24 April Wednesday

സ്‌ത്രീധനമെന്ന ദുരാചാരം

സോണി ബി ജോൺUpdated: Saturday May 28, 2022

കേരളം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിസ്‌മയ കേസിൽ വിധിവന്നിരിക്കുന്നു. സ്‌ത്രീധനപീഡനത്തെതുടർന്ന് ആത്മഹത്യ ചെയ്യേണ്ടിവന്ന വിസ്‌മയക്ക് ഏറെക്കുറെ നീതി ലഭ്യമായെന്ന പൊതുവികാരം സൃഷ്ടിക്കാൻ കോടതിവിധിക്കായിട്ടുണ്ട്. എന്നാൽ, ഈയൊരൊറ്റ വിധികൊണ്ട് അറുതിവരുത്താൻ കഴിയുന്ന ഒന്നല്ല, സ്‌ത്രീധനമെന്ന ദുരാചാരം. യഥാർഥത്തിൽ ഏറെ വിദ്യാസമ്പന്നമെന്നും സാക്ഷരമെന്നും അഭിമാനിക്കുന്ന കേരളസമൂഹത്തിന്റെ ആത്മാവിൽ ആഴത്തിൽ പതിഞ്ഞ കറുത്തപാടുകളാണ് സ്‌ത്രീധന കൊലപാതകങ്ങളും  ഇത്തരം ആത്മഹത്യകളും ഒരിക്കലും അവസാനിക്കാത്ത പീഡനങ്ങളും.

വൈശാഖിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ‘സൗണ്ട് തോമാ' എന്ന സിനിമയിൽ സായി കുമാർ അവതരിപ്പിച്ച പ്ലാപ്പറമ്പിൽ പൗലോയെന്ന ഒരു കഥാപാത്രമുണ്ട്. മൂത്തമകൻ പ്രേമിച്ചൊരു മുസ്ലിം പെൺകുട്ടിയെ കെട്ടിയതുകൊണ്ട് താൻ സ്വപ്‌നം കണ്ട സ്‌ത്രീധനം ലഭിക്കാതെ പോയതിനാൽ തന്റെ രണ്ടാമത്തെ മകനെക്കൊണ്ട് വലിയ സ്‌ത്രീധനം ഉറപ്പാക്കി മൂത്തമകനിലൂടെ ഉണ്ടായ നഷ്ടം പരിഹരിക്കാൻ ശ്രമിക്കുന്ന ഒരപ്പൻ. സിനിമയിലെ വെറുമൊരു കഥാപാത്രം മാത്രമായി തള്ളിക്കളയാവുന്ന ഒന്നല്ല പ്ലാപ്പറമ്പിൽ പൗലോ. കേരളസമൂഹത്തിലെ ആൺമക്കളുടെ സ്‌ത്രീധനം സ്വപ്നം കണ്ട് ജീവിക്കുന്ന അപ്പന്മാരുടെ പ്രതിനിധിയാണ് അയാൾ. സ്‌ത്രീധനമെന്ന ദുരാചാരം എത്രത്തോളം ആഴത്തിൽ കേരളത്തിൽ വേരൂന്നിയിട്ടുണ്ട് എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് സിനിമകളിലൂടെ പുറത്തുവരുന്ന ഇത്തരം കഥാപാത്രങ്ങളെന്ന കാര്യത്തിൽ സംശയം ലവലേശമില്ല. എന്നാൽ, വെറും ക്ലീഷേ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങേണ്ട ഒന്നല്ല സ്‌ത്രീധനമെന്ന ദുരാചാരമെന്ന് തെളിയിക്കുന്നതാണ് ഈയടുത്തകാലത്ത് കേരളത്തിലുണ്ടായ ചില സംഭവങ്ങൾ. വിസ്‌മയയുടെ ആത്മഹത്യയും ഉത്തരയുടെ കൊലപാതകവുമെല്ലാം അത്തരം സംഭവങ്ങളിൽ ചിലതുമാത്രം.

