16 October Saturday

കരുതലോടെ കേരളം - ആരോഗ്യമന്ത്രി വീണാ ജോർജ് എഴുതുന്നു

വീണാ ജോർജ്Updated: Tuesday Aug 31, 2021

കഴിഞ്ഞദിവസം ഒരു രാജ്യാന്തര മാധ്യമത്തിന്റെ റിപ്പോർട്ടർ ഫോണിൽ വിളിച്ചു. സ്വയം പരിചയപ്പെടുത്തിയശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു, “രണ്ട് ദിവസം മുമ്പ് ഞാൻ കേരളത്തിൽ വന്നിരുന്നു. കേരളത്തിലെ കോവിഡിന്റെ സങ്കീർണവും ഗുരുതരവുമായ സാഹചര്യം നേരിൽ കണ്ട്‌ വാർത്ത നൽകുന്നതിനായാണ് എത്തിയത്. മറ്റു ചില സംസ്ഥാനങ്ങളിൽ കണ്ടതുപോലെ കോവിഡ് രോഗികളുമായി ചീറിപ്പായുന്ന ആംബുലൻസുകൾ, ഓക്‌സിജൻ ലഭിക്കാതെ ആശുപത്രി മുറ്റത്തും പരിസരങ്ങളിലും പിടഞ്ഞ് മരിച്ചുവീഴുന്ന ആളുകൾ, ആശുപത്രി സൗകര്യമില്ലാതെ പരക്കംപായുന്ന മനുഷ്യർ... ഇതൊക്കെ ചിത്രീകരിക്കാനാണ് എത്തിയത്. എന്നാൽ, ഇതൊന്നും എവിടെയും എനിക്ക് കാണാൻ കഴിഞ്ഞില്ല. ആശുപത്രി സൗകര്യങ്ങൾ ലഭിക്കാതെ ആരുമില്ല. ബഹളങ്ങളില്ല. ഓക്‌സിജൻ കിട്ടാതെ ആരും പിടഞ്ഞുമരിക്കുന്നില്ല. കേരളത്തെക്കുറിച്ച് നടക്കുന്ന എതിർ പ്രചാരണങ്ങൾ പോലെയല്ല കാര്യങ്ങളെന്ന് നേരിൽ കണ്ട് ബോധ്യപ്പെട്ടപ്പോൾ നിങ്ങളോട് സംസാരിക്കണമെന്ന് നിശ്ചയിച്ച് വിളിച്ചതാണ്”. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുടെ പൂർണ സഹകരണത്തോടെയുമാണ് കോവിഡിനെ മികച്ച രീതിയിൽ നമുക്ക് പ്രതിരോധിക്കാൻ സാധിച്ചത്. 

കോവിഡ് മഹാമാരിക്കെതിരെയുള്ള കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ബോധപൂർവം ഇകഴ്ത്തി കാണിക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിത ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്. കോവിഡ് പ്രതിരോധത്തിൽ കേരളം തകർന്നുവെന്ന് വരുത്തിത്തീർക്കാൻ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുകയാണ്. കോവിഡ് പ്രതിരോധത്തെ സഹായിക്കാനല്ല മറിച്ച് തകർക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. കേരളത്തിലാണ് ഇന്ത്യയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്, 2020 ജനുവരി 30ന്. അതിന് മൂന്നു മാസത്തിനുശേഷമാണ് കേരളത്തിൽ ഒന്നാം തരംഗം ആരംഭിക്കുന്നത്. രാജ്യം മുഴുവൻ 68 ദിവസം നീണ്ട അടച്ചുപൂട്ടൽ 2020 മാർച്ച് 24നു പ്രഖ്യാപിച്ചു.

2020 ആഗസ്‌ത്‌ അവസാനം കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 1536 ആണ്. ഓണം കഴിഞ്ഞപ്പോൾ മൂന്നിരട്ടി വർധനയുണ്ടായി. ഒക്‌ടോബറിൽ ഏഴിരട്ടിയായി. കേരളത്തിൽ രണ്ടാം തരംഗം ആരംഭിക്കുന്നത് 2021 ഏപ്രിൽ പകുതിയോടെയാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ രണ്ടാം തരംഗം ആരംഭിച്ചതിനുശേഷം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവുമുയർന്ന കണക്ക് രേഖപ്പെടുത്തിയത് മെയ് പന്ത്രണ്ടിനാണ്. 43,529 പുതിയ കേസ്‌. അന്നത്തെ ടിപിആർ (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) 29.75 ആയിരുന്നു. രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിന് 2021 മെയ് എട്ടുമുതൽ അടച്ചുപൂട്ടൽ ഏർപ്പെടുത്തി. ഇത് 40 ദിവസത്തോളം നീണ്ടു. ക്രമേണ നിയന്ത്രണം കുറച്ചു.


