25 April Thursday

ഞങ്ങൾ പുൽനാമ്പുകളാണ് എല്ലായിടത്തും വളരും - വിജയ്‌പ്രഷാദ്‌ എഴുതുന്നു

വിജയ്‌പ്രഷാദ്‌Updated: Thursday Dec 10, 2020


നവംബർ 26ന്  പൊതുപണിമുടക്കിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ വിവിധ ദേശീയപാതകളിലൂടെ കർഷകരും കർഷകത്തൊഴിലാളികളും മാർച്ച്ചെയ്തു. സെപ്തംബറിൽ ആദ്യം ലോക്‌സഭയും പിന്നീട്‌ രാജ്യസഭയും വോട്ടെടുപ്പില്ലാതെ പാസാക്കിയ കർഷകവിരുദ്ധവും കോർപറേറ്റുകൾക്ക് അനുകൂലവുമായ നിയമങ്ങൾക്കെതിരായ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകൾ അവരേന്തിയിരുന്നു. കമ്യൂണിസ്റ്റ്പ്രസ്ഥാനം മുതൽ കർഷക സംഘടനകളുടെ വിശാലമായ  സഖ്യം വരെയുള്ള അനവധിയായ സംഘടനകളിലെ അവരുടെ അംഗത്വം വിളിച്ചോതുന്ന പതാകകൾ കർഷകത്തൊഴിലാളികളും കർഷകരും ഉയർത്തിപ്പിടിച്ചിരുന്നു.

സ്വകാര്യവൽക്കരണം ഭക്ഷ്യസുരക്ഷയെയും കാർഷികവൃത്തിയിൽ തുടരുവാനുള്ള തങ്ങളുടെ ശേഷിയെയും ദുർബലപ്പെടുത്തുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ തൊഴിൽ സേനയുടെ ഏതാണ്ട് മൂന്നിൽ രണ്ടും വരുമാനം കാർഷികവൃത്തിയിൽനിന്നും കണ്ടെത്തുന്നവരാണ്. കൃഷിയിൽനിന്നുള്ള വരുമാനം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 18 ശതമാനത്തോളംവരും. സെപ്തംബറിൽ പാസാക്കിയ മൂന്ന് കർഷക വിരുദ്ധ ബില്ലുകൾ കാർഷിക ഉൽപ്പന്നങ്ങൾ താങ്ങുവിലയിൽ വാങ്ങുവാനുള്ള സർക്കാർ പദ്ധതികളെ ദുർബലമാക്കുന്നതാണ്. രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമി സ്വന്തമായുള്ളവരാണ്  85 ശതമാനവും.

സ്വകാര്യകുത്തകകളുമായുള്ള വിലപേശലിന്‌  അവരെ എറിഞ്ഞുകൊടുക്കുകയാണ് ഈ നിയമങ്ങൾ ചെയ്യുന്നത്. ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ‌ ലഭിക്കുന്ന വില സ്ഥിരതയുള്ളതല്ല എങ്കിൽപ്പോലും കാർഷിക ഉൽപ്പാദനം നിലനിർത്തുന്നതിന് സഹായിച്ചിരുന്ന ഇതുവരെ നിലവിലിരുന്ന സംവിധാനങ്ങളുടെ തകർച്ചയിലേക്കാണ് പുതിയനിയമങ്ങൾ നയിക്കുക. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹത്തായ സമരമായി നവംബർ 26ന്റെ പൊതുപണിമുടക്കിനെ മാറ്റിക്കൊണ്ട് ഇന്ത്യയിലെമ്പാടുമായി 25 കോടി ആളുകൾ അതിൽ പങ്കുചേർന്നു. സമരത്തിലണിചേർന്നവരെല്ലാം ചേർന്ന് ഒരുരാജ്യമായി മാറുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ രാജ്യമായി അതു മാറിയേനെ.