വിദ്യാസമ്പന്നരും സ്ഥിരം വരുമാനക്കാരുമായ യുവാക്കൾക്ക് വിവാഹക്കമ്പോളത്തിൽ ഉത്തമഗുണമുള്ള ഉൽപ്പന്നങ്ങളായി സ്വയം പ്രതിഷ്ഠിക്കാനോ പ്രതിഷ്ഠിക്കപ്പെടാനോ ഒരു മടിയുമില്ലെന്നത് നഗ്നസത്യമായി നിലകൊള്ളുന്നു. തീർച്ചയായും അത്തരമൊരു സാഹചര്യം വിദ്യാഭ്യാസവും ധാർമികതയും തമ്മിലുള്ള ബന്ധം തീർത്തും നേർത്തതാണെന്ന സംശയത്തിന് ഇടനൽകുന്നുണ്ട്. യുവതികളെത്ര വിദ്യാസമ്പന്നരാണെങ്കിലും സ്‌ത്രീധനം നൽകാതെ നല്ല വിവാഹബന്ധങ്ങൾ സാധ്യമല്ലെന്ന നില മാറിയേ തീരൂ. തങ്ങളുടെ ആത്മാഭിമാനവും വിദ്യാഭ്യാസ യോഗ്യതയും വ്യക്തിപരമായ മറ്റുഗുണങ്ങളും അടിയറവുവയ്‌ക്കുന്ന രീതിയിലുള്ള വിവാഹബന്ധങ്ങൾക്ക് കഴുത്തുനീട്ടില്ലെന്ന തീരുമാനം എടുക്കാനുള്ള ചങ്കൂറ്റം യുവതികൾ കാട്ടേണ്ടതുണ്ട്. ഇവിടെയാണ് തങ്ങളുടെ പെൺമക്കളെ സ്‌ത്രീധനം ആവശ്യപ്പെടുന്ന യുവാക്കൾക്ക് വിവാഹം ചെയ്തുകൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തോടെ മാതാപിതാക്കൾ  അവർക്ക് പിന്തുണനൽകേണ്ടത്.

പക്ഷേ, പെൺകുട്ടികളുടെ ഭാവിയും സുരക്ഷയുമൊക്കെ കരുതി പലപ്പോഴും മാതാപിതാക്കൾ സമ്മർദങ്ങൾക്ക്‌ വഴങ്ങുന്നു എന്നതും മാതാപിതാക്കളുടെ സമ്മർദത്തിന് പലപ്പോഴും പെൺകുട്ടികൾക്ക് വഴങ്ങേണ്ടിവരുന്നു എന്നതും വസ്‌തുതയാണ്. ഇതിനുള്ള യഥാർഥ പ്രതിവിധികളിൽ ഏറ്റവും പ്രധാനപ്പെട്ടത് പെൺകുട്ടികളെ സ്വയം തീരുമാനങ്ങളെടുക്കാൻ ശക്തരാക്കുക എന്നതാണ്. അതു തീർത്തും വിദ്യാഭ്യാസം കൊണ്ടുമാത്രം നേടിയെടുക്കാവുന്ന ഒന്നല്ല. ജീവിത സാഹചര്യങ്ങളിൽ അവർക്ക് തക്കതായ പ്രാതിനിധ്യവും പരിചയവും നൽകുകയും ബോധപൂർവം തീരുമാനങ്ങളെടുപ്പിക്കുകയും അവയുടെ വരുംവരായ്കകളെക്കുറിച്ച് സ്വയം ബോധ്യപ്പെടാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യേണ്ടതുണ്ട്. പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ ശക്തരാക്കുകയും ഒപ്പം പെൺകുട്ടികളെ കല്യാണം കഴിച്ചുകൊടുത്ത് ഒരു വലിയ ഭാരം ഒഴിവാക്കുകയെന്ന മനോഭാവം മാതാപിതാക്കൾ അവസാനിപ്പിക്കുകയും വേണം. തീർച്ചയായും വലിയ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ആൺമക്കളെ വളർത്തുന്ന തരത്തിലും രീതിയിലുമാണ്. തങ്ങൾക്കുള്ളത്രതന്നെ പ്രാധാന്യം പെൺകുട്ടികൾക്കുമുണ്ടെന്നും ജീവിതമെന്നത് ആണും പെണ്ണും ഒരുമിച്ച് നെയ്‌തെടുക്കേണ്ട ഒന്നാണെന്നുമുള്ള വിചാരം അവരിൽ വളർത്തിയെടുക്കേണ്ടതുണ്ട്. ഗാർഹിക ജോലികളിലും ഉത്തരവാദിത്വങ്ങളിലുമുള്ള തരംതിരിവുകൾ ഒഴിവാക്കേണ്ടതാണ്. ലിംഗസമത്വമെന്നത് വീടുകളിൽനിന്നുതന്നെ ആരംഭിക്കേണ്ട ഒരാശയമാണ്. മാതാപിതാക്കൾക്കിടയിൽ അതെത്രത്തോളമുണ്ടോ അത്രത്തോളംതന്നെ മക്കളിലും അതുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിസ്‌മരിക്കാനാകില്ല. വികസിത രാജ്യങ്ങളിൽ ഏകലിംഗമെന്ന ആശയം സർവസാധാരണമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ലിംഗസമത്വമെന്ന ആശയമെങ്കിലും പരിഷ്‌കൃത സമൂഹമെന്നനിലയിൽ നമുക്ക് ആർജിച്ചെടുക്കേണ്ടതുണ്ട്.