 

പകർച്ചവ്യാധി മൂലം മരിച്ചവരുടെ എണ്ണം പ്രതിരോധപ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള ഒരു ഘടകമാണ്. കോവിഡ് മൂലം കേരളത്തിൽ മരിച്ചവരുടെ ശതമാനം 0.5 ആണ്. ഇന്ത്യയിലെ കുറഞ്ഞ മരണനിരക്കുകളിൽ ഒന്നാണ്‌ ഇത്. രാജ്യത്തെ ശരാശരി 1.34 ശതമാനമാണ്. രോഗവ്യാപനം തടയുന്നതിലും രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നതിലുമുള്ള കാര്യക്ഷമതയാണ് മറ്റൊരു ഘടകം. ഐസിഎംആർ എല്ലാ സംസ്ഥാനത്തും പഠനം നടത്തി. സിറോ പ്രിവിലൻസ് പഠനത്തിലൂടെ വ്യക്തമാക്കപ്പെട്ടത് സംസ്ഥാനങ്ങളുടെ ജനസംഖ്യയിൽ രോഗം വന്ന ആളുകളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ് എന്നതാണ്‌. ശരീരത്തിലെ പ്രതിരോധശേഷി, ആന്റി ബോഡികളുടെ സാന്നിധ്യത്തിലൂടെ കണ്ടെത്തുകയാണ് ഐസിഎംആർ ചെയ്തത്. പ്രതിരോധശേഷി രണ്ടു രീതിയിൽ ആർജിക്കാം. ഒന്ന്, വാക്‌സിനേഷനിലൂടെയും രണ്ട്, രോഗത്തിലൂടെയും. ആർജിത പ്രതിരോധശേഷിയുള്ളവരുടെ ശതമാനം കേരളത്തിൽ 42.7 എന്നാണ് പഠനം കണ്ടെത്തിയത്. അതിനുശേഷം വാക്‌സിനേഷനിൽ സംസ്ഥാനം മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ട്.

ഐസിഎംആർ പഠനം വ്യക്തമാക്കിയത് കേരളത്തിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം ആളുകൾ കോവിഡ് ബാധിക്കാത്തവരാണെന്നാണ്. നമ്മുടെ പ്രതിരോധസംവിധാനങ്ങൾ മുഖേന അത്രയും ജനങ്ങളെ പകർച്ചവ്യാധികളിൽനിന്ന് രക്ഷിക്കാൻ കഴിഞ്ഞുവെന്നതാണ് വ്യക്തമാകുന്നത്. 2.05 കോടിയിലധികംപേർക്ക് ഒന്നാം ഡോസ് വാക്‌സിൻ നൽകി. ജൂൺ, ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിൽ മാത്രം ഒന്നേമുക്കാൽ കോടിയിലധികം ഡോസ് നൽകി. ഒന്നാം ഡോസ്: 72% (18 വയസ്സിനു മുകളിലുള്ള ജനസംഖ്യയുടെ), രണ്ടാം ഡോസ്–- 26%. ഇത് യഥാക്രമം മൊത്തം ജനസംഖ്യയുടെ 58 ശതമാനവും 21 ശതമാനവുമാണ്. ഇവ രണ്ടും ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.

രോഗികളുടെ എണ്ണം ഏറ്റവും കൃത്യതയോടെ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ് എന്നും കണ്ടെത്തി. ചില സംസ്ഥാനത്ത്‌ 120 കേസിൽ ഒന്നും 100 കേസിൽ ഒന്നുമൊക്കെയാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ദേശീയ ശരാശരി 33 കേസിൽ ഒന്ന് എന്നതാണ്. കേരളത്തിൽ ഇത് ആറിലൊന്നാണ് എന്നതാണ് ഐസിഎംആർ പറയുന്നത്.

കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ ഓരോ ദശലക്ഷത്തിലും നടത്തുന്ന പരിശോധനകളിൽ രാജ്യത്ത് ഒന്നാംനിരയിലാണ് കേരളം. രോഗികളെയും രോഗം വരാൻ സാധ്യതയുള്ളവരെയും കണ്ടെത്തുക എന്നതുപോലെ പ്രധാനമാണ് ചികിത്സയും ഉറപ്പാക്കുക എന്നതും. ആശുപത്രി കിടക്കകൾ, ഐസിയു, വെന്റിലേറ്റർ, സുരക്ഷാ ഉപകരണങ്ങൾ, ഓക്‌സിജൻ ലഭ്യത എന്നിവയെല്ലാം വർധിപ്പിച്ചു. മൂന്നാം തരംഗത്തെ നേരിടുന്നതിനും നേരത്തെ തന്നെ മുന്നൊരുക്കം ആരംഭിച്ചു. മൂന്നാം തരംഗം ഉണ്ടായാൽ അത്‌ ഏറെ ബാധിക്കുന്നത് കുട്ടികളെയാണ്. കുട്ടികൾക്ക് വാക്‌സിനേഷൻ ആരംഭിച്ചിട്ടില്ലാത്തതാണ് കാരണം. അതിനാൽ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങൾ വർധിപ്പിച്ചുവരുന്നു. ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്താൻ പ്രത്യേക പ്രാധാന്യം നൽകിവരുന്നു. സംസ്ഥാനത്ത് ആകെ 870 മെട്രിക് ടൺ ഓക്‌സിജൻ കരുതൽ ശേഖരമായിട്ടുണ്ട്. 38 ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 13 മെട്രിക് ടൺ ഓക്‌സിജൻ പ്രതിദിനം നിർമിക്കുന്നതിനുള്ള സംവിധാനം സ്വകാര്യ ആശുപത്രികളിൽ സ്ഥാപിച്ചു. സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റർ ക്ഷാമമെന്ന തരത്തിലുള്ള വ്യാജപ്രചാരണവും നടക്കുന്നുണ്ട്. 54 ശതമാനത്തോളം ഐസിയുവും 73 ശതമാനത്തോളം വെന്റിലേറ്ററും ഒഴിവുണ്ട്.