മഹാരാഷ്ട്രയിലെ ജവാഹർലാൽ നെഹ്‌റു തുറമുഖം മുതൽ ഒഡിഷയിലെ പാരാദിപ് തുറമുഖംവരെയുള്ള തൊഴിലാളികൾ പണിമുടക്കിയതോടെ തെലങ്കാന മുതൽ ഉത്തർപ്രദേശുവരെയുള്ള ഇന്ത്യയുടെ വ്യാവസായിക മേഖലകളാകെ നിശ്ചലമായി.
അസംഘടിത മേഖലയിലെ തൊഴിലാളികളും ആരോഗ്യരക്ഷാരംഗത്തെ തൊഴിലാളികളും ബാങ്ക് ജീവനക്കാരും സമരത്തിൽ അണിചേർന്നു. തൊഴിൽ സമയം പന്ത്രണ്ട് മണിക്കൂറായി നീട്ടുകയും തൊഴിൽ സേനയുടെ 70 ശതമാനത്തെയും തൊഴിൽ സംരക്ഷണത്തിൽനിന്നും പുറത്താക്കുകയും ചെയ്യുന്ന നിയമങ്ങൾക്കെതിരെ അവർ ആഞ്ഞടിച്ചു. “ഇന്നത്തെ ഈ സമരം ഒരു തുടക്കം മാത്രമാണ്. കൂടുതൽ തീവ്രമായ പ്രക്ഷോഭങ്ങൾ പിന്നാലെ വരും,” സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. ഇന്ത്യൻ തൊഴിലാളിവർഗവും സമ്പന്ന കർഷകർ പോലും ഉൾപ്പെടെയുള്ള കൃഷിക്കാരും നേരിടുന്ന പ്രതിസന്ധിയെ മഹാമാരി കൂടുതൽ ആഴത്തിലുള്ളതാക്കി മാറ്റി. തീവ്രനൈരാശ്യത്തിന്റെ പടുകുഴിയിൽപ്പെട്ട തൊഴിലാളികളും കർഷകരും മഹാമാരിയുടെ അപകടങ്ങളെപ്പോലും വകവയ്ക്കാതെ സർക്കാരിനോട് നിങ്ങളിൽ വിശ്വാസമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് വിളിച്ചുപറയാൻ ഒത്തുചേർന്നു.

ഭരണഘടനാപരമായ അവകാശം നിഷേധിക്കരുത്‌
ഡൽഹിയുടെ അതിർത്തികളോടു ചേർന്ന് കേന്ദ്രസർക്കാർ പൊലീസ്‌ സേനയെ വിന്യസിച്ചു. ഹൈവേകളിൽ ബാരിക്കേഡുകൾ ഉയർത്തുകയും  ഏറ്റുമുട്ടലിന്‌ തയ്യാറാവുകയും ചെയ്തു. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും നീണ്ട സൈന്യം ബാരിക്കേഡുകൾക്കരികിലെത്ത തങ്ങളെ തടയരുതെന്ന് പൊലീസുകാരോട്‌ അഭ്യർഥിച്ചു. എന്നാൽ അധികൃതർ അവർക്കുനേരെ കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചു.

