20 April Saturday

അമൃതകാലത്തെ വിഷലിപ്‌ത ഭരണ നിർവഹണം; വെങ്കിടേഷ്‌ രാമകൃഷ്‌ണൻ എഴുതുന്നു

വെങ്കിടേഷ്‌ രാമകൃഷ്‌ണൻUpdated: Friday Dec 30, 2022

ആസാദിയുടെ അമൃതകാലത്തിലേക്ക് ഇന്ത്യ പ്രവേശിക്കുകയാണെന്ന വായ്‌ത്താരിയോടെയാണ് 2022നെ  ഇന്ത്യയുടെ രാഷ്ട്രീയനേതൃത്വം സ്വാഗതം ചെയ്‌തത്. ആസാദിയുടെ അമൃതകാലം എന്നാൽ ഒരു സ്വതന്ത്ര രാഷ്ട്രമെന്നനിലയിൽ ഇന്ത്യ 75 വർഷം പൂർത്തിയാക്കുന്ന സമയം. സ്വാഭാവികമായും നമ്മുടെ ജനാധിപത്യവും ഭരണഘടനയും വാഗ്ദാനംചെയ്യുന്ന സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യനീതിയുടെയും സാമ്പത്തിക സമത്വത്തിന്റെയും ദിശയിൽ ശ്രദ്ധേയമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷ ചിലരിലെങ്കിലും ഉണ്ടാക്കുന്നതായിരുന്നു ഈ വിളംബരം.

ഹിന്ദുത്വ അധീശത്വത്തിലേക്ക്‌ തീവ്രനീക്കങ്ങൾ

പക്ഷേ, ആ പ്രതീക്ഷകൾക്ക് വിപരീതമായ സംഭവവികാസങ്ങളാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പൊതുവിലും ഭരണപക്ഷത്തുനിന്ന് പ്രത്യേകിച്ചും കഴിഞ്ഞ 12 മാസത്തിനുള്ളിൽ പ്രകടമായത്. അടിസ്ഥാനപരമായി മൂന്നു തലത്തിലായിരുന്നു ഈ പ്രവണത. ഇന്ത്യയുടെ ഭരണഘടനാ സ്രഷ്ടാക്കൾ  വിഭാവനംചെയ്ത സാമൂഹ്യനീതിയുടെയും സമത്വത്തിന്റെയും ആശയങ്ങളെ പൂർണമായും അട്ടിമറിച്ച്‌ ഭൂരിപക്ഷ ഹിന്ദുത്വ  അധീശത്വത്തിലേക്ക്  രാജ്യത്തെ നയിക്കാനുള്ള തീവ്രമായ ശ്രമങ്ങളാണ് ഒരുതലത്തെ കുറിച്ചത്.

സാമ്പത്തിക സമത്വമെന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂലമുദ്രാവാക്യത്തെ തകിടംമറിച്ചും ചങ്ങാത്ത മുതലാളിമാരെ പ്രോത്സാഹിപ്പിച്ചും പരിപാലിച്ചും സമ്പദ്‌വ്യവസ്ഥയെ ‘ക്രോണി ക്യാപിറ്റലിസ’ത്തിന് അടിമയാക്കുന്ന പരിപാടികളാണ്‌   നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത്‌.  ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളിൽനിന്നും ഇതുതന്നെയുണ്ടായി. സാധാരണക്കാരുടെയും ദരിദ്രരുടെയും  ജീവിതനിലവാരം ഉയർത്താനുള്ള നടപടികൾ  ദുർബലമായി. വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്‌ക്കും മുമ്പിൽ സാധാരണക്കാർ നട്ടംതിരിഞ്ഞു.ഇത്‌ രണ്ടാമത്തെ തലം.  ജുഡീഷ്യറി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തുരങ്കംവയ്‌ക്കാനും സമ്മർദതന്ത്രങ്ങൾവഴി വരുതിയിലാക്കാനുമുള്ള ശ്രമങ്ങളായിരുന്നു മൂന്നാമത്തെ തലം.

ന്യൂനപക്ഷങ്ങൾക്കെതിരെ മൃഗീയ കടന്നാക്രമണം

2022ന്റെ ആദ്യ ദിവസംതന്നെ രാജ്യ തലസ്ഥാനമായ ഡൽഹിക്ക്  തൊട്ടടുത്തുള്ള ഹരിയാനയിലെ ഗുഡ്‌ഗാവിൽ പൊതുസ്ഥലത്ത് നമാസ്   അനുഷ്ഠിക്കുകയായിരുന്ന ഒരുസംഘം മുസ്ലിങ്ങൾക്കെതിരെ ബജ്‌റംഗദൾ അഴിച്ചുവിട്ട ആക്രമണത്തെപ്പറ്റിയുള്ള വാർത്തകളാണ് പുറത്തുവന്നത്. കേന്ദ്രത്തിലും ഹരിയാനയിലും ഭരിക്കുന്ന ബിജെപി സർക്കാരും  അതിന്റെ പ്രവർത്തകരും ന്യൂനപക്ഷങ്ങൾക്കെതിരെ എന്തുതരത്തിലുള്ള നീക്കങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തവുമായിത്തന്നെയാണ് പുതുവർഷം ആരംഭിച്ചത്.

പിന്നീടുള്ള ദിവസങ്ങളും മാസങ്ങളും തെളിയിച്ചത്  ഭൂരിപക്ഷ ഹിന്ദുത്വ അടിച്ചമർത്തലും അധീശത്വ സ്ഥാപനവും തുടർപരിപാടിയായി സംഘപരിവാറും അതിലെ സംഘടനാ വിഭാഗങ്ങളും സർക്കാരുകളും സ്വീകരിച്ചിട്ടുണ്ടെന്നു തന്നെയാണ്. ബുൾഡോസറുകൾ ഉപയോഗിച്ച്‌ ന്യൂനപക്ഷ സമുദായങ്ങളുടെ താമസസ്ഥലങ്ങൾ പോലും ഇടിച്ചുനിരപ്പാക്കിയ മൃഗീയമായ കടന്നാക്രമണത്തിനാണ് ഉത്തർപ്രദേശ് സാക്ഷ്യംവഹിച്ചത്. മാസങ്ങൾ നീണ്ട ആക്രമണപരമ്പരയ്‌ക്ക് നേതൃത്വം നൽകിയത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ.

അയോധ്യയിൽ സംഭവിക്കുന്നത്‌

ഈ ന്യൂനപക്ഷവിരുദ്ധ കടന്നാക്രമണങ്ങൾ വർഷത്തിന്റെ അവസാന മാസങ്ങളിലും രൂക്ഷമായിത്തന്നെ തുടരുകയാണ്. ഏറ്റവുമൊടുവിലായി അയോധ്യയിൽനിന്നു വരുന്ന വാർത്തകൾ ഈ രൂക്ഷതയുടെ തോത് എത്ര ഭീകരമാണെന്ന് വെളിവാക്കുന്നതാണ്. 2019 നവംബർ ഒമ്പതിന് സുപ്രീംകോടതിയിൽനിന്ന് ഉണ്ടായ വിചിത്രവും പല തലത്തിലും അപഹാസ്യംതന്നെയുമായ ഒരു വിധിപ്രസ്താവത്തിന്റെ ബലത്തിൽ  അയോധ്യയിൽ രാമജന്മഭൂമി ക്ഷേത്രം പണിഞ്ഞുകൊണ്ടിരിക്കുകയാണ് യുപി സർക്കാർ. 14 കിലോമീറ്റർ ദൈർഘ്യത്തിൽ പടുത്തുയർത്തുന്ന ഒരു ‘പുണ്യപാതയും അതോടൊപ്പമുള്ള ഒരു കൂറ്റൻ മന്ദിരസമുച്ചയവും’ ആണ് ഈ നിർമാണപരിപാടിയുടെ ഒരു പ്രധാന ആകർഷണം. നൂറുകണക്കിന് കെട്ടിടവും ചെറുഭവനങ്ങളും എന്തിന് ക്ഷേത്രങ്ങളും പള്ളികളുംപോലും ഇടിച്ചുതകർത്താണ് നിർമാണം.

സാധാരണഗതിയിൽ വലിയ ജനകീയ പ്രതിഷേധത്തിന് വഴിയൊരുക്കേണ്ട ഈ നിർമാണ കടന്നാക്രമണത്തിനു മുന്നിൽ പക്ഷേ, വലിയ പ്രതിരോധം നടത്താൻ പറ്റാതെ ഭയചകിതരായി നിൽക്കുകയാണ് സാധാരണക്കാരായ ന്യൂനപക്ഷങ്ങളും ഭൂരിപക്ഷ വിഭാഗങ്ങൾ പോലും. വരുംകാല ഇന്ത്യയുടെ ഒരു മാതൃകയാണ് പടുത്തുയർത്തിക്കൊണ്ടിരിക്കുന്നതെന്ന് ആദിത്യനാഥ്  അടക്കമുള്ള ഹിന്ദുത്വമേധാവികൾ ആവർത്തിക്കുകയും ചെയ്യുമ്പോൾ  പ്രാദേശിക പത്രങ്ങൾ പോലും മൗനത്തിന്റെ ആഴങ്ങളിലേക്ക് വീണിരിക്കുന്നു.

കർഷകരോട്‌ കൊടുംചതി, വഞ്ചന

സാമ്പത്തികരംഗത്തെ ക്രോണി ക്യാപിറ്റലിസ്റ്റ് പ്രീണനത്തിന്റെ 2022ലെ പ്രതിഫലനങ്ങൾ പല തലത്തിലും 2021ൽ നടന്ന പല കാര്യത്തിന്റെയും തുടർച്ചയാണ്. കഴിഞ്ഞവർഷം ഈ പ്രീണനത്തിന്റെ ഏറ്റവും വലിയ രൂപമായി വളർന്നുവന്നത് മൂന്നു കാർഷിക ബില്ലും അവയ്ക്കെതിരെയുള്ള കർഷക  സമരവുമായിരുന്നു. ദേശീയ തലസ്ഥാന നഗരിയെ അക്ഷരാർഥത്തിൽ ഉപരോധിച്ചുകൊണ്ട് കർഷകർ മാസങ്ങളോളം നടത്തിയ ആ ദീർഘസമരത്തിനു മുന്നിൽ 2021 ഡിസംബറിൽ  മോദി സർക്കാർ മുട്ടുകുത്തി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വിവാദ നിയമങ്ങൾ പിൻവലിച്ചതെന്ന്‌  രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

അത്‌ ശരിവയ്‌ക്കുന്ന തരത്തിൽ  കർഷകർക്ക് വാഗ്‌ദാനംചെയ്‌ത‌ കാര്യങ്ങളൊന്നും മോദി സർക്കാർ നടപ്പാക്കിയില്ല. ജനങ്ങൾക്കെതിരെ നടത്തിയ ഒരു കൊടുംചതിയുടെ  അധ്യായമാണ് ഇതുവഴി ബിജെപിയും അതിന്റെ രാഷ്ട്രീയ കൂട്ടാളികളും അവതരിപ്പിച്ചത്. ആ വഞ്ചന പല രൂപത്തിൽ, പല ഭാവത്തിൽ സാമ്പത്തിക നയങ്ങളിൽ പ്രതിഫലിച്ചു; കർഷകരുടെ നടുവൊടിക്കുന്ന തലതിരിഞ്ഞ കാർഷികനയമായും തൊഴിലില്ലായ്മ നിർമാർജനത്തിന്റെ പേരിൽ നടപ്പാക്കുന്ന അപഹാസ്യമായ അഗ്നിവീർ ആർമി റിക്രൂട്ട്‌മെന്റ് പദ്ധതിയായുമൊക്കെ. ഇത്തരം നയങ്ങളുടെ സംഘടിത ആഘാതത്തിലാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇന്ത്യ കൂപ്പ് കുത്തിയിരിക്കുന്നത്.

ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നു

ജുഡീഷ്യറി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തുരങ്കംവയ്ക്കുകയും സമ്മർദത്തിലാക്കി കീഴ്പ്പെടുത്തുകയും ചെയ്യുന്ന പരിപാടികളും  ബിജെപി സർക്കാരുകൾ നടത്തിക്കൊണ്ടിരിക്കുന്ന സംഘടിത പരിപാടികളുടെ തുടർച്ചതന്നെ.  അയോധ്യ ഭൂമിത്തർക്കംപോലുള്ള പ്രശ്നങ്ങളിലെ വിധിപ്രസ്താവത്തിലും ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ റിട്ടയർമെന്റിനു തൊട്ടുപിറകെ രാജ്യസഭാ അംഗമായതിലുമൊക്കെ ഈ പ്രവണത കഴിഞ്ഞവർഷംതന്നെ പ്രകടമായതാണ്. ആ പദ്ധതിയുടെ ഭാഗമായി  ജുഡീഷ്യറിക്കൊപ്പം വിദ്യാഭ്യാസസ്ഥാപനങ്ങളും  പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, അവയിലെ സിലബസ് തുടങ്ങിയ കാര്യങ്ങളും ടാർഗറ്റ് ചെയ്യപ്പെട്ടിരുന്നു.

വർഷത്തിന്റെ അവസാനം എത്തുമ്പോൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ കഠിനമായി വെല്ലുവിളിക്കുന്ന ചില നീക്കങ്ങളാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടായിരിക്കുന്നത്. ജഡ്ജിമാരുടെ നിയമന സമ്പ്രദായത്തെ പൂർണമായി തകടം മറിക്കുന്ന ചില നീക്കങ്ങളായാണ് ഇത് പുറത്തുവന്നിരിക്കുന്നത്. സമീപകാലത്ത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട മുൻ ബംഗാൾ ഗവർണർ ജഗദീപ് ധൻഖറും കേന്ദ്രമന്ത്രി കിരൺ റിജിജുവും ഒത്തുചേർന്നുള്ള ഈ ‘ജുഗൽബന്ദിക്ക്’എതിരെ നിയമവൃത്തങ്ങളിൽനിന്ന് ശക്തമായ പ്രതികരണം ഉയർന്നിട്ടുമുണ്ട്.

ജഡ്‌ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സമ്പ്രദായത്തെപ്പറ്റി നിയമവിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ള ബലഹീനതകൾ ആരോഗ്യപരമായ ഒരു സംവാദത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും പരിഹരിക്കേണ്ടതാണ് എന്ന പൊതുമതം നിലനിൽക്കുന്ന സാഹചര്യത്തിൽ അത്തരം സംവാദത്തിന്റെ സാധ്യതകളെ പൂർണമായും നിരാകരിക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ളത്‌.

ഇത്രയും മലീമസമായ  ഒരു ഭരണരീതിക്കെതിരെ ശക്തമായ ജനവികാരവും പ്രതിപക്ഷ പ്രസ്ഥാനങ്ങളും സ്വാഭാവികമായി വളർന്നുവരേണ്ടതാണ്. പക്ഷേ, 2022ൽ നടന്ന ഏഴു  നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ രീതിയിലുള്ള പ്രതിഫലനം ഉണ്ടായില്ല. ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ  വലിയ സംസ്ഥാനങ്ങളിലും ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ  ചെറിയ സംസ്ഥാനങ്ങളിലും ബിജെപി ജയിച്ചു. ഏഴു സംസ്ഥാനത്തിൽ അഞ്ച് എണ്ണം സംഘപരിവാറിന്റെ നിയന്ത്രണത്തിലായി. പഞ്ചാബിൽ ഒരേസമയം കോൺഗ്രസിനെയും ബിജെപിയെയും അകാലിദളിനെയും  പരാജയപ്പെടുത്തി ആം ആദ്മി പാർടി ഭരണം കരസ്ഥമാക്കി. അവസാനം നടന്ന ഹിമാചൽ പ്രദേശ്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആശ്വാസവിജയം നേടി.

വിഷംചീറ്റി ഹിന്ദുത്വ വർഗീയത

ആത്യന്തികമായ വിശകലനത്തിൽ ബിജെപിയുടെ തുടർ വിജയങ്ങളുടെ ആധാരം സമൂഹത്തിന്റെ മിക്കവാറും എല്ലാ തലത്തിലും ആ പാർടിയും രാഷ്ട്രീയ സ്വയംസേവക്‌ സംഘിന്റെ നേതൃത്വത്തിൽ സംഘപരിവാറും വിജയകരമായി വളർത്തിയെടുത്തിട്ടുള്ള ഹിന്ദുത്വ വർഗീയ രാഷ്ട്രീയവും അതിന്റെ സ്വാധീനവുംതന്നെയാണ്. ജീവൽപ്രശ്നങ്ങളെ കൗശലപൂർവം മറച്ചുവയ്‌ക്കാനും  സ്പർധയുടെയും വിഘടനത്തിന്റെയും ഒരു അന്തരീക്ഷം സൃഷ്ടിക്കാനും  സംഘപരിവാറിനും അതിന്റെ രാഷ്ട്രീയ ഉപകരണമായ ബിജിപിക്കും സാധിച്ചു.

കോൺഗ്രസ്‌ ദുർബലമായി

മറുവശത്ത് പ്രതിപക്ഷ പ്രസ്ഥാനങ്ങൾ ക്രിയാത്മകമായ രീതിയിൽ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും കെടുകാര്യസ്ഥതയ്ക്കും  തലതിരിഞ്ഞ നയങ്ങൾക്കും എതിരായി സംഘടിതമായി മുന്നേറാത്തതിന്റെ  പ്രധാന ഉത്തരവാദിത്വം ഇന്ത്യ ഏറെക്കാലം ഭരിക്കുകയും ഇപ്പോൾ ദുർബലമായ മുഖ്യപ്രതിപക്ഷമായി മാറിയിരിക്കുകയും ചെയ്തിട്ടുള്ള കോൺഗ്രസ് തന്നെയാണ്. കടുത്ത ആശയ ദാരിദ്ര്യവും സംഘടനാപരമായ കെട്ടുറുപ്പില്ലായ്മയും കോൺഗ്രസിനെ വരിഞ്ഞുമുറുക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 10 വർഷമായി.

കരകയറാനുള്ള ഒരു പദ്ധതിയും മൂർത്തമായി ആ പാർടിക്ക് മുന്നോട്ടുവയ്ക്കാൻ പറ്റിയിട്ടില്ല. 2022ന്റെ അവസാന മാസങ്ങളിൽ ഭാരത് ജോഡോ യാത്ര എന്ന ദീർഘമായ ഒരു നടപ്പ് പ്രസ്ഥാനവുമായി പാർടിയുടെ മുൻ പ്രസിഡന്റ്‌ രാഹുൽ ഗാന്ധി മുന്നോട്ടുവന്നിട്ടുണ്ട്. പല  സംസ്ഥാനങ്ങളിലും ജനകീയ പങ്കാളിത്തം ഈ യാത്രയ്ക്ക് നേടിയെടുക്കാൻ പറ്റിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പിന്റെ തലത്തിൽ  ഈ സ്വീകരണം എത്രമാത്രം ഫലപ്രദമാകുമെന്ന് കോൺഗ്രസ് നേതൃത്വത്തിൽത്തന്നെ തീർച്ചയില്ല.

ഇതിനെല്ലാം ഇടയിൽ പഞ്ചാബിൽ 2022ൽ വിജയിച്ച  ആദ്മി പാർടി,  കഴിഞ്ഞവർഷം തമിഴ്‌നാട്ടിൽ ജയിച്ച ദ്രാവിഡ മുന്നേറ്റ കഴകം,  2022ന്റെ ആദ്യ മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും നല്ല പോരാട്ടം കാഴ്ചവച്ച  സമാജ് വാദി പാർടി, തെലങ്കാന ആസ്ഥാനമാക്കി  പ്രവർത്തിച്ചുതുടങ്ങി ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന ഭാരത് ദേശം പാർടി തുടങ്ങിയ പ്രാദേശിക കക്ഷികളിൽനിന്നാണ് നിർണായകമായ രീതിയിലുള്ള നീക്കങ്ങൾ  ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് എതിരായി വളർന്നുവരുന്നത്.

ഇവയിൽ തമിഴ്‌നാട്ടിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിലുള്ള  മുന്നണി  ബദൽ സാമ്പത്തിക -സാമൂഹ്യനയങ്ങളെ പരിപോഷിപ്പിക്കുന്ന ഭരണപദ്ധതികൾ കൊണ്ടും ശ്രദ്ധേയമാണ്. ഈ ധാര വരുംദിവസങ്ങളിൽ എത്ര ശക്തമാകുമെന്നും കോൺഗ്രസിന്റെ യാത്രയ്ക്ക് എന്തു രാഷ്ട്രീയ ആഘാതമുണ്ടാക്കാൻ പറ്റുമെന്നതുമാകും  ദേശീയ പ്രതിപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ച പ്രധാന പരിഗണനാ വിഷയങ്ങൾ.

(‘ദി ഐഡം’ ബഹുഭാഷാ പോർട്ടൽ മാനേജിങ് എഡിറ്ററാണ്‌ ലേഖകൻ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top