29 November Wednesday
ഇന്ന്‌ സ്വാമി വിവേകാനന്ദന്റെ 
ചിക്കാഗോ പ്രസംഗത്തിന്റെ 
130–-ാം വാർഷികം

ഉത്തിഷ്ഠതാ, ജാഗ്രതാ...

പ്രൊഫ. വി കാർത്തികേയൻ നായർ Updated: Monday Sep 11, 2023

"അമേരിക്കയിലെ സഹോദരീ സഹോദരൻമാരേ’എന്ന അഭിസംബോധനയിലൂടെ വിശ്വസാഹോദര്യത്തിന്റെ ശംഖൊലി മുഴക്കിയായിരുന്നു 1893 സെപ്തംബർ 11ന് ചിക്കാഗോയിലെ സർവമത സമ്മേളനത്തിൽ മുപ്പതു വയസ്സുമാത്രമുള്ള യുവ സന്യാസിയായ സ്വാമി വിവേകാനന്ദന്റെ പ്രസംഗം. ആ സമ്മേളനത്തിലെ മറ്റ് മതപ്രതിനിധികളെല്ലാം അവരുടെ ദൈവത്തിന്റെ പേരിലാണ് സദസ്യരെ അഭിസംബോധന ചെയ്തതെങ്കിലും ദരിദ്രനാരായണൻമാരായ ഇന്ത്യക്കാരുടെ പേരിലായിരുന്നു സ്വാമിയുടെ പ്രസംഗം. അത് സദസ്യരിൽ വിദ്യുത്‌ തരംഗംപോലെ പ്രസരിച്ചു എന്നതാണ് ഹ്രസ്വമായ പ്രസംഗത്തിനുശേഷം പുറത്തിറങ്ങിയപ്പോൾ സ്വാമിയെ പൊതിഞ്ഞ ജനക്കൂട്ടം അവരുടെ ഭാവഹാവാദികൾകൊണ്ട് വ്യക്തമാക്കിയത്. സെപ്തംബർ 11, 15, 19, 20, 26, 27 തീയതികളിലായി ആകെ ആറു പ്രസംഗമാണ് സർവമത സമ്മേളനത്തിൽ സ്വാമി ചെയ്തത്. വിശ്വാസികളുടേതായാലും അവിശ്വാസികളുടേതായാലും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള നിർദേശങ്ങൾ വയ്ക്കാനാകാതെ ഉദാത്തമായ ദാർശനിക പ്രശ്നങ്ങൾമാത്രം ഉന്നയിക്കുന്ന ചില മതപ്രതിനിധികളെ കണക്കിന് കളിയാക്കിയും അദ്വൈത വേദാന്തത്തിന്റെ പ്രാമാണികത്വം വിളംബരം ചെയ്തുകൊണ്ടുമുള്ള സ്വാമിയുടെ പ്രസംഗം ഒരുപോലെ സരളവും പ്രബുദ്ധവും ആയിരുന്നു. കടലിൽനിന്നു കയറിവന്ന തവളയുടെ മുന്നിൽ കൂപമണ്ഡൂകം വീമ്പിളക്കുന്നതുപോലെയാണ് ചിലരുടെ അവകാശവാദങ്ങളെന്ന് പച്ചയ്‌ക്കു പറയാൻ സ്വാമിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.

ദരിദ്രരായ ഇന്ത്യക്കാർ അവരുടെ വരണ്ട നാവുകൊണ്ട് തൊള്ളതുറന്ന് കരയുന്നത് ഒരുപിടിച്ചോറിനു വേണ്ടിയാണെന്നും അവർക്കുവേണ്ടത് സുവിശേഷ സൂക്തങ്ങളല്ലെന്നും അദ്ദേഹം വിളിച്ചുപറഞ്ഞു.  വിശക്കുന്നവനോട് വേദാന്തമോതുന്നത് ദൈവനിഷേധമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.  വിശക്കുന്നവന്റെ മുമ്പിൽ ദൈവം പ്രത്യക്ഷപ്പെടുന്നത് അന്നത്തിന്റെ രൂപത്തിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
ചാരം തേച്ചുപിരിച്ച് നീട്ടിവളർത്തിയ ജടയും രുദ്രാക്ഷമാലയും ധരിച്ച് ദിഗംബരൻമാരായോ കൗപീനമാത്രധാരികളോ ആയി യോഗദണ്ഡും കമണ്ഡലുവും ‘പാരം കോപരസം തുളുമ്പുന്ന മിഴികളു' മായി അലസഗമനം നടത്തുന്ന സന്യാസിമാരല്ല ഇന്ത്യക്കാരുടെ പ്രതിനിധികളെന്നും കഠിനാധ്വാനം ചെയ്ത് ഉപജീവനം നടത്തുന്നവരാണ് യഥാർഥ ഇന്ത്യക്കാരെന്നും അർഥശങ്കയ്‌ക്കിടയില്ലാതെ അദ്ദേഹം പറയുന്നു. 


