻ ചെയ്‌തു. ഗേറ്റ്‌ കോംപ്ലക്‌സ്‌ പൂർത്തിയാക്കി തുറന്നുകൊടുത്തു. 9. 130 ഏക്കർ വിസ്തീർണമുള്ള കണ്ടെയ്നർ യാർഡിന്റെ 40 ഏക്കർ പൂർത്തീകരിച്ചു. പദ്ധതി യാഥാർഥ്യമാക്കണമെന്ന ആത്മാർഥമായ ആഗ്രഹത്തിന്റെ പ്രതിഫലനമായി മാത്രമേ ഇത്തരം നീക്കങ്ങളെ കാണാൻ കഴിയൂ. ഇതൊന്നും കാണാതെ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ രംഗത്തുവരുന്നവരുടെ വെപ്രാളം മനസ്സിലാക്കാൻ പ്രയാസമില്ല.

ആദ്യകപ്പലിന്‌ നൽകിയ സ്വീകരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ എല്ലാവരും ഒത്തൊരുമിച്ചാൽ കേരളത്തിൽ അസാധ്യമായത്‌ ഒന്നുമില്ല. വികസനകാര്യത്തിലെങ്കിലും സർക്കാരിനൊപ്പം നിൽക്കാൻ യുഡിഎഫ്‌ തയ്യാറാകുമോ? ലൈഫ്‌ പദ്ധതി തകർക്കാൻ ശ്രമിച്ച, കെ ഫോണിനെതിരെ രംഗത്തു വന്ന യുഡിഎഫ്‌ ഇനിയെങ്കിലും തെറ്റ്‌ മനസ്സിലാക്കി വികസനകാര്യങ്ങളിൽ സർക്കാരിനൊപ്പം നിൽക്കാൻ തയ്യാറാകണം. ഏത്‌ സർക്കാരാണ്‌ കരാർ ഒപ്പിട്ടതെന്ന്‌ നോക്കാതെ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകാൻ ഇടതുപക്ഷം തയ്യാറായത്‌ വികസനകാര്യത്തിൽ സംസ്ഥാനത്തിന്റെ താൽപ്പര്യത്തിനൊപ്പം നിൽക്കുകയെന്ന സമീപനത്തിന്റെ ഭാഗമായാണ്‌. സിപിഐ എമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനം എറണാകുളത്ത്‌ ചേർന്നപ്പോൾ മുന്നോട്ടുവച്ച നവകേരളത്തിനുള്ള പാർടി കാഴ്‌ചപ്പാടിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുമുണ്ട്‌. വിഴിഞ്ഞം പദ്ധതി വിജയകരമായി മുന്നേറിയപ്പോൾ സ്ഥലവാസികൾ ചില ആശങ്കകൾ ഉയർത്തി. മന്ത്രിസഭാ ഉപസമിതിക്ക്‌ രൂപം നൽകി അവരുടെ ആവശ്യങ്ങൾ ക്ഷമയോടെ കേൾക്കാനും പരിഹാരം കാണാനുമാണ്‌ സർക്കാർ ശ്രമിച്ചത്‌. വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമൊഴികെ മറ്റ്‌ ആറ്‌ ആവശ്യത്തിനും പരിഹാരം കാണാനാണ്‌ സർക്കാർ ശ്രമിച്ചത്‌. ഈ സമരത്തെ ഉപയോഗിച്ച്‌ പദ്ധതിക്ക്‌ എങ്ങനെ തടയിടാം എന്നതായിരുന്നു പ്രതിപക്ഷം സ്വീകരിച്ച സമീപനം. എൽഡിഎഫിന്റെ ഭരണത്തിൽ ഒരു വികസനവും വന്നുകൂടാ എന്ന കുബുദ്ധിയാണ്‌ യുഡിഎഫിന്‌. എന്നാൽ, ആ ചൂണ്ടയിൽ കൊത്താൻ ജനങ്ങൾ തയ്യാറായില്ല. വാഗ്‌ദാനം പാലിക്കുന്ന, പറഞ്ഞതുചെയ്യുന്ന സർക്കാരാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ ജനങ്ങൾക്ക്‌ അറിയാം. അതവരുടെ അനുഭവമാണ്‌. ഗെയിൽ പൈപ്പ്‌ ലൈനും ഇടമൺ കൊച്ചി പവർഹൈവേയും വാട്ടർ മെട്രോയും ദേശീയപാത വികസനവും കണ്ണൂർ വിമാനത്താവളവും കൊച്ചിമെട്രോയും മറ്റും യാഥാർഥ്യമായതിന്റെ അനുഭവം.