സ്‌ത്രീധനത്തിന്റെ വിപത്തിനെക്കുറിച്ച്‌ പറയുമ്പോൾത്തന്നെ ചിലപ്പോഴെങ്കിലും പെൺമക്കൾക്ക് അവകാശപ്പെട്ട സ്വത്ത് നീതിപൂർവം പകുത്തുനൽകാതെ കുറച്ചെന്തെങ്കിലും സ്‌ത്രീധനമായി നൽകി വച്ചൊഴിയുന്ന മാതാപിതാക്കളും കേരളത്തിൽ സർവസാധാരണമാണ്. തനിക്കർഹതപ്പെട്ട സ്വത്തിനുവേണ്ടി ഏറെക്കാലം കോടതിവ്യവഹാരം നടത്തി വിജയിച്ച മേരി റോയിയുടെ ഓർമകൾ ഇന്നും ജീവസ്സോടെ കേരളം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. തങ്ങൾക്കർഹതപ്പെട്ടത് ചോദിച്ചുവാങ്ങാനുള്ള ആത്മധൈര്യം പെൺകുട്ടികൾ നേടിയെടുക്കേണ്ടതുണ്ടെന്ന് സാരം. മേൽപ്പറഞ്ഞ കാരണം കൊണ്ടുതന്നെ ഏകമകളുള്ള കുടുംബങ്ങളിൽനിന്ന്‌ വിവാഹം കഴിക്കാൻ അത്യുത്സാഹം കാണിക്കുന്ന വിദ്യാസമ്പന്നരും ഉന്നതതൊഴിലുള്ളവരുമായ യുവാക്കൾ കേരളത്തിൽ ഏറെയുണ്ട്. സ്‌ത്രീധനവും പെൺകുട്ടികൾക്കവകാശപ്പെട്ട സ്വത്ത് പകുത്തുനൽകുന്നതും പ്രത്യക്ഷത്തിൽ രണ്ടുവിഷയമാണെന്ന് തോന്നാമെങ്കിലും അവ പരസ്പരബന്ധിതങ്ങളാണെന്ന കാര്യത്തിൽ തർക്കമില്ല. സ്‌ത്രീധനമെന്ന സാമൂഹ്യവിപത്തിനെ എതിർക്കുന്നതുപോലെതന്നെ അർഹതപ്പെട്ട സ്വത്തു നൽകാതെ പെൺമക്കളെ ചൂഷണം ചെയ്യുന്നതും അവസാനിപ്പിക്കേണ്ടതുണ്ട്. സ്വന്തം മക്കൾക്കിടയിലെങ്കിലും തുല്യനീതി നടപ്പാക്കാനായില്ലെങ്കിൽ സാമൂഹ്യനീതിയെക്കുറിച്ച് വിലപിച്ചിട്ടു കാര്യമില്ല.

സമൂഹത്തിൽ ചിലയിടങ്ങളിലെങ്കിലും സ്‌ത്രീധനത്തെ പ്രതിരോധിക്കാനുള്ള ആർജവം യുവാക്കൾക്കിടയിൽ വളർന്നുവരുന്നുണ്ട് എന്നതും വാസ്തവമാണ്. സ്വത്തിനേക്കാൾ പ്രിയതരമാകണം ഇണയോടുള്ള ഇഷ്ടവും പരസ്പരം പങ്കുവച്ചുകൊണ്ടുള്ള ജീവിതവും. സതിയും ബാലവിവാഹവുമെല്ലാം നിഷ്‌കാസിതമാക്കപ്പെട്ടപോലെ സ്‌ത്രീധനവും സമൂഹത്തിൽനിന്ന്‌ തൂത്തെറിയപ്പെടണം. കുട്ടികളെ വളർത്തുമ്പോഴും അവർക്ക്‌ വിദ്യാഭ്യാസം നൽകുമ്പോഴും സ്‌ത്രീധനത്തിനെതിരെ അവബോധം വളർത്തിയെടുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകണം. സ്‌ത്രീധനത്തിന്റെ പേരിൽ  സ്‌ത്രീകളുടെ ജീവിതം ഹോമിക്കപ്പെടുന്നതിന് അന്ത്യം വരുത്തേണ്ടതുണ്ട്. സ്‌ത്രീധനമെന്ന ദുരാചാരത്തെ നിഷ്‌കാസനം ചെയ്യാതെ യഥാർഥ നവോത്ഥാനം സാക്ഷാൽക്കരിക്കപ്പെടില്ല. അല്ലാതുള്ള നവോത്ഥാനം വെറും നാമമാത്രമായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top