 

‘ശഠരാകുമൃഷികളുടെ ശാപം ഭയന്ന്' ചാപംകുലയ്‌ക്കുന്ന അരചൻമാരല്ല ഇന്ത്യക്കാവശ്യമെന്നും ശൂദ്രജനകോടികളുടെ പ്രതിപുരുഷൻമാരാണ് പ്രജാപതികളായി ഭരിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.  കഴിഞ്ഞുപോയത് ബ്രാഹ്മണന്റെയും ക്ഷത്രിയന്റെയും ഭരണമാണെന്നും ഇപ്പോൾ നടക്കുന്നത് വൈശ്യന്റെ ഭരണമാണെന്നും ഇനി വരാനിരിക്കുന്നത് ശൂദ്രന്റെ ഭരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടത് ഇന്ത്യയുടെ അവസ്ഥമാത്രം നോക്കിയിട്ടല്ല, സാർവദേശീയ കാഴ്ചപ്പാടോടുകൂടിത്തന്നെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകവും ഒരു യുഗസംക്രമണദശയായിരുന്നുവെന്ന് നമുക്കറിയാം.

ജ്ഞാനോദയത്തിനായുള്ള ബൗദ്ധികവിപ്ലവത്തിന് വിത്തുപാകുന്നവരെ സന്യാസിമാരായി ദിവ്യപരിവേഷമണിയിച്ച് പൂജാവിഗ്രഹങ്ങളാക്കി മാറ്റിക്കഴിഞ്ഞാൽ ലൗകികക്ഷേമത്തിനുവേണ്ടി അവർ ചെയ്തിട്ടതെല്ലാം തമസ്കരിക്കപ്പെടും.  ചട്ടമ്പി സ്വാമികളെയും ശ്രീനാരായണ ഗുരുവിനെയും സന്യാസിമാരാക്കി പ്രതിമകളാക്കി മാറ്റിയപ്പോൾ സനാതന ധർമഛേദികളായി അവർ പറഞ്ഞതും എഴുതിയതും മുഴുവൻ പിന്തള്ളപ്പെടുകയും അദ്വൈതവേദാന്ത ചിന്തയെ അവർ എങ്ങനെ പരിപോഷിപ്പിച്ചുവെന്നുമാത്രം പരത്തിപ്പറഞ്ഞ് ആത്മീയാചാര്യന്മാരായി പുനർനിർമിക്കപ്പെടുകയും ചെയ്തു. അതുപോലെതന്നെ സ്വാമി വിവേകാനന്ദനെയും സന്യാസി മാത്രമായി അവതരിപ്പിച്ച് ആത്മീയ ഗുരുവാക്കി മാറ്റിക്കളഞ്ഞു. ഇന്ത്യാ ചരിത്രത്തിലും ലോകചരിത്രത്തിലും പാശ്ചാത്യ പൗരസ്ത്യ ദർശനങ്ങളിലും ഭൗതിക ശാസ്ത്രത്തിലും അഗാധപാണ്ഡിത്യമുണ്ടായിരുന്ന വിവേകാനന്ദന്റെ ബൗദ്ധികസംഭാവനകളെപ്പറ്റി ഇനിയും പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.

ഇന്ത്യാചരിത്രത്തെക്കുറിച്ചും അദ്ദേഹത്തിന് അഗാധമായ അറിവുണ്ടായിരുന്നു. കൊളോണിയൻ ചരിത്രകാരൻമാരും ഇന്ത്യാചരിത്രകാരൻമാരും എഴുതിയ കൃതികൾ അന്ന് ലഭ്യമായിരുന്നു. ആക്രമണങ്ങളുടെയും  കൊള്ളയടികളുടെയും പരാജയങ്ങളുടെയും ചരിത്രമാണ് ഇന്ത്യക്കുണ്ടായിരുന്നതെന്ന് കൊളോണിയൽ ചരിത്രകാരൻമാരും അത്തരം കൊള്ളയടികളെ ആയിരം വർഷം ചെറുത്തുനിന്നവരാണ് ഹിന്ദുമഹാരാജാക്കൻമാരെന്ന് ഇന്ത്യാചരിത്രകാരൻമാരും മത്സരിച്ച് പുസ്തകരചന നടത്തിക്കൊണ്ടിരുന്നപ്പോൾ ഇതിൽനിന്ന് ഭിന്നമായ ചിത്രമാണ് വിവേകാനന്ദൻ വരച്ചു കാട്ടുന്നത്. ഗസ്നിയിലെ മഹ്മൂദ്, നാദിർഷ, അഹമ്മദ്ഷാ അബ്ദാലി തുടങ്ങിയ ചിലർമാത്രമാണ് കൊള്ളയടിക്കാരെന്നും മറ്റുള്ള മുസ്ലിം ഭരണാധികാരികൾ ഇന്ത്യാവൽക്കരിക്കപ്പെട്ടവരാണെന്നും അദ്ദേഹം പറയുന്നു.  ഇവിടെ നിലവിലിരുന്ന ഭൂവുടമാസമ്പ്രദായത്തിന് ഉടവു തട്ടിയില്ലായെന്നും പുതിയ ജന്മിമാരെ സൃഷ്ടിക്കുകയാണുണ്ടായതെന്നും പറയുന്നു.  ഇന്ത്യയിലെ ജാതിവിവേചനത്തിന്റെ തീവ്രവേദനയിൽനിന്ന് മുക്തി നേടാൻ ഇസ്ലാംമതത്തിലേക്കുള്ള പരിവർത്തനം സഹായകരമായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇന്ത്യയിലെ മുസ്ലിങ്ങൾ വിദേശീയരല്ലെന്നും മതം മാറിയ ഇന്ത്യക്കാരാണെന്നുമാണ് വിവക്ഷ. അക്കാലത്ത് ഇന്ത്യയിൽ നടന്നിട്ടുള്ള യുദ്ധങ്ങൾ രാഷ്ട്രീയ യുദ്ധങ്ങളായിരുന്നുവെന്നും അതിനാൽ അവ ഇന്ത്യക്കാർ തമ്മിലുള്ള യുദ്ധമായിരുന്നുവെന്നും അല്ലാതെ ഹിന്ദുവും മുസൽമാനും തമ്മിലുള്ള യുദ്ധമല്ലെന്നും പറയുന്ന വിവേകാനന്ദന്റെ ചരിത്ര ധാരണയല്ലേ ഇന്നും പ്രസക്തമായി നിൽക്കുന്നത്.  ഇന്ത്യകണ്ട ഏറ്റവും വലിയ ഭരണാധികാരി മുഗള ചക്രവർത്തിയായ അക്ബർ ആയിരുന്നുവെന്നു പറയുമ്പോഴാണ് ആ മുഗളചരിത്രം പാഠപുസ്തകത്തിൽനിന്ന് നീക്കം ചെയ്തവർ സ്വാമി വിവേകാനന്ദനെ ഹിന്ദുസന്യാസിയായി ചിത്രീകരിക്കുന്നത്.