പദ്ധതിക്കെതിരെ കുത്തിത്തിരിപ്പുകൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച ഒരു പത്രംതന്നെ ആദ്യകപ്പൽ അടുത്തപ്പോൾ പറഞ്ഞത്‌ കേരളത്തിന്റെ ഷെൻ ഷെൻ (തുറമുഖം വന്നതോടെ വൻ തോതിൽ വികസിച്ച ചൈനയിലെ നഗരം) ആകും തിരുവനന്തപുരം എന്നാണ്‌. തൊഴിലവസരങ്ങളുടെ ചാകര തന്നെയാണ്‌ ഉണ്ടാകാൻ പോകുന്നതെന്നും ഈ പത്രം തലക്കെട്ടു നൽകി. പദ്ധതി യാഥാർഥ്യമാകുമെന്ന്‌ വന്നപ്പോൾ അതുണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെ ഒളിപ്പിച്ചുവയ്‌ക്കാൻ കഴിയാത്ത സ്ഥിതി സംജാതമായി. 25,000 വരെ കണ്ടെയ്‌നറുകൾ വഹിക്കാവുന്ന കൂറ്റൻ കപ്പലുകളായ മദർഷിപ്പുകൾക്ക്‌ അടുക്കാൻ കഴിയുന്ന തുറമുഖമായിരിക്കും വിഴിഞ്ഞം. ഇത്തരം കപ്പലുകൾ അടുക്കാൻ 20 മീറ്ററെങ്കിലും ആഴമുള്ള തീരം വേണം. അത്‌ വിഴിഞ്ഞത്തുണ്ട്‌. ഇത്തരം മദർഷിപ്പുകൾ നങ്കൂരമിടാൻ കഴിയുന്ന തുറമുഖങ്ങൾക്കുള്ള വികസനസാധ്യത വളരെ വലുതാണ്‌. അന്തർദേശീയ കണ്ടെയ്‌നർ ട്രാഫിക് നിലവിൽ ശ്രീലങ്കയിലെ കൊളംബോ, സിംഗപ്പുർ, സലാല എന്നീ തുറമുഖങ്ങളിലാണുള്ളത്‌. ഇനി വിഴിഞ്ഞത്തും അത്‌ സാധ്യമാകും. ചെറു തുറമുഖങ്ങളിൽനിന്ന്‌ കണ്ടെയ്‌നറുകളിൽ ചരക്കുകൾ ചെറുകപ്പലുകൾ വഴിയോ കരമാർഗമോ എത്തിച്ച്‌ മദർഷിപ്പുകളിലേക്ക്‌ കയറ്റാം. അതുപോലെ മദർഷിപ്പുകളിൽനിന്ന്‌ ചരക്കുകൾ ചെറുകപ്പലുകളിലേക്കും മാറ്റുന്ന ട്രാൻഷിപ്പ്‌ പോയിന്റായി വിഴിഞ്ഞം മാറും. അതോടൊപ്പം ഔട്ടർ റിങ് റോഡ്‌, സാറ്റലൈറ്റ്‌ സിറ്റി, വ്യാവസായിക വാണിജ്യപാർക്കുകൾ വിദ്യാഭ്യാസ ആരോഗ്യ ഗ്രാമങ്ങൾ, ടൂറിസം ഹബ്ബുകൾ തുടങ്ങി നിരവധി പ്രോജക്ടുകൾ ഇതിന്റെ ഭാഗമായി വരും. കൊച്ചിയെപോലെതന്നെ വാണിജ്യനഗരമായി തിരുവനന്തപുരവും മാറും. എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ്‌ കേരളത്തിന്റെ വികസനഭൂമിക അടിമുടി മാറ്റുന്ന വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായതെന്ന്‌ ചരിത്രം രേഖപ്പെടുത്തുകതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top