24 April Wednesday

തീക്ഷ്ണതയുടെ കവി - പ്രഭാവർമ്മ എഴുതുന്നു

പ്രഭാവർമ്മUpdated: Friday Feb 26, 2021

ഉള്ളവരും ഇല്ലാത്തവരും എന്ന്‌ വേർതിരിക്കപ്പെട്ട സമൂഹത്തിൽ ഉണ്ടായിട്ടും വേണ്ടാത്തവർ എന്ന ഒരു കൂട്ടർ കൂടിയുണ്ട് എന്നു പറയുമായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി സാർ. സത്യത്തിൽ  ഉണ്ടായിട്ടും വേണ്ടാത്തവർ എന്ന വിഭാഗത്തിൽ തന്നെയായിരുന്നു എന്നും അദ്ദേഹം നിലകൊണ്ടത്. ഒരു നേട്ടവും അദ്ദേഹത്തെ ഇളക്കിയിട്ടില്ല. ഒരു കോട്ടവും കുലുക്കിയതുമില്ല. അത്തരത്തിലുള്ള ഒരു നിസ്സംഗത; ആ വ്യക്തിത്വത്തിൽ അലിഞ്ഞുചേർന്നിരുന്നു. അത് വിരക്തിയിൽ  നിന്നുണ്ടാകുന്നതായിരുന്നില്ല; ആസക്തിയിൽനിന്നുതന്നെയുണ്ടാകുന്ന ഒരു നിറവായിരുന്നു വിഷ്ണുമാഷിനെ  സംബന്ധിച്ചിടത്തോളം.

ഉള്ളവരും ഇല്ലാത്തവരും എന്ന വേർതിരിവ് മാർക്സിസത്തിന്റേതാണല്ലോ. ആ മാർക്സിസത്തെ ഇത്രമേൽ തീക്ഷ്ണമായും സുന്ദരമായും കവിതയിൽ  കൊണ്ടുവന്ന മറ്റൊരു കവിയില്ല. "ശോണമിത്രൻ' പോലുള്ള കവിതകൾ ഉദാഹരണം. മാർക്സിന്റെ "സർപ്ലസ് വാല്യു' ഈ കവിതയിൽ  "ശിഷ്ടമൂല്യ'മാകുന്നു. "സർപ്ലസ് ലേബർ' ശിഷ്ടയത്നവും. വേദകാല സങ്കൽപ്പങ്ങളുമായി ബന്ധിപ്പിച്ച് വിഷ്ണുമാഷ് എത്ര ഭംഗിയായാണ് ഈ മാർക്സിയൻ വിഷയങ്ങൾ ആ കവിതയിൽ അവതരിപ്പിക്കുന്നതും. എന്നിട്ട് പറഞ്ഞുവയ്‌ക്കുന്നു: നമുക്ക് അത്യാവശ്യം വേണ്ടതേ (മിനിമം) എടുക്കാവൂ. ധനമായാലും അന്നമായാലും കൂടുതൽ എടുക്കുന്നവൻ പാപിയാണ്. ‘സർപ്ലസ് വാല്യു' കൈയടക്കുന്നവൻ വധിക്കപ്പെടേണ്ടവനാണ് എന്നുകൂടി പറഞ്ഞുവയ്‌ക്കുന്നു പരമസാത്വികനായ വിഷ്ണുമാഷ്. സ്വകൽപ്പിതമായ ഒരു കഥാപാത്രത്തെ  ശോണമിത്രനിൽ  അവതരിപ്പിച്ചുകൊണ്ട് വിഷ്ണുമാഷ് പറഞ്ഞതിൽ മാർക്സിസത്തിന്റെ സാരസത്തയുണ്ട്. കവിതയിൽ രാഷ്ട്രീയം കലരേണ്ടതിന്റെ ഉത്തമ മാതൃകയാണിതെന്നു പറയാം.

"ശിഷ്ടമൂല്യം ഭുജിക്കുന്നോ
ശിഷ്ടയത്നം ഭുജിക്കയാം
ശിഷ്ടയത്നത്തിനായ് വൈശ്യൻ
പീഡിപ്പിക്കുന്നു ലോകരെ'

ത്യാഗത്താൽ  അർഹതപ്പെട്ടതെന്തോ അതു മാത്രമേ ആരും ഭുജിക്കാവൂ എന്നും അന്യന്റെ മുതൽ ഉണ്ണുന്നവർ ലോകഹിതത്തിനായി വധിക്കപ്പെടേണ്ടവനാണെന്നും പറഞ്ഞുകൊണ്ട് എന്തും അതിന്റെ വിപരീതത്തിലേക്കു വളരാമെന്ന വിപൽ സാധ്യതയ്ക്കുകൂടി അടിവരയിട്ടിട്ടുണ്ട് കവി. അതാകട്ടെ വൈലോപ്പിള്ളി മാഷ് ചൂണ്ടിക്കാട്ടിയപോലെ, സൗവർണപ്രതിപക്ഷത്തു നിൽക്കേണ്ട കവിയുടെ ചുമതല തന്നെയാണു താനും. കമ്യൂണിസത്തെ വളരെ സൂക്ഷ്മമായി എന്നും നിരീക്ഷിച്ചിട്ടുണ്ട് അദ്ദേഹം. ഗോർബച്ചേവിന്റെ ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും വന്ന ഘട്ടത്തിൽ  വരാൻപോകുന്ന ദുരന്തം പ്രവചിക്കുംപോലെ അദ്ദേഹം എഴുതി:

"കെട്ടഴിച്ചുവിടാനേതു പൊട്ടനും മതി; പിടിച്ചു കെട്ടുവാൻ ഭൂപാലനൊരാൾ മുതിർന്നേ പറ്റൂ'. നേതാവിന്റെ ധർമം കെട്ടഴിച്ചുവിടലല്ല, കെട്ടിമുറുക്കി നിർത്തലാണ് എന്ന്‌ വിഷ്ണുമാഷ് എഴുതുമ്പോൾ സോവിയറ്റ് യൂണിയന്റെ ശൈഥില്യം ആരും സ്വപ്നത്തിൽപ്പോലും കണ്ടിരുന്നില്ല.