ഭൗതികവസ്തുവായ ശരീരം ഉൽപ്പാദിപ്പിക്കുന്ന ഊർജമാണ് ബോധമെന്നും അതിന്റെ പ്രതിഫലനമാണ് ആത്മാവെന്നും പറയുന്ന വിവേകാനന്ദൻ ഭൗതികവാദിയാണോ ആത്മീയവാദിയാണോ? പ്രാചീന ഗ്രീക്ക് തത്വചിന്തയെയും ക്രൈസ്തവ ഇസ്ലാമിക ദർശനങ്ങളെയും ആധുനിക പാശ്ചാത്യ ചിന്തകന്മാരായ ഇമ്മാനുവൽ കാന്റ് ഹെഗൽ, മാർക്സ് തുടങ്ങിയവരെയും നന്നായി പഠിച്ചിട്ടുള്ള വിവേകാനന്ദനെ സംബന്ധിച്ചിടത്തോളം ഭാരതീയ  ഷഡ്ദർശനങ്ങളും ലോകായത ജൈന ബുദ്ധ ദർശനങ്ങളും അത്തരത്തിലുള്ള ഒന്നു മാത്രമായിരുന്നു.  ഭാരതീയമായതുകൊണ്ടുതന്നെ വേദാന്ത ദർശനത്തോട് പ്രത്യേക മമതയുണ്ടായിരുന്നുവെന്നേയുള്ളൂ. കർമയാഗത്തെപ്പറ്റിയും ജ്ഞാനയോഗത്തെപ്പറ്റിയും ഭക്തിയോഗത്തെപ്പറ്റിയും അദ്ദേഹമെഴുതുന്നതും പ്രസംഗിക്കുന്നതും ഭാരതീയ ദർശനത്തെ പൂർണമായി ഉൾക്കൊണ്ടതിനുശേഷംതന്നെയാണ്. ഉത്തമനായ ഒരു ഭരണാധികാരിയുണ്ടാകണമെന്നും അയാൾ ബ്രാഹ്മണരെ തൃപ്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്താൽ സമസ്തലോകത്തിനും സുഖം ലഭിക്കുമെന്നും പ്രതിപാദിക്കുന്ന സ്‌മൃതിയിലെ സൂക്തത്തിനുള്ള മറുപടിയാണ് വരാനിരിക്കുന്ന യുഗത്തിൽ ഭരിക്കുന്നത് ശൂദ്രനായിരിക്കുമെന്നുള്ള സ്വാമിയുടെ പ്രവചനം.  വൈശ്യനും ബ്രാഹ്മണനും കൂടിച്ചേർന്നുള്ള ഭരണത്തെ ചെറുക്കാൻ ശൂദ്രൻമാർ ഉണർന്നെണീക്കണമെന്നും ലക്ഷ്യം നേടുന്നതുവരെ അതു തുടരണമെന്നുമുള്ളതാണ് വിവേകാനന്ദ സൂക്തങ്ങളിൽ പ്രമുഖം.

‘ഉത്തിഷ്ഠതാ ജാഗ്രതാ
പ്രാപ്യവരാൻ നിബോധത’


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top