രോഗികളുടെ എണ്ണം എന്തുകൊണ്ട് ഉയരുന്നു
കേരളത്തിൽ രണ്ടാം തരംഗത്തിലെ രോഗവ്യാപനം ഡെൽറ്റാ വകഭേദത്തിലൂടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ 10 ശതമാനത്തിലധികം ജനിതക ശ്രേണീകരണത്തിന് വിധേയമാക്കിയുള്ള സാമ്പിൾ കേരളത്തിൽ നിന്നുള്ളവയാണ്. ജനിതക ശ്രേണീകരണം നടത്തുന്നതിന് സംസ്ഥാനമത്രയും പ്രാധാന്യം കൊടുക്കുന്നു. ഓരോ ആഴ്ചയും തെരഞ്ഞെടുത്ത സാമ്പിൾ ജനിതക ശ്രേണീകരണ പഠനത്തിന് വിധേയമാക്കുന്നു.

ജീനോം സർവയലൻസ് ഡൽഹിയിൽ ഐജിഐബിയിലും സ്‌പൈക്ക് പ്രോട്ടീൻ സാമ്പിൾ ആർജിസിബി തിരുവനന്തപുരത്തും കോഴിക്കോട് മെഡിക്കൽ കോളേജിന്റെയും സഹായത്തോടെ നിർവഹിക്കപ്പെടുന്നുണ്ട്. പരിശോധിച്ച സാമ്പിളിൽ 95 ശതമാനം ഡെൽറ്റ വകഭേദമാണെന്ന് കണ്ടെത്തി. ഡെൽറ്റ വകഭേദം അതിതീവ്ര വ്യാപനശേഷിയുള്ളതാണ്. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം രാജ്യത്തെ തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനമായ കേരളത്തിൽ കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. (കേരളത്തിന്റെ ജനസാന്ദ്രത 859 ആളുകൾ ഒരു ചതുരശ്ര കിലോമീറ്ററിൽ. ദേശീയ ശരാശരി 430 ആളുകൾ ഒരു ചതുരശ്ര കിലോമീറ്ററിൽ). പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന് വെല്ലുവിളി തീർക്കുന്ന ചില കാര്യംകൂടിയുണ്ട്. ജീവിതശൈലീ രോഗങ്ങൾ മൂലമുള്ള മരണങ്ങളാണ് 60 ശതമാനം എന്നുള്ളതാണ് അതിലൊന്ന്. കരുതൽ ആവശ്യമുള്ള 60 വയസ്സിന് മുകളിലുള്ളവരുടെ പ്രാതിനിധ്യവും ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്‌. ആദ്യഘട്ടംമുതൽ കേരളം പരിശ്രമിച്ചത് രോഗത്തെ പിടിച്ചുനിർത്താനാണ്. പരമാവധി നിയന്ത്രിച്ച് രോഗ വ്യാപനത്തെ ചെറുക്കുക എന്നുള്ളതാണ് നമ്മുടെ തന്ത്രം. ഡിലേ ദ പീക്ക് ഡ്രാഗ് ദ വേവ് എന്നൊക്കെ ഈ തന്ത്രത്തെ വിശേഷിപ്പിക്കാം.

സെപ്‌തംബർ അവസാനത്തോടെ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഒന്നാം ഡോസ് വാക്സിനെങ്കിലും നൽകുന്നതിനായി 1.11 കോടി ഡോസ് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി കിടപ്പുരോഗികൾക്ക് വാക്സിൻ എടുക്കുന്നതിനുവേണ്ടിയുള്ള മാർഗനിർദേശം ജൂണിൽത്തന്നെ ആരോഗ്യ വകുപ്പ് പുറത്തിറക്കി. 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ എടുക്കുന്നതിനും കിടപ്പുരോഗികൾക്ക് ആദ്യ ഡോസ് എടുക്കുന്നതിനും പ്രത്യേക യജ്ഞങ്ങൾ നടപ്പാക്കി.

വൈറസ് മറ്റൊരാളിൽനിന്ന് നമ്മിലേക്കും മറ്റൊരാളിലേക്കും പകരില്ലെന്ന് ഏറ്റവും നന്നായി ഉറപ്പുവരുത്താൻ കഴിയുന്നത് അവരവർക്ക് തന്നെയാണ്. ഓർക്കുക കോവിഡിനെതിരെ നമ്മുടെ പ്രതിരോധമാണ് നമ്മുടെ ആരോഗ്യം. കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി ഒറ്റക്കെട്ടായാണ് പ്രതിരോധം തീർത്തത്. ഇനിയും എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top