"വഴികാട്ടിയല്ല, ചെറുതുണമാത്രമെൻ കവിത' എന്ന്‌ വിഷ്ണുമാഷ് എഴുതിയിട്ടുണ്ട്. വഴികാട്ടിയാണെന്ന അവകാശവാദമൊന്നുമില്ല; എന്നും ശരിയായ വഴിയേ പോകുന്നവർക്ക്‌ തുണയായി നിൽക്കണം; അതുമതി എന്ന് ഒരിക്കൽ  മാഷ് പറഞ്ഞു. ശരിയാകട്ടെ ഓരോ നൂറ്റാണ്ടിലും ഓരോന്നാകും എന്നുകൂടി അതോടു ചേർത്തുവയ്‌ക്കാൻ അദ്ദേഹം മറന്നതുമില്ല.

ഈ ബോധ്യത്തിൽ നിന്നുള്ള ഒരു ധൈര്യവും എന്നും അദ്ദേഹത്തിന്റെ കവിതയിൽ ജ്വലിച്ചുനിന്നു. ഈ ധൈര്യത്തിന്റെ തെളിച്ചമാണ് സത്യത്തിൽ മിത്രാവതി എന്ന കവിതയിലുള്ളത്. വ്യവസ്ഥാപിത സദാചാര സങ്കൽപ്പത്തെ ഇങ്ങനെ ചോദ്യം ചെയ്യാനുള്ള കരുത്ത് വിഷ്ണുമാഷിന് എങ്ങനെ കൈവന്നു എന്ന്‌ ഞാൻ അമ്പരന്നിട്ടുണ്ട്. പൗരോഹിത്യത്തിന്റെ, യാഥാസ്ഥിതികതയുടെ പശ്ചാത്തലത്തിൽനിന്നുവന്ന ഒരു കവി എങ്ങനെ ഇത്ര ധീരനായി? ശുദ്ധി എന്താണ് എന്നു ചോദിക്കുന്ന ആ കവിത ശുദ്ധി നിശ്ചയിക്കാൻ ആർക്കാണധികാരം എന്ന നിലയ്ക്കുകൂടി സമൂഹ മനഃസാക്ഷിയിൽ മുഴങ്ങുന്നു. വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല ആ കവിത.

പലരും വിഷ്ണുമാഷെ വരേണ്യപക്ഷത്തും യാഥാസ്ഥിതികതയുടെ പക്ഷത്തും നിർത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ, അതായിരുന്നില്ല അദ്ദേഹത്തിന്റെ സ്ഥാനം. അദ്ദേഹത്തിന്റെ "ആദവും ദൈവവും' എന്ന കവിത ഒരിക്കൽ പാഠപുസ്തകത്തിന്റെ ഭാഗമായി വന്നപ്പോൾ അസഹിഷ്ണുതയുടെ ശക്തികൾ എത്ര ക്ഷുഭിതരായാണ് അദ്ദേഹത്തിനു നേർക്ക്‌ ചാടിവീണത്.

മറ്റൊരിക്കൽ കടൽ കടന്ന് വിദേശത്തേക്കുപോയ വിഷ്ണുനാരായണൻ നമ്പൂതിരിയെ ക്ഷേത്രത്തിൽ കടക്കാനനുവദിക്കില്ലെന്നു പറഞ്ഞ് എത്ര രൂക്ഷമായാണ് സമുദായ പ്രമാണിമാർ ഭ്രഷ്ടിന്റെ തീട്ടൂരവുമായെത്തിയത്. എന്നാൽ, അവർക്ക് അളന്നുകുറിക്കാനാകുന്ന വ്യക്തിത്വമായിരുന്നില്ല ഈ കവിയുടേത്.

"ശിലാജാഡ്യം പിളർന്നെത്തും ഇന്ത്യയെന്ന വികാരമേ
അന്തഃകരണപുഷ്പത്താൽ  നിന്നെയർച്ചന ചെയ്‌വൂ ഞാൻ'

എന്ന് എഴുതി ഇന്ത്യ എന്ന വികാരത്തെ സകല മനസ്സുകളിലും തോറ്റിയുണർത്താൻ ശ്രമിച്ചു അദ്ദേഹം. ഒരു കാളിദാസനും യേറ്റ്സും വൈലോപ്പിള്ളിയും എന്നും വിഷ്ണുമാഷിൽ സമന്വയിച്ചുനിന്നു. മാർക്സും ജയപ്രകാശും തിളങ്ങിനിന്നു. എല്ലാ അർഥത്തിലും സവിശേഷമായ ഒരു കാവ്യവ്യക്തിത്വം! ഭാവദീപ്തവും ദാർശനിക മാനങ്ങളുള്ളതുമായ ആ കാവ്യലോകം നമ്മുടെ സാംസ്കാരികതയുടെ വിലപ്പെട്ട ഖനിയായി നിൽക്കും എക്കാലവും; വരും കാലങ്ങളിൽ വിളക്കു തെളിക്കാൻ വേണ്ട ഊർജത്തിന്റെ ഖനിയായി!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top