നവംബർ 26 ഇന്ത്യയിൽ ഭരണഘടനാദിനം കൂടിയാണ്. പരമാധികാരത്തിന്റെ മഹത്തരമായൊരു ചുവടുവയ്‌പ്പിനെ അടയാളപ്പെടുത്തുന്നതാണ് ആ ദിനം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 ഇന്ത്യൻ പൗരന്മാർക്ക് അഭിപ്രായ പ്രകടന സ്വാതന്ത്രത്തിനുള്ള അവകാശവും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശവും  സംഘടനകളും യൂണിയനുകളും രൂപീകരിക്കാനുള്ള അവകാശവും ഇന്ത്യയുടെ അതിർത്തികൾക്കുള്ളിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള അവകാശവും നൽകുന്നു. ഭരണഘടനയുടെ ഈ വകുപ്പുകൾ മറന്നുപോയിട്ടുണ്ടെങ്കിൽ സുപ്രീംകോടതി തന്നെ 2012ലെ ഒരുകേസിൽ പൊലീസിനെ ഇങ്ങനെ ഓർമിപ്പിച്ചിട്ടുണ്ട്: ‘പൗരന്മാർക്ക് ഒത്തുചേരാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള മൗലികാവകാശം ഉണ്ട്. അത്‌ എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് ഇടപെടലിലൂടെ എടുത്തു മാറ്റാൻ സാധിക്കില്ല’. ഇസ്രയേലിന്റെ കണ്ടുപിടിത്തമായ തൊണ്ടയിൽ അസ്വസ്ഥതയുണ്ടാക്കുന്ന ജലം തൊടുക്കുന്ന പീരങ്കിയുടെയും  കണ്ണീർവാതകത്തിന്റെയും ഉപയോഗവും പൊലീസ് ബാരിക്കേഡുകളുമെല്ലാം ഭരണഘടനയുടെ അന്തഃസത്തയെത്തന്നെ നിരാകരിക്കുന്നതാണ്. ഉത്തരേന്ത്യയിലെ ശൈത്യത്തെ പോലും കണക്കിലെടുക്കാതെ കർഷകരെ വെള്ളംകൊണ്ടും കണ്ണീർ വാതകംകൊണ്ടും കുതിർത്തു.


 

പക്ഷേ ഇതുകൊണ്ടൊന്നും അവരെ തടയാനായില്ല. യുവാക്കൾ ജലപീരങ്കി വഹിച്ച ട്രക്കുകൾക്കുമേൽ ചാടിക്കയറി അവ പ്രവർത്തനരഹിതമാക്കി. കർഷകർ ബാരിക്കേഡുകൾ തള്ളിത്തെറിപ്പിച്ചു. ജനങ്ങളുടെയാകെ വികാരം പ്രതിഫലിപ്പിച്ചുകൊണ്ട് തൊഴിലാളിസംഘടനകൾ മുന്നോട്ടുവച്ച പന്ത്രണ്ടിന അവകാശപത്രിക ആത്മാർഥത തുടിക്കുന്നതാണ്. കേന്ദ്രസർക്കാർ സെപ്തംബറിൽ പാസാക്കിയ തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധനിയമങ്ങൾ പിൻവലിക്കുക, പ്രധാനപ്പെട്ട പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം പിൻവലിക്കുക, കൊറോണാ വൈറസ് ഏൽപ്പിച്ച സാമ്പത്തികമാന്ദ്യത്തിലും വർഷങ്ങൾ നീണ്ട നവലിബറൽ നയങ്ങളിലുംപെട്ട് പൊറുതിമുട്ടുന്ന ജനങ്ങൾക്ക് അടിയന്തര ആശ്വാസം നൽകുക തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരുന്നു അവകാശപത്രിക. ഇവയെല്ലാം വളരെ ലളിതമായ ആവശ്യങ്ങളാണ്, മനുഷ്യത്വപരവും നെറിവുള്ളതുമാണ്. അത്രമേൽ കഠിന ഹൃദയർക്ക്മാത്രമേ അവയോട് പുറംതിരിഞ്ഞുനിൽക്കാനാകൂ.

ആഗോള പ്രക്ഷോഭങ്ങൾ സജീവമാകുന്നു
അടിയന്തരാശ്വാസത്തിനും തൊഴിലാളികൾക്കുള്ള സാമൂഹ്യസംരക്ഷണത്തിനും കൃഷിക്കുള്ള സർക്കാർ പിന്തുണയ്ക്കും വേണ്ടിയുള്ള ഈ മുദ്രാവാക്യങ്ങൾ ലോകമെമ്പാടുമുള്ള തൊഴിലാളികളെയും കർഷകരെയും ആകർഷിക്കുന്നുണ്ട്. ഇത്തരം മുദ്രാവാക്യങ്ങൾ തന്നെയാണ് അടുത്തിടെ ഗ്വാട്ടിമാലയിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് തിരി കൊളുത്തിയതും ഗ്രീസിൽ പൊതുപണിമുടക്കിലേക്ക്‌ നയിച്ചതും. ബൂർഷ്വാ സർക്കാരുകളുള്ള രാജ്യങ്ങളിൽ കൂടുതൽ ആളുകൾ വരേണ്യവർഗത്തിന്റെ  ക്രൂരമായ പെരുമാറ്റത്തിൽ മനം മടുത്ത് കൂടുതൽ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുന്നു. മഹാമാരിയുടെ അനന്തരഫലമെന്നോണം ഇത് കൂടുതൽ ആഴത്തിലും വിശാലമായും വളർന്നു. ലോകത്തെ കൃഷിയിടങ്ങളിൽ വെറും ഒരു ശതമാനം മാത്രംവരുന്ന വൻകിട ഫാമുകളാണ്‌ ലോകത്തെ കൃഷിഭൂമിയുടെ 70 ശതമാനവും കൈകാര്യം ചെയ്യുന്നത്. വൻകിട കോർപറേറ്റ് ഫാമുകൾ കോർപറേറ്റ് ഭക്ഷ്യസമ്പ്രദായത്തിനുമേൽ ആധിപത്യം പുലർത്തുകയും കാർഷികമേഖലയെ ആശ്രയിക്കുന്ന 250 കോടി ജനങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്നാണ് ഇതിനർഥം. ഭൂരാഹിത്യവും ഭൂമിയുടെ മൂല്യവും കണക്കിലെടുക്കുമ്പോൾ ഉടമസ്ഥതയിലുള്ള അസമത്വം ഏറ്റവും ഉയർന്ന തോതിലുള്ളത്‌ ലാറ്റിൻ അമേരിക്കയിലും തെക്കൻ ഏഷ്യയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലുമാണ്.

ബാരിക്കേഡുകൾക്ക്‌ തടയാനാവില്ല
ഡൽഹിക്കു ചുറ്റും വിന്യസിക്കപ്പെട്ട ബാരിക്കേഡുകളിലേക്ക് നിരവധികർഷകരും കർഷകത്തൊഴിലാളികളും മാർച്ച് ചെയ്‌തെത്തിയത് പഞ്ചാബിൽനിന്നാണ്. പഞ്ചാബിലെ ഒരു ചെറുപ്പക്കാരൻ, അവ്താർ സിങ്‌സന്ധു 1970കളുടെ തുടക്കത്തിൽ മാക്സിംഗോർക്കിയുടെ അമ്മ എന്ന നോവൽ വായിക്കുകയുണ്ടായി. ഒരുതൊഴിലാളി വർഗ സ്ത്രീയായ നിലോവ്നയും അവരുടെ മകനായ പാഷ എന്ന പവേലും തമ്മിലുള്ള ബന്ധം അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചു.


 

സോഷ്യലിസ്റ്റ്പ്രസ്ഥാനത്തിൽ സജീവമായ പാഷ വീട്ടിലേക്ക്‌ വിപ്ലവത്തെ സംബന്ധിച്ച പുസ്തകങ്ങൾ കൊണ്ടുവരികയും പതുക്കെ ആ അമ്മയും മകനും നിലനിൽക്കുന്ന വ്യവസ്ഥയ്ക്കെതിരെ സമര സജ്ജരാവുകയും ചെയ്യുന്നു. ഐക്യദാർഢ്യം എന്ന ആശയത്തെക്കുറിച്ച് നിലോവ്ന പാഷയോട് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നതിങ്ങനെയാണ്, “ലോകം നമ്മുടേതാണ്! ലോകം തൊഴിലാളികൾക്കുള്ളതാണ്! നമ്മെ സംബന്ധിച്ചിടത്തോളം ദേശമോ വംശമോ ഇല്ല. നമ്മെ സംബന്ധിച്ചിടത്തോളം സഖാക്കളും ശത്രുക്കളും മാത്രമേയുള്ളൂ ”. ഐക്യദാർഢ്യത്തെയും സോഷ്യലിസത്തെയും കുറിച്ചുള്ള ഈ ആശയം  “നമ്മെ സൂര്യനെന്ന പോലെ ചൂടേറ്റുന്നുണ്ട്. നീതിയുടെ സ്വർഗത്തിലെ രണ്ടാമത്തെ സൂര്യനാണത്. കൂടാതെ, ഈ സ്വർഗം താമസിക്കുന്നത്‌ തൊഴിലാളികളുടെ ഹൃദയത്തിലാണ്”,  പാഷ പറയുന്നു. നിലോവ്നയും പാഷയും ഒന്നിച്ച് വിപ്ലവകാരികളായി മാറുന്നു. ബെർതോൾഡ്‌ ബ്രെഹ്‌ത്‌ തന്റെ  ‘അമ്മ‘ എന്ന നാടകത്തിൽ ഈ കഥ പുനരാഖ്യാനം ചെയ്യുന്നുണ്ട്.നോവലിൽ നിന്നും നാടകത്തിൽനിന്നും തീവ്രമായി പ്രചോദിതനായ അവ്താർ സിങ്‌സന്ധു ‘പാഷ്’ എന്ന്‌ തന്റെ തൂലികാ നാമമായി സ്വീകരിച്ചു. അക്കാലത്തെ ഏറ്റവും വിപ്ലവകാരികളായ കവികളിൽ ഒരാളായി പാഷ് മാറി. 1988 ൽ അദ്ദേഹം ഭീകരവാദികളാൽ കൊല്ലപ്പെട്ടു. അദ്ദേഹം ബാക്കിയാക്കിയ കവിതകളിൽ ഒന്ന് ‘ഞാനൊരു പുൽനാമ്പാണ്’ എന്ന തലക്കെട്ടിലുള്ളതാണ്.

“നിങ്ങൾക്കു വേണമെങ്കിൽ,നിങ്ങളുടെ ബോംബ് സർവകലാശാലയിലേക്ക്‌ എറിയാം. അതിന്റെ ഹോസ്റ്റലിനെ അവശിഷ്ടങ്ങളുടെ കൂമ്പാരമാക്കിത്തീർക്കാം. ഞങ്ങളുടെ ചേരികളിലേക്ക് നിങ്ങളുടെ വൈറ്റ്ഫോസ്ഫറസും എറിയാം. നിങ്ങൾ എന്നെ എന്തുചെയ്യും? ഞാൻ പുൽനാമ്പാണ്. ഞാൻ എല്ലായിടത്തും വളരും.” ഇതു തന്നെയാണ് ഇന്ത്യയിലെ കർഷകരും തൊഴിലാളികളും ഇന്നാട്ടിലെ വരേണ്യവർഗത്തോടും പറഞ്ഞു കൊണ്ടിരിക്കുന്നത്. അതു തന്നെയാണ് അധ്വാനിക്കുന്ന ജനത അവരുടെ രാജ്യങ്ങളിലെ വരേണ്യ വർഗത്തോട് പറയുന്നതും. മഹാമാരിയുടെ കാലത്തുപോലും തങ്ങളുടെ അധികാരവും സ്വത്തും വിശേഷാവകാശങ്ങളും സംരക്ഷിക്കുവാൻ മാത്രം വെമ്പൽ കൊള്ളുന്ന വരേണ്യവർഗം. പക്ഷേ, നമ്മൾ പുൽനാമ്പുകളാണല്ലോ, നമ്മൾ എല്ലായിടത്തും വളരും.

(ട്രൈ കോണ്ടിനെന്റൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസിന്റെ  എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ചരിത്രകാരനും പത്രപ്രവർത്തകനുമായ വിജയ്‌ പ്രഷാദ്–- പരിഭാഷ: നിതീഷ്‌ നാരായണൻ